മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
നെറ്റിലെ മര്യാദകേടുകാര്‍ക്ക് മനോരോഗമോ?
സോഷ്യല്‍മീഡിയയിലെ ദുഷ്പെരുമാറ്റക്കാരെപ്പറ്റി നിരന്തരം പ്രകടിപ്പിക്കപ്പെട്ടുകാണുന്ന ഒരു അസംബന്ധനിഗമനമാണ്, അവര്‍ക്കെല്ലാം മനോരോഗമാണെന്നത്. സാധാരണന്മാരുടെ പോസ്റ്റുകളും കമന്‍റുകളും കടന്ന് ഈയൊരാരോപണം പ്രമുഖവ്യക്തികളും മുഖ്യധാരാമാധ്യമങ്ങളും പോലും ഏറ്റുപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയിലെ വഴിവിട്ട പ്രതികരണങ്ങളെപ്പറ്റി ഒരഭിനേതാവിട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ തലക്കെട്ട് “സോഷ്യൽമീഡിയയിൽ മലയാളിക്ക് മനോരോഗം” എന്നും, എഫ്ബിയില്‍ വൃഥാ അധിക്ഷേപങ്ങള്‍ക്കിരയായ പ്രശസ്തവ്യക്തിയുടെ പത്രലേഖനത്തിന്‍റെ തലക്കെട്ട് “സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ: കേരളത്തില്‍ പടരുന്ന മനോരോഗം” എന്നും ആയിരുന്നു. “എല്ലാ ദുരന്തമേഖലകളിലേക്കും മൊബൈല്‍ഫോണ്‍ പൊക്കിപ്പിടിച്ച് ആര്‍ത്തിയോടെ എത്തുന്നവര്‍ക്കു മനോരോഗമല്ലാതെ മറ്റെന്താണ്?” എന്നായിരുന്നു ഒരു പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഈയിടെ ചോദിച്ചത്.
ഇതൊരു നിരുപദ്രവകരമായ പ്രവണതയല്ല.
നെറ്റിലെ നിര്‍മര്യാദരുടെ പ്രശ്നം മനോരോഗമല്ല എന്നതിന്‍റെ ഏറ്റവും വലിയ സാക്ഷ്യം തരുന്നത് മനോരോഗങ്ങളുടെ ഏറ്റവും നവീനവും ആധികാരികവുമായ പട്ടികയായ, അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ 2013-ല്‍ പുറത്തിറക്കിയ DSM-5 ആണ്. മനോരോഗങ്ങള്‍ക്ക് അതില്‍ക്കൊടുത്തിരിക്കുന്ന നിര്‍വചനം “തൊഴിലും സാമൂഹികജീവിതവും പോലുള്ള പ്രധാന ജീവിതമേഖലകളില്‍ ദുരിതവും ദുര്‍ബലത്വവും വിതക്കാറുള്ള, മനോവ്യാപാരങ്ങളെ സാദ്ധ്യമാക്കുന്ന മനശ്ശാസ്ത്രപരമോ മനോവികാസപരമോ ശാരീരികമോ ആയ പ്രക്രിയകളിലെ താളപ്പിഴകളുടെ പ്രതിഫലനമായ, ഒരാളുടെ ചിന്താശേഷിയെയോ വികാരനിയന്ത്രണത്തെയോ പെരുമാറ്റത്തെയോ ഗ്രസിക്കുന്ന സാരമായ അസ്വാസ്ഥ്യങ്ങള്‍” എന്നാണ്. ഓണ്‍ലൈന്‍ഗെയിമുകളോടുള്ള അമിതാസക്തിയെ Internet gaming disorder എന്ന പേരില്‍ “കൂടുതല്‍ ഗവേഷണങ്ങള്‍ ലഭ്യമായാല്‍ ഭാവിയില്‍ രോഗമായി പരിഗണിക്കാവുന്ന പ്രശ്നങ്ങള്‍” എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നല്ലാതെ, ഒരൊറ്റ ഓണ്‍ലൈന്‍ പെരുമാറ്റത്തെയും DSM-5 രോഗമെന്നോ ഏതെങ്കിലും രോഗത്തിന്‍റെ ലക്ഷണമെന്നോ വിളിക്കുന്നില്ല.
എന്നുമാത്രമല്ല, മനോരോഗമുള്ളവര്‍ നെറ്റില്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്നന്വേഷിച്ച പഠനങ്ങള്‍ പറയുന്നത് വിഷാദബാധിതര്‍ തങ്ങളുടെ പ്രത്യാശാരാഹിത്യവും ആത്മഹത്യാചിന്തകളും, സ്കിസോഫ്രീനിയയുള്ളവര്‍ തങ്ങളുടെ ഭീതീസംശയങ്ങളും നെറ്റില്‍ കുറിക്കാം എന്നെല്ലാമാണ് — അവരൊക്കെ മറ്റുള്ളവരെ അവഹേളിക്കുന്നുണ്ട് എന്നല്ല.
പിന്നെയാരാണ് നെറ്റില്‍ മര്യാദകേടു പുറത്തെടുക്കുന്നത് എന്നതിനെപ്പറ്റി ഗവേഷകര്‍ പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുമുണ്ട്. ഓണ്‍ലൈന്‍ പ്രശ്നക്കാരുടെ വ്യക്തിത്വം അപഗ്രഥിച്ച ഒരു പഠനം വെളിപ്പെടുത്തിയത് അവര്‍ക്ക് ചതിയും കൌശലവും കാണിക്കാനുള്ള പ്രവണതയും മറ്റുള്ളവരുടെ വേദനയില്‍ ആഹ്ളാദിക്കുന്ന മനസ്ഥിതിയും തന്നോടുതന്നെയുള്ള കടുത്ത അഭിനിവേശവും എങ്ങുമെവിടെയും ആധിപത്യം സ്ഥാപിക്കാനുള്ള ത്വരയും കൂടുതലും, പേടിയും കുറ്റബോധവും അന്യരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും കുറവും ആണെന്നാണ്. മറ്റുള്ളവരുടെ മേല്‍ ശക്തിയും മേല്‍ക്കോയ്മയും താന്‍പോരിമയും കാട്ടുക അവര്‍ക്ക് ഏറെ ആനന്ദദായകമായതിനാലാണ് പലപ്പോഴുമവര്‍ പേരുംപ്രശസ്തിയുമുള്ളവരെ ഉന്നംവെക്കുന്നതും.
Toxic disinhibition എന്ന പ്രതിഭാസം ഓഫ്‌ലൈനില്‍ മര്യാദരാമന്മാരായ ചിലരെപ്പോലും നെറ്റില്‍ ബെല്ലും ബ്രേക്കുമില്ലാത്തവരാക്കാം. താഴെ നിരത്തിയതുപോലുള്ള പല ഘടകങ്ങളും ഇതിന് ഇടനിലവഹിക്കുന്നുണ്ട്: (1) വ്യാജ പേരുകളും പ്രൊഫൈല്‍പിക്കുകളുമൊക്കെ രംഗത്തിറക്കി നെറ്റില്‍ യഥാര്‍ത്ഥ സത്വം മറച്ചുപിടിക്കാമെന്നത് ചിലരില്‍ ഓണ്‍ലൈന്‍ചെയ്തികള്‍ സ്വന്തം വ്യക്തിത്വത്തിന്‍റെയോ ജീവിതരീതിയുടെയോ ഭാഗമല്ലാത്ത എന്തോ ബാഹ്യ കാര്യങ്ങളാണ്, നെറ്റിലെ പെരുമാറ്റങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏല്‍ക്കേണ്ടതില്ല എന്നൊക്കെയുള്ള ധാരണ ജനിപ്പിക്കാം. (2) അപ്പുറത്തുള്ളവര്‍ ഉടനടി പ്രതികരിക്കാന്‍ സാദ്ധ്യത കുറവാണെന്നത് “എന്തുവേണമെങ്കിലും വിളിച്ചുപറഞ്ഞ് ഒരു പ്രത്യാഘാതവും നേരിടണ്ടതില്ലാതെ ഓടിരക്ഷപ്പെടാം” എന്ന മൂഢധൈര്യമുളവാക്കാം. (3) പ്രമാണിത്തമുള്ളവര്‍ സ്വന്തം പ്രാധാന്യം കൊട്ടിഘോഷിക്കാനും നോക്കിയുംകണ്ടുമേ തങ്ങളോട് ഇടപഴകാവൂവെന്ന് മാലോകരെയറിയിക്കാനും ഓഫ്’ലൈന്‍ലോകത്ത് പല ഉപാധികളും — വസ്ത്രധാരണം, ശരീരഭാഷ, ജീവിതചുറ്റുപാടുകളില്‍ച്ചെയ്യുന്ന അലങ്കരണങ്ങള്‍ എന്നിങ്ങനെ — ആയുധമാക്കാറുണ്ട്. എന്നാല്‍ നെറ്റില്‍ ഇവയൊന്നും പയറ്റാനുള്ള സ്കോപ്പില്ലെന്നത് അവിടെയുള്ളവര്‍ ഇത്തരക്കാരോടും സമന്മാരോടെന്ന പോലെ കയറിമുട്ടാന്‍ കളമൊരുക്കാം.
{xtypo_quote_right}കിരാതവാഴ്ച നാട്ടുനടപ്പായ ഇടങ്ങളില്‍ “ഇവിടെ ഇതാണനുയോജ്യം” എന്ന അനുമാനത്തില്‍ ബാക്കിയുള്ളവരും സമാനരീതി കൈക്കൊള്ളാം.{/xtypo_quote_right} കിരാതവാഴ്ച നാട്ടുനടപ്പായ ഇടങ്ങളില്‍ “ഇവിടെ ഇതാണനുയോജ്യം” എന്ന അനുമാനത്തില്‍ ബാക്കിയുള്ളവരും സമാനരീതി കൈക്കൊള്ളാമെന്നാണ് Broken windows theory പറയുന്നത്. ചിലര്‍ക്ക് ഓണ്‍ലൈന്‍വഷളത്തങ്ങള്‍ക്ക് ഇന്ധനമാവുന്നത് സാമൂഹികമര്യാദകളോടുള്ള അനാദരവോ വ്യക്തികളോടോ ഗ്രൂപ്പുകളോടോ ഉള്ള പ്രതികാരവാഞ്ഛയോ ആണെങ്കില്‍, ദുഷ്പെരുമാറ്റങ്ങള്‍ക്കു പ്രതിഫലമായി പലപ്പോഴും നല്ല ജനശ്രദ്ധയും കയ്യടി പോലും കിട്ടുന്നതാണ് വേറെ ചിലര്‍ക്കു പ്രോത്സാഹനമാവുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, നെറ്റിന്‍റെ ചില സവിശേഷതകളും അതുപയോഗിക്കുന്നവരുടെ ചില വ്യക്തിത്വരീതികളുമാണ് ഇവിടെ പ്രതിസ്ഥാനത്ത്. എന്നിരിക്കെ ഓണ്‍ലൈന്‍പ്രശ്നക്കാര്‍ക്ക് ഒന്നടങ്കം മനോരോഗമാണ് എന്നു പ്രചരിപ്പിക്കുന്നത് ഇത്തരക്കാര്‍ക്കുള്ള പ്രതിവിധി ചികിത്സയാണ്, നിയമനടപടികളല്ല എന്ന ധാരണ പരക്കാനും എങ്ങാനും പിടിക്കപ്പെട്ടാല്‍ “അതിനു ഞങ്ങളുടേത് രോഗമല്ലേ?” എന്നുവാദിച്ചവര്‍ രക്ഷപ്പെടാന്‍ നോക്കാനുള്ള സാദ്ധ്യതക്കും വഴിയൊരുക്കുന്നുണ്ട്. ഒപ്പം, ജനസംഖ്യയുടെ രണ്ടുമൂന്നു ശതമാനമെങ്കിലും വരുന്ന ശരിക്കുള്ള മനോരോഗ ബാധിതര്‍ക്ക് — ജോലി, വിവാഹം, സാമൂഹികജീവിതം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇപ്പോഴേ കനത്ത വിവേചനവും അവഗണനയും പരിഹാസവും മുന്‍വിധികളും ആക്രമണങ്ങളും നേരിടുന്ന, ചീത്തപ്പേരു പേടിച്ച് ചികിത്സയോടുപോലും മുഖംതിരിക്കാറുള്ള ഒരു കൂട്ടര്‍ക്ക് — ഉള്ള കഷ്ടതകള്‍ ഇനിയും പെരുപ്പിക്കുകയും രോഗം അവരുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്‍റെ തന്നെയും മേല്‍ ഏല്‍പിക്കുന്ന ആഘാതം കൂടുതല്‍ തീവ്രമാക്കുകയും ചെയ്യാം.
{xtypo_quote_left}ഓണ്‍ലൈന്‍ശല്യക്കാര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി അവരെ തീര്‍ത്തും അവഗണിക്കലാണ്.{/xtypo_quote_left}ഇത്തരം വ്യാജാരോപണങ്ങളെയ്ത് അമര്‍ഷം ശമിപ്പിക്കാന്‍ നില്‍ക്കാതെ, അങ്ങനെയാരെങ്കിലും ചെയ്തുകണ്ടാലത് മുഖവിലക്കെടുക്കാതെ, ഈയൊരു പ്രശ്നത്തെ ക്രിയാത്മകമായി നേരിടുക. ഓണ്‍ലൈന്‍ശല്യക്കാര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി അവരെ തീര്‍ത്തും അവഗണിക്കലാണ്. അവരോട് കെഞ്ചാനോ പിണക്കം മാറ്റാനോ സ്വന്തം വശം വിശദീകരിക്കാനോ വഴക്കിനോ ചെല്ലുന്നത്, അവരുടെ വ്യക്തിത്വസവിശേഷതകള്‍ കാരണം, നിഷ്ഫലമാവുകയാണ് പതിവ്. ഗ്രൂപ്പുകളില്‍ അവരുടെ വിളയാട്ടം കണ്ടാല്‍ അഡ്മിനുകളെ കാര്യമറിയിക്കുക. അംഗങ്ങളെ അധിക്ഷേപിക്കുന്നതു തടയാതിരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഗ്രൂപ്പുകളില്‍നിന്ന് കാരണം വ്യക്തമാക്കി ഒഴിഞ്ഞുപോരുക. ഓണ്‍ലൈന്‍പീഡകള്‍ക്ക് ഇരയാവുന്നവര്‍ക്ക് പിന്തുണ കൊടുക്കുക. ഉപദ്രവം അതിരുവിടുന്നെങ്കില്‍ സ്ക്രീന്‍ഷോട്ടുകളും മറ്റു തെളിവുകളും സ്വരുക്കൂട്ടി പോലീസിനെ സമീപിക്കുക — ഐ.ടി. നിയമത്തിലെ വിവാദപരമായിരുന്ന 66A വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയെങ്കിലും ഐ.പി.സി. 499, 500 വകുപ്പുകള്‍ പ്രകാരം ഇത്തരക്കാര്‍ക്ക് പിഴയും രണ്ടുവര്‍ഷംവരെ തടവും വാങ്ങിക്കൊടുക്കാനുള്ള അവസരം ഇപ്പോഴുമുണ്ട്.
(2016 ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy: Bizzmark Blog
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.