“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്
1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.