കേവലം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഫേസ്ബുക്കിന് ഈ കാലയളവിനുള്ളില്‍ കൈവരിക്കാനായ വളര്‍ച്ച സമാനതകളില്ലാത്തതാണ്. നൂറ്റിയിരുപത്തെട്ടു കോടി അംഗങ്ങളും പതിനയ്യായിരം കോടി സൌഹൃദങ്ങളും അടങ്ങുന്ന ഈ സൈറ്റിനാണ് ലോകം ഇന്ന് ഇന്‍റര്‍നെറ്റില്‍ ചെലവിടുന്ന മൊത്തം സമയത്തിന്‍റെ പതിനാറു ശതമാനത്തോളം ലഭിക്കുന്നത്. ഫേസ്ബുക്ക് വിവിധ സമൂഹങ്ങളിലും നമ്മുടെ മനസ്സുകളിലും ഉളവാക്കുന്ന നല്ലതും ചീത്തയുമായ അനുരണനങ്ങളെപ്പറ്റി മനശ്ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബന്ധങ്ങളെയും സമൂഹത്തിനു മുന്നില്‍ നാം നമ്മെയവതരിപ്പിക്കുന്ന രീതികളെയുമൊക്കെക്കുറിച്ച് പ്രസ്തുത പഠനങ്ങള്‍ തരുന്ന ഉള്‍ക്കാഴ്ചകളെ ഒന്നു പരിചയപ്പെടാം.