മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

സന്തോഷംകൊണ്ടു കിട്ടുന്ന സൌഭാഗ്യങ്ങള്‍

happiness-malayalam

ആരോഗ്യത്തിനു പ്രാധാന്യം കല്പിക്കുന്നവര്‍ ആഹാരത്തിലും വ്യായാമത്തിലും പൊതുവെ നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലരും കാര്യമായി ഗൌനിക്കാത്ത ഒരു വശമാണ്, മാനസികസ്ഥിതിക്ക് നമ്മുടെ ആരോഗ്യത്തിലും ആയുസ്സിന്മേലും നല്ലൊരു സ്വാധീനം ഉണ്ടെന്നത്. മനസ്സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് അതുകൊണ്ട് ശാരീരികവും മാനസികവുമായ ഏറെ ഗുണഫലങ്ങള്‍ കിട്ടുന്നുണ്ട്. ഇതു മുഖ്യമായും താഴെപ്പറയുന്ന മേഖലകളിലാണ്.

രോഗപ്രതിരോധം

സന്തോഷം, പല രോഗങ്ങളുടെയും കടന്നുവരവു തടയുന്നുണ്ട്. ഏറെപ്പേരെ മുപ്പതോളം വര്‍ഷം നിരീക്ഷിച്ച ഒരു പഠനം, അക്കൂട്ടത്തിലെ സന്തുഷ്ടരില്‍ അക്കാലയളവില്‍ മാനസികരോഗങ്ങള്‍, ലഹരിയുപയോഗം, മദ്യം മൂലമുള്ള കരള്‍രോഗം, അപകടങ്ങള്‍, ആത്മഹത്യ എന്നിവ താരതമ്യേന കുറവായിരുന്നെന്നു കണ്ടെത്തി. പതിനായിരത്തോളം ആസ്ത്രേലിയക്കാരിലെ മറ്റൊരു പഠനം വ്യക്തമാക്കിയത്, നല്ല സന്തോഷവും ജീവിതസംതൃപ്തിയും വെളിപ്പെടുത്തിയവര്‍ക്ക് അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷങ്ങളില്‍ സാരമായ രോഗങ്ങള്‍ വന്നതിന്‍റെ തോത് മൂന്നിലൊന്നോളം കുറവായിരുന്നെന്നാണ്.

ഹൃദയാരോഗ്യം

സന്തോഷം ഏറ്റവും ഉപകാരമാകുന്നത് ഹൃദയത്തിനാണ്. സന്തുഷ്ടരായവര്‍ക്ക് ഹൃദ്രോഗസാദ്ധ്യത അഞ്ചിലൊന്നോളം കുറയുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഉദാഹരണത്തിന്, കാനഡയിലെ രണ്ടായിരം പേരോട് ജോലിസ്ഥലത്ത് എത്രത്തോളം സന്തോഷവും കോപവും മാനസികസമ്മര്‍ദ്ദവുമൊക്കെയുണ്ട് എന്ന് ഗവേഷകര്‍ ചോദിച്ചറിയുകയുണ്ടായി. അക്കൂട്ടത്തില്‍ അപ്പോള്‍ സന്തോഷവാന്മാരായിരുന്നവരില്‍ അതു കഴിഞ്ഞുള്ള പത്തുവര്‍ഷക്കാലത്ത് ഹൃദയാഘാതത്തിന്‍റെ നിരക്ക് കുറവായിരുന്നെന്ന് ആ ഗവേഷകര്‍ക്ക് പിന്നീടു മനസ്സിലാക്കാനായി.

ബി.പി.യും കൊളസ്ട്രോളും നിയന്ത്രിതമാവുക, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുക എന്നീ പ്രയോജനങ്ങളും സന്തോഷത്തിനുണ്ട്. ഹൃദയമിടിപ്പ് അമിതമാകാതെ കാക്കുന്ന വാഗസ് എന്ന നാഡിയെ സന്തോഷം ഉത്തേജിപ്പിക്കുന്നുണ്ട്. രക്തത്തെ കട്ട പിടിക്കാന്‍ സഹായിക്കുന്ന ഫിബ്രിനോജന്‍ എന്ന വസ്തുവിന്‍റെ അളവ് രക്തത്തില്‍ കൂടുതലാകുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള അമിതസാദ്ധ്യതയുടെ സൂചനയാണ്. സന്തോഷമുള്ളവരില്‍ ഫിബ്രിനോജന്‍റെ അളവ് കുറഞ്ഞാണു കാണപ്പെടുന്നത്.

മറുവശത്ത്, മാനസികസമ്മര്‍ദ്ദമുള്ള വേളകളില്‍ ബി.പി.യും ഹൃദയമിടിപ്പും വര്‍ദ്ധിതമാകും. ഇത് ഹൃദയത്തിനു ദോഷകരമാവുകയും ഹൃദ്രോഗത്തിനും മസ്തിഷ്കാഘാതത്തിനും സാദ്ധ്യതയേറ്റുകയും ചെയ്യും. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നുകൊണ്ടിരിക്കുക എന്നത് നല്ല ഹൃദയാരോഗ്യത്തിന്‍റെ സൂചകമാണ്. സന്തോഷം കുറഞ്ഞവരില്‍ പക്ഷേ ഇത് വേണ്ട വിധത്തില്‍ സംഭവിക്കുന്നില്ല.

പ്രത്യുല്പാദനശേഷി

മാനസിക സമ്മര്‍ദ്ദമുള്ള പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണവും ചലനശേഷിയും, ലൈംഗിക ഹോര്‍മോണുകളുടെ അളവ് എന്നിവ കുറയുന്നുണ്ട്.

വേദന

സന്തുഷ്ടരായവര്‍ക്ക് അസുഖസമയങ്ങളിലും അല്ലാത്തപ്പോഴും വേദന അനുഭവപ്പെടുന്നത് കുറഞ്ഞ തീവ്രതയിലാണ്. രോഗങ്ങളുടെ ഇതര ലക്ഷണങ്ങളും അവര്‍ക്ക് ലഘുവായേ അനുഭവവേദ്യമാകുന്നുള്ളൂ. സന്തുഷ്ടരുടെ വിശാലമായ കാഴ്ചപ്പാടുകളും പുതിയ ആശയങ്ങളെയും ചിന്തകളെയും ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതിയുമാണ് വേദന താങ്ങാനുള്ള ത്രാണി അവര്‍ക്കു മെച്ചമാക്കുന്നത്.

പരിശോധനകള്‍ ഏറെ നടത്തിയിട്ടും ഡോക്ടര്‍മാര്‍ക്ക് രോഗമൊന്നും കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുകയും എന്നാല്‍ വിവിധ ശരീരഭാഗങ്ങളില്‍ നിരന്തരം വേദനകള്‍ തോന്നുകയും ചെയ്യുന്ന അനേകരുണ്ട് — മാനസികസമ്മര്‍ദ്ദം മൂലം ശരീരത്തിന്‍റെ നോര്‍മല്‍ പ്രവര്‍ത്തനങ്ങള്‍ പോലും വേദനയായി അനുഭവപ്പെടുന്നതാകാം അവരുടെ അടിസ്ഥാനപ്രശ്നം.

മുറിവുകള്‍

മാനസികസമ്മര്‍ദ്ദം ഉള്ളപ്പോള്‍ മുറിവുകള്‍ കരിയാന്‍ കൂടുതല്‍ സമയം ആവശ്യമാകുന്നുണ്ട്. ഒരു പഠനത്തില്‍ വെളിവായത്, പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ മുറിവുണങ്ങാന്‍ അവധിക്കാലത്തേതിനെ അപേക്ഷിച്ച് മൂന്നു ദിവസം കൂടുതല്‍ എടുക്കുന്നുണ്ടെന്നാണ്.

വാര്‍ദ്ധക്യത്തില്‍

സന്തുഷ്ടരായവര്‍ക്ക് വാര്‍ദ്ധക്യത്തില്‍ പരിക്കുകള്‍ പിണയാനും ശാരീരിക ശേഷി ദുര്‍ബലമാകാനുമുള്ള സാദ്ധ്യത താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് നടക്കുക, കുളിക്കുക തുടങ്ങിയവ കൂടുതല്‍ക്കാലം പരസഹായമില്ലാതെ ചെയ്യാനാകും.

ദീര്‍ഘായുസ്സ്

സന്തോഷവും ജീവിതസംതൃപ്തിയും ശുഭാപ്തിവിശ്വാസവുമൊക്കെ ആയുര്‍വര്‍ദ്ധനയ്ക്കു സഹായകമാണ്. സന്തുഷ്ടര്‍ക്ക് ജീവിതദൈര്‍ഘ്യം പതിനാലു ശതമാനത്തോളം കൂടിക്കിട്ടുന്നുണ്ട്. ചെറുപ്രായങ്ങളിലെ മരണം പലപ്പോഴും അപകടങ്ങളും മറ്റും മൂലമാണ് എന്നതിനാല്‍ത്തന്നെ, സന്തോഷം കൊണ്ടു കിട്ടുന്ന ദീര്‍ഘായുസിന്‍റെ പ്രയോജനം കൂടുതലും ലഭിക്കുന്നത് പ്രായമായവര്‍ക്കാണ്.

ഈ വിഷയത്തിലെ ഏറ്റവും പ്രശസ്തമായ പഠനം അമേരിക്കയിലെ എഴുന്നൂറോളം കന്യാസ്ത്രീകളില്‍ നടന്നതാണ്. തൊള്ളായിരത്തിമുപ്പതുകളില്‍ മഠത്തില്‍ച്ചേരുന്ന സമയത്ത് അവരെല്ലാവരും തങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയെപ്പറ്റി കുറിപ്പുകള്‍ എഴുതിയിരുന്നു. അവയില്‍നിന്ന് അവരുടെ അക്കാലത്തെ മനസ്സന്തുഷ്ടിയുടെ അളവു വായിച്ചെടുത്ത ഗവേഷകര്‍, അത് അവരുടെ ഭാവി ആയുസ്സിനെ സ്വാധീനിക്കുകയുണ്ടായോ എന്നു പരിശോധിച്ചു. ഫലമോ, കൂട്ടത്തില്‍ അന്നേറ്റവും സന്തുഷ്ടരായിരുന്നവര്‍ പഠനം നടന്ന തൊള്ളായിരത്തിത്തൊണ്ണൂറുകളിലും ജീവനോടെയിരിക്കാനുള്ള സാദ്ധ്യത ഏറ്റവും അസംതൃപ്തരായിരുന്നവരെ അപേക്ഷിച്ച് രണ്ടരയിരട്ടി ആയിരുന്നു. പത്തു വര്‍ഷമായിരുന്നു സന്തുഷ്ടര്‍ക്ക് അധികമായിക്കിട്ടിയ ശരാശരി ആയുസ്സ്. ഇത്, പുകവലിക്കുന്നവരും അല്ലാത്തവരും തമ്മില്‍ ആയുസ്സിന്‍റെ കാര്യത്തിലുള്ള അന്തരത്തിലും കൂടുതലാണ്!

മറുഭാഗത്ത്, ഉറ്റവരുടെ വിയോഗത്തിനു ശേഷമുള്ള ഒരു മാസക്കാലത്ത് മരണപ്പെട്ടുപോകാനുള്ള സാദ്ധ്യത പുരുഷന്മാര്‍ക്കു രണ്ടും സ്ത്രീകള്‍ക്കു മൂന്നും ഇരട്ടിയാണ്. മിസൈല്‍ ആക്രമണം, ഭൂകമ്പം തുടങ്ങിയവയ്ക്കു പിമ്പേ അവ നേരിട്ടു ബാധിക്കാഞ്ഞവരില്‍പ്പോലും മരണനിരക്കു കൂടുന്നുമുണ്ട്.

ജീവന്മരണ പോരാട്ടങ്ങള്‍

1998-ല്‍ ഫ്രാന്‍സ് ഫുട്ബോള്‍ ലോകകപ്പ്‌ നേടിയ ദിവസം ആ രാജ്യത്തെ പുരുഷന്മാര്‍ക്കിടയില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് മറ്റു ദിവസങ്ങളിലേതിനെക്കാള്‍ കുറവായിരുന്നെന്ന് ഒരു പഠനം കണ്ടെത്തി.

എങ്ങിനെയാണ് സന്തുഷ്ടര്‍ക്ക് രോഗസാദ്ധ്യത കുറയുന്നതും നല്ല ആയുസ്സു കൈവരുന്നതും? ഇതിന് ചില ഉത്തരങ്ങള്‍ ലഭ്യമായുണ്ട്.

ജീവിതശൈലി

സന്തുഷ്ടര്‍ ആരോഗ്യകരമായ ജീവിതരീതി പിന്തുടരാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. പുകവലിയും മദ്യപാനവും വര്‍ജിക്കുക, പതിവായ വ്യായാമം, നല്ല ഭക്ഷണശീലം പാലിക്കുക, ശരീരഭാരം നിരീക്ഷിക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവ സന്തുഷ്ടര്‍ കൂടുതലായിച്ചെയ്യുന്നുണ്ട്.

സന്തോഷമുള്ളവര്‍ക്ക് നല്ല സാമൂഹ്യ ബന്ധങ്ങള്‍ ഉണ്ടാകും. രോഗങ്ങളെ പ്രതിരോധിക്കാനും മറികടക്കാനും അതും അവരെ പ്രാപ്തരാക്കും.

മാനസികസമ്മര്‍ദ്ദം

മനസ്സന്തോഷം, മാനസികസമ്മര്‍ദ്ദത്തിന്‍റെ വരവു തടയുകയും തീവ്രത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നസാഹചര്യങ്ങളെ നന്നായി വിശകലനം ചെയ്യാനും ഫലപ്രദമായി അതിജീവിക്കാനും സന്തുഷ്ടര്‍ക്കു സാധിക്കുന്നതാണ് ഇതിനൊരു കാരണം.

സമ്മര്‍ദ്ദവേളകളില്‍ ബി.പി.യും ഹൃദയമിടിപ്പും ഉയരുക പോലുള്ള ശാരീരിക വ്യതിയാനങ്ങള്‍ സംജാതമാക്കുന്നത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണാണ്. നിരന്തരമായ മാനസികസമ്മര്‍ദ്ദം പ്രമേഹത്തിനും ഹൈപ്പര്‍ടെന്‍ഷനുമൊക്കെ വഴിവെക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും കോര്‍ട്ടിസോള്‍ തന്നെയാണ്. ഈ ഹോര്‍മോണിന്‍റെ അളവ് സന്തുഷ്ടരുടെ രക്തത്തില്‍ പൊതുവേ കുറവായാണു കണ്ടുവരുന്നത്.

രോഗപ്രതിരോധശേഷി

സന്തുഷ്ടരുടെ രോഗപ്രതിരോധ വ്യവസ്ഥ കൂടുതല്‍ ശക്തമാണ്. രോഗാണുക്കളെ നശിപ്പിക്കുന്ന നാച്ചുറല്‍ കില്ലര്‍ കോശങ്ങളും മറ്റും അവര്‍ക്കു കൂടുതലെണ്ണമുണ്ട്. ജലദോഷമുണ്ടാക്കുന്ന വൈറസിനെ മുന്നൂറിലേറെ വളണ്ടിയര്‍മാരുടെ ദേഹത്തു കടത്തിവിട്ട ഗവേഷകര്‍ കണ്ടത്, സന്തുഷ്ടരായവര്‍ക്കു ജലദോഷം പിടിപെടാന്‍ സാദ്ധ്യത കുറവായിരുന്നെന്നാണ്.

രോഗപ്രതിരോധത്തില്‍ നല്ലൊരു പങ്കുവഹിക്കുന്ന ലിംഫ്’ഗ്രന്ഥികളിലേക്ക് തലച്ചോറില്‍നിന്നു നാഡികള്‍ ചെല്ലുന്നുണ്ട്. ഇവ വഴിയാകണം മാനസികാവസ്ഥ പ്രതിരോധശേഷിയെ സ്വാധീനിക്കുന്നത്.

പ്രായമാകല്‍

നമ്മുടെ ശരീരകോശങ്ങള്‍ എന്തെങ്കിലും കാരണത്താല്‍ നശിച്ചുപോകുമ്പോള്‍ പകരം പുതിയ കോശങ്ങള്‍ ആ സ്ഥാനത്തു വരുന്നത് അവശേഷിക്കുന്ന മറ്റു കോശങ്ങള്‍ വിഭജിച്ചിട്ടാണ്. നേരാംവണ്ണം വിഭജിക്കാന്‍ കോശങ്ങളെ സഹായിക്കുന്നത് ഡി.എന്‍.എ.യിലെ ടീലോമറുകള്‍ എന്ന ഭാഗങ്ങളാണ്. മാനസികസമ്മര്‍ദ്ദം ഈ ടീലോമറുകളുടെ നീളംകുറഞ്ഞു പോകാന്‍ കാരണമാവുകയും അങ്ങിനെ കോശവിഭജനത്തെ അവതാളത്തിലാക്കുകയും ചെയ്യാം. മാനസികസമ്മര്‍ദ്ദമുള്ളവരുടെ കോശങ്ങളിലും ശരീരത്തിലും തന്മൂലം വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ നേരത്തേ കണ്ടുതുടങ്ങാം. രോഗബാധിതരായ മക്കളെ ഏറെ നാളായിട്ടു പരിചരിക്കുന്ന അമ്മമാരില്‍ ടീലോമറുകളുടെ നീളം മക്കളുടെ രോഗത്തിന്‍റെ ദൈര്‍ഘ്യത്തിന് ആനുപാതികമായിട്ടു കുറഞ്ഞുപോകുന്നുണ്ടെന്നും കോശങ്ങള്‍ പതിനേഴോളം വര്‍ഷങ്ങളുടെ പ്രായക്കൂടുതല്‍ കാണിക്കുന്നുണ്ടെന്നും ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ടീലോമറുകളുടെ നീളക്കുറവ് ഹൃദ്രോഗവും അര്‍ബുദവും പോലുള്ള അസുഖങ്ങള്‍ക്കും അകാല മരണത്തിനും വഴിവെക്കുകയുമാകാം.

അമിതമായാല്‍ സന്തോഷവും...

പ്രമേഹം, എയ്ഡ്സ് എന്നിങ്ങനെ ചില രോഗങ്ങള്‍ ബാധിച്ചവരില്‍ സന്തോഷപ്രകൃതക്കാരായവര്‍ക്ക് മരണത്തിനുള്ള റിസ്കു കുറയുന്നുണ്ടെങ്കിലും മറ്റു പല രോഗങ്ങളിലും കാര്യം മറിച്ചാണ് — അതായത്, സന്തോഷപ്രകൃതര്‍ക്ക് മരണനിരക്ക് ഉയരുകയാണു ചെയ്യുന്നത്. അതിന് പല വിശദീകരണങ്ങളും മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്.

  • അമിതമായ ആത്മവിശ്വാസം നിമിത്തം അവര്‍ രോഗലക്ഷണങ്ങളെ അവഗണിക്കാം. അവയുടെ വിശദാംശങ്ങള്‍ മറ്റുള്ളവരില്‍നിന്നു മറച്ചുപിടിക്കുകയും സ്വയംചികിത്സയ്ക്കു തുനിയുകയും ചെയ്യാം.
  • ചികിത്സയുടെ ക്ളിഷ്ടതകളും സഹിച്ച് കൂടുതല്‍ക്കാലം ജീവിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല എന്നവര്‍ നിശ്ചയിക്കാം.

(2020 ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Shira Sela

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

വയസ്സേറുന്നേരം മനസ്സിനെക്കാക്കാം
തള്ളിന്‍റെ മനശ്ശാസ്ത്രം

Related Posts