മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പക വീട്ടാന്‍ നില്‍ക്കാതെ പകരം ചെയ്യാവുന്നത്

vengefulness_malayalam

നമ്മെ വേദനിപ്പിച്ച ഒരാളെ തിരിച്ച് അപമാനിക്കുകയോ വേദനിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാനുള്ള അതിയായ ആഗ്രഹത്തെയാണ് പക എന്നു വിളിക്കുന്നത്. പക എന്നാൽ ദേഷ്യം മാത്രമല്ല. “നാണക്കേടു മാറ്റണം,” “കാര്യങ്ങൾക്ക് ഒരു അന്തിമതീരുമാനം വേണം” എന്നൊക്കെയുള്ള ചിന്തകളും “പാഠം പഠിപ്പിക്കണം,” “ഞാൻ അനുഭവിച്ചത് അനുഭവിപ്പിക്കണം,” “അന്തസ്സ് തിരിച്ചുപിടിക്കണം” എന്നൊക്കെയുള്ള വാശികളും അതിന്‍റെ ഭാഗമാവാം. ദുരനുഭവങ്ങള്‍ക്കു ശേഷം താൽക്കാലികമായി ഇങ്ങിനെയെല്ലാം തോന്നുക സ്വാഭാവികമാണ്. എന്നാൽ ഇതൊക്കെ അതിതീവ്രമായി മനസ്സിൽ നിലനിൽക്കുകയും ബന്ധങ്ങളെയും തീരുമാനങ്ങളെയും വ്യക്തിത്വത്തെപ്പോലും സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യം നന്നല്ല.

പകയുടെ വേരുകൾ

പകയ്ക്കു സാദ്ധ്യത കൂടുന്നത്, മറ്റേയാള്‍ മനപ്പൂർവ്വം ഉപദ്രവിച്ചതാണ്, നീതിപൂർവകമായല്ല പെരുമാറിയത്, തന്‍റെ അന്തസ്സ് ഹനിക്കപ്പെട്ടു, തന്‍റെ അശക്തി വെളിവായിരിക്കുന്നു എന്നൊക്കെയുള്ള വിശ്വാസം രൂപപ്പെടുമ്പോഴാണ്. സമൂഹത്തിലെ സ്ഥാനത്തിനു നാം ഏറെ വില കൽപ്പിക്കുന്നതിനാല്‍ പൊതുസ്ഥലത്തു വെച്ചുള്ള അപമാനങ്ങളും പരിഹാസങ്ങളും അവഗണനകളും നമ്മെ കൂടുതലായി ബാധിക്കാം. വഞ്ചന, വിശേഷിച്ചും നാം ഏറെ വിശ്വസിക്കുന്നവരില്‍നിന്നാകുമ്പോള്‍, പക ജനിപ്പിക്കാം. അവിഹിതബന്ധങ്ങൾ, സൂത്രത്തിലുള്ള വൈകാരിക ചൂഷണം (manipulation) എന്നിവയും പകയ്ക്കു കാരണമാകാം.

വളമാകുന്നത്

സിനിമയും സാഹിത്യവും പലപ്പോഴും പ്രതികാരത്തെ ന്യായീകരിക്കുന്നതും വൈകാരികമായി സംതൃപ്തിപ്പെടുത്തുന്ന ഒരു കാര്യമായി അവതരിപ്പിക്കുന്നതും പകയ്ക്കു പ്രോത്സാഹകമാവാം. സാമൂഹ്യ മാദ്ധ്യമങ്ങൾ, ആരെയെങ്കിലും അപമാനിക്കാനും കൂട്ടംകൂടി ആക്രമിക്കാനും നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിക്കാനും അവസരമൊരുക്കി പകവീട്ടല്‍ എളുപ്പമാക്കുന്നുണ്ട്. സ്വന്തം പേരോ മുഖമോ വെളിപ്പെടുത്താതെ എന്തും പോസ്റ്റ് ചെയ്യാം, അനേകരുടെ പ്രോത്സാഹനം ഉടനടി ലഭിക്കും എന്നതും ഓണ്‍ലൈനില്‍ പ്രശ്നമാണ്.

പകയ്ക്ക് ഇടയാക്കിയ സംഭവം സൃഷ്ടിക്കുന്ന ദേഷ്യം, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ലഹരി ഉപയോഗം തുടങ്ങിയവയും എടുത്തുചാടിയുള്ള പ്രതികരണങ്ങൾക്ക് താങ്ങാകാറുണ്ട്.

പക രൂഢമൂലമാകുന്നത്

പക ശക്തമാവുക, നിരന്തരം തനിക്കു നേരിട്ട ദുരനുഭവത്തെപ്പറ്റി അയവിറക്കുകയോ അന്നേരത്തെ സംഭാഷണങ്ങൾ ഓര്‍ക്കുകയോ ആ രംഗങ്ങള്‍ സങ്കല്‍പിക്കുകയോ പ്രതികാരത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്താലാണ്. പ്രതികാരം ഒരു ക്രൂരതയല്ല, മറിച്ച് താന്‍ അർഹിക്കുന്നതും തനിക്ക് അവകാശപ്പെട്ടതും അത്യാവശ്യവും ശരിയും ഒക്കെയാണ് എന്ന ചിന്താഗതിയും കുഴപ്പമാണ്. മറ്റേയാള്‍ മറുപടി അർഹിക്കുന്നുണ്ട്, ഇതല്ലാതെ വേറെ ഒരു ഓപ്ഷനും തനിക്കില്ല എന്നൊക്കെയുള്ള മനോഭാവങ്ങൾ അനാരോഗ്യകരമായ ചിന്തകളെ മനസ്സിനു സ്വീകാര്യമാക്കുന്നുമുണ്ട്.

കൂടുതല്‍ സാദ്ധ്യതയുള്ളവര്‍

വിമർശനങ്ങളെയോ ബന്ധങ്ങളില്‍നിന്നു പുറത്താക്കപ്പെടുന്നതിനെയോ ഒക്കെ ചിലർ തന്‍റെ വ്യക്തിത്വത്തോടുള്ള വലിയ ആക്രമണമായി കണക്കാക്കാം. നേരിയ പ്രകോപനങ്ങൾ പോലും അതുകൊണ്ടാണു ചിലരില്‍ വല്ലാത്ത പ്രതികാരബുദ്ധി ഉളവാക്കുന്നത്. ആത്മാഭിമാനം ലോലമായവരിലും നാഴ്സിസിസ്റ്റിക് സ്വഭാവം ഉള്ളവരിലും ഇതിനു സാദ്ധ്യത കൂടുതലുണ്ട്. നേരിട്ട ദ്രോഹത്തിന്‍റെ തീവ്രതയല്ല, അതിനു കല്‍പിക്കപ്പെടുന്ന വ്യാഖ്യാനങ്ങളാണ് കൂടുതൽ പ്രസക്തമാകുന്നത്.

കുട്ടിക്കാലത്ത് ആവര്‍ത്തിച്ച് അപമാനിതരാവുകയോ, പീഡിപ്പിക്കപ്പെടുകയോ, ചതിക്കപ്പെടുകയോ, വേണ്ടത്ര സ്നേഹമോ വൈകാരികമായ താങ്ങും തണലുമോ ലഭിക്കാതെ പോവുകയോ, രക്ഷകർത്താക്കൾ പലനേരത്ത് പലരീതിയിൽ പെരുമാറുകയോ ചെയ്തവർ മുതിര്‍ന്നുകഴിഞ്ഞ് കൂടുതൽ പക കാണിക്കാം. എന്തെങ്കിലും സംഭവിക്കുമ്പോൾ അവർക്ക് പഴയ ദുരനുഭവങ്ങളുടെ ഓർമ്മ ഉണരുന്നത് ഇതിന് ഇടനിലയാകാം.

സ്വതേ മുൻകോപമോ മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്ന പ്രവണതയോ ഉള്ളവരിലും പക അമിതമാകാം. ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിട്ടിട്ടുള്ളവർക്കും, മറ്റുള്ളവരോടുള്ള വിശ്വാസക്കുറവും തീവ്രമായിത്തീരുന്ന വൈകാരിക പ്രതികരണങ്ങളും മൂലം, പക ശീലമാകാം.

വിവിധ ഇടങ്ങളിൽ

പ്രണയബന്ധങ്ങളിൽ, പിന്മാറ്റമോ വിശ്വാസവഞ്ചനയോ ഒക്കെ, ആത്മാഭിമാനത്തിനോ സമൂഹത്തിലുള്ള പേരിനോ മേലുള്ള കനത്ത ആഘാതമായി വിലയിരുത്തപ്പെടുകയും പകയ്ക്കു നിമിത്തമാവുകയും ചെയ്യാം. ആ പക വീട്ടാന്‍ സ്നേഹപ്രകടനങ്ങള്‍ക്കു വിരാമമിടുക, സാമ്പത്തികമായി തിരിച്ചടി കൊടുക്കുക, പരസ്യമായോ ഓൺലൈനിലോ അവഹേളിക്കുക, വൈകാരികമായി മാനിപ്പുലേറ്റ് ചെയ്യുക, അവിഹിതത്തില്‍ ഏര്‍പ്പെടുക എന്നിവ അവലംബിക്കപ്പെടാം.

കുടുംബങ്ങളിൽ, മറ്റാര്‍ക്കെങ്കിലും ശ്രദ്ധയും പരിഗണനയും കൂടുതൽ കിട്ടുന്നതും തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നതും സ്വത്തുവിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പകയ്ക്ക് ഇടയാക്കാറുണ്ട്.

തൊഴിലിടങ്ങളിൽ, നിരന്തരം താഴ്ത്തിക്കെട്ടലിനോ അവഹേളനത്തിനോ ചൂഷണത്തിനോ വിധേയമാകുന്നതും, തീരുമാനങ്ങള്‍ എടുക്കുന്ന നേരത്തും പ്രാധാന്യമുള്ള ഉത്തരവാദിത്തങ്ങളില്‍നിന്നും അകറ്റി നിർത്തുന്നതും, നീതിപൂർവ്വകമല്ലാത്ത മൂല്യനിർണയങ്ങളും പകയ്ക്കു കാരണമാകാം. ആ പക വീട്ടുന്നത്, ജോലിയില്‍ അട്ടിമറി കാണിച്ചോ പരദൂഷണങ്ങൾ പരത്തിയോ ഒക്കെയാവാം.

ദൂഷ്യഫലങ്ങൾ

ഒറ്റനോട്ടത്തിൽ, പക വീട്ടുന്നത് വൈകാരിക സംതൃപ്തി തരും, അന്തസ്സും തുല്യതയും തിരിച്ചുപിടിക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് എന്നൊക്കെത്തോന്നാം. എന്നാൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, പ്രതികാരവാഞ്ഛ വൈകാരിക വേദനകളെ പെരുപ്പിക്കുകയും ദീര്‍ഘിപ്പിക്കുകയുമാണു ചെയ്യുക എന്നാണ്. പ്രതികാര രംഗങ്ങൾ ഇടയ്ക്കിടെ സങ്കൽപ്പിക്കുന്നത് താല്‍ക്കാലികമായി വൈകാരിക ശമനം തന്നേക്കാമെങ്കിലും അതു നിരന്തരം ചെയ്യുന്നത് തെറ്റു പ്രവര്‍ത്തിച്ചയാള്‍ നമ്മുടെ ചിന്താമണ്ഡലത്തിൽ ഏറെ പ്രാധാന്യത്തോടെ കുടികൊള്ളാന്‍ ഇടയൊരുക്കാം. പക മൂലം വിഷാദവും ഉത്കണ്ഠയും ജീവിതത്തില്‍ അസംതൃപ്തിയും സംജാതമാകാം. പക വീട്ടുക എന്നതിന് അതിപ്രാധാന്യം ലഭിക്കുമ്പോൾ നമ്മുടെ വ്യക്തിത്വം തന്നെ അനീതി, അമര്‍ഷം, ഇരബോധം തുടങ്ങിയവയാല്‍ നിര്‍വചിക്കപ്പെടുന്ന അവസ്ഥ വരാം.

പക പേറി നടക്കുന്നത് ബന്ധങ്ങളെയും ബാധിക്കാം. പെട്ടെന്നു പ്രകോപിതരാവുക, സര്‍വരെയും സംശയദൃഷ്ടിയോടെ നോക്കാനുള്ള പ്രവണത, ആരോടും തുറന്നു സംസാരിക്കാനുള്ള വൈമനസ്യം എന്നിവ കാണപ്പെടാം.

ശാരീരികമായി, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണുകള്‍ അമിതമാവുക, ആന്തരികാവയവങ്ങളില്‍ നീര്‍വീക്കം (inflammation), ഹൃദയ പ്രശ്നങ്ങൾക്കു സാദ്ധ്യത കൂടുക എന്നിവയും സംഭവിക്കാം.

പക വീട്ടിക്കഴിഞ്ഞാൽ ആശ്വാസമല്ല പലപ്പോഴും തോന്നുക. മറിച്ച്, കുറ്റബോധമോ ലജ്ജയോ തുടങ്ങാം. പകയ്ക്കു കാരണമായ ദുരനുഭവത്തെക്കുറിച്ചുള്ള ചിന്ത തുടര്‍ന്നും അലട്ടുകയും അത് ആ സംഭവം വിസ്മൃതിയിലേക്കു പോകുന്നതിനു തടസ്സമാവുകയും ചെയ്യാം. പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വരികയുമാവാം.

ക്ഷമിക്കുക എന്നാൽ

ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നതിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. മോശമായി പെരുമാറിയ ഒരാളോട് ക്ഷമിക്കുക എന്നു വെച്ചാൽ അതിനർത്ഥം അവരുടെ ചെയ്തിയെ നാം പൂർണമായും വിസ്മരിക്കുന്നുവെന്നോ അവരെ നിരപരാധിയെന്നു വിധിക്കുന്നുവെന്നോ അവരുമായി സന്ധി ചെയ്യുന്നുവെന്നോ ഏതു ചീത്ത പെരുമാറ്റവും സഹിക്കുമെന്ന സൂചന പടര്‍ത്തുന്നുവെന്നോ നീതിക്കുവേണ്ടി ശ്രമിക്കില്ലെന്നോ ഒന്നുമല്ല. മറിച്ച്, ക്ഷമ എന്നതിന്‍റെ അർത്ഥം, വെറുപ്പിനെയും പ്രതികാരബുദ്ധിയെയും മനസ്സിനു പുറത്തു നിര്‍ത്തുന്നു എന്നും ആ ദുരനുഭവത്തിനു കല്‍പിക്കുന്ന വൈകാരിക പ്രാധാന്യം മയപ്പെടുത്തുന്നു എന്നുമാണ്. ക്ഷമിക്കുന്നതിനൊപ്പം തന്നെ ആ വ്യക്തിയെ ബന്ധപ്പെടാതിരിക്കുന്നതും അതിർവരമ്പുകൾ വെക്കുന്നതും നിയമപരമായ നീക്കങ്ങളും സ്വയരക്ഷക്കു വേണ്ട നടപടികളും തുടരാവുന്നതുമാണ്.

ക്ഷമിക്കുന്നത് ഒരു ദൗർബല്യമോ കീഴടങ്ങലോ അല്ല. ഏറെ മനശ്ശക്തിയുള്ളവർക്കാണ് ക്ഷമ സാദ്ധ്യമാവുക. ക്ഷമിക്കുമ്പോൾ നമുക്ക് ദേഷ്യവും മാനസിക സമ്മർദ്ദവും കുറയുകയും ബന്ധങ്ങളും മാനസികാരോഗ്യവും മെച്ചപ്പെടുകയും ചെയ്യും.

ക്ഷമിക്കുന്നത് എങ്ങിനെ?

ക്ഷമ ഒരു നല്ല ഗുണമാണ് എങ്കിലും പലർക്കും അത് വൈകാരികമായി ബുദ്ധിമുട്ടുള്ളതും മാനസികമായി കുഴപ്പിക്കുന്നതും ആയ ഒരു പ്രക്രിയയാണ്. ഒറ്റയടിക്കല്ല, പടിപടിയായാണ് ക്ഷമ നടപ്പാക്കേണ്ടത്.

സംഭവിച്ചതിനെ വിലകുറച്ചുകണ്ടോ മറന്നൊതുക്കിയോ അല്ല ക്ഷമ തുടങ്ങേണ്ടത്. ദേഷ്യത്തെയോ ദുഃഖത്തെയോ അപമാനബോധത്തെയോ അവഗണിച്ചും അല്ല. മറിച്ച്, ഇന്നതാണ് കൃത്യമായും നടന്നത്, അത് തന്നെ ബാധിച്ചത് ഇന്നയിന്ന രീതികളിലാണ് എന്നൊക്കെയുള്ള കൃത്യമായ ബോദ്ധ്യത്തോടെയാണ് ആ പ്രക്രിയ ആരംഭിക്കേണ്ടത്. ആ അനുഭവത്തെപ്പറ്റി എഴുതുന്നതും ആരോടെങ്കിലും സംസാരിക്കുന്നതും കൗൺസലിങ്ങിൽ ചർച്ച ചെയ്യുന്നതും അതിനെ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായി ഉള്‍ക്കൊണ്ടെടുക്കാൻ സഹായിക്കും. എന്തൊക്കെ നഷ്ടങ്ങള്‍ ഭവിച്ചു എന്നതിന്‍റെ കൃത്യമായ പട്ടികയുണ്ടാക്കുക—ഒരു ബന്ധം, സുരക്ഷിതത്വബോധം, കൂടെ ഒരാളുണ്ടായിരുന്നു എന്ന വിശ്വാസം, ഭാവിയെപ്രതി ഉണ്ടായിരുന്ന പ്രതീക്ഷകള്‍ എന്നിങ്ങനെ. നഷ്ടബോധങ്ങളെ വിഷമിച്ചും കരഞ്ഞും ദേഷ്യം തോന്നിയും ഒടുക്കേണ്ടത് ആവശ്യമാണ്; വികാരങ്ങളെ ചുമ്മാ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ആരോഗ്യകരമല്ല.

ചോദ്യങ്ങള്‍ ഉയര്‍ത്താം

ചിന്തകളിലും മനോദൃശ്യങ്ങളിലും സദാ മുഴുകുന്നെങ്കില്‍ ചില കാര്യങ്ങൾ സ്വയം ചോദിക്കാം: ഇതു വഴി താൻ പ്രശ്നം പരിഹരിക്കുകയാണോ അതോ വഷളാക്കുകയോ? ഇങ്ങനെ ചെയ്യുന്നത് തന്‍റെ വൈകാരികാവസ്ഥയ്ക്കു ഗുണകരമാണോ അതോ ദോഷമോ? ഈ ശീലം തന്‍റെ മുറിവ് ഉണങ്ങുന്നതിനും പ്രശ്നത്തിൽ നിന്നു പുറത്തു കടക്കുന്നതിനും സഹായകമാണോ?

സംഭവം സൃഷ്ടിച്ച ലജ്ജയും അവമതിപ്പും മാറ്റാൻ, തനിക്ക് ഇപ്പോഴുമുള്ള നല്ല ഗുണങ്ങളും സൌഭാഗ്യങ്ങളും എന്തൊക്കെ എന്നു സ്വയം ചോദിക്കാം.

ആ വ്യക്തിയെ വിശ്വസിച്ചു പോയല്ലോ, ദുസ്സൂചനകള്‍ നേരത്തേ തിരിച്ചറിഞ്ഞില്ലല്ലോ, താനും ദേഷ്യപ്പെടുകയും കരയുകയും ചെയ്തല്ലോ എന്നൊക്കെയുള്ള സ്വയംകുറ്റപ്പെടുത്തലുകള്‍ സാധാരണമാണ്. അവയെ നിർവീര്യമാക്കാൻ, സുഹൃത്തുക്കള്‍ ആരെങ്കിലും താന്‍ ചെയ്ത പോലെ തന്നെ പെരുമാറിയിരുന്നെങ്കിൽ അവരെ താൻ കുറ്റപ്പെടുത്തുമായിരുന്നോ എന്നു പരിശോധിക്കാം. ഓരോരോ സമയത്ത് ലഭ്യമായിരുന്ന വിവരങ്ങളും സൌകര്യങ്ങളും വെച്ചാണ് താൻ ഓരോ തീരുമാനവും എടുത്തത് എന്ന് സ്വയം ഓര്‍മിപ്പിക്കാം.

മറ്റു വിദ്യകള്‍

ചിതറിക്കിടക്കുന്ന ചിന്തകൾക്ക് അടുക്കും ചിട്ടയും കൊടുക്കാനും അങ്ങനെ അവയുടെ ആക്രമണ തീവ്രത കുറയ്ക്കാനും അവ എഴുതിവെക്കാം. വികാരവിചാരങ്ങളെപ്പറ്റി 15-20 മിനിറ്റ് തുടർച്ചയായി, മുന്നാലോചന കൂടാതെ, മനസ്സില്‍ വരുന്നതൊക്കെ അതേപടി എഴുതിവെക്കുന്നതും, ഉപദ്രവിച്ചയാൾക്കുള്ള ഒരു കത്തു പോലെ എഴുതുന്നതും, നമ്മെയും ആ വ്യക്തിയേയും മുന്‍വിധിയേതും കൂടാതെ കണ്ടുനിന്ന, അനുകമ്പയുള്ള മൂന്നാമതൊരാളുടെ കാഴ്ച്ചപ്പാടില്‍ എഴുതുന്നതും നന്നാകും.

ആധിയും ദേഷ്യവും നിയന്ത്രിക്കാൻ, ചിട്ടയായ വ്യായാമവും ദീർഘശ്വാസം എടുത്തുവിടുന്നതും സഹായമാകും.

ദേഷ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഭാവിപദ്ധതികൾ ഒരുക്കാതെ, ജീവിതത്തിൽ വിലമതിക്കുന്ന ഗുണങ്ങളിലും കഴിവുകളിലും ശ്രദ്ധയൂന്നി അവ വികസിപ്പിക്കാന്‍ ശ്രമിക്കുക. ജീവിതവുമായി മുന്നോട്ടു നീങ്ങാൻ മറ്റേയാളുടെ സമ്മതിച്ചു തരലോ മാപ്പപേക്ഷയോ ശിക്ഷയനുഭവിക്കലോ ഒന്നും ആവശ്യമില്ലെന്നു പ്രഖ്യാപിക്കുക—അതിനൊക്കെ കാത്തിരിക്കുമ്പോള്‍ നാം ഭാവിസമാധാനത്തിന്‍റെ താക്കോല്‍ നമ്മെ ഉപദ്രവിച്ച ഒരാളെ ഏൽപ്പിക്കുകയാണ്. അല്പം ബുദ്ധിമുട്ടുള്ളതായതിനാൽ ഈ തീരുമാനം ചിലപ്പോൾ ആവര്‍ത്തിച്ച് എടുക്കേണ്ടതായി വരാം. മറക്കാനും പൊറുക്കാനും സമയം ആവശ്യമാണെന്നും അതുവരെ ഇടയ്ക്കൊക്കെ ദേഷ്യമോ സങ്കടമോ അമർഷമോ ഉയരുക സ്വാഭാവികമാണെന്നും സ്വയം ഓർമ്മിപ്പിക്കുക.

വെറുപ്പു കുറയ്ക്കാനും അതുവഴി പ്രതികാരവാഞ്ഛ ദുർബലമാക്കാനും ചില നടപടികള്‍ സഹായിക്കും. മറ്റേയാൾ ദുഷ്ടബുദ്ധി കൊണ്ടല്ല, മറിച്ച് സ്വന്തം കഴിവില്ലായ്മയും ന്യൂനതകളും കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നു വ്യാഖ്യാനിക്കാം. അതിലേക്കു നയിച്ചത് അരക്ഷിതത്വബോധമോ വൈകാരികമായ അപക്വതയോ എടുത്തുചാട്ടശീലമോ ആവാം എന്നു ചിന്തിക്കാം. ആ വ്യക്തി ആ സമയത്ത് എന്തൊക്കെയാവും ആലോചിച്ചിട്ടും അനുഭവിച്ചിട്ടും ഉണ്ടാവുക, എന്തൊക്കെ പ്രശ്നങ്ങളും ഭീതികളും ഓര്‍മകളും താല്‍പര്യങ്ങളും ആകും പ്രേരണയായിട്ടുണ്ടാവുക എന്നതൊക്കെ എഴുതിനോക്കാം.

പകയ്ക്കു കടിഞ്ഞാണിടാന്‍ ക്ലേശിക്കുന്നവർക്ക് മനശ്ശാസ്ത്ര ചികിത്സകൾ ഉപകാരപ്പെടാം. വികല ചിന്തകളെയും ദുർവ്യാഖ്യാനങ്ങളെയും തിരിച്ചറിയാനും പരിഹരിക്കാനും കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി സഹായിക്കും. പകയ്ക്കു നിദാനമായ സംഭവവുമായി ബന്ധപ്പെട്ട പേടി, നാണം, ദുഃഖം, നിസ്സഹായത തുടങ്ങിയവയെ നിഷ്കാസനം ചെയ്യാന്‍ ട്രോമാ ഫോക്കസ്ഡ് തെറാപ്പി ലഭ്യമാണ്.

പക നേരിടേണ്ടി വരുമ്പോള്‍

മറ്റൊരാളുടെ പകയ്ക്കു പാത്രമാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

  • കുഴപ്പത്തിനോ ഉപദ്രവത്തിനോ അറിഞ്ഞോ അറിയാതെയോ താന്‍ ഹേതുവായോ എന്ന് തുറന്ന മനസ്സോടെ വിശകലനം ചെയ്യുക. ആവശ്യമെങ്കിൽ മാപ്പു പറയുക. ആവുന്ന പ്രതിവിധികള്‍ ചെയ്യുക. ആ വ്യക്തിയുടെ പ്രതികരണം അമിതമാണെങ്കിലും ഇതൊക്കെ പ്രസക്തമാണ്.
  • ആളുടെ പരാതികളെയും പെരുമാറ്റങ്ങളെയും രണ്ടായിത്തന്നെ കാണുക. വിഷമിക്കുകയോ വേദന അനുഭവിക്കുകയോ ചെയ്തെന്നുവെച്ച് നിരന്തരം ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ അവകാശം കിട്ടുന്നില്ല. രണ്ടിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വെവ്വേറെയായി നടത്തുക.
  • പ്രശ്നത്തെപ്പറ്റി വല്ലാതെ തലപുകക്കാനോ ആളെ അമിതമായി നിരീക്ഷിക്കാനോ മുതിരാതിരിക്കുക.
  • തന്നെക്കുറിച്ച് നെഗറ്റീവായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടോ എന്നറിയാൻ സോഷ്യൽ മീഡിയയും മറ്റും ഇടയ്ക്കിടെ പരിശോധിക്കുന്നത് ഒഴിവാക്കുക. അത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും മനസ്സിനെ ആ വ്യക്തിയിൽ തന്നെ ഉടക്കിയിടുകയും ചെയ്യും.
  • ഉരുളക്കുപ്പേരി പോലെ തിരിച്ച് പ്രതികരണങ്ങൾ നടത്തുന്നത് പ്രശ്നം വഷളാക്കും എന്നോർക്കുക. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, വികാരങ്ങള്‍ പുരളാത്ത ഉത്തരങ്ങള്‍ കൊടുക്കുക.
  • ഇടതടവില്ലാത്ത കുറ്റപ്പെടുത്തലുകള്‍, പ്രത്യേകിച്ചും അടുത്തു പെരുമാറുന്നവരില്‍ നിന്നാകുമ്പോള്‍, സ്വന്തം മനസ്സില്‍ത്തന്നെ അതില്‍ ശരിയുണ്ടാകുമോ എന്ന സന്ദേഹം ജനിപ്പിക്കാം. വിശ്വാസമുള്ള ആരോടെങ്കിലും കാര്യം ചര്‍ച്ച ചെയ്യുക. സ്വന്തം ഭാഗം ഡയറിയിലോ മറ്റോ എഴുതിയിടുന്നതു ശീലമാക്കുക.
  • മറ്റുള്ളവരെ സമീപിക്കുന്നത് വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആകണം, അല്ലാതെ മറ്റേയാള്‍ക്കെതിരെ പട ഉണ്ടാക്കാന്‍ ആകരുത്.
  • എന്തെങ്കിലും നുണകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ വസ്തുനിഷ്ഠമായും ചുരുങ്ങിയ വാക്കുകളിലും മാത്രം പ്രതിരോധിക്കുക. സ്വന്തം ഭാഗം എല്ലാവരെയും വിശ്വസിപ്പിക്കുക സാദ്ധ്യമാവില്ല എന്നു മനസ്സിലാക്കുക.
  • ഉറക്കം, ജോലി, നിത്യജീവിതത്തിന്‍റെ സമയക്രമം തുടങ്ങിയവ മുന്‍പടി തന്നെ മുന്നോട്ടു കൊണ്ടുപോവുക.
  • ആവശ്യമെങ്കിൽ സ്ഥാപനത്തിന്‍റെയോ നിയമ വ്യവസ്ഥയുടെയോ മാനസികാരോഗ്യ വിദഗ്ദ്ധരുടെയോ സഹായം തേടുക.

(2026 ജൂണ്‍ 16-ലെ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

എ.ഐ. റ്റൂളുകള്‍ കരുതലോടെ ഉപയോഗിക്കാം
 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
64616 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
43463 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
27790 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
24954 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
22497 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.