മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

തൊഴിലോ ദാമ്പത്യമോ യൌവനത്തില്‍ ടെന്‍ഷന്‍ നിറക്കുമ്പോള്‍

തൊഴിലോ ദാമ്പത്യമോ യൌവനത്തില്‍ ടെന്‍ഷന്‍ നിറക്കുമ്പോള്‍

ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പുതുതായി ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഭാഗമാകുന്ന അയാളുടെ ജോലിയും ജീവിതപങ്കാളിയും തന്നെയാണ് ആ പ്രായത്തില്‍ അയാളില്‍ മനസംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്ന മുഖ്യ പ്രശ്നങ്ങളും. ജോലിയും വിവാഹവും സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയവസ്തുതകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

തൊഴിലും മാനസികസമ്മര്‍ദ്ദവും

തന്‍റെ ജോലിയുടെ ആവശ്യകതകളോ തൊഴില്‍സാഹചര്യങ്ങളോ ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളുമായോ പ്രതീക്ഷകളുമായോ ആദര്‍ശങ്ങളുമായോ പൊരുത്തപ്പെടാതിരിക്കുമ്പോഴോ, ആ ജോലി ക്ലേശരഹിതമായി ചെയ്തുതീര്‍ക്കാനാവശ്യമായത്ര വൈദഗ്ദ്ധ്യമോ ശാരീരികക്ഷമതയോ അയാള്‍ക്കില്ലാതിരിക്കുമ്പോഴോ ആണ് ആ തൊഴില്‍ അയാളില്‍ മാനസികസംഘര്‍ഷമുളവാക്കാന്‍ തുടങ്ങുന്നത്. തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ ലോകരാജ്യങ്ങളുടെ വാര്‍ഷികോത്പാദനം പത്തു ശതമാനത്തോളം കുറയാന്‍ ഇടയാക്കുന്നുണ്ടെന്ന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമയപരിമിതികള്‍, നിയന്ത്രണാതീതമായ ഘടകങ്ങളുടെ ആധിക്യം, പൊതുവേയുള്ള അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ "ന്യൂ ജനറേഷന്‍" തൊഴില്‍സ്ഥലങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മാനസികസമ്മര്‍ദ്ദം എന്ന വിഷയം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെയും തൊഴില്‍ദാതാക്കളുടെയും പൊതുസമൂഹത്തിന്‍റെയും സര്‍ക്കാരുകളുടെയുമൊക്കെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

തൊഴില്‍ മനക്ലേശങ്ങള്‍ക്കിടയാക്കുന്നതെപ്പോള്‍?

തൊഴില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍ എല്ലാവരെയും ഒരേ തരത്തിലല്ല ബാധിക്കുന്നത്. ഒരാളുടെ വ്യക്തിത്വം, ആരോഗ്യസ്ഥിതി, ജീവിതരീതി‍, വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി, ആത്മവിശ്വാസം, ജോലി ചെയ്യുന്ന ശൈലി, മുന്നനുഭവങ്ങള്‍ തുടങ്ങിയവ തന്‍റെ ജോലിയുടെ സമ്മര്‍ദ്ദം അയാളെ എത്രത്തോളം ബാധിക്കും എന്നതിനെ സ്വാധീനിക്കുന്നുണ്ട്. പ്രശ്നങ്ങളെ മറികടക്കാനും വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും തന്‍റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെ അതിജയിക്കാനുമുള്ള കഴിവുകളും പ്രസക്തമാണ്.

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത, എല്ലാ തീരുമാനങ്ങളും തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും നിസ്സഹകരണവുമാണ് ഒരാള്‍ക്ക് തന്‍റെ ജോലിയെ ക്ലേശകരമാക്കിത്തീര്‍ക്കുന്ന മുഖ്യ ഘടകങ്ങളെന്ന് ചില ഗവേഷകര്‍ സമര്‍ത്ഥി‍ക്കുന്നു. അദ്ധ്വാനത്തിനനുസൃതമായ പ്രതിഫലം കിട്ടാതെ വരുന്നതാണ് കൂടുതല്‍ വലിയ പ്രശ്നം എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. അമിതമായ ജോലിഭാരവും, ക്ലിപ്തസമയത്തിനു ശേഷവും ജോലി തുടരേണ്ടി വരുന്നതും, ഇതു രണ്ടും വ്യക്തിജീവിതത്തെ ബാധിക്കാന്‍ തുടങ്ങുന്നതും, ജോലിയില്‍ വൈവിധ്യങ്ങളില്ലാതെ പോകുന്നതും, പണിക്കിടയില്‍ ഇടവേളകള്‍ ലഭിക്കാതെ വരുന്നതുമൊക്കെ മാനസികസമ്മര്‍ദ്ദത്തിനു കാരണമാകാറുണ്ട്. ഇതിനൊക്കെപ്പുറമെ കുടുംബപ്രശ്നങ്ങളും മറ്റു ജീവിതവൈഷമ്യങ്ങളും സൃഷ്ടിക്കുന്ന മനക്ലേശങ്ങള്‍ തൊഴിലിടങ്ങളിലേക്കും വ്യാപിക്കാറുമുണ്ട്.

മാനസികസമ്മര്‍ദ്ദത്തെ മെരുക്കിയില്ലെങ്കില്‍

ഒരിത്തിരി സമ്മര്‍ദ്ദം നിരാശയും ബോറടിയും ഒഴിഞ്ഞുപോകാനും, സര്‍ഗാത്മകതയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഉത്തേജിപ്പിക്കപ്പെടാനുമൊക്കെ സഹായകരമാകാറുണ്ട്. എന്നാല്‍ അമിതമായ മനക്ലേശം ഒരാളുടെ ആത്മവിശ്വാസവും വ്യക്തിത്വവികസനവും താറുമാറാകുന്നതിനും, രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതിനും, അയാള്‍ക്ക് വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങൾ തുടങ്ങിയ മാനസികപ്രശ്നങ്ങളോ ഹൃദ്രോഗങ്ങള്‍ പോലുള്ള ശാരീരികവൈഷമ്യങ്ങളോ പിടിപെടുന്നതിനുമൊക്കെ കാരണമാകാറുണ്ട്. മാനസികസമ്മര്‍ദ്ദം ബാധിച്ചവരില്‍ സാധാരണമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങള്‍ വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

ദീര്‍ഘകാലം നീളുന്ന ടെന്‍ഷന്‍ പലപ്പോഴും ബേണ്‍ഔട്ട്‌ എന്ന അവസ്ഥയ്ക്കു വഴിവെക്കാറുണ്ട്. അമിതമായ ക്ഷീണം, എല്ലാറ്റിനോടുമുള്ള വെറുപ്പും വിരക്തിയും തുടങ്ങിയവ ബേണ്‍ഔട്ടിന്‍റെ മുഖമുദ്രകളാണ്. തൊഴിലിനോടുള്ള അതിരു കവിഞ്ഞ അര്‍പ്പണ മനോഭാവം, ഏറ്റെടുത്ത ജോലി ഏറ്റവും വൃത്തിയായിത്തന്നെ ചെയ്യണമെന്ന അമിതമായ നിര്‍ബന്ധം തുടങ്ങിയവ ഒരാള്‍ക്ക് കാലക്രമത്തില്‍ ബേണ്‍ഔട്ട്‌ പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ജോലി സമ്മര്‍ദ്ദജനകമാകുന്നുണ്ടോ എന്നു പരിശോധിക്കാം

(മൂന്നു തലക്കെട്ടുകള്‍ക്കും കീഴിലുള്ള ഓരോ ചോദ്യങ്ങള്‍ക്കും “അതെ” എന്നോ “ഇല്ല” എന്നോ ഉത്തരം നല്‍കുക.)

 1. കാഠിന്യം
   എന്‍റെ ജോലി അതികഠിനമാണ്. ഞാന്‍ വളരെയധികം ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. എന്‍റെ ജോലി മുഴുവനും ചെയ്യാന്‍ വേണ്ടത്ര സമയം എനിക്കു കിട്ടാറില്ല.
 2. നിയന്ത്രണം
   ഞാന്‍ ചെയ്യുന്ന ജോലിയില്‍ അത്യാവശ്യം വൈവിധ്യങ്ങള്‍ ഉണ്ട്. എന്‍റെ ജോലി എനിക്ക് സര്‍ഗവൈഭവം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ തരുന്നുണ്ട്. എന്‍റെ ജോലി എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. ജോലിസ്ഥലത്തു നടക്കുന്ന  കാര്യങ്ങളെപ്പറ്റി എനിക്ക് മറ്റുള്ളവരോട് ഒരുപാടു കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടാവാറുണ്ട്. ഞാന്‍ എന്‍റെ ജോലി എങ്ങിനെ ചെയ്യുന്നു എന്നു  നിശ്ചയിക്കാനുള്ള തികഞ്ഞ സ്വാതന്ത്യ്രം എനിക്കുണ്ട്.
 3. പിന്തുണ
   എന്‍റെ സഹപ്രവര്‍ത്തകര്‍ സഹായമനസ്കത ഉള്ളവരാണ്. എന്‍റെ സഹപ്രവര്‍ത്തകര്‍ എന്‍റെ കാര്യങ്ങളില്‍ വ്യക്തിപരമായ താല്പര്യം കാണിക്കാറുണ്ട്. എന്‍റെ മേലുദ്യോഗസ്ഥന്‍ സഹായമനസ്ഥിതിയുള്ള ഒരു വ്യക്തിയാണ്. എന്‍റെ മേലുദ്യോഗസ്ഥന്‍ എന്‍റെ ഉന്നമനം കാംക്ഷിക്കുന്ന ആളാണ്‌.

“അതെ” എന്ന ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ഇടുക. എന്നിട്ട് കാഠിന്യം, നിയന്ത്രണം, പിന്തുണ എന്നീ ഭാഗങ്ങള്‍ക്ക് എത്ര മാര്‍ക്കു വീതം കിട്ടി എന്നു കൂട്ടിനോക്കുക. കിട്ടിയ മാര്‍ക്കുകളുടെ പൊരുളറിയാന്‍ താഴെക്കൊടുത്ത സൂചിക കാണുക.

എന്‍റെ ജോലിക്ക് കാഠിന്യം .................
(0-1: കുറവാണ്; 2-3: കൂടുതലാണ്)

എന്‍റെ ജോലിക്കു മേല്‍ എനിക്ക് നിയന്ത്രണം .................
(0-2: കുറവാണ്; 3-5: ഉണ്ട്)

ജോലിസ്ഥലത്ത് എനിക്കു കിട്ടുന്ന പിന്തുണ .................
(0-1: വളരെ കുറവാണ്; 2: വലിയ കുഴപ്പമില്ലാത്തതാണ്; 3-4: വളരെ നല്ലതാണ്‌)

കാഠിന്യം അധികമാണെന്നോ, നിയന്ത്രണമോ പിന്തുണയോ കുറവാണെന്നോ സൂചന കിട്ടിയവര്‍ക്ക് മാനസികസമ്മര്‍ദ്ദവും അനുബന്ധപ്രശ്നങ്ങളും പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.

തൊഴിലിടങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കാന്‍

ഒരാള്‍ സമ്മര്‍ദ്ദജനകമെന്നു വിശ്വസിക്കുന്ന അതേ സാഹചര്യത്തെ മറ്റൊരാള്‍ ഒരു വെല്ലുവിളിയായോ തന്‍റെ കഴിവു തെളിയിക്കാനുള്ള ഒരു നല്ല അവസരമായോ ഉള്‍ക്കൊണ്ടേക്കാം. ഒരു സാഹചര്യം എന്തുമാത്രം അപകടകരമാണ്, അതിനെ തരണം ചെയ്യാനുള്ള കഴിവുകള്‍ തനിക്ക് എത്രത്തോളമുണ്ട് എന്നീ വിഷയങ്ങളില്‍ ഒരാള്‍ നടത്തുന്ന വിലയിരുത്തലുകള്‍ ആ സാഹചര്യം അയാള്‍ക്കു ടെന്‍ഷനുണ്ടാക്കുമോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. വിഷമസന്ധികളെ നേരിടുന്നതില്‍ ഒരാള്‍ക്കുള്ള മുന്നനുഭവങ്ങളും അയാളുടെ പ്രതികരണത്തിന്‍റെ സ്വഭാവങ്ങളെ സ്വാധീനിക്കുന്നുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ വിഷമസന്ധികളെ വിലയിരുത്തുക, എങ്ങിനെ പ്രതികരിക്കണമെന്നു തീരുമാനിക്കുക, ഉചിതമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കുക, കുറഞ്ഞ തോതിലോ കൂടിയ അളവിലോ മാനസികസമ്മര്‍ദ്ദം അനുഭവിക്കുക എന്നിവയൊക്കെ ഒരു തുടര്‍പ്രക്രിയയുടെ ഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ പ്രശ്നസാഹചര്യങ്ങളെ വിലയിരുത്തുന്നതിലും അവയോടു പ്രതികരിക്കുന്നതിലും വരുന്ന പാളിച്ചകളെ തിരിച്ചറിഞ്ഞും പരിഹരിച്ചും അത്തരം സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി അതിജീവിക്കാനുള്ള കഴിവു നേടാവുന്നതാണ്.

വിഷമസന്ധികളില്‍ അക‍പ്പെ‍ടുമ്പോള്‍ നാം പോലുമറിയാതെ നമ്മുടെ മനസ്സില്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാത്ത ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കിയേക്കാം. "ഇതോടെ എല്ലാം തീര്‍ന്നു!", "എനിക്കു മാത്രമെന്തേ എപ്പോഴും ഇങ്ങനെ?" എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്തകള്‍ നമ്മുടെ ഉത്ക്കണ്ഠ വര്‍ദ്ധിക്കാനും അതുവഴി ആ സാഹചര്യത്തെ മറികടക്കാനുള്ള നമ്മുടെ കഴിവു ദുര്‍ബലമാകാനും ഇടയാക്കിയേക്കാം. നമ്മുടെ മനസ്സില്‍ രൂഡമൂലമായിക്കഴിഞ്ഞ ചില അബദ്ധധാരണകളും നമുക്ക് നിരന്തരം മാനസികസംഘര്‍ഷമുളവാകുന്നതിനു വഴിവെക്കാം. "ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്", "എന്നെ ഒരിക്കലും ക്ഷീണമോ രോഗങ്ങളോ ബാധിക്കരുത്" തുടങ്ങിയ ചിന്താഗതികളെ ഇക്കൂട്ടത്തില്‍പ്പെടുത്താം. അതിരുകവിഞ്ഞ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ അനുഭവപ്പെടുമ്പോഴൊക്കെ അതിനു മുന്നോടിയായി എന്തൊക്കെ ചിന്തകളാണു കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സു ശാന്തമായ ശേഷം ആ ചിന്തകള്‍ എത്രത്തോളം അര്‍ത്ഥവത്താണ് എന്നു വിശകലനം നടത്തുകയും, എന്നിട്ട് അവയ്ക്കു പകരം വെക്കാവുന്ന കുറച്ചു മറുചിന്തകള്‍ ആലോചിച്ചുവെക്കുകയും ചെയ്യാവുന്നതാണ് (ചിത്രം കാണുക). പിന്നീടൊരിക്കല്‍ അതേ പോലൊരു സാഹചര്യം ആവര്‍ത്തിക്കുമ്പോള്‍ നേരത്തേ ആലോചിച്ചു വെച്ച മറുചിന്തകള്‍ സ്വയം ഓര്‍മിപ്പിക്കുന്നത് ആ സമയത്ത് നിരാശ, കോപം തുടങ്ങിയ വികാരങ്ങള്‍ ആവിര്‍ഭവിക്കുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

കോപത്തെ വരുതിയില്‍ നിര്‍ത്താനും, ലഭ്യമായ സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനും, ചെയ്തുതീര്‍ക്കാനുള്ള ലക്ഷ്യങ്ങളെ ഉചിതമാംവണ്ണം നിര്‍ണയിക്കാനും, ആളുകളെ പിണക്കാതെ “എനിക്കു പറ്റില്ല” എന്നു പറയാനും, പ്രശ്നങ്ങളെ വിശകലനം ചെയ്യാനും, അവയ്ക്ക് ഏറ്റവും പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താനുമൊക്കെയുള്ള ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കുന്നതും, റിലാക്സേഷന്‍ ‍വ്യായാമങ്ങള്‍, യോഗ തുടങ്ങിയ മാനസികപിരിമുറുക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന വിദ്യകള്‍ പരിശീലിക്കുന്നതുമൊക്കെ ടെന്‍ഷന്‍റെ ആവിര്‍ഭാവത്തെ തടയാനും അതിന്‍റെ കാഠിന്യം മയപ്പെടുത്താനും സഹായകരമാകാറുണ്ട് (ബോക്സുകള്‍ കാണുക).

സമയത്തെ ഫലപ്രദമായി വിനിയോഗിക്കാം

ലഭ്യമായ സമയത്തെ ഒരല്‍പം മനസ്സിരുത്തി ആസൂത്രണം ചെയ്ത് ചെലവഴിക്കുന്നത് നമ്മുടെ കാര്യശേഷിയും ഉത്പാദനക്ഷമതയും വര്‍ദ്ധിക്കാന്‍ സഹായിക്കും. ഇതിനുപയോഗിക്കാവുന്ന ചില മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.

 1. ചെയ്തു തീര്‍ക്കാനുള്ള ജോലികളെ അവ എത്രത്തോളം പ്രധാനമാണ്, അവ എപ്പോഴത്തേക്കു ചെയ്തുതീര്‍ക്കേണ്ടവയാണ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുക. അപ്പോള്‍ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍, തിടുക്കം വേണ്ടാത്തതും എന്നാല്‍ പ്രാധാന്യമുള്ളതുമായ കാര്യങ്ങള്‍, അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍, തിടുക്കം വേണ്ടാത്തതും അത്ര പ്രധാനവുമല്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ നാലു ഗണങ്ങള്‍ കിട്ടും. (ഒരുദാഹരണം കാണുക). ഇതില്‍ ഒന്നാംചതുരത്തില്‍ വരുന്ന കാര്യങ്ങളെ ഏറ്റവുമാദ്യം ചെയ്തു തീര്‍ക്കാനും, രണ്ടാംചതുരത്തില്‍ വരുന്ന കാര്യങ്ങള്‍ അവഗണിക്കപ്പെട്ടു പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവയൊക്കെ തീര്‍ത്തു വരുമ്പോഴേക്ക്‌ പിന്നെ സമയം ബാക്കിയുണ്ടാവില്ല എന്നു തോന്നുകയാണെങ്കില്‍ മൂന്നാംചതുരത്തിലെ കാര്യങ്ങളെ മറ്റാരെയെങ്കിലും ഏല്പിക്കുകയും നാലാംചതുരത്തിലെ കാര്യങ്ങള്‍ വേണ്ടെന്നുവെക്കുകയും ചെയ്യാവുന്നതാണ്. രണ്ടാംചതുരത്തിലെ കാര്യങ്ങളെ അവഗണിച്ച് മൂന്നാംചതുരത്തിലുള്ളവയ്ക്ക് മുന്‍‌തൂക്കം കൊടുക്കുക എന്നത് പലര്‍ക്കും പറ്റുന്ന ഒരബദ്ധമാണ്.
 2. ചെയ്യാനുള്ള കാര്യങ്ങളെ ഇന്നു തന്നെ ചെയ്തുതീര്‍ക്കേണ്ടവ, ഒരാഴ്ചക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടവ, ഒരു മാസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടവ എന്നിങ്ങനെ ഭാഗിക്കാവുന്നതാണ്.
 3. ഒരാള്‍ക്കു ചെയ്യുവാനുള്ള ജോലികളുടെ എണ്‍പതു ശതമാനവും മിക്കവാറും അയാളുടെ കയ്യിലുള്ള സമയത്തിന്‍റെ ഇരുപതു ശതമാനം മാത്രമുപയോഗിച്ച് ചെയ്തുതീര്‍ക്കാന്‍ പറ്റുന്നവയാകും എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ പെട്ടെന്നു തീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങളെ ആദ്യമേ ചെയ്തൊഴിവാക്കുന്നത് കാര്യക്ഷമത കൂടാനും “അയ്യോ, ഇത്രയേറെ ജോലി ഇനിയും ബാക്കിയുണ്ടല്ലോ!” എന്ന വേവലാതി ഒഴിവാകാനും സഹായിക്കും.
 4. ചെയ്യാനിഷ്ടമില്ലാത്ത കാര്യങ്ങളെ തുടക്കത്തിലേ ചെയ്തുതീര്‍ക്കുന്നതും നല്ലതാണ്.

“എനിക്കു പറ്റില്ല” എന്ന് മുഖത്തു നോക്കിപ്പറയാം

നമുക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്ന സഹപ്രവര്‍ത്തകരോടും മറ്റും നമുക്ക് Assertive, Non-assertive, Aggressive എന്നിങ്ങനെ മൂന്നു രീതികളില്‍ പ്രതികരിക്കാം. “അയാളോടെങ്ങിനെ പറ്റില്ലെന്നു പറയും?!” എന്ന ചിന്താക്കുഴപ്പത്തിനൊടുവില്‍ നമ്മുടെ താല്‍പര്യങ്ങളെ അവഗണിച്ച് മനസ്സില്ലാമനസ്സോടെ അക്കാര്യം ചെയ്തുകൊടുക്കാമെന്നു സമ്മതിക്കുന്നതിനെ Non-assertive രീതി എന്നും, “എനിക്കു പറ്റില്ല” എന്ന് അയാളെ വിഷമിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തില്‍ എടുത്തടിച്ചു പറയുന്നതിനെ Aggressive രീതി എന്നും വിളിക്കുന്നു.

നമ്മുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും വളച്ചുകെട്ടില്ലാതെ, അതേസമയം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍, പ്രകടിപ്പിക്കുന്നതിനെയാണ് assertiveness എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, മുമ്പെപ്പോഴോ നിങ്ങളുടെ വണ്ടിയുമെടുത്തു പോയി അപകടം വരുത്തിവെച്ചിട്ടുള്ള ഒരാള്‍ വീണ്ടും ആ വണ്ടി കടം ചോദിക്കുന്നു എന്നിരിക്കട്ടെ. അയാളോട് വൈമനസ്യത്തോടെ “കുഴപ്പമില്ല. എടുത്തോ. ഒന്നു ശ്രദ്ധിച്ചേക്കണേ” എന്നു പറയുന്നത് Non-assertive രീതിയും, “നിനക്കു നാണമില്ലേ പിന്നേം എന്‍റെ വണ്ടി കടം ചോദിക്കാന്‍?! ആദ്യം പോയി ആണുങ്ങളെപ്പോലെ വണ്ടിയോടിക്കാന്‍ പഠിച്ചിട്ടു വാ!” എന്നു പറയുന്നത് Aggressive രീതിയും, “നീ മനപൂര്‍വം ചെയ്തതല്ലെങ്കിലും കഴിഞ്ഞ തവണ ആ അപകടം പറ്റിയതല്ലേ? ഇനിയും അങ്ങനെ വല്ലതും സംഭവിച്ചാല്‍ പിന്നെ അതിന്‍റെ പിറകെ ചെലവാക്കാന്‍ സമയമോ പണമോ ഇപ്പോള്‍ എന്‍റെ കയ്യിലില്ല. ഈ തിരക്കിലല്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ തന്നെ ഡ്രോപ്പ് ചെയ്തു തന്നേനെ. തല്‍ക്കാലം വേറെ ആരോടെങ്കിലും ചോദിക്കാമോ?” എന്നു പ്രതികരിക്കുന്നത് Assertive രീതിയും ആണ്.

സ്വാഭാവികമായും Assertive രീതിയാണ് നമ്മുടെയും നമ്മോട് ഇടപഴകുന്നവരുടെയും മാനസികസൌഖ്യത്തിന് ഏറ്റവും അഭികാമ്യം. Assertive ആയി സംസാരിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തേണ്ടതാണ് -

 • ശ്രോതാവിന്‍റെ മുഖത്തു നോക്കി സംസാരിക്കുക. അതേ സമയം തുറിച്ചുനോക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
 • അധികം നീട്ടിപ്പരത്തിപ്പറയാതെ കഴിയുന്നതും ചുരുങ്ങിയ വാക്കുകളില്‍ കാര്യമവതരിപ്പിക്കുക.
 • പതറാത്ത, ഉറച്ച ശബ്ദത്തില്‍ സംസാരിക്കുക.
 • വാക്കുകള്‍ക്കൊപ്പം അനുയോജ്യമായ ശരീരഭാഷയും ഉപയോഗിക്കുക.

പ്രശ്നപരിഹാരശേഷി ആര്‍ജിച്ചെടുക്കാം

നമുക്ക് മാനസികപിരിമുറുക്കം ജനിപ്പിക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവയ്ക്ക് ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ താഴെപ്പറയുന്ന നടപടികള്‍ ഉപയോഗിക്കാം.

 1. എന്താണു പ്രശ്നമെന്നത് കൃത്യമായി നിര്‍വചിക്കുക. ആ പ്രശ്നത്തെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും കഴിയുന്നത്ര അറിവു ശേഖരിക്കുക. ആ പ്രശ്നം തന്നെ ശരിക്കും ബാധിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളം, അത് അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നുണ്ടോ, അതു പരിഹരിക്കുന്നതു കൊണ്ട് തന്‍റെ ജീവിതത്തില്‍ എന്തൊക്കെ ഗുണങ്ങളുണ്ടാകും എന്നതൊക്കെ വിലയിരുത്തുക.
 2. സാദ്ധ്യമായ പ്രതിവിധികളുടെ പറ്റുന്നത്ര വലിയ ഒരു പട്ടിക തയ്യാറാക്കുക. മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ നിങ്ങളെ സഹായിച്ച പരിഹാരങ്ങള്‍, കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ തുടങ്ങിയവ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു പരിഹാരത്തിന്‍റെയും കാര്യശേഷിയോ പ്രായോഗികതയോ ഈ ഘട്ടത്തില്‍ പരിഗണിക്കാതിരിക്കുക. പരിഹാരം തേടുന്ന പ്രശ്നം മറ്റാരുടേതോ ആണ് എന്ന വീക്ഷണകോണ്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ആശയങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. സങ്കീര്‍ണമായ പ്രശ്നങ്ങളെ ഒന്നിലധികം ചെറുപ്രശ്നങ്ങളായി വിഭജിച്ചിട്ട് അവയിലോരോന്നിന്‍റെയും പരിഹാരങ്ങള്‍ വെവ്വേറെ ആലോചിക്കുന്നതും ഉപകാരപ്രദമാകും.
 3. പട്ടികയിലുള്ള ഓരോ പരിഹാരത്തിന്‍റെയും ഗുണദോഷങ്ങള്‍ പരിശോധിക്കുക. ഓരോ ഗുണവും ദോഷവും എത്രത്തോളം ഗൌരവമുള്ളതാണ് എന്നു താരതമ്യം ചെയ്യാന്‍ ഓരോന്നിനും ഒന്നു മുതല്‍ അഞ്ചു വരെയുള്ള മാര്‍ക്കുകള്‍ നല്‍കാവുന്നതാണ്. എന്നിട്ട് ഏറ്റവും ഗുണമുള്ളതും ദോഷം കുറഞ്ഞതുമായ ഒരു പരിഹാരം തെരഞ്ഞെടുക്കുക.
 4. തെരഞ്ഞെടുത്ത ആ പരിഹാരം പ്രയോഗത്തില്‍ വരുത്താനാവശ്യമായ സാധനസമ്പത്തുകളും ആള്‍ബലവും ഇച്ഛാശക്തിയും തനിക്കുണ്ടോ, അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ എന്തൊക്കെ പുതിയ തടസ്സങ്ങള്‍ തലപൊക്കിയേക്കാം, ആ തടസ്സങ്ങളെ എങ്ങിനെ മറികടക്കാന്‍ പറ്റും എന്നതൊക്കെ അവലോകനം ചെയ്യുക.
 5. തെരഞ്ഞെടുത്ത ആ പരിഹാരം പ്രാവര്‍ത്തികമാക്കുക. എന്താണു ചെയ്യാന്‍ പോകുന്നത് എന്ന് ബന്ധപ്പെട്ട എല്ലാവരോടും വിശദീകരിക്കുക.
 6. ആ പരിഹാരം ഉദ്ദേശിച്ച ഫലം തരുന്നുണ്ടോ എന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയും പ്രവര്‍ത്തനപദ്ധതിയില്‍ അനുസൃതമായ ഭേദഗതികള്‍ വരുത്തുകയും ചെയ്യുക.

പുകവലി, മദ്യപാനം തുടങ്ങിയ താല്‍ക്കാലിക പരിഹാരങ്ങള്‍ തൊഴില്‍ ചെയ്യാനുള്ള കഴിവിനെ കാലക്രമത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നു തിരിച്ചറിഞ്ഞ്, ശാശ്വതപരിഹാരം തരുന്ന മുകളില്‍പ്പറഞ്ഞ വിദ്യകള്‍ കൂടുതലായി ഉപയോഗിക്കാന്‍ മനസ്സു വെക്കേണ്ടതാണ്.

തൊഴില്‍ദാതാക്കള്‍ക്കു ചെയ്യുവാനുള്ളത്

തൊഴിലാളികളെ മാനസികസമ്മര്‍ദ്ദം പിടികൂടുന്നത് അവരുടെ തന്നെ കൊള്ളരുതായ്മ കൊണ്ടാണെന്ന മനോഭാവം മൂലം ആ സമ്മര്‍ദ്ദത്തിന്‍റെ കാര്യകാരണങ്ങളെ കണ്ടെത്താനോ പരിഹരിക്കാനോ അടുത്തകാലം വരേക്കും മിക്ക തൊഴില്‍ദാതാക്കളും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ബോധവല്‍ക്കരണങ്ങളും നിയമനിര്‍മാണങ്ങളും ഈ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. മാനസികസമ്മര്‍ദ്ദത്തിന്‍റെ ആധിക്യം തൊഴിലാളികള്‍ വര്‍ദ്ധിച്ച തോതില്‍ അവധികളെടുക്കുന്നതിനും, കൊഴിഞ്ഞു പോകുന്നതിനും, പ്രായമെത്തും മുമ്പേ വിരമിക്കുന്നതിനും, അവശേഷിക്കുന്ന സ്റ്റാഫിലും മനക്ലേശം ഉറവെടുക്കുന്നതിനുമൊക്കെ വഴിവെക്കുന്നുണ്ടെന്നും, തൊഴില്‍സ്ഥലങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, കാര്യക്ഷമത കുറയുന്നതിനും, ഉപഭോക്താക്കളുടെ അസംതൃപ്തിക്കുമൊക്കെ ഇടയാക്കുന്നുണ്ടെന്നും മറ്റുമുള്ള കണ്ടെത്തലുകള്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മുന്‍കയ്യെടുക്കാന്‍ തൊഴില്‍ദാതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. സ്ഥാപനത്തെ സമ്മര്‍ദ്ദരഹിതമാക്കാനുദ്ദേശിച്ച് വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നത് താല്‍ക്കാലികമായ ആശ്വാസം മാത്രമേ തരികയുള്ളൂ എന്നും, ശാശ്വതമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തങ്ങളുടെ തൊഴിലാളികളില്‍ മാനസികസമ്മര്‍ദ്ദം ജനിപ്പിക്കുന്ന കാരണങ്ങളെ മനസ്സിലാക്കി സ്ഥാപനത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ളവരുടെ സഹകരണത്തോടെ അവയെ ഇല്ലാതാക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുകയാണ് തൊഴിലുടമകള്‍ ചെയ്യേണ്ടത്. അമിത ജോലിഭാരമാണു തൊഴിലാളികളെ തളര്‍ത്തുന്നതെങ്കില്‍ ഷിഫ്റ്റ് രീതികളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുക, കൂടുതല്‍ പരിശീലനങ്ങള്‍ ഒരുക്കുക, അനുയോജ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ ആലോചിക്കാവുന്നതാണ്. തീരുമാനങ്ങളെല്ലാം അടിച്ചേല്പിക്കപ്പെടുകയാണ് എന്ന പരാതി വ്യാപകമാണെങ്കില്‍ തങ്ങള്‍ ആരുടെ കൂടെ, എപ്പോള്‍, എന്തു ജോലി, എങ്ങിനെ ചെയ്യുന്നു എന്നു നിശ്ചയിക്കുന്നതില്‍ കുറേയൊക്കെ സ്വാതന്ത്ര്യം തൊഴിലാളികള്‍ക്ക് അനുവദിക്കാവുന്നതാണ്. സൂപ്പര്‍വൈസര്‍മാരെ ഇത്തരം കാര്യങ്ങളില്‍ നിരന്തരം ബോധവല്‍ക്കരിക്കുന്നതും, ജീവനക്കാരില്‍ തെരഞ്ഞെടുത്ത ചിലരെ കൌണ്‍സലിംഗ് വിദ്യകള്‍ പരിശീലിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്. കടുത്ത മാനസികസമ്മര്‍ദ്ദമോ മാനസികവൈഷമ്യങ്ങളോ ബാധിച്ചവര്‍ക്ക് തക്കതായ ചികിത്സയും പുനരധിവാസവും ഒരുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ദാമ്പത്യം സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങള്‍

സമൂഹത്തില്‍ സമാധാനം നിലനില്‍ക്കാന്‍ അതിന്‍റെ അടിസ്ഥാനഘടകമായ കുടുംബങ്ങളില്‍ പ്രശ്നങ്ങളില്ലാതിരിക്കേണ്ടത്‌ അത്യാവശ്യമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ സാമൂഹികമാറ്റങ്ങള്‍ ദമ്പതികളില്‍ മാനസികപിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും അതിനെ ഫലപ്രദമായി നേരിടാനുള്ള അവരുടെ കഴിവുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ജോലിസമയങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചതും ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുവരും വീട്ടിനു പുറത്തു ജോലി ചെയ്യുന്ന രീതി സാധാരണമായതും ദമ്പതിമാരുടെ ടെന്‍ഷന്‍ കൂടാനും ജോലിയെയും കുടുംബജീവിതത്തെയും സമതുലിതമായി മുന്നോട്ടു കൊണ്ടുപോവുക എന്നത് ക്ലേശകരമാകാനും ഇടയാക്കിയിട്ടുണ്ട്.

പൊരുത്തക്കേടുകള്‍ക്കു വഴിവെക്കുന്നതെന്ത്?

ഇണകള്‍ തമ്മില്‍ വ്യക്തിത്വത്തിലോ താല്‍പര്യങ്ങളിലോ സ്വഭാവരീതികളിലോ സാരമായ അന്തരമുണ്ടാവുന്നതും, അവരില്‍ ഓരോരുത്തര്‍ക്കും തന്‍റെ പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തമ്മിലോ തങ്ങളോരോരുത്തരുടെയും കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തമ്മിലോ സമരസമില്ലാതെ പോകുന്നതും ദാമ്പത്യപ്രശ്നങ്ങളുടെ പ്രധാനകാരണങ്ങളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദമ്പതികള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍, മത്സരബുദ്ധി, ഇച്ഛാഭംഗം, അമര്‍ഷം തുടങ്ങിയവ ഉടലെടുക്കുന്നതും, നന്നായി ആശയവിനിമയം നടത്താനോ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനോ ഉള്ള കഴിവുകള്‍ അവര്‍ക്ക് ഇല്ലാതെ പോകുന്നതും ചെറിയ പിണക്കങ്ങള്‍ വല്ലാതെ വഷളാവുന്നതിനു വഴിവെക്കാറുണ്ട്. ലൈംഗികപ്രശ്നങ്ങള്‍, വിവാഹേതര ബന്ധങ്ങള്‍, മദ്യത്തിന്‍റെയോ ലഹരിമരുന്നുകളുടെയോ ഉപയോഗം തുടങ്ങിയവയും പ്രശ്നങ്ങളിലേക്കു നയിക്കാറുണ്ട്.

ഭാര്യാഭര്‍ത്താക്കന്മാ‍രുടെ ചിന്താരീതികളിലുള്ള ചില പാകപ്പിഴകളും അവര്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്കു വളമാവാറുണ്ട്. ആല്‍ബെര്‍ട്ട് എല്ലിസ് എന്ന വിഖ്യാതനായ മനശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ All or nothing thinking, absolute statements എന്നീ ചിന്താപ്പിശകുകളാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലന്മാര്‍. കിട്ടുന്നെങ്കില്‍ മുഴുവനായിത്തന്നെ കിട്ടണം, അല്ലെങ്കില്‍ തീരെ വേണ്ട എന്ന ചിന്താഗതിയാണ് All or nothing thinking. "ഒന്നുകില്‍ നീയെന്നെ ഉപാധികളൊന്നും കൂടാതെ സ്നേഹിക്കുക, അതിനു കഴിയില്ല എന്നാണെങ്കില്‍ ഒട്ടുമേ സ്നേഹിക്കാതിരിക്കുക", "എന്‍റെ ഭര്‍തൃവീട്ടുകാര്‍ എന്നെ അംഗീകരിച്ചില്ലെങ്കില്‍പ്പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ല" തുടങ്ങിയവ ഇതിന്‍റെ ഉദാഹരണങ്ങളാണ്. "ഒരിക്കലും" "എല്ലായ്പ്പോഴും" എന്നൊക്കെയുള്ള വാക്കുകളാണ് absolute statements-ന്‍റെ മുഖമുദ്ര. "എന്‍റെ ഭാര്യ ഒരിക്കല്‍പ്പോലും പറഞ്ഞ വാക്കു തെറ്റിക്കരുത്", "ഞാന്‍ എപ്പോഴും ഇത്തിരി കര്‍ക്കശത്തോടെയേ പെരുമാറാവൂ" എന്നിവയൊക്കെ ഇതിന്‍റെ മാതൃകകളാണ്.

ജോലിസ്ഥലത്തെ സമ്മര്‍ദ്ദം, സാമ്പത്തികപ്രശ്നങ്ങള്‍, ബന്ധുക്കളോടോ അയല്‍ക്കാരോടോ ഉള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയ ബാഹ്യഘടകങ്ങളും ദമ്പതികളില്‍ മാനസികസംഘര്‍ഷത്തിന്‍റെ ഹേതുവാകാം. അവര്‍ക്ക് ഒരുമിച്ചു ചെലവഴിക്കാനുള്ള സമയത്തെ അപഹരിച്ചോ, മാനസികമോ ശാരീരികമോ ലൈംഗികമോ ആയ കുഴപ്പങ്ങള്‍ക്കു വഴിവെച്ചോ, വ്യക്തിത്വത്തില്‍ ഒളിഞ്ഞുകിടന്ന അത്ര അഭിലഷണീയമല്ലാത്ത സ്വഭാവസവിശേഷതകളെ ഉണര്‍ത്തിയെടുത്തോ ഒക്കെയാണ് ഇത്തരം ബാഹ്യഘടകങ്ങള്‍ പൊരുത്തക്കേടുകള്‍ക്കു കളമൊരുക്കുന്നത്.

ഏറെക്കാലം ഗവേഷകര്‍ ഊന്നല്‍ കൊടുത്തിരുന്നത് തൊഴിലില്ലായ്മ, അപകടങ്ങള്‍ തുടങ്ങിയ വലിയ പ്രശ്നങ്ങള്‍ ദാമ്പത്യത്തിലെ സമാധാനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാനായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ദൈനംദിനജീവിതത്തിലെ കുഞ്ഞുകുഞ്ഞുവൈഷമ്യങ്ങളാണ് ഭാര്യാഭര്‍തൃബന്ധങ്ങളെ കൂടുതലായി ബാധിക്കുന്നത് എന്നാണ്. ഇതില്‍ത്തന്നെ ബാഹ്യഘടകങ്ങളില്‍ നിന്നുള്ള അത്ര രൂക്ഷതയില്ലാത്ത പ്രശ്നങ്ങളാണ് കാലക്രമത്തില്‍ ഏറ്റവും അപകടകരമായി ഭവിക്കുന്നത്. അത്ര കഠിനമല്ല എന്നതു കൊണ്ടുതന്നെ ദമ്പതികള്‍ അവയുടെ സാന്നിദ്ധ്യത്തെപ്പറ്റി ബോധവാന്മാരാവാതെ പോകുന്നതാണ് അവയുടെ പരിണിതഫലങ്ങള്‍ കൂടുതല്‍ മാരകമായിത്തീരാന്‍ ഇടയാക്കുന്നത്.

ദാമ്പത്യപ്രശ്നങ്ങളുടെ അനന്തരഫലങ്ങള്‍

ചെറിയ ചെറിയ പൊരുത്തക്കേടുകളും തെറ്റിദ്ധാരണകളും ദമ്പതികള്‍ക്ക് തങ്ങളുടെ മുന്‍വിധികളിലും പ്രതീക്ഷകളിലും തക്കതായ പൊളിച്ചെഴുത്തുകള്‍ നടത്താനും പരസ്പരം നന്നായി ഉള്‍ക്കൊള്ളാനുമുള്ള അവസരങ്ങളൊരുക്കുകയും, ദാമ്പത്യബന്ധത്തിലെ ഐകമത്യവും പ്രതിബദ്ധതയും സുദൃഢമാകാന്‍ കളമൊരുക്കുകയും ചെയ്യും. വഴക്കുകളുടെ സാന്നിദ്ധ്യം ഒരര്‍ത്ഥത്തില്‍ ആ ബന്ധത്തിന് ഇരുവരും ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണല്ലോ.

അതേസമയം ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന കടുത്ത കലഹങ്ങള്‍ ആക്രമണോത്സുകത, വിവാഹേതര ബന്ധങ്ങള്‍, ആത്മഹത്യകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങൾ‍, അമിതമദ്യപാനം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ മുതലായ അസുഖങ്ങള്‍ക്കും കാരണമാകാം. വഴക്കുകളുമായി ബന്ധപ്പെട്ട വികാരവിക്ഷോഭങ്ങള്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി, ഗ്രന്ധീവ്യവസ്ഥ‍, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിയവയെ താറുമാറാക്കാം.

മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ കലഹങ്ങള്‍ അവരുടെ മക്കള്‍ക്കും ഹാനികരമാകാറുണ്ട്. നിരാശ, അമിതമായ ദേഷ്യം, ആത്മവിശ്വാസമില്ലായ്മ, അന്തര്‍മുഖത്വം, ആക്രമണസ്വഭാവം തുടങ്ങിയവ ഇത്തരം കുട്ടികളില്‍ സാധാരണമാണ്.

ആരോഗ്യകരമായ സൌന്ദര്യപ്പിണക്കങ്ങള്‍ ആപത്കരമായ കലഹങ്ങളിലേക്കു വളര്‍ന്നോയെന്ന് എങ്ങിനെ തിരിച്ചറിയാം? അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളുടെ എണ്ണം അഭിപ്രായൈക്യമുള്ളവയുടേതിനേക്കാള്‍ കൂടുതലാവുന്നത് ഒരു മുന്നറിയിപ്പാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരാളുടെ പരിഭവങ്ങളോടും നല്ല നിര്‍ദ്ദേശങ്ങളോടും മറ്റേയാള്‍ നിഷേധാത്മകമായി മാത്രം പ്രതികരിക്കാന്‍ തുടങ്ങുക, ഒരാള്‍ ആവശ്യങ്ങളോ പരാതികളോ വിമര്‍ശനങ്ങളോ ഉയര്‍ത്തുമ്പോഴൊക്കെ മറ്റേയാള്‍ പ്രതിരോധത്തിലേക്കോ നിഷ്ക്രിയത്വത്തിലേക്കോ ഉള്‍വലിയാന്‍ തുടങ്ങുക എന്നിവയും അശുഭലക്ഷണങ്ങളാണ്.

പ്രശ്നപരിഹാരം നല്ല ആശയവിനിമയത്തിലൂടെ

ദാമ്പത്യകലഹങ്ങളുടെ പ്രധാന കാരണം പരസ്പരവ്യവഹാരത്തില്‍ വരുന്ന പാകപ്പിഴകളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാച്യഭാഷയും ശരീരഭാഷയും അര്‍ത്ഥവത്തായി ഉപയോഗിക്കാനും, തന്‍റെ പങ്കാളി പറയുന്നത് നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവാനുമുള്ള കഴിവുകള്‍ ഫലപ്രദമായ ആശയസംവേദനത്തിന് അത്യന്താപേക്ഷിതമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ വഷളാകുന്നതിനു മുമ്പേ അവയെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താനും രമ്യമായ പരിഹാരങ്ങള്‍ കാണാനും സാധിക്കാന്‍ ഇരുവര്‍ക്കും തക്കതായ സംഭാഷണചാതുര്യമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് (ബോക്സ്‌ കാണുക).

ഫലവത്തായ ആശയവിനിമയത്തിന് ചില നിര്‍ദ്ദേശങ്ങള്‍

പൊതുവായി ശ്രദ്ധിക്കാന്‍

 • പങ്കാളിയുടെ മനസ്സില്‍ എന്താണുള്ളതെന്ന്‍ ഊഹിച്ചെടുക്കാന്‍ നില്‍ക്കാതെ എന്താണു കാര്യമെന്ന് നേരിട്ട് ചോദിച്ചു മനസ്സിലാക്കുക.
 • ഒരു ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് വിഷയത്തെക്കുറിച്ച് ആലോചിക്കാന്‍ കൂടുതല്‍ സമയം വേണോ എന്ന് പങ്കാളിയോട് അന്വേഷിക്കുക.
 • പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങും മുമ്പ് ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാവുന്ന വിഘ്നങ്ങള്‍ക്കെതിരെ തക്കതായ മുന്‍കരുതലുകളെടുക്കുക. കുട്ടികള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തുക. ഫോണ്‍ ഓഫ് ചെയ്യുക.
 • ഒരു സമയത്ത് ഒരു കാര്യം മാത്രം ചര്‍ച്ചക്കെടുക്കുക. പഴയ വഴക്കുകളുടെ വിഷയങ്ങള്‍ അതിന്‍റെ ഇടയില്‍ കൂട്ടിക്കുഴക്കാതിരിക്കുക.
 • ചര്‍ച്ചയുടെ ലക്ഷ്യം നിങ്ങളുടെ മുന്നിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുക എന്നതില്‍ നിന്നു വ്യതിചലിച്ച് ആരു ജയിക്കുന്നു, ആരു തോല്‍ക്കുന്നു എന്നതിലേക്കു വഴുതുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഇരുവരും എതിര്‍ടീമുകളിലല്ല, മറിച്ച് ഒരേ ടീമിലാണെന്നും ചര്‍ച്ച പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിക്കാനുതകിയാല്‍ ജയം രണ്ടുപേരുടേതും കൂടിയായിരിക്കുമെന്നും ഓര്‍ക്കുക.

നിങ്ങള്‍ സംസാരിക്കുമ്പോള്‍

 • "നീ എപ്പോഴും...‌" "നീ ഒരിക്കലും..." തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കുക.
 • ആശയവിനിമയത്തിന്‍റെ സിംഹഭാഗവും സംഭവിക്കുന്നത് ശരീരഭാഷയിലൂടെയാണെന്ന് ഓര്‍ക്കുക. എവിടെ നോക്കുന്നു, എത്ര ശബ്ദമുയര്‍ത്തുന്നു, എന്തു മുഖഭാവം പ്രകടിപ്പിക്കുന്നു, എന്തൊക്കെ ആംഗ്യങ്ങള്‍ കാണിക്കുന്നു തുടങ്ങിയ കാര്യങ്ങളെ അവഗണിക്കാതിരിക്കുക.
 • തന്‍റെ തെറ്റു ബോദ്ധ്യപ്പെട്ടാല്‍ ക്ഷമായാചനം ചെയ്യാന്‍ അമാന്തിക്കാതിരിക്കുക.
 • ഒരിക്കല്‍ ഉപയോഗിച്ചപ്പോള്‍ ഉദ്ദേശിച്ച ഫലം തരാതെ പോയ വാദങ്ങള്‍ വീണ്ടും വീണ്ടും എടുത്തിടുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം കിട്ടാന്‍ സാദ്ധ്യത കുറവാണ്. അതുകൊണ്ട് നിങ്ങളുടെ പ്രതികരണങ്ങളില്‍ ചെറിയ വ്യതാസങ്ങളെങ്കിലും പരീക്ഷിക്കുക.

പങ്കാളി സംസാരിക്കുമ്പോള്‍

 • അയാളെ തടസ്സപ്പെടുത്താതിരിക്കുക.
 • അയാളുടെ ശരീരഭാഷയും നിരീക്ഷിക്കുക.
 • താന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നു ദ്യോതിപ്പിക്കാന്‍ അനുയോജ്യമായ ശരീരഭാഷ ഉപയോഗിക്കുക. വാച്ചില്‍ നോക്കുക, നഖം കടിക്കുക തുടങ്ങിയവ ഒഴിവാക്കുക.
 • അയാളുടെ കാഴ്ചപ്പാടില്‍ നിന്നും കാര്യങ്ങളെ നോക്കിക്കാണാന്‍ ശ്രമിക്കുക.
 • അയാള്‍ പറയുന്നതു കേട്ടുകൊണ്ടിരിക്കെത്തന്നെ ആ കാര്യങ്ങളുടെ സൂക്ഷമപരിശോധന നടത്തുന്നത് ഒഴിവാക്കുക.
 • അയാള്‍ സംസാരിക്കുന്ന സമയം മുഴുവനും “ഇയാള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ താന്‍ എന്താണു മറുപടി പറയുക?” എന്നു തല പുകക്കാതിരിക്കുക.
 • അയാള്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്ക് പരിഹാസമോ ദേഷ്യമോ എടുത്തിടാതിരിക്കുക.
 • അയാള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ അതുവരെ പറഞ്ഞതിന്‍റെ ഒരു സംഗ്രഹം തിരിച്ചങ്ങോട്ടു പറഞ്ഞ് "ഇതാണോ നീ ഉദ്ദേശിച്ചത്?" എന്നു ചോദിക്കാവുന്നതാണ്.

പറയാനുദ്ദേശിക്കുന്ന കാര്യത്തെ വാക്കുകളിലേക്കു പരിവര്‍ത്തനം ചെയ്യുന്നേടത്തും ചെവിയിലൂടെ ശ്രവിച്ച കാര്യങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ ചമക്കുന്നേടത്തും പ്രവര്‍ത്തിക്കുന്ന ചില "അരിപ്പകള്‍" വിനിമയം നടത്തപ്പെട്ട ആശയത്തെ മാറ്റിമറിക്കുകയും, അതുവഴി ഒരാള്‍ പറയാനുദ്ദേശിച്ചതല്ല മറ്റേയാള്‍ മനസ്സിലാക്കിയതെന്ന അവസ്ഥയ്ക്ക് നിദാനമാവുകയും ചെയ്തേക്കാം (ചിത്രം കാണുക). ഉദാഹരണത്തിന്, ഓഫീസില്‍ നിന്ന്‍ എന്തോ ദുരനുഭവവുമായി വീട്ടിലെത്തുന്ന ഭര്‍ത്താവ് തന്‍റെ ഭാര്യയുടെ നിര്‍ദോഷമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയില്‍ അയാളുടെ ഉള്ളിലുള്ള അമര്‍ഷത്തിന്‍റെ ലാഞ്ചനകള്‍ അയാള്‍ പോലുമറിയാതെ തലപൊക്കിയേക്കാം. അയാളുടെ ദേഷ്യം മണക്കുന്ന ആ മറുപടിയെ ഭാര്യ തന്നോടുള്ള ഇഷ്ടക്കേടിന്‍റെ സൂചനയായി തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം. തളര്‍ച്ച, മനോവൈഷമ്യങ്ങള്‍, മദ്യലഹരി തുടങ്ങിയവ ഇങ്ങനെ ചില നേരങ്ങളില്‍ അരിപ്പകളായി വര്‍ത്തിച്ചേക്കാം. എന്നാല്‍ ചില മുന്‍വിധികള്‍, വിശ്വാസങ്ങള്‍, പ്രഥമപരിഗണനകള്‍ തുടങ്ങിയവ പലപ്പോഴും സ്ഥായിയായ അരിപ്പകളായി നിലകൊള്ളാറുണ്ട്. ഉദാഹരണത്തിന്, ചെറിയ വിമര്‍ശനങ്ങള്‍ കേട്ടാല്‍ പോലും അലോസരം തോന്നുന്ന ശീലമുള്ളവരെ അങ്ങിനെയല്ലാത്ത സംഭാഷണങ്ങള്‍ പോലും പ്രകോപിതരാക്കിയേക്കാം. ഇണകള്‍ ഓരോരുത്തരും തന്‍റെ പങ്കാളിയുടെ ഇത്തരം അരിപ്പകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവയുടെ ആഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂട്ടായി ശ്രമിക്കുകയും ചെയ്യുന്നത് അനാവശ്യ വഴക്കുകളെ പടിക്കു പുറത്തുനിര്‍ത്താന്‍ സഹായിക്കും.

മാനസികസംഘര്‍ഷത്തിനു വഴിവെക്കുന്ന ഘടകങ്ങളെ ഒന്നിച്ചെതിരിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യമാദ്യം ബാഹ്യകാരണങ്ങളെക്കുറിച്ചായിരിക്കുന്നതാണ് നല്ലത്. രണ്ടു പേരും ഊഴമിട്ട് ആ പ്രശ്നം തന്നെ എങ്ങിനെയൊക്കെ ബാധിച്ചിരിക്കുന്നുവെന്നും, അതിനെ നേരിടുന്നതില്‍ താന്‍ മറ്റേയാളില്‍ നിന്ന് എന്തൊക്കെ സഹായങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും, ഈ പ്രശ്നം തങ്ങളുടെ ബന്ധത്തെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് താന്‍ ആശങ്കപ്പെടുന്നതെന്നും വിശദീകരിക്കണം. പ്രശ്നത്തിന്‍റെ വിവിധ വശങ്ങളെ എങ്ങിനെ നേരിടണമെന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ കൂട്ടത്തില്‍ ഏറ്റവും അഭിപ്രായൈക്യം ഉള്ള പരിഹാരങ്ങള്‍ ആദ്യം ഉപയോഗിക്കാവുന്നതാണ്. ഒരു ചര്‍ച്ചക്ക് അവസരമില്ലാത്തത്ര അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനിടയില്‍ അനാവശ്യമായി ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാനും ഇരുവരും ശ്രദ്ധിക്കേണ്ടതാണ്.

വിദഗ്ദ്ധസഹായത്തിന്‍റെ പ്രസക്തി

മുകളില്‍പ്പറഞ്ഞ വിദ്യകളില്‍ ഏതിനെയെങ്കിലും കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കിലോ, അവ സ്വന്തം നിലക്ക് പ്രയോഗിച്ചു നോക്കിയിട്ടും മാനസികസമ്മര്‍ദ്ദത്തില്‍ കുറവ് തോന്നുന്നില്ലെങ്കിലോ വിദഗ്ദ്ധസഹായം തേടാവുന്നതാണ്. ലൈംഗികപ്രശ്നങ്ങള്‍, അമിതമദ്യപാനം തുടങ്ങിയവ ദാമ്പത്യകലഹങ്ങള്‍ക്കു കാരണമാകുന്നുവെങ്കില്‍ അവക്കുള്ള തക്കതായ ചികിത്സ എടുക്കേണ്ടതാണ്. കടുത്ത ദാമ്പത്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മരൈറ്റല്‍ തെറാപ്പിയില്‍ (marital therapy) വൈദഗ്ദ്ധ്യമുള്ള ചികിത്സകരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

തൊഴിലോ ദാമ്പത്യമോ സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദം വിഷാദരോഗത്തിലേക്കോ ഉത്ക്കണ്ഠാരോഗങ്ങളിലേക്കോ വളരുകയാണെങ്കിലും ചികിത്സ ആവശ്യമായേക്കാം. പ്രശ്നങ്ങളൊന്നും മുമ്പിലില്ലാത്തപ്പോഴും നിരാശയോ ഉത്ക്കണ്ഠയോ തോന്നിക്കൊണ്ടിരിക്കുക, ഉറക്കത്തിലോ വിശപ്പിലോ വ്യതിയാനങ്ങള്‍ ‍പ്രത്യക്ഷപ്പെടുക, അടിസ്ഥാനമില്ലാത്ത ദുഷ്ചിന്തകള്‍ ‍വിടാതെ പിന്തുടരാന്‍ ‍തുടങ്ങുക, ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ്, ശക്തിയായ നെഞ്ചിടിപ്പ്, ആത്മഹത്യാപ്രവണത തുടങ്ങിയവ മേല്‍പ്പറഞ്ഞ അസുഖങ്ങളുടെ ലക്ഷണങ്ങളാവാം.

(2013 നവംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Drawing: Stress Anxiety Depression by John Ashton Golden

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

കുട്ടികളിലെ ആത്മഹത്യാപ്രവണത
വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ

Related Posts