മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
വേനലവധിയെ ആരോഗ്യദായകമാക്കാം
നമ്മുടെ കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ സാധാരണ തെരഞ്ഞെടുക്കാറുള്ള നേരമ്പോക്കുകള്‍ അവരുടെ ആരോഗ്യത്തെ എങ്ങിനെയാണു സ്വാധീനിക്കുന്നത്? ടിവി, ഇന്‍റര്‍നെറ്റ്, ഗെയിമുകള്‍ തുടങ്ങിയവയുടെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്? അവയുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ലഘൂകരിക്കാനായി മാതാപിതാക്കള്‍ക്ക് എന്തൊക്കെച്ചെയ്യാന്‍ സാധിക്കും? നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവ അഭ്യസിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ടോ? അടിച്ചുപൊളിക്കുന്നതിനൊപ്പം തന്നെ മക്കളുടെ അവധിക്കാലം അവര്‍ക്കു നല്ല ശാരീരിക, മാനസിക ആരോഗ്യങ്ങള്‍ സ്വായത്തമാകാനുതകുന്ന തരത്തിലും വിനിയോഗിക്കപ്പെടണമെന്ന് ആഗ്രഹമുള്ള മാതാപിതാക്കള്‍ ഉന്നയിച്ചേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ തരുന്ന മറുപടികള്‍ പരിശോധിക്കാം.
ടെലിവിഷന്‍
ടിവിയുടെ മിതമായ ഉപയോഗം വിനോദത്തിനും വിവരസമ്പാദനത്തിനും സഹായകമാണെങ്കിലും അനിയന്ത്രിതമായ ടിവികാഴ്ചക്ക് പല ദുഷ്ഫലങ്ങളുമുണ്ട്. നല്ല ആശയവിനിമയശേഷിയും സാമൂഹ്യമര്യാദകളും കൈവരിക്കാനാഗ്രഹിക്കുന്നവര്‍ മറ്റുള്ളവരോട് ഇടപഴകിക്കൊണ്ടിരിക്കുകയും അവരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ പെരുമാറ്റങ്ങളില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. കിട്ടുന്ന സമയമെല്ലാം ടിവിയോടൊത്തു ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഇതിനൊക്കെയുള്ള അവസരങ്ങള്‍ നഷ്ടമാകുന്നു എന്നതിനാല്‍ അവര്‍ വാഗ്ബുദ്ധിയിലും വൈകാരികബുദ്ധിയിലും പിന്നാക്കം പോകുന്നുണ്ട്. രംഗങ്ങള്‍ അതിവേഗം മാറിമാറിവരുന്ന പ്രോഗ്രാമുകള്‍ നിരന്തരം കണ്ടുശീലിക്കുന്നവര്‍ സ്വയമറിയാതെ ദൈനംദിനജീവിതത്തിനും അത്തരമൊരു ദ്രുതഗതി പ്രതീക്ഷിക്കാന്‍ തുടങ്ങുകയും, അതുവഴി നിത്യജീവിതസന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് വിരസതയും ഏകാഗ്രതയില്ലായ്മയും അനുഭവപ്പെടാന്‍ കളമൊരുങ്ങുകയും ചെയ്യാം. ദൃശ്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന ടിവിയുടെ നിരന്തരമായ കാഴ്ച ഭാഷ കൈകാര്യംചെയ്യുന്ന തലച്ചോറിന്‍റെ ഇടതുഭാഗത്തിന്‍റെ വളര്‍ച്ച മുരടിപ്പിക്കുന്നുണ്ട്.
{xtypo_quote}
കുട്ടികളുടെ ടിവികാഴ്ച കുറച്ചെടുക്കാന്‍
- ടിവി സ്വീകരണമുറിയിലോ കുട്ടികളുടെ ബെഡ്റൂമുകളിലോ പ്രതിഷ്ഠിക്കാതിരിക്കുക
- ടിവി വെച്ചിരിക്കുന്ന മുറിയില്‍ത്തന്നെ പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കുക
- ഭക്ഷണസമയത്ത് ടിവി ഓഫ്ചെയ്യുക
- പ്രധാനജോലികളെല്ലാം തീര്‍ത്തുകഴിഞ്ഞേ ടിവി വെക്കാവൂ എന്നു നിഷ്ക്കര്‍ഷിക്കുക
- തങ്ങള്‍ ടിവി കാണുന്ന സമയം കുറച്ച് മാതാപിതാക്കള്‍ മാതൃകയാവുക
{/xtypo_quote}
അക്രമരംഗങ്ങള്‍ അവിരാമം കാണുന്നത് അവയോടൊരു നിര്‍വികാരത രൂപപ്പെടാനും, സഹാനുഭൂതി നശിക്കാനും, ആക്രമണോത്സുകത വളരാനും ഇടയാക്കുന്നുണ്ട്. ഈ ദുര്‍ഗുണങ്ങള്‍ ചിലരിലെങ്കിലും മുതിര്‍ന്നുകഴിഞ്ഞും മാറാതെ നില്‍ക്കുകയും ചെയ്യാം. കൊല്ലുംകൊലയുമൊക്കെ ഹാസ്യരൂപത്തിലോ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എളുപ്പമാര്‍ഗമായോ അവതരിപ്പിക്കപ്പെടുന്നതും, ചെറിയ പ്രകോപനങ്ങളില്‍പ്പോലും അടിപിടിക്കൊരുങ്ങുന്ന നായകകഥാപാത്രങ്ങളും, ഒരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടുന്ന വില്ലന്മാരുമൊക്കെ കുഞ്ഞുമനസ്സുകളില്‍ സൃഷ്ടിക്കുക നല്ല അനുരണനങ്ങളല്ല.
മദ്യപാനം, പുകവലി, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവയെ ആസ്വാദ്യകരമോ തമാശയോ ആയി അവതരിപ്പിക്കുന്നതും അവയുടെ പ്രത്യാഘാതങ്ങള്‍ പരാമര്‍ശിക്കാതെ വിടുന്നതും കുട്ടികളെ അത്തരം ദുസ്വഭാവങ്ങളിലേക്കാകര്‍ഷിക്കാം. വ്യായാമത്തെ ഇല്ലാതാക്കിയും, എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനുള്ള അവസരമൊരുക്കിയും, ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണോല്‍പന്നങ്ങളില്‍ പരസ്യങ്ങളിലൂടെ താല്‍പര്യം ജനിപ്പിച്ചുമൊക്കെ ടിവി കുട്ടികളില്‍ അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്.
ആറുവയസ്സില്‍ താഴെയുള്ളവര്‍ക്ക് പരസ്യങ്ങളും പ്രോഗ്രാമുകളും വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കും. അതുപോലെ എട്ടൊമ്പതു വയസ്സുവരെയുള്ളവര്‍ക്ക് പരസ്യങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനായി കമ്പനികള്‍ കാശുകൊടുത്തു സംപ്രേഷണം ചെയ്യിക്കുന്നവയാണ് എന്ന തിരിച്ചറിവു കണ്ടേക്കില്ല. പരസ്യങ്ങളുടെ പ്രധാനോദ്ദേശ്യം നമ്മുടെ പണം കൈക്കലാക്കുകയാണെന്നു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതും, ഓരോ പരസ്യവും ആളുകളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ അടവുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നു കണ്ടുപിടിക്കല്‍ ഒരു കളിയായി വളര്‍ത്തിയെടുക്കുന്നതുമൊക്കെ പരസ്യങ്ങള്‍ക്ക് കുരുന്നുമനസ്സുകളില്‍ അനര്‍ഹമായ പ്രാധാന്യം കിട്ടുന്നതിനു തടയിടാന്‍ സഹായിക്കും.
{xtypo_quote}
ടിവിപ്രോഗ്രാമുകളുടെ ദുസ്സ്വാധീനം കുറക്കാന്‍
- കുട്ടികളുടെ നിര്‍ദ്ദേശങ്ങളും കണക്കിലെടുത്തുകൊണ്ട് ഓരോ ദിവസവും കാണാവുന്ന അനുയോജ്യമായ പ്രോഗ്രാമുകളുടെ പട്ടികയുണ്ടാക്കുക
- അവരുടെ കൂടെ പരിപാടികള്‍ കണ്ട് തക്കതായ വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുക
- ഒരു പരിപാടി മുഴുവനും കാണാന്‍ നിങ്ങള്‍ക്കു സമയമില്ലെങ്കില്‍ അതിന്‍റെ ആദ്യഭാഗങ്ങളെങ്കിലും കണ്ട് ഉള്ളടക്കം കുട്ടികള്‍ക്ക് അനുയോജ്യമാണോ എന്നുറപ്പുവരുത്തുക
- കഥാപാത്രങ്ങളുടെ ചെയ്തികള്‍ ശരിയാണോ, അവക്ക് എന്തൊക്കെ അനന്തരഫലങ്ങളുണ്ടാവാം, കഥയിലേതുപോലുള്ള സാഹചര്യങ്ങളെ കൂടുതല്‍ നല്ല രീതിയില്‍ എങ്ങിനെ നേരിടാം എന്നൊക്കെ ചര്‍ച്ചക്കെടുക്കുക
{/xtypo_quote}
ഇന്‍റര്‍നെറ്റ്
താല്‍പര്യമുള്ള വിഷയങ്ങളെപ്പറ്റി അറിവു ശേഖരിക്കാനും വ്യക്തിബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമൊക്കെയുള്ള സമാനതകളില്ലാത്ത സൌകര്യങ്ങള്‍ ഇന്‍റര്‍നെറ്റ് ഒരുക്കുന്നുണ്ട്. കൌമാരത്തിന്‍റെ ചോരത്തിളപ്പിന് താരതമ്യേന സുരക്ഷിതമായ ബഹിര്‍ഗമനമാര്‍ഗങ്ങളൊരുക്കാനും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ വൈകാരികപിന്തുണയും നല്ല നിര്‍ദ്ദേശങ്ങളും ലഭ്യമാക്കാനുമൊക്കെ നെറ്റിനാകുന്നുണ്ട്. സഭാകമ്പമുള്ള കുട്ടികള്‍ക്ക് സങ്കോചമേതും കൂടാതെ ഇഷ്ടവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും ഓണ്‍ലൈന്‍വേദികളില്‍ പതുങ്ങിയിരുന്ന്‍ മറ്റുള്ളവരുടെ ആശയവിനിമയരീതികള്‍ കണ്ടുമനസ്സിലാക്കാനുമൊക്കെയുളള അവസരങ്ങളും നെറ്റിലുണ്ട്.
അതേസമയം, എഴുത്തിലൂടെ ആശയങ്ങള്‍ കൈമാറിപ്പരിചയമില്ലാത്ത കുട്ടികള്‍ ശരീരഭാഷയുടെ കൈത്താങ്ങില്ലാതെ ഇ-മെയിലിലൂടെയും മറ്റും വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ സംവേദനം ചെയ്യപ്പെടാനും തെറ്റിദ്ധാരണകള്‍ ഉടലെടുക്കാനും സാദ്ധ്യതകളുണ്ട്. ഓണ്‍ലൈന്‍ ലോകത്ത് രഹസ്യങ്ങള്‍ തീരെ സുരക്ഷിതമല്ലെന്നും, ഇ-മെയിലിലോ സോഷ്യല്‍മീഡിയയിലോ ഒക്കെ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ നമ്മളുദ്ദേശിക്കാത്തവരിലേക്കും കൈമാറ്റം ചെയ്യപ്പെടാന്‍ വളരെയെളുപ്പമാണെന്നും കുട്ടികള്‍ ഓര്‍ക്കാതെ പോകാം. തക്ക കഴിവുകളുടെ അഭാവമോ അനാവശ്യ ആശങ്കകളോ ദുരനുഭവങ്ങളോ മൂലം നേര്‍ക്കുനേരുള്ള വ്യക്തിബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടാനും ഓണ്‍ലൈന്‍പരിചയങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാനും തീരുമാനിക്കുന്നവര്‍ക്ക് ഭാവിയില്‍ വൈഷമ്യങ്ങള്‍ നേരിടേണ്ടിവരാം.
നെറ്റിലെ വിവരങ്ങള്‍ പലപ്പോഴും ഒരെഡിറ്റിങ്ങിനും വിധേയമാകാത്തവയും അബദ്ധജടിലവും ആകാമെന്ന് കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നതും, അനുയോജ്യമല്ലാത്ത വിഷയങ്ങളെപ്പറ്റിയും അറിവു ശേഖരിക്കാന്‍ അവര്‍ നെറ്റുപയോഗിക്കുന്നതുമൊക്കെ പ്രശ്നങ്ങളിലേക്കു നയിക്കാം. അശ്ലീലസൈറ്റുകളും, വിദ്വേഷം വളര്‍ത്തുകയോ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഗ്രൂപ്പുകളും, ബോംബുണ്ടാക്കുന്നതെങ്ങനെ, ലഹരിമരുന്നുകള്‍ കൈവശപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും എങ്ങിനെ തുടങ്ങിയ വിവരങ്ങളും ഒക്കെ നെറ്റില്‍ സുലഭമാണ്. ചീത്ത കൂട്ടുകെട്ടുകളില്‍പ്പെടാതെ സൂക്ഷിക്കുന്ന കുട്ടികള്‍ക്കും സ്പാംമെയിലുകളിലൂടെയും മറ്റും ഇത്തരം സൈറ്റുകളെക്കുറിച്ച് സൂചന കിട്ടാം. കുട്ടികള്‍ തങ്ങളുടെ വയസ്സു കൂട്ടിപ്പറഞ്ഞ് മുതിര്‍ന്നവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുള്ള സൈറ്റുകളില്‍ പ്രവേശനം നേടുകയും ചെയ്യാം.
{xtypo_quote_left}കുട്ടികളെ ലൈംഗികചൂഷണത്തിനുപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ ആള്‍മാറാട്ടങ്ങളിലൂടെ ഇരകളെക്കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്.{/xtypo_quote_left}കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ ആള്‍മാറാട്ടങ്ങളിലൂടെ ഇരകളെക്കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. വെബ്കാമുകള്‍ വഴി കുട്ടികളുടെ നഗ്നരംഗങ്ങള്‍ കൈവശപ്പെടുത്തി പോണ്‍സൈറ്റുകള്‍ക്കു വില്‍ക്കുന്ന സംഘങ്ങളും രംഗത്തുണ്ട്. നെറ്റില്‍ പരിചയപ്പെടുന്നവരെ നേരിട്ടുകാണാന്‍ പുറപ്പെട്ട് അപകടങ്ങളില്‍ച്ചെന്നുപെടുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ നാട്ടിലും പുറത്തുവരുന്നുണ്ട്.
കമ്പ്യൂട്ടറിന്‍റെ അനിരതമായ ഉപയോഗം അമിതവണ്ണം, കണ്ണിന്‍റെയും കാഴ്ചയുടെയും പ്രശ്നങ്ങള്‍, പുറംവേദന, നിദ്രാരോഗങ്ങള്‍ തുടങ്ങിയവക്കു വഴിവെക്കാറുണ്ട്. ചില കുട്ടികളിലെങ്കിലും നെറ്റുപയോഗം ഒരഡിക്ഷന്‍റെ തോതിലേക്കു വളരാറുമുണ്ട്.
എത്രനേരം നെറ്റില്‍ ചെലവഴിക്കാമെന്നും ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കു നല്‍കേണ്ടതാണ്. കമ്പ്യൂട്ടര്‍ നിങ്ങളുടെ കാഴ്ചയെത്തുന്നിടത്തു മാത്രം സ്ഥാപിക്കുക. ഫില്‍ട്ടറുകളും നെറ്റുപയോഗത്തിന്‍റെ ദൈര്‍ഘ്യമളക്കാനുള്ള സോഫ്റ്റ്‌വെയറുകളും ഉപയോഗപ്പെടുത്തുക. എന്നാല്‍ അവക്കും പരിമിതികളുണ്ടെന്ന് ഓര്‍ത്തിരിക്കുക. ഓണ്‍ലൈന്‍ അനുഭവങ്ങളെക്കുറിച്ചും ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നതിനെക്കുറിച്ചും കുട്ടികളോടു ചോദിച്ചറിഞ്ഞുകൊണ്ടിരിക്കുക. ഫോണ്‍നമ്പര്‍, മേല്‍വിലാസം തുടങ്ങിയവ അപരിചിതരുമായി പങ്കുവെക്കരുതെന്നും, ആരെങ്കിലും പേടിയോ അസ്വാരസ്യമോ ഉളവാക്കുകയാണെങ്കില്‍ ആ വിവരം നിങ്ങളെ അറിയിക്കണമെന്നും, നെറ്റില്‍വെച്ചു പരിചയപ്പെടുന്നവരെ നേരില്‍ക്കാണാന്‍ ശ്രമിക്കരുതെന്നും നിഷ്ക്കര്‍ഷിക്കുക. ഓണ്‍ലൈന്‍ലോകത്തെ പുത്തന്‍സംഭവവികാസങ്ങളെക്കുറിച്ച് അറിവുനേടിക്കൊണ്ടിരിക്കുകയും ചെയ്യുക.
ഡിജിറ്റല്‍ ഗെയിമുകള്‍
ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണുകള്‍ എന്നിങ്ങനെ നിരവധി സ്രോതസ്സുകളില്‍ അനേകതരം ഗെയിമുകള്‍ ഇന്നു ലഭ്യമാണ്. ഇവയില്‍ ചിലക്കെങ്കിലും കുട്ടികള്‍ക്ക് നല്ല അനുഭവങ്ങള്‍ പകരാനും അവരുടെ ആരോഗ്യത്തെയും മാനസികസൌഖ്യത്തെയും പരിപോഷിപ്പിക്കാനും സാധിക്കുന്നുണ്ട്. കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനവും കാഴ്ചശക്തിയും അഭിവൃദ്ധിപ്പെടുത്താന്‍ ചില ഗെയിമുകള്‍ക്കാവുന്നുണ്ട്. ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് പെട്ടെന്നു തീരുമാനങ്ങളെടുക്കാനും, നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധ ചെലുത്താനും, ഒരു പ്രവൃത്തിയില്‍നിന്നു മറ്റൊന്നിലേക്ക് നിര്‍വിഘാതം മാറാനുമുളള കഴിവുകളും വര്‍ദ്ധിക്കുന്നുണ്ട്. ദുര്‍ഘടങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തിച്ചേരേണ്ട തരം ഗെയിമുകള്‍ സ്ഥിരോത്സാഹം വളരാന്‍ സഹായിക്കും. അലങ്കോലമായിക്കിടക്കുന്ന ചുറ്റുപാടുകളില്‍നിന്ന് പ്രസക്തിയുള്ള വസ്തുക്കളെ വേറിട്ടറിയാനും ചലിച്ചുകൊണ്ടിരിക്കുന്ന നിരവധി വസ്തുക്കളില്‍ ഒരേ സമയത്തു ശ്രദ്ധചെലുത്താനുമുള്ള കഴിവുകളെ പരിപോഷിപ്പിക്കാന്‍ ചില ഗെയിമുകള്‍ക്കു കഴിയും. ഇതു ഭാവിയില്‍ ഡ്രൈവിംഗിലും മറ്റും സഹായകമാകും.
മറുവശത്ത്, ടിവിയുടെ കാര്യത്തില്‍ സംഭവിക്കുന്ന പോലെ, ദൃശ്യങ്ങള്‍ ദ്രുതവേഗത്തില്‍ മാറിമാറിവരുന്ന ഗെയിമുകള്‍ നിരന്തരം കളിക്കുന്നത് നിത്യജീവിതം വിരസമാണെന്ന ധാരണക്കിടയാക്കുകയും, കൊലയും വെടിവെപ്പുമൊക്കെ നിറഞ്ഞ ഗെയിമുകളുടെ അമിതോപയോഗം അക്രമാസക്തത വളര്‍ത്തുകയും ചെയ്യും. ചെറുതല്ലാത്ത ഒരു ശതമാനം കളിക്കാര്‍ക്ക് ഗെയിമുകളോട് അഡിക്ഷന്‍ രൂപപ്പെടുകയും ചെയ്യാം.
ഗെയിമുകള്‍ വാങ്ങുകയോ കളിക്കാനനുവദിക്കുകയോ ചെയ്യുന്നതിനു മുമ്പ് അവയുടെ സംഗ്രഹവും റേറ്റിങ്ങും അവലോകനം ചെയ്യുന്നത് ഇത്തരം പ്രത്യാഘാതങ്ങള്‍ തടയാന്‍ കുറേയൊക്കെ സഹായിക്കും. കുട്ടിക്ക് ആരോടൊത്തൊക്കെ കളിക്കാം, ഏതൊക്കെയാളുകളോട് ആശയവിനിമയം നടത്താം എന്നൊക്കെ നിശ്ചയിക്കാന്‍ ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ തരുന്ന സൌകര്യങ്ങളും, ഗെയിംകണ്‍സോളുകളിലെ പേരന്‍റല്‍ കണ്ട്രോളുകളും ഉപയോഗപ്പെടുത്താതിരിക്കരുത്. ഒന്നിലധികം പേര്‍ക്ക് ഒരുമിച്ചുകളിക്കാവുന്ന ഗെയിമുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവില്ലായ്മയോ ഭയമോ മൂലം ഗെയിമുകളിലേക്ക് ഉള്‍വലിയുന്നവര്‍ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ടിവിയും കമ്പ്യൂട്ടറും ഗെയിമുകളുമെല്ലാമടക്കം സ്ക്രീനുകളിലധിഷ്ഠിതമായ വിനോദോപാധികള്‍ക്കായി ദിവസത്തില്‍ രണ്ടുമണിക്കൂറില്‍ക്കൂടുതല്‍ ചെലവഴിക്കാതിരിക്കുകയാണു നല്ലത് എന്നാണ് വിദഗ്ദ്ധമതം.
ബോര്‍ഡ് ഗെയിമുകള്‍
ചെസ്, ലൂഡോ തുടങ്ങിയ “പഴഞ്ചന്‍” കളികള്‍ക്കും അവയുടേതായ പ്രയോജനങ്ങളുണ്ട്. നിയമങ്ങള്‍ എന്നൊന്നുണ്ടെന്ന് കുട്ടികളെ മനസ്സിലാക്കാനും, അവ പാലിച്ചുപഠിക്കാനുള്ള അവസരമൊരുക്കാനും, ജയപരാജയങ്ങളെ ഉചിതമായ രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി നല്‍കാനും, നിരന്തരം ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നായിച്ചെയ്യാനാവുമെന്ന തിരിച്ചറിവു വളര്‍ത്താനുമൊക്കെ ഇത്തരം കളികള്‍ക്കു കഴിയും. പരിശ്രമങ്ങള്‍ക്ക് ഉടനടി ഫലംകിട്ടാത്തതിന്‍റെ പേരില്‍ മറ്റു പ്രവൃത്തികള്‍ ഇട്ടെറിഞ്ഞിട്ടുപോകുന്ന കുട്ടികള്‍ പോലും ജയവും അനുബന്ധ അനുഭവങ്ങളും പ്രതീക്ഷിച്ച് ഇത്തരം കളികളില്‍ ക്ഷമയോടെ മുഴുകാറുണ്ട്. ഇത് കാലക്രമത്തില്‍ അവരില്‍ ക്ഷമ, പക്വത തുടങ്ങിയ ശീലങ്ങള്‍ വളരാന്‍ സഹായിക്കും. കൂട്ടാനും കുറക്കാനുമൊക്കെ അവസരമൊരുക്കുന്ന ഗെയിമുകള്‍ സ്കൂളിലെ കണക്കുകളും എളുപ്പമാക്കും. ചെസ് പോലുള്ള കളികള്‍ കാര്യങ്ങളെ നന്നായി ആസൂത്രണം ചെയ്യാനും, വ്യത്യസ്ത നടപടികളുടെ പരിണിതഫലങ്ങള്‍ ഊഹിച്ചെടുക്കാനും, അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാനുമൊക്കെയുള്ള കഴിവുകളെ പുഷ്ടിപ്പെടുത്തും.
കലാപരിശീലനങ്ങള്‍
നല്ല സര്‍ഗശേഷിയുമായി ജനിക്കുന്ന കുട്ടികള്‍ക്കു പോലും ഇളംപ്രായത്തില്‍ തക്ക പരിശീലനങ്ങള്‍ കിട്ടിയില്ലെങ്കില്‍ തങ്ങളുടെ കഴിവുകളെ വേണ്ടരീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞേക്കില്ല. അതിലുമുപരിയായി, വലിയ കലാകാരന്മാരായി വളരണമെന്നില്ലാത്തവര്‍ക്കും ശാരീരികവും മാനസികവുമായ പല ഗുണഫലങ്ങളും കലാപരിശീലനങ്ങള്‍കൊണ്ടു ലഭ്യമാകുന്നുണ്ട്. ലഹരിയുപയോഗവും അപകടസാദ്ധ്യതയുള്ള പെരുമാറ്റങ്ങളും കുറക്കുക, ആത്മവിശ്വാസവും കാര്യങ്ങളെ വിമര്‍ശനബുദ്ധ്യാ നോക്കിക്കാണാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുക എന്നിവ ഇതില്‍പ്പെടുന്നു. ഇരുപത്തയ്യായിരം കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് കലാപരിശീലനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നുണ്ട് എന്നും, സമൂഹത്തിന്‍റെ താഴേക്കിടയില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഈയൊരു പ്രയോജനം ഏറ്റവും കൂടുതലായി ലഭിക്കുന്നത് എന്നുമാണ്. സര്‍ഗാത്മകത, അന്തര്‍ജ്ഞാനം തുടങ്ങിയ കഴിവുകളുടെ ഉറവിടമായ തലച്ചോറിന്‍റെ വലതുവശത്തിന്‍റെ വികാസത്തെ കലാപരിശീലനങ്ങള്‍ ഉത്തേജിപ്പിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് ഒന്നിലധികം ശരിയുത്തരങ്ങളും പ്രശ്നങ്ങള്‍ക്ക് ഒന്നിലേറെ പരിഹാരങ്ങളും സാദ്ധ്യമാണെന്ന ഉള്‍ക്കാഴ്ചയും വാക്കുകള്‍ക്കതീതമായ വികാരങ്ങളെയും ആശയങ്ങളെയും പ്രകാശിപ്പിക്കാനുള്ള കഴിവും കുട്ടികള്‍ക്കു പകരാനും, ജീവിതസംഘര്‍ഷങ്ങള്‍ വ്യാകുലപ്പെടുത്തുമ്പോഴും ഒഴിവുവേളകള്‍ മനംമടുപ്പിക്കുമ്പോഴുമൊക്കെ ഒരു നല്ല സാന്ത്വനമാകാനുമെല്ലാം കലകള്‍ക്കാകും.
നല്ല ഏകാഗ്രത വേണ്ട ചിത്രരചന, ശില്‍പവേല തുടങ്ങിയ കലാവൃത്തികളില്‍ മുഴുകി ശീലമുള്ളവര്‍ക്ക് നിത്യജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ശ്രദ്ധ പതറാതെ മുഴുമിച്ചെടുക്കാനാകും. സംഘനൃത്തം, വാദ്യവൃന്ദം തുടങ്ങിയ സംഘകലകളില്‍ ഭാഗഭാക്കാകുന്നത് പരസ്പരസഹകരണം, സഹിഷ്ണുത, അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള കഴിവ് തുടങ്ങിയവ വളര്‍ത്തും. പെയിന്‍റിങ്ങ്, നൃത്തം തുടങ്ങിയവക്കു സമയം ചെലവിടുന്നത് കണ്ണും കയ്യും തമ്മില്‍ നല്ല ഏകോപനം കിട്ടാനും സൂക്ഷമത വേണ്ട കൈവേലകള്‍ അനായാസം ചെയ്യാനാകാനും ഉതകും.
നൃത്തം
നൃത്തപരിശീലനം അംഗവിന്യാസവും അവയവങ്ങളുടെ ഏകോപനം, സമതുലനം എന്നിവയും മെച്ചപ്പെടുത്തും. നൃത്തം കൈവരുത്തുന്ന മെയ്’വഴക്കം വീഴ്ചകളില്‍ പരിക്കുപറ്റാനുള്ള സാദ്ധ്യത കുറക്കും. അമിതവണ്ണം തടയാനും, ശ്വാസകോശങ്ങളുടെ ത്രാണി വര്‍ദ്ധിപ്പിക്കാനും, മറ്റു കായികവൃത്തികളും നന്നായിച്ചെയ്യാനുള്ള കഴിവും നല്ല ഉറക്കവും തരാനുമൊക്കെ നൃത്തത്തിനാവും. നൃത്തം ഹൃദയത്തിന്‍റെ പമ്പിംഗ് വര്‍ദ്ധിപ്പിച്ച് തലച്ചോര്‍ അടക്കമുള്ള ശരീരഭാഗങ്ങളിലേക്ക് കൂടുതല്‍ ഓക്സിജന്‍ കടന്നുചെല്ലാന്‍ വഴിയൊരുക്കും. നൃത്തവേളകളില്‍ തലച്ചോറില്‍ സ്രവിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ എന്ന രാസവസ്തുക്കള്‍ മാനസികസമ്മര്‍ദ്ദം കുറക്കുകയും ഏകാഗ്രതയും ഓര്‍മശക്തിയും കൂട്ടുകയും ചെയ്യും.
സംഗീതം
{xtypo_quote_right}സ്പെല്ലിംഗുകള്‍ ഓര്‍ത്തിരിക്കാനും കേട്ടോ വായിച്ചോ അറിയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള കഴിവുകളെ സംഗീതപഠനം ബലപ്പെടുത്തുന്നുണ്ട്.{/xtypo_quote_right}എഴുന്നൂറോളം കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് സംഗീതത്തിലോ സംഗീത ഉപകരണങ്ങളിലോ പരിശീലനം കിട്ടുന്നവര്‍ക്ക് അകക്കണ്ണുകളില്‍ വസ്തുതകളെയും ദൃശ്യങ്ങളെയും സങ്കല്‍പിക്കാനും കൈകാര്യംചെയ്യാനുമുള്ള കഴിവുകള്‍ മെച്ചപ്പെടുന്നുണ്ട് എന്നാണ്. പ്രശ്നങ്ങളുടെ വിവിധ വശങ്ങളും ഘട്ടങ്ങളും മനസ്സില്‍ക്കാണാനും അവക്കൊക്കെയുള്ള പരിഹാരങ്ങള്‍ ആലോചിച്ചെടുക്കാനും ഈ കഴിവുകള്‍ അവരെ സഹായിക്കും. മനക്കണക്കുകള്‍ എളുപ്പത്തില്‍ ചെയ്തെടുക്കാനും അവര്‍ക്കാകും. അഞ്ചുവയസ്സിനു മുമ്പേ സംഗീതപഠനം തുടങ്ങുകയും രണ്ടുവര്‍ഷമെങ്കിലും അതു തുടരുകയും ചെയ്യുന്നവര്‍ക്കാണ് ഇത്തരം പ്രയോജനങ്ങള്‍ ലഭിക്കുന്നത്.
സ്പെല്ലിംഗുകള്‍ ഓര്‍ത്തിരിക്കാനും കേട്ടോ വായിച്ചോ അറിയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള കഴിവുകളെയും സംഗീതപഠനം ബലപ്പെടുത്തുന്നുണ്ട്. കൌമാരത്തിനു മുമ്പേ സംഗീതോപകരണങ്ങള്‍ അഭ്യസിച്ചുതുടങ്ങുന്നവരില്‍ വിരലുകളുടെ സ്പര്‍ശനശേഷിയുമായി ബന്ധപ്പെട്ട മസ്തിഷ്കകേന്ദ്രങ്ങളുടെ വിസ്തീര്‍ണവും തലച്ചോറിന്‍റെ ഇരുവശങ്ങളെയും കൂട്ടിയിണക്കുന്ന കോര്‍പസ് കലോസം എന്ന ഭാഗത്തെ നാഡികളുടെ വണ്ണവും വര്‍ദ്ധിക്കുന്നതായും സൂചനകളുണ്ട്.
ചിത്രകല
ലോകത്തെ നോക്കിക്കാണാന്‍ പുതിയ വീക്ഷണകോണുകളും അനുഭവങ്ങളെ എല്ലാ വിശദാംശങ്ങളും സഹിതം സമഗ്രമായി ഉള്‍ക്കൊള്ളാനുള്ള കഴിവും പ്രദാനംചെയ്യാന്‍ ചിത്രകലാപരിശീലനത്തിനു സാധിക്കും. ശ്രദ്ധ ഒരിടത്തുനിന്ന് വളരെപ്പെട്ടെന്ന്‍ മറ്റൊരിടത്തേക്കു മാറ്റാനും, പ്രസക്തമല്ലാത്ത കാര്യങ്ങളെ അവഗണിച്ച് പ്രധാനപ്രശ്നത്തില്‍ മാത്രം മനസ്സു കേന്ദ്രീകരിക്കാനും, കാഴ്ചപ്പുറത്തെത്തുന്ന കാര്യങ്ങളെ പെട്ടെന്നു ഗ്രഹിച്ചെടുക്കാനുമുളള കഴിവുകളെയും ചിത്രകലാപരിശീലനം ഗുണപ്പെടുത്തുന്നുണ്ട്.
ഹോബികള്‍
തുന്നല്‍വേലകള്‍, ഉദ്യാനപരിപാലനം തുടങ്ങിയ നേരമ്പോക്കുകള്‍ക്കും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ഗുണഫലങ്ങളുണ്ട്. മിക്ക ഹോബികളും പ്രസ്തുതവിഷയത്തെക്കുറിച്ചുള്ള വായന, ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ കൃത്യമായ അനുസരണം, ക്രമാനുഗതമായ കാര്യനിര്‍വഹണം തുടങ്ങിയവ ആവശ്യപ്പെടുന്നുണ്ട്. ഇത് ക്രമേണ നിത്യജീവിതത്തിലെ മറ്റു മേഖലകളിലും മുതല്‍ക്കൂട്ടാവും. മിക്ക ഹോബികളും ആത്മവിശ്വാസവും സ്ഥിരോത്സാഹശീലവും വര്‍ദ്ധിപ്പിക്കുകയും, അദ്ധ്വാനവും പണവും തമ്മിലുള്ള ബന്ധം കുട്ടികളെ ബോദ്ധ്യപ്പെടുത്തുകയും, അശ്രാന്തപരിശ്രമത്തിനു കിട്ടുന്ന പ്രതിഫലങ്ങളുടെ സുഖം അവര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ അവര്‍ക്കു പിന്നീട് പഠനകാര്യങ്ങളിലും ഉപകാരപ്പെടുകയും ചെയ്യും.
തുടക്കത്തില്‍ മാത്രം മാതാപിതാക്കളുടെ കൈത്താങ്ങു വേണ്ടതും, പിന്നീടങ്ങോട്ട് കുട്ടികള്‍ക്കു സ്വയം മുന്നോട്ടു കൊണ്ടുപോകാനാകുന്നതുമായ ഹോബികള്‍ക്കാണു മുന്‍തൂക്കം നല്‍കേണ്ടത്. ആവശ്യമായ സാധനസാമഗ്രികള്‍ മുഴുവനും മുന്‍കൂര്‍ വാങ്ങികൊടുക്കാതെ ഒരു തുടക്കം കിട്ടാന്‍ അത്യാവശ്യമായവ മാത്രം ആദ്യം വാങ്ങുന്നതാവും നല്ലത്. ഇടക്കുവെച്ച് അവര്‍ മടുപ്പുതോന്നി ഇട്ടേച്ചുപോവുകയാണെങ്കില്‍ നിങ്ങളുമവരും തമ്മില്‍ കലഹം ഉടലെടുക്കാതിരിക്കാനും, വിവിധ ഹോബികള്‍ പരീക്ഷിച്ച് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുകയും സ്‌ഫുടം ചെയ്തെടുക്കുകയും ചെയ്ത് അവസാനം ആത്മവിശ്വാസം തോന്നുന്ന ഹോബികളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുട്ടികള്‍ക്ക് അവസരംകിട്ടാനുമൊക്കെ ഈയൊരു സമീപനം സഹായിക്കും.
ഹോബികളിലോ കാറ്ററിംഗ് പോലുള്ള ചെറുജോലികളിലോ നിന്നുകിട്ടുന്ന സമ്പാദ്യം മുതിര്‍ന്ന കുട്ടികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടതാണ്.
ആസൂത്രണം
വേനലവധിയുടെ തുടക്കത്തില്‍ത്തന്നെ, കുട്ടികളുടെ കൂടി അഭിപ്രായങ്ങളും താല്‍പര്യങ്ങളും കണക്കിലെടുത്ത്, മുഴുവന്‍ അവധിക്കാലത്തേക്കുമുള്ള ഒരേകദേശ ടൈംടേബിള്‍ തയ്യാറാക്കാവുന്നതാണ്. കുട്ടിക്ക് ശരിക്കും ശോഭിക്കാന്‍ കഴിയുന്ന മേഖലകള്‍ ഏത് എന്നുതിരിച്ചറിയാന്‍ മനശാസ്ത്ര പരിശോധനകളുടെ സഹായം തേടാവുന്നതാണ്. മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്കു പുറമെ യോഗ, നാടകം, പാചകം, നീന്തല്‍ തുടങ്ങിയവയുടെ പരിശീലനങ്ങള്‍ക്കും, വായന, വീട്ടിനുപുറത്തുള്ള കളികള്‍, വ്യക്തിത്വവികസനക്ലാസുകള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, വേനല്‍ക്ക്യാമ്പുകള്‍ തുടങ്ങിയവക്കുമൊക്കെ സമയം നീക്കിവെക്കാവുന്നതാണ്. വിവിധ പ്രവൃത്തികള്‍ ആവര്‍ത്തനവിരസതയുളവാകാത്ത രീതിയില്‍ പ്ലാന്‍ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.
തന്‍റെ പങ്കാളിയെയോ മറ്റു കുട്ടികളെയോ കൂടെക്കൂട്ടാതെ ഏതെങ്കിലും ഒരു കുട്ടിയോടൊത്തു മാത്രമായി സമയം ചെലവഴിക്കാനും ഓര്‍ക്കേണ്ടതാണ് —കുട്ടികളോരോരുത്തരോടും ഗഹനമായ ഒരടുപ്പം വളര്‍ത്തിയെടുക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
ദിവസത്തിന്‍റെ ഒരു ഭാഗം നിങ്ങളുണ്ടാക്കിയ ടൈംടേബിള്‍ പിന്തുടരാന്‍ നിഷ്കര്‍ഷിക്കുകയും, ബാക്കിനേരം അവരുടെ ഇഷ്ടപ്രകാരം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യാവുന്നതാണ്. അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുടെ കൃത്യമായ അതിര്‍വരമ്പുകള്‍ അവധിയുടെ തുടക്കത്തിലേ നിര്‍ണയിക്കുകയും വേണം.
(2014 ഏപ്രില്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: University of South Florida