“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ് എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.
പീഡനവിധേയരുടെ മൊത്തം കണക്കെടുത്താല്‍ ആ കൂട്ടത്തില്‍ കൊച്ചുകുട്ടികളാണ് കൌമാരക്കാരെക്കാളുമുള്ളത്. എന്നാല്‍ നെറ്റു കളമൊരുക്കുന്ന പീഡനങ്ങള്‍ മാത്രമെടുത്താല്‍ മുന്നില്‍ കൌമാരക്കാരാണ്. നെറ്റ് അധികമുപയോഗിക്കുന്നതും പ്രേമത്തോടും സെക്സിനോടും കൂടുതല്‍ താല്‍പര്യം കാണിക്കുന്നതും കൌമാരക്കാരാണ്, നെറ്റുപയോഗത്തില്‍ സാമര്‍ത്ഥ്യം നേടുന്നതിനനുസരിച്ചവര്‍ മുമ്പത്തേക്കാളും ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും എടുത്തുചാട്ടങ്ങള്‍ക്കും മുതിരാം, മറുവശത്ത് കൊച്ചുകുട്ടികള്‍ നെറ്റുപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം പൊതുവെ കൂടുതലായുണ്ടാവാറുണ്ട് എന്നതിനാലൊക്കെയാണിത്.
സഭാകമ്പമുള്ളവരും നാണംകുണുങ്ങികളായവരും നേര്‍ക്കുനേറുള്ള ബന്ധങ്ങളില്‍ നിന്നൊളിച്ചോടി നെറ്റില്‍ ഏറെ സമയം ചെലവിടുകയും ചൂഷകരുടെ കയ്യിലെത്തുകയും ചെയ്യാം. വൈകാരികപ്രശ്നങ്ങളുള്ളവര്‍, മറ്റുള്ളവരുടെ ശ്രദ്ധക്കും സ്നേഹത്തിനുമുള്ള അത്യാശയാല്‍, സ്ക്രീനിനപ്പുറത്തു നിന്നുള്ള പ്രണയപ്രഖ്യാപനങ്ങളെയും മോഹന വാഗ്ദാനങ്ങളെയും കണ്ണടച്ചു വിശ്വസിച്ചുപോവാം. മുന്നേ പീഡനങ്ങള്‍ക്കിരയായിട്ടുള്ളവര്‍ക്കും ഓണ്‍ലൈന്‍കെണികളില്‍ച്ചെന്നുപെടാന്‍ സാദ്ധ്യത കൂടുന്നുണ്ട് — ലൈംഗികമായ കടന്നുകയറ്റങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവുകുറവോ അല്ലെങ്കില്‍ അവയ്ക്കു യെസ്സുമൂളാനുള്ള ത്വരയോ അവര്‍ക്കുണ്ടാവാമെന്നതും പരപ്രേരണയില്ലാതെതന്നെ അവര്‍ നെറ്റില്‍ ലൈംഗികച്ചുവയോടെ പെരുമാറിപ്പോവാമെന്നതുമാണ് ഇതിന് ഇടനിലയാവാറ്.
നെറ്റുവഴി കൂടുതലും ലൈംഗികക്ഷണങ്ങള്‍ കിട്ടുന്നതു പെണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗികളോ ഏതു ലിംഗത്തോടാണു തനിക്കു ലൈംഗികാഭിമുഖ്യമെന്നതില്‍ സംശയം നിലനില്‍ക്കുന്നവരോ ആയ ആണ്‍കുട്ടികള്‍ക്കും ഇത്തരം ക്ഷണങ്ങള്‍ അധികമായിക്കിട്ടാം. അതിനു കളമൊരുങ്ങുന്നത്, ലൈംഗികമായ ആധികളെയോ സംശയങ്ങളെയോ പറ്റി ചുറ്റുവട്ടത്തുള്ള മുതിര്‍ന്നവരോട് അഭിപ്രായം തേടുക പന്തിയാവില്ലെന്ന അനുമാനത്തിലവര്‍ അവ നെറ്റിലെ ദുഷ്ടലാക്കുള്ള അപരിചിതരോടു പങ്കുവെക്കാന്‍ ചെല്ലുമ്പോഴാവാം.
മുന്‍പരിചയമില്ലാത്തവരോട് നെറ്റില്‍ ഇത്തിരിയൊക്കെ ഇടപഴകുന്നതോ പൊതുവിഷയങ്ങളെപ്പറ്റി സംവദിക്കാനിറങ്ങുന്നതോ പൊതുവെ അപകടകരമല്ല. എന്നാല്‍ വ്യക്തിപരമായ വിശദാംശങ്ങളോ ലൈംഗികച്ചുവയുള്ള സ്വന്തം ചിത്രങ്ങളോ പങ്കിടുന്നതും നെറ്റിലുള്ളവരോട് നിര്‍മര്യാദം പെരുമാറുന്നതും പോണ്‍സൈറ്റുകള്‍ നോക്കുന്നതും ലൈംഗികചര്‍ച്ചകള്‍ക്ക് ഉത്സാഹം കാണിക്കുന്നതുമൊക്കെ ചൂഷകരെ ആകര്‍ഷിച്ചേക്കാം.
പ്രായപൂര്‍ത്തിയാവാത്തവരെ വലയിട്ടുപിടിക്കാനും പ്രാപിക്കാനും ജീവിതമുഴിഞ്ഞുവെച്ച, സിനിമകളിലെ വില്ലന്മാരുടെ രൂപഭാവങ്ങളുള്ള കഠിനഹൃദയരാണ് ഇത്തരം കൃത്യങ്ങള്‍ക്കു പിന്നിലെന്ന മുന്‍ധാരണ വികലവും ഹാനികരവുമാണ്. പരസ്പര സമാനതകളില്ലാത്ത ഒത്തിരിത്തരമാളുകള്‍ ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ കുഞ്ഞുകുട്ടികളോടോ കൌമാരക്കാരോടോ ലൈംഗിക പ്രതിപത്തിയുള്ളവരാവാം. ചിലരിതിനു പ്രചോദിതരാവുന്നത് മുതിര്‍ച്ചയെത്തിയിട്ടില്ലാത്തവര്‍ക്കു മേല്‍ നിയന്ത്രണവും മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കാനോ ലൈംഗികകാര്യങ്ങളില്‍ പിടിപാടു കുറഞ്ഞവരുടെ പ്രശംസ കൈപ്പറ്റാനോ കൌമാരാനുഭവങ്ങളിലൂടെ ഒന്നുകൂടിക്കടന്നുപോവാനോ ഉള്ള കൊതികളാലാവാം. ചിലര്‍ക്കു പ്രേരണയാവുന്നത് ലൈംഗികമൂപ്പെത്താത്തവരോടുള്ള ജിജ്ഞാസയോ മുതിര്‍ന്ന ലൈംഗികപങ്കാളികളെ സമീപിക്കാനുള്ള പേടിയോ ആവാം. ഇനിയും ചിലരുടെ ലക്ഷ്യം വേഴ്ചയാവണമെന്നില്ല — ചെറുപ്രായക്കാരെ വലയില്‍ക്കുടുക്കുന്നതിന്‍റെയോ അവരോട് അശ്ലീലവര്‍ത്തമാനം പറയുന്നതിന്‍റെയോ ത്രില്ലു മാത്രം തേടുന്നവരും അവരുടെ നഗ്നചിത്രങ്ങള്‍ സ്വന്തമുപയോഗത്തിനോ വിപണനത്തിനോ വേണ്ടി കൈവശമാക്കാന്‍ യത്നിക്കുന്നവരുമൊക്കെ ഈ രംഗത്തുണ്ട്.
ചെറിയൊരു കുട്ടിയായി നടിച്ച് അഞ്ചുവര്‍ഷത്തോളം ഓണ്‍ലൈനിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ഒരു ഗവേഷക കണ്ടെത്തിയത്, ഇത്തരക്കാര്‍ ഇരകളെ വീഴ്ത്തുന്നത് ആറു ഘട്ടങ്ങളിലൂടെയാണെന്നാണ്:
(ഇവ ഇതേ ക്രമത്തില്‍ത്തന്നെ നടക്കണമെന്നില്ല. എല്ലാവരും ഇതിലെല്ലാ ഘട്ടങ്ങളും പയറ്റണമെന്നുമില്ല.)
മിക്ക ചൂഷകരും സ്വന്തം പ്രായത്തെയോ ലിംഗത്തെയോ പറ്റി കള്ളംപറയാറില്ല, നല്ലൊരുപങ്കു കൌമാരക്കാരും “സുഹൃത്തിനെ” നേരില്‍ക്കാണാന്‍ ഇറങ്ങിത്തിരിക്കാറുള്ളത് പോക്ക് ലൈംഗികകാര്യങ്ങള്‍ക്കാണെന്ന ബോദ്ധ്യത്തോടെയാണ് എന്നൊക്കെ പഠനഫലങ്ങളുണ്ട്.
കൌമാരക്കാര്‍ അറിഞ്ഞിരിക്കേണ്ടതും മാതാപിതാക്കളും മറ്റും അവരെ മനസ്സിലാക്കിക്കേണ്ടതുമായ ചില വസ്തുതകളുണ്ട്. ലൈംഗികമായ താല്പര്യങ്ങളും ജിജ്ഞാസകളും കൌമാരസഹജമാണ്. എന്നാല്‍ അവ വെച്ചു മുതലെടുക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുത്. അനുഭവജ്ഞാനത്തിലും മാനസിക, ശാരീരികബലങ്ങളിലും മേല്‍ക്കയ്യുള്ള മുതിര്‍ന്നവരുമായി സമാസമം നിന്നുള്ള ബന്ധങ്ങളൊന്നും കൌമാരക്കാര്‍ക്കു സാദ്ധ്യമാവില്ല. ചൂഷകരുമായുള്ള ഒളിബന്ധങ്ങള്‍ മനസ്സിന്‍റെ ലൈംഗികമായ വികാസത്തെ അലങ്കോലപ്പെടുത്തുകയും ഈ പ്രായത്തില്‍ പ്രാധാന്യമര്‍പ്പിക്കേണ്ട പഠനം പോലുള്ള കാര്യങ്ങളില്‍ നിന്നു ശ്രദ്ധ വിടുവിക്കുകയും ലൈംഗികരോഗങ്ങള്‍ക്കും ലഹരിയുപയോഗത്തിനും മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കുമൊക്കെ വഴിയൊരുക്കുകയും ചെയ്യാം.
സോഷ്യല്‍മീഡിയകളിലെ പ്രൈവസി സെറ്റിങ്ങുകള്‍ യഥോചിതം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുക. ലൈംഗികസംഭാഷണങ്ങളിലേക്കു വലിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അവരെപ്പറ്റി വെബ്സൈറ്റിനെയും നിയമപാലകരെയും അറിയിക്കുക. പതിനെട്ടു തികയാത്തവരെ നെറ്റുവഴി ലൈംഗികകൃത്യങ്ങള്‍ക്കു പ്രലോഭിപ്പിക്കുന്നത് ഐ.ടി. നിയമത്തിലെ 67B വകുപ്പു പ്രകാരം ജാമ്യം ലഭിക്കാത്തതും ഏഴുവർഷം വരെ തടവും പത്തുലക്ഷം രൂപ വരെ പിഴയും കിട്ടാവുന്നതുമായ കുറ്റമാണ്.
(2016 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.