മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
അതിബുദ്ധിയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍
ബഹുമാനപ്പെട്ട ഡോക്ടര്‍,
ഞാന്‍ ഇരുപതുവര്‍ഷത്തിലധികമായി അദ്ധ്യാപകജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്‍റെ ഒരു നിരീക്ഷണം പങ്കുവെക്കാനും ഇതേപ്പറ്റി താങ്കളുടെ അഭിപ്രായമറിയാനും ആഗ്രഹിക്കുന്നു. വികൃതികളും അനുസരണയില്ലാത്തവരും ദുശ്ശീലക്കാരുമായ വിദ്യാര്‍ത്ഥികളെ എന്നെപ്പോലുള്ള അദ്ധ്യാപകര്‍ ഒരുപാടു കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരക്കാര്‍ക്കിടയില്‍ രണ്ടുമൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും എനിക്ക് ഏറെ ബുദ്ധിശക്തിയുള്ള ചില കുട്ടികളെ കാണാന്‍കിട്ടാറുണ്ട്. ചില വിഷയങ്ങളിലോ അല്ലെങ്കില്‍ പാഠ്യേതരകാര്യങ്ങളിലോ ആശ്ചര്യജനകമായ അവഗാഹം ഇവര്‍ക്കു കാണാം. അത്തരം കാര്യങ്ങളെപ്പറ്റി ഏറെ പക്വതയോടും വാഗ്ചാതുര്യത്തോടും ഉള്‍ക്കാഴ്ചയോടും കൂടി അവര്‍ സംസാരിക്കുകയും ചെയ്യും. ക്ലാസിനിടയിലും ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്തത്ര സങ്കീര്‍ണമായ സംശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കും. എന്നാല്‍ പരീക്ഷയുടെ മാര്‍ക്കു വരുമ്പോള്‍ തീരെക്കുറവ്. കൂട്ടുകെട്ടോ ക്ലാസിലെ ഏറ്റവും മണ്ടന്മാരും മടിയന്മാരുമായ കുട്ടികളോടും. എന്തുകൊണ്ടാവും ഇങ്ങിനെ സംഭവിക്കുന്നത്? ഇത്തരം കുട്ടികളെ ചെറിയ ക്ലാസുകളിലേ തിരിച്ചറിയാനും നേര്‍വഴിക്കു നടത്താനും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എന്തുചെയ്യാനാവും?
- സെയ്ദുമുഹമ്മദ്, വടകര.
താങ്കളുടെ നിരീക്ഷണപാടവത്തെ അഭിനന്ദിക്കുന്നു. വേണ്ടതിലധികം ബുദ്ധിയുമായി ജനിക്കുകയും എന്നാല്‍ അതിനനുസൃതമായ ചുറ്റുപാടുകളോ പരിചരണമോ കിട്ടാതെപോവുന്നതിനാല്‍ പഠനത്തിലും ജീവിതത്തില്‍ത്തന്നെയും പിന്നാക്കം പോവുകയും ചെയ്യുന്നവരെ ശാസ്ത്രലോകവും ഏറെ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. ശരാശരിക്കാരായ കുട്ടികളുടെ ഐ.ക്യു. 90-നും 110-നും ഇടയിലായിരിക്കുമെങ്കില്‍ ആ സ്ഥാനത്ത് 130-നും മുകളിലുള്ള ഒരു ഐ.ക്യു. സ്വന്തമായുള്ള കുട്ടികള്‍ “വരപ്രസാദമുള്ളവര്‍” (gifted) എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ഓര്‍മശക്തി, ഭാവനാശേഷി, നിരീക്ഷണപാടവം, നേതൃത്വപാടവം, ഭാഷാനിപുണത തുടങ്ങിയവയില്‍ ഇവര്‍ സമപ്രായക്കാരെക്കാള്‍ ബഹുദൂരം മുന്നിലായിരിക്കും.130-നും മുകളിലുള്ള ഒരു ഐ.ക്യു. സ്വന്തമായുള്ള കുട്ടികള്‍ “വരപ്രസാദമുള്ളവര്‍” (gifted) എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്.
എന്നാല്‍ ഇതോടൊക്കെയൊപ്പം അത്ര ആരോഗ്യകരമല്ലാത്ത ചില സ്വഭാവവിശേഷങ്ങളും ഇവര്‍ക്കു സ്വതസിദ്ധമായുണ്ടാവാമെന്നത് താങ്കള്‍ സൂചിപ്പിച്ചതുപോലുള്ള പല ദുഷ്പരിണതികള്‍ക്കും ഇടയൊരുക്കാറുമുണ്ട്. ഉദാഹരണത്തിന്, ചില മേഖലകളില്‍ മുന്നാക്കം നില്‍ക്കുമ്പോള്‍ത്തന്നെ മറ്റു പല കാര്യങ്ങളിലും ഇവര്‍ സമപ്രായക്കാരെക്കാള്‍ പിന്നിലാവാം. സാമൂഹ്യവും ശാരീരികവും വൈകാരികവുമായ പക്വതയും വളര്‍ച്ചയും കൈവരുന്നതിനു മുന്നേതന്നെ അസാധാരണമായ ബുദ്ധിവൈഭവം സ്വായത്തമാകുന്നത് പല വൈഷമ്യങ്ങള്‍ക്കും ഹേതുകമാവാം. നിറഞ്ഞുതുളുമ്പുന്ന ബുദ്ധി ഇവര്‍ ലോകത്തോടിടപഴകുന്ന രീതിയെ അവതാളത്തിലാക്കുകയും, അതവരെ സുഹൃത്തുക്കളുടെയും അവരുടെ സവിശേഷതകളെപ്പറ്റി ബോദ്ധ്യമില്ലാത്ത മുതിര്‍ന്നവരുടെയും, മാതാപിതാക്കളുടെപ്പോലും, മുമ്പില്‍ പരിഹാസപാത്രങ്ങളാക്കിത്തീര്‍ക്കുകയും ചെയ്യാം. സമാനമനസ്കരായ കൂട്ടുകാരുടെ അലഭ്യത അവര്‍ക്ക് സ്കൂളിനോട് താല്‍പര്യക്കുറവു ജനിപ്പിക്കാം. സാമ്പ്രദായിക രീതിയിലുള്ള ക്ലാസെടുപ്പുകള്‍ അവരെ ഏറെപ്പെട്ടെന്നു മുഷിപ്പിക്കാം. തലച്ചോര്‍ പ്രവര്‍ത്തിക്കുന്ന അതേ വേഗത്തില്‍ കൈ പ്രവര്‍ത്തിക്കാതെ പോവുന്നത് അവരുടെ കയ്യക്ഷരം മോശമായിത്തീര്‍ക്കാം. ഏറെക്കടന്നും ആഴത്തിലും സങ്കീര്‍ണ്ണ രീതികളിലും ചിന്തിക്കുന്ന ശീലം അവര്‍ക്ക് പാഠഭാഗങ്ങളെ പ്രായോഗിക രീതികളില്‍ ഉള്‍ക്കൊള്ളുന്നതിനും പരീക്ഷയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ സ്വന്തം കഴിവുകളെ ഫലപ്രദമായി പ്രദര്‍ശിപ്പിക്കുന്നതിനുമൊക്കെ വിഘാതമാവാം. പഠനത്തിലും സാമൂഹ്യജീവിതത്തിലുമൊക്കെ സംജാതമാവുന്ന ഇത്തരം വിഷമതകള്‍ അവരെ കാലക്രമേണ പഠനത്തിലേ താല്‍പര്യമില്ലാത്തവരും വികൃതികളിലും ദുശ്ശീലങ്ങളിലും ആശ്വാസം കണ്ടെത്തുന്നവരുമാക്കിത്തീര്‍ക്കാം.
ഇത്തരം ദുഷ്സങ്കീര്‍ണതകള്‍ വന്നുഭവിക്കാതിരിക്കാന്‍ ഏറ്റവുമാദ്യം വേണ്ടത് ബുദ്ധിക്കൂടുതലാണ് കുട്ടിയുടെ പ്രശ്നങ്ങളുടെ അടിവേര് എന്ന് ആവുന്നത്ര നേരത്തേ തിരിച്ചറിയുകയാണ്. പ്രായത്തില്‍ക്കവിഞ്ഞ താല്‍പര്യങ്ങള്‍, സമപ്രായക്കാരോട് വേണ്ടുംവിധം ഇടപഴകാനാവായ്ക, വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതില്‍ വല്ലാത്ത വൈഷമ്യം തുടങ്ങിയ സ്വഭാവരീതികളുള്ള കുട്ടികളെ ഐ.ക്യു. ടെസ്റ്റിനും മറ്റു സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ക്കും വിധേയരാക്കുന്നത് അവരുടെ ഇത്തരം സവിശേഷതകളെ മുന്‍കൂട്ടിത്തിരിച്ചറിയാന്‍ സഹായിക്കും.
പല വിദേശരാജ്യങ്ങളിലും ഇത്തരം ബുദ്ധിരാക്ഷസന്മാര്‍ക്കായി പ്രത്യേകം പാഠശാലകള്‍ തന്നെയുണ്ട്. നമ്മുടെ സാഹചര്യങ്ങളിലും മാതാപിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങള്‍ മനസ്സിരുത്തുന്നത് ഇവരുടെ കഴിവുകള്‍ നന്നായി ഉപയോഗിക്കപ്പെടാനും മുകളില്‍ നിരത്തിയ തരം ഗതികേടുകളെ പ്രതിരോധിക്കാനും സഹായകമാവും. പ്രാഗത്ഭ്യമുള്ള മേഖലകളിലെ വിദഗ്ദ്ധരുമായി ഇടപഴകാന്‍ അവര്‍ക്ക് അവസരങ്ങളൊരുക്കുക. മ്യൂസിയവും പ്ലാനറ്റേറിയവും പോലുള്ള അവര്‍ക്ക് ഉത്തേജനമായേക്കാവുന്ന സ്ഥലങ്ങളിലേക്ക് അവരെക്കൊണ്ടുപോവുക. ചില കാര്യങ്ങളില്‍ അസാമാന്യ നൈപുണ്യം കാണിക്കുന്നുവെന്നുവെച്ച് എല്ലാ മേഖലകളിലും അങ്ങിനെയാവാന്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. അവര്‍ക്കു താല്‍പര്യമുള്ള കാര്യങ്ങളോടൊപ്പം അവര്‍ക്കു ബാലികേറാമലയായ പ്രവൃത്തികളെയും ഇടകലര്‍ത്തിയുള്ള ദിനചര്യകള്‍ രൂപപ്പെടുത്തിക്കൊടുക്കുക. കഴിവുതെളിയിച്ച രംഗത്തുതന്നെ ഇടക്കെപ്പോഴെങ്കിലും സ്വല്‍പമൊന്നു പിന്നാക്കം പോയെന്നുവെച്ച് വിമര്‍ശനങ്ങളുയര്‍ത്താതിരിക്കുക. അവരുടെ ആശയാഭിപ്രായങ്ങള്‍ക്ക് സഹപാഠികള്‍ വിലകല്‍പിച്ചേക്കില്ല എന്നതിനാല്‍ അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ക്ക് മുന്‍വിധികളേതുമില്ലാതെ കാതുകൊടുക്കുക. സമപ്രായക്കാരുമായി ഇടപഴകുന്നതെങ്ങനെയെന്ന പരിശീലനം ലഭ്യമാക്കുകയും ചെയ്യുക.ചില കാര്യങ്ങളില്‍ അസാമാന്യ നൈപുണ്യം കാണിക്കുന്നുവെന്നുവെച്ച് എല്ലാ മേഖലകളിലും അങ്ങിനെയാവാന്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക.
(2015 ഏപ്രില്‍ 27-ലെ മംഗളം വാരികയില്‍ "മനസ്സും നിങ്ങളും" എന്ന പംക്തിയില്‍ എഴുതിയത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy: Daily Mail