മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

വെര്‍ച്വല്‍ റിയാലിറ്റി തരും, സൌഖ്യവും അനാരോഗ്യവും

വെര്‍ച്വല്‍ റിയാലിറ്റി തരും, സൌഖ്യവും അനാരോഗ്യവും

കമ്പ്യൂട്ടറാല്‍ സൃഷ്ടിക്കപ്പെടുന്ന, 3D-യിലുള്ള, യഥാര്‍ത്ഥലോകത്തിന്‍റെ പ്രതീതിയുളവാക്കുന്ന, നമുക്കവിടെ ഇടപെടലുകള്‍ നടത്താവുന്ന മായികലോകങ്ങളാണ് വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍). വി.ആര്‍ ലോകങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കാന്‍ ഉപയോഗിക്കപ്പെടുന്നത് കണ്ണുകളെ മൂടുന്ന ഹെഡ്സെറ്റും സ്റ്റീരിയോ ഹെഡ്ഫോണുകളും സെന്‍സറുകള്‍ ഘടിപ്പിച്ച കയ്യുറകളും നാമേതു ദിശയിലേക്കാണോ നോക്കുന്നത്, അതിനനുസരിച്ച് നാലുദിക്കിലെയും കാഴ്ചകളെ ക്രമപ്പെടുത്തുന്ന ടെക്നോളജിയുമൊക്കെയാണ്. ഏതാനും വര്‍ഷം മുമ്പുവരെ ഏറെ വിലപിടിപ്പുണ്ടായിരുന്ന വി.ആര്‍. ഉപകരണങ്ങള്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇത്, രോഗീപരിശോധനയിലും ചികിത്സയിലും വി.ആര്‍ ഉപയുക്തമാക്കപ്പെടാനും മറുവശത്ത് വി.ആറിന്‍റെ ദൂഷ്യഫലങ്ങള്‍ കൂടുതല്‍പ്പേരില്‍ ഉളവാകാനും കളമൊരുക്കിയിട്ടുമുണ്ട്.

വി.ആര്‍ രോഗപരിശോധനയില്‍

കുട്ടികളെ ബാധിക്കാറുള്ള, അശ്രദ്ധയും അടങ്ങിയിരിക്കായ്കയും മുഖ്യലക്ഷണങ്ങളായ, രോഗമാണ് ‘അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍’ (എ.ഡി.എച്ച്.ഡി). അതു സംശയിക്കപ്പെടുന്നവരോടും അദ്ധ്യാപകരോടും “ക്ലാസില്‍ ശ്രദ്ധ കിട്ടാറുണ്ടോ?” എന്നൊക്കെ അന്വേഷിച്ചറിയുകയാണ് ആ രോഗം നിര്‍ണയിക്കാനുള്ള നിലവിലെ രീതി. അതോടൊപ്പം, ക്ലാസ്’മുറിയുടെ പ്രതീതിയുണ്ടാക്കുന്നൊരു വി.ആര്‍ ഉപകരണം കുട്ടിയെ അണിയിച്ച്, അതിലൊരു ക്ലാസ് പുരോഗമിക്കുന്നതും കൂടെ ഇടനാഴിയിലെയും ഗ്രൗണ്ടിലെയുമൊക്കെ ബഹളങ്ങളും അവതരിപ്പിച്ച്, ആ ശബ്ദങ്ങളുടെയും ചലനങ്ങളുടെയും തീവ്രത ക്രമേണ വര്‍ദ്ധിപ്പിച്ച്, അതിനിടയിലിരിക്കുന്ന കുട്ടിയെക്കൊണ്ട് ശ്രദ്ധയളക്കാനുള്ള ടെസ്റ്റുകള്‍ ചെയ്യിക്കുന്നത് കൂടുതല്‍ കൃത്യവും പ്രസക്തവുമായ വിവരങ്ങള്‍ തരും.

സ്വശരീരത്തിന്‍റെയും ബാഹ്യലോകത്തിന്‍റെയും ഇടതോ വലതോ വശം അവിടെയുണ്ടെന്നതു മനസ്സിലാക്കാനാവാതെ പോവുകയും അതിനാലാ വശത്തെ സദാ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ ‘ഹെമിസ്പേഷ്യല്‍ നെഗ്’ലക്റ്റ്’ എന്നറിയപ്പെടുന്നു. അതു ബാധിച്ചവര്‍ എന്തുമാത്രം സ്ഥലത്തെ അവഗണിക്കുന്നുണ്ടെന്നു 3D സ്പേസില്‍ കൃത്യമായി രേഖപ്പെടുത്തിക്കിട്ടാന്‍ വി.ആര്‍ സഹായകമാണ്.

ചികിത്സയില്‍

ആള്‍ക്കൂട്ടത്തിലോ വിമാനത്തിനുള്ളിലോ വന്‍കെട്ടിടങ്ങള്‍ക്കു മുകളിലോ ഒക്കെ കൊടുംവെപ്രാളവും നെഞ്ചിടിപ്പുമെല്ലാം നേരിടേണ്ടിവരികയും അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍പ്പെടാതെ സദാ ഒഴിഞ്ഞുമാറുകയും ചെയ്യുന്നവരുണ്ട്. ഇത്തരം ഫോബിയകള്‍ക്കുള്ളൊരു ഫലപ്രദമായ ചികിത്സയാണ് ‘എക്സ്പോഷര്‍ തെറാപ്പി’. ഭയന്നൊഴിവാക്കുന്ന സാഹചര്യങ്ങളെ വിദഗ്ദ്ധമേല്‍നോട്ടത്തില്‍ പല തവണ അഭിമുഖീകരിപ്പിക്കുകയാണ് ഇതില്‍ച്ചെയ്യുക. ഭീതികളുടെയും സംശയങ്ങളുടെയും പൊള്ളത്തരം ബോദ്ധ്യപ്പെടാനും ഓരോരോ സാഹചര്യങ്ങളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ഉള്‍ക്കൊണ്ടെടുക്കാനുമെല്ലാം എക്സ്പോഷര്‍ തെറാപ്പി സഹായിക്കും. ഇത്തരം മുഖാമുഖങ്ങള്‍ക്ക് അവസരമൊരുക്കാന്‍ പ്രായോഗിക പരിമിതികളുള്ള സന്ദര്‍ഭങ്ങളില്‍ വി.ആര്‍ രക്ഷക്കെത്താം. അംബരചുംബികളുടെ മട്ടുപ്പാവും വിമാനങ്ങളുടെ ഉള്‍ഭാഗവുമൊക്കെ വി.ആറിലിതിനായി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. വിമാനയാത്രയോടു ഫോബിയയുള്ളവര്‍ക്ക് വി.ആര്‍ വിമാനയാത്ര ഒറിജിനല്‍ വിമാനം ഉപയോഗപ്പെടുത്തിയുള്ള തെറാപ്പിയുടെ അത്രതന്നെ ഫലപ്രദമാണെന്ന് ഒരു പഠനം കണ്ടെത്തുകയുമുണ്ടായി.

നേരത്തേപറഞ്ഞ ഹെമിസ്പേഷ്യല്‍ നെഗ്’ലക്റ്റ് ബാധിച്ചവരുടെ പുനരധിവാസത്തിനും വി.ആര്‍. സഹായകമാണ്. അവഗണിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങളിലേക്കു വി.ആറില്‍ തേങ്ങകള്‍ വീഴിച്ച് അവ കൈപ്പിടിയിലാക്കാന്‍ രോഗിയോടാവശ്യപ്പെടുന്നത് ആ അവഗണന ലഘൂകരിക്കാനുതകുമെന്നു തെളിഞ്ഞിട്ടുണ്ട്.

സിഗരറ്റോ മദ്യമോ ഒക്കെ നിര്‍ത്തിത്തുടങ്ങിയവര്‍ക്ക് ആരെങ്കിലും അവയുപയോഗിക്കുന്നതു കാണുമ്പോഴും മറ്റും ആസക്തി വീണ്ടുമുണരുന്നതും അങ്ങിനെയവര്‍ പിന്നെയുമതിലേക്കു മടങ്ങുന്നതും സാധാരണമാണ്. ആസക്തിയുളവാക്കുന്ന നാനാതരം സാഹചര്യങ്ങളിലൂടെ കടന്നുപോവാനും അവയെ മറികടക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാനുമൊക്കെ വി.ആറില്‍ അവസരമൊരുക്കുന്നത് അത്തരക്കാര്‍ക്കു ഗുണകരമാണ്.

തീപ്പൊള്ളലിന്‍റെയോ കാന്‍സറിന്‍റെയോ മറ്റോ അതിവേദനയുള്ളവര്‍ക്ക് വി.ആര്‍ ഗെയിമുകള്‍ ശ്രദ്ധ ആ വേദനയില്‍നിന്നു തിരിയാന്‍ സഹായമാവുന്നുണ്ട്.

രോഗത്തിന്‍റെ കാഠിന്യത്താലോ മറ്റോ ആശുപത്രി വരെ സഞ്ചരിക്കുക ക്ലേശകരമായവര്‍ക്ക് ചികിത്സകരുടെ വിദൂരമേല്‍നോട്ടത്തില്‍ വീട്ടിലിരുന്ന് വി.ആര്‍. ചികിത്സകള്‍ സ്വീകരിക്കാമെന്നതും പ്രസക്തമാണ്. വി.ആര്‍ അധിഷ്ഠിത പരിശോധനകളോ ചികിത്സകളോ പക്ഷേ നമ്മുടെ നാട്ടില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല.

ദൂഷ്യഫലങ്ങള്‍

വിനോദാവശ്യത്തിനും മറ്റുമുള്ള വി.ആറുപയോഗത്തിനു ചില പാര്‍ശ്വഫലങ്ങളുണ്ട്. ഓക്കാനവും ഛര്‍ദ്ദിലും തലകറക്കവുമൊക്കെ ഉളവാക്കുന്ന ‘സൈബര്‍സിക്’നസ്’ ഒരുദാഹരണമാണ്. വി.ആറിലെ ചലനങ്ങള്‍ നമ്മുടെ കണ്‍കാതുകളില്‍ അനുഭവവേദ്യമാകുമെങ്കിലും അതോടൊപ്പം ‘വെസ്റ്റിബ്യുലാര്‍ വ്യവസ്ഥ’ എന്ന, ശരീരത്തിന്‍റെ പൊസിഷന് അനുസൃതമായി നമുക്കു ബാലന്‍സ് കൈവരുത്തുന്ന, ഭാഗം യഥാര്‍ത്ഥ ജീവിതത്തിലെപ്പോലെ ഉത്തേജിപ്പിക്കപ്പെടാതെ പോകുന്നത് ശരീരത്തിനുണ്ടാക്കുന്ന കണ്‍ഫ്യൂഷനാണ് ഇതിനു കാരണമാകുന്നത്.

വി.ആറിന്‍റെ നിരന്തരോപയോഗം ഉറക്കച്ചടവ്, ക്ഷീണം, നിത്യജീവിതത്തിനിടയില്‍ പൊടുന്നനെ വി.ആര്‍ രംഗങ്ങള്‍ മനസ്സിലേക്കു വരല്‍ (flashbacks) തുടങ്ങിയവക്കും ശരീരത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്നതിലുള്ള വൈഷമ്യങ്ങള്‍ക്കും വഴിവെക്കാം. നിത്യജീവിതത്തേക്കാള്‍ ഏറെ തെളിച്ചവും മനോഹാരിതയുമുള്ള വി.ആര്‍. അനുഭവങ്ങളോടു ചിലര്‍ക്കെങ്കിലും അഡിക്ഷന്‍ രൂപപ്പെടാം.

വയലന്‍റ് വീഡിയോ ഗെയിമുകള്‍ അക്രമാസക്തതക്കും പോര്‍ണോഗ്രഫി അമിതമായിക്കാണുന്നത് ലൈംഗികപ്രശ്നങ്ങള്‍ക്കും ഹേതുവാകാറുണ്ട്. ഇവയൊക്കെ വി.ആറില്‍ ആസ്വദിക്കുന്നവര്‍ക്ക് ഇത്തരം ദുഷ്പ്രത്യാഘാതങ്ങള്‍ക്കുള്ള റിസ്ക്‌ വല്ലാതെയധികമാകാം.

വി.ആര്‍ ലോകത്തു ചുറ്റിക്കറങ്ങുന്ന എലികളില്‍ സ്വന്തം സ്ഥാനമോര്‍ത്തിരിക്കാന്‍ അവയെ സഹായിക്കുന്ന മസ്തിഷ്കകോശങ്ങള്‍ നിഷ്ക്രിയമായിപ്പോകുന്നുണ്ടെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന്‍റെ വെളിച്ചത്തില്‍, മസ്തിഷ്കവികാസം പൂര്‍ണമായിട്ടില്ലാത്ത കുട്ടിക്കാലത്ത് വി.ആര്‍ ഉപയോഗിക്കുന്നത് ഏറെ ഹാനികരമാവാമെന്ന് അനുമാനിക്കപ്പെടുന്നുണ്ട്.

വിദഗ്ദ്ധരുടെയും നിര്‍മാതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍

  • വി.ആര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ അര മണിക്കൂറിലും പത്തു മിനിറ്റ് ബ്രേക്കെടുക്കുക
  • യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാന്‍ വിമുഖതയുള്ള, കൊലപാതകമോ ലൈംഗികാതിക്രമമോ പോലുള്ള, കാര്യങ്ങള്‍ക്ക് വി.ആറിലും തുനിയാതിരിക്കുക
  • പന്ത്രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ വി.ആര്‍ ഉപയോഗിക്കരുത്

(2017 ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: WNYC

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ആപ്പുകളുപയോഗിക്കാം ആപത്തിലകപ്പെടാതെ
ആദ്യപാഠങ്ങളെപ്പറ്റി ചില ബാലപാഠങ്ങള്‍

Related Posts