മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഒഴിഞ്ഞ കൂടുകളിലെ വ്യഥകള്‍
ബഹുമാനപ്പെട്ട ഡോക്ടര്‍,
എനിക്ക് അറുപതു വയസ്സുണ്ട്. വീട്ടില്‍ ഞാനും ഭാര്യയും ഇളയ മകനും മാത്രമാണുള്ളത്. മൂത്ത മകന്‍ ഒരാളുള്ളത് വര്‍ഷങ്ങളായി വിദേശത്താണ്. കൂടെയുള്ള മകനും ഇപ്പോള്‍ ഉപരിപഠനത്തിനായി ഉത്തരേന്ത്യയിലേക്കു പോവാനുള്ള തയ്യാറെടുപ്പിലാണ്. മിക്കവാറും അടുത്ത മാസം പോവും. എനിക്കു പക്ഷേ ഇത് തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമായിപ്പോവുന്നതിനെപ്പറ്റി ഏറെ ഭയപ്പാടു തോന്നുന്നു. കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുദിവസം പോലും മക്കളിലൊരാളെങ്കിലും കൂടെയില്ലാതെ ഞങ്ങള്‍ ഈ വീട്ടില്‍ ഉറങ്ങിയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി എങ്ങനെ സമയം മുന്നോട്ടുനീക്കും? മക്കളാരും ഇല്ലാത്ത വീട്ടിലെ ശൂന്യതയെ എങ്ങിനെ നേരിടും? ഇതൊക്കെ ആലോചിച്ച് ഈയിടെ ഭയങ്കര മനോവിഷമമാണ്. ഒന്നിനും ഒരുന്മേഷവും തോന്നുന്നില്ല. ഈ ഒരവസ്ഥയെ മറികടക്കാന്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
- ജനാര്‍ദ്ദനക്കൈമള്‍, ആറ്റിങ്ങല്‍.
പഠനത്തിനോ ജോലിക്കോ ഒക്കെവേണ്ടി മക്കള്‍ വീടുവിട്ടുപോവുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാവുന്ന നിരാശക്കും അസ്തിത്വപ്രതിസന്ധിക്കുമൊക്കെച്ചേര്‍ത്ത് വിദഗ്ദ്ധര്‍ ഇട്ടിരിക്കുന്ന പേര് "Empty nest syndrome" (കൂടു ശൂന്യമാവുന്നതിന്‍റെ കുഴപ്പം) എന്നാണ്. അമ്മമാരിലാണ് ഇതു കൂടുതലും കാണാറുള്ളത്. വിരഹങ്ങളെയും മാറ്റങ്ങളെയും നേരിടുന്ന കാര്യത്തില്‍ സ്വതവേ ദുര്‍ബലരായവര്‍ക്കും ജോലിയില്‍നിന്നു വിരമിച്ചിട്ട് അധിക കാലമായിട്ടില്ലാത്തവര്‍ക്കും മകനോ മകള്‍ക്കോ തന്നെക്കൂടാതെ ജീവിക്കാനായേക്കുമോ എന്ന് അത്രക്കുറപ്പുതോന്നാത്തവര്‍ക്കുമൊക്കെ ഇതു പിടിപെടാന്‍ സാദ്ധ്യത കൂടുതലുണ്ട്.
ജീവിതത്തിലെ ഈയൊരു നാഴികക്കല്ല് ഓരോരുത്തരെയും ബാധിക്കുന്നത് ഓരോ തരത്തിലാവാം. ചോദ്യകര്‍ത്താവ് അനുഭവിക്കുന്നുവെന്നു പറഞ്ഞ പ്രശ്നങ്ങള്‍ക്കു പുറമെ ജീവിതത്തില്‍ ഇനി തന്‍റെ റോള്‍ എന്താണ് എന്നതിനെയും മറ്റു ഭാവികാര്യങ്ങളെയുംപറ്റി വല്ലാത്ത ആശങ്ക, വര്‍ഷങ്ങളായി പാലിച്ചുപോന്ന ജീവിതചര്യ പൊളിച്ചെഴുതേണ്ടി വരുന്നതിലുള്ള വൈഷമ്യം, താന്‍ ഒരു വിലയുമില്ലാത്ത ഒരാളായിപ്പോയെന്നും ജീവിതത്തിനു ലക്ഷ്യമില്ലാതായിത്തീര്‍ന്നെന്നുമൊക്കെയുള്ള മനോഭാവം തുടങ്ങിയവയും പലരിലും കാണാറുണ്ട്.
എന്നാല്‍ മറുവശത്ത് ചിലര്‍ക്കെങ്കിലും ഈയൊരു സ്ഥിതിമാറ്റത്തെ വളരെ പോസിറ്റീവായി സമീപിക്കാനാവാറുമുണ്ട്. ഉദാഹരണത്തിന്, ചിലരില്‍ മുന്നിട്ടുനില്‍ക്കുന്നത് താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടി പുതിയ ഉത്തരവാദിത്തങ്ങളിലേക്കും അവസരങ്ങളിലേക്കും കടക്കുന്നതിലുള്ള സന്തോഷാഭിമാനങ്ങളാവാം. ഒരു കൂരക്കുകീഴെ ഒന്നിച്ചുകഴിയുമ്പോള്‍ സ്വാഭാവികമായും ദിവസേനയെന്നോണം വരുന്ന കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്കും കൌമാരജന്യങ്ങളായ വഴക്കുപിണക്കങ്ങള്‍ക്കുമൊക്കെ ഇത്തരം വേര്‍പാടുകള്‍ വിരാമമിടുന്നുവെന്നതിനാല്‍ മാറിത്താമസങ്ങള്‍ക്കു ശേഷം പലര്‍ക്കും മക്കളുമായുള്ള ബന്ധവുമടുപ്പവും പൂര്‍വാധികം ശക്തവും പക്വവും സാര്‍ത്ഥകവുമായിത്തീരുകയും ചെയ്യാം. പുതുതായിക്കൈവരുന്ന അധികസമയവും സ്വാതന്ത്ര്യവും പണച്ചെലവുകുറവുമൊക്കെ പ്രയോജനപ്പെടുത്തി കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന സ്വന്തം ഹോബികളെയും താല്‍പര്യങ്ങളെയും പൊടിതട്ടിയെടുക്കാനും, പുതിയ വല്ല ജോലിയിലും കയറാനും, പഴയ പരിചയക്കാരും അകന്ന ബന്ധുക്കളുമൊക്കെയായുള്ള അടുപ്പം പുതുക്കാനുമൊക്കെയുള്ള നല്ലൊരവസരമായി പലരും ഇത്തരം ഒറ്റപ്പെടലുകളെ ഉപയോഗപ്പെടുത്താറുണ്ട്. പതിറ്റാണ്ടുകളായി മക്കളുടെ ആവശ്യങ്ങളുടെയും പ്രശ്നങ്ങളുടെയും ചക്കില്‍ത്തളക്കപ്പെട്ട് കറങ്ങുന്നതിനിടയില്‍ പരസ്പരമധികം മനസ്സുതുറന്നിടപഴകാന്‍ അവസരംകിട്ടാതെ പോയ ഭാര്യാഭര്‍ത്താക്കന്മാര്‍ ഈയൊരു തഞ്ചത്തെ ഒരു രണ്ടാം മധുവിധുവായി ആഘോഷിക്കാറുമുണ്ട്. ആരോഗ്യകരവും ആഹ്ലാദദായകവുമായ ഇപ്പറഞ്ഞ രീതികളില്‍ ഈ ജീവിതസന്ധിയെ നോക്കിക്കണ്ട് ഇപ്പോഴുള്ള മനക്ലേശങ്ങളെ പടിക്കുപുറത്താക്കുകയും സന്തോഷോല്ലാസങ്ങളെ പകരമാനയിക്കുകയുമാവും ചോദ്യകര്‍ത്താവിനെപ്പോലുള്ളവര്‍ക്കും നല്ലത്.ചിലര്‍ക്കെങ്കിലും ഈയൊരു സ്ഥിതിമാറ്റത്തെ വളരെ പോസിറ്റീവായി സമീപിക്കാനാവാറുണ്ട്.
സ്വന്തം നഷ്ടബോധത്തിന്‍റെ അമിതപ്രകടനങ്ങള്‍ പുതിയൊരു ജീവിതത്തിലേക്കു കടക്കുന്ന മകനു സങ്കടകാരണമാവുന്നില്ല എന്നുറപ്പുവരുത്തുക. അതേസമയം ഒരു വിഷമവും കാണിക്കാതെ “ഞാന്‍ പോവുന്നതില്‍ ഇവര്‍ക്കെല്ലാമെന്താ സന്തോഷമാണോ" എന്ന സംശയം അവനുളവാവാതിരിക്കാനും ശ്രദ്ധിക്കുക. മക്കളുമായി തുടര്‍ന്നും എങ്ങിനെ ബന്ധം പുലര്‍ത്താമെന്നതു പ്ലാന്‍ചെയ്യുക. സെല്‍ഫോണിന്‍റെയോ കമ്പൂട്ടറിന്‍റെയോ സ്കൈപ്പു പോലുള്ള സോഫ്റ്റ്‌വെയറുകളുടെയോ ഉപയോഗരീതികള്‍ അത്ര വശമായിട്ടില്ലെങ്കില്‍ മകന്‍ പോവുന്നതിനുമുമ്പേ അതൊക്കെ മനസ്സിലാക്കിവെക്കുക. അതേസമയം “ദിവസവും ഇത്ര മണിക്കുതന്നെ എന്നെ വിളിച്ചിരിക്കണം" എന്നൊക്കെ ഉത്തരവിറക്കി അവനു ഭാരമുണ്ടാക്കാതിരിക്കുക.
പതിയെപ്പതിയെ പുതിയൊരു ദിനചര്യ സൃഷ്ടിച്ചെടുക്കുക. ഭാര്യയോടും കൂടിയാലോചിച്ച് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തുക. ഉല്ലാസയാത്രകള്‍, വേറൊരു വീടുവാങ്ങല്‍, പുതിയൊരു ബിസിനസ്സ് തുടങ്ങല്‍ എന്നിവയൊക്കെ പരിഗണിക്കാവുന്നതാണ്. എഴുത്തും പിയാനോപഠിത്തവും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെപ്പോലുള്ള, നിങ്ങള്‍ എന്നും ചെയ്യാനാഗ്രഹിച്ചിരുന്ന, എന്നാല്‍ കുട്ടികളെ വളര്‍ത്തുന്നതിന്‍റെ തിരക്കില്‍ സമയംകിട്ടാതെപോയ, കാര്യങ്ങള്‍ ചെയ്യാന്‍തുടങ്ങുക. എന്നാല്‍ മുഴുമിപ്പിക്കാന്‍ ഏറെ വര്‍ഷങ്ങളെടുത്തേക്കാവുന്നതോ വല്ലാതെ ടെന്‍ഷനുണ്ടാക്കിയേക്കാവുന്നതോ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവെച്ചേക്കാവുന്നതോ ആയ ഒന്നിനും പോവാതിരിക്കുക. ഒറ്റയടിക്ക് വലിയവലിയ മാറ്റങ്ങള്‍ കൊണ്ടുവരാതെ പുതിയ കാര്യങ്ങളെ ഇത്തിരിയിത്തിരിയായി നടപ്പിലാക്കുക. കുട്ടികള്‍ കൂടെയില്ലാത്ത ഒരു പുതിയ ജീവിതക്രമത്തിലേക്ക് പൂര്‍ണമായും മാറാന്‍ ശരാശരി രണ്ടുവര്‍ഷത്തോളമൊക്കെ എടുത്തേക്കാം എന്നോര്‍ക്കുക.പതിയെപ്പതിയെ പുതിയൊരു ദിനചര്യ സൃഷ്ടിച്ചെടുക്കുക.
ഇത്രയൊക്കെച്ചെയ്തിട്ടും വിഷമിപ്പിക്കുന്ന ചിന്തകളും ഓര്‍മകളും തികട്ടിക്കൊണ്ടേയിരിക്കുന്നു എങ്കില്‍ ഭാര്യയോടോ സുഹൃത്തുക്കളോടോ ഒക്കെ കാര്യം ചര്‍ച്ചചെയ്യുക. കുറച്ചു കാലമായി മക്കളെപ്പിരിഞ്ഞു ജീവിക്കുന്ന ആരെങ്കിലും പരിചയവൃത്തത്തിലുണ്ടെങ്കില്‍ അവരുടെ ഉപദേശനിര്‍ദ്ദേശങ്ങളും തേടാവുന്നതാണ്. ഇടക്കൊന്നു കരയുന്നതോ വീണ്ടുംവീണ്ടും ആല്‍ബങ്ങള്‍ മറിച്ചുനോക്കാന്‍ തോന്നുന്നതോ ഒന്നും ദൌര്‍ബല്യത്തിന്‍റെയോ മനോരോഗങ്ങളുടെയോ ലക്ഷണമല്ല എന്നോര്‍ക്കുക. അതേസമയം നിരന്തരമായ കരച്ചില്‍, വല്ലാത്ത ഉറക്കക്കുറവ്, തീരെ വിശപ്പില്ലായ്ക, മരിച്ചുകിട്ടിയാല്‍ മതിയെന്നോ ആത്മഹത്യചെയ്തേക്കാമെന്നോ ഒക്കെയുള്ള തോന്നലുകള്‍ തുടങ്ങിയവ തലപൊക്കുന്നുവെങ്കില്‍ സമയം പാഴാക്കാതെ വിദഗ്ദ്ധസഹായം തേടുക.
(2015 ഏപ്രില്‍ 13-ലെ മംഗളം വാരികയില്‍ "മനസ്സും നിങ്ങളും" എന്ന പംക്തിയില്‍ എഴുതിയത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy: Storyacious
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.