സ്ത്രീധനത്തെയും മറ്റും കുറിച്ചുള്ള വഴക്കുകളെ തുടര്‍ന്ന്‍ വിവാഹിതകള്‍ ആത്മഹത്യ ചെയ്യുന്ന പല വാര്‍ത്തകളും ഈയിടെ വരികയുണ്ടായി. ദൌര്‍ഭാഗ്യകരമായ ഇത്തരം മരണങ്ങള്‍ തടയാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ പരിചയപ്പെടാം.
യുവതികള്‍ ശ്രദ്ധിക്കേണ്ടത്
പീഡനം എന്നാൽ ശാരീരികം മാത്രമല്ല എന്നറിയുക. വാക്കുകളാലോ വൈകാരികമായോ തളർത്തുക, സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക (ഉദാ:- എവിടെയും പോകാൻ സമ്മതിക്കാതിരിക്കുക, ആവശ്യത്തിനു പണം തരാതിരിക്കുക), നിങ്ങളെയോ കുട്ടികളെയോ കുടുംബത്തെയോ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുക എന്നിവയും പീഡനം തന്നെയാണ്.
മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ, ആഴത്തിൽ ശ്വാസമെടുത്തു വിടുകയോ പ്രശ്നങ്ങൾ ഡയറിയിലോ ഫോണിലോ കുറിച്ചുവെക്കുകയോ ചെയ്യാം. അന്നുണ്ടായ ചെറിയ ചെറിയ നല്ല കാര്യങ്ങൾ എഴുതിവെക്കുന്നത് ദിവസം അത്ര മോശമായിരുന്നില്ല എന്ന ആശ്വാസം ഉളവാകാന്‍ സഹായിക്കും. തനിക്കുള്ള കഴിവുകളെയും സൌഭാഗ്യങ്ങളെയും കുറിച്ച് ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കുന്നത് ആത്മവിശ്വാസം നിലനിൽക്കാൻ സഹായിക്കും. കാര്യങ്ങളുടെ നിയന്ത്രണം കുറേയൊക്കെ തന്‍റെ കയ്യില്‍ത്തന്നെയാണ് എന്ന തോന്നല്‍ കിട്ടാൻ, ദൈനംദിന കൃത്യങ്ങൾക്ക് പറ്റുന്നത്ര ഒരു ടൈംടേബിൾ പാലിക്കാം. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ശക്തി സംരക്ഷിക്കാൻ ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിൽ ശ്രദ്ധിക്കുക.