മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പ്രായപൂര്‍ത്തിയാകാത്തവരും നെറ്റിലെ ലൈംഗികക്കെണികളും

internet_child_sexual_abuse_malayalam

“ടെക്നോളജി കുട്ടികളെയുപദ്രവിക്കില്ല; അതു ചെയ്യുന്നത് മനുഷ്യന്മാരാണ്.” — ജോണ്‍സ് എന്ന ഗവേഷകന്‍

നമ്മുടെ കേരളത്തിലെ ചില സമീപകാലവാര്‍ത്തകള്‍:
"ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പ്ലസ് റ്റു പരീക്ഷക്കു ശേഷം കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നില്ല.”
“ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.”
“പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇരുപത്താറുകാരിയെ അറസ്റ്റ് ചെയ്തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.”

പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ നെറ്റു വഴി പരിചയപ്പെടുകയും വശീകരിക്കുകയും ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഭവങ്ങള്‍ നിത്യേനയെന്നോണം പുറത്തുവരുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015-16 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെയെണ്ണം 1,540 ആണ്.

നെറ്റിനെ ലൈംഗികക്കെണിയാക്കുന്നത്

ലൈംഗികാവശ്യങ്ങള്‍ക്കു ചെറുപ്രായക്കാരെത്തേടുന്നവര്‍ക്ക് നെറ്റിനെ നല്ലൊരു കൂട്ടാളിയാക്കുന്ന പല ഘടകങ്ങളുമുണ്ട്. വിദൂരദേശങ്ങളിലുള്ളവരിലേക്കു പോലും അനായാസം, തീരെ പണച്ചെലവില്ലാതെ ചെന്നെത്താം, മുഖവും വിലാസവുമൊക്കെ ഗോപ്യമാക്കിവെക്കാം, തനിക്കും പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നു നടിക്കാം എന്നതൊക്കെ നെറ്റിന്‍റെ “മെച്ച”ങ്ങളാണ്. കുട്ടികള്‍ക്കാവട്ടെ, അപരിചിതരായ മുതിര്‍ന്നവരോട് ഓഫ്’ലൈനില്‍ ഇടപെടുമ്പോള്‍ ഇത്തിരി പേടിയൊക്കെത്തോന്നാമെങ്കില്‍ ഓണ്‍ലൈനില്‍ അങ്ങിനെയുണ്ടായേക്കില്ലെന്നത് ഒരു പ്രോത്സാഹനമാകാം.

കൂടുതലും കുടുങ്ങുന്നത്

നെറ്റുമുഖേന ലൈംഗികക്ഷണങ്ങള്‍ കിട്ടാനും പീഡനങ്ങള്‍ക്കിരയാകാനും ചില വിഭാഗം ചെറുപ്രായക്കാര്‍ക്കു സാദ്ധ്യത കൂടുതലുണ്ടെന്നു പല നാടുകളിലെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാഭാവികമായും, പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളെക്കാള്‍ ഈ റിസ്കുകള്‍ കൂടുതലുള്ളത്. കൌമാരക്കാരുടെ റിസ്ക്‌ കൊച്ചുകുട്ടികളുടേതിനെക്കാള്‍ വലുതുമാണ്. അധികം നേരം നെറ്റുപയോഗിക്കാറുള്ളതു കൌമാരക്കാരാണ്,  ലൈംഗികവിഷയങ്ങളോട് അവര്‍ക്കാണു കൌതുകക്കൂടുതലുള്ളത്, നെറ്റുപയോഗത്തില്‍ സാമര്‍ത്ഥ്യം കൈവരിക്കുന്ന മുറക്ക് അവര്‍ ഏറെയേറെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും എടുത്തുചാട്ടങ്ങള്‍ക്കും ഒരുമ്പെടാം, മാതാപിതാക്കള്‍ തങ്ങളുടെ നെറ്റുപയോഗം നിരീക്ഷിക്കുന്നതിനോടവര്‍ നിസ്സഹകരിക്കാറുണ്ട് എന്നതിനാലൊക്കെയാണിത്.

ഓണ്‍ലൈന്‍ പീഡനങ്ങള്‍ നടത്തിയതിനു ശിക്ഷിക്കപ്പെട്ട പല കുറ്റവാളികളോടും വിശദമായി സംസാരിച്ച ഗവേഷകര്‍ക്കു മനസ്സിലായത്, അക്കൂട്ടര്‍ കൂടുതലും ഉന്നംവെച്ചിരുന്നത് പ്രൊഫൈലിലോ യൂസര്‍നെയിമിലോ ഒക്കെ പ്രായക്കുറവിന്‍റെ സൂചനകളോ ലൈംഗികച്ചുവയുള്ള പ്രയോഗങ്ങളോ ഉള്‍പ്പെടുത്തിയിരുന്നവരെയാണെന്നാണ്‌. സഭ്യമല്ലാത്ത പ്രൊഫൈല്‍ചിത്രങ്ങളുള്ളവര്‍, ലൈംഗികകാര്യങ്ങളെപ്പറ്റി ചര്‍ച്ചക്കു മുതിരുന്നവര്‍, അപരിചിതരോട് വ്യക്തിവിവരങ്ങള്‍ പങ്കുവെക്കാനോ ശൃംഗാരത്തിനോ ഇക്കിളിവര്‍ത്തമാനത്തിനോ തുനിയുന്നവര്‍, കമന്‍റുകളിലൂടെയും മറ്റും സ്വയംമതിപ്പില്ലായ്കയോ പേഴ്സണല്‍ പ്രശ്നങ്ങളോ വെളിപ്പെടുത്തുന്നവര്‍, നെറ്റ് ഏറെനേരമുപയോഗിക്കുന്നവര്‍, മൊബൈലിലോ വീടിനു പുറത്തുള്ള കംപ്യൂട്ടറുകളിലോ നിന്നു നെറ്റില്‍ക്കയറുന്നവര്‍, നഗ്നചിത്രങ്ങളും മറ്റും തേടിച്ചെല്ലുന്നവര്‍ തുടങ്ങിയവര്‍ക്കും റിസ്കധികമാണ്.

ലൈംഗികമോ ശാരീരികമോ ആയ പീഡനങ്ങളോ ക്ലേശകരമായ ജീവിതസാഹചര്യങ്ങളോ മുന്നേ നേരിട്ടിട്ടുള്ളവര്‍ക്കും, സ്നേഹമോ ശ്രദ്ധയോ വേണ്ടത്ര കിട്ടാതെ പോയവര്‍ക്കും, വിഷാദരോഗമോ ശാരീരിക വൈകല്യങ്ങളോ പിടിപെട്ടവര്‍ക്കും, സാമൂഹ്യബന്ധങ്ങള്‍ക്കു മിടുക്കു കുറഞ്ഞ, അധികം ചങ്ങാത്തങ്ങളില്ലാത്തവര്‍ക്കുമൊക്കെ നെറ്റ് ലൈംഗിക ദുരനുഭവങ്ങള്‍ കൊടുക്കാന്‍ സാദ്ധ്യതയേറുന്നുണ്ട് — ജീവിതവൈഷമ്യങ്ങള്‍ ഒട്ടേറെ നേരിട്ടുകഴിഞ്ഞവര്‍ക്ക് നെറ്റില്‍നിന്നുള്ള ക്ഷണങ്ങളിലെ പന്തിയില്ലായ്കകള്‍ തിരിച്ചറിയാന്‍ കഴിവു കുറഞ്ഞുപോകാം. ശ്രദ്ധയും സ്നേഹവും മോഹിച്ചു നെറ്റിലലയുന്നവരെ അവിടുത്തെ ചൂഷകര്‍ മുതലെടുക്കാം. ലൈംഗികപീഡനങ്ങള്‍ മുമ്പു നേരിട്ടിട്ടുള്ളവര്‍ പരപ്രേരണയില്ലാതെതന്നെ നെറ്റില്‍ ലൈംഗികച്ചുവയോടെ പെരുമാറിപ്പോകാം. തങ്ങളെ ഗ്രസിച്ച വിഷാദത്തിനും അമിതോത്ക്കണ്ഠക്കുമൊക്കെയുള്ളൊരു സ്വയംചികിത്സക്കെന്നോണം വല്ലാത്തൊരു എടുത്തുചാട്ടവും സ്വയംനശീകരണ മനോഭാവവുമായി നെറ്റിലേക്കിറങ്ങി അപകടത്തില്‍പ്പെടുന്നവരുമുണ്ട്.

ലൈംഗികസംശയങ്ങള്‍ ചുറ്റും ജീവിക്കുന്നവരോടു ചര്‍ച്ചക്കെടുക്കാന്‍ ധൈര്യമില്ലാത്തവര്‍, ലൈംഗികവിദ്യാഭ്യാസം കിട്ടാതെപോയവര്‍ വിശേഷിച്ചും, നെറ്റിലെ ആട്ടിന്‍തോലണിഞ്ഞ അപരിചിതരോട് മനസ്സു തുറക്കുകയും കുഴപ്പത്തിലകപ്പെടുകയും ചെയ്യാം. വയസ്സിനു മൂത്ത ഏതൊരാളെയും കണ്ണുമടച്ച് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രകൃതക്കാര്‍, പതിവിലും ചെറുതിലേ ലൈംഗികവളര്‍ച്ചയാകുന്നവര്‍, ലഹരികളെടുക്കുന്നവര്‍, പണത്തിനു വേണ്ടി എന്തു ചെയ്യാനും കൂസാത്തവര്‍ എന്നിവര്‍ക്കും റിസ്കു കൂടുന്നുണ്ട്.

തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്നു തിരിച്ചറിഞ്ഞു തുടങ്ങുന്ന കൌമാരക്കാര്‍ക്കും അപായസാദ്ധ്യതയുണ്ട്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരാളെയും നേരിട്ടു സമീപിക്കാന്‍ അന്തര്‍ബലമില്ലാതെയവര്‍ നെറ്റില്‍ സര്‍ച്ച് ചെയ്യുകയും ചൂഷകവലയില്‍ എത്തിപ്പെടുകയും ചെയ്യാം.

മാതാപിതാക്കളില്‍ ഒരാളേ കുട്ടിയ്ക്കൊപ്പം ഉള്ളൂവെങ്കിലും മാതാപിതാക്കളിലാരെങ്കിലും അമിതമദ്യപാനികളാണെങ്കിലും, കുട്ടിയുടെ നെറ്റുപയോഗം തക്കവണ്ണം നിരീക്ഷിക്കാന്‍ അവര്‍ക്കായേക്കില്ല എന്നതിനാല്‍, പ്രശ്നസാദ്ധ്യത കൂടുന്നുണ്ട്. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢ¬മല്ലെങ്കില്‍ കുട്ടി ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്കു തുനിയാനും അവയുടെ വിശദാംശങ്ങള്‍ അവരില്‍ നിന്നൊളിക്കാനും അങ്ങിനെ കെണികളില്‍ക്കുരുങ്ങാനും കളമൊരുങ്ങുന്നുമുണ്ട്.

അതിക്രമികള്‍ അനേകതരം

പ്രായപൂര്‍ത്തിയെത്താത്തവരെ പാട്ടിലാക്കാനും പ്രാപിക്കാനും ജീവിതമുഴിഞ്ഞുവെച്ച, സിനിമയിലെ വില്ലന്മാരുടെ രൂപഭാവങ്ങളുള്ള ഹൃദയശൂന്യരാണ് ഇത്തരം കൃത്യങ്ങള്‍ക്കു പിന്നിലെന്നാണ് പലരുടെയും മുന്‍വിധി. യാഥാര്‍ത്ഥ്യം പക്ഷേ അതല്ല. വലിയ പരസ്പരസാദൃശ്യമില്ലാത്ത നാനാതരമാളുകള്‍, വിവിധ ഉദ്ദേശങ്ങളോടെ, ചെറുപ്രായക്കാരെ പാട്ടിലാക്കാന്‍തുനിഞ്ഞു നെറ്റില്‍ക്കറങ്ങുന്നുണ്ട്. ചിലരിറങ്ങുന്നത് സ്വയംഭോഗത്തിനുപയോഗിക്കാനുള്ള സെക്സ് ചാറ്റുകളും നഗ്നചിത്രങ്ങളും തേടിയാണെങ്കില്‍ ചിലരുടെയുദ്ദേശം ഇരകളെ നേരില്‍ക്കാണാനും പീഡിപ്പിക്കാനും അവസരം സൃഷ്ടിക്കലാകും. ചിലരുടെ ലക്ഷ്യം നഗ്നദൃശ്യങ്ങള്‍ കൈവശപ്പെടുത്തി വിറ്റു പണമുണ്ടാക്കുകയും ഇനിയും ചിലരുടേത് അത്തരം ദൃശ്യങ്ങള്‍ ശേഖരിക്കുകയും വിലകൊടുത്തുവാങ്ങുകയും ആകാം.

ചിലര്‍ ചെറുപ്രായക്കാരില്‍ നിന്നു മാത്രം ലൈംഗികതൃപ്തി കിട്ടുന്ന പീഡോഫൈലുകളാവാമെങ്കില്‍ ചിലര്‍ ഇതോടൊപ്പം മറ്റു ലൈംഗികവൈകൃതങ്ങളും കൂടി പിന്തുടരുന്നവരാവാം. ഇനിയും ചിലര്‍ ഇത്തരം ചോദനകള്‍ നേരിയ തോതില്‍ ഉള്ളില്‍ക്കിടന്നിട്ടും അതുവെച്ച് ഒന്നും പ്രവര്‍ത്തിക്കാതിരുന്നവരും ഇപ്പോള്‍ ഇന്‍റര്‍നെറ്റ് അവസരങ്ങള്‍ തുറന്നിടുകയും ആത്മനിയന്ത്രണം ദുര്‍ബലപ്പെടുത്തുകയും സമാനമനസ്കരുമായി കൂട്ടുകെട്ടുകള്‍ക്കു സാഹചര്യമൊരുക്കുകയും ചെയ്തതിനാല്‍ ഒന്നു രംഗത്തിറങ്ങിനോക്കാമെന്നു നിശ്ചയിച്ചതുമാകാം. ഓഫ്’ലൈനില്‍ അക്രമാസക്തത പയറ്റി ശീലിച്ചവര്‍ ശക്തിയും ധാര്‍ഷ്ട്യവും പ്രദര്‍ശിപ്പിക്കാന്‍ പുതിയ ഇരകളെത്തേടി നെറ്റിലേക്കു കടക്കാം. സ്വയംമതിപ്പു വേണ്ടത്രയില്ലാത്ത ചിലര്‍ ഓഫ്’ലൈനില്‍ മുതിര്‍ന്നവരോടൊന്നും ലൈംഗികാഭ്യര്‍ത്ഥന നടത്താന്‍ ചങ്കുറപ്പില്ലാതെ എന്നാല്‍പ്പിന്നെ നെറ്റില്‍ കുഞ്ഞുപ്രായക്കാരെ നോക്കാമെന്നു നിശ്ചയിക്കാം. മുതിര്‍ച്ചയെത്തിയിട്ടില്ലാത്തവര്‍ക്കു മേല്‍ നിയന്ത്രണവും മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കാനോ ലൈംഗികകാര്യങ്ങളില്‍ പിടിപാടു കുറഞ്ഞവരുടെ പ്രശംസ കൈപ്പറ്റാനോ കൌമാരാനുഭവങ്ങളിലൂടെ ഒന്നുകൂടിക്കടന്നുപോവാനോ ഉള്ള കൊതികളാലോ, ലൈംഗികമൂപ്പെത്താത്തവരോടുള്ള ജിജ്ഞാസയാലോ പ്രചോദിതരായി ചിലരിതിനിറങ്ങാം. ഇനിയും ചിലര്‍, വളരെയേറെ നേരം നെറ്റില്‍ച്ചെലവിട്ട് , ആകെ മടുപ്പും നൈരാശ്യവും ഏകാന്തതയും കുമിഞ്ഞ്‌, അതിനൊക്കെയൊരു പരിഹാരമെന്ന നിലക്ക് ഇത്തരം കൃത്യങ്ങള്‍ക്കു തുനിയാം.

ഒരുക്കിയെടുക്കല്‍

ഏറെ സമയമെടുത്ത്, ക്ഷമാപൂര്‍വം ഇരകളുമായി വൈകാരികബന്ധം സ്ഥാപിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയുമാണ് പൊതുവെ പീഡകരുടെ ആദ്യനടപടി. ‘ഓണ്‍ലൈന്‍ ഗ്രൂമിംഗ്’ എന്നാണ് ഈ പ്രക്രിയക്കു പേര്. സോഷ്യല്‍ മീഡിയ, കുട്ടികള്‍ക്കുള്ള ആപ്പുകള്‍, ഗെയിംസൈറ്റുകള്‍ തുടങ്ങിയവ അവരിതിനു വേദിയാക്കാറുണ്ട്. ഇരകളുടെ പ്രൊഫൈലും കമന്‍റുകളും പെരുമാറ്റവും നിരീക്ഷിച്ചും കൊച്ചുവര്‍ത്തമാനങ്ങളിലൂടെയും അവരുടെ താല്‍പര്യങ്ങളെയും ദിനചര്യകളെയും പറ്റി ഉള്‍ക്കാഴ്ച സമ്പാദിക്കുന്ന പീഡകര്‍ അതെല്ലാം കൈമുതലാക്കി അവരുമായി സൌഹൃദത്തിനു ശ്രമിക്കാം. പതിയെ, ലൈംഗികകാര്യങ്ങളിലുള്ള നാണവും അറപ്പുമൊക്കെ മാറ്റിയെടുക്കാനായി, ലൈംഗികവിഷയങ്ങള്‍ എടുത്തിടാം. ലൈംഗികാനുഭവങ്ങള്‍ വല്ലതുമുണ്ടായിട്ടുണ്ടോ, ചുംബിക്കപ്പെട്ടിട്ടുണ്ടോ, സ്വയംഭോഗം ചെയ്യാറുണ്ടോ എന്നൊക്കെയന്വേഷിക്കാം. സ്വയംഭോഗം ചെയ്യാന്‍ പരിശീലിപ്പിക്കാം. തന്‍റെ തന്നെയോ നെറ്റില്‍നിന്നെടുത്തതോ ആയ നഗ്നചിത്രങ്ങളോ അശ്ലീല വീഡിയോകളോ കൊടുക്കാം. ഇരകള്‍ വിട്ടുപോകാതിരിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു നിര്‍ത്താനുമായി പണമോ ഗെയിമുകളോ ഫോണോ മറ്റോ സമ്മാനിക്കുകയോ സംഭാഷണങ്ങളും ദൃശ്യങ്ങളുമൊക്കെ കുടുംബാംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്യാം.

ഓരോ പീഡകനും ഒരേ സമയത്ത് നൂറുകണക്കിന് ഇരകളെ ചൂണ്ടയിടുന്നുണ്ടാവാം. പീഡകര്‍ പലപ്പോഴും സ്വന്തം പേരോ പ്രായമോ ഒന്നും മറച്ചുവെക്കാറില്ല, ഇരകള്‍ മിക്കപ്പോഴും അവരെ നേരില്‍ക്കാണാന്‍ ഇറങ്ങിത്തിരിക്കാറുള്ളത് പോക്ക് ലൈംഗികകൃത്യങ്ങള്‍ക്കായാണെന്ന ബോദ്ധ്യത്തോടെത്തന്നെയാണ് എന്നൊക്കെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചൈല്‍ഡ് പോണ്‍

കേന്ദ്രസര്‍ക്കാറിന്‍റെ കണക്കുകള്‍ പറയുന്നത്, 2016 ജൂലൈ ഒന്നു മുതല്‍ 2017 ജനുവരി പതിനേഴു വരെയുള്ള ആറരമാസത്തില്‍ രാജ്യത്തു ഡൌണ്‍ലോഡും ഷെയറും ചെയ്യപ്പെട്ടത് ചെറുപ്രായക്കാരുടെ അശ്ലീലദൃശ്യങ്ങളുടെ നാലരലക്ഷത്തോളം ഫയലുകളാണെന്നാണ്. ഇതില്‍ മുന്‍നിരയില്‍നിന്ന പത്തു പട്ടണങ്ങളില്‍ മൂന്നെണ്ണം നമ്മുടെ കേരളത്തില്‍ നിന്നായിരുന്നു താനും — ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും.

പീഡോഫൈലുകള്‍ ചൈല്‍ഡ് പോണ്‍ ഉപയോഗപ്പെടുത്തുന്നത് ലൈംഗികോത്തേജനത്തിനും സ്വയംഭോഗത്തിനും വേണ്ടി മാത്രമല്ല. സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നതും മുതിര്‍ന്നവരുമായി വേഴ്ചയിലേര്‍പ്പെടുന്നതും ചെറുപ്രായക്കാര്‍ക്കിടയില്‍ നാട്ടുനടപ്പാണെന്ന ധാരണ ഇരകളുടെ മനസ്സിലുളവാക്കാന്‍ അവര്‍ക്കത്തരം ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നവരുണ്ട്. മറ്റു പീഡോഫൈലുകളുമായി ബന്ധം സ്ഥാപിച്ചെടുക്കാനായി അവര്‍ക്കു സ്വന്തമിരകളുടെ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നവരുമുണ്ട്.

ഇരകള്‍ പീഡനം ആസ്വദിക്കുകയാണെന്ന പ്രതീതിയുളവാക്കുന്ന പോണ്‍ചിത്രങ്ങള്‍ അവര്‍ക്കു ലഹരിവസ്തുക്കള്‍ കൊടുത്തോ എഡിറ്റിംഗ് വഴിയോ മന:പൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നവരുണ്ട്. അത്തരം ദൃശ്യങ്ങള്‍ അവ കാണുന്ന ചെറുപ്രായക്കാര്‍ക്കും, സ്വന്തം പീഡോഫീലിയയെ കടിഞ്ഞാണിട്ടു പിടിച്ചുനിര്‍ത്തിക്കൊണ്ടിരിക്കുന്ന മുതിര്‍ന്നവര്‍ക്കുപോലും, അതു പീഡനമൊന്നുമല്ല, മറിച്ച് ഇരുകൂട്ടര്‍ക്കും സമ്മതവും ആസ്വാദ്യതയുമുള്ള സദ്‌കൃത്യമാണ് എന്ന വികലധാരണ ജനിപ്പിക്കാം.

ചൈല്‍ഡ് പോണ്‍ ഷൂട്ട്‌ ചെയ്യുന്നതും നെറ്റിലിടുന്നതും പലപ്പോഴും കുട്ടിക്കും കുടുംബത്തിനും പരിചയവും വിശ്വാസവുമുള്ള ചില മുതിര്‍ന്നവര്‍ തന്നെയാണ്. ചിലപ്പോഴെങ്കിലും, ചെറുപ്രായക്കാര്‍ സ്വന്തം അശ്ലീലദൃശ്യങ്ങള്‍ സ്വയം എടുക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുമുണ്ട്. അവരത് അടുത്ത കൂട്ടുകാര്‍ക്കോ പ്രേമഭാജനങ്ങള്‍ക്കോ കൊടുക്കാനോ തമാശക്കോ ചെയ്യുന്നതാകാമെങ്കിലും അത്തരം ദൃശ്യങ്ങള്‍ കൈവിട്ടുപോകുന്നതും പോണ്‍സൈറ്റുകളിലും മറ്റുമെത്തിപ്പെടുന്നതും സാധാരണമാണ്. വീടിനുള്ളില്‍ നല്ല ബന്ധങ്ങളോ ശ്രദ്ധയോ അംഗീകാരമോ അഭിനന്ദനങ്ങളോ കിട്ടാതെ പോവുന്ന കുട്ടികള്‍ അവ കരസ്ഥമാക്കാനായി സ്വന്തം നഗ്നദൃശ്യങ്ങള്‍ നെറ്റില്‍ പോസ്റ്റ്‌ചെയ്യാറുണ്ട്. പോണ്‍ കണ്ട് അതിന്‍റെ സ്വാധീനത്തിലും ചിലരിതിനു മുതിരാറുണ്ട്.

ഐ.ടി. ആക്റ്റ് പ്രകാരം, ചൈല്‍ഡ് പോണ്‍ നിര്‍മിക്കുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും ശേഖരിക്കുന്നതും പങ്കുവെക്കുന്നതും പതിനെട്ടു തികഞ്ഞിട്ടില്ലാത്തവരെ നെറ്റു വഴി വശീകരിക്കുന്നതും ജാമ്യം ലഭിക്കാത്ത, ഏഴു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ്.

പീഡകരുടെ സഹകരണസംഘങ്ങള്‍

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്ന ‘കൊച്ചുസുന്ദരികള്‍’ എന്ന, മലയാളത്തിലുള്ള, മുവ്വായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തിരുന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ രണ്ടുവര്‍ഷം മുമ്പ് നടപടികള്‍ വന്നിരുന്നു. പീഡോഫൈലുകളുടെ കമ്മ്യൂണിറ്റികള്‍ പലതും ചെറുപ്രായക്കാര്‍ക്കു ഭീഷണിയായി ഇപ്പോഴും നെറ്റില്‍ നിലകൊള്ളുന്നുണ്ട്. സംശയനിവാരണത്തിനും പരസ്പരം പ്രോത്സാഹിപ്പിക്കാനും “ടിപ്പു”കളും ചൈല്‍ഡ് പോണും പങ്കിടാനുമൊക്കെ അവരവ പ്രയോജനപ്പെടുത്തുന്നുമുണ്ട്. തന്നെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒട്ടനവധിപ്പേര്‍ വേറെയുമുണ്ടെന്ന “ധൈര്യം” അംഗങ്ങളിലുളവാക്കുക, പീഡോഫീലിയയെപ്പറ്റി വല്ല അറപ്പോ കുറ്റബോധമോ ബാക്കിയുണ്ടെങ്കില്‍ അതും ഇല്ലാതാക്കുക, ചെറുപ്രായക്കാരോടു ലൈംഗികാഭിമുഖ്യം ജനിപ്പിക്കുന്ന വികലചിന്താഗതികളെ പിന്നെയും ഊട്ടിയുറപ്പിക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ ഇത്തരം ഗ്രൂപ്പുകള്‍ ചെയ്യുന്നുണ്ട്.

വേറെയും പ്രവണതകള്‍

ലൈംഗികാവശ്യങ്ങള്‍ക്ക് കുട്ടികളെ നെറ്റു വഴി വിപണനം നടത്തുന്നവരും ബാലപീഡനദൃശ്യങ്ങള്‍ വെബ്കാമിലൂടെ ലൈവായിക്കാണിച്ച് കാശു വാങ്ങുന്നവരുമൊക്കെ സജീവമാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരിലും മറ്റും വെബ്സൈറ്റുകളുണ്ടാക്കി അവിടെ അശ്ലീലദൃശ്യങ്ങള്‍ കയറ്റിയിടുന്നവരുണ്ട് — ഹോംവര്‍ക്കു ചെയ്യാനോ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചോ മറ്റോ നെറ്റ് സര്‍ച്ച് ചെയ്യുന്ന കുട്ടികള്‍ ഇത്തരം സൈറ്റുകളിലെത്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്.

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍

 • ഏതൊക്കെ സൈറ്റുകളും ആപ്പുകളുമാണ് മക്കള്‍ക്കിഷ്ടമെന്നത് ആരാഞ്ഞറിയുക. അവയെപ്പറ്റി നിങ്ങള്‍ക്കുള്ള നല്ലതോ മോശമോ ആയ അഭിപ്രായങ്ങള്‍ പങ്കുവെക്കുക. അവരുടെ വാദങ്ങളും സശ്രദ്ധം കേള്‍ക്കുക.
 • അവര്‍ക്കോ കൂട്ടുകാര്‍ക്കോ നെറ്റിലുണ്ടായിട്ടുള്ള സുഖകരമല്ലാത്ത അനുഭവങ്ങളെപ്പറ്റി തുറന്നു ചര്‍ച്ച ചെയ്യുക.
 • സര്‍ച്ച് എഞ്ചിനുകള്‍ വഴി കുട്ടികള്‍ അവര്‍ക്കു ചേരാത്ത പേജുകളില്‍ ചെന്നെത്താതിരിക്കാന്‍ Google SafeSearch പോലുള്ള ഓപ്ഷനുകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ www.safesearchkids.com പോലുള്ള സുരക്ഷിതമായ സര്‍ച്ച് എഞ്ചിനുകള്‍ നിര്‍ദ്ദേശിക്കുക.
 • ഫോണിലും കമ്പ്യൂട്ടറിലുമൊക്കെ “പേരന്‍റല്‍ കണ്ട്രോള്‍സ്” ഉപയോഗപ്പെടുത്തുക. അനുയോജ്യമല്ലാത്ത പേജുകളെയും ആപ്പുകളെയും തടയാനും, എത്ര സമയം നെറ്റുപയോഗിക്കാമെന്നതു ക്ലിപ്തപ്പെടുത്താനും, ഏതൊക്കെ പേജുകള്‍ സന്ദര്‍ശിച്ചുവെന്നതു രേഖപ്പെടുത്തിയിടാനും, ഫോണും കൊണ്ട് കുട്ടി എവിടെയൊക്കെപ്പോകുന്നെന്നു മനസ്സിലാക്കാനുമെല്ലാം അവ സഹായിക്കും. എന്നാല്‍ അവയിലും കൃത്രിമം സാദ്ധ്യമാണ് എന്നോര്‍ക്കുക.
 • നെറ്റുപയോഗിക്കാന്‍ മുമ്പൊന്നുമില്ലാത്ത ആവേശം കാട്ടുന്നതും നെറ്റിന്‍റെയോ വെബ്ക്യാമിന്‍റെയോ ഉപയോഗം വല്ലാതെ കൂടുന്നതും “കൂട്ടുകാരെക്കാണാന്‍പോവാന്‍” പതിവിലേറെ സമയം ചെലവിട്ടു തുടങ്ങുന്നതും സംസാരമദ്ധ്യേ ലൈംഗികപദങ്ങള്‍ കടന്നുവരുന്നതും  കയ്യില്‍ ഇടയ്ക്കിടെ പണമോ സമ്മാനങ്ങളോ കാണാന്‍കിട്ടുന്നതുമൊക്കെ കുട്ടികള്‍ നെറ്റില്‍ മോശം ബന്ധങ്ങളില്‍ ചെന്നുപെട്ടതിന്‍റെ സൂചനകളാകാം.
 • നെറ്റില്‍ ലൈംഗികപീഡനം നേരിടുന്നവര്‍ അതിന്‍റെ പല പരിണിതഫലങ്ങളും കാണിക്കാറുണ്ട്. ലഹരിയുപയോഗം, അമിതനൈരാശ്യം, ആത്മവിശ്വാസക്കുറവ്, വല്ലാത്ത തളര്‍ച്ച, പ്രായത്തില്‍ക്കവിഞ്ഞ പക്വത, ഉത്ക്കണ്ഠ, അമിതമായ നാണവും പേടിയും, അക്രമാസക്തത, കുറ്റബോധം എന്നിവയിതില്‍പ്പെടുന്നു.

കൌമാരക്കാര്‍ ശ്രദ്ധിക്കാന്‍

 • ലൈംഗികമായ താല്പര്യങ്ങളും കൌതുകങ്ങളും കൌമാരസഹജമാണ്. എന്നാല്‍ അവ വെച്ചു മുതലെടുക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്.
 • അനുഭവജ്ഞാനത്തിലും മാനസിക, ശാരീരികബലങ്ങളിലും മേല്‍ക്കയ്യുള്ള മുതിര്‍ന്നവരുമായി സമാസമം നിന്നുള്ള ബന്ധങ്ങളൊന്നും കൌമാരക്കാര്‍ക്കു സാദ്ധ്യമാവില്ല.
 • ചൂഷകരുമായുള്ള ഒളിബന്ധങ്ങള്‍ മനസ്സിന്‍റെ ലൈംഗികമായ വികാസത്തെ അലങ്കോലമാക്കുകയും ഈ പ്രായത്തില്‍ പ്രാധാന്യമര്‍പ്പിക്കേണ്ട പഠനം പോലുള്ള കാര്യങ്ങളില്‍ നിന്നു ശ്രദ്ധ വിടുവിക്കുകയും ലൈംഗികരോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കുമൊക്കെ വഴിയൊരുക്കുകയും ചെയ്യാം.
 • പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സ്കൂളിന്‍റെ പേര് തുടങ്ങിയ വ്യക്തിവിവരങ്ങള്‍ അപരിചിതരോടു പങ്കുവെക്കാതിരിക്കുക.
 • ജനനത്തിയ്യതിയോ നാടോ മറ്റോ വ്യക്തമാകുന്ന തരം യൂസര്‍നെയിമുകള്‍ ഒഴിവാക്കുക.
 • പാസ്സ്‌വേര്‍ഡുകള്‍ ആരോടും വെളിപ്പെടുത്താതിരിക്കുക.
 • മാതാപിതാക്കളുടെ അറിവും സമ്മതവുമില്ലാതെ സ്വന്തം ഫോട്ടോകള്‍ ആര്‍ക്കും കൊടുക്കാതിരിക്കുക.
 • നമ്മുടെ ഫോട്ടോകള്‍ നമ്മുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും. മോശം ഫോട്ടോകള്‍ നമ്മെപ്പറ്റി മോശം ധാരണ പരത്താം.
 • ഒരിക്കല്‍ നെറ്റിലിടുന്ന ഫോട്ടോകളോ പോസ്റ്റുകളോ ഒന്നും പിന്നീടൊരിക്കലും പരിപൂര്‍ണമായി ഡിലീറ്റ് ചെയ്യാനോ തിരിച്ചെടുക്കാനോ സാധിക്കില്ല.
 • ചാറ്റുകള്‍ റെക്കോഡു ചെയ്യപ്പെട്ട് ബ്ലാക്ക്’മെയിലിംഗിന് ഉപയോഗിക്കപ്പെടാം.
 • ഹാര്‍ഡ് ഡിസ്കിലോ പെന്‍ ഡ്രൈവിലോ മറ്റോ നിന്നു ഡിലീറ്റ് ചെയ്ത ഫയലുകള്‍ മറ്റുള്ളവര്‍ക്ക് അവയില്‍നിന്നു വീണ്ടെടുക്കാനാകും.
 • സോഷ്യല്‍ മീഡിയയിലും മറ്റും ആളുകളെ ബ്ലോക്ക് ചെയ്യുന്നതെങ്ങിനെ, അഹിതകരമായ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്ങിനെ, പോസ്റ്റുകള്‍ക്ക് തക്ക സ്വകാര്യത ഉറപ്പുവരുത്തുന്നതെങ്ങിനെ എന്നൊക്കെ അറിഞ്ഞുവെക്കുക.
 • വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും മുമ്പ് അവ ശരിക്കും ആവശ്യവും ഉപകാരവുമുള്ളവയാണ് എന്നുറപ്പുവരുത്തുക.
 • നെറ്റില്‍ ആളുകള്‍ ആള്‍മാറാട്ടം നടത്താം എന്നോര്‍ക്കുക.
 • പരിചയമില്ലാത്തവര്‍ അയച്ചുതരുന്ന ഫയലുകള്‍ തുറക്കാതിരിക്കുക.
 • നെറ്റില്‍ പരിചയപ്പെടുന്നവരുമായി നേരില്‍ക്കാണാന്‍ മുതിരാതിരിക്കുക.
 • നെറ്റിലെ കളിയാക്കലുകളോടും മറ്റു പ്രകോപനങ്ങളോടും അതേ നാണയത്തില്‍ പ്രതികരിക്കാതിരിക്കുക. കഴിവതും അത്തരക്കാര്‍ക്കു മറുപടിയേ കൊടുക്കാതിരിക്കുക. അസ്വാരസ്യമുളവാക്കുന്ന എല്ലാ അനുഭവങ്ങളെപ്പറ്റിയും മാതാപിതാക്കളോടോ മറ്റോ ചര്‍ച്ചചെയ്യുക.
 • ആരെങ്കിലും പ്രശ്നങ്ങളുണ്ടാക്കുന്നെങ്കില്‍ സ്വന്തം അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയോ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഒന്നും ചെയ്ത് തെളിവുകള്‍ നശിപ്പിക്കാതിരിക്കുക.
 • ഓഫ്’ലൈനില്‍ ചെയ്യാന്‍ മടിക്കാറുള്ള ഒരു കാര്യത്തിനും നെറ്റിലും തുനിയാതിരിക്കുക.

ചില സഹായഹസ്തങ്ങള്‍

ഫോണ്‍ നമ്പറുകള്‍

 • ചൈല്‍ഡ് ലൈന്‍: 1098
 • സൈബര്‍സെല്‍: 9497976004
 • പോലീസ് ക്രൈം സ്റ്റോപ്പര്‍: 1090
 • ‘കെല്‍സ’യുടെ സൌജന്യ നിയമസഹായം: 9846700100
 • ബാലപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന, കൊച്ചിയിലെ ‘ബോധിനി’ എന്ന എന്‍.ജി.ഓ.യുടെ ഹെല്‍പ്പ്ലൈന്‍: 8891320005

ലിങ്കുകള്‍

 • സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി കേരളാ പോലീസിന്‍റെ സൈബര്‍ഡോമിനെ അറിയിക്കാന്‍: http://cyberdome.kerala.gov.in/reportus.html
 • ചെറുപ്രായക്കാരുടെ നഗ്നഫോട്ടോകളുടെയും വീഡിയോകളുടെയും ലിങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍: http://aarambhindia.org/report/
 • പ്രമുഖ വെബ്സൈറ്റുകളിലും ആപ്പുകളിലും ഗെയിമുകളിലും കുട്ടികളുടെ സുരക്ഷിതത്വം എങ്ങിനെയുറപ്പുവരുത്താം എന്നറിയാന്‍: https://www.net-aware.org.uk/

(2017 ജൂണ്‍  ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: New Indian Express

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ആരോഗ്യം ഗെയിമുകളിലൂടെ
കുട്ടി വല്ലാതെ ഒതുങ്ങിക്കൂടുന്നോ? ഓട്ടിസമാകാം.

Related Posts