മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ലൈംഗികവിദ്യാഭ്യാസം: അയ്യേപിന്നേകള്‍ക്കുള്ള മറുപടികള്‍

ലൈംഗികവിദ്യാഭ്യാസം: അയ്യേപിന്നേകള്‍ക്കുള്ള മറുപടികള്‍

ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന്‍റെ സാന്നിദ്ധ്യം ആദ്യമായി ബോദ്ധ്യപ്പെടുന്ന പെണ്‍കുട്ടികളുടെയും, ലൈംഗികപീഡനങ്ങളെ തിരിച്ചറിയാനാവാതെയോ മറ്റുള്ളവരോടു വിശദീകരിക്കാനാവാതെയോ കുഴങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും, കല്യാണംകഴിഞ്ഞു വര്‍ഷങ്ങളായിട്ടും സംഭോഗത്തിലേക്കു കടന്നിട്ടില്ലാത്ത ദമ്പതികളുടെയുമൊക്കെ മനക്ലേശങ്ങളുടെ മൂലകാരണം ഒന്നുതന്നെയാണ് — ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അഭാവം. 

സമ്പൂര്‍ണസാക്ഷരതയുള്ള നമ്മുടെ നാട്ടില്‍പ്പോലും ലൈംഗികവിദ്യാഭ്യാസം അയിത്തം കല്‍പിച്ചു മാറ്റിനിര്‍ത്തപ്പെടുകയാണ്. ഒരുപിടി അജ്ഞതകളും തെറ്റിദ്ധാരണകളുമാണ് ഇതിനു പിന്നിലുള്ളത്. ലൈംഗികവിദ്യാഭ്യാസമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ കൂടെക്കിടക്കുമ്പോള്‍ എന്തൊക്കെയാണു ചെയ്യേണ്ടത് എന്ന പരിശീലനം മാത്രമല്ല; മറിച്ച് ലൈംഗികത എന്ന ഒറ്റപ്പദം കൊണ്ടു വിവക്ഷിപ്പിക്കപ്പെടുന്ന അനേകതരം ശരീരപ്രക്രിയകളെയും സ്വഭാവഗുണങ്ങളെയും കുറിച്ചുള്ള സമഗ്രമായ അറിവുപകരലാണ്.

ലൈംഗികതയെപ്പറ്റി ഒരല്‍പം

ലൈംഗികതക്ക് മാനസികവും ശാരീരികവുമായ മാനങ്ങളുണ്ട്. താന്‍ ഏതു ലിംഗത്തില്‍പ്പെടുന്നു എന്ന ബോധം, സ്വശരീരത്തോടും വ്യക്തിബന്ധങ്ങളോടുമുള്ള കാഴ്ചപ്പാടുകള്‍, ഇരുലിംഗങ്ങളുടെയും സവിശേഷതകളെയും കര്‍ത്തവ്യങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവ മാനസികവും; പ്രത്യുല്‍പാദനാവയവങ്ങള്‍, കാമതൃഷ്ണ, സന്താനോല്‍പാദനം തുടങ്ങിയവ ശാരീരികവും ആയ മാനങ്ങളുടെ ഉദാഹരണങ്ങളാണ്.

ലൈംഗികത നമ്മുടെ ജീവിതങ്ങളുടെ അവിഭാജ്യവും അതിപ്രധാനവുമായ ഒരു ഘടകമാണ്. ലൈംഗികകാഴ്ചപ്പാടുകള്‍ ഒരാളുടെ വ്യക്തിത്വത്തിന്‍റെ ഭാഗമായിനിന്ന് അയാളുടെ ജീവിതവീക്ഷണത്തെ സ്വാധീനിക്കുന്നുണ്ട്. മനസ്സിന്‍റെയും ശരീരത്തിന്‍റെയും സൌഖ്യത്തിന് നല്ല ലൈംഗികാരോഗ്യം അനിവാര്യവുമാണ്. ഇത്രയേറെ പ്രസക്തിയുള്ള ലൈംഗികതയെക്കുറിച്ചുള്ള ശിക്ഷണം പക്ഷേ ഇപ്പോഴും മിക്കവരിലും അസ്വസ്ഥതയുളവാക്കുന്നതും പെട്ടെന്നു വിവാദങ്ങള്‍ക്കു വഴിവെക്കുന്നതുമായ ഒരു വിഷയമാണ്.

ലൈംഗികവിദ്യാഭ്യാസം എന്ത്, എന്തിന്

ലൈംഗികതയുടെ വിവിധ ഘടകഭാഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിജ്ഞാനം കുട്ടിയുടെ പ്രായത്തിനും മാനസികവളര്‍ച്ചക്കും അനുസൃതമായ രീതിയില്‍ പടിപടിയായി പകര്‍ന്നുകൊടുക്കുന്നതിനെയാണ് ലൈംഗികവിദ്യാഭ്യാസം എന്നുവിളിക്കുന്നത്. തന്‍റെ ശരീരത്തെയും മനസ്സിനെയും ശരിയായി ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുണ്ടാക്കുക, മറ്റുള്ളവരോടും തന്നോടുതന്നെയുമുള്ള ഉത്തരവാദിത്തബോധം ഉളവാക്കിയെടുക്കുക, ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട കാഴ്ചപ്പാടുകളും ഉപയോഗിക്കേണ്ട കഴിവുകളും സ്വരുക്കൂട്ടാന്‍ സഹായിക്കുക, ആരോഗ്യകരമായ ഒരു ലൈംഗികവീക്ഷണം രൂപപ്പെടുത്തുക, നല്ല ലൈംഗികതീരുമാനങ്ങളെടുക്കാന്‍ സജ്ജരാക്കുക തുടങ്ങിയവ ലൈംഗികവിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളില്‍പ്പെടുന്നു. വളരുന്നതിനനുസരിച്ച് ശരീരത്തില്‍ വരുന്ന പരിണാമങ്ങള്‍ എന്തൊക്കെ, മറ്റുള്ളവരുമായി ലൈംഗികകാര്യങ്ങള്‍ സംസാരിക്കേണ്ടതെങ്ങനെ, ശാരീരികബന്ധത്തിനുള്ള ക്ഷണങ്ങളെ നിരസിക്കുന്നതെങ്ങനെ, എയിഡ്സ് പോലുള്ള ലൈംഗികരോഗങ്ങള്‍ പകരുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നുണ്ട്.

ലൈംഗികവിദ്യാഭ്യാസം കിട്ടിയവര്‍ താരതമ്യേന വൈകിയേ കന്യകാത്വം നഷ്ടപ്പെടുത്തുന്നുള്ളൂവെന്നും ഇക്കൂട്ടര്‍ക്ക് ലൈംഗികരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കുറയുന്നുണ്ട് എന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള പരിശീലനങ്ങള്‍ കിട്ടിയവര്‍ താരതമ്യേന വൈകിയേ കന്യകാത്വം നഷ്ടപ്പെടുത്തുന്നുള്ളൂവെന്നും ഇക്കൂട്ടര്‍ക്ക് ലൈംഗികരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കുറയുന്നുണ്ട് എന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളില്‍ ആത്മാഭിമാനം, ലൈംഗികപീഡനശ്രമങ്ങളെ തിരിച്ചറിയാനും ചെറുക്കാനുമുള്ള കഴിവ് എന്നിവ വളര്‍ത്താന്‍ ലൈംഗിക വിദ്യാഭ്യാസത്തിനാവുന്നുണ്ട്. ഇരുലിംഗങ്ങളുടെയും ശരീരങ്ങളുടെയും മനസ്സുകളുടെയും സവിശേഷതകള്‍ നന്നായുള്‍ക്കൊണ്ടു വളര്‍ന്നുവരുന്നവര്‍ക്ക് ഭാവിയില്‍ വ്യക്തിബന്ധങ്ങള്‍ സുഗമവും കൂടുതല്‍ സന്തോഷദായകവുമാകുന്നുമുണ്ട്.

മറുവശത്ത്, ഇത്തരം വിദ്യാഭ്യാസത്തിന്‍റെ അഭാവം ലൈംഗികതയുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയും ഇളംമനസ്സുകളില്‍ അലോസരം സൃഷ്ടിക്കുന്ന ഒരു സാഹചര്യത്തിനിടയാക്കാം. പ്രായാനുസൃതമായ, തികച്ചും നോര്‍മലായ, ലൈംഗികചിന്തകള്‍ക്കു പോലും ചില കുട്ടികളില്‍ കുറ്റബോധമോ ഭയമോ ജനിപ്പിക്കാനാവുന്നത് ഇതിനുദാഹരണമാണ്. ഇപ്പറഞ്ഞ സ്ഥിതിവിശേഷം ഭാവിയില്‍ പല ലൈംഗിക, ദാമ്പത്യപ്രശ്നങ്ങള്‍ക്കും നിമിത്തമാവുകയും ചെയ്യാം.

ആരുടെ ഉത്തരവാദിത്തം?

ചുരുക്കം ചില സ്കൂളുകളില്‍ ഇപ്പോള്‍ അദ്ധ്യാപകരോ അവര്‍ ക്ഷണിച്ചുവരുത്തുന്ന വിദഗ്ദ്ധരോ ലൈംഗികവിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കും ഒരു വലിയപങ്കു വഹിക്കാനുണ്ടെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സംഭവിക്കുന്ന ശാരീരികപരിണാമങ്ങള്‍ക്കും മാനസികപരിവര്‍ത്തനങ്ങള്‍ക്കും അനുസൃതമായ അറിവുകള്‍ കുട്ടികള്‍ക്ക് അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഈയൊരു തുടര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റാരേക്കാളും കഴിയുക മാതാപിതാക്കള്‍ക്കു തന്നെയാണ്. കുട്ടികളില്‍ നടത്തിയ പല പഠനങ്ങളിലും വെളിപ്പെട്ടത് ഇത്തരം വിവരങ്ങള്‍ തങ്ങളുടെ മാതാപിതാക്കളില്‍നിന്നു ലഭിക്കുന്നതാണ് അവര്‍ക്കേറ്റവും സന്തോഷം എന്നാണ്.

ലൈംഗികതയെപ്പറ്റി മാതാപിതാക്കളോടു തുറന്നുസംസാരിച്ചു ശീലമുള്ളവര്‍ ഭാവിയില്‍ നല്ല ലൈംഗികാരോഗ്യവും, ലൈംഗികഅച്ചടക്കവും, ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംയമനത്തോടെ നേരിടാനുള്ള കഴിവും ഉള്ളവരായി വളര്‍ന്നുവരുന്നുണ്ട്. ലൈംഗികവിഷയങ്ങള്‍ പോലും ചര്‍ച്ചചെയ്യാവുന്നത്ര സുതാര്യമായ ഒരു ബന്ധം കുട്ടികളുമായി ഉണ്ടാക്കിയെടുക്കുന്നത് വളര്‍ന്നുകഴിഞ്ഞും അവരുമായി ഏതുകാര്യവും വളച്ചുകെട്ടില്ലാതെ സംസാരിക്കാനാവുന്ന സാഹചര്യമൊരുക്കും എന്ന ഗുണവുമുണ്ട്. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ധാര്‍മികമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് അര്‍ത്ഥവത്തായി സംക്രമിപ്പിക്കാന്‍ നല്ല ലൈംഗികവിദ്യാഭ്യാസം കൊണ്ടു സാധിക്കും.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പക്ഷേ മിക്ക മാതാപിതാക്കളും “അയ്യേ, ഇതൊക്കെ ഞങ്ങള്‍ പറഞ്ഞുകൊടുക്കാനോ?!”, “പിന്നേ, വേറെ പണിയില്ല!” തുടങ്ങിയ നിലപാടുകളാണു സ്വീകരിക്കാറുള്ളത്.

താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍…

മാതാപിതാക്കള്‍ ലൈംഗികവിദ്യാഭ്യാസം എന്ന കടമയില്‍ നിന്നൊഴിഞ്ഞുമാറുന്നത് പല പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കാം. കുട്ടികളുടെ ലൈംഗികസംശയങ്ങള്‍ക്കു മറുപടിയായി നിര്‍ദ്ദോഷങ്ങളെന്നു നാം കരുതുന്ന നുണകള്‍ വിളമ്പുന്നത് പിന്നീടെപ്പോഴെങ്കിലും വാസ്തവം ബോദ്ധ്യപ്പെടുമ്പോള്‍ “പിന്നെ അമ്മയുമച്ഛനുമെന്തിനാ അന്നെന്നോടു കള്ളം പറഞ്ഞത്?!” എന്ന ഉത്ക്കണ്ഠക്കും, നിങ്ങളിലുള്ള അവിശ്വാസത്തിനും, തുടര്‍ഭാവിയില്‍ നിങ്ങളോടു സംശയനിവാരണം നടത്താനുള്ള വൈമനസ്യത്തിനും ഇടവരുത്താം. നിങ്ങളില്‍ നിന്നു തൃപ്തികരമായ ഉത്തരങ്ങള്‍ കിട്ടാതിരിക്കുമ്പോള്‍ കുട്ടികള്‍ സാദ്ധ്യമായ വിശദീകരണങ്ങള്‍ സ്വയം ചമച്ചെടുക്കുകയോ അവര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന മറ്റു സ്രോതസ്സുകളിലേക്കു നീങ്ങുകയോ ചെയ്യാം. തറക്കൂട്ടുകാരും പോണ്‍സൈറ്റുകളും തൊട്ട് കക്കൂസ്ച്ചുമരുകള്‍ വരെ അവര്‍ക്ക് ഗുരുക്കന്മാരായി ഭവിക്കാന്‍ ഇതിടയാക്കാം. അവര്‍ ഇങ്ങനെ സ്വായത്തമാക്കുന്ന വിവരങ്ങള്‍ അബദ്ധജടിലമോ ഉത്ക്കണ്ഠജനകമോ ഭീതിദമോ ആകാം. വ്യക്തിത്വം രൂപപ്പെട്ടുവരുന്ന പ്രായത്തില്‍ സ്ത്രീപുരുഷന്മാരുടെ സവിശേഷതകളും കര്‍ത്തവ്യങ്ങളും എന്തൊക്കെ എന്നതുപോലുള്ള സുപ്രധാനവിവരങ്ങള്‍ തുണ്ടുപുസ്തകങ്ങളിലും നീലച്ചിത്രങ്ങളിലുമൊക്കെനിന്ന് ആര്‍ജിച്ചെടുക്കേണ്ടിവരുന്ന സാഹചര്യത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഊഹിക്കാമല്ലോ. കുട്ടികളുടെ, പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ, കൗതുകത്തെ മുതലെടുത്ത്‌ അവരെ ‘ലൈംഗികവിദ്യാഭ്യാസം’ എന്ന മറവില്‍ ചൂഷണത്തിനു വിധേയരാക്കുന്ന സംഭവങ്ങള്‍ വിരളമല്ല.

പതിവുവൈമനസ്യങ്ങളും മറുപടികളും

ലൈംഗികവിദ്യാഭ്യാസത്തോടു വൈമുഖ്യം കാണിക്കുന്നവര്‍ ഉന്നയിക്കാറുള്ള ഒരു പ്രധാന ആശങ്കയാണ് “ഇതുംകേട്ട് കുട്ടികള്‍ ചാടി കളത്തിലിറങ്ങിയാലോ?!” എന്നത്. ഈ സന്ദേഹം അടിസ്ഥാനരഹിതമാണെന്ന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നടന്ന നിരവധി പഠനങ്ങളും ലോകാരോഗ്യസംഘടന നടത്തിയ അവയുടെ ഒരു അവലോകനവും സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. ലൈംഗികവിദ്യാഭ്യാസം ലഭിച്ചവര്‍ ശാരീരികബന്ധങ്ങളിലേര്‍പ്പെടാന്‍ തുടങ്ങാന്‍ വൈകുകയാണു ചെയ്യുന്നതെന്നും, അവിവാഹിതരായ പെണ്‍കുട്ടികളിലെ ഗര്‍ഭധാരണം ലൈംഗികവിദ്യാഭ്യാസം നടപ്പില്‍വരുത്തിയിട്ടില്ലാത്ത നഗരങ്ങളിലാണു കൂടുതല്‍ സാധാരണം എന്നും ഗവേഷണങ്ങള്‍ വ്യക്തമായിട്ടുണ്ട്. മറ്റു വിഷയങ്ങളിലെന്ന പോലെ ഇക്കാര്യത്തിലും അറിവ് നല്ല തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഒരായുധം തന്നെയാണ് — അജ്ഞതയാണ് പ്രശ്നങ്ങളിലേക്കു നയിക്കുന്നത്.

മാതാപിതാക്കള്‍ മിക്കവരും ഇത്തരം വിദ്യാഭ്യാസമൊന്നും കിട്ടാതെ വളര്‍ന്നുവന്നവരാണ്. അതുകൊണ്ടുതന്നെ “ഇപ്പോഴത്തെക്കുട്ടികള്‍ക്ക് ഇതൊക്കെപ്പറഞ്ഞുകൊടുക്കാന്‍ വേണ്ട പാണ്ഡിത്യമൊക്കെ ഈ എനിക്കുണ്ടോ?”, “എങ്ങാനും അവര്‍ക്ക് എന്നെക്കാളും വിവരമുണ്ടെന്നു തെളിഞ്ഞാലോ?!” എന്നൊക്കെയുള്ള ആശങ്കകളും സാധാരണമാണ്. അനുയോജ്യമായ പുസ്തകങ്ങളും മറ്റും വായിച്ചും, തന്‍റെ പങ്കാളിക്കോ കൂട്ടുകാര്‍ക്കോ മറ്റോ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു റിഹേഴ്സലെടുത്തുമൊക്കെ ഈ ആത്മവിശ്വാസക്കുറവിനെ അതിജയിക്കാവുന്നതാണ്.

“ഇതൊക്കെ നേരത്തേകൂട്ടി പറഞ്ഞുകൊടുക്കണോ, അവര്‍ വല്ല കുഴപ്പവും കാണിക്കാന്‍ തുടങ്ങുകയാണെങ്കില്‍ മാത്രം ഇടപെട്ടാല്‍പ്പോരേ?” എന്നാണ് ഇനിയും ചിലരുടെ മനസ്ഥിതി. കുട്ടി ഉചിതമല്ലാത്ത ഒരു ബന്ധം തുടങ്ങിവെച്ചു എന്നറിയുമ്പോള്‍ ആ വെപ്രാളത്തില്‍ ഉപദേശങ്ങളുമായി രംഗത്തിറങ്ങുന്നത് കലഹത്തില്‍ കലാശിക്കാനാണു സാദ്ധ്യത. ചെറുപ്രായത്തിലേ തുടങ്ങി, കുട്ടി വളരുന്നതിനനുസരിച്ച് അനുയോജ്യമായ വിവരങ്ങള്‍ ചര്‍ച്ചക്കെടുത്തുകൊണ്ടേയിരിക്കുന്ന ഒരു സാഹചര്യം തന്നെയാണു കൂടുതല്‍ അഭികാമ്യം.

ലൈംഗികവിദ്യാഭ്യാസം ചെറുപ്രായത്തിലേ തുടങ്ങുകയും കുട്ടി വളരുന്നതിനനുസരിച്ച് അനുയോജ്യമായ വിവരങ്ങള്‍ ചര്‍ച്ചക്കെടുത്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണു നല്ലത്.

“മക്കളെ നന്നായിട്ടു പേടിപ്പിച്ചു വളര്‍ത്തിയാല്‍ മാത്രം മതി” എന്നു ചിന്തിക്കുന്നവരും ഉണ്ട്. ഈ നിലപാട് നല്ല സ്വഭാവങ്ങളെയല്ല, മറിച്ച് ദുശ്ശീലങ്ങളെ മാതാപിതാക്കളില്‍നിന്നു മറച്ചുപിടിക്കാനുള്ള പ്രവണതയെയാണു പ്രോത്സാഹിപ്പിക്കുക. ഇങ്ങിനെ ഒളിച്ചുവെക്കുന്ന കാര്യങ്ങള്‍ കുട്ടികളില്‍ സൃഷ്ടിച്ചേക്കാവുന്ന കുറ്റബോധവും അന്തസംഘര്‍ഷങ്ങളും വേറെയും.

മറ്റു ചിലര്‍ “ഞാന്‍ തയ്യാറാണ്; പക്ഷേ കുട്ടി ഇത്തരം വിഷയങ്ങളൊന്നുംകൊണ്ട് എന്‍റെയടുത്തു വരാഞ്ഞിട്ടാണ്” എന്ന മനോഭാവക്കാരാണ്. ലൈംഗികസംശയങ്ങളുമായി തന്‍റെ അച്ഛനമ്മമാരെ സമീപിക്കുന്നത് ഉചിതമാകുമോ എന്ന ചിന്തയാകാം സത്യത്തില്‍ കുട്ടിയെ പിറകോട്ടുവലിക്കുന്നത്. കുട്ടികളുമൊത്ത് നേരമ്പോക്കുകളിലേര്‍പ്പെടുകയും അടുത്തിടപഴകുകയുമൊക്കെ ശീലമാക്കി ഇക്കാര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുകയാണു വേണ്ടത്.

നമ്മള്‍ മനസ്സുവെച്ച് ഒന്നും പറഞ്ഞുകൊടുത്തില്ലെങ്കില്‍ പോലും കുട്ടികള്‍ നമ്മെ നിരീക്ഷിക്കുകയും, നമ്മുടെ പെരുമാറ്റങ്ങളില്‍ നിന്നും സംഭാഷണങ്ങളില്‍നിന്നും മറ്റും ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ഒപ്പിയെടുക്കുകയും ചെയ്യുന്നുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.

 

ഇത്രയുമൊക്കെ വായിച്ചപ്പോഴേക്ക് ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറപ്പു മാറുകയും, അതു വലിയ കുഴപ്പക്കാരനല്ലെന്നു ബോദ്ധ്യപ്പെടുകയും, തങ്ങളുടെ കുട്ടികളില്‍ ഒന്നു ശ്രമിച്ചുനോക്കാമെന്നു ധൈര്യംവരികയും ചെയ്തോ? എങ്കില്‍ കാര്യം പ്രാവര്‍ത്തികമാക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ചുള്ള ചില വിദഗ്ദ്ധനിര്‍ദ്ദേശങ്ങളെ പരിചയപ്പെടാം.

ശ്രദ്ധയിരുത്താന്‍ കുറച്ചു കാര്യങ്ങള്‍

എന്നെങ്കിലുമുള്ള സുദീര്‍ഘസംഭാഷണങ്ങളെക്കാള്‍ നല്ലത് ഇടക്കിടെയുള്ള ചെറുചര്‍ച്ചകളാണ്. കുട്ടിക്ക് എന്തു വിവരമുണ്ട്, കാര്യങ്ങളെ എത്രത്തോളം ഉള്‍ക്കൊള്ളാനാവുന്നുണ്ട് എന്നൊക്കെ ചര്‍ച്ചയുടെ തുടക്കത്തിലേ അറിഞ്ഞെടുക്കുക. കുട്ടിക്ക് ആവശ്യമുള്ളതിലോ മനസ്സിലാക്കാനാവുന്നതിലോ കൂടുതല്‍ വിവരങ്ങള്‍ പറയാതിരിക്കുക. അതിഗൌരവം കൈക്കൊള്ളാതെ, ചിരികളികളുള്ളതും ദോഷദര്‍ശിയല്ലാത്തതുമായ ഒരു പശ്ചാത്തലം സൃഷ്ടിച്ചെടുക്കുക. എളുപ്പം ഗ്രഹിക്കാവുന്ന, നിങ്ങള്‍ക്കും കുട്ടിക്കും ഒരുപോലെ സൌകര്യപ്രദമായ, ഒരു ഭാഷ ഉപയോഗിക്കുക. ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

വീണുകിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുക. ഉദാഹരണത്തിന്, സിനിമകളിലെ അനുയോജ്യ രംഗങ്ങളെയും പരിചിതവലയത്തിനുള്ളിലെ സംഭവവികാസങ്ങളെയും ചര്‍ച്ചക്കു നിമിത്തങ്ങളാക്കാം. “ഇങ്ങിനൊരു സാഹചര്യത്തില്‍ ചെന്നുപെട്ടത് നീയായിരുന്നെങ്കില്‍ എന്തുചെയ്തേനെ?” എന്നാരായാം. കുടുംബത്തിലാരെങ്കിലും അടുത്തകാലത്തു ഗര്‍ഭിണികളായിട്ടുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശു എന്ന വിഷയം സംഭാഷണത്തിനെടുക്കാം.

കഴിവതും മുഖത്തോടുമുഖംനോക്കി സംസാരിക്കുക. ഒന്നും വിലക്കപ്പെട്ട വിഷയങ്ങളല്ല എന്ന ധാരണയുളവാകാന്‍ ഇതു സഹായിക്കും. അതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് കാര്‍ കഴുകുക, പച്ചക്കറിയരിയുക തുടങ്ങിയ ജോലികള്‍ക്കിടയിലൂടെ ഇത്തരം സല്ലാപങ്ങള്‍ സാധിച്ചെടുക്കാം. നേരിട്ടു മിണ്ടാന്‍ വല്ലാത്ത വൈക്ലബ്യമുള്ളവര്‍ക്ക് ഫോണ്‍വഴി സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താം.

എതിര്‍ലിംഗത്തെക്കുറിച്ചും മറ്റും നിങ്ങള്‍ക്കുള്ള മുന്‍വിധികള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനും, പ്രായാനുസൃതമായ ലൈംഗികപെരുമാറ്റങ്ങളെ പര്‍വതീകരിച്ചുകണ്ടു വിമര്‍ശനങ്ങളുയര്‍ത്തി അനാവശ്യകുറ്റബോധം ജനിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും കണക്കിലെടുക്കുക. ഉദാഹരണത്തിന്, മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ലൈംഗികത ചര്‍ച്ചക്കെടുക്കുന്നത് അവര്‍ക്ക് അലോസരമുണ്ടാക്കുന്നെങ്കില്‍ വേറെയാരുമില്ലാത്ത അവസരങ്ങള്‍ മാത്രം ഇതിനായി തെരഞ്ഞെടുക്കുക.

എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്കോ കുട്ടിക്കോ ലൈംഗികവിഷയങ്ങള്‍ ജാള്യതയില്ലാതെ കൈകാര്യംചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ആ ഉത്തരവാദിത്തം ഏതെങ്കിലും ബന്ധുവിനോ കുടുംബസുഹൃത്തിനോ കുട്ടിയെ സ്ഥിരംകാണുന്ന ഡോക്ടര്‍ക്കോ കൈമാറുക.

സംശയനിവാരണം കാര്യക്ഷമമാക്കാം

ചോദ്യങ്ങളെ തടസ്സപ്പെടുത്താതിരിക്കുക. സംശയങ്ങള്‍ മുഴുവനായി ശ്രദ്ധിച്ചുകേട്ട് അവയുടെ നേരര്‍ത്ഥങ്ങളും ഉള്ളര്‍ത്ഥങ്ങളും നന്നായി മനസ്സിലാക്കുക. വേണ്ടതിലധികം മറുചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കുക. ചില കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ നേരേചൊവ്വേ ചോദിക്കാന്‍ മടിയുണ്ടാവാം. ഇക്കൂട്ടര്‍ തങ്ങളുടെ സംശയങ്ങളെ കൂട്ടുകാരെക്കുറിച്ചുള്ള വാര്‍ത്തകളായോ പരദൂഷണങ്ങളായോ മറ്റോ അവതരിപ്പിച്ചേക്കാം. അതുകൊണ്ട് അത്തരം വര്‍ത്തമാനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സംശയങ്ങളെയും തിരിച്ചറിയാന്‍ ശ്രദ്ധിക്കുക.

കുട്ടിയുടെ ബൌദ്ധികവളര്‍ച്ച മനസ്സില്‍വെച്ചുകൊണ്ട് ലളിതമായ ഉത്തരങ്ങള്‍ മതിയോ, എത്രത്തോളം വിശദീകരിക്കേണ്ടതുണ്ട് എന്നൊക്കെ നിശ്ചയിക്കുക. ഉത്തരം പങ്കുവെക്കുന്നതിനു മുമ്പ് പ്രസ്തുതവിഷയത്തെപ്പറ്റി കുട്ടിക്ക് എത്രത്തോളം മുന്‍ധാരണയുണ്ടെന്നു ചോദിച്ചറിയുക. എന്നിട്ട് മറ്റേതൊരു വിഷയവും ചര്‍ച്ചചെയ്യാന്‍ നിങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന അതേ ഭാവഹാദികളോടെ ഉത്തരങ്ങള്‍ അവതരിപ്പിക്കുക. പ്രധാനപോയിന്‍റുകള്‍ ആവശ്യാനുസരണം ആവര്‍ത്തിക്കുക. നീളന്‍ പ്രസംഗങ്ങള്‍ കുട്ടികളെ മുഷിപ്പിക്കും എന്നോര്‍ക്കുക. നിങ്ങളുടെ വിശദീകരണം കേട്ടുകഴിഞ്ഞ് കൂടുതലായെന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ അവര്‍തന്നെ അക്കാര്യം എടുത്തിട്ടോളും.

ഉത്തരം നിങ്ങള്‍ക്കറിയില്ലെങ്കില്‍ അതു തുറന്നുപറയുക. അവരുടെ വായടക്കാനായി എന്തെങ്കിലും മറുപടികള്‍ സ്വന്തമായി മെനഞ്ഞുണ്ടാക്കാതിരിക്കുക. നല്ല പുസ്തകങ്ങളില്‍ നിന്നോ മറ്റോ ശരിയുത്തരം കണ്ടുപിടിക്കാന്‍ കുട്ടിക്കു കൂട്ടുകൊടുക്കുക. ഏതെങ്കിലും ചോദ്യങ്ങള്‍ ജാള്യതയുളവാക്കുന്നുവെങ്കില്‍ ഒന്നാലോചിച്ചിട്ടു മറുപടി തരാമെന്നു പറഞ്ഞൊഴിയുക. എന്നിട്ട് കൂടുതല്‍ തയ്യാറെടുപ്പോടെ പിന്നീടെപ്പോഴെങ്കിലും അവക്കും ഉത്തരം നല്‍കുക. ഒരു മറുപടിയും പറയാതെ മൌനം ദീക്ഷിക്കുന്നതും, ചമ്മലോ നിരാശയോ ഉളവാക്കുന്ന ചോദ്യങ്ങളെ കുറ്റപ്പെടുത്തലുകളോ പരിഹാസങ്ങളോ കൊണ്ടു നേരിടുന്നതും, “ഞാനീ പറയുന്നതു നീ അനുസരിച്ചില്ലെങ്കില്‍ പിന്നെ നിനക്കിങ്ങനെയൊരു അമ്മയില്ല!” എന്നമട്ടിലുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നതുമൊക്കെ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യതകളെ നശിപ്പിക്കും എന്നോര്‍ക്കുക. വസ്തുതകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഉപദേശങ്ങളിലൂടെ മറുപടി കൊടുക്കാതിരിക്കുക. അഥവാ അങ്ങിനെ ചെയ്യുന്നുവെങ്കില്‍ അതെന്തുകൊണ്ട് എന്നു വിശദമാക്കുക.

കുട്ടി ഇത്തരം സംശയങ്ങളുമായി വരുന്നത് ഇനി വല്ല ചുറ്റിക്കളിയും ഉള്ളതുകൊണ്ടാണോ എന്നു സംശയിക്കാതിരിക്കുക — എത്രയോ മാധ്യമങ്ങള്‍ ലൈംഗികതയെവെച്ചു വയറ്റുപ്പിഴപ്പുനടത്തുന്ന ഒരു കാലത്ത് ഇളംമനസ്സുകളില്‍ സംശയങ്ങള്‍ ഉടലെടുക്കുന്നതു സ്വാനുഭവങ്ങള്‍ കൊണ്ടാകണമെന്നില്ല.

 

അവസാനമായി, ലൈംഗികവിദ്യാഭ്യാസം അതീവപ്രധാനവും എന്നാല്‍ കൂടുതല്‍ ക്ലേശകരവുമായ രണ്ടു പ്രായങ്ങളില്‍ — പ്രീസ്കൂള്‍കാലത്തും കൌമാരത്തിലും — മനസ്സിരുത്തേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

പിഞ്ചുകുട്ടികള്‍ക്കുള്ള സിലബസ്

ഒരൊന്നര വയസ്സാവുമ്പോഴേക്ക് കുട്ടികളില്‍ സ്വശരീരത്തെക്കുറിച്ച് ഔത്സുക്യം രൂപപ്പെടാറുണ്ട്. യാതൊരു മടിയും കൂടാതെ അവര്‍ നിഷ്ക്കളങ്കമായ ചോദ്യങ്ങളെയ്യാന്‍ തുടങ്ങുന്ന ഈ പ്രായത്തില്‍ത്തന്നെ ലൈംഗികവിദ്യാഭ്യാസത്തിനും ഹരിശ്രീ കുറിക്കുന്നതാണു നല്ലത്. കുട്ടിയുടെ സംശയങ്ങള്‍ കേട്ട് ചിരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..

ചങ്ങാത്തങ്ങളെപ്പറ്റി നിങ്ങളോടു മറകളില്ലാതെ സംസാരിക്കാനുള്ള സ്വാതന്ത്ര്യവും പരിശീലനവും അവര്‍ക്കു നല്‍കുക. മുതിര്‍ന്നുകഴിഞ്ഞും ബന്ധങ്ങളെയും വികാരങ്ങളെയുമൊക്കെക്കുറിച്ച് ഒരസ്വസ്ഥതയും കൂടാതെ നിങ്ങള്‍ക്കുമവര്‍ക്കും തുറന്ന ചര്‍ച്ചകള്‍ നടത്താവുന്ന ഒരു പശ്ചാത്തലമൊരുങ്ങാന്‍ അതു സഹായിക്കും.

ലൈംഗികാവയവങ്ങളെയും ശരിയായ പേരുകളില്‍ത്തന്നെ പരിചയപ്പെടുത്തുക. അവയെന്തോ മോശപ്പെട്ടതാണെന്ന ധാരണ വളരാതിരിക്കാനും, വല്ല പീഡനശ്രമങ്ങളും നടന്നാല്‍ മറ്റുള്ളവര്‍ക്കു മനസ്സിലാവുന്ന രീതിയില്‍ അതു വിശദീകരിക്കാന്‍ അവര്‍ക്കാകാനുമൊക്കെ ഇതു സഹായിക്കും. ഈ അദ്ധ്യയനം കുളിപ്പിക്കുന്ന സമയത്ത് എളുപ്പത്തില്‍ സാധിക്കാവുന്നതുമാണ്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളോടുള്ള കുട്ടിയുടെ പ്രതികരണം നിരീക്ഷിക്കാനും ഓര്‍ക്കേണ്ടതാണ്.

നാലഞ്ചുവയസ്സോടെ കുട്ടികള്‍ ലൈംഗികകാര്യങ്ങളില്‍ താല്‍പര്യംകാണിച്ചു തുടങ്ങിയേക്കാം. “ഞാന്‍ എവിടുന്നുവന്നു?” എന്നതുപോലുള്ള സംശയങ്ങളും അവര്‍ ഉയര്‍ത്തിയേക്കാം. ഇതിനൊക്കെ ഇപ്രായത്തില്‍ അവ്യക്തമായ ഉത്തരങ്ങള്‍ തികച്ചും മതിയാകും. തങ്ങളുടെയോ മറ്റുള്ളവരുടെയോ ലൈംഗികാവയവങ്ങളില്‍ ഇക്കൂട്ടര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തേക്കാം. അതൊന്നും ലൈംഗികോദ്ദേശത്തോടെയല്ലെന്നും ബാല്യസഹജമായ ജിജ്ഞാസയാല്‍ മാത്രം ചെയ്യുന്നതാണെന്നും തിരിച്ചറിയുന്നത് മാതാപിതാക്കള്‍ക്ക് അനാവശ്യ ആശങ്കകള്‍ ഒഴിവാകാന്‍ സഹായിക്കും. അതേസമയം കൃത്യമായ അതിര്‍വരമ്പുകള്‍ അവര്‍ക്കു ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ടതും അത്യാവശ്യമാണ്‌.

ചൂഷണങ്ങള്‍ തടയാനായി കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍

  • ഇന്നയിന്ന ശരീരഭാഗങ്ങളൊക്കെ സ്വകാര്യഭാഗങ്ങളാണ്
  • അവിടെയൊന്നും തൊടാന്‍ ആരെയും അനുവദിക്കരുത്
  • ആരെങ്കിലും അങ്ങിനെ ചെയ്യുകയാണെങ്കില്‍ അവരോട് ഉടനെയതു നിര്‍ത്താനാവശ്യപ്പെടണം
  • ആ വിവരം മാതാപിതാക്കളെ നിശ്ചയമായും അറിയിച്ചിരിക്കണം
  • ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരനുഭവവും മാതാപിതാക്കളില്‍ നിന്നു മറച്ചുവെക്കരുത്
  • “മുതിര്‍ന്നവരെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം” എന്നതിന്‍റെ അര്‍ത്ഥം അവര്‍ ആവശ്യപ്പെടുന്നതെന്തിനും വഴങ്ങിക്കൊടുത്തിരിക്കണം എന്നല്ല
  • കാഴ്ചക്കു നല്ലവര്‍ എന്നു തോന്നിക്കുന്ന എല്ലാവരും അങ്ങിനെയാവണം എന്നില്ല

കൌമാരസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാം

കുട്ടികളുമായി ഇതിനോടകം ഒരു നല്ല ബന്ധം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ആര്‍ത്തവത്തുടക്കം, പ്രായപൂര്‍ത്തിയെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചാവിഷയങ്ങളായേക്കാം. ആണ്‍കുട്ടികള്‍ക്ക് ജനനേന്ദ്രിയത്തിന്‍റെയോ പെണ്‍കുട്ടികള്‍ക്ക് സ്തനങ്ങളുടെയോ വലിപ്പത്തെപ്പറ്റിയുള്ള ആശങ്കകള്‍ ദൂരീകരിച്ചുകൊടുക്കേണ്ടതായി വരാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുലിംഗങ്ങളുടെയും ശരീരങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണു സംഭവിക്കുകയെന്ന് വിശദീകരിച്ചു കൊടുക്കുക. ഈ മാറ്റങ്ങള്‍ എപ്പോള്‍ പ്രകടമാകുന്നുവെന്ന കാര്യത്തില്‍ വ്യക്തികള്‍ തമ്മില്‍ വലിയ അന്തരമുണ്ടാകാമെന്ന് അടിവരയിട്ടുപറയുക. കഴിയുമെങ്കില്‍ ആ പ്രായത്തില്‍ നിങ്ങള്‍ക്കുതന്നെയുണ്ടായിരുന്ന ആശങ്കകള്‍ അവരോടു പങ്കുവെക്കുക. അത്യാവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടുക.

സംഭോഗം, പ്രത്യുല്‍പാദനം തുടങ്ങിയവയെക്കുറിച്ചും അവര്‍ ആരാഞ്ഞേക്കാം. വിവാഹപൂര്‍വബന്ധങ്ങള്‍ രതിസുഖത്തിനു മാത്രമല്ല; ഗര്‍ഭധാരണം, ലൈംഗികരോഗങ്ങള്‍, ഏറെനാള്‍ നീളുന്ന കുറ്റബോധം, ലൈംഗികപ്രശ്നങ്ങള്‍ തുടങ്ങിയവക്കും വഴിവെക്കാറുണ്ടെന്നു വ്യക്തമാക്കുക. പുതുതായി എയിഡ്സ് നിര്‍ണയിക്കപ്പെടുന്നവരില്‍ നല്ലൊരുപങ്ക് കൌമാരക്കാരാണെന്നും, കോണ്ടങ്ങള്‍ക്ക് എല്ലാ ലൈംഗികരോഗങ്ങളെയും പ്രതിരോധിക്കാനാവില്ലെന്നും സൂചിപ്പിക്കുക.

സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് അവമൂലം തൊട്ടുടനെയും ദീര്‍ഘകാലാടിസ്ഥാനത്തിലും ഉളവായേക്കാവുന്ന നല്ലതും ചീത്തയുമായ പ്രത്യാഘാതങ്ങളെപ്പറ്റി പര്യാലോചന ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുക. വസ്തുതകള്‍ക്കു പുറമേ മൂല്യങ്ങള്‍, നൈതികത, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയവയും കണക്കിലെടുക്കാന്‍ ഓര്‍മിപ്പിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കാതെ സ്വന്തമായ നിഗമനങ്ങളിലെത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്കു നല്‍കുക. പറഞ്ഞുകൊടുക്കുന്ന തത്വങ്ങള്‍ നിങ്ങളുടെതന്നെ നിത്യജീവിതത്തില്‍ പാലിക്കപ്പെടുന്നുണ്ട് എന്ന്‍ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.

(2014 മാര്‍ച്ച് ലക്കം അവര്‍ കിഡ്സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്) 

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

വേനലവധിയെ ആരോഗ്യദായകമാക്കാം
പ്രണയികളുടെ മനശ്ശാസ്ത്രം