മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഇന്‍റര്‍നെറ്റിടങ്ങളിലെ ഇഷ്ടംകൂടലുകള്‍

_752da0fc-a642-455d-b65d-e167a7e92e35

ഇന്‍റർനെറ്റ് സർവ്വസാധാരണമായതും സാമൂഹ്യ മാധ്യമങ്ങളും മറ്റും ജനപ്രീതിയാർജ്ജിച്ചതും കഴിഞ്ഞ ദശകങ്ങളിൽ നാം സാമൂഹികമായി ഇടപെടുന്ന രീതികളെ ഏറെ മാറ്റുകയുണ്ടായി. മുമ്പേ അറിയുന്നവരോടും അപരിചിതരോടും ഇടപഴകാനും അടുപ്പം ഗാഢമാക്കാനുമുള്ള നവീനവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ നമുക്കവ തുറന്നുതന്നു. വാട്ട്സാപ്പിലെപ്പോലുള്ള കൂട്ടായ്മകൾ ബന്ധുമിത്രാദികളോടു സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക എളുപ്പമാക്കിയപ്പോൾ, മറുവശത്ത്, താല്പര്യമുള്ള വിഷയങ്ങൾ, അത് സൂര്യനു കീഴെയുള്ള എന്തു കാര്യം തന്നെയാവട്ടെ, ഏതു ഭൂഖണ്ഡത്തിലോ ഏതു തരത്തിലോ ഉള്ള ആളുകളുമായും ചർച്ച ചെയ്യാൻ അവസരമുള്ള ഓൺലൈൻ ഫോറങ്ങളും, നമ്മുടെ സവിശേഷ ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്ന ഒട്ടനവധി പങ്കാളികളെ ചൂണ്ടിക്കാട്ടിത്തരുന്ന ഡേറ്റിങ് സൈറ്റുകളും, ചീട്ടോ ചെസ്സോ മറ്റോ കളിക്കുന്നതിനൊപ്പം സഹകളിക്കാരോടു ചാറ്റ് ചെയ്യാനുള്ള സൗകര്യം തൊട്ട് ആയിരക്കണക്കിനു വ്യക്തികൾ വിവിധ കഥാപാത്രങ്ങളായി മാറി ഒത്തൊരുമിച്ച് ലക്ഷ്യങ്ങൾ കീഴടക്കുന്ന മാസ്സീവ് മൾട്ടിപ്ലെയർ ഗെയിമുകൾ വരെയും മനസ്സിനിണങ്ങിയ ആളുകളെ നമുക്കു കണ്ടുപിടിച്ചു തരാനായി രംഗത്തുണ്ട്.

ഓൺലൈൻ ബന്ധങ്ങൾക്ക് അവയുടേതായ മേന്മകളും പരിമിതികളും ഉണ്ട്.

മേന്മകൾ

  • നമ്മുടെ താൽപര്യംപോലെ, ഒറ്റയാളോടോ ഒരു ചെറിയ സംഘത്തോടോ വളരെയേറെപ്പേരോടോ ഇടപഴകാം.
  • എഴുത്തു മാത്രം ഉപയോഗപ്പെടുത്തുന്ന ഈമെയിലും ഗ്രൂപ്പുകളും തൊട്ട് വീഡിയോ കോളുകളും യഥാര്‍ത്ഥ ലോകത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ചാറ്റുകളും വരെ ഉപയുക്തമാക്കാം.
  • മറ്റുള്ളവരോടു നേരിട്ടിടപഴകാൻ അധൈര്യം സൃഷ്ടിച്ചേക്കാവുന്ന പ്രായം, ലിംഗം, ജാതി, വൈരൂപ്യം, ശാരീരിക വൈകല്യങ്ങൾ, അപഖ്യാതി തുടങ്ങിയവയോ, സഭാകമ്പമോ വിക്കോ പോലുള്ള പ്രശ്നങ്ങളോ, ഭൂമിശാസ്ത്രപരമോ സാംസ്കാരികമോ ഒന്നുമായ പരിമിതികളോ പ്രസക്തമാകുന്നില്ല.
  • വ്യക്തിത്വത്തിന് രൂപഭംഗിയേക്കാൾ പ്രാധാന്യം കിട്ടുന്നു.
  • നമ്മില്‍ താല്പര്യമില്ല എന്നു മറ്റേയാൾ പ്രഖ്യാപിച്ചാലും പുറംലോകത്തേതുപോലെ അത് മറ്റു പരിചയക്കാർ അറിഞ്ഞു നാണക്കേടാകും എന്ന ഭയം വേണ്ട.
  • നേരിട്ടുള്ള ഇടപഴകലുകളെ അപേക്ഷിച്ച്, നമുക്ക് അറിയിക്കാനുള്ളത് സൗകര്യമുള്ളപ്പോൾ പറഞ്ഞുവെക്കാം, മറ്റേയാള്‍ക്കും സമയംകിട്ടുന്ന മുറയ്ക്ക് സാവകാശം മറുപടി തരാം. മറുവശത്ത്, ലൈവ് ചാറ്റിംഗില്‍, മുഖാമുഖ സംഭാഷണങ്ങളിലെപ്പോലെ നീണ്ട മൗനങ്ങൾക്ക് അവസരം അധികമില്ലാത്തതിനാല്‍ നാം കാര്യങ്ങൾ കൂടുതലായിട്ട് തുറന്നു സംസാരിക്കാം.
  • പ്രൊഫൈലുകളിലും മറ്റും നിന്ന് മറ്റേയാളുടെ ഇഷ്ടാനിഷ്ടങ്ങളെയും ചിന്താഗതികളെയും കുറിച്ച് ഏറെ വിവരങ്ങൾ സമാഹരിക്കാം.
  • സംഭാഷണം തുടങ്ങാന്‍ അധികം സമയമോ ഒരുക്കമോ ഒന്നും വേണ്ട, ഏതാനും വിരലനക്കങ്ങള്‍ മാത്രം മതി.
  • നേരിട്ട് ഇടപഴകാൻ ഒരിക്കലും അവസരം കിട്ടാൻ സാദ്ധ്യതയില്ലാത്ത വ്യക്തികളുമായിപ്പോലും ആശയവിനിമയം നടത്താം.
  • ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം ചിന്തകളും ആശയങ്ങളും നമുക്കുതന്നെ കുറച്ചുകൂടി വ്യക്തമാവാം, അതിനാല്‍ അവ കൂടുതല്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുമാകാം. നേരിട്ടുള്ള സംഭാഷണത്തില്‍ സാദ്ധ്യമല്ലാത്ത വിധം സന്ദേശം സമയമെടുത്ത് എഡിറ്റു ചെയ്യാനും പറ്റും.
  • ശരിക്കുള്ള പേരോ നാടോ ഒന്നും വെളിപ്പെടുത്തുക നിര്‍ബന്ധമില്ല.

ഇക്കാരണങ്ങളാൽ, പുറംലോകത്തെ അപേക്ഷിച്ച് ഓൺലൈനിൽ അപരിചിതർക്കിടയിൽ കൂടുതൽ വേഗത്തിലും തീവ്രതയിലും അടുപ്പം രൂപപ്പെടുന്നുണ്ട്. ഇത്തരം ബന്ധങ്ങൾക്ക് നേരിട്ടുള്ളവയുടെ അത്രതന്നെ അർത്ഥവും ആഴവും സ്ഥിരതയും കൈവരാമെന്നു പഠനങ്ങളുമുണ്ട്.

പരിമിതികൾ

  • ആശയസംവേദനത്തില്‍ ശരീരഭാഷ വാക്കുകളേക്കാള്‍ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ എഴുത്തു മാത്രം അവലംബിതമാകുമ്പോൾ കണ്ണുകള്‍, മുഖഭാവങ്ങള്‍, ശബ്ദവ്യതിയാനങ്ങള്‍, ആംഗ്യങ്ങള്‍, സ്നേഹത്തോടെയുള്ള സ്പർശങ്ങള്‍ തുടങ്ങിയവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കപ്പെടാതെ പോവുകയാണ്. (സ്മൈലികളും ഇമോജികളും ഇവിടെ കുറച്ചൊക്കെ സഹായത്തിനെത്തുമെങ്കിലും അവയ്കും പര്യാപ്തിക്കുറവുണ്ട്.) ഈയൊരു പരിമിതി, കള്ളങ്ങളും ദുരുദ്ദേശങ്ങളും തിരിച്ചറിയുന്നതിനു തടസ്സം സൃഷ്ടിക്കാം.
  • മറുപടികൾ വൈകുന്നതും, ടൈപ്പ് ചെയ്യുന്നയാള്‍ ഉദ്ദേശിച്ചതു തന്നെയാകണമെന്നില്ല വായിക്കുന്നയാൾ മനസ്സിലാക്കുന്നത് എന്നതും തെറ്റിദ്ധാരണകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും വഴിവെക്കാം.
  • ഓൺലൈനിൽ നാം ഇച്ഛാപൂർവ്വമല്ലാതെ യഥാർത്ഥ നിറം കാണിക്കാനും, സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ, അതും കൂടുതൽ വേഗത്തിൽ, വെളിപ്പെടുത്താനും സാദ്ധ്യത അധികമാണ്.
  • അപ്പുറത്തുള്ളയാളുടെ പേരും ഫോട്ടോയുമൊക്കെ വ്യാജമാവാം.
  • സ്വകാര്യസംഭാഷണങ്ങൾ സ്ക്രീൻഷോട്ടും മറ്റുമായി വ്യാപകമായി പ്രചരിപ്പിക്കപ്പെടാം.

പൊതുവിൽ ശ്രദ്ധിക്കാൻ

  • ഒരാൾ ഓൺലൈനിൽ പ്രദര്‍ശിപ്പിക്കുന്ന വ്യക്തിത്വം വാസ്തവത്തിലുള്ളതില്‍നിന്നും സ്വല്‍പം വ്യത്യസ്തമാകാം. അതവർ മന:പൂര്‍വ്വം കൃത്രിമം കാണിക്കുന്നതാകണമെന്നില്ല; തന്നെ ലോകം എങ്ങനെ കാണുന്നതാണു തനിക്കിഷ്ടം എന്നതിനോടു ചേര്‍ന്നുപോകുന്ന ഒരു ചിത്രം തെരഞ്ഞെടുക്കുന്നതാകാം.
  • വിവിധ സൈറ്റുകളിലായി ഏറെ സ്വകാര്യവിവരങ്ങൾ വിളംബരം ചെയ്‌താല്‍ അത് തട്ടിപ്പുകാർ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയാണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനും, നിങ്ങളെ ആഴത്തിലറിയാനും, ഉന്നംവെക്കാനും, നിങ്ങളോടു ബന്ധം സ്ഥാപിക്കാനും ദുരുപയോഗിച്ചേക്കാം.
  • ഓൺലൈനിൽ മാത്രം പരിചയമുള്ള ഒരാൾ പണം ചോദിക്കുന്നെങ്കിലോ വ്യക്തിവിവരങ്ങൾ ചുഴിഞ്ഞന്വേഷിക്കുന്നെങ്കിലോ ജാഗ്രത പുലര്‍ത്തുക. വ്യാജ ഐഡികൾ വഴി ആളുകളെ പറ്റിക്കുന്ന “ക്യാറ്റ്ഫിഷിംഗ്” എന്ന പ്രവണത അപൂര്‍വമല്ല.
  • സംഭാഷണങ്ങൾ സോഷ്യല്‍ മീഡിയയുടെയോ ഡേറ്റിംഗിന്‍റെയോ ആപ്പുകളില്‍ വേണ്ട, മറ്റു മാര്‍ഗങ്ങളില്‍ മതി എന്നു നിർബന്ധിക്കുന്നെങ്കില്‍ അത് ഇത്തരം ആപ്പുകളിലുള്ള നിരീക്ഷണ സംവിധാനങ്ങളെ വെട്ടിച്ച് ചൂഷണോദ്ദേശ്യത്തോടെയുള്ള സന്ദേശങ്ങളിലേക്കു കടക്കാന്‍ വേണ്ടിയാകാം.

ഇനി, വിവിധതരം ഓണ്‍ലൈന്‍ ബന്ധങ്ങളുടെ ഗുണദോഷങ്ങളും എടുക്കാവുന്ന മുന്‍കരുതലുകളും പരിചയപ്പെടാം.

സൗഹൃദങ്ങൾ

ന്യൂനതകൾ

  • നെറ്റില്‍ ജീവിതത്തിന്‍റെ സന്തോഷവശങ്ങളെപ്പറ്റി മാത്രം പെരുമ്പറയടിക്കുന്നവരോടു സ്വയം താരതമ്യപ്പെടുത്തുന്നത് നിരാശക്കോ അസൂയക്കോ ഇടയാക്കാം.
  • വ്യത്യസ്ത തലമുറകളിൽപ്പെട്ടവർ തമ്മിലുള്ള ആശയവിനിമയം എപ്പോഴും സുഖകരമാകണമെന്നില്ല.
  • പ്രൊഫൈൽപിക്കും മറ്റും കുറ്റമറ്റതാക്കി നല്ലൊരു ഇംപ്രഷൻ സൃഷ്ടിച്ചുവെക്കാനുള്ള അദ്ധ്വാനം കൗമാരക്കാർക്കും മറ്റും സമ്മർദ്ദജനകമാകാം.
  • പുറംലോകത്ത്, പരിചയമുള്ള ഒരാള്‍ അനിഷ്ടകരമായി പെരുമാറിയാല്‍ എന്താവുമതിനു കാരണം എന്നു നാം അന്വേഷിച്ചേക്കാം. എന്നാൽ ഓൺലൈനിൽ പരശ്ശതമാളുകൾ വേറെയും ലഭ്യരായിരിക്കുമ്പോൾ നാം അത്തരം മെനക്കേടുകൾക്കു മുതിർന്നേക്കില്ല; ബന്ധങ്ങൾ നിസ്സാര കാരണങ്ങളാൽ അവസാനിപ്പിച്ചേക്കാം.
  • ഏറെ ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഓൺലൈനിലും ഓഫ്’ലൈനിലും ഇടപെടേണ്ടി വരുന്നത് ആരോടും തീക്ഷ്ണമായ ഒരു ബന്ധം രൂപപ്പെടുന്നതിനു വിഘാതമാകാം.

ശ്രദ്ധിക്കാന്‍

  • യാതൊരു തെറ്റുകുറ്റങ്ങളോ കഷ്ടപ്പാടുകളോ ഇല്ലാത്ത ഒരാളായി നമ്മെ അവതരിപ്പിക്കുന്നത് മറ്റുള്ളവരില്‍ അസൂയയോ ആത്മനിന്ദയോ ബോറടിയോ അതുവഴി അകല്‍ച്ചയോ ഒക്കെ ജനിപ്പിക്കാം.
  • “ഫ്രണ്ട്സി”ന്‍റെ എണ്ണം ആയിരക്കണക്കിനാക്കാനല്ല, ഏതാനും പേരുമായെങ്കിലും ഒരാത്മബന്ധം രൂപീകരിക്കുന്നതിനാകണം മുന്‍ഗണന.
  • ഒരാളുടെ പോസ്റ്റുകള്‍ ചുമ്മാ ലൈക്ക് ചെയ്തുകൊണ്ടിരിക്കുന്നതൊന്നും ഗാഢസൗഹൃദത്തിലേക്കു വഴിതെളിക്കണമെന്നില്ല. ആത്മാർത്ഥമായ താൽപര്യം കാണിക്കുകയും തുറന്നു സംസാരിക്കുകയും നമ്മുടെ ന്യൂനതകളും വെളിപ്പെടുത്തുകയും ഒക്കെച്ചെയ്യുമ്പോഴാണു ബന്ധം ശക്തമാവുക.
  • ഓണ്‍ലൈന്‍ ചങ്ങാതിമാര്‍ എപ്പോൾ വേണമെങ്കിലും കളംവിടാം എന്നതിനാൽ അവരോടു സ്വകാര്യ വിവരങ്ങൾ പരിധിയിലധികം പങ്കുവെക്കാതിരിക്കുക.
  • നേരിട്ടുള്ള സൗഹൃദങ്ങൾക്ക് സമമൂല്യമുള്ള ഒരു ബദലാണ് ഓൺലൈൻ ബന്ധങ്ങൾ എന്നു കരുതാതിരിക്കുക.

ഡേറ്റിംഗ്

മേന്മകൾ

  • പങ്കാളികളെ വളരെയേറെ അംഗങ്ങളിൽനിന്നു തെരഞ്ഞെടുക്കാനുള്ള സൗകര്യം.
  • നമ്മുടെ ജീവിതരീതികളും താൽപര്യങ്ങളുമായി ചേർന്നുപോകുന്ന ആളുകളെ കണ്ടെത്താൻ മുമ്പെങ്ങുമില്ലാതിരുന്നത്ര അവസരം.
  • ഡേറ്റിംഗ് ഓൺലൈനില്‍ മാത്രം പരിമിതപ്പെടുത്തുമ്പോൾ കൂടുതല്‍ സുരക്ഷിതത്വവും കാര്യങ്ങൾ കുറേക്കൂടി നമ്മുടെ നിയന്ത്രണത്തിലാണെന്ന ധൈര്യവും തോന്നാം.

പരിമിതികൾ

  • താല്പര്യമില്ലാത്ത ലൈംഗികസന്ദേശങ്ങളോ ശ്രമങ്ങളോ നേരിടേണ്ടി വരിക.
  • തെരഞ്ഞെടുക്കേണ്ടത് അനേകസഹസ്രം പേരില്‍നിന്നാകുമ്പോള്‍ ഉളവാകുന്ന ആശയക്കുഴപ്പം. ഒട്ടേറെ സെർച്ച് ഓപ്ഷനുകൾ ഉള്ള ഡേറ്റിംഗ്സൈറ്റുകളിൽ പ്രസക്തമല്ലാത്ത കുറേ വിവരങ്ങളിലൂടെയും ചികയേണ്ടിവരുന്നത് മികച്ച പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനു വിഘ്നമാകുന്നുണ്ടെന്നു പഠനങ്ങളുണ്ട്.

പ്രണയം

ശക്തിപ്പെടുത്താൻ

  • സ്വന്തം പശ്ചാത്തലവും താൽപര്യങ്ങളും ജീവിതലക്ഷ്യങ്ങളുമെല്ലാം വിശദമായി വെളിപ്പെടുത്തുക. ദിനേന സംഭവിക്കുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെക്കുറിച്ചും അറിയിച്ചുകൊണ്ടിരിക്കുക. പരസ്പരം നന്നായി മനസ്സിലാക്കാനും ബന്ധം തീവ്രമാകാനും ഇതൊക്കെ സഹായിക്കും.
  • തുടരെത്തുടരെ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കണം എന്നില്ല. അങ്ങിനെയൊരു പ്രഷർ നിലനിന്നാല്‍ നിരാശയും മടുപ്പും ആകാം ഫലം.
  • സോഷ്യൽ മീഡിയകളിൽ പരസ്പരം ഫോളോ ചെയ്യുന്നത് പ്രേമഭാജനത്തിന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും പരിചയമാകാനും അവസരമൊരുക്കും; അത് ബന്ധം കൂടുതൽ യഥാർത്ഥമാണെന്ന ബോദ്ധ്യം തരും.
  • ദിനചര്യകൾ അന്യോന്യം മനസ്സിലാക്കിവെക്കുന്നതും ചോദ്യങ്ങളും സന്ദേശങ്ങളും തദനുസരണം ക്രമീകരിക്കുന്നതും പരസ്പരം നിത്യജീവിതങ്ങളുടെ ഭാഗങ്ങളാണ് എന്ന പ്രതീതിയുളവാക്കും.
  • ഗെയിമുകൾ പോലുള്ള ഓൺലൈൻ ആക്റ്റിവിറ്റികളില്‍ ഒന്നിച്ചു മുഴുകുന്നതും വീഡിയോ ചാറ്റില്‍ പരസ്പരം കണ്ട് വ്യായാമം ചെയ്യുകയോ ആഹാരം കഴിക്കുകയോ ഒക്കെച്ചെയ്യുന്നതും ഇടയിലുള്ള ദൂരം കുറയ്ക്കും.
  • കത്തുകളോ സമ്മാനങ്ങളോ വായിച്ചുകഴിഞ്ഞ പുസ്തകങ്ങളോ മറ്റോ അയച്ചുകൊടുക്കുന്നത് ഡിവൈസുകള്‍ക്കു പുറത്തും നിങ്ങളുടെ സാന്നിദ്ധ്യം പങ്കാളിക്ക് അനുഭവവേദ്യമാക്കും.
  • ഓൺലൈൻ സംഭാഷണങ്ങൾ, ആ മാദ്ധ്യമത്തിന്‍റെ പരിമിതികള്‍ മൂലം, തെറ്റിദ്ധാരണകളിലേക്കു നയിക്കാം എന്നതിനാൽ സംശയാശങ്കകള്‍ തുടക്കത്തിലേ പരിഹരിക്കാന്‍ ശ്രദ്ധിക്കുക.
  • ബന്ധത്തെയോ പങ്കാളിയെയോ പറ്റി സോഷ്യൽ മീഡിയയിൽ വല്ലതും കൊട്ടിഘോഷിക്കുംമുമ്പ് അനുവാദം വാങ്ങുക.
  • പരിഭവങ്ങളോ തർക്കങ്ങളോ ഒന്നും കമന്‍റ് ബോക്സുകൾ പോലുള്ള പബ്ലിക് ഇടങ്ങളിൽ വേണ്ട.

എന്തെങ്കിലും കാരണത്താൽ തെറ്റിപ്പിരിയേണ്ടിവന്നാൽ പഴയ പങ്കാളിയുടെ പ്രൊഫൈലും സ്റ്റാറ്റസുമൊക്കെ ഇടയ്ക്കിടെ നോക്കി അവരുടെ തുടര്‍ജീവിതം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് സ്വന്തം മനസ്സിലെ മുറിവുണങ്ങുന്നതിനു വിളംബമുണ്ടാക്കാം. ചിലര്‍ പ്രകോപിതരായി ഭീഷണികൾക്കും ബ്ലാക്ക്മെയിലിംഗിനും ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമൊക്കെ തുനിയുന്നത് മറ്റേയാളുടെ മാനസികാരോഗ്യം താറുമാറാക്കാം.

തട്ടിപ്പിൽപ്പെടാതിരിക്കാന്‍

ഓൺലൈൻ “പ്രണയ”ത്തിന്‍റെ മറവിലുള്ള സാമ്പത്തികചൂഷണങ്ങൾ അപൂർവ്വമല്ല. ധനനഷ്ടത്തിനു പുറമേ, ഇത്തിരി സ്നേഹവും കൊതിച്ചു ചെല്ലുന്നവർക്ക് കനത്ത വൈകാരിക ആഘാതവും അവ ഏല്‍പിക്കുന്നുണ്ട്.

പണം കൈമാറാനുള്ള മന:സ്ഥിതിയുണ്ടോയെന്നു പരിശോധിക്കാനായി ആദ്യം ചെറിയ തുകകൾ ചോദിച്ചുകൊണ്ടാകാം തട്ടിപ്പുകാർ തുടങ്ങുക. അടുത്തതായി, ചികിത്സക്കോ ഫീസടക്കാനോ മറ്റോ ഒരു വലിയ സംഖ്യ അത്യാവശ്യമായിട്ടു വേണം എന്ന അഭ്യര്‍ത്ഥന പയറ്റാം. ആലോചിക്കാൻ സമയം കിട്ടാതിരിക്കാനാണ് ഇങ്ങനെ ഒരടിയന്തര സാഹചര്യം സൃഷ്ടിക്കുന്നത്.

താഴെപ്പറയുന്നവ, തട്ടിപ്പാണു ലക്‌ഷ്യം എന്നതിന്‍റെ സൂചനയാകാം:

  • പരിചയപ്പെട്ട ഉടനെത്തന്നെ പ്രണയം വെളിപ്പെടുത്തുക.
  • ആളുടെ പേരോ ഫോട്ടോയോ വെച്ച് സർച്ച് ചെയ്താല്‍ ഒരു വിവരവും നെറ്റിലെങ്ങും കാണാതിരിക്കുക.
  • വീഡിയോകോളിനു ക്ഷണിച്ചാല്‍ ഒഴികഴിവു പറയുകയോ അല്ലെങ്കിൽ അന്നേരം മുഖം വ്യക്തമാകാത്ത രീതിയില്‍ ഇരിക്കുകയോ ചെയ്യുക.
  • പങ്കുവെക്കുന്ന കഥകളിൽ പൊരുത്തക്കേടുകൾ ഉണ്ടാവുക.
  • നഗ്നഫോട്ടോകളോ വീഡിയോകളോ അയക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുക. ഇവ പിന്നീട് ബ്ലാക്ക്’മെയിലിംഗിന് ഉപയോഗിക്കുകയാവാം ഉദ്ദേശ്യം.
  • സംശയങ്ങൾ ഉയർത്തിയാൽ വിഷയം മാറ്റുകയോ ദേഷ്യപ്പെടുകയോ ചെയ്യുക.

പന്തികേടു മണത്താല്‍ അടുപ്പമുള്ള ആരോടെങ്കിലും വിഷയം ചർച്ച ചെയ്യുന്നതാവും ഉചിതം.

ഇനി, വിവിധ പ്രായക്കാര്‍ മനസ്സിരുത്തേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

കൌമാരക്കാര്‍

ഏകാന്തതയും കുടുംബത്തിലോ കൂട്ടുകാരിലോ നിന്നുള്ള തിക്താനുഭവങ്ങളുമൊക്കെ ഓൺലൈൻ ബന്ധങ്ങളെ കൂടുതലായി ആശ്രയിക്കാൻ കൗമാരക്കാർക്കു പ്രേരണയാകാറുണ്ട്.

ശ്രദ്ധിക്കാന്‍

  • ബന്ധങ്ങൾ ഓൺലൈൻ ആണെന്നു വെച്ച് സത്യസന്ധതയും ആത്മാർത്ഥതയും കൈവിടാതിരിക്കുക.
  • കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുകയും പാലിക്കുകയും ചെയ്യുക.
  • സ്വകാര്യവിവരങ്ങൾ ലക്കും ലഗാനുമില്ലാതെ നെറ്റിൽ വിതറാതിരിക്കുക.
  • പ്രാമുഖ്യം ഓഫ്‌ലൈൻ ബന്ധങ്ങൾക്കുതന്നെ കൽപ്പിക്കുക.

ചൂഷണം തടയാം

ലൈംഗികോദ്ദേശ്യങ്ങളോടെ കൌമാരക്കാരോടു ബന്ധം സ്ഥാപിക്കാന്‍ അനേകര്‍ നെറ്റില്‍ പതിയിരിപ്പുണ്ട്. കൌമാരസഹജമായ ലൈംഗിക താല്പര്യങ്ങളും ജിജ്ഞാസകളും മൂലം ചിലര്‍ അവരോടു സഹകരിക്കാറുമുണ്ട്. ചൂഷകരുമായുള്ള ഒളിബന്ധങ്ങള്‍ മനസ്സിന്‍റെ ലൈംഗികമായ വികാസത്തെ അലങ്കോലപ്പെടുത്തുകയും ഈ പ്രായത്തില്‍ പ്രാധാന്യമര്‍പ്പിക്കേണ്ട പഠനം പോലുള്ള കാര്യങ്ങളില്‍ നിന്നു ശ്രദ്ധ തെറ്റിക്കുകയും ലൈംഗികരോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കുമൊക്കെ വഴിയൊരുക്കുകയും ചെയ്യാം എന്നോര്‍ക്കുക.
സോഷ്യല്‍മീഡിയകളിലെ പ്രൈവസി സെറ്റിങ്ങുകള്‍ യഥോചിതം പ്രയോജനപ്പെടുത്തുക. ലൈംഗികസംഭാഷണങ്ങളിലേക്കു വലിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അവരെപ്പറ്റി വെബ്സൈറ്റിനെയും വിശ്വാസമുള്ള മുതിര്‍ന്നവരെയും നിയമപാലകരെയും അറിയിക്കുക.

വിവാഹിതര്‍

ഓൺലൈൻ സൗഹൃദങ്ങൾ ദമ്പതികളുടെ സമ്പര്‍ക്കങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നത് “ടെക്നോഫറൻസ്” എന്നറിയപ്പെടുന്നു.

ശ്രദ്ധിക്കാന്‍

  • ഓണ്‍ലൈന്‍ സൌഹൃദങ്ങളെപ്പറ്റി പങ്കാളിയോട് തുറന്നു ചർച്ച ചെയ്യുക. സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ദൂരീകരിച്ചു കൊടുക്കുക.
  • പങ്കാളിയുടെ സോഷ്യൽ മീഡിയ ആപ്പുകളും മറ്റും ഒളിഞ്ഞുനോക്കുന്നതും, അവരുടെ പോസ്റ്റുകളിലെ വല്ലവരുടെയും ലൈക്കുകളെയോ കമന്‍റുകളെയോ പറ്റി വേവലാതിപ്പെടുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നതും നന്നല്ല. അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കുക. ആവശ്യമെങ്കില്‍ കൌണ്‍സലിംഗ് സ്വീകരിക്കുക.
  • ഒരുമിച്ച് ആഹാരം കഴിക്കുകയോ പുറത്തുപോവുകയോ ചെയ്യുമ്പോള്‍ പങ്കാളിയെ അവഗണിച്ച് ഫോണ്‍ നോക്കാതിരിക്കുക.
  • പങ്കാളിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അനുവാദം വാങ്ങാതെ സോഷ്യൽ മീഡിയയിലും മറ്റും പരസ്യപ്പെടുത്താതിരിക്കുക.

ഓൺലൈൻ അവിഹിതങ്ങൾ

സ്വന്തം പങ്കാളിയിൽനിന്നു ഗോപ്യമാക്കിവെച്ച് നെറ്റില്‍ ഒരാളോടു ശൃംഖരിക്കുകയോ ലൈംഗികച്ചുവയുള്ള വര്‍ത്തമാനങ്ങളില്‍ ഏർപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇങ്ങിനെ വിളിക്കുന്നത്. ശാരീരിക ബന്ധം ഉൾപ്പെടാത്തതിനാൽ ഇതിനെ അവിഹിതമെന്നു സമ്മതിക്കാന്‍ പലരും കൂട്ടാക്കാറില്ലെങ്കിലും, പങ്കാളിയല്ലാത്ത ഒരാളോട് വൈകാരികമായി ഏറെ അടുക്കുന്നതും സ്വകാര്യവിവരങ്ങൾ പങ്കുവെക്കുന്നതും രഹസ്യബന്ധം പുലർത്തുന്നതും ലൈംഗികസ്പര്‍ശങ്ങളുടെ അഭാവത്തിലും ദാമ്പത്യത്തിന്‍റെ ആണിക്കല്ലായ പരസ്പരവിശ്വാസത്തിന്‍റെ ധ്വംസനമാണ്. പ്രസ്തുത ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോൾ നിഷേധിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുക, പാസ്‌വേഡുകൾ മാറ്റുക, ഫോണോ കമ്പ്യൂട്ടറോ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ തുടങ്ങുക, അടുത്താരെങ്കിലും ചെന്നാല്‍ സ്ക്രീന്‍ തിടുക്കത്തില്‍ മാറ്റുക എന്നിവ ഇത്തരം ബന്ധങ്ങളുടെ സൂചനയാകാം. പങ്കാളി ഇതിനൊക്കെ മുതിരുന്നെങ്കിൽ സ്വയം കുറ്റപ്പെടുത്താതിരിക്കുക. പ്രശ്നം ക്ഷമയോടെ തുറന്നു ചർച്ച ചെയ്യാൻ ശ്രമിക്കുക. ആവശ്യമെങ്കില്‍ രണ്ടുപേര്‍ക്കും വിദഗ്ദ്ധസഹായം തേടുക.

പ്രായമായവർ

വാർദ്ധക്യത്തിലെ ഏകാന്തതയ്ക്ക് നല്ലൊരു പരിഹാരമാണ് ഓൺലൈൻ സൗഹൃദങ്ങൾ. പഴയ ഇഷ്ടങ്ങള്‍ക്കു യോജിച്ച കൂട്ടായ്മകളിൽ ചേരുന്നതിനൊപ്പം പുതിയ താൽപര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കുക. ചുമ്മാ മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക മാത്രം ചെയ്യാതെ സ്വന്തം പരിചയസമ്പത്തും അറിവും പങ്കുവെക്കുകയും വേണം. സുഹൃത്ത് എന്നതിന്‍റെ വർഷങ്ങളായി കൊണ്ടുനടക്കുന്ന നിർവചനത്തിന്‍റെ വ്യാപ്തി ഒന്നു വര്‍ദ്ധിപ്പിച്ച് പുതിയതരം വ്യക്തികളോടും അടുക്കാന്‍ ശ്രമിക്കുക. വിവിധ പ്രായങ്ങളിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത് പുത്തന്‍ കാഴ്ചപ്പാടുകളും അഭിരുചികളും നേടിത്തരും.

അതേസമയം, പ്രായമായവരെ, അവര്‍ക്ക് ഇന്‍റര്‍നെറ്റ് പരിജ്ഞാനം കുറവാകാം, ബുദ്ധികൂര്‍മത ക്ഷയിച്ചു തുടങ്ങിയിട്ടുണ്ടാകാം, കയ്യില്‍ ധാരാളം കാശുണ്ടാകാം, താമസിക്കുന്നതു തനിച്ചാകാം, ഏകാന്തത അലട്ടുന്നുണ്ടാകാം എന്നൊക്കെയുള്ള അനുമാനങ്ങളാല്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യമിടുന്നുണ്ട് എന്നോര്‍ക്കുക.

(2024 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
പഠിക്കാന്‍ മടിയോ?