പ്രായസഹജമായ രണ്ടു ശാരീരിക പ്രത്യേകതകള്‍ കൌമാരക്കാരില്‍ കുറച്ചൊക്കെ മുന്‍കോപവും എടുത്തുചാട്ടവും ഉളവാക്കുന്നുണ്ട്:
വികാരങ്ങളെ സൃഷ്ടിക്കുകയും വെളിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ‘ലിമ്പിക് സിസ്റ്റം’ എന്ന മസ്തിഷ്കഭാഗത്തിന് കൌമാരത്തോടെ പൂര്‍ണവളര്‍ച്ചയെത്തുന്നുണ്ട്. എന്നാല്‍, ആത്മനിയന്ത്രണവും വൈകാരിക സംയമനവും പ്രശ്നപരിഹാരശേഷിയും സാദ്ധ്യമാക്കുന്ന ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സി’നു പാകതയാകുന്നത് ഇരുപത്തഞ്ചാംവയസ്സോടെ മാത്രവുമാണ്. ഈ സമയവ്യത്യാസം കൌമാരത്തെ സ്വല്‍പം വിസ്ഫോടകമാക്കാം.
ടെസ്റ്റോസ്റ്റിറോണും കോർട്ടിസോളും പോലുള്ള ഹോർമോണുകളുടെ അളവ് വർദ്ധിതമാകുന്നത് അവയ്ക്കു കൂടുതൽ സെൻസിറ്റീവ് ആയവരില്‍ അക്രമാസക്തതയ്ക്കു കാരണമാകാം. ആത്മനിയന്ത്രണവും വികാരങ്ങളുടെ ഉത്ഭവവും പ്രകടനവും ഒക്കെയായി ബന്ധപ്പെട്ട ചില നാഡീരസങ്ങളുടെ അളവു കുറയുന്നത് അതിവൈകാരികതക്കു വഴിയൊരുക്കുകയുമാവാം.
ചിലരില്‍, ദുരനുഭവങ്ങളും മാനസികപ്രശ്നങ്ങളും പ്രശ്നം തീവ്രമാക്കാം:
ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങൾ നേരിടുന്നതും വീട്ടിലോ സ്കൂളിലോ ഓണ്‍ലൈനിലോ നിരന്തരം ഒറ്റപ്പെടുത്തലോ പരിഹാസങ്ങളോ ഭീഷണികളോ സഹിക്കേണ്ടിവരുന്നതും അമർഷവും പ്രതികാരബുദ്ധിയും ഉളവാക്കാം.
നിയമലംഘനങ്ങളും കണ്ണില്‍ച്ചോരയില്ലായ്കയും മുഖമുദ്രയായ കണ്ടക്റ്റ് ഡിസോഡറും, അനുസരണക്കേടും തര്‍ക്കോന്മുഖതയും മുഖ്യലക്ഷണങ്ങളായ ഒപ്പൊസിഷനൽ ഡെഫയന്‍റ് ഡിസോഡറുമാണ് കൂട്ടത്തില്‍ പ്രധാനം.
അതിക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതിനു പിന്നില്‍ ഇനിപ്പറയുന്ന ഘടകങ്ങളുമാകാം:
മുൻതലമുറകളുടെ ഇഷ്ടലഹരികളായിരുന്ന പുകവലിയോ ചെറിയ അളവിലുള്ള മദ്യമോ അക്രമവാസന ഇളക്കിവിടാറില്ല. എന്നാൽ, ന്യൂജെൻ ലഹരികളായ മെതാംഫിറ്റമിൻ, എം.ഡി.എം.എ, കൊക്കയ്ൻ എന്നിവ തലച്ചോറിനെ ഉദ്ദീപ്പിച്ച് മുന്‍ശുണ്ഠിയും സംശയദൃഷ്ടിയും അക്രമാസക്തതയും സൃഷ്ടിക്കാം. എൽ.എസ്.ഡിയും മാജിക് മഷ്റൂമും കഞ്ചാവും മായാക്കാഴ്ചകളും ഇല്ലാശബ്ദങ്ങളും അനുഭവിപ്പിക്കുകയും ആത്മനിയന്ത്രണം ദുര്‍ബലമാക്കുകയും അതുവഴിയൊക്കെ ആക്രമണോത്സുകത ജനിപ്പിക്കുകയും ചെയ്യാം. ഇവയൊക്കെ വിലപിടിച്ചവയാണ് എന്നതും ഉപയോഗം പെട്ടെന്നു നിര്‍ത്തിയാല്‍ കടുത്ത അസ്വസ്ഥതകള്‍ ഉളവാക്കുമെന്നതും ഏതു വിധേനയും ഇവയ്ക്കു വേണ്ട കാശു കണ്ടെത്താനുള്ള ഉള്‍ത്തള്ളല്‍ സൃഷ്ടിക്കുന്നതും പ്രശ്നമാണ്.
മാനസികസമ്മർദ്ദമോ, ലഹരിയുപയോഗമോ, ടിവിയോ ഫോണോ രാത്രി വൈകുവോളം നോക്കുന്നതോ ഉറക്കം നഷ്ടമാക്കുക വഴി മുൻകോപവും അക്രമപ്രവണതയും കൂട്ടാം.
ഫലപ്രദമായി സംസാരിക്കുന്നതും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതും പ്രശ്നങ്ങൾ സമചിത്തതയോടെ പരിഹരിക്കുന്നതുമൊക്കെ എങ്ങിനെ എന്ന് കൗമാരക്കാർ പഠിക്കുന്നത് കുറേയൊക്കെ ചുറ്റുമുള്ള മുതിർന്നവരെ നോക്കിക്കണ്ടാണ്. അതിനൊന്നും അവസരം കിട്ടാതെ പോകുന്നത് ഒരു പ്രശ്നമാകാം. പതിനെട്ടു തികയാത്ത ആൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക ഡീഅഡിക്ഷൻ സെന്‍ററിലെ വിസിറ്റിംഗ് സൈക്യാട്രിസ്റ്റ് എന്ന നിലയ്ക്ക് ലേഖകൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, ആ കുട്ടികളിൽ ഭൂരിഭാഗവും മാതാപിതാക്കൾ വേർപിരിഞ്ഞ കുടുംബങ്ങളിലേതാണ് എന്നത്.
സിനിമയിലും വെബ് സീരീസുകളിലും ഗെയിമുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലുമൊക്കെ അക്രമദൃശ്യങ്ങള്‍ ഇന്നു സാധാരണമാണ്. വയലന്‍റ് കഥാപാത്രങ്ങളോടു താദാത്മ്യം തോന്നുന്നതും “ജീവിതം ശരിക്കും ഇങ്ങിനെയൊക്കെയാണ്” എന്ന അനുമാനം ഉളവാകുന്നതും കുഴപ്പമാകാം. “അക്രമം പ്രശ്നപരിഹാരത്തിന് നല്ലൊരുപാധിയാണ്” എന്നു ധരിച്ചുപോകുന്നവര്‍, സ്വയം പ്രതിരോധിക്കേണ്ടി വരുമ്പോള്‍ ഉടന്‍ ബലപ്രയോഗം തെരഞ്ഞെടുക്കാം. അക്രമങ്ങളുടെ ഇടയില്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പും ശ്വസനവും വേഗത്തിലാകുന്നതും ഭയം വരുന്നതും സ്വാഭാവികമാണ്. എന്നാല്‍, സ്ക്രീനുകളില്‍ വയലന്‍സ് ദൃശ്യങ്ങള്‍ കണ്ടുകണ്ട് അറപ്പുമാറിയവരില്‍ ഇത്തരം മാറ്റങ്ങളൊന്നും ഉളവാകാതെ പോകാം. അത്, അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും അവര്‍ക്കു സുഗമമാക്കാം. ഗെയിമുകളില്‍ അറ്റാക്കുകള്‍ നടത്തി നല്ല പരിചയമാകുമ്പോള്‍ ഹിംസാമനോഭാവം വ്യക്തിത്വത്തിന്‍റെ ഭാഗമായിപ്പോവാനും യഥാര്‍ത്ഥ ജീവിതത്തിലും പുറത്തെടുക്കപ്പെടാനും ഇടയൊരുങ്ങാം.
കൊലപാതകങ്ങളോ നിഷ്ഠൂരമായ അതിക്രമങ്ങളോ ചെയ്യുന്നവരില്‍ മേല്‍നിരത്തിയതില്‍ ഒന്നിലേറെ പ്രശ്നങ്ങളുടെ സ്വാധീനമുണ്ടാകാം.
(2025 മാര്‍ച്ച് 15-ന്‍റെ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.