കുട്ടികളിലെ ശക്തമായ മൂഡുമാറ്റങ്ങള്‍ പ്രായസഹജം തൊട്ട് രോഗങ്ങളുടെ ലക്ഷണം വരെയാകാം.
വികാരനിലയിലെ ശീഘ്രവും തീവ്രവുമായ മാറ്റങ്ങള്‍ “മൂഡ്സ്വിംഗ്” എന്നുവിളിക്കപ്പെടുന്നു. സന്തോഷാവസ്ഥയിൽ നിന്നു പെട്ടെന്ന് കടുത്ത സങ്കടത്തിലേക്കോ ദേഷ്യത്തിലേക്കോ മാറുന്നത് ഉദാഹരണമാണ്. ഇടയ്ക്കെപ്പോഴെങ്കിലും മാത്രമാണെങ്കില്‍ മൂഡ്സ്വിംഗുകള്‍ തികച്ചും നോര്‍മലാണ്, ചുറ്റുപാടുകളെ മനസ്സിലാക്കാനും യഥാവിധി പ്രതികരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായകവുമാണ്.
കാരണങ്ങള്‍
- കൊച്ചുകുട്ടികൾ, വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചിട്ടുണ്ടാവില്ല.
- കൗമാരത്തിനു മുമ്പുള്ള ഹോർമോൺ വ്യതിയാനങ്ങള്‍.
- തീവ്രവും സങ്കീർണ്ണവുമായ വികാരങ്ങളെ അനുഭവവേദ്യമാക്കുന്ന മസ്തിഷ്കഭാഗങ്ങൾക്ക് കൗമാരത്തോടെ പൂര്‍ണവളർച്ചയെത്തും. എന്നാല്‍ പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും പ്രാപ്തിതരുന്ന ഭാഗങ്ങളുടെ വികാസം മുഴുവനാകുന്നതു കൗമാരശേഷം മാത്രമാണ്.
ഉദ്ദിഷ്ട കാര്യങ്ങൾ നടക്കാത്തതും പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതും മൂഡ്സ്വിംഗിനു നിമിത്തമാകാം. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങൾ, എ.ഡി.എച്ച്.ഡി, പഠനവൈകല്യം, ഡി.എം.ഡി.ഡി തുടങ്ങിയ മാനസികപ്രശ്നങ്ങളുടെ ഭാഗമായും മൂഡ്സ്വിംഗുകള്‍ വരാം.
അറുതിയാക്കാന്‍
- കുട്ടി വികാരതീവ്രതയിൽ നിൽക്കുന്നേരം ഉപദേശിക്കാനോ പരിഹാരം ചര്‍ച്ചചെയ്യാനോ ചെല്ലാതിരിക്കുക. അവരുടെ സങ്കടാശങ്കകളും മാനസികാവസ്ഥയും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നുമാത്രം വ്യക്തമാക്കുക. ഒന്നു തണുക്കുന്നത് വരെ സ്വല്‍പം നടന്നിട്ടു വരാനോ എങ്ങോട്ടെങ്കിലും മാറാനോ എന്തെങ്കിലും ചെയ്യാനോ നിർദ്ദേശിക്കാം.
- ശാന്തത തിരിച്ചെത്തിക്കഴിഞ്ഞാല്‍ കാര്യം ചർച്ചക്കെടുക്കാം. എന്താണു പ്രകോപനമായതെന്ന് ആരാഞ്ഞറിയുക. ചർച്ചയ്ക്കു മാത്രമായി തുനിഞ്ഞിരിക്കുന്നതിലും നല്ലത് പാചകമോ ഡ്രൈവിംഗോ പോലുള്ള മറ്റു പ്രവൃത്തികൾക്കിടെ വിഷയം അവതരിപ്പിക്കുന്നതാകും.
- പ്രകോപനമായ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങൾതന്നെ പറഞ്ഞു കൊടുക്കാതെ പറ്റുന്നത്ര അതു സ്വയം കണ്ടുപിടിക്കാൻ സഹായിക്കുക. സാദ്ധ്യമായ വിവിധ നടപടികള്‍ ഏതൊക്കെയായിരുന്നെന്നും അക്കൂട്ടത്തില്‍ പ്രയോജനം കൂടുതലുള്ളതും ദോഷം കുറവുള്ളതും ഏതിനാണെന്നും പര്യാലോചിക്കാന്‍ പ്രേരിപ്പിക്കാം. ദേഷ്യമോ സങ്കടമോ അല്ലാത്ത, കൂടുതല്‍ ഉചിതമായ പ്രതികരണങ്ങള്‍ കണ്ടെത്താന്‍ ഇതവരെ സഹായിക്കും.
- നിരന്തരം പ്രകോപനമാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ദൂരീകരിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുക.
തടയാന്‍
- ദൈനംദിനകൃത്യങ്ങൾക്ക് സമയക്രമം നിശ്ചയിക്കുക. വായന, ചിത്രംവര, പാട്ടുകേള്‍ക്കുക തുടങ്ങിയ റിലാക്സേഷന്‍ തരുന്ന പ്രവൃത്തികളും ഉൾപ്പെടുത്തുക.
- ഉറക്കവും വ്യായാമവും ആവശ്യത്തിനുണ്ടെന്നും സമീകൃതാഹാരം കഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
- പറ്റുന്നത്ര കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ അനുവദിക്കുക; അത് സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും പ്രശ്നപരിഹാരശേഷിയും വളര്‍ത്തും.
- വികാരസംയമനം ദൃശ്യമാക്കുന്ന വേളകളില്‍ പ്രശംസയോ ചെറിയ പാരിതോഷികങ്ങളോ വഴി പ്രോത്സാഹിപ്പിക്കുക.
- സ്വന്തം വികാരങ്ങളെ ആരോഗ്യപരമായി നിയന്ത്രിച്ച് നല്ല മാതൃക കാട്ടിക്കൊടുക്കുക.
പ്രശ്നം പരിഹൃതമാകുന്നില്ലെങ്കില്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും മനശ്ശാസ്ത്ര ചികിത്സകളും അനുബന്ധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഫലപ്രദമാകാം.
(2025 മാര്‍ച്ച് ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.