മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഓട്ടിസം: ജീന്‍സും ജീനുകളും

autism-malayalam

ചര്‍ച്ചകളിലും വിവാദങ്ങളിലും ഇടയ്ക്കിടെ കടന്നുവരാറുണ്ട്, ഓട്ടിസം. മാതാപിതാക്കള്‍ ജീന്‍സ് ധരിച്ചാലോ സ്വയംഭോഗം ചെയ്താലോ താന്തോന്നികളാണെങ്കിലോ ഒക്കെ കുട്ടികള്‍ക്ക് ഓട്ടിസം വരാം എന്നൊക്കെയുള്ള വാദങ്ങള്‍ ഈയിടെയായി രംഗത്തുണ്ട്. ഓട്ടിസം ചികിത്സയുടെ പേരില്‍ അനേകം തട്ടിപ്പുകള്‍ പ്രചരിക്കുന്നുമുണ്ട്. അവയ്ക്കു പിറകേ പോകുന്നത്, ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കു തക്ക സമയത്ത് യഥാര്‍ത്ഥ ചികിത്സകള്‍ ലഭിക്കാതെ പോവാനും മാതാപിതാക്കള്‍ക്കു ധനനഷ്ടത്തിനും ഹേതുവാകുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍, എന്താണ് ഓട്ടിസം, എന്തുകൊണ്ടാണ് അതുണ്ടാകുന്നത്, ഏതൊക്കെ ചികിത്സകള്‍ക്കാണ് ശാസ്ത്രീയ പിന്തുണയുള്ളത് എന്നെല്ലാമൊന്നു പരിശോധിക്കാം.

എന്താണ് ഓട്ടിസം?

ജനനത്തോടെയോ ആദ്യമാസങ്ങളിലോ കുട്ടികളെ പിടികൂടുന്ന ഒരു പ്രശ്നമാണിത്. നൂറിലൊരാളെ വെച്ച് ഓട്ടിസം ബാധിക്കുന്നുണ്ട്. മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയെ ഓട്ടിസം താറുമാറാക്കാം. ഇതിന്‍റെ ചില പതിവുലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:

  • സംസാരിക്കാന്‍ തുടങ്ങാന്‍ വൈകുക
  • കുറച്ചു മാത്രം സംസാരിക്കുക
  • സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തോ കണ്ണിലോ നോക്കാതിരിക്കുക
  • ഭാവപ്രകടനങ്ങള്‍ സാധാരണമല്ലാതിരിക്കുക
  • ഒറ്റയ്ക്കിരിക്കാന്‍ താല്‍പര്യമുണ്ടാവുക
  • ഒരേ വാക്കുകള്‍ നിരന്തരം പറയുക
  • പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ചില ചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക
  • അപ്രധാന കാര്യങ്ങളോട് അമിത താല്‍പര്യം കാണിക്കുക

 ഈ ലക്ഷണങ്ങള്‍ മിക്കപ്പോഴും നേരിയ തോതിലെങ്കിലും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാറുണ്ട്.

എന്തുകൊണ്ട് അതു വരുന്നു?

കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. തലച്ചോറിന് ഗര്‍ഭാവസ്ഥയില്‍ ഏല്‍ക്കുന്ന കേടുപാടുകളാണ് ഓട്ടിസത്തിനു നിദാനമാകുന്നത് എന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. ഇത് പല കാരണങ്ങളാല്‍ സംഭവിക്കാം.

ജനിതക വൈകല്യങ്ങള്‍

ഓട്ടിസം ബാധിതരില്‍ പതിനഞ്ചോളം ശതമാനത്തിന് ഏതെങ്കിലും ജീനിലോ ക്രോമസോമിലോ കുഴപ്പം ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഫ്രജൈല്‍ എക്സ് സിണ്ട്രോം, ട്യൂബറസ് സ്ക്ലീറോസിസ് തുടങ്ങിയ ജനിതക രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഒപ്പം ഓട്ടിസവും വരാന്‍ സാദ്ധ്യത കൂടുതലുണ്ട്. ഓട്ടിസം ബാധിതരുടെ കുടുംബാംഗങ്ങളിലും അതിന്‍റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ കണ്ടുവരുന്നെന്നതും ജനിതക ഘടകങ്ങളുടെ പങ്കിനുള്ള തെളിവാണ്. മസ്തിഷ്കകോശങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെയും അവയിലെ ഡി.എന്‍.എ.യുടെയും കെട്ടുറപ്പിനെ താറുമാറാക്കിയാകാം ജനിതക വൈകല്യങ്ങള്‍ ഓട്ടിസത്തിനു വഴിവെക്കുന്നത്.

മറ്റു കാരണങ്ങള്‍

അച്ഛന് അമ്പതോ അമ്മയ്ക്ക് മുപ്പതോ വയസ്സു കഴിഞ്ഞുണ്ടാകുന്ന കുട്ടികളില്‍ ഓട്ടിസം കൂടുതലായി കാണുന്നുണ്ട്. ജനിതകപ്രശ്നങ്ങള്‍ക്കു സാദ്ധ്യതയേറുന്നതിനാലാകാം ഇത്.

ഗര്‍ഭവേളയില്‍ സോഡിയം വാല്‍പ്രോവേറ്റ് എന്ന മരുന്നെടുക്കുന്നവര്‍ക്കു ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം അമിതമായി കണ്ടുവരുന്നുണ്ട്.

പ്രസവവേളയില്‍ ഏറെ രക്തസ്രാവമുണ്ടാവുകയോ വേണ്ടത്ര ഓക്സിജന്‍ കിട്ടാതെ പോവുകയോ ചെയ്യുക, ജനനസമയത്ത് തൂക്കക്കുറവ് എന്നിവ ഓട്ടിസം ബാധിതരില്‍ കൂടുതലായി കാണുന്നുണ്ട്. എന്നാല്‍ അവ മൂലം ഓട്ടിസം വരുന്നതാണോ മറിച്ച് ഓട്ടിസം മൂലം അത്തരം ക്ലിഷ്ടതകള്‍ സംജാതമാകുന്നതാണോ എന്നതു വ്യക്തമല്ല.

കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ഓട്ടിസം കൂടുതലാണെന്നു നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ ഇതുവെച്ച്, കീടനാശിനികള്‍ തന്നെയാണ് അവിടങ്ങളില്‍ ഓട്ടിസം വര്‍ദ്ധിക്കാന്‍ കാരണം എന്നു സമര്‍ത്ഥിക്കാനാവില്ല.

വാക്സിനുകള്‍ ഓട്ടിസമുണ്ടാക്കുമെന്ന പ്രചരണം വ്യാപകമാണെങ്കിലും അത് ശാസ്ത്രീയാടിത്തറ തീരെയില്ലാത്തൊരു വ്യാജാരോപണം മാത്രമാണ്. വയറ്റിലെ ചില ബാക്ടീരിയകള്‍ ഓട്ടിസത്തിനു കാരണമാകാം എന്നു വാദമുണ്ടെങ്കിലും പഠനങ്ങള്‍ അതു ശരിവെച്ചിട്ടില്ല.

പ്രതിരോധിക്കാന്‍

ഗര്‍ഭകാലത്ത് ചില നടപടികള്‍ സ്വീകരിക്കുന്നത് കുട്ടിയില്‍ ഓട്ടിസം തടയാന്‍ സഹായിച്ചേക്കാം:

  • പ്രമേഹമുണ്ടെങ്കില്‍ നിയന്ത്രണവിധേയമാക്കുക.
  • അമിതവണ്ണം വരാതെ നോക്കുക.
  • പനി വന്നാല്‍ ചികിത്സ തേടുക.
  • അന്തരീക്ഷ മലിനീകരണം അധികം ബാധിക്കാതെ സൂക്ഷിക്കുക.
  • ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡ്, മള്‍ട്ടി വിറ്റാമിന്‍ തുടങ്ങിയ ഗുളികകള്‍ കഴിക്കുക.

പ്രസവം വിദഗ്ദ്ധമേല്‍നോട്ടത്തില്‍ ആക്കുക, മതിയായത്ര കാലം മുലയൂട്ടുക, ഗര്‍ഭങ്ങള്‍ തമ്മില്‍ ഒന്നര വര്‍ഷത്തിന്‍റെ ഇടവേളയെങ്കിലും ഉറപ്പുവരുത്തുക എന്നിവയും ഫലപ്രദമാകാം.

ചികിത്സ

ഓട്ടിസത്തെ വേരോടെ പിഴുതുമാറ്റുകയോ അതിന്‍റെ ലക്ഷണങ്ങള്‍ക്കൊരു സമ്പൂര്‍ണ പരിഹാരമോ നിലവില്‍ സാദ്ധ്യമല്ല. എന്നാല്‍, പരിശീലനങ്ങളും മനശ്ശാസ്ത്രചികിത്സകളും മരുന്നുകളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു ശതമാനം പേര്‍ക്കും മിക്ക ലക്ഷണങ്ങള്‍ക്കും ശമനം കിട്ടാറുണ്ട്. ആശയവിനിമയപാടവം മെച്ചപ്പെടുത്തുക, സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തി വരുത്തുക, പെരുമാറ്റപ്രശ്നങ്ങള്‍ ലഘൂകരിക്കുക, പഠനം പ്രോത്സാഹിപ്പിക്കുക എന്നീ മുഖ്യ ഉദ്ദേശങ്ങളാണ് ചികിത്സയ്ക്കുണ്ടാകാറ്. ഓരോ കുട്ടിയുടെയും കഴിവുകളും ന്യൂനതകളും തിരിച്ചറിഞ്ഞ് തദനുസരണമുള്ള ചികിത്സാപദ്ധതി രൂപപ്പെടുത്തുകയാണു ചെയ്യുക. പ്രശ്നം നേരത്തേ തിരിച്ചറിയേണ്ടതും അവിളംബം ചികിത്സകള്‍ തുടങ്ങേണ്ടതും അതിപ്രധാനമാണ്.

പരിശീലനങ്ങള്‍

മറ്റുള്ളവരുടെ സാന്നിദ്ധ്യം അരോചകമായിത്തോന്നാത്ത സാഹചര്യം സൃഷ്ടിക്കാനും ദൈനംദിനചര്യകള്‍ ചിട്ടപ്പെടുത്താനുമെല്ലാം പരിശീലനങ്ങള്‍ സഹായിക്കും. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കുന്നതെങ്ങനെ, ആംഗ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെങ്ങനെ, ആഗ്രഹങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കുന്നതെങ്ങനെ എന്നെല്ലാം പഠിപ്പിക്കാനും സാധിക്കാറുണ്ട്.

മനശ്ശാസ്ത്ര ചികിത്സകള്‍

സ്വയമോ മറ്റുള്ളവരെയോ ഉപദ്രവിക്കുന്ന ശീലം ബിഹേവിയര്‍ തെറാപ്പി കൊണ്ടു ചികിത്സിക്കുന്നത് ഉദാഹരണമാണ്. നല്ല രീതിയില്‍ പെരുമാറിയാല്‍ സമ്മാനങ്ങള്‍ കൊടുക്കുക പോലുള്ള വിദ്യകളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

മരുന്നുകള്‍

അക്രമാസക്തി, അടങ്ങിയിരിക്കായ്ക, ഉറക്കക്കുറവ് തുടങ്ങിയ ചില ലക്ഷണങ്ങള്‍ക്ക് മരുന്നുകള്‍ പ്രയോജനപ്പെടാറുണ്ട്.

ആഹാര ചികിത്സകള്‍

കുറച്ചൊക്കെ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഇവയ്ക്ക് ശാസ്ത്രീയാടിത്തറ തുച്ഛമാണ്. ഒമേഗാ ത്രീ, വിറ്റാമിനുകള്‍ എന്നിവയ്ക്കാണ് കൂട്ടത്തില്‍ അല്‍പം ഗവേഷകപിന്തുണയുള്ളത്.

ഗ്ലൂട്ടന്‍ ഫ്രീ കസീന്‍ ഫ്രീ ഡയറ്റ്: ഏറെക്കാലം ഈ ആഹാരരീതി പിന്തുടര്‍ന്നാല്‍ ചില കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങളും വയറ്റിലെ ബുദ്ധിമുട്ടുകളും കുറയാമെന്നു സൂചനകളുണ്ട്. എന്നാല്‍ ഇതിനായി സമയവും അദ്ധ്വാനവും ചെലവിടേണ്ടിവരുന്നത് കുട്ടിക്കു കൂടുതല്‍ പ്രധാനമായ മറ്റു പരിശീലനങ്ങള്‍ക്കു വിഘാതമാകാം എന്നതിനാല്‍ മിക്ക വിദഗ്ദ്ധരും ഇതു പ്രോത്സാഹിപ്പിക്കാറില്ല.

കീറ്റോജനിക് ഡയറ്റ്: പഠനങ്ങള്‍ വിരളമാണ്. വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ പോകാന്‍ കാരണമാകാം.

പ്രോബയോട്ടിക്കുകള്‍: പഠനങ്ങളില്‍ ഫലപ്രാപ്തി തെളിഞ്ഞിട്ടില്ല.

(ഇന്‍ഫോ ക്ലിനിക്ക് 2020 ഫെബ്രുവരി 23-നു പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Amir Bai / Times of Israel

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

വികാരങ്ങളുടെ അണിയറക്കഥകള്‍
ബുള്ളിയിംഗിനെ നേരിടാം

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62922 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
42170 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26595 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23491 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21252 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.