ആക്രമണങ്ങളോ ബലാത്സംഗങ്ങളോ കൊലപാതകങ്ങളോ മറ്റോ നടത്തുന്നവര്‍ സ്വയം അതിന്‍റെയൊക്കെ ദൃശ്യങ്ങള്‍ നെറ്റു വഴി പ്രചരിപ്പിക്കുന്ന ട്രെന്‍ഡ് വ്യാപകമാവുകയാണ്. ഫേസ്ബുക്ക് ലൈവിന്‍റെയും പെരിസ്കോപ്പിന്‍റെയുമൊക്കെ ആവിര്‍ഭാവത്തോടെ പലരും ഇതിന്‍റെയൊക്കെ തത്സമയ സംപ്രേഷണവും നടത്തുന്നുണ്ട്. ഇതെല്ലാം കാണാന്‍കിട്ടുന്നവരാകട്ടെ, പലപ്പോഴും ഇരകള്‍ക്കു സഹായമെത്തിക്കാനൊന്നും മുതിരാതെ ആ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തുകൊണ്ടിങ്ങനെയൊക്കെ?
ദുര്‍ബലരെന്നു സ്വയംവിശ്വസിച്ചുപോരുന്നവര്‍ അതങ്ങനെയല്ലെന്നു മാലോകരെ ബോദ്ധ്യപ്പെടുത്താനുള്ള നിശ്ചയത്തോടെ കുറ്റകൃത്യങ്ങള്‍ക്കു മുതിരുകയും അവ നെറ്റിലിടുകയും ചെയ്യാം. എടുത്തുചാട്ടവും ദീര്‍ഘവീക്ഷണമില്ലായ്കയും കൂട്ടുകാര്‍ക്കു മുന്നില്‍ ആളാകാനുള്ള ത്വരയും സ്വതേ അധികമാണെന്നതിനാല്‍ കൌമാരക്കാര്‍ ഇത്തരം ചെയ്തികള്‍ക്കു കൂടുതലായിത്തുനിയാം. തീവ്രവാദികളും മറ്റും കൊലപാതകദൃശ്യങ്ങള്‍ നെറ്റിലിടാറുള്ളത്, സ്വന്തം വാദങ്ങളും ആശയങ്ങളും ഏറെപ്പേരിലെത്തിക്കാന്‍ അതു നല്ലൊരുപാധിയാണെന്ന തിരിച്ചറിവിനാലുമാണ്.
റിയാലിറ്റി ഷോകളും മറ്റും ദിനേനയെന്നോണം സെലിബ്രിറ്റികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍, സമൂഹം സെലിബ്രിറ്റികള്‍ക്ക് ഏറെ നിലയും വിലയും കല്‍പിക്കുന്നതും ജനമനസ്സില്‍ കൊടുംകുറ്റവാളികള്‍ക്കും പലപ്പോഴുമൊരു താരപരിവേഷം ലഭിക്കുന്നതും കാണുമ്പോള്‍, ചുളുവില്‍, ഹ്രസ്വകാലത്തേക്കെങ്കിലും ഒരു സെലിബ്രിറ്റിയായിരിക്കാനുള്ള മോഹം പലര്‍ക്കും, ഒരു പ്രകോപനവുമില്ലാത്തപ്പോഴും, അതിക്രമങ്ങള്‍ നടത്താനും ദൃശ്യങ്ങള്‍ നെറ്റിലിടാനും പ്രേരണയാകുന്നുമുണ്ട്. “പെര്‍ഫോര്‍മന്‍സ് ക്രൈം” എന്നാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു പേര്. മുന്‍പരിചയമേതുമില്ലാത്ത വഴിപോക്കരെ അടിച്ചുവീഴ്ത്തി വീഡിയോ നെറ്റിലിടുന്ന “knockout game” ഒരുദാഹരണമാണ്.
ഇത്തരം ദൃശ്യങ്ങള്‍ പലരും ഉത്സാഹത്തോടെ കണ്ടിരിക്കാറുണ്ട്. അതിനൊരു കാരണം, “ഹാവൂ, എനിക്ക് ഇങ്ങനെയൊന്നും വന്നില്ലല്ലോ!” “എന്തോ പിഴവു ചെയ്തതിനാലാകും സംഭവത്തിലെ ഇര ആ ഗതിയിലെത്തിയത്, ഈ ഞാന്‍ പക്ഷേ അങ്ങനെ പിഴവൊന്നും പറ്റുന്ന ടൈപ്പല്ല!” “ഇത്തരം സീനുകളൊക്കെ ചങ്കുറപ്പോടെ കണ്ടുതീര്‍ക്കാന്‍ വേണ്ടത്ര ഉള്‍ക്കരുത്തുള്ളയാളാണു ഞാന്‍.” എന്നൊക്കെയുള്ള ആശ്വാസങ്ങള്‍ അവ ഉള്ളിലുളവാക്കുന്നതാകാം. (അന്യരുടെ കഷ്ടത കാണുമ്പോഴുണരുന്ന ആനന്ദത്തിന് schadenfreude എന്നാണു പേര്.)
ഭീതിജനകമായ സാഹചര്യങ്ങളില്‍ ശരീരം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഏറെയളവില്‍ സ്രവിപ്പിക്കും. അതിനാല്‍ അന്നേരങ്ങളില്‍ നല്ലൊരുണര്‍വും ഊര്‍ജസ്വലതയും നമുക്കനുഭവപ്പെടും. ഏറെ സുരക്ഷിതത്വത്തിനുള്ളില്‍ നിന്നുകൊണ്ട്, അപകടം വല്ലതും പിണഞ്ഞേക്കുമെന്ന ഭയാശങ്കകളേതുമില്ലാതെ, അഡ്രിനാലിന്‍റെ കുത്തൊഴുക്ക് അനുഭവിച്ചാസ്വദിക്കാനുള്ള അവസരം നെറ്റിലെ ക്രൂരതാദൃശ്യങ്ങള്‍ ഒരുക്കിത്തരുന്നുണ്ടെന്നതും അവയെ ആകര്‍ഷകമാക്കുന്നൊരു ഘടകമാണ്. അഡ്രിനാലിന്‍ നമ്മുടെ ഏകാഗ്രതയും ജിജ്ഞാസയും വര്‍ദ്ധിപ്പിക്കുന്നത്, ഒരിക്കല്‍ കണ്ടുതുടങ്ങിയാല്‍പ്പിന്നെ അത്തരം ദൃശ്യങ്ങളില്‍നിന്നു കണ്ണു പിന്‍വലിക്കുക ക്ലേശകരമാക്കുന്നുമുണ്ട്.
പരിണാമപരമായി നോക്കുമ്പോള്‍, ഇത്തരം ദൃശ്യങ്ങളില്‍ നിന്ന് സുരക്ഷയ്ക്കുതകുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടെടുക്കുന്നത് സമാന പ്രശ്നങ്ങളില്‍ ചെന്നുപെടാതെ സ്വയംകാക്കാന്‍ സഹായകമാകാമെന്നതും നമുക്കവയോടു പ്രതിപത്തിയുളവാക്കുന്നുണ്ടാകണം.
അക്രമപ്രവൃത്തികള്‍ നെറ്റില്‍ ലൈവ് കാണാന്‍കിട്ടുന്ന മിക്കവരും വിവരം നിയമപാലകരെയോ വെബ്സൈറ്റ് അധികൃതരെയോ അറിയിക്കാറില്ല. ഇതിനു പല വിശദീകരണങ്ങളുമുണ്ട്.
സ്ഥലത്തു വേറെയും അനേകരുണ്ടെങ്കില്‍ അക്രമങ്ങളുടെയോ അപകടങ്ങളുടെയോ ഒക്കെ ഇരകള്‍ക്കു സഹായമേകാന്‍ നാം വിമുഖത കാണിക്കാന്‍ സാദ്ധ്യതയേറുന്നുണ്ട്. ‘ബൈസ്റ്റാന്‍റര്‍ എഫക്റ്റ്’ എന്നാണ് ഈ പ്രവണതക്കു പേര്. ഇതിനു പൊതുവെ വഴിവെക്കാറുള്ളത്, “മറ്റാരെങ്കിലും ചെയ്തോളും സഹായം”, “ബാക്കിയുള്ളവരും കാഴ്ചക്കാരായി നില്‍ക്കുകയാണല്ലോ; ഞാനും അങ്ങിനെത്തന്നെ ചെയ്‌താല്‍ മതിയാകും”, “ഞാന്‍ നടപടിയൊന്നുമെടുത്തില്ലെങ്കിലും അക്കാര്യം ഒരാളുമറിയാന്‍ പോകുന്നില്ല” എന്നൊക്കെയുള്ള അനുമാനങ്ങളാണ്.
“പ്രതികരിക്കാതിരിക്കുന്നതു ശരികേടാണ്, പക്ഷേ ഇവിടെയിപ്പോള്‍ ഇതു കണ്ടുനില്‍ക്കുന്ന ബാക്കിയെല്ലാവരും നിശ്ചയിച്ചിരിക്കുന്നതു പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ്” എന്ന് ആ രംഗം കാണുന്ന ഓരോരുത്തരും തെറ്റായി ഊഹിച്ചുപോകുന്നതും സാധാരണമാണ്. Pluralistic ignorance എന്നാണ് ഈ പ്രവണത വിളിക്കപ്പെടുന്നത്.
നെറ്റിലെക്കാര്യങ്ങള്‍ നടക്കുന്നത് ഒരു സ്ക്രീനിന്‍റെ അതിരിനപ്പുറത്താണ്, സിനിമകളിലും മറ്റും സമാനരംഗങ്ങള്‍ കണ്ടുശീലിച്ച അതേ സ്ക്രീനുകളിലൂടെത്തന്നെയാണു നെറ്റിലെ തത്സമയ അതിക്രമങ്ങളും കണ്‍മുമ്പിലെത്തുന്നത് എന്നതൊക്കെ കാഴ്ചക്കാര്‍ പ്രതികരിക്കാതിരിക്കാന്‍ കാരണമാകാം. കളിപ്പീരു വീഡിയോകള്‍ നെറ്റില്‍ അതിസാധാരണമാണെന്നതിനാല്‍ കണ്ടുകൊണ്ടിരിക്കുന്നത് അത്തരത്തിലൊരെണ്ണമാണെന്നു പലരും അനുമാനിച്ചുപോവുകയുമാകാം.
കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനും അവര്‍ക്കെതിരായ തെളിവുകളായും ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും പ്രയോജനപ്പെടാറുണ്ടെങ്കിലും അവ കൊണ്ട് ഏറെ ദൂഷ്യഫലങ്ങളും ഉണ്ട്. ഇത്തരമനുഭവങ്ങള്‍ തനിക്കും നേരിടേണ്ടിവന്നേക്കാമെന്ന ആകുലത ഇവ കാണുന്ന ചിലരെ വിടാതെ പിന്തുടരാന്‍ തുടങ്ങാം. ദൃശ്യങ്ങള്‍ നെറ്റില്‍ വ്യാപകമാകുന്നത് ഇരകളുടെ അപമാനബോധം പിന്നെയും കൂട്ടുകയും അവരെ ആത്മഹത്യയിലേക്കും മറ്റും തള്ളിവിടുകയും ചെയ്യാം. ഇത്തരം കൃത്യങ്ങള്‍ നടത്തുന്നവര്‍ക്കു കൈവരുന്ന പ്രശസ്തിയാല്‍ പ്രചോദിതരായി ചിലരെങ്കിലും അവരെയനുകരിച്ചു സമാനകൃത്യങ്ങള്‍ക്കൊരുമ്പെടാം — Copycat crimes എന്നാണിതിനു പേര്.
(2017 ജൂലൈ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.