ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.