മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ലൈംഗിക സംതൃപ്തിയിലേക്ക് ഉള്ള വഴികള്‍
“നമ്മളെല്ലാം ജന്മനാ ലൈംഗികജീവികളാണ്. എന്നിട്ടും പ്രകൃതിയുടെ ഈ വരദാനത്തെ ഒട്ടേറെപ്പേര്‍ അവജ്ഞയോടെ വീക്ഷിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതു ഖേദകരമാണ്.”
- മെർലിൻ മൺറോ (മുൻ ഹോളിവുഡ് നടി)
ലൈംഗികാനന്ദം
ലൈംഗിക സന്തുഷ്ടിക്ക് ശാരീരികവും വൈകാരികവും മാനസികവുമായ മാനങ്ങൾ ഉണ്ട്. വ്യത്യസ്തങ്ങളായ അനുഭൂതികളിലൂടെയും അനുഭവങ്ങളിലൂടെയും അത് പ്രാപ്യമാവുകയും ചെയ്യാം. വേഴ്ച മാത്രമല്ല, ലൈംഗിക സന്തോഷം പ്രാപ്തമാകാനുള്ള മാര്‍ഗങ്ങള്‍ വേറെയും ധാരാളമുണ്ട്. ലൈംഗിക ചിന്തകളിലോ മനോരാജ്യങ്ങളിലോ മുഴുകുക, ചുംബനം, ശരീരങ്ങൾ പരസ്പരം ഉരുമ്മുക, തനിച്ചോ പങ്കാളിയുടെ കൂടെയോ ഉള്ള സ്വയംഭോഗം, വദനസുരതം (oral sex), മലദ്വാരത്തിലൂടെയുള്ള ബന്ധപ്പെടൽ, സെക്സ് ടോയ്സ് ഉപയോഗിക്കൽ, ലൈംഗികമായ ഫോൺ സംഭാഷണങ്ങളോ ചാറ്റിങ്ങോ, നീലച്ചിത്രങ്ങൾ, ലൈംഗികകഥകള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക എന്നിവ ഉദാഹരണങ്ങളാണ്. നിങ്ങൾക്കോ മറ്റൊരാൾക്കോ അപകടം പിണയാനുള്ള സാദ്ധ്യത ഇല്ലാത്തിടത്തോളം ലൈംഗിക സന്തോഷം പ്രാപ്യമാക്കാനുള്ള ഒരു രീതിയും തെറ്റല്ല. സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണം തോന്നുന്നത് ഒരു പ്രശ്നമോ രോഗമോ അല്ല.
നാലു ചുവടുകള്‍
ലൈംഗിക ഉദ്ദീപനങ്ങളോട് നമ്മുടെ ശരീരങ്ങൾ പ്രതികരിക്കുന്നത് നാലു ഘട്ടങ്ങളിലായാണ്. എന്നാല്‍ എല്ലായ്പ്പോഴും ഒരാള്‍ ഇതില്‍ എല്ലാറ്റിലൂടെയും കടന്നുപോകണമെന്നില്ല. ഓരോ ഘട്ടത്തിന്‍റെയും ക്രമവും ദൈര്‍ഘ്യവും ഒരാളില്‍ത്തന്നെ പലപ്പോഴും പല രീതിയില്‍ ആകാം താനും.
1. ആഗ്രഹം (desire)
ഇതില്‍ ലൈംഗികഭാവനകളും വേഴ്ചയ്ക്കുള്ള അത്യഭിലാഷവും അനുഭവപ്പെടും. ചില വേളകളിൽ ഈ ഘട്ടത്തിന്‍റെ ലക്ഷണങ്ങള്‍ ഒട്ടുമേ കാണാതിരിക്കുകയും ചെയ്യാം.
2. ഉത്തേജനം (excitement)
ഈ ഘട്ടത്തില്‍ മാനസികമായ ആനന്ദം ആരംഭിക്കുന്നു. പുരുഷന്മാരില്‍ ലിംഗം ഉദ്ധരിക്കുന്നു, സ്ത്രീകളില്‍ യോനിയില്‍ നനവുണ്ടാകുന്നു, ഇരുലിംഗങ്ങളിലും മുലക്കണ്ണുകള്‍ ഇറുകിയെഴുന്നു നില്‍ക്കുന്നു. ഉത്തേജനം മൂര്‍ഛിക്കുന്നതിനനുസരിച്ച് വൃഷണങ്ങള്‍ സ്വല്‍പം വലുതാവുകയും ഉയരുകയും ചെയ്യുന്നു. യോനിയുടെ പുറമേയ്ക്കുള്ള മൂന്നിലൊന്നു ഭാഗം ചുരുങ്ങിച്ചെറുതാകുന്നു. സ്തനങ്ങളുടെ വലിപ്പം നാലിലൊന്നോളം കൂടുന്നു. മസിലുകൾ അല്പം വലിഞ്ഞു മുറുകുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വേഗത്തിലാകുന്നു. ലൈംഗികഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂടുകയും അതിനാല്‍ അവിടങ്ങളിലെ നാഡികൾ കൂടുതൽ സെൻസിറ്റീവാകുകയും ചെയ്യുന്നു. പുരുഷലിംഗം പശിമയുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു.
ഈ ഘട്ടം ചിലപ്പോൾ മേൽപ്പറഞ്ഞ ആഗ്രഹഘട്ടത്തിന്‍റെ മുമ്പായും സംഭവിക്കാം.
ഇവയും ലൈംഗികാവയവങ്ങളാണ്!ഗുഹ്യഭാഗങ്ങള്‍ക്കു പുറമേ, അവർക്ക്table ഏറെ സെൻസിറ്റീവ് ആയ മറ്റു ചില സ്ഥലങ്ങളിൽ സ്പർശിക്കുമ്പോഴും, അവിടങ്ങളില്‍നിന്നു കുറേ നാഡികൾ തുടങ്ങുന്നുണ്ടെന്നതിനാൽ, ചിലർക്കു ലൈംഗികസുഖം കിട്ടും. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തവുമാകും. ചുണ്ട്, വായ, നാവ്, ചെവി, കഴുത്ത്, പുറം, കൈകാല്‍വിരലുകൾ, കൈപ്പത്തി, തുട, പാദം എന്നിവ ഇതില്‍പ്പെടാം. |
3. രതിമൂര്‍ച്ഛ (orgasm)
അനുയോജ്യമായ ഉത്തേജനവും മാനസികാവസ്ഥയും ഉണ്ടെങ്കിലാണ് ഈ ഘട്ടം പ്രാപ്യമാവുക. ചില ആന്തരികഭാഗങ്ങള്‍ — ഉദാഹരണത്തിന് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റും മൂത്രനാളിയും, സ്ത്രീകളില്‍ ഗര്‍ഭപാത്രവും യോനിയുടെ പുറംഭാഗവും — ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ചില മസിലുകള്‍ ഏറെ ആനന്ദദായകമായ രീതിയില്‍ കോച്ചിപ്പിടിക്കുന്നു. ശുക്ലം സ്രവിക്കപ്പെടുന്നു. പുരുഷന്മാർക്ക് രതിമൂർച്ഛ കിട്ടാന്‍ ഏറെനേരത്തേക്ക് ലിംഗത്തിന്‍റെ അഗ്രമോ ദണ്‍ഡോ ഉത്തേജിപ്പിക്കേണ്ടതായി വരാം. എല്ലാ രതിമൂർച്ഛയിലും സ്ഖലനം സംഭവിക്കണമെന്നില്ല, എല്ലാ സ്ഖലനങ്ങളും രതിമൂർച്ഛയുടെ അനുഭവമുണ്ടാക്കണം എന്നുമില്ല.
രതിമൂർച്ഛയുടെ തീവ്രതയും അനുഭവവും ഓരോ വ്യക്തിയിലും ഒരാളില്‍ത്തന്നെ വിവിധ സമയങ്ങളിലും വ്യത്യസ്തമായിരിക്കും. സാഹചര്യങ്ങൾ എത്രത്തോളം സുഖപ്രദമായിരുന്നു, മനസ്സിന്‍റെയും ശരീരത്തിന്‍റെയും അന്നേരത്തെ അവസ്ഥ, എത്രത്തോളം ഉദ്ദീപനം കിട്ടി തുടങ്ങിയവയ്ക്കനുസരിച്ച് അത് തീവ്രമോ ദുര്‍ബലമോ ആകാം.
4. പരിസമാപ്തി (resolution)
ഈ അവസാനഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ കുമിഞ്ഞുകൂടിയ രക്തം മറ്റു ശരീരഭാഗങ്ങളിലേക്ക് തിരിച്ചുപോവുകയും ശരീരം പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. അന്നേരത്ത് ഒരു സംതൃപ്തിയോ ചിലപ്പോള്‍ ചെറിയ തളർച്ചയോ അനുഭവപ്പെടാം. ഒരു സ്ഖലനത്തിനു ശേഷം ഉടൻതന്നെ വേറൊരു രതിമൂർച്ഛ പുരുഷന്മാർക്കു സംഭവ്യമല്ല. എന്നാൽ സ്ത്രീകൾക്കാകട്ടെ, തക്കതായ ഉത്തേജനം ലഭിച്ചാൽ ഉടനടിപ്പോലും കൂടുതല്‍ രതിമൂർച്ഛകൾ സാദ്ധ്യവുമാണ്.
സ്ത്രീകളിലെ രതിമൂർച്ഛ
മിക്ക സ്ത്രീകൾക്കും ക്ലൈറ്റോറിസ് (കൃസരി) എന്ന ഭാഗത്തിന്‍റെ ഉത്തേജനമാണ് രതിമൂർച്ഛയിലേക്കുള്ള ഏറ്റവും ഫലപ്രദവും ദ്രുതവുമായ മാർഗം. മിക്കവർക്കും ഈയൊരു നടപടിയേ പ്രയോജനപ്പെടൂ താനും. ക്ലൈറ്റോറിസിൽനിന്ന് ആയിരക്കണക്കിന് നാഡികള്‍ ആരംഭിക്കുന്നുണ്ട് എന്നതാണ് അതിനെ ഏറെ സെൻസിറ്റീവ് ആക്കുന്നത്. അതിന്‍റെ ഭാഗങ്ങൾ യോനീഭിത്തിയിലേക്കും നീളുന്നുണ്ട് എന്നതിനാൽ യോനിയിലൂടെ ബന്ധപ്പെടുമ്പോഴും, വിശേഷിച്ചും അവർ മുകളിൽ വരുന്ന പൊസിഷന്‍ സ്വീകരിക്കുകയാണെങ്കില്‍, പല സ്ത്രീകളിലും ക്ലൈറ്റോറിസ് പരോക്ഷമായി ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്.
ഉത്തേജനഘട്ടത്തിൽ ഉണ്ടാകുന്ന നനവിനു പുറമെ ധാരാപ്രവാഹം (squirting), സ്ഖലനം എന്നിങ്ങനെ മറ്റു രണ്ടു പ്രക്രിയകളും കൂടി വേഴ്ചാനേരത്ത് യോനിയിൽ സംഭവിക്കാം. ധാരാപ്രവാഹം എന്നു വിളിക്കുന്നത്, രതിമൂര്‍ച്ഛാസമയത്ത് മൂത്രത്തിന്‍റെ അംശങ്ങളുള്ള ഒരു ദ്രാവകം മൂത്രാശയത്തിൽ നിന്നു തെറിച്ചു വീഴുന്നതിനെയാണ്. സ്ഖലനസമയത്തു പ്രത്യക്ഷമാകുന്നതാകട്ടെ, മൂത്രനാളിയുടെ വശങ്ങളിലുള്ള സ്കീൻസ് ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന, കട്ടിയുള്ളതും പാലു പോലിരിക്കുന്നതുമായൊരു ദ്രാവകമാണ്. ഇതു വരുന്നത് രതിമൂര്‍ച്ഛാനേരത്തുതന്നെ ആകണമെന്നില്ല. ചില സ്ത്രീകൾക്ക് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടുംതന്നെയോ ഇടയ്ക്കിടെ വരാമെങ്കിൽ മറ്റു ചിലർക്ക് ഏതുമേ വരാതിരിക്കുകയുമാവാം.
യോനിയുടെ മുൻഭിത്തിയിലുള്ള ജി-സ്പോട്ട് എന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നത് സ്ത്രീകൾക്ക് പരമാനന്ദകരമാണെന്നൊരു വിശ്വാസം പ്രബലമാണ്. എന്നാൽ അങ്ങിനെയൊരു സ്ഥലമുണ്ടോ, അത് എവിടെയാണ്, ഏതു തരത്തിലുള്ളതാണ് എന്ന വിഷയങ്ങളിലൊന്നും വിദഗ്ദ്ധർ ഇതുവരെ സമവായത്തിൽ എത്തിയിട്ടില്ല.
പലവിധം പ്രയോജനങ്ങള്വൈകാരികവും ശാരീരികവുമായ ഏറെ ഗുണങ്ങള്‍ രതിമൂര്‍ച്ഛ കൊണ്ടുണ്ട്. മറ്റൊരു വ്യക്തിയുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനാവുക, ആരോഗ്യം പൊതുവെയും ഉറക്കവും ഹൃദയാരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുക, ആർത്തവനേരത്തെ വേദനയും സ്തനാർബുദത്തിനും എൻഡോമെട്രിയോസിസ് രോഗത്തിനുമുള്ള സാദ്ധ്യതയും കുറയുക, സ്വയംമതിപ്പും സ്വശരീരത്തെക്കുറിച്ചുള്ള അഭിമാനവും കൂടുക എന്നിവ ഇതില്‍പ്പെടുന്നു. വേഴ്ചാനേരത്തു സ്രവിക്കപ്പെടുന്ന എൻഡോർഫിനുകൾ ശാരീരിക വേദനയും മനസമ്മർദ്ദവും കുറയ്ക്കുകയും റിലാക്സേഷൻ തരികയും ചെയ്യുമ്പോള്‍ ഓക്സിടോസിൻ പങ്കാളിയുമായുള്ള അടുപ്പം കൂടാനും വിഷാദവും ഉത്കണ്ഠയും അകലാനും സഹായിക്കുന്നുണ്ട്. കുടലിനെയും മൂത്രാശയത്തെയും ഗർഭപാത്രത്തെയുമൊക്കെ സംരക്ഷിക്കുന്ന ഇടുപ്പിലെ മസിലുകൾ ശക്തിപ്പെടുന്നത്, പ്രായമാകുമ്പോൾ അറിയാതെ മലവും മൂത്രവും പോകാനുള്ള സാദ്ധ്യത കുറയ്ക്കുന്നുമുണ്ട്. |
നിര്‍ണയിക്കുന്ന ഘടകങ്ങള്‍
പൊതുവിലും ലൈംഗിക വിഷയങ്ങളിൽ പ്രത്യേകിച്ചും പങ്കാളികൾക്കിടയിൽ നല്ല ആശയവിനിമയം നിലനിൽക്കുന്നതും അവരുടെ വ്യക്തിത്വ രീതികൾ സമാനമാകുന്നതും ലൈംഗികസംതൃപ്തിക്കു സഹായകമാണ്. മറുവശത്ത്, പങ്കാളിയോടുള്ള അമർഷം, മാനസികമായ വിച്ഛേദനം, ഇച്ഛയ്ക്കെതിരായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നെന്ന തോന്നൽ എന്നിവ പ്രതികൂലഘടകങ്ങളുമാണ്.
വേണ്ടത്ര സ്വയംമതിപ്പും സ്വന്തം ശരീരത്തെക്കുറിച്ച് നല്ല അഭിപ്രായവും ഉണ്ടാകുന്നതു ഗുണകരമാണ്. എന്നാല്‍ മാനസിക സമ്മർദ്ദം, കോർട്ടിസോള്‍ എന്ന ഹോർമോണിന്‍റെ അളവു കൂട്ടുക വഴി, ലൈംഗികതാൽപര്യം കുറക്കാം.
സെക്സിനെക്കുറിച്ചുള്ള പോസിറ്റീവായ ചിന്തകളും മനോഭാവങ്ങളും ലൈംഗികതാല്‍പര്യം വർദ്ധിപ്പിക്കാം. അതേസമയം തത്തുല്യമായ താൽപര്യം പങ്കാളിക്കും ഇല്ല എങ്കിൽ അത് അഭിപ്രായവ്യത്യാസങ്ങൾക്കു വഴിവെക്കുകയുമാവാം.
വേഴ്ചാസമയത്ത് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അനാവശ്യചിന്തകൾ തള്ളിക്കയറി വരുന്നത് ലൈംഗികതാൽപര്യത്തെയും രതിമൂർച്ഛയെയും ലൈംഗിക സന്തോഷത്തെയും ബാധിക്കാം. ഇത്തരം ചിന്തകള്‍ക്കു കൂടുതൽ സാദ്ധ്യത സ്ത്രീകൾക്കാണ്. സ്വന്തം ശരീരത്തെക്കുറിച്ചുള്ള മതിപ്പു കുറവോ, ലൈംഗികതയില്‍ മികവു കാണിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്ന തോന്നലോ, ലൈംഗികത പാപമാണെന്ന ചിന്താഗതിയോ, ഗർഭമായിപ്പോകുമോ എന്ന ആശങ്കയോ ഒക്കെയാകാം ഇതിനു കാരണം.
പോൺചിത്രങ്ങളിൽ നിന്നു പുതിയ ആശയങ്ങൾ കിട്ടുന്നത് സെക്സില്‍ വറൈറ്റി കൊണ്ടുവരാന്‍ സഹായിച്ച് ലൈംഗികസംതൃപ്തി കൂട്ടാം. മറുവശത്ത്, സ്വന്തം ശരീരത്തെയും പെര്‍ഫോര്‍മന്‍സിനെയും അഭിനേതാക്കളുടേതുമായി താരതമ്യപ്പെടുത്തുന്നത് സംതൃപ്തി കുറയ്ക്കുകയുമാകാം.
സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള ധാരണ രൂപപ്പെടുന്നത് മുഖ്യമായും കൗമാരത്തിലാണ് എന്നതിനാൽ ആ പ്രായത്തിൽ ലൈംഗികപീഡനങ്ങൾക്കു വിധേയമാകുന്നത് ഭാവിയിൽ ലൈംഗികസംതൃപ്തി ദുർബലമാക്കാം. ലൈംഗികമായ പരിക്കുകളോ പീഡനങ്ങളോ ഏറ്റിട്ടുള്ളവർക്ക് വേഴ്ചയ്ക്കിടെ വേദന അനുഭവപ്പെടാം.
പൗരുഷത്തിന്‍റെയും ശക്തിയുടെയുമെല്ലാം സൂചകമായി പുരുഷലിംഗത്തിന്‍റെ വലിപ്പത്തെ കണക്കാക്കാറുണ്ടെങ്കിലും പങ്കാളിക്കു കിട്ടുന്ന ലൈംഗികസംതൃപ്തിക്ക് ഇതിനോടു ബന്ധമുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നില്ല.
ചേലാകർമ്മം ലൈംഗികശേഷിയെ ഗുണകരമായോ പ്രതികൂലമായോ ബാധിക്കുന്നില്ല. ചേലാകർമ്മം ലിംഗാഗ്രചര്‍മ്മത്തിലെ നല്ല സെൻസിറ്റീവായ നാഡികൾ നഷ്ടമാക്കും, ലിംഗാഗ്രത്തിന് ക്രമേണ കട്ടിവെക്കുന്നതു മൂലം അതിന്‍റെ സെൻസിറ്റിവിറ്റി കുറയും എന്നൊക്കെയുള്ള ആശങ്കകൾ അസ്ഥാനത്താണെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത്.
ഗർഭനിരോധന ഗുളികകൾ മിക്ക സ്ത്രീകളിലും ലൈംഗികസംതൃപ്തി മെച്ചപ്പെടുത്തും. അപ്രതീക്ഷിതമായ ഗർഭധാരണത്തെക്കുറിച്ചുള്ള ഭയം മാറ്റുന്നു, മുഖക്കുരുവും മുഖത്തെ രോമങ്ങളും പരിഹരിച്ച് സ്വശരീരത്തെക്കുറിച്ചുള്ള മതിപ്പു കൂട്ടുന്നു എന്നതിനാലൊക്കെയാണിത്. എന്നാല്‍ ചുരുക്കം സ്ത്രീകളില്‍ ഈ ഗുളികകള്‍ ലൈംഗികപ്രക്രിയയുടെ വിവിധ ഘട്ടങ്ങളെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
സ്വന്തം ലൈംഗികസംതൃപ്തി അളന്നറിയാന്‍ ഈ ചോദ്യാവലി ഉപയോഗിക്കാം.
മെച്ചപ്പെടുത്താന്‍ ചെയ്യാനുള്ളത്
പരസ്പരം നന്നായറിയാം
ലൈംഗിക സന്തോഷം ഏറെ വ്യക്തിപരമാണ്. ഒരാൾക്ക് ആനന്ദകരമെന്നു തോന്നുന്ന കാര്യം മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. പങ്കാളിയുടെ താല്പര്യങ്ങൾ നിങ്ങളുടേതില്‍നിന്നും ഏറെ വ്യത്യസ്തമായിരിക്കാം. അതുകൊണ്ടുതന്നെ, ഇഷ്ടാനിഷ്ടങ്ങൾ പങ്കാളിയെ വ്യക്തമായി അറിയിക്കുക. അത്, ഇരുവര്‍ക്കും സമ്മതകരവും സുഖദായകവും സുരക്ഷിതവുമായ ലൈംഗികകൃത്യങ്ങള്‍ തെരഞ്ഞെടുത്തുപയോഗിക്കാന്‍ സഹായിക്കും. ഇത്തരം പങ്കുവെക്കലുകൾ മാനസികയടുപ്പം കൂട്ടുന്നതും ലൈംഗികബന്ധത്തിനു സഹായകമാകും. ഇത്തരം ചര്‍ച്ചകള്‍ക്കു തുടക്കമിടാന്‍ ജാള്യതയുണ്ടെങ്കിൽ പങ്കാളിക്ക് എന്തൊക്കെയാണു സന്തോഷകരം, എങ്ങിനെയെല്ലാമാണു വേണ്ടത് എന്നൊക്കെ ആദ്യം ചോദിച്ചറിയുകയും അതിനുശേഷം സ്വന്തം ഇഷ്ടങ്ങൾ വെളിപ്പെടുത്തുകയും ചെയ്യാം. ബന്ധത്തിന് ഏറെ പഴക്കമുണ്ടെങ്കിലും പ്രായത്തിനും കാലത്തിനും അനുസരിച്ച് അഭിരുചികൾ മാറാം എന്നതിനാൽ ഇത്തരം പങ്കുവെക്കലുകള്‍ തുടർന്നുകൊണ്ടേയിരിക്കുക.
ഏതു തരം മനോരാജ്യങ്ങളാണ്, അല്ലെങ്കില്‍ സ്വയംഭോഗനേരത്ത് ശരീരത്തിൽ എവിടെ എന്തുമാത്രം മർദ്ദത്തിലുള്ള സ്പർശങ്ങളാണ്, അല്ലെങ്കില്‍ വേഴ്ചാനേരത്ത് എവിടെ എത്രത്തോളം മർദ്ദത്തിലും സ്പീഡിലും സ്പര്‍ശിക്കപ്പെടുന്നതാണ് ഏറ്റവും ആഹ്ളാദകരമാകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും പങ്കാളിയെ അറിയിക്കുകയും ചെയ്യുക. പങ്കാളിയുടെ കയ്യോ വായോ വേണ്ട സ്ഥലങ്ങളില്‍ വിവിധ രീതികളില്‍ തൊടുവിക്കുന്നതും ഉള്‍ക്കാഴ്ച്ചാദായകമാകും.
മറ്റു മാര്‍ഗങ്ങള്‍
- പങ്കാളിയുമായുള്ള മാനസിക അടുപ്പം ശക്തിപ്പെടുത്തുക.
- തിരക്കുപിടിച്ച് ചെയ്തുതീർക്കേണ്ട സാഹചര്യം വരാതെനോക്കി വേഴ്ചയ്ക്കായി വേണ്ടത്ര സമയം മാറ്റിവെക്കുക.
- വേഴ്ചാനേരത്ത് പ്രേമസല്ലാപങ്ങൾ നടത്തുക.
- മസാജിങ്ങും ലൈംഗിക ഉത്തേജനം പകരുന്ന പുസ്തകങ്ങളും വീഡിയോകളും ഉപകരണങ്ങളുമൊക്കെ ഉൾപ്പെടുത്തുക.
സ്ത്രീക്ക് വേണ്ടത്ര സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ വിരലുകൾകൊണ്ട് ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്നതും വദനസുരതവും ക്ലൈറ്റോറിസിനെ വിരലോ നാവോ കൊണ്ട് വേണ്ടത്ര നേരത്തേക്ക് ഉദ്ദീപിപ്പിക്കുന്നതും ഫലം ചെയ്യാം.
പുരുഷന്മാർക്ക് സ്ഖലനം വൈകിപ്പിക്കാൻ, ആഴത്തിൽ ശ്വാസമെടുക്കുന്നതും സ്ഖലനം തുടങ്ങുകയാണെന്ന തോന്നല്‍വരുമ്പോൾ വേഗത കുറയ്ക്കുന്നതും സഹായകമാകും.
മനസ്സിനെ വരുതിയിലാക്കാം
ആശങ്കകളോ മറ്റ് അനാവശ്യചിന്തകളോ വേഴ്ചയ്ക്കിടെ ശ്രദ്ധ തിരിക്കുന്നെങ്കില്‍ മൈന്‍ഡ്ഫുള്‍നസ്സ് വിദ്യകള്‍ ഗുണകരമാകാം. വേഴ്ചയ്ക്കുമുമ്പ് നാലുവരെ എണ്ണിക്കൊണ്ട് ശ്വാസമെടുക്കുകയും നാലുവരെ എണ്ണികൊണ്ട് ശ്വാസം പിടിച്ചുവെക്കുകയും പിന്നെ ആറുവരെ എണ്ണിക്കൊണ്ട് പതിയെ നിശ്ശ്വസിക്കുകയും ചെയ്യുക. ലൈംഗികമനോരാജ്യങ്ങളോ സ്വന്തം ശരീരത്തെയോ ലൈംഗികശേഷിയെയോ കുറിച്ചുള്ള പോസിറ്റീവായ ചിന്തകളോ മനസ്സിലേക്കു കൊണ്ടുവരുന്നതും ഗുണകരമാകും. ഉദ്ധാരണമോ സ്ഖലനമോ ലഭിക്കുമോ എന്നു വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നത്, അവ സംഭവിക്കാന്‍ അനിവാര്യമായ, പങ്കാളിയിൽനിന്നു കിട്ടുന്ന ഉത്തേജനത്തിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിച്ച് വിപരീതഫലം ഉളവാക്കാം. ലൈംഗികസംതൃപ്തിക്ക് ഉദ്ധാരണമോ സ്ഖലനമോ അനിവാര്യമല്ല, ഇതു രണ്ടും എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല എന്നൊക്കെ ഓർക്കുക.
വേഴ്ചാവേളയില്‍, കഴിഞ്ഞുപോയതിനെയോ വരാനിരിക്കുന്നതിനെയോ കുറിച്ചു തലപുണ്ണാക്കാതെ, കടന്നുപോയ്ക്കൊണ്ടിരിക്കുന്ന നിമിഷങ്ങളിൽ അഞ്ച് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് പരിപൂർണ്ണമായി മനസ്സർപ്പിക്കുക. വിശേഷിച്ചും പങ്കാളിയുടെ ഗന്ധത്തിലും സ്പർശത്തിലും ദൃശ്യത്തിലും ശബ്ദത്തിലും ശ്രദ്ധയൂന്നുക.
വേദന രസംകൊല്ലിയാകുമ്പോള്‍
പൊസിഷനുകള്‍ മാറ്റി പരീക്ഷിക്കുന്നതും ലൂബ്രിക്കന്‍റുകളും റിലാക്സേഷൻ വിദ്യകളും സഹായകമാകാം.
ഇടുപ്പിലെ മസിലുകൾക്കുള്ള “കെഗല്‍ വ്യായാമങ്ങൾ” വേദനയ്ക്കും രതിമൂർച്ഛയുടെ സമയം കുറച്ചുകൂടി നമ്മുടെ നിയന്ത്രണത്തിലാകാനും ഉപകരിക്കും. മൂത്രമൊഴിച്ചിട്ട്, സുഖപ്രദമായ ഒരിടത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. മൂത്രം പിടിച്ചുനിര്‍ത്തുന്നതുപോലെ ചെയ്യുക. അപ്പോൾ തിരിച്ചറിയാനാവുന്ന ഇടുപ്പിലെ മസിലുകളെ, മൂന്നു തൊട്ട് അഞ്ചുവരെ സെക്കന്‍റ് അല്പം ഞെരുക്കുകയും മുകളിലേക്കു വലിച്ചുപിടിക്കുകയും ചെയ്യുക. പിന്നെ മൂന്നു തൊട്ട് അഞ്ചുവരെ സെക്കന്‍റ് അവയെ അയച്ചുവിടുക. അന്നേരം വയറ്റിലെയോ പൃഷ്ഠത്തിലെയോ തുടയിലെയോ മസിലുകൾ ടൈറ്റാകാതിരിക്കാനും ശ്വാസം പിടിച്ചുനിര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം. ഇത് 10-15 തവണ, ദിവസം മൂന്നുനേരം ആവർത്തിക്കുക. വിദഗ്ദ്ധ മേൽനോട്ടത്തിൽ ഇതു പഠിച്ചെടുക്കുന്നതാകും ഉത്തമം.
വേഴ്ചാനേരത്തുള്ള വേദന ദിവസങ്ങൾ നീളുകയോ ക്രമേണ വഷളാവുകയോ പൊസിഷൻ മാറ്റുന്നതുകൊണ്ടോ മറ്റോ കുറയാതിരിക്കുകയോ ഒപ്പം മൂത്രക്കടച്ചിൽ പോലുള്ള മറ്റു ലക്ഷണങ്ങളും കാണുകയോ ആണെങ്കിൽ വിദഗ്ദ്ധ പരിശോധന തേടുക. സ്ത്രീകളില്‍, യോനി വഴി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഗുഹ്യഭാഗങ്ങളിലും ഇടുപ്പിലും കടുത്ത വേദനയും ഇടുപ്പിലെ മസിലുകൾ ശക്തമായി കോച്ചിപ്പിടിക്കുകയും മുഖ്യലക്ഷണങ്ങളായ ജെനൈറ്റോപെല്‍വിക് പെയിന്‍ / പെനട്രേഷന്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണോ പ്രശ്നങ്ങള്‍ക്കു പിന്നില്‍ എന്നറിയാനും ഇതു സഹായിക്കും.
എത്രത്തോളം വേണം?
|
സ്വയംഭോഗം അത്ര മോശം ഭോഗമല്ല
സ്വയംഭോഗത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ ഒട്ടേറെയാണ്. സ്വയംഭോഗം കാഴ്ചക്കുറവിനോ തലവേദനക്കോ വളർച്ച മുരടിക്കുന്നതിനോ ഒന്നും വഴിവെക്കില്ല, ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയോ വളർച്ചയെയോ ബാധിക്കുകയുമില്ല. മറിച്ച്, സ്വന്തം ശരീരത്തെക്കുറിച്ചുള്ള മതിപ്പു മെച്ചപ്പെടാന്‍ സഹായിക്കുന്നുമുണ്ട്.
സ്വയംഭോഗത്തിനു മുമ്പ് കൈകൾ വൃത്തിയാക്കിയാല്‍ അണുബാധകൾ തടയാം. വെള്ളത്തിലിട്ടു തിളപ്പിച്ച് അണുവിമുക്തമാക്കാൻ പറ്റാത്ത തരം സെക്സ് ടോയ്സ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയെ കോണ്ടംകൊണ്ടു പൊതിയുന്നതു ഗുണകരമാകും.
ലൈംഗികഭാഗങ്ങളിലെ കലകൾ ഏറെ ലോലമാണ് എന്നതിനാൽ പരിക്കേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതുമുണ്ട്. മുറിവോ പൊള്ളലോ ഷോക്കോ ഏല്‍ക്കാൻ സാദ്ധ്യതയുള്ള ഉപകരണങ്ങൾ ഒഴിവാക്കുക. വേദന തോന്നിത്തുടങ്ങുന്നെങ്കിൽ അവിടെ നിര്‍ത്തുക.
എത്ര പ്രാവശ്യം, അല്ലെങ്കിൽ എത്രനാൾ കൂടുമ്പോൾ, സ്വയംഭോഗം ചെയ്യാം എന്നതൊക്കെ തികച്ചും വ്യക്തിപരമാണ്. ബന്ധങ്ങളെയോ ജീവിതത്തിലെ മറ്റുത്തരവാദിത്തങ്ങളെയോ താല്പര്യങ്ങളെയോ ഒന്നും ബാധിക്കുന്നില്ല, പരിക്കുകൾക്കൊന്നും കാരണമാകുന്നില്ല, മനസ്സില്‍ സംഘർഷങ്ങളോ വിഷമങ്ങളോ സൃഷ്ടിക്കുന്നില്ല എന്നൊക്കെയാണെങ്കില്‍ സ്വയംഭോഗം അമിതമല്ല എന്നു പറയാം. അതേസമയം, ബോറടിയോ കുറ്റബോധമോ മറ്റോ മൂലം സ്വയംഭോഗം ചെയ്യുന്നേയില്ല എന്നാണെങ്കില്‍ അതുകൊണ്ട് ഒരു കുഴപ്പവും വരാനുമില്ല.
“സായന്തനം നിഴൽ വീശിയില്ല”
പ്രായമാകുന്നതിനനുസരിച്ച് ഹോർമോണുകളുടെ അളവു കുറയുന്നതും രോഗങ്ങളുടെ പ്രഭാവവും ലൈംഗിക താൽപര്യത്തെയും പ്രവർത്തനങ്ങളെയും ദുർബലമാക്കാം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിമാനം ക്ഷയിക്കുന്നതും, തന്‍റെ ആകർഷണീയത നഷ്ടപ്പെട്ടുവെന്ന ചിന്ത രൂപപ്പെടുന്നതും, മക്കൾ വീടുവിട്ടുപോകുന്നതും സുഹൃത്തുക്കളുടെ മരണവും മറ്റും ഏകാന്തത സൃഷ്ടിക്കുന്നതുമെല്ലാം പ്രശ്നമാകാം. സ്ത്രീകളിൽ, ആർത്തവവിരാമത്താല്‍ നിരാശയോ ജാള്യതയോ ആത്മവിശ്വാസക്കുറവോ ഉളവാകുന്നതും ലൈംഗിക ഹോർമോണായ ഈസ്ട്രോജന്‍റെ അളവു കുറയുമ്പോള്‍ യോനിയുടെ ഈര്‍പ്പവും വഴക്കവും മങ്ങുന്നതും ദോഷകരമാകാം.
മറുവശത്ത്, ജീവിതപരിചയം പകരുന്ന ആത്മവിശ്വാസവും പരസ്പരം കൂടുതൽ നന്നായി, ലജ്ജ കൂടാതെ കാര്യങ്ങൾ തുറന്നു പറയാനാകുന്നതും അനുകൂലമായും പ്രവർത്തിക്കാം.
ചെയ്യാവുന്നത്
- ശാരീരിക വ്യായാമവും കെഗല്‍ വ്യായാമവും ശീലമാക്കുക.
- പങ്കാളിയുമായി മാനസികവും ശാരീരികവുമായ നല്ല അടുപ്പം നിലനിര്‍ത്തുക.
- ശരീരത്തിന്‍റെ പ്രതികരണങ്ങൾ സ്വല്പം മന്ദഗതിയിലാകും എന്നതിനാൽ വേഴ്ചക്കായി സൗകര്യപ്രദമായ, ബഹളമയമല്ലാത്ത, വിഘ്നസാദ്ധ്യത കുറഞ്ഞ ഒരിടം തെരഞ്ഞെടുക്കുക.
- ഉദ്ധാരണവും രതിമൂർച്ഛയും കിട്ടാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു മനസ്സിലാക്കുക.
- യോനിയിലെ വരൾച്ച വേദന സൃഷ്ടിക്കാതിരിക്കാൻ ജെല്ലുകള്‍ ഉപയോഗിക്കുക.
- പുതിയ പൊസിഷനുകൾ ശ്രമിച്ച് പുതുമ കൊണ്ടുവരിക.
മുമ്പ് വിശദീകരിച്ച വിവിധ ഘട്ടങ്ങളെ ബാധിക്കുന്ന രോഗങ്ങൾ ലൈംഗികസംതൃപ്തിയെ ദുർബലപ്പെടുത്താം. വ്യക്തിക്കു സാരമായ ബുദ്ധിമുട്ടുണ്ടാക്കുന്നത്ര തീവ്രത ലക്ഷണങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമാണ് ഈ രോഗങ്ങള്‍ ഓരോന്നും നിര്‍ണയിക്കുക. അവ ആറു മാസമെങ്കിലും നിലനില്‍ക്കുകയും വേണം — മാനസികസമ്മർദ്ദം, തളര്‍ച്ച, ചുറ്റുപാടുകളിലെ സംഭവവികാസങ്ങള്‍, ശാരീരിക രോഗങ്ങള്‍ തുടങ്ങിയവ മൂലം വരുന്ന താൽക്കാലിക പ്രശ്നങ്ങളെ രോഗവൽക്കരിക്കാതിരിക്കാനാണ് ഇങ്ങിനെയൊരു മാനദണ്ഡം വെച്ചിരിക്കുന്നത്. മെയില്‍ ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍ ഒഴിച്ചുള്ളവയ്ക്ക്, വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ നാലില്‍ മൂന്നിലധികം തവണ ലക്ഷണങ്ങള്‍ പ്രകടമാവുകയും വേണം.
പുരുഷന്മാരുടെ രോഗങ്ങള്‍
മെയില്‍ ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ലൈംഗികച്ചുവയുള്ള പകല്‍ക്കിനാവുകളില്‍ മുഴുകാനും ഉള്ള താല്പര്യം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്ന രോഗമാണിത്. പങ്കാളി മുന്‍കൈ എടുത്താലും രോഗി നിര്‍വികാരതയോടെ പ്രതികരിച്ചേക്കാം. ഉദ്ധാരണത്തിലോ സ്ഖലനത്തിലോ നിരന്തരം പ്രശ്നങ്ങള്‍ വരുന്നത് ലൈംഗികാസക്തിയെ ബാധിച്ച് ഈ രോഗത്തിനു വഴിവെക്കാറുണ്ട്.
സൈക്കോതെറാപ്പികളും ബ്യൂപ്രോപ്പിയൊണ്‍ പോലുള്ള മരുന്നുകളും ഈ പ്രശ്നത്തിന് പരിഹാരമാകാറുണ്ട്.
ഇറക്ട്ടൈല്‍ ഡിസോര്‍ഡര്‍
ഉദ്ധാരണം തീരെ കിട്ടാതിരിക്കുകയോ ഏറെ ദുര്‍ബലമാവുകയോ വേഴ്ച തീരുംവരെ നിലനില്‍ക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ രോഗം നിര്‍ണയിക്കുന്നത്. സില്‍ഡിനാഫില്‍, റ്റഡാലാഫില്‍ തുടങ്ങിയ മരുന്നുകള്‍ ഈ അസുഖത്തില്‍ പ്രയോജനം ചെയ്യാറുണ്ട്. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഉദ്ധാരണത്തെ ശക്തിപ്പെടുത്തുകയാണ് ഇവ ചെയ്യുന്നത്. സെന്‍സേറ്റ് ഫോക്കസ് ട്രെയ്നിങ് എന്ന സൈക്കോതെറാപ്പിയും ഫലപ്രദമാണ്.
പലപ്പോഴും താഴെക്കൊടുത്തവയടക്കമുള്ള ശാരീരികാസുഖങ്ങളുടെ ഭാഗമായും ഉദ്ധാരണശേഷിക്കുറവ് പ്രത്യക്ഷമാകാറുണ്ട്:
- അണുബാധകള്‍
- ഹൃദയത്തിന്‍റെയോ കരളിന്‍റെയോ വൃക്കയുടെയോ ശ്വാസകോശത്തിന്‍റെയോ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന അസുഖങ്ങൾ
- അപസ്മാരവും പെരിഫെറല്‍ ന്യൂറോപ്പതിയും പാര്‍ക്കിന്‍സണ്‍സ് രോഗവും പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍
- പോഷകാഹാരക്കുറവ്
- പ്രമേഹം
- തൈറോയ്ഡ് രോഗങ്ങള്‍
- പുകവലി, അമിത മദ്യപാനം, ലഹരിയുപയോഗം
- മനോരോഗങ്ങളുടെയും രക്തസമ്മര്‍ദ്ദത്തിന്‍റെയും ചില മരുന്നുകള്‍
ലിംഗോദ്ധാരണത്തിനു ക്ലേശം നേരിടുന്നവര്‍ സ്വയം രോഗനിര്‍ണയം നടത്തി പരസ്യങ്ങളില്‍ക്കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതിനു മുമ്പ് വിശദമായ പരിശോധനകള്‍ക്കു വിധേയരാവേണ്ടതിന്‍റെ പ്രസക്തിക്ക് ഈ പട്ടിക അടിവരയിടുന്നുണ്ട്.
ശീഘ്രസ്ഖലനം
വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി, യോനിയില്‍ ലിംഗം കടത്തി ഒരു മിനിട്ടാവുമ്പോഴേക്കും സ്ഖലനം സംഭവിക്കുമ്പോഴാണ് ഈ രോഗം നിര്‍ണയിക്കുന്നത്. താഴെപ്പറയുന്ന ഘടകങ്ങള്‍ ഇതിനു നിദാനമാകാം:
- സെക്സിനെക്കുറിച്ചുള്ള ആശങ്കയോ അമിതപ്രതീക്ഷകളോ കുറ്റബോധമോ
- വ്യക്തിബന്ധങ്ങളില്‍ വല്ലാതെ "സെന്‍സിറ്റീവ്" ആവുന്നത്
- വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ നിന്നു കിട്ടുന്ന തെറ്റായ പാഠങ്ങള്‍
- അമിതമായ സഭാകമ്പം
ക്ലൊമിപ്രമിന്‍ , ഡാപ്പോക്സെറ്റിന്‍ തുടങ്ങിയ മരുന്നുകളും, സ്ക്വീസ് ടെക്നിക്ക്, സ്റ്റോപ്പ് സ്റ്റാര്‍ട്ട് ടെക്നിക്ക് തുടങ്ങിയ സൈക്കോതെറാപ്പികളും ഇതിനു ഫലം ചെയ്യാറുണ്ട്.
ഡിലേയ്ഡ് ഇജാക്കുലേഷന്‍
യോനി വഴിയുള്ള സംഭോഗത്തില്‍ മിക്ക പുരുഷന്മാര്‍ക്കും സ്ഖലനം സംഭവിക്കുക നാലു മുതല്‍ പത്തു വരെ മിനിട്ടുകള്‍ക്കുള്ളിലാണ്. വേണ്ടത്ര ഉത്തേജനം കിട്ടിയിട്ടും, ആള്‍ക്കു നല്ല താല്‍പര്യം ഉണ്ടെങ്കിലും, സ്ഖലനം വല്ലാതെ വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നത് ഈ രോഗത്തിന്‍റെ ഭാഗമായാകാം. ഇത്ര മിനിട്ടിനേക്കാള്‍ കൂടുതല്‍ എടുത്തു എന്ന കണക്കു വെച്ചല്ല, വ്യക്തിയുടെ ചരിത്രവും പ്രായവും എല്ലാം പരിഗണിച്ചാണ് രോഗമാണോ എന്നു നിശ്ചയിക്കുക.
അതീവകര്‍ക്കശവും കുട്ടികളെ കണക്കിലധികം ശിക്ഷിക്കുന്നതുമായ കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ളവരില്‍ ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഗര്‍ഭത്തെക്കുറിച്ചുള്ള ചിന്താക്കുഴപ്പവും, പങ്കാളിയോട് ലൈംഗികാഭിമുഖ്യം നഷ്ടപ്പെടുന്നതും, സ്ത്രീകളോടുള്ള ഒതുക്കിവെച്ച അമര്‍ഷവുമെല്ലാം ഇതിലേക്കു നയിക്കാറുണ്ട്. ഓക്സിടോസിന്‍, സ്യൂഡോഎഫെഡ്രിന്‍ തുടങ്ങിയ മരുന്നുകളും മനശ്ശാസ്ത്ര ചികിത്സകളും ഫലപ്രദമാകാറുണ്ട്.
സ്ത്രീകളുടെ രോഗങ്ങള്‍
ഫീമൈല്‍ സെക്ഷ്വല്‍ ഇന്‍ററസ്റ്റ്/എറൌസല്‍ ഡിസോര്‍ഡര്‍
ലൈംഗിക ചിന്തകളും മനോരാജ്യങ്ങളും താല്പര്യങ്ങളും കുറയുക, വേഴ്ചയ്ക്ക് മുൻകൈയെടുക്കാതെ ആവുക, വേഴ്ചാനേരത്ത് വലിയ ആനന്ദമോ ഗുഹ്യഭാഗങ്ങളില്‍ എന്തെങ്കിലും അനുഭൂതികളോ തോന്നാതിരിക്കുക, ലൈംഗികാവസരങ്ങൾ കിട്ടുന്നതിൽ വലിയ സന്തോഷം കാട്ടാതിരിക്കുക എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരില്‍ പ്രമേഹമോ പിസിഓഡിയോ പോലുള്ള ശാരീരിക രോഗങ്ങൾ ഒന്നും അടിസ്ഥാനമായി വർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഫ്ലിബാന്‍സെരിന്‍, ബ്രെമെലനോടൈഡ് എന്നീ മരുന്നുകള്‍ ഇതിന്‍റെ ചികിത്സയില്‍ ഫലപ്രദമാണ്.
ഫീമെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍
വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ രതിമൂർച്ഛ വൈകുകയോ കിട്ടാതിരിക്കുകയോ ഏറെ ദുർബലമാവുകയോ ചെയ്യുമ്പോഴാണ് ഈ രോഗം സംശയിക്കേണ്ടത്. വിവിധ കാരണങ്ങള്‍ കൊണ്ട് ഇതു വരാറുണ്ട്. യോനിക്ക് മുറിവേല്‍ക്കുമോയെന്ന ആശങ്ക, പുരുഷന്മാരോടുള്ള വിദ്വേഷം, തനിക്ക് സെക്സ് ആസ്വദിക്കാന്‍ അര്‍ഹതയില്ലെന്ന മുന്‍വിധി എന്നിവ ഇതില്‍പ്പെടുന്നു.
കൊഗ്നിറ്റീവ് ബീഹേവിയര്‍ തെറാപ്പി, ഡയരക്ടഡ് മാസ്റ്റര്‍ബേഷന്‍ എന്നീ മനശ്ശാസ്ത്ര ചികിത്സകള്‍ ഇതിനു ഫലപ്രദമാണ്.
പാരാഫീലിയകള്‍
ലൈംഗികചിന്തകളും താല്പര്യങ്ങളും എന്തിന്‍റെ നേര്‍ക്കാണ് എന്നതില്‍ വൈകല്യങ്ങള്‍ വരുന്ന രോഗങ്ങളാണ് ഇവ. കൂട്ടത്തില്‍ സാധാരണമായവയും അവ ബാധിച്ചവര്‍ ലൈംഗികസംതൃപ്തിക്ക് ഉപയുക്തമാക്കുന്നത് എന്തെന്നും താഴെപ്പറയുന്നു:
- ഫെറ്റിഷിസം - പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ നിര്‍ജീവപദാര്‍ത്ഥങ്ങള്‍. അല്ലെങ്കില്‍ പൊതുവേ ലൈംഗിക സുഖം തരാത്ത, കാലും മുടിയും പോലുള്ള, ശരീരഭാഗങ്ങള്‍.
- ട്രാന്‍സ്‌വെസ്റ്റിസം - എതിര്‍ലിംഗത്തിന്‍റെ വസ്ത്രങ്ങള്‍ അണിയുക.
- സെക്ഷ്വല്‍ മസോകിസം – അപമാനിക്കപ്പെടുക, മർദ്ദിക്കപ്പെടുക, കെട്ടിയിടപ്പെടുക, മറ്റു രീതിയിൽ കഷ്ടതകൾ നേരിടുക.
ആ വ്യക്തിക്ക് ഇത്തരം പെരുമാറ്റങ്ങള്‍ മാനസികമായോ മറ്റു മേഖലകളിലോ ബുദ്ധിമുട്ടുകള്‍ വരുത്തിയിട്ടുണ്ടെങ്കിലേ മേല്‍പ്പറഞ്ഞ മൂന്നു പ്രശ്നങ്ങളെ ഒരു രോഗമായി ഗണിക്കുകയുള്ളൂ.
- വോയറിസം – ആരെങ്കിലും നഗ്നരായിരിക്കുന്നതോ വസ്ത്രമഴിക്കുന്നതോ വേഴ്ചയിലേര്‍പ്പെടുന്നതോ നോക്കിക്കാണുക.
- ഫ്രോട്ടറിസം - ഒരാളെ തൊടുകയോ ഉരുമ്മുകയോ ചെയ്യുക.
- എക്സിബിഷനിസം - തന്‍റെ ഗുഹ്യഭാഗങ്ങള്‍ മറ്റൊരാള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക.
- സെക്ഷ്വൽ സാഡിസം - ഒരാളെ ശാരീരികമായോ മാനസികമായോ കഷ്ടപ്പെടുത്തുക.
ആ വ്യക്തിക്ക് ഇതുമൂലം മാനസികമായോ മറ്റു മേഖലകളിലോ ബുദ്ധിമുട്ടുകള്‍ വന്നാലോ അല്ലെങ്കില്‍ സമ്മതം ഇല്ലാത്തവരെ ഇതിനായി ഉപയോഗിച്ചാലോ ആണ് മേല്‍പ്പറഞ്ഞ നാലു പ്രശ്നങ്ങളെ അസുഖമായി പരിഗണിക്കുക.
- പീഡോഫീലിയ – പതിനാലു തികയാത്ത കുട്ടികളുമായി വേഴ്ചയിലേര്‍പ്പെടാനുള്ള ആസക്തി നിരന്തരം ഉണ്ടാവുക. പതിനാറു വയസ്സെങ്കിലും പൂര്‍ത്തിയായവര്‍ക്ക്, അവര്‍ തങ്ങളെക്കാള്‍ അഞ്ചു വയസ്സിനെങ്കിലും ചെറുപ്പമുള്ളവരെ ഉപദ്രവിക്കുകയോ, അല്ലെങ്കില്‍ ഇത്തരം ആസക്തി അവര്‍ക്ക് കടുത്ത മനക്ലേശമോ വ്യക്തിബന്ധങ്ങളില്‍ പ്രശ്നങ്ങളോ സൃഷ്ടിക്കുകയോ ചെയ്യുമ്പോഴാണ് രോഗം നിര്‍ണയിക്കുക.
(2025 ഫെബ്രുവരി ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.