ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത സ്ഥലം തയ്യാറാക്കി വെക്കുന്നതു നല്ലതാണ്. അവിടെച്ചെന്നിരിക്കുമ്പോൾ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും ഇതു സഹായിക്കും.
അവിടെ ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം. അത്, കണ്ണിനു ക്ലേശം കുറക്കുകയും ശ്രദ്ധയെ സഹായിക്കുകയും ചെയ്യും. ഉണർവു കിട്ടാനും മാനസിക സന്തോഷത്തിനും സൂര്യപ്രകാശമാണു നല്ലത്. നേരത്തിനനുസരിച്ച് വെളിച്ചത്തിൻറെ തരവും തീവ്രതയും മാറുന്നതും കണ്ണുകൾക്കു ഗുണകരമാകും. അതേസമയം, വെയിൽ അധികമാവുക വഴി ചൂട് അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വെളിച്ചത്തിന്റെ തീവ്രത അഡ്ജസ്റ്റ് ചെയ്യാവുന്ന തരം ലൈറ്റുകളും നന്നാവും.
പുറത്തുനിന്നും അധികം ശബ്ദം കടന്നു വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏകാഗ്രതക്കു നല്ലതാണ്. ശബ്ദത്തെ ആഗിരണം ചെയ്യുന്ന കർട്ടനുകളും അകൗസ്റ്റിക് പാനലുകളും ഇവിടെ ഉപകാരപ്പെടും.
ഉയരവും ചരിവും അഡ്ജസ്റ്റ് ചെയ്യാവുന്ന തരം കസേരയും സൗകര്യപ്രദമായ ഉയരമുള്ള മേശയും തെരഞ്ഞെടുക്കാം. ഇരിക്കുമ്പോൾ സുഖകരമായ പൊസിഷൻ നിലനിർത്താനും, അതുവഴി ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഒഴിവാക്കാനും, കുറേ നേരം ഇരുന്നു പഠിക്കുമ്പോഴും ശ്രദ്ധ മാറിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
പുസ്തകങ്ങളും പഠനസാമഗ്രികളും നന്നായി ക്രമീകരിച്ച് ഒതുക്കി വെക്കാവുന്ന ഷെൽഫുകളും ഡ്രോയറുകളും ശ്രദ്ധ അനാവശ്യമായി വ്യതിചലിക്കുന്നതും സമയം പാഴാകുന്നതും തടയാൻ പ്രയോജന പ്പെടും.
ചുമരുകളിലും മറ്റും കടുംചുവപ്പും കടുംമഞ്ഞയും പോലുള്ള ശ്രദ്ധയെ വല്ലാതെ പിടിച്ചുവലിക്കുന്ന തരം നിറങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്.എന്നാൽ ഇളംനീലയും ഇളംപച്ചയും ഷെയ്ഡുകൾ കണ്ണിന് ആയാസം കുറയ്ക്കും.
വ്യക്തിപരമായി ഇഷ്ടമുള്ള വസ്തുക്കൾ കാഴ്ചപ്പുറത്തു സ്ഥാപിക്കുന്നതും പ്രചോദനകരമായ മഹദ് വചനങ്ങളും മറ്റും ചുമരിൽ തൂക്കുന്നതും നന്നാവും.
ഇൻഡോർ ചെടികൾ മാനസിക സമ്മർദ്ദം കുറയ്ക്കും. അധികം മെയിൻറനൻസ് ആവശ്യമില്ലാത്ത തരം ചെടികളാകും നല്ലത്.
(2025 ജൂലൈ ലക്കം വനിത വീട് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.