മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ആണുങ്ങള്‍ക്കുമുണ്ടോ ആര്‍ത്തവവിരാമം?

Quiet-Concern-at-Home

ചില ദാമ്പത്യങ്ങളിൽ ഒരു ഘട്ടം വരാറുണ്ട്. ഭാര്യ ഭർത്താവിൽ ചില കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നു: മുമ്പൊന്നുമില്ലാത്ത അക്ഷമ, മുൻകോപം, ലൈംഗികതാൽപര്യം കുറയുക, എന്നിങ്ങനെ. ഭാര്യയ്ക്കു പലപ്പോഴും സംശയം തോന്നാം: “ഇതെന്താണു സംഭവിക്കുന്നത്? എന്തെങ്കിലും എന്റെ കുറ്റമോ മറ്റോ ആണോ?” ‘ആൻഡ്രോപോസ്’, അല്ലെങ്കിൽ ‘മെയിൽ മെനോപോസ്’ എന്ന് പൊതുവേ വിളിക്കപ്പെടാറുള്ള പ്രതിഭാസമാവാം ഇവിടെ യഥാർത്ഥ പ്രശ്നം.

സ്ത്രീകളിൽ ആർത്തവവിരാമം എല്ലാവരിലും നടക്കുന്ന സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയാണ്. അണ്ഡാശയത്തിന്റെ പ്രവർത്തനക്ഷമത പതിയെ, വർഷങ്ങൾ എടുത്ത്, ദുർബലമാവുകയും ലൈംഗിക ഹോർമോണായ ഈസ്ട്രജന്റെ അളവ് വളരെ കുറയുകയും, അവസാനം ആർത്തവം നിലയ്ക്കുകയുമാണ് അതിന്റെ ഭാഗമായി സംഭവിക്കുന്നത്.

പക്ഷേ പുരുഷന്മാർ ഇക്കാര്യത്തിലെല്ലാം വ്യത്യസ്തരാണ്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണും തീർച്ചയായും പ്രായത്തിനൊത്ത് കുറയുന്നുണ്ട്. പക്ഷേ, അത് ഭാഗികവും വളരെ പതിയേയുമാണ് എന്ന വ്യത്യാസമുണ്ട്. യൂറോപ്പിലെ ഏറെപ്പേരിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്, ഒരു വർഷത്തിൽ, ആകെ ടെസ്റ്റോസ്റ്റിറോൺ 0.4 ശതമാനവും, ശരീരത്തിന് നേരിട്ട് ഉപയോഗിക്കാവുന്ന 'ഫ്രീ' ടെസ്റ്റോസ്റ്റിറോൺ 1.3 ശതമാനവും മാത്രമാണ് കുറയുന്നത് എന്നാണ്. ലക്ഷണങ്ങളോടുകൂടിയ ടെസ്റ്റോസ്റ്റിറോൺ അപര്യാപ്തത നാൽപ്പതുകളിലുള്ളവരിൽ കേവലം ആയിരത്തിൽ ഒരാൾക്കാണ് ഉണ്ടായിരുന്നത്. എഴുപതുകളിലെത്തിയവരിലും ആ നിരക്ക് ഉയർന്നത് ഇരുപതിൽ ഒരാൾക്ക് എന്ന തോതിലേക്കു മാത്രമായിരുന്നു താനും. അതായത്, ആൻഡ്രോപോസ് എന്നത് മെനോപോസിന് സമാനമായ ഒരു മെഡിക്കൽ അവസ്ഥയല്ല. എന്നാൽ ചില പുരുഷന്മാരിൽ പ്രായം, അമിതവണ്ണം, പ്രമേഹം, ഉറക്കക്കുറവ്, മറ്റു രോഗങ്ങൾ തുടങ്ങിയവയാൽ ടെസ്റ്റോസ്റ്റിറോൺ കുറയുകയും അതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യാം. അതിനെ late-onset hypogonadism എന്നാണ് വിളിക്കുന്നത്.

ലക്ഷണങ്ങളും സഹകാരണങ്ങളും

ശാരീരികവും ലൈംഗികവും വൈകാരികവുമായ ലക്ഷണങ്ങൾ പലരിലും കാണാം. ഉദ്ധാരണം ദുർബലമാവുക, ലൈംഗികേച്ഛ കുറയുക, സദാ ക്ഷീണം തോന്നുക, മസിലുകൾ ശോഷിക്കുക, കൊഴുപ്പ് (പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്) കൂടുക, ഉറക്കത്തിന് ബുദ്ധിമുട്ട്, ഒന്നിലും താൽപര്യമില്ലാതാവുക, ഏകാഗ്രത കുറയുക, വല്ലാത്ത നിരാശ, ആത്മവിശ്വാസക്കുറവ്, കുടുംബത്തിൽനിന്നും സാമൂഹിക ചടങ്ങുകളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത എന്നിവ ഇതിൽപ്പെടുന്നു. ഇതിൽ ഭാര്യമാരെ ഏറ്റവും അധികം കുഴപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങളാണ്. പെട്ടെന്നു ദേഷ്യം വരുന്നതും കൂട്ടുകാരെ ഒഴിവാക്കാൻ തുടങ്ങുന്നതും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതും ഉദാഹരണങ്ങളാണ്.

ഇത്തരം മാറ്റങ്ങൾ പക്ഷേ മറ്റു കാരണങ്ങളാലും വരാം. ചിലരിൽ അവ വിവിധ ജീവിതപ്രശ്നങ്ങളോടുള്ള പ്രതികരണമാവാം. ജോലിയിലെ ക്ലേശങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അച്ഛനമ്മമാർക്ക് പ്രായമാകുന്നതോ ജോലിയിൽനിന്നു വിരമിക്കുന്നതോ കുട്ടികളുടെ പഠനമോ അവർ വീട്ടിൽനിന്നു മാറുന്നതോ ഒക്കെയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ശാരീരിക രോഗങ്ങൾ, ദാമ്പത്യ അസ്വാരസ്യങ്ങൾ എന്നിവ ഉദാഹരണമാണ്.

ഉറക്കക്കുറവുള്ളവർക്കും ദേഷ്യം കൂടാം. വിഷാദരോഗം (ഡിപ്രഷൻ) ഉള്ള പുരുഷന്മാരിൽ പലപ്പോഴും സങ്കടത്തെക്കാളും ദേഷ്യമാവാം മുന്നിൽ നിൽക്കുന്നത്.

ഇതൊന്നും എല്ലാവരിലും കാണപ്പെടണമെന്നില്ല. ഒരാളിൽത്തന്നെ എല്ലാ ലക്ഷണങ്ങളും ഉണ്ടാവണം എന്നുമില്ല. എന്നാൽ ഇപ്പറഞ്ഞതിൽ പല ലക്ഷണങ്ങളും ഒന്നിച്ചു പ്രകടമാവുകയും മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്താൽ വിദഗ്ദ്ധ പരിശോധന തേടേണ്ടതുണ്ട്. “ഹോർമോണിന്റെ കളികളാണ്, എന്തു ചെയ്യാനാണ്?!” എന്നുപറഞ്ഞ് ഒഴിഞ്ഞുമാറരുത്. ഭാര്യയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിന് ‘ഹോർമോൺ’ എന്ന ന്യായീകരണം പയറ്റുന്നതു ശരിയുമല്ല.

വിഷാദം തിരിച്ചറിയാം

മേൽപ്പറഞ്ഞ മാറ്റങ്ങൾ വിഷാദരോഗത്തിന്റെ ഭാഗമാണോ എന്നു തിരിച്ചറിയേണ്ടതുണ്ട്. താഴെപ്പറയുന്നവയാണ് അതിന്റെ ലക്ഷണങ്ങൾ :

  • അമിതമായ നിരാശയോ ദേഷ്യമോ
  • എല്ലാവരിൽനിന്നുമുള്ള ഉൾവലിയൽ
  • പൊതുവേ താൽപര്യമുണ്ടായിരുന്ന ഹോബികളിൽനിന്നും വിനോദങ്ങളിൽനിന്നും പിൻവാങ്ങുക
  • ലൈംഗിക ബുദ്ധിമുട്ടുകൾ
  • ഏകാഗ്രതക്കുറവ്
  • പ്രത്യാശ നഷ്ടമാവുക
  • ആത്മവിശ്വാസം ദുർബലമാവുക
  • “തന്നെ ഒന്നിനും കൊള്ളില്ല” എന്നൊക്കെയുള്ള ചിന്താഗതികൾ
  • ഉറക്കവും വിശപ്പും കുറയുകയോ കൂടുകയോ ചെയ്യുക

ഇവ നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ ദിവസങ്ങളോളം നിലനിൽക്കുന്നെങ്കിൽ ചികിത്സ തേടേണ്ടതുണ്ട്. വിഷാദത്തിനുള്ള മരുന്നുകൾ ചിലരിൽ ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കാം. ഡോക്ടറെക്കണ്ട് അത്തരം പാർശ്വഫലങ്ങൾ കുറവുള്ള മറ്റൊരു മരുന്നിലേക്ക് മാറുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത് അവിടെ സഹായകമാവും.

ഉദ്ധാരണപ്രശ്നങ്ങളെ ഗൌരവത്തിലെടുക്കാം

ലൈംഗികതാൽപര്യം കുറഞ്ഞുപോയെന്നും ഉദ്ധാരണം എപ്പോഴും ഉദ്ദേശിച്ച രീതിയിൽ സാദ്ധ്യമാകുന്നില്ലെന്നും തിരിച്ചറിയുന്ന പുരുഷന് ജാള്യതയും പ്രശ്നം ആവർത്തിച്ചേക്കുമോ എന്ന ഭീതിയും തോന്നാം. അത് പങ്കാളിയുമായി തുറന്നു ചർച്ചചെയ്യുന്നതിനു പകരം അയാൾ വേഴ്ചയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കാം.

അങ്ങിനെയൊരു സാഹചര്യത്തെ മറുവശത്ത് ഭാര്യ, തന്റെ ആകർഷണീയത പൊയ്പ്പോയതിനാലാണോ ഇങ്ങനെയൊക്കെ എന്നു തെറ്റായി വ്യാഖ്യാനിക്കാം. ഇരുവരുടെയും ഈ പിശകുള്ള ചിന്താരീതികൾ ഒന്ന് മറ്റേതിനെ വഷളാക്കുകയും രണ്ടുപേർക്കുമിടയിൽ വൈകാരിക അകലം രൂപപ്പെടുകയും ചെയ്യാം.

ലൈംഗികതാൽപര്യം അനുഭവപ്പെടുത്തുന്നതിൽ ടെസ്റ്റോസ്റ്റിറോണ് ഒരു പ്രധാന പങ്കുണ്ടെങ്കിലും, ഉദ്ധാരണം തുടങ്ങാനും നിലനിൽക്കാനും ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിങ്ങനെ നിരവധി ശരീരഭാഗങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഉദ്ധാരണശേഷി കുറയുന്നത് ശരീരത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങളുടെ ഒരു പ്രാരംഭ സൂചനയാകാം. പ്രമേഹം, പ്രഷറോ കൊളസ്ട്രോളോ അമിതമാകുന്നത്, പുകവലി തുടങ്ങിയവ മൂലം രക്തക്കുഴലുകൾ തൂർന്നടഞ്ഞുവരുന്നതാകാം അടിസ്ഥാന പ്രശ്നം. ഇതു സാന്നിദ്ധ്യമറിയിക്കുന്നത്, ഹൃദ്രോഗമോ പക്ഷാഘാതമോ പോലുള്ള മാരകമായ രോഗങ്ങൾ രൂപപ്പെടുന്നതിനുമുമ്പ്, പതിറ്റാണ്ടുകൾ മുന്നേ പോലും, ഉദ്ധാരണപ്രശ്നങ്ങളിലൂടെ ആകാം. അതുകൊണ്ടുതന്നെ, അവ അനുഭവപ്പെടുന്നവർ ഹൃദയത്തിന്റെയും മറ്റും വിശദമായ പരിശോധനകൾക്കു വിധേയമാകുന്നതും തക്ക പ്രതിവിധികൾ സ്വീകരിക്കുന്നതും പുകവലി അവസാനിപ്പിക്കുന്നതും പ്രമേഹവും പ്രഷറും കൊളസ്ട്രോളും പോലുള്ള രോഗങ്ങൾ നിയന്ത്രിച്ചുനിർത്തുന്നതും കൂടുതൽ ഗൗരവകരവും മാരകവുമായ ആരോഗ്യപ്രശ്നങ്ങൾക്കു തടയിടാൻ സഹായിക്കും.

ഇതിനുപുറമേ, ഉത്കണ്ഠ, വിഷാദം, പൊണ്ണത്തടി, മരുന്നുകൾ, ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയവയും ഉദ്ധാരണപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. ഇതൊക്കെ അവഗണിച്ചുകൊണ്ട്, പ്രശ്നം പ്രായമാകുന്നതിന്റെ സ്വാഭാവികമായ ഭാഗം മാത്രമാണ് എന്നു വിധിയെഴുതുന്നത് അതുകൊണ്ടുതന്നെ തെറ്റായ നടപടിയാണ്. അതേസമയം, ഇടയ്ക്ക് എപ്പോഴെങ്കിലും മാത്രം ഉദ്ധാരണം കിട്ടാതെ പോകുന്നത് ഗൗരവത്തിൽ എടുക്കേണ്ടതുമില്ല.

“ഈയിടെയായി അല്പം തളർച്ചയും ഒഴിഞ്ഞുമാറലും കാണുന്നല്ലോ. എനിക്കു ചെറിയ ടെൻഷൻ തോന്നുന്നു. നമുക്കു രണ്ടുപേർക്കും ഒരു ചെക്കപ്പിനു പോയാലോ?!” എന്ന രീതിയിൽ കാര്യം അവതരിപ്പിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാകാം. തർക്കം ജയിക്കുകയോ ഉടനടി ഒരു വിശദീകരണം കൈവശപ്പെടുത്തുകയോ അല്ല ഇവിടെ ലക്ഷ്യം, ആൾക്ക് സുരക്ഷിതമായി സംസാരിക്കാനുള്ള ഒരു സാഹചര്യം ഒരുക്കുക മാത്രമാണ്.

ആവശ്യമായേക്കാവുന്ന പരിശോധനകൾ

എന്തൊക്കെ ലക്ഷണങ്ങളാണ് ഉള്ളത് എന്നതുവെച്ചാണ് തുടർപരിശോധനകളും ചികിത്സകളും തീരുമാനിക്കുക. തളർച്ചയുടെ കാരണം, ബി12 പോലുള്ള വിറ്റാമിനുകളുടെ അപര്യാപ്തതയോ രക്തക്കുറവോ തൈറോയ്ഡിന്റെയോ ലിവറിന്റെയോ കിഡ്നിയുടെയോ പ്രശ്നങ്ങളോ ആവാം. അതുകൊണ്ടുതന്നെ അതിനൊക്കെയുള്ള പരിശോധനകൾ നടത്തപ്പെടാം. പൊണ്ണത്തടിയുള്ള ഒരാൾ അമിതമായി കൂർക്കം വലിക്കുകയും അതിനിടെ ഇടയ്ക്കൊക്കെ ശ്വാസം നിന്നുപോവുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറക്കത്തിന്റെ വിശകലനത്തിനുള്ള ടെസ്റ്റുകൾ വേണ്ടിവരാം.

ടെസ്റ്റോസ്റ്റിറോണെപ്പറ്റി അറിയേണ്ടത്

താടിമീശകളുടെ വളർച്ചയ്ക്കു വേഗം കുറയുക, അമിതമായി മുടികൊഴിയുക, സ്തനങ്ങൾക്ക് വലിപ്പം വെക്കുക എന്നിവ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന്റെ സൂചനയാവാം. ടെസ്റ്റോസ്റ്റിറോൺ പരിശോധിക്കുന്നുണ്ടെങ്കിൽ, അത് രാവിലെ, വെറും വയറ്റിലാണ് ചെയ്യേണ്ടത്. അഥവാ അളവ് കുറവാണ് എന്നാണു റിസൽട്ടെങ്കിൽ പരിശോധന മറ്റൊരു ദിവസം ഒന്നുകൂടിച്ചെയ്ത് അതു സ്ഥിരീകരിക്കേണ്ടതുമുണ്ട്. രക്തത്തിലെ അളവുകുറവിനു പുറമെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിലേ late-onset hypogonadism നിർണയിക്കപ്പെടാറുള്ളൂ.

ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലും മറ്റും ചെന്നടിയുക പോലുള്ള പാർശ്വഫലങ്ങൾ ടെസ്റ്റോസ്റ്റിറോണ് ഉണ്ട്. അതിനാൽത്തന്നെ സൂക്ഷിച്ച്, അത്യാവശ്യമുള്ളവർക്കു മാത്രമാണ് അതു കുറിക്കപ്പെടാറ്. ചികിത്സ തുടരുന്ന കാലയളവിൽ പ്രോസ്റ്റേറ്റിന്റെ പരിശോധനകൾ ഇടയ്ക്കൊക്കെ നടത്തേണ്ടതുമുണ്ട്.

പൊണ്ണത്തടിയോ ഉറക്കമിളപ്പോ മദ്യപാനമോ പോലുള്ള കാരണങ്ങൾ കൊണ്ടാണ് ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞത് എങ്കിൽ അവ പരിഹരിക്കുകയാണ്, അല്ലാതെ ടെസ്റ്റോസ്റ്റിറോൺ എടുക്കുകയല്ല, ആദ്യപടി. ടെസ്റ്റോസ്റ്റിറോൺ എടുക്കുന്നത് ബീജോൽപാദനം കുറയ്ക്കാം എന്നതിനാൽ ഇനിയും കുട്ടികൾ വേണം എന്നുള്ളവർ അക്കാര്യം ഡോക്ടറോടു പ്രത്യേകം പറയണം.

ടെസ്റ്റോസ്റ്റിറോൺ ചികിത്സ കൊണ്ട് ലൈംഗികപ്രശ്നങ്ങളിൽ സാമാന്യവും വിഷാദത്തിൽ നേരിയതും ആയ പുരോഗതി കാണാറുണ്ട്. എന്നാൽ തളർച്ചയിൽ വലിയ കുറവു വരാറില്ല. ടെസ്റ്റോസ്റ്റിറോൺ ചികിത്സ വാർദ്ധക്യത്തെ തടയാനുള്ള ഒരുപാധിയല്ല എന്നും ഓർക്കേണ്ടതുണ്ട്.

ഡോക്ടറുടെ നിർദേശമില്ലാതെ ഹോർമോൺ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നത് ഹാനികരമാകാം. ഹോർമോൺ ബൂസ്റ്ററുകൾ എന്ന പേരിൽ വിപണിയിലുള്ള പല ഉത്പന്നങ്ങളും ദോഷകരമായ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. അവ ടെസ്റ്റോസ്റ്റിറോൺ കൂട്ടും എന്നതിനു തെളിവൊന്നുമില്ല താനും. രണ്ടാഴ്ചയ്ക്കുള്ളിൽ ഏറെ ഉണർവ് തരുന്നവയെ ഫലപ്രദം എന്നഭിനന്ദിക്കുകയല്ല, സംശയദൃഷ്ടിയോടെ വീക്ഷിക്കുകയാണു വേണ്ടത്.

അടിയന്തരസഹായം തേടേണ്ട സാഹചര്യങ്ങൾ

  • ജീവിതം മടുത്തു, എല്ലാവർക്കും ഭാരമാവുന്നു, എന്നൊക്കെയുള്ള സംസാരങ്ങൾ. സ്വയം ഉപദ്രവിക്കാനുള്ള ശ്രമങ്ങൾ.
  • ഉദ്ധാരണപ്രശ്നമുള്ളവരിൽ നെഞ്ചുവേദനയോ ശ്വാസംമുട്ടലോ എന്തെങ്കിലും ചെയ്യുമ്പോൾ പെട്ടെന്നു ക്ഷീണിക്കുന്നതായോ കാണപ്പെടുക.

ചില പ്രതിരോധ നടപടികൾ

ശരീരഭാരം നിയന്ത്രിക്കുക. കൊഴുപ്പ് ടെസ്റ്റോസ്റ്റിറോണിനെ സ്ത്രീ ലൈംഗിക ഹോർമോണായ ഈസ്ട്രജനാക്കി മാറ്റുകയും, തന്മൂലം ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപാദനം പിന്നെയും കുറയുകയും ചെയ്യാം (കുടവയർ കുറയ്ക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്‌). ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സർവേ പ്രകാരം കേരളത്തിൽ പ്രമേഹവും അമിതവണ്ണവും, പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രശ്നം, ഏറെ സാധാരണമാണ്. വണ്ണം കുറയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് മെച്ചപ്പെടുത്തുകയും ഉറക്കത്തിനും ഊർജസ്വലതയ്ക്കും ലൈംഗികതയ്ക്കും സഹായമാവുകയും ചെയ്യും.

ദീർഘനാളത്തെ അമിത മദ്യപാനം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ലൈംഗികപ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും നിരാശയ്ക്കും വിഷാദരോഗത്തിനും ഇടയാക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള നിയന്ത്രണവും ഉപകാരമാവും.

വേണ്ടത്ര ഉറങ്ങുന്നില്ലെങ്കിൽ അത് വൈകാരിക നിലയെയും ഉന്മേഷത്തെയും ഏകാഗ്രതയെയും ലൈംഗികതയെയും പ്രതികൂലമായി ബാധിക്കാം.

ചിട്ടയായ വ്യായാമം മൂഡിനും ഉറക്കത്തിനും ഹൃദയാരോഗ്യത്തിനും അതുവഴി ലൈംഗികതയ്ക്കും നല്ലതാണ്. രണ്ടുപേരും ഒന്നിച്ചു നടക്കാൻപോകാൻ തീരുമാനിക്കുന്നതും കൂടുതൽ ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങുന്നതും ഉറക്കത്തിന് വേണ്ടത്ര സമയം ക്രമീകരിക്കുന്നതും നല്ല നടപടികളാകും.

പ്രോസ്റ്റേറ്റ് വീക്കം, പ്രഷർ തുടങ്ങിയവയ്ക്കു കൊടുക്കുന്ന ചില മരുന്നുകൾ, ചില വേദനസംഹാരികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ തുടങ്ങിയവ ലൈംഗികതയെ ബാധിക്കാം. അതുകൊണ്ടുതന്നെ, അവ കഴിക്കുന്നവർ ലൈംഗിക ബുദ്ധിമുട്ടുകൾ വന്നാൽ ഡോക്ടറുമായി കാര്യം ചർച്ച ചെയ്യേണ്ടതാണ്. സ്വയം മരുന്നു നിറുത്തുകയോ മാറ്റുകയോ അരുത്.

മദ്ധ്യവയസ്സിൽ ഭർത്താവിൽ സംഭവിക്കുന്ന മാറ്റങ്ങളെ രണ്ടുപേർക്കുമിടയിൽ തെറ്റിദ്ധാരണകൾ വളർത്താൻ അനുവദിക്കരുത്. മറിച്ച്, കാര്യങ്ങൾ തുറന്നു ചർച്ച ചെയ്ത്, പരസ്പരം കൂടുതൽ ശ്രദ്ധ കൊടുത്ത്, അടുപ്പം ബലപ്പെടുത്താനുള്ള ഒരവസരമായി ഉപയോഗിക്കുകയാണു വേണ്ടത്.

(2026 സെപ്തംബര്‍ രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

പക വീട്ടാന്‍ നില്‍ക്കാതെ പകരം ചെയ്യാവുന്നത്
 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
65181 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
44164 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
28211 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
25449 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
22881 Hits

+ Looking for a mental hospital in Kerala?

SNEHAM offers psychiatric and de-addiction care.

Visit SNEHAM →

+ Looking for a deaddiction center in Kerala?

SNEHAM offers treatment for alcohol and drug addiction.

Visit SNEHAM →