മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

വിലക്കിഴിവുകളിലെ ചതിക്കുഴികള്‍

discount

ഡിസ്കൗണ്ടുകളോ ഓഫറുകളോ കണ്ടാല്‍ വലിയ അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങൾ പോലും വാങ്ങിക്കൂട്ടുക പലരുടെയും ശീലമാണ്. ഇത് സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിക്കും സാമ്പത്തികക്ലേശത്തിനും വഴിയൊരുക്കാറുമുണ്ട്. ഈ പ്രവണതക്ക് ഇടനിലയാകുന്നത് ചില ചിന്താവൈകല്യങ്ങളും വൈകാരികവും സാമൂഹികവുമായ പ്രേരണകളും വ്യക്തിത്വസവിശേഷതകളും കുൽസിതമായ മാർക്കറ്റിങ്ങ് തന്ത്രങ്ങളും ആണ്. ഇവയെ ദുരുപയോഗപ്പെടുത്തിയാണ് കടകളിലും ഓൺലൈനിലും വില്‍പനക്കാർ നമ്മെ എടുത്തുചാടി ഓരോന്നു വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം ഘടകങ്ങളെയും എടുക്കാവുന്ന മുന്‍കരുതലുകളെയും പറ്റി മനസ്സിലാക്കാം.

ചിന്താഗതിയിലെ പ്രശ്നങ്ങൾ

പരിമിതമോ അപൂർവ്വമോ ആണ് എന്നു തോന്നുന്ന സാധനങ്ങള്‍ കൈക്കലാക്കാൻ നമുക്കു ധൃതി കൂടാം. “ഓഫര്‍ ഇന്നു രാത്രി വരെ മാത്രം,” “രണ്ടെണ്ണം കൂടിയേ സ്റ്റോക്കുള്ളൂ” എന്നൊക്കെയുള്ള വാചകങ്ങൾ നമ്മെ ആ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ നിര്‍ബന്ധിതരാക്കാം.

ഇന്ന തുകയ്ക്കു മുകളിൽ വാങ്ങിയാൽ ഷിപ്പിങ്ങ് ഫ്രീയാണ് എന്നുള്ളപ്പോള്‍ ആ തുക എത്തിക്കാനായി അത്യാവശ്യമില്ലാത്ത സാധനങ്ങളും നാം വാങ്ങാം.

ആദ്യം കാണുന്ന വിവരത്തിനു കൂടുതൽ പ്രാധാന്യം കല്‍പിക്കാനുള്ള പ്രവണത നമ്മുടെ മനസ്സിനുണ്ട്. ഉദാഹരണത്തിന്, ആയിരം രൂപയുടെ സാധനം അഞ്ഞൂറിനു ലഭ്യമാണെങ്കില്‍, ശരിക്കും അതിന് അഞ്ഞൂറു രൂപയേ വിലയുള്ളെങ്കിലും, ആദ്യം കാണുന്ന ആ ഒറിജിനൽ വില നമ്മിൽ “പകുതി വിലയ്ക്കാണല്ലോ കിട്ടുന്നത്” എന്ന ദുസ്സംതൃപ്തി ഉളവാക്കാം.

കടയിലെ തിരക്കിലോ ഷോപ്പിങ്ങ് വെബ്സൈറ്റിലോ കുറേ നേരം ചെലവിട്ടു കഴിഞ്ഞാൽ, “ഇത്രയും സമയം കളഞ്ഞതല്ലേ, ഒന്നും വാങ്ങാതിരുന്നാൽ നഷ്ടമല്ലേ?” എന്ന ചിന്ത വരികയും അതിനാല്‍ മാത്രം നാം വല്ലതും വാങ്ങുകയും ചെയ്യാം.

ശ്രദ്ധിക്കാന്‍

  • ഷോപ്പിങ്ങിനു മുമ്പ് വേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക. ഓഫറുകളുടെ പേരില്‍ അതിൽ വലിയ തിരുത്തലുകൾക്കു തുനിയാതിരിക്കുക. ഇത്ര സമയത്തിനുള്ളില്‍ ഷോപ്പിങ്ങ് തീര്‍ക്കും എന്നു നിശ്ചയിക്കുന്നതും നന്നാവും.
  • “സെയിൽ ആയിരുന്നില്ലെങ്കിൽ ഇതു വാങ്ങുമായിരുന്നോ?” “ശരിക്കും ഇതു തനിക്ക് ആവശ്യമുണ്ടോ” എന്നൊക്കെ സ്വയം ചോദിക്കുക.
  • ഡിസ്കൗണ്ട് എത്രയുണ്ട് എന്നതിനല്ല, എത്ര രൂപയാണു ചെലവിടേണ്ടത് എന്നതിനു പ്രാധാന്യം കൊടുക്കുക. ഇത്രയെണ്ണം വാങ്ങിയാൽ ഇത്ര രൂപയ്ക്കു കിട്ടും എന്നു കാണുമ്പോഴും ഒരെണ്ണത്തിന് എത്ര രൂപയാകുന്നുണ്ട് എന്നു കൂട്ടിനോക്കുക. വലിയ പാക്കറ്റോ അല്ലെങ്കിൽ കൂടുതൽ എണ്ണമോ വാങ്ങിയാൽ വില കുറയുന്നുണ്ടെങ്കില്‍, അത്രയും തനിക്ക് ആവശ്യമുണ്ടോ എന്നതും പരിഗണിക്കുക.
  • ഷോപ്പിങ്ങിനിടെ ചിന്താക്കുഴപ്പം തോന്നുന്നെങ്കിൽ ഒരു പത്തു മിനിട്ട് ബ്രേക്ക് എടുക്കുന്നത് വ്യക്തത തിരികെക്കിട്ടാൻ സഹായിക്കാം.

വൈകാരിക ഘടകങ്ങൾ

ചുളുവിലയ്ക്ക് ഒരു സാധനം കിട്ടി എന്ന തിരിച്ചറിവ് തലച്ചോറിൽ ഡോപ്പമിൻ എന്ന, ആനന്ദം ഉളവാക്കുന്ന, നാഡീരസത്തെ സ്രവിപ്പിക്കുന്നുണ്ട്. സ്വല്‍പനേരത്തേക്കു മാത്രമുള്ളതോ സ്റ്റോക്ക് പരിമിതമായതോ ആയ സെയിലുകളില്‍ വിജയകരമായി ഓര്‍ഡര്‍ കൊടുക്കാനാവുന്നത് ആ സന്തോഷത്തെ വര്‍ദ്ധിതമാക്കാം.

പ്രകൃത്യാ നാം എടുക്കാന്‍ സാദ്ധ്യത കൂടുതല്‍, ഭാവി സാമ്പത്തികഭദ്രതയും ലഭ്യമായ സ്ഥലസൌകര്യങ്ങളും പരിഗണിച്ചുള്ള യുക്തിപൂർവ്വമായ തീരുമാനങ്ങളല്ല, മറിച്ച് പെട്ടെന്നു സന്തോഷം കൈവരുത്താവുന്നവയാണ്. ഓൺലൈനിൽ ഒറ്റക്ലിക്കിൽ വാങ്ങാൻ പറ്റുന്നതും ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്‌താല്‍ ഡെലിവറി പെട്ടെന്നാവും എന്നൊക്കെക്കാണുന്നതും “ഇത് വാങ്ങേണ്ടതുതന്നെയാണോ?” എന്ന് സമയമെടുത്തു ചിന്തിക്കുന്നതിനു തടസ്സമാകാം.

“ലാഭം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ” എന്ന കുറ്റബോധം പിന്നൊരിക്കല്‍ അലട്ടുന്നതൊഴിവാക്കാനും നാം എടുത്തുചാടി പര്‍ച്ചേയ്സ് നടത്താം. “70% വിലക്കുറവിൽ വാങ്ങാനുള്ള സുവര്‍ണാവസരം പാഴാക്കാതിരിക്കുക” എന്നൊക്കെയുള്ള വാചകങ്ങൾ ഈ പ്രവണതയെ ഉന്നംവെക്കുന്നവയാണ്.

മാനസികസമ്മർദ്ദമോ ബോറടിയോ സങ്കടമോ അകറ്റാനോ സന്തോഷവേളകള്‍ ആഘോഷിക്കാനോ ഷോപ്പിങ്ങ് നടത്തുന്നവരും ഉണ്ട്. ഈ ശീലത്തിന്, “ഡിസ്കൗണ്ടിൽ ആണല്ലോ സാധനം കിട്ടുന്നത്, അതുകൊണ്ടു വലിയ കുഴപ്പമില്ല” എന്ന ചിന്താഗതി പ്രോത്സാഹനമാകാം.

കാശു ചെലവാക്കുന്നത് സ്വതേ ലേശം മനോവിഷമം വരുത്തുന്ന കാര്യമാണ്. എന്നാൽ ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ അല്പം ലാഭിച്ചുവല്ലോ എന്ന ചിന്തയ്ക്കു പ്രാമുഖ്യം വരികയും പ്രസ്തുത വിഷമം കുറയുകയും ചെയ്യാം.

ആഹ്ളാദചിത്തരായിരിക്കുമ്പോള്‍ നാം വിലകളെ വിമർശനബുദ്ധ്യാ വിലയിരുത്താനുള്ള സാദ്ധ്യത കുറയാം.

ശ്രദ്ധിക്കാന്‍

  • മൂഡു മോശമാകുമ്പോൾ പരിഹാരമായി വ്യായാമവും ഹോബികളും സാമൂഹിക ഇടപഴകലുകളും പോലുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുക.
  • ഓരോ ദിവസവും സംഭവിച്ച നല്ല കാര്യങ്ങൾ കുറിച്ചുവെക്കുക ഒരു ശീലമാക്കുന്നത് സന്തോഷത്തിനു ഷോപ്പിങ്ങിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം ഒഴിവാക്കും.
  • ഓഫർ കണ്ടിട്ടും വാങ്ങാതിരിക്കുമ്പോൾ ഒരവസരം നഷ്ടമാവുകയല്ല, മറിച്ച് ആ കാശ് ലാഭമാവുകയാണ് എന്നു മാറിച്ചിന്തിക്കുക.

സാമൂഹിക ഘടകങ്ങൾ

കുറേപ്പേർ ചെയ്യുന്ന കാര്യം അനുകരിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. “ബെസ്റ്റ് സെല്ലർ,” “മോസ്റ്റ് പോപ്പുലർ,” “ട്രെൻഡിങ് നൗ” എന്നൊക്കെയുള്ള വിശേഷണങ്ങളും “ഇന്ന് അഞ്ഞൂറിലേറെപ്പേർ ഇതു വാങ്ങി” എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളും ആ ഉത്പന്നം നിശ്ചയമായും കൈവശപ്പെടുത്തേണ്ട ഒന്നാണ് എന്ന ധാരണ ജനിപ്പിക്കാം. “എല്ലാവരും വാങ്ങുമ്പോള്‍ ഞാന്‍ മാത്രം മാറിനിന്നാൽ എങ്ങനെയാ?” എന്ന മനോഭാവവും പ്രശ്നമാവാം.

അയൽക്കാരുടെയോ കൂട്ടുകാരുടെയോ കയ്യിലുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടി അവരുടെ നിലവാരം നമുക്കുമുണ്ടെന്നു കാണിക്കാനുള്ള ദുര്‍’വാശി, ഇത്തിരി ഡിസ്കൗണ്ടില്‍ ലഭ്യമായാൽ അവ സ്വന്തമാക്കാൻ പ്രോത്സാഹനമാവാം.

ശ്രദ്ധിക്കാന്‍

  • സോഷ്യൽ മീഡിയാ ഉപയോഗം കുറയ്ക്കുന്നത് ഇൻഫ്ലുവൻസര്‍മാരുടെ സ്വാധീനത്തിലുള്ള അനാവശ്യ പര്‍ച്ചേയ്സുകള്‍ ഒഴിവാക്കാൻ സഹായിക്കും. ആഡംബര ഉത്പന്നങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നവരെ അൺഫോളോ ചെയ്യുന്നതും നന്നാകും.
  • സമൂഹത്തിൽ വില കിട്ടാൻ സാധനസാമഗ്രികൾ കുന്നുകൂട്ടുന്നതിനു പകരം സന്നദ്ധ പ്രവർത്തനങ്ങൾ പോലുള്ളവ അവലംബിക്കുക.

വ്യക്തിത്വ സവിശേഷതകൾ

ആത്മനിയന്ത്രണം കുറവുള്ളവർ സെയിലുകളില്‍ ഗുണദോഷങ്ങള്‍ പരിഗണിക്കാതെ പര്‍ച്ചേയ്സ് നടത്താന്‍ സാദ്ധ്യത കൂടുതലാണ്.

സാമ്പത്തിക സാക്ഷരതയുടെ അഭാവം വിലകൾ മനസ്സിലാക്കുന്നതിനും സ്വന്തം നീക്കിയിരിപ്പും ബജറ്റും അറിഞ്ഞു ചെലവാക്കുന്നതിനും വിഘാതമാകാം.

കയ്യിൽ എന്തൊക്കെയുണ്ട് എന്നതാണ് സമൂഹത്തിൽ തന്‍റെ വില നിർണയിക്കുന്നത് എന്നു ധരിച്ചുവശായവര്‍ ആഡംബരവസ്തുക്കൾ വിലക്കുറവിൽ ലഭിച്ചാല്‍ വാങ്ങിക്കൂട്ടാം.

ശ്രദ്ധിക്കാന്‍

  • ഷോപ്പിങ്ങിനു പോകുമ്പോൾ നല്ല, അനാവശ്യ ധൂര്‍ത്തില്‍നിന്നു പിന്തിരിപ്പിക്കാറുള്ള, സുഹൃത്തുക്കളെ കൂടെക്കൂട്ടുക.
  • അത്ര അനിവാര്യമല്ലാത്തവ വാങ്ങുംമുമ്പ് ഒന്നോ രണ്ടോ ദിവസം കാക്കുക.
  • വാങ്ങാൻ പോകുന്ന എല്ലാ സാധനങ്ങളുടെയും മൊത്തം വില ഒന്നു കൂട്ടിനോക്കുന്നത് ചുളുവിലയ്ക്കു കിട്ടിയത് എന്നു തോന്നിപ്പിച്ച ചില ഉത്പന്നങ്ങളെങ്കിലും ഒഴിവാക്കാൻ പ്രേരണയാകാം.
  • പണം വേണ്ട ഒരു ഭാവിസ്വപ്നവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ (ഉദാഹരണത്തിന്, പണിയാന്‍ ആഗ്രഹിക്കുന്ന വീട്) ഫോണിലോ പഴ്സിലോ വെക്കുക.
  • വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിനല്ല, മറിച്ച് വല്ലതും പഠിക്കാനോ യാത്രകള്‍ക്കോ പണം ചെലവിടുന്നതാണ് കൂടുതല്‍ സ്ഥായിയായ സന്തോഷം പകരുക എന്നാണു ഗവേഷകമതം.

മാർക്കറ്റിങ്ങ് തന്ത്രങ്ങൾ

ഡിസ്കൗണ്ടുകൾ തട്ടിപ്പാവാം. വില കൂട്ടിയിട്ടിട്ട് ശരിക്കുള്ള വിലയ്ക്ക് “ഡിസ്കൗണ്ട്” ആയി തരുന്നത് സാധാരണമാണ്.

100 രൂപയ്ക്കു പകരം 99 രൂപ എന്നൊക്കെ വിലയിടുന്നത്, "രണ്ടക്ക സംഖ്യയാണ്, കുറഞ്ഞ വിലയാണ്” എന്ന തെറ്റിദ്ധാരണ അബോധമനസ്സിലെങ്കിലും ജനിപ്പിക്കാനാണ്.

വിശ്വാസ്യത ആര്‍ജിച്ചുകഴിഞ്ഞ ബ്രാൻഡുകളിൽ നിന്നാവുമ്പോൾ നാം ഓഫറുകളിൽ കള്ളക്കളിയൊന്നും സംശയിച്ചേക്കില്ല.

കടകളിൽ കയറിച്ചെല്ലുന്ന സ്ഥലത്തുതന്നെ ഡിസ്കൗണ്ടുള്ള ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുക, ഓണ്‍ലൈനില്‍ അടക്കേണ്ട ശരിക്കുള്ള തുക ചെക്കൌട്ടിന്‍റെ സമയത്തു മാത്രം കാണിക്കുക എന്നിവയും ദുരുദ്ദേശപരമാവാം.

ഓപ്ഷനുകള്‍ അനവധിയുള്ളപ്പോള്‍ തെരഞ്ഞെടുപ്പിനു നമുക്ക് കൂടുതൽ ഊർജ്ജവും സമയവും ആവശ്യം വരാം. അങ്ങനെയുള്ളപ്പോൾ കച്ചവടക്കാർ പ്രത്യേകം പ്രദർശിപ്പിക്കുന്ന "ബെസ്റ്റ് സെല്ലേഴ്സ്" "സ്റ്റാഫ് പിക്സ്" തുടങ്ങിയവ നമുക്ക് തീരുമാനമെടുക്കൽ എളുപ്പമാക്കുകയും അവയിൽനിന്നു നാം അധികം ആലോചന കൂടാതെ വല്ലതും എടുക്കുകയും ചെയ്യാം.

മറ്റൊന്നുമായുള്ള താരതമ്യം രംഗത്തിറക്കി ഒരുൽപന്നം മെച്ചമാണ് എന്നു തോന്നിപ്പിക്കുന്ന തന്ത്രവും പയറ്റപ്പെടാം. ഉദാഹരണത്തിന്, "അരക്കിലോയ്ക്ക് 30 രൂപ" എന്നും "ഒരു കിലോയ്ക്ക് 50 രൂപ" എന്നും എഴുതിയ രണ്ടു പാക്കറ്റുകൾ അടുത്തടുത്തു വെച്ചാൽ ഒരു കിലോ ലാഭകരമാണ് എന്നു ചിന്തിച്ച് നാം അതു വാങ്ങാം.

ഫ്രീ സാമ്പിൾ എടുത്തുപയോഗിച്ചാൽ ഒരു കടപ്പാടു രൂപപ്പെടുകയും അതു തീർക്കാൻ നാം ആ ഉത്പന്നം വാങ്ങുകയും ചെയ്യാം. ഒരു മെമ്പർഷിപ്പിന്‍റെ ഭാഗമായിക്കിട്ടുന്ന എക്സ്ക്ലൂസീവ് ഡീലുകളും മറ്റും “നമുക്കായി പ്രത്യേകം തരുന്നതല്ലേ, അവഗണിച്ചാൽ മോശമല്ലേ?” എന്ന ചിന്ത ഉയര്‍ത്താം.

ഷോപ്പിങ്ങ് സൈറ്റുകൾ, ഏതൊക്കെ ഉത്പന്നങ്ങളാണ് നാം കൂടുതൽ നിരീക്ഷിക്കുന്നതും മുമ്പു വാങ്ങിച്ചതും എന്നൊക്കെ മനസ്സിലാക്കി സമാന ഉത്പന്നങ്ങൾ ഉടനെ വാങ്ങിയാൽ കുറഞ്ഞ വിലയ്ക്കു തരാം എന്ന ഓഫർ നമുക്കു മാത്രമായിട്ടു മുന്നോട്ടുവെക്കാം, അവയുടെ പരസ്യം നാം കയറുന്ന മറ്റു സൈറ്റുകളിൽ കാണിക്കാം.

ശ്രദ്ധിക്കാന്‍

  • ഡിസ്കൗണ്ടുള്ള ഉത്പന്നങ്ങളുടെ യഥാർത്ഥ വില മറ്റു സ്രോതസ്സുകളില്‍നിന്ന് അന്വേഷിച്ചറിയുക.
  • മാർക്കറ്റിങ്ങ് വാചകങ്ങളെ നമ്മുടെ കാഴ്ചപ്പാടിലേയ്ക്കു മാറ്റിയെഴുതുക. ഉദാഹരണത്തിന്, “പകുതി വിലയ്ക്ക്” എന്നതിനെ “നൂറു രൂപ ഞാൻ കൊടുക്കണം” എന്നാക്കാം.
  • ഷോപ്പിങ്ങ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്തിടുക. ഇ-മെയിലിലും വാട്സ്ആപ്പിലുമൊക്കെ മാർക്കറ്റിംഗ് സന്ദേശങ്ങളില്‍നിന്ന് അൺസബ്സ്ക്രൈബ് ചെയ്യുക.
  • “സ്റ്റോക്ക് പരിമിതം” എന്നു കാണുന്നെങ്കില്‍ മറ്റു സൈറ്റുകളിൽ ലഭ്യമാണോ എന്നു നോക്കാം.
  • ചെക്കൌട്ട് സമയത്ത് അനാവശ്യ ആഡ് ഓണുകളോ മറ്റോ ഡിഫോള്‍ട്ടായി ടിക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.
  • പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉപാധികൾ സ്വീകരിക്കുക. ഇൻ കോഗ്നിറ്റോ മോഡ് അവലംബിക്കുന്നതും കുക്കീസ് ഇടയ്ക്കിടെ ക്ലിയർ ചെയ്യുന്നതും നമ്മെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള പരസ്യങ്ങള്‍ തടയാൻ സഹായിക്കും.

(2025 ഒക്ടോബര്‍ ലക്കം ‘ഐ.എം.എ. നമ്മുടെ ആരോഗ്യ’ത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

വൈവാഹിക പീഡനം: ആത്മഹത്യകള്‍ തടയാം

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
63576 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
42588 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26989 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23953 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21647 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.