മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ലേശം സൌഹൃദവര്‍ത്തമാനം
“ഓരോ സുഹൃത്തും, നമ്മുടെതന്നെ ആത്മാവ് മറ്റൊരു ദേഹത്തില്‍ വസിക്കുന്നതാണ്.” – അരിസ്റ്റോട്ടില്‍
ഓഗസ്റ്റിലെ ആദ്യ ഞായര്‍ ഇന്ത്യയില്‍ അന്തര്‍ദ്ദേശീയ സൗഹൃദദിനമാണ്. സുഹൃത്തുക്കള്‍ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്. തീവ്രതയ്ക്കനുസരിച്ച് സൗഹൃദങ്ങളെ നാലായി — വെറും പരിചയം, കാഷ്വല്‍ ബന്ധം, അടുത്ത ബന്ധം, ഗാഢസൗഹൃദം എന്നിങ്ങനെ — തിരിച്ചിട്ടുണ്ട്. മിക്കവരും ഏതു സദസ്സിലും ഫോണ്‍ചതുരത്തിന്‍റെ നിശ്ചേതനത്വത്തിലേക്ക് ഉള്‍വലിയുന്ന ഒരു കാലത്ത്, ഗാഢസൌഹൃദങ്ങളുടെ പ്രത്യേകതകളും പ്രയോജനങ്ങളുമൊക്കെ ഒന്നറിഞ്ഞിരിക്കാം.
ഉപകാരങ്ങള്‍
- സമ്മര്‍ദ്ദവേളകളില്‍ സഹാനുഭൂതിയും പിന്തുണയും ലഭ്യമാവുക.
- തനിച്ചല്ലെന്ന ബോധം കിട്ടുക. നമ്മേക്കുറിച്ചു കൂടുതലറിയാനും ഉള്ളിനെയലട്ടുന്ന രഹസ്യങ്ങള്‍ സധൈര്യം പങ്കുവെക്കാനും അവസരമൊരുങ്ങുക.
- മനസ്സന്തുഷ്ടിയും സ്വയംമതിപ്പും പ്രശ്നപരിഹാര ശേഷിയും മെച്ചപ്പെടുക.
- ജീവിതത്തിന് ഒരു ലക്ഷ്യബോധവും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനുള്ള പ്രോത്സാഹനവും ലഭിക്കുക.
- നാം യാഥാര്‍ത്ഥ്യബോധത്തോടെയല്ലാതെ പെരുമാറുന്നെങ്കില്‍ (തീരെ ചേരാത്ത ഒരു ഡ്രസ്സ് ധരിക്കുന്നതു തൊട്ട് ഒരു മോശം വ്യക്തിയെ പ്രേമഭാജനമായി തെരഞ്ഞെടുക്കുന്നതു വരെയുള്ള കാര്യങ്ങളില്‍) അതു ചൂണ്ടിക്കാണിക്കാന്‍ അടുത്ത കൂട്ടുകാര്‍ക്കേ ധൈര്യവും സ്വാതന്ത്ര്യവും കാണൂ.
ശാരീരികാരോഗ്യത്തിനും നല്ല സൌഹൃദങ്ങള്‍ ഗുണകരമാകുന്നുണ്ട്. ബ്ലഡ് പ്രഷര്‍ കുറയുക, രോഗങ്ങള്‍ താരതമ്യേന വേഗത്തില്‍ സുഖപ്പെടുക, ആയുസ്സു മെച്ചപ്പെടുക എന്നിവ ഉദാഹരണമാണ്. സൌഹൃദങ്ങള്‍ ആയുര്‍ദൈര്‍ഘ്യത്തെ തുണക്കുന്നത് ഗര്‍ഭധാരണം, ആശുപത്രിവാസം, ഉറ്റവരുടെ വിരഹം തുടങ്ങിയ വേളകളില്‍ സഹായസഹകരണങ്ങള്‍ ലഭ്യമാക്കിയും, വ്യായാമവും ആരോഗ്യകരമായ ഭക്ഷണശൈലിയും പോലുള്ള നല്ല രീതികള്‍ പ്രോത്സാഹിപ്പിച്ചും, ലഹരിയുപയോഗം പോലുള്ള ദുശ്ശീലങ്ങളില്‍നിന്നു പിന്തിരിപ്പിച്ചുമൊക്കെയാണ്. സാമൂഹ്യബന്ധങ്ങളുടെ അഭാവം ആയുസ്സു കുറക്കുന്നതിന്‍റെ തോത്, ദിനേന പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യവും അമിതവണ്ണം, മദ്യപാനം, വായുമലിനീകരണം എന്നിവയുടേതില്‍നിന്നു കൂടുതലുമാണ്.
കൌമാരത്തിലും വാര്‍ദ്ധക്യത്തിലുമാണ് സൌഹൃദങ്ങള്‍ ഏറ്റവും പ്രയോജനകരമാകുന്നത്. ഏകാന്തത, വാര്‍ദ്ധക്യത്തില്‍ മാനസികസമ്മര്‍ദ്ദവും രോഗപ്രതിരോധശേഷിയും ഹൃദയാരോഗ്യവും വഷളാക്കുന്നുണ്ട്. പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്തുക ആ പ്രായത്തില്‍ എളുപ്പമാകില്ല എന്നതിനാല്‍ അതിനുള്ള നടപടികള്‍ മുമ്പേ സ്വീകരിക്കുന്നതാകും നല്ലത്.
മറുവശത്ത്, അമിതവണ്ണം, ഉറക്കമൊഴിക്കല്‍, പുകവലി, മദ്യപാനം തുടങ്ങിയവയുള്ള കൂട്ടുകാരില്‍നിന്ന് അവ പകര്‍ന്നുകിട്ടാമെന്ന അപകടവുമുണ്ട്. സൌഹൃദങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിനു വഴിയിടുന്നതും അപൂര്‍വമല്ല.
നല്ല ബന്ധങ്ങളുടെ ലക്ഷണങ്ങള്‍
- ആ വ്യക്തിയുടെ സാമീപ്യത്തില്‍ നമുക്കു നല്ല സന്തോഷവും സുരക്ഷിതത്വബോധവും ഉളവാകുക. (ഒന്നിച്ചു സമയം ചെലവിടേണ്ടി വരുമ്പോഴൊക്കെ എന്തോ കടമ തീര്‍ക്കുന്ന പ്രതീതി തോന്നുന്നെങ്കില്‍ സൗഹൃദം മങ്ങിത്തുടങ്ങിയെന്നര്‍ത്ഥം.)
- മിക്കപ്പോഴും പരസ്പരം ലഭ്യരായിരിക്കുക.
- സഹായസഹകരണങ്ങള്‍: ഇതു വൈകാരികമാകാം — കരുതല്‍, അംഗീകരണം, സ്നേഹത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അനുകമ്പയുടെയോ പ്രകടനം, എന്നിങ്ങനെ. അല്ലെങ്കില്‍ വസ്തുവകകളാലോ സാമ്പത്തികമായോ ആകാം. അതുമല്ലെങ്കില്‍ ഉപകാരപ്രദമായ വിവരങ്ങളോ ഉപദേശങ്ങളോ മുഖേനയാകാം.
- വെറും “വണ്‍ വേ” ആകാതെ ഒരു അന്യോന്യത നിലനില്‍ക്കുക. ഇതിനര്‍ത്ഥം ഓരോ സഹായത്തിനുമുള്ള കടപ്പാട് ഉടനടി വീട്ടിത്തീര്‍ക്കണമെന്നല്ല; പിന്നീടെന്നെങ്കിലും ഒരാവശ്യം വരുമ്പോഴാണെങ്കിലും മറ്റേയാള്‍ തിരിച്ചും ഇടപെടണമെന്നാണ്.
- പരസ്പരം നല്ല സ്വീകാര്യതയും വിശ്വാസവും ബഹുമാനവും ആത്മാര്‍ത്ഥതയും നിലവിലുണ്ടാവുക.
- പ്രോത്സാഹനവും ശരിവെക്കലുകളും വഴി, നല്ല സ്വയംധാരണയും ആത്മവിശ്വാസവും പ്രാപ്തമാകാന്‍ അന്യോന്യം സഹായിക്കുക.
- വികാരവിചാരങ്ങളെ, വിലയിരുത്തപ്പെടലോ പരിഹാസമോ കുറ്റപ്പെടുത്തലോ ഭയക്കാതെ, തുറന്നും സത്യസന്ധമായും പ്രകടിപ്പിക്കാവുന്ന സാഹചര്യമുണ്ടാവുക.
- വിനോദങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍, വെറും പരിചയം മാത്രമുള്ളവരെ അപേക്ഷിച്ച്, ഉറ്റസുഹൃത്തുക്കള്‍ക്ക് മറ്റേയാള്‍ എന്തു വിചാരിക്കുമെന്ന അലട്ടലില്ലാതെ, ഔപചാരികതയൊഴിവാക്കി സംസാരിക്കാനും തമാശകള്‍ പുറത്തെടുക്കാനും അന്യോന്യം കളിയാക്കാനുമെല്ലാം പറ്റും.
- കുടുംബത്തിന്‍റെയും ജോലിയുടെയുമെല്ലാം തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്കൊക്കെ സൌഹൃദത്തിനായി, കുറച്ചു കാലത്തേയ്ക്കു പോലും, സമയം മാറ്റിവെക്കാനാകാതെ വരിക സ്വാഭാവികം മാത്രമാണെന്ന് ഇരുവരും ഉള്‍ക്കൊള്ളുക.
രൂപപ്പെടുത്താന്‍
സൌഹൃദങ്ങള്‍ക്കു കളമൊരുക്കാറ് സമീപസ്ഥത, പരസ്പരം തോന്നുന്ന ആകര്‍ഷണം, പൊതുവായ താല്‍പര്യങ്ങള്‍, ഒരേ അനുഭവങ്ങളിലൂടെ ഒരുമിച്ചു കടന്നുപോകുന്നത്, ആവര്‍ത്തിച്ചുള്ള ഇടപഴകലുകള്‍ തുടങ്ങിയവയാണ്.
ആത്മസുഹൃത്താക്കാനുള്ള യോഗ്യത ഒരു വ്യക്തിക്കുണ്ടോ എന്നെങ്ങിനെ തിരിച്ചറിയാം? ഒരുമിച്ചു സമയം ചെലവിടുമ്പോള്‍ നമുക്ക് സ്വാഭാവികവും അകൃത്രിമവുമായി പെരുമാറാനാകുന്നുണ്ടോ അതോ കുറച്ചൊക്കെ അഭിനയിക്കേണ്ടി വരുന്നുണ്ടോ, നല്ല ഇണക്കവും ഉദ്ദീപനവും ഉത്തേജനവും തോന്നുന്നുണ്ടോ എന്നതൊക്കെ പരിഗണനീയമാണ്.
ഗാഢസൌഹൃദങ്ങള്‍ സ്വയമേവ സംജാതമാകുന്നതല്ല, താല്‍പര്യവും സമയവും പരിശ്രമവും വേണ്ടവയാണ്. ഒരാളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ ആ വ്യക്തിയുടെ അഭിരുചികളില്‍ ഔത്സുക്യം കാട്ടുക. ആവശ്യാനുസരണം പ്രശംസിക്കുക. സംസാരമദ്ധ്യേ മൌനവേളകള്‍ ഏറുന്നെങ്കില്‍ വിഷയം മാറ്റുക. കുഞ്ഞുകാര്യങ്ങളെപ്പറ്റി പരാതി ഉയര്‍ത്താതിരിക്കുക.
നിലനിര്‍ത്താന്‍
- സുഹൃത്ത് വല്ലതും പറയുമ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുക. ഇടയ്ക്ക് എന്തെങ്കിലും പ്രസക്തമായ ചോദ്യങ്ങള്‍ പങ്കുവെക്കുക.
- വാക്കുകള്‍ പാലിക്കാന്‍ മനസ്സുവെക്കുക; അല്ലെങ്കില്‍ പരസ്പര വിശ്വാസം ദുര്‍ബലമാകും.
- എത്രതന്നെ അടുപ്പമുണ്ടെങ്കിലും അതിര്‍വരമ്പുകളും ആഭിമുഖ്യങ്ങളും പരസ്പരം മാനിക്കുക.
- അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും അതഥവാ സാദ്ധ്യമല്ലെങ്കില്‍ അവയെ ഉള്‍ക്കൊള്ളാനും ശ്രമിക്കുക. ക്ഷമാപണം ആവശ്യമാണെങ്കില്‍ അതിന് ഉപേക്ഷ വേണ്ട. തുറന്ന ചര്‍ച്ചകളും വിട്ടുവീഴ്ചകളും പോലുള്ള ആരോഗ്യകരമായ രീതികളില്‍ കൈകാര്യം ചെയ്‌താല്‍ ചെറിയ വഴക്കുകള്‍ ബന്ധത്തെ ദൃഢമാക്കുകയാണു ചെയ്യുക.
ഒരേ തൂവല്‍...നമ്മുടെയതേ തല്‍പരതകള്‍ പുലര്‍ത്തുന്നവരുമായാണ് പൊതുവേ നാം സൌഹൃദം ഇഷ്ടപ്പെടുക. എന്നാല്‍ അങ്ങിനെയല്ലാത്തവരെയും തെരഞ്ഞെടുക്കുന്നത് പുതിയ കാര്യങ്ങള്‍ പരിചയപ്പെടാനും ലോകവീക്ഷണം വിപുലപ്പെടാനുമൊക്കെ ഉപകരിക്കും. |
ഓണ്‍ലൈന്‍ മതിയോ?
ചില ബന്ധങ്ങള്‍ ശോഭിക്കുക ഓണ്‍ലൈനിലാകുമെങ്കില്‍ ചിലവയ്ക്ക് ഓഫ്’ലൈനിലേ പൂര്‍ണത ലഭിക്കൂ. നെറ്റിലെ ബന്ധങ്ങള്‍ക്ക് അതേ ഊഷ്മളത പുറംലോകത്തു കിട്ടിയെന്നു വരില്ല; തിരിച്ചും അങ്ങിനെത്തന്നെ. ഓണ്‍ലൈന്‍ ഇടപഴകലുകളില്‍, ശരീരഭാഷ ഉപയുക്തമാകാതെ പോകുന്നതും അതിനാല്‍ തെറ്റിദ്ധാരണകള്‍ ജനിക്കാവുന്നതും ഒരു പരിമിതിയാണ്. കണ്ണില്‍ നോക്കിയും ശബ്ദം നേരിട്ടു ശ്രവിച്ചും ആവശ്യമെങ്കില്‍ പരസ്പരം സ്പര്‍ശിച്ചുമുള്ള സല്ലാപങ്ങളുടെ സുഖം തരാന്‍ ചാറ്റുകള്‍ക്കാവില്ല. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ പലപ്പോഴും ഒരു നിശ്ചിത വിഷയത്തില്‍ താല്പര്യമുള്ളവരുടെ ഗ്രൂപ്പുകളില്‍ നിന്നും ഉരുത്തിരിയുന്നതാകാം എന്നതിനാല്‍ നമ്മുടെ ജീവിതത്തിന്‍റെ മറ്റു പ്രധാന വശങ്ങളില്‍ അവര്‍ക്കു കൌതുകം കാണണമെന്നില്ല. നല്ല ഓഫ്’ലൈന്‍ ബന്ധങ്ങള്‍ ഉള്ളവരോട് ഇടയ്ക്ക് അത്യാവശ്യത്തിനുപയോഗിക്കാം എന്നതു മാത്രമാകാം ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ക്ക് ഗാഢസൌഹൃദങ്ങളിലുള്ള പ്രസക്തി.
കുരുങ്ങിഞെരുങ്ങുന്നോ?
സ്വന്തം ആഗ്രഹങ്ങളും വികാരങ്ങളും വിസ്മരിച്ച്, ലഭ്യമായ സമയത്തിന്‍റെ സിംഹഭാഗവും സുഹൃത്തിനു കൊടുക്കുന്ന പ്രവണത നന്നല്ല. ആ വ്യക്തിയാണ് തന്‍റെ പ്രഥമ ഉത്തരവാദിത്തം, ആ ബന്ധമാണ് സന്തോഷത്തിനുള്ള തന്‍റെ ഏക ആശ്രയം, എന്തു ത്യാഗം സഹിച്ചും ചങ്ങാതിയെ പിണക്കരുത് എന്നൊക്കെയുള്ള ചിന്താഗതികള്‍ ഇത്തരം സൗഹാര്‍ദ്ദങ്ങളുടെ അടയാളമാണ്.
പരിഹാരത്തിനുള്ള ആദ്യ പടിയായി, പ്രസ്തുത രീതികള്‍ തനിക്കു വരുത്തിവെച്ച നഷ്ടങ്ങളുടെ കണക്കെടുക്കുക. അല്‍പം സമയമെടുത്താണെങ്കിലും അതിര്‍ത്തിരേഖകള്‍ പുനര്‍നിര്‍ണയിക്കുക. സുഹൃത്തിനെ ഇക്കാര്യം നയത്തിലും മയത്തിലും ബോദ്ധ്യപ്പെടുത്തുക. ഒരു തുടക്കത്തിന്, നിങ്ങള്‍ എങ്ങിനെ മാറാന്‍ ഉദ്ദേശിക്കുന്നു എന്നറിയിക്കുന്നതാകും അവര്‍ എന്തു ചെയ്യണമെന്നു നിഷ്ക്കര്‍ശിക്കുന്നതിനേക്കാള്‍ നല്ലത്. ഇതു ഫലപ്രദമാകുന്നില്ലെങ്കില്‍, പ്രൊഫഷണല്‍ സഹായം തേടുന്നതോ ചെറിയ ഇടവേളകളിട്ടു തുടങ്ങി ബന്ധം പൂര്‍ണമായും വിച്ഛേദിക്കുന്നതോ പരിഗണിക്കാം.
(2023 ഓഗസ്റ്റ് ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.