കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നിലുള്ളതോ, പതിഞ്ഞുകഴിഞ്ഞ ശീലങ്ങളില്‍നിന്നു പുറംകടക്കാനുള്ള വൈമനസ്യവും “പാടുപെട്ട് പുതുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടിപ്പൊ എന്താണിത്ര പ്രയോജന”മെന്ന മനസ്ഥിതിയുമൊക്കെയാണ്. ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടിത്തുടങ്ങിയപ്പോള്‍, വിവിധ ആശയങ്ങളെയും ചിന്താഗതിക്കാരെയും അനായാസം കണ്ടുമുട്ടാന്‍ അവിടെ അവസരമുള്ളതിനാല്‍ത്തന്നെ, ഈയൊരവസ്ഥക്കു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് സൂചനകള്‍. ഉദാഹരണത്തിന്, അറുപത്തേഴ് ഫേസ്ബുക്ക് പേജുകളിലെ അഞ്ചുവര്‍ഷത്തെ പോസ്റ്റുകള്‍ വിശകലനം ചെയ്തയൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, അവിടെയൊക്കെ മിക്കവരും സ്വതാല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം കൂട്ടുകൂടുകയും എതിര്‍ചിന്താഗതികളെ തീര്‍ത്തും അവഗണിക്കുകയും വല്ലാത്ത ധ്രുവീകരണത്തിനു വിധേയരാവുകയും ആണെന്നാണ്.