മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഷെയറിങ്ങിലെ ശരികേടുകള്‍

ഷെയറിങ്ങിലെ ശരികേടുകള്‍

“ഇന്‍റര്‍നെറ്റ് കള്ളംപറയുകയേയില്ല.” – എബ്രഹാം ലിങ്കണ്‍

സോഷ്യല്‍മീഡിയയിലെ ഷെയറുകളേറെയും അടിസ്ഥാനരഹിതവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും ഹാനികരവുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തിനിടയില്‍ മുതലകള്‍ പുറത്തുചാടിയെന്നപോലുള്ള നുണക്കഥകള്‍. സെല്‍ഫീഭ്രമത്തെ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ മനോരോഗമായി പ്രഖ്യാപിച്ചെന്നപോലുള്ള വ്യാജ ആരോഗ്യവാര്‍ത്തകള്‍. മസ്തിഷ്കാഘാതബാധിതനായ പോലീസുകാരന്‍ ഡല്‍ഹിമെട്രോയില്‍ വേച്ചുപോവുന്നത് കുടിച്ചുലക്കുകെട്ടതിനാലാണെന്നപോലുള്ള വ്യക്ത്യധിക്ഷേപങ്ങള്‍. ഇന്‍റര്‍നെറ്റ് വികസിപ്പിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടിലേറെമുമ്പ് മണ്മറഞ്ഞുപോയ ലിങ്കണ്‍ന്‍റെ പേരില്‍ തുടക്കത്തില്‍ക്കൊടുത്തതു പോലുള്ള കപടോദ്ധരണികള്‍. ഇവ്വിധത്തിലുള്ള ഒട്ടനവധി കിംവദന്തികളും പച്ചക്കള്ളങ്ങളും വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അരങ്ങുതകര്‍ക്കുകയും മനക്ലേശങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും വര്‍ഗീയകലാപങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.

“തീയും നുണയും കുറച്ചു മതി” എന്നു പറഞ്ഞപോലെ ആരെങ്കിലുമൊന്നു തുടങ്ങിയിടുമ്പോഴേക്കു നെറ്റിലാകെപ്പടര്‍ന്നുപിടിക്കാന്‍ ഇവക്കാവുന്നതെങ്ങിനെയാണ്? പല മനശ്ശാസ്ത്രവിശദീകരണങ്ങളും ഇതിനു മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. അവയെപ്പറ്റി ബോദ്ധ്യം പുലര്‍ത്തുന്നത് ഇത്തരം പോസ്റ്റുകള്‍ തിരിച്ചറിയാനാവാനും നമ്മളായിട്ടു പിന്നെയും ഷെയര്‍ചെയ്തുപോവാതിരിക്കാനും സഹായകമാവും.

 1. സോഷ്യല്‍മീഡിയയില്‍ മിക്കവരും വ്യവഹരിക്കുന്നത് പൊതുവെ ഹൈസ്പീഡിലാണ് — ഓരോ പോസ്റ്റിലും കണ്ണോടിക്കുന്നതും ലൈക്കോ കമന്റോ ചെയ്യണോ എന്നു നിശ്ചയിക്കുന്നതും അടുത്ത പോസ്റ്റിലേക്കു കുതിക്കുന്നതും എല്ലാം. ഈയൊരു ഗതിവേഗം തക്ക മുന്നാലോചനയോ വിമര്‍ശനബുദ്ധിയോ കൂടാതെ നാം കണ്മുമ്പില്‍പ്പെടുന്ന പോസ്റ്റുകളെ ഷെയര്‍ചെയ്തുവിടാനും നിമിത്തമാവാം.
 2. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റര്‍, ഇമെയില്‍ തുടങ്ങിയവയിലൂടെയൊക്കെ തമാശകള്‍, വാര്‍ത്തകള്‍, സുഹൃത്തുക്കളുടെ അഭിപ്രായപ്രകടനങ്ങള്‍, ബന്ധുക്കളുടെ ഫോട്ടോകള്‍, ജോലിസംബന്ധമായ വിവരങ്ങള്‍ എന്നിങ്ങനെ ഒട്ടനേകം സന്ദേശങ്ങളാണ് നമ്മുടെ സ്ക്രീനുകളിലേക്കു സദാ കുത്തിയൊഴുകിയെത്തുന്നത്. ആ പെരുന്തിരക്കിലൂടെത്തന്നെയാണ് പ്രശ്നഷെയറുകളും നുഴഞ്ഞുകയറിവരുന്നതെന്നത് അവക്കു പ്രത്യേകിച്ചൊരു വിശകലനവും കിട്ടാതെപോവാനിടയാക്കാം.
 3. എത്രയോപേര്‍ ഷെയര്‍ചെയ്ത കാര്യം വാസ്തവമാവാനേ വഴിയുള്ളെന്ന് ചിലരങ്ങു മുന്‍കൂട്ടിയുറപ്പിക്കാം.
 4. എല്ലാവരുമൊരു കാര്യം ഷെയര്‍ചെയ്യുമ്പോള്‍ താനുമങ്ങിനെ ചെയ്തില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ സജീവമല്ലെന്നോ ലോകകാര്യങ്ങളില്‍ താല്പര്യമില്ലെന്നോ ഒരു വിവരം കണ്ണില്‍പ്പെട്ടാലതു പങ്കുവെക്കുന്ന ടൈപ്പല്ലെന്നോ മറ്റോ ആളുകള്‍ തന്നെപ്പറ്റി  ധരിച്ചുകളഞ്ഞേക്കുമോയെന്ന ആശങ്കയാവാം ചിലര്‍ക്കു പ്രേരണയാവുന്നത്. 
 5. രാഷ്ട്രീയമോ മതപരമോ ഒക്കെയായ നമ്മുടെ വിശ്വാസങ്ങളുമായി ഒത്തുപോവുന്നതെന്ന് ഒറ്റനോട്ടത്തില്‍ത്തോന്നുന്ന പോസ്റ്റുകള്‍ നാം കണ്ണുമടച്ചു വിശ്വസിക്കാനും ഷെയര്‍ചെയ്യാനും സാദ്ധ്യത കൂടുതലാണ്.
 6. “ഇതു ഷെയര്‍ചെയ്തില്ലെങ്കില്‍ അതിനര്‍ത്ഥം താങ്കള്‍ ബലാത്സംഗത്തെ അനുകൂലിക്കുന്നെന്നാണ്” എന്ന ലൈനിലുള്ള ഭീഷണികള്‍ ചൂഷണംചെയ്യാന്‍ നോക്കുന്നത് കുറ്റബോധത്തിലകപ്പെടാതെ സ്വയംകാക്കാന്‍ നമുക്കെല്ലാമുള്ള വാഞ്ഛയെയാണ്.
 7. ഇതു ഷെയര്‍ചെയ്തില്ലെങ്കില്‍ ഇന്നയിന്ന അപായങ്ങള്‍ പിണയും എന്ന മട്ടിലുള്ള ഭയപ്പെടുത്തലുകള്‍ കാണുമ്പോള്‍ “ഓ, ചുമ്മാ!” എന്ന് ഉടനടി തിരിച്ചറിയാനാവുന്നവര്‍ പോലും പക്ഷേ ചിലപ്പോള്‍ “ഇനിയെങ്ങാനുമതു സത്യമാണെങ്കിലോ, എന്തിനാ വെറുതെ റിസ്കെടുക്കുന്നത്, ഒന്നു ഷെയര്‍ചെയ്യാന്‍ പ്രത്യേകിച്ചു ചെലവൊന്നുമില്ലല്ലോ” എന്ന ചിന്താഗതികളോടെ ഷെയര്‍ബട്ടണില്‍ ശരണം തേടാം.
 8. “ഇതു ഷെയര്‍ചെയ്യുന്ന ആദ്യ നൂറുപേര്‍ക്ക് സൌജന്യ ഐപാഡ്” എന്നൊക്കെയുള്ള വശീകരണവരികള്‍ കാര്യം സത്യമാണോ, നിരുപദ്രവകരമാണോ എന്നൊക്കെയാലോചിക്കാന്‍ സമയം “പാഴാക്കാതെ” എടുത്തുചാടി അവയെയനുസരിക്കാന്‍ നമുക്കു പ്രേരണയാവാം.
 9. സിനിമാനടിമാരുടെ ബാല്യകാല ഫോട്ടോകളും പതിച്ച് “ഈ കുട്ടിയെ നാടോടികളുടെ കയ്യില്‍ക്കണ്ടു, ഇക്കാര്യം എല്ലാവരെയും പെട്ടെന്നൊന്നറിയിക്കൂ" എന്ന അപേക്ഷയും ഉള്ളില്‍ കള്ളച്ചിരിയുമായി വരുന്ന തരം പോസ്റ്റുകള്‍ മുതലെടുക്കാന്‍ നോക്കുന്നത് മറ്റുള്ളവര്‍ക്കു 
 10. “മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടേയില്ല”, “പോളിയോവാക്സിന്‍ ജനസംഖ്യ നിയന്ത്രിക്കാനുള്ള സൂത്രവിദ്യയാണ്” എന്നൊക്കെയുള്ള ഗൂഡാലോചനാസിദ്ധാന്തങ്ങള്‍ക്കും നെറ്റില്‍ നല്ല പ്രാചുര്യം കിട്ടുന്നുണ്ട്. ഇതിന്‍റെ ഒരു കാരണം, മുന്നനുഭവങ്ങളാല്‍ പ്രേരിതരായും മറ്റും അധികാരസ്ഥാപനങ്ങളെ സംശയദൃഷ്ട്യാ മാത്രം വീക്ഷിക്കുന്നവരും, പാരനോയ്ഡ് പേഴ്സണാലിറ്റിയോ സ്കിസോടൈപ്പല്‍ ഡിസോര്‍ഡറോ പോലുള്ള മാനസികപ്രശ്നങ്ങളുള്ളവരുമൊക്കെ ഇത്തരം വാദങ്ങളെ വാതൊടാതെ വിഴുങ്ങാമെന്നതാണ്. അതിസങ്കീര്‍ണ പ്രതിഭാസങ്ങളെപ്പറ്റിയുള്ള വസ്തുനിഷ്ഠ വിശദീകരണങ്ങള്‍ സ്വതേ മുഷിപ്പനും സുദീര്‍ഘവുമാവാമെന്നതും പലര്‍ക്കും ഗൂഡാലോചനാവാദികളുടെ “ഷോര്‍ട്ട് ആന്‍റ് സിമ്പിള്‍” ന്യായങ്ങളെ ആകര്‍ഷണീയവും വിശ്വസനീയവുമാക്കാം.
 11. ഈയിടെക്കണ്ടയൊരു പോസ്റ്റിന്‍റെ സംഗ്രഹം: “രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയാക്രമിക്കാന്‍ പദ്ധതിയിടുന്നെന്നു സൂചനകിട്ടിയ ഡോക്ടര്‍മാര്‍ പ്രതിരോധാര്‍ത്ഥം അയാളുടെ കൂട്ടിയിരുപ്പുകാരെ മൊത്തം അങ്ങോട്ടുകയറി പരക്കെത്തല്ലി!” രക്തം തിളക്കാന്‍ വരട്ടെ. ഡോക്ടര്‍രോഗീബന്ധത്തെ ഗ്രസിച്ചുകഴിഞ്ഞ പരസ്പരവിശ്വാസക്കേടിനെപ്പറ്റി ഒരു ഡോക്ടര്‍ത്തന്നെയെഴുതിയൊരു ആക്ഷേപഹാസ്യ ലേഖനമായിരുന്നു അത്. എന്നാല്‍ ചിലരെങ്കിലും ഇത്തരം പോസ്റ്റുകളെ അക്ഷരാര്‍ത്ഥത്തിലെടുക്കാം. അതിനനുസരിച്ചുള്ള സ്വന്തമഭിപ്രായങ്ങളുടെ അകമ്പടിയോടെ അവരവ ഷെയര്‍ചെയ്താലത് ബാക്കിയുള്ളവരെയും കണ്‍ഫ്യൂഷനിലാക്കാം.
 12. ഇനിയും ചില ഷെയറുകള്‍ ആളുകള്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല — മറിച്ച്, അവര്‍ ചില ലിങ്കുകളില്‍ ഞെക്കുമ്പോള്‍ അതിലൊളിഞ്ഞുകിടക്കുന്ന വൈറസോ മാല്‍വെയറോ ഒക്കെ അവര്‍പോലുമറിയാതെ അവരുടെ സുഹൃത്തുക്കളിലേക്കും ഷെയറിന്‍റെ മുഖംമൂടിയണിഞ്ഞു പടരുന്നതിന്‍റെ ഫലമാണ്. ഇത്തരം ലിങ്കുകളുടെ ചൂണ്ടക്കൊളുത്തുകളിലേക്കു നമ്മെ വലിച്ചടുപ്പിക്കാന്‍ അവയുടെ സൂത്രധാരന്മാര്‍ ഉപയോഗപ്പെടുത്തുന്നതും മനസ്സിന്‍റെ ചില സവിശേഷതകളെയും ചപലതകളെയുമാണ്. “Guess Who Viewed Your Profile” എന്ന തരം പോസ്റ്റുകള്‍ തന്നോടാര്‍ക്കൊക്കെയാണ് ഇഷ്ടവും താല്പര്യവുമുള്ളത്, തനിക്കു വേണ്ടത്ര നിലയുംവിലയുമുണ്ടോ എന്നൊക്കെയറിയാനുള്ള നമ്മുടെ ഔത്സുക്യത്തെയും, “താങ്കളുടെയീ സ്വകാര്യ വീഡിയോ വൈറലായിരിക്കുന്നു” എന്ന തരം ഞെട്ടിക്കലുകള്‍ ആത്മാഭിമാനത്തിനു നാം കൊടുക്കുന്ന പ്രാധാന്യത്തെയും, “കൊടുംക്രൂരത നിറഞ്ഞൊരു വീഡിയോ” എന്നു സ്വയംപരിചയപ്പെടുത്തി വരുന്നവ മനുഷ്യസഹജമായ ഉദ്വേഗാകാംക്ഷകളെയും, ഡിസ്’ലൈക്ക് ബട്ടണ്‍ കിട്ടാനോ ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ നിറം മാറ്റാനോ ഇവിടെ ഞെക്കുക എന്നൊക്കെയുള്ള ക്ഷണങ്ങള്‍ അത്തരം ഫീച്ചറുകള്‍ ഏവര്‍ക്കുംമുമ്പേ കൈക്കലാക്കി വ്യതിരിക്തത നേടാനോ കൂട്ടുകാര്‍ക്കു മുമ്പിലാളാവാനോ ഉള്ള ത്വരയെയും, അല്‍പവസ്ത്രധാരിണികളുടെ ചിത്രങ്ങളുമായെത്തുന്ന ലിങ്കുകള്‍ ലൈംഗികതക്കു നാം കല്‍പിക്കുന്ന പ്രാഥമ്യത്തെയുമാണ് ഉന്നംവെക്കുന്നത്.

ഷെയര്‍ ബട്ടണ്‍ ഞെക്കുംമുമ്പ് കാര്യത്തിന്‍റെ വാസ്തവികത ഉറപ്പുവരുത്താന്‍ സാമാന്യബുദ്ധിയോ സര്‍ച്ച് എഞ്ചിനുകളോ പത്രങ്ങളുടെ വെബ്സൈറ്റുകളോ വാര്‍ത്താചാനലുകളോ ഉപയോഗപ്പെടുത്തുക. മുഖ്യധാരാമാധ്യമങ്ങളും അപൂര്‍വമായെങ്കിലും വ്യാജവാര്‍ത്തകള്‍ ഏറ്റെടുക്കാമെന്നതിനാല്‍ ഒന്നിലധികം സ്രോതസ്സുകള്‍ പരിശോധിക്കുക. പൂച്ചു പുറത്തായിക്കഴിഞ്ഞ ഒട്ടനവധി ഷെയറുകളെപ്പറ്റി www.snopes.com, www.hoax-slayer.com തുടങ്ങിയ സൈറ്റുകളില്‍ വായിക്കാം. സംശയംതോന്നുന്ന പോസ്റ്റുകളെപ്പറ്റി ആരാഞ്ഞറിയാന്‍ മലയാളത്തില്‍ത്തന്നെയൊരു ഗ്രൂപ്പും (www.facebook.com/groups/hoaxbashers) ലഭ്യമായുണ്ട്.

(2016 ജൂലൈ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

പ്രവാസികള്‍ക്കിത്തിരി വെക്കേഷന്‍ ടിപ്പുകള്‍
പ്രണയരോഗങ്ങള്‍

Related Posts