ഓഫീസുകളില്‍ അധികം മനസ്സമ്മര്‍ദ്ദം പിടികൂടാതെ സ്വയംകാക്കാന്‍ ഉപയോഗിക്കാവുന്ന കുറച്ചു വിദ്യകള്‍ ഇതാ:
- രാവിലെ, ജോലിക്കു കയറുംമുമ്പുള്ള സമയങ്ങളില്‍ മനസ്സിനെ ശാന്തമാക്കി സൂക്ഷിക്കുന്നത് ഓഫീസില്‍ ആത്മസംയമനം ലഭിക്കാന്‍ ഉപകരിക്കും. കുടുംബാംഗങ്ങളോടു വഴക്കിടുന്നതും റോഡില്‍ മര്യാദകേടു കാണിക്കുന്നവരോടു കയര്‍ക്കുന്നതുമൊക്കെ അന്നേരത്ത് ഒഴിവാക്കുക. ഓഫീസില്‍ കൃത്യസമയത്തുതന്നെ എത്തി ശീലിക്കുന്നതും ധൃതിയും ടെന്‍ഷനും അകലാന്‍ സഹായിക്കും. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പാട്ടു കേള്‍ക്കുന്നതും നന്ന്.
- വെറുംവയറുമായി ജോലി തുടങ്ങാതിരിക്കുക. ഇരിപ്പിടം സൌകര്യപ്രദമാണെന്നും ചുറ്റുവട്ടത്ത് അനാവശ്യ ബഹളങ്ങളില്ലെന്നും ഉറപ്പുവരുത്താനാകുമെങ്കില്‍ അങ്ങിനെ ചെയ്യുക.
- തീരെ ഇഷ്ടമില്ലാത്ത പണികള്‍ ആദ്യമേ പൂര്‍ത്തീകരിച്ചാല്‍ ബാക്കി ദിവസം സന്തോഷത്തോടെയിരിക്കാനാകും. ചെയ്യാനുള്ള കാര്യങ്ങളെ ഒട്ടും ഒഴിവാക്കാനാകാത്തവ, താരതമ്യേന പ്രാധാന്യം കുറഞ്ഞവ, ചെയ്തില്ലെങ്കിലും വലിയ കുഴപ്പമില്ലാത്തവ എന്നിങ്ങനെ വേര്‍തിരിച്ച് ആ ഓര്‍ഡറില്‍ ചെയ്തുതുടങ്ങുന്നതും നന്നാകും.
- ഫോണില്‍ സംസാരിക്കുന്നതിനൊപ്പംതന്നെ കമ്പ്യൂട്ടറില്‍ ടൈപ്പും ചെയ്യുക എന്നതുപോലെ, ഒരേ സമയം ഒന്നിലധികം കാര്യങ്ങളില്‍ മുഴുകുന്നത് ഒഴിവാക്കുക.
- തൊഴിലുടമയും സൂപ്പര്‍വൈസര്‍മാരും നിങ്ങളില്‍ നിന്ന് എന്തൊക്കെയാണു പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞുവെക്കുക.
- എന്തുമേതും സ്വയം ചെയ്താലേ വൃത്തിയാകൂ എന്ന വാശിയുണ്ടെങ്കില്‍ അതു മാറ്റിവെച്ച്, കുറേ പണികളൊക്കെ മറ്റുള്ളവര്‍ക്കും കൈമാറുക. ഏതു കാര്യവും പെര്‍ഫക്റ്റായി മാത്രമേ ചെയ്യൂവെന്ന നിര്‍ബന്ധബുദ്ധിയും ഒഴിവാക്കുക.
- ആര്, എന്താവശ്യപ്പെട്ടാലും അതു ചെയ്തുകൊടുക്കാമെന്നു സമ്മതിക്കുന്ന ശീലം നന്നല്ല. തക്ക സന്ദര്‍ഭങ്ങളില്‍ “നോ” പറയാനും തുടങ്ങുക. ദേഷ്യമോ പരിഹാസമോ കാണിക്കാതെ, മുഖത്തു തന്നെ നോക്കി, അനുയോജ്യമായ ശരീരഭാഷയും ഉപയോഗിച്ച്, അധികം വലിച്ചു നീട്ടാതെ, ഇതെനിക്കു സാധിക്കില്ല എന്നറിയിക്കാം.
- കുറച്ചു സഹപ്രവര്‍ത്തകരോടെങ്കിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്തുക. പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കുക. (ചെറിയൊരു ബ്രേക്ക് കിട്ടുമ്പോഴേക്കും ഫോണില്‍ പണിയാന്‍ തുടങ്ങുന്നവര്‍ക്ക് ഇതു സാദ്ധ്യമായേക്കില്ല!)
- പരദൂഷണമോ മത, രാഷ്ട്രീയ ചര്‍ച്ചകളോ സമ്മര്‍ദ്ദജനകമാകുന്നെങ്കില്‍ അതില്‍നിന്നൊക്കെ വിട്ടുനില്‍ക്കുക.
- ലഞ്ച് ഇന്‍റര്‍വെല്ലില്‍ അല്‍പം നടക്കുന്നതു നല്ലതാണ്.
- നേട്ടങ്ങള്‍ കൈവന്നാല്‍, അവ എത്ര ചെറുതാണെങ്കിലും, വേറെയാരും മൈന്‍ഡ് ചെയ്തില്ലെങ്കിലും സ്വയം അഭിനന്ദിക്കാനും തനിക്കുതന്നെ ചെറിയ സമ്മാനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കുക.
- സഹപ്രവര്‍ത്തകരോടും തൊഴില്‍ദാതാക്കളോടും ചര്‍ച്ച ചെയ്ത്, മാനസിക സമ്മര്‍ദ്ദത്തെ നേരിടുന്നതെങ്ങിനെ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുക്കുക.
- വീട്ടിലുള്ള നേരങ്ങളില്‍ ഓഫീസ് ഉത്തരവാദിത്തങ്ങള്‍ കയറിവന്നു ശല്യം ചെയ്യുന്നില്ല എന്നുറപ്പു വരുത്തുക. ജോലിസമയം കഴിഞ്ഞാല്‍ വര്‍ക്ക് ഈമെയില്‍ നോക്കില്ല, ഭക്ഷണം കഴിക്കുമ്പോഴോ കുടുംബത്തോടൊപ്പം പ്രധാനപ്പെട്ട വല്ലതും ചെയ്യുമ്പോഴോ തൊഴില്‍സംബന്ധമായ കോളുകള്‍ എടുക്കില്ല, വീട്ടിലെത്തിയാല്‍പ്പിന്നെ ഓഫീസിലെ പ്രശ്നങ്ങളെപ്പറ്റി തല പുണ്ണാക്കില്ല എന്നൊക്കെ നിശ്ചയിക്കാവുന്നതാണ്.
- ചിട്ടയായ വ്യായാമം, ആവശ്യത്തിന് ഉറക്കം, മനസ്സിനിണങ്ങിയ ഹോബികള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ ഓഫീസ് തരുന്ന ക്ലിഷ്ടതകള്‍ക്ക് നല്ല മറുമരുന്നുകളാണ്.
(2019 ഡിസംബറിലെ രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy:
Resiliency Solution