ചര്‍ച്ചകളിലും വിവാദങ്ങളിലും ഇടയ്ക്കിടെ കടന്നുവരാറുണ്ട്, ഓട്ടിസം. മാതാപിതാക്കള്‍ ജീന്‍സ് ധരിച്ചാലോ സ്വയംഭോഗം ചെയ്താലോ താന്തോന്നികളാണെങ്കിലോ ഒക്കെ കുട്ടികള്‍ക്ക് ഓട്ടിസം വരാം എന്നൊക്കെയുള്ള വാദങ്ങള്‍ ഈയിടെയായി രംഗത്തുണ്ട്. ഓട്ടിസം ചികിത്സയുടെ പേരില്‍ അനേകം തട്ടിപ്പുകള്‍ പ്രചരിക്കുന്നുമുണ്ട്. അവയ്ക്കു പിറകേ പോകുന്നത്, ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കു തക്ക സമയത്ത് യഥാര്‍ത്ഥ ചികിത്സകള്‍ ലഭിക്കാതെ പോവാനും മാതാപിതാക്കള്‍ക്കു ധനനഷ്ടത്തിനും ഹേതുവാകുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍, എന്താണ് ഓട്ടിസം, എന്തുകൊണ്ടാണ് അതുണ്ടാകുന്നത്, ഏതൊക്കെ ചികിത്സകള്‍ക്കാണ് ശാസ്ത്രീയ പിന്തുണയുള്ളത് എന്നെല്ലാമൊന്നു പരിശോധിക്കാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം, ഈ രീതിക്ക് ആരംഭമായത്.
എന്താണ് ഓട്ടിസം?
കുട്ടികളെ അവരുടെ ജനനത്തോടെയോ ജീവിതത്തിന്‍റെ ആദ്യമാസങ്ങളിലോ പിടികൂടാറുള്ള ഒരസുഖമാണത്. മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഓട്ടിസം മുഖ്യമായും താറുമാറാക്കാറുള്ളത് മറ്റുള്ളവരുമായുള്ള ഇടപഴകല്‍, ആശയവിനിമയം, പെരുമാറ്റങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ എന്നീ മേഖലകളെയാണ്. നൂറിലൊരാളെ വെച്ച് ഈയസുഖം ബാധിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു രോഗമാണ് ഇതെങ്കിലും മരുന്നുകളും മനശ്ശാസ്ത്രചികിത്സകളും ശാസ്ത്രീയ പരിശീലനങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു ശതമാനം രോഗികള്‍ക്കും മിക്ക ലക്ഷണങ്ങള്‍ക്കും ഏറെ ശമനം കിട്ടാറുണ്ട്.