By ഡോ. ഷാഹുല്‍ അമീന്‍ എം.ഡി. on Wednesday, 20 August 2025
Category: യൌവനം

ലൈംഗിക സംശയങ്ങളും മറുപടികളും

  1. സ്ത്രീകളിൽ ആർത്തവവിരാമം പോലെ പുരുഷനിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? അത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?

ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ ലൈംഗിക ഹോർമോണുകളുടെ അളവ് പെട്ടെന്ന് കുത്തനെ കുറയുമെങ്കിൽ പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നത് വർഷങ്ങൾ എടുത്ത് ക്രമേണ മാത്രമാണ്. ലക്ഷണങ്ങൾ ഉളവാക്കുന്നയത്ര കുറവു സംഭവിക്കുന്നത് പത്തിലൊന്നു മുതല്‍ നാലിലൊന്നു വരെ പുരുഷന്മാരിൽ മാത്രവുമാണ്. ഇതിന്‍റെ ഭാഗമായി ലൈംഗികതാൽപര്യവും ഉദ്ധാരണശേഷിയും കുറയുക, മസിലുകളും എല്ലുകളുടെ ബലവും ശോഷിക്കുക, ദേഹത്ത് കൊഴുപ്പ് കൂടുക, തളർച്ച, വിഷാദം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ് എന്നിവ വരാം.

  1. സ്വയംഭോഗം എന്നാൽ എന്താണ്? അത് ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

സ്വന്തം ലൈംഗികാവയവങ്ങളെയോ സെൻസിറ്റീവായ മറ്റു ശരീരഭാഗങ്ങളെയോ സ്വയം ഉത്തേജിപ്പിക്കുകയും അതുവഴി പലപ്പോഴും രതിമൂര്‍ച്ഛ വരുത്തുകയും ചെയ്യുന്നതിനെയാണ് സ്വയംഭോഗം എന്നു വിളിക്കുന്നത്. സ്വയംഭോഗം കൊണ്ട് പല ഗുണങ്ങളും ഉണ്ട്: മാനസികസമ്മർദ്ദം കുറയുക, മൂഡ് മെച്ചപ്പെടുക, നല്ല ഉറക്കം കിട്ടുക, ശാരീരിക വേദനകൾക്ക് ആശ്വാസം, ലൈംഗികവ്യവസ്ഥയുടെ ആരോഗ്യത്തിനു സഹായകമാവുക എന്നിവ ഇതിൽപ്പെടുന്നു. മിതമായ സ്വയംഭോഗം മാനസികമോ ശാരീരികമോ ആയ ഒരു ദുഷ്ഫലവും വരുത്തുന്നില്ല. എന്നാല്‍ അനിയന്ത്രിതമായ സ്വയംഭോഗം ലൈംഗികഭാഗങ്ങളിൽ അസ്വാരസ്യമോ വേദനയോ പരിക്കുകളോ സൃഷ്ടിക്കാം, ജോലിക്കും ബന്ധങ്ങള്‍ക്കും ഹാനികരമാകാം.

  1. ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ?
  1. ധാരാളം മരുന്നുകൾ കഴിക്കുന്ന വ്യക്തികളിൽ അത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുമോ?

അതെ, സ്ത്രീകളിലും പുരുഷന്മാരിലും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാം. ലൈംഗികതാൽപര്യം കുറയുക, ഉദ്ധാരണം ദുര്‍ബലമാവുക, ഉത്തേജനം കിട്ടാതിരിക്കുക, രതിമൂർച്ഛ വൈകുകയോ ഇല്ലാതാവുകയോ ചെയ്യുക എന്നിവ ഉദാഹരണമാണ്. വിഷാദം (ഡിപ്രഷൻ), കടുത്ത മനോരോഗങ്ങൾ, ഉറക്കക്കുറവ്, ബി.പി. (രക്താതിസമ്മർദ്ദം), കൊളസ്ട്രോള്‍, അപസ്മാരം, അലർജി എന്നിവയ്ക്കുള്ള ചില മരുന്നുകൾ, ചില വേദനസംഹാരികൾ, ഗർഭനിരോധന ഗുളികകൾ എന്നിവ ഇതിൽപ്പെടുന്നു. ലൈംഗിക പ്രശ്നങ്ങൾ കണ്ടാൽ മരുന്നുകൾ ഉടൻ നിറുത്തരുത്; പകരം ഡോക്ടറുമായി കാര്യം ചർച്ച ചെയ്യുക.

  1. ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾ ഏതെല്ലാം? എന്തെല്ലാം ശ്രദ്ധിക്കണം?

പ്രധാനപ്പെട്ടവ ഗൊണേറിയ, സിഫിലിസ്, ക്ലമീഡിയ, ഹ്യൂമൻ പാപ്പില്ലോമ വൈറസ്, ഹെർപിസ് സിംപ്ലക്സ് വൈറസ്, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ്.

തടയാനുള്ള മാര്‍ഗങ്ങള്‍

  1. ലൈംഗികരോഗങ്ങൾ ബാധിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളവർ ആരാണ്? അവർ എന്തെല്ലാം ശ്രദ്ധിക്കണം?

ശാരീരികവും മനഃശാസ്ത്രപരവും ജീവിതരീതിയുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങൾ ഇവിടെ പ്രസക്തമാണ്.

ശാരീരിക ഘടകങ്ങൾ

മനഃശാസ്ത്ര ഘടകങ്ങൾ

പുകവലി, അമിത മദ്യപാനം, ലഹരിയുപയോഗം, വ്യായാമക്കുറവ്, പൊണ്ണത്തടി എന്നിവ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്.

ലൈംഗികപ്രശ്നങ്ങൾ തടയാനുള്ള മാർഗങ്ങള്‍

  1. ലൈംഗികരോഗചികിത്സ എങ്ങനെയാണ്?

മുഖ്യലക്ഷണങ്ങളുടെയും അവയ്ക്ക് ഹേതുവാകുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്. മനഃശാസ്ത്ര ചികിത്സകളും, മരുന്നുകളും, രണ്ടും ഒരുമിച്ചും ഉപയോഗിക്കാറുണ്ട്.

മനഃശാസ്ത്ര ചികിത്സകൾ

മരുന്നുകള്‍

ഉദ്ധാരണ പ്രശ്നങ്ങൾക്ക് പുരുഷലിംഗത്തിലെ രക്തയോട്ടം കൂട്ടുന്ന വയാഗ്ര പോലുള്ള മരുന്നുകൾ സഹായകമാകും. ലൈംഗിക ഹോർമോണുകളുടെ അപര്യാപ്തത ഉള്ളവര്‍ക്ക് ആ ഹോര്‍മോണുകള്‍ ഗുണകരമാകും. ശീഘ്രസ്ഖലനമോ വേഴ്ചാസമയത്തുള്ള വേദനയോ പരിഹരിക്കാൻ ചില വേദനസംഹാരികൾ ഓയിന്മെന്റായി ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠയോ വിഷാദമോ ഉള്ളവര്‍ക്ക് അവയ്ക്കുള്ള മരുന്നുകള്‍ ഫലം ചെയ്യും.

മറ്റു രീതികള്‍

വേഴ്ചാനേരത്തുള്ള വേദനയ്ക്ക്, പ്രത്യേകിച്ചു സ്ത്രീകളിൽ, ഇടുപ്പിലെ പേശികൾക്കുള്ള വ്യായാമങ്ങൾ ഗുണകരമാകാറുണ്ട്. ഉദ്ധാരണ പ്രശ്നങ്ങൾക്ക് മരുന്നുകൾ ഫലം ചെയ്യാത്തപ്പോൾ വാക്വം പമ്പുകളും പുരുഷലിംഗത്തിനുള്ളിൽ ഘടിപ്പിക്കുന്ന ഇമ്പ്ലാന്‍റുകളും ഉപകാരമാകാം.

  1. എന്താണ് പൈറോണിസ് കര്‍വേച്ചര്‍ ഡിസീസ്? ലക്ഷണങ്ങൾ, ചികിത്സ, പരിഹാരങ്ങൾ ഇവ എന്താണ്?

പുരുഷലിംഗത്തിനുള്ളില്‍ മുറിവുകരിഞ്ഞ പാടു പോലുള്ള കലകള്‍ കുമിഞ്ഞുകൂടുന്ന ഒരസുഖമാണ് ഇത്. തന്മൂലം ലിംഗം വളഞ്ഞു പോവുകയും വിശേഷിച്ചും ഉദ്ധാരണ സമയത്ത് വേദനയും ബലക്കുറവും ഉളവാകുകയും ചെയ്യാം. ലിംഗത്തിന്‍റെ നീളം കുറയാം. ലക്ഷണങ്ങളുടെ തീവ്രതയും ലൈംഗികതയെ എത്രത്തോളം ബാധിക്കുന്നുവെന്നതും കണക്കിലെടുത്ത് ചികിത്സയ്ക്ക് മരുന്നുകളോ ഇഞ്ചക്ഷനുകളോ ശസ്ത്രക്രിയയോ ഉപയോഗിക്കാറുണ്ട്.

  1. പ്രായം വർദ്ധിക്കുന്നത് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുമോ? പ്രായമായവർ ലൈംഗികതയിൽ എന്തെങ്കിലും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

സ്ത്രീകളിൽ, യോനിക്ക് നീളവും ഉൾവട്ടവും കുറയാം. അതിന്‍റെ ഭിത്തിയ്ക്ക് നനവും വഴക്കവും കുറയുന്നതിനാല്‍ വേഴ്ച വേദനാജനകമാകാം. പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾ കണ്ടുതുടങ്ങാം.

ഇരുലിംഗങ്ങളിലും ലൈംഗിക ഹോർമോണുകളുടെ അളവു കുറയുന്നത് ലൈംഗികതാൽപര്യത്തെ ബാധിക്കാം. പ്രമേഹം, ഹൃദ്രോഗം, വാതം തുടങ്ങിയ അസുഖങ്ങളും അവയ്ക്കുള്ള മരുന്നുകളും ഓപ്പറേഷനുകളുമൊക്കെ ലൈംഗികതാൽപര്യവും ശേഷിയും ദുര്‍ബലമാക്കാം. ചര്‍മ്മത്തിലും മസിലുകളിലും വരുന്ന മാറ്റങ്ങൾ സ്വയംമതിപ്പും പങ്കാളിയിലുള്ള താൽപര്യവും കുറയ്ക്കാം. പ്രായമായവർ നാണക്കേടു കരുതി ലൈംഗികേച്ഛ ഒതുക്കിവെക്കുന്നതും ലൈംഗികപ്രശ്നങ്ങൾക്കു ചികിത്സ തേടാത്തതും പ്രശ്നമാവാം.

പരിഹാരങ്ങള്‍

  1. സെക്സ് ടോയ്സ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

പ്രമുഖ ബ്രാൻഡുകളുടേതല്ലാത്ത ഉൽപ്പന്നങ്ങളില്‍ നിരോധിതവും ഹാനികരവുമായ കെമിക്കലുകൾ കണ്ടേക്കാം. സിലിക്കൺ, സ്റ്റെയിന്‍ലസ്സ് സ്റ്റീൽ തുടങ്ങിയ ശരിക്കു കഴുകാൻ പറ്റുന്ന മെറ്റീരിയൽ കൊണ്ടുള്ളവയാകും നല്ലത്.

ഓരോന്നിനുമൊപ്പം കൊടുത്ത നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുന്നതും ലൂബ്രിക്കന്‍റുകൾ തേക്കുന്നതും പരിക്കുകൾ തടയാൻ സഹായിക്കും. ഓരോ ഉപകരണവും അതിന്‍റെ നിർദ്ദിഷ്ട ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. വേദനയോ അസ്വസ്ഥതയോ തോന്നിയാൽ ഉപയോഗം ഉടൻ നിർത്തുക.

ഉപയോഗത്തിനു മുമ്പും ശേഷവും സോപ്പും ഇളംചൂടു വെള്ളവും കൊണ്ടോ അല്ലെങ്കിൽ അവയ്ക്കായുള്ള പ്രത്യേക ക്ലീനറുകൾ കൊണ്ടോ ടോയ്സ് വൃത്തിയാക്കുക. ബാറ്ററി കൊണ്ടു പ്രവർത്തിക്കുന്നവ വെള്ളത്തില്‍ മുക്കരുത്; പകരം നനഞ്ഞ തുണി കൊണ്ടു തുടക്കുക.

മറ്റുള്ളവരുമായി ടോയ്സ് പങ്കുവെക്കുന്നത് അണുബാധകൾക്കു കാരണമാകാം. അഥവാ അങ്ങനെ ചെയ്യുന്നെങ്കിൽ ശരിക്കു വൃത്തിയാക്കുകയും കോണ്ടം ഉപയോഗിക്കുകയും വേണം.

  1. അമിത ലൈംഗികാസക്തി എങ്ങനെയാണ് ചികിത്സിക്കുന്നത്?

കാരണങ്ങൾക്കും ലക്ഷണങ്ങൾക്കും അനുസരിച്ച് മരുന്നുകളോ മനഃശാസ്ത്ര ചികിത്സകളോ അവ രണ്ടുമോ ഉപയോഗിക്കാം. വിഷാദരോഗ ചികിത്സയിൽ ഉപയോഗിക്കുന്നവ അടക്കമുള്ള ചില മരുന്നുകള്‍ ഇതിനു ഫലപ്രദമാണ്. മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗങ്ങൾ പഠിച്ചെടുക്കുന്നത് അതിനായി സെക്സിനെ ആശ്രയിക്കുന്ന ശീലം മാറാന്‍ സഹായിക്കും. എന്തുതരം വികല ചിന്തകളും മനോഭാവങ്ങളുമാണ് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് എന്നു തിരിച്ചറിഞ്ഞ് അവ മാറ്റിയെടുക്കാൻ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി സഹായിക്കും. ലൈംഗികാസക്തിയെ പെരുപ്പിക്കാറുള്ള സാഹചര്യങ്ങളില്‍ പകരം എങ്ങിനെ ആരോഗ്യപരമായ രീതിയിൽ പെരുമാറാം എന്നു മനസ്സിലാക്കാന്‍ റിലാപ്സ് പ്രിവൻഷൻ തെറാപ്പി ഉപകരിക്കും.

  1. ബോഡി ഇമേജ് ആശങ്കകളും ലൈംഗികപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടോ?

സ്വന്തം ശരീരത്തെപ്പറ്റി മതിപ്പുകുറവുള്ളവർക്ക് ലൈംഗികപ്രശ്നങ്ങൾക്കു സാദ്ധ്യത കൂടുന്നുണ്ട്. ലൈംഗിക താൽപര്യവും സംതൃപ്തിയും കുറയുക, ഉദ്ധാരണപ്രശ്നങ്ങൾ, വേഴ്ചാസമയത്തെ വേദന എന്നിവ ഉദാഹരണമാണ്.

  1. ലൈംഗികതയിൽ ആശയ വിനിമയത്തിന്‍റെ പ്രാധാന്യം എന്ത്?

തുറന്നതും സത്യസന്ധവുമായ ആശയവിനിമയം വൈകാരികവും ശാരീരികവുമായ അടുപ്പത്തെയും അതുവഴി ലൈംഗികസംതൃപ്തിയെയും സഹായിക്കും. എന്തൊക്കെയാണ് ഇഷ്ടമുള്ളതും ഇല്ലാത്തതും, സുരക്ഷയ്ക്ക് എന്തു മാർഗമാണ് ഉപയോഗിക്കേണ്ടത് എന്നതൊക്കെ ചർച്ചക്കെടുക്കാവുന്നതാണ്‌. പ്രശ്നങ്ങളോ അസ്വസ്ഥതയോ വരുമ്പോള്‍ പങ്കാളിയെ അറിയിക്കുന്നത് പരിഹാരം കണ്ടുപിടിക്കാനും ബന്ധം ശക്തിപ്പെടാനും ഉപകരിക്കും.

  1. പോൺ കാഴ്ച ലൈംഗികതയെ പ്രതികൂലമായി ബാധിക്കുമോ? പരിഹാരം എന്ത്?

അമിതമായ പോൺ കാഴ്ച ചിലരെ, വിശേഷിച്ചും പുരുഷന്മാരെ, ലൈംഗികമായി ബാധിക്കാം. ഇതിന്‍റെ ഭാഗമായി പങ്കാളിയുമായി ലൈംഗികബന്ധത്തിനുള്ള താല്പര്യവും ഉദ്ധാരണശേഷിയും കുറയുകയും സ്ഖലനം വൈകുകയും ചെയ്യാം. പങ്കാളിയിൽനിന്നു കിട്ടുന്ന ഉത്തേജനം പോരാ എന്നു തോന്നിത്തുടങ്ങുന്നതും അമിതമായ പോൺകാഴ്ച പങ്കാളിയിൽ നിന്നുള്ള പ്രതീക്ഷകളെ വാനോളം ഉയർത്തുകയും അത് സഫലീകൃതമാകാതെ വരികയും ചെയ്യുന്നതും ലൈംഗിക സംതൃപ്തി നശിപ്പിക്കാം.

ഒന്നു തൊട്ട് മൂന്നു വരെ മാസം പോൺ കാണാതിരിക്കുന്നത് പല പാർശ്വഫലങ്ങള്‍ക്കും ശമനമാക്കും. പോണിനെ ആശ്രയിക്കാതെതന്നെ സ്വയംഭോഗം തുടരുന്നതും, പോണിനു ചെലവിടുന്ന സമയം മറ്റ് ഹോബികൾക്കോ വ്യായാമത്തിനോ സാമൂഹ്യ പ്രവൃത്തികൾക്കോ വിനിയോഗിക്കുന്നതും, ഓൺലൈൻ സപ്പോർട്ട് ഗ്രൂപ്പുകളിൽ ചേരുന്നതും നന്നാകും. പോൺതന്നെയാണോ പ്രശ്നത്തിനു പിന്നില്‍ എന്നറിയാൻ തക്ക പരിശോധനകൾക്കു വിധേയരാകുന്നതും വിദഗ്ദ്ധസഹായം സ്വീകരിക്കുന്നതും സഹായകമാകാം.

  1. സെക്ഷ്വൽ ട്രോമയും ഭൂതകാല അനുഭവങ്ങളും ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കും?

ചെറുപ്രായത്തിൽ ലൈംഗിക പീഡനങ്ങൾക്കു വിധേയരാകുന്നത് മുതിർന്ന ശേഷം വിവിധ ലൈംഗിക പ്രശ്നങ്ങൾക്ക് ഇടയൊരുക്കാം. ലൈംഗികതൃഷ്ണ, ഉത്തേജനം, ഉദ്ധാരണം, ലൈംഗിക സംതൃപ്തി എന്നിവയെ ബാധിക്കുകയും വേഴ്ചാവേളയില്‍ വേദനയ്ക്കു വഴിവെക്കുകയും ചെയ്യാം. പീഡനാനന്തരം പി.ട്ടി.എസ്.ഡി എന്ന മാനസികപ്രശ്നം പിടിപെടുന്നവർക്ക് വേഴ്ചയ്ക്കിടെ അമിതോത്കണ്ഠ വരികയും, പീഡനദൃശ്യങ്ങൾ മനസ്സില്‍ത്തെളിയുകയും, ഇതൊക്കെ ലൈംഗികാനുഭവത്തെയും സംതൃപ്തിയെയും അവതാളത്തിലാക്കുകയും ചെയ്യാം. വേഴ്ചാനേരത്ത് വേദനയും മസിലുകളിൽ ബലംപിടുത്തവും വലിച്ചുകോച്ചലും വരാം. പീഡനങ്ങൾ സംജാതമാക്കുന്ന ലജ്ജ, കുറ്റബോധം, ആത്മവിശ്വാസക്കുറവ്, അന്യരെ വിശ്വസിക്കാനുള്ള മടി, മറ്റൊരാളുമായി അടുക്കാനുള്ള പേടി എന്നിവയും ലൈംഗിക താൽപര്യത്തെയും ശേഷിയെയും ദുര്‍ബലമാക്കാം. ചെറുപ്രായത്തിലെ വൈകാരികവും മറ്റുമായ ദുരനുഭവങ്ങളും ലൈംഗികതയെ ബാധിക്കാം.

  1. ലൈംഗിക പ്രശ്നങ്ങളും വന്ധ്യതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഒന്ന് മറ്റൊന്നിനു കാരണമാകാം. ഉദാഹരണത്തിന്, താൽപര്യക്കുറവ്, ഉത്തേജനത്തിന്‍റെയോ ഉദ്ധാരണത്തിന്‍റെയോ പ്രശ്നങ്ങള്‍, വേഴ്ചാസമയത്തെ വേദന എന്നിവ വേഴ്ച അപൂര്‍വമാക്കുകയും അതിനാല്‍ ഗർഭധാരണം നടക്കാതെ പോവുകയും ചെയ്യാം. തിരിച്ച്, വന്ധ്യതയുള്ളപ്പോൾ, അതുളവാക്കുന്ന വിഷാദവും ആത്മവിശ്വാസക്കുറവും അപര്യാപ്തതാബോധവും എങ്ങനെയെങ്കിലും കുട്ടികളെ ജനിപ്പിക്കണം എന്ന ഉത്കണ്ഠയുമെല്ലാം ലൈംഗിക താൽപര്യവും സംതൃപ്തിയും കുറയാനും സെക്സില്‍നിന്ന് ഒളിച്ചോടാനും നിമിത്തമാകാം. ലൈംഗിക ഹോർമോണുകളുടെ അപര്യാപ്തത ഒരേസമയം വന്ധ്യതയ്ക്കും ലൈംഗികപ്രശ്നങ്ങൾക്കും ഇടവരുത്തുകയുമാകാം.

  1. ഗർഭകാലത്തെ ലൈംഗിക ബന്ധം എങ്ങനെ? പൂർണമായി ഒഴിവാക്കണോ?

ഗർഭത്തിൽ കോംപ്ലിക്കേഷനുകൾ ഒന്നും ഇല്ലാത്തപ്പോള്‍, ഒഴിവാക്കണമെന്ന് ഡോക്ടർ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിൽ ഗർഭകാലത്തെ സെക്സ് പൊതുവേ ആരോഗ്യകരവും സുരക്ഷിതവും ആണ്. ഗർഭപാത്രത്തിന്‍റെയും അതിനകത്തെ ആംനിയോട്ടിക്ക് ദ്രവത്തിന്‍റെയുമെല്ലാം സുരക്ഷയ്ക്കകത്താണ് എന്നതിനാൽത്തന്നെ വേഴ്ച ഗർഭസ്ഥശിശുവിനെ ബാധിക്കുന്നില്ല. പുരുഷലിംഗം അന്നേരം കുഞ്ഞിന്‍റെ സമീപത്തൊന്നും എത്തുന്നുമില്ല. സെക്സു കൊണ്ട് ഗര്‍ഭിണിയ്ക്കു പല പ്രയോജനങ്ങളും ഉണ്ടു താനും — മൂഡും ഉറക്കവും മെച്ചപ്പെടുക, പ്രഷർ അമിതമാകാതിരിക്കുക, പങ്കാളിയുമായുള്ള അടുപ്പം നിലനിര്‍ത്താനാവുക എന്നിവയടക്കം.

സൌകര്യപ്രദമായ പൊസിഷനുകള്‍ മാത്രം തെരഞ്ഞെടുക്കുക. വശം ചെരിഞ്ഞോ സ്ത്രീ മുകളില്‍ വരുന്നതായോ ഉള്ളവ വയറിന്മേൽ പ്രഷർ ഒഴിവാക്കാൻ സഹായിക്കും. വിശേഷിച്ചും മൂന്നുമാസം കഴിഞ്ഞശേഷം, അധികസമയം കമഴ്ന്നു കിടക്കേണ്ട പൊസിഷനുകൾ ഒഴിവാക്കുന്നതാകും നല്ലത്. മുമ്പ് ഗർഭം അലസുകയോ മാസം തികയും മുന്നേ പ്രസവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ, സാരമായ ബ്ലീഡിങ്ങോ ആംനിയോട്ടിക് ദ്രവത്തിന്‍റെ ലീക്കിങ്ങോ ഉണ്ടെങ്കിലോ, വയറ്റില്‍ കുട്ടികള്‍ ഒന്നിലേറെ ആണെങ്കിലോ സെക്സ് ഒഴിവാക്കുന്നതാകും ഉചിതം.

വേഴ്ചാനന്തരം നേരിയ വേദനയോ ഇത്തിരി രക്തം പൊടിയുന്നതോ നോർമലാകാം. എന്നാൽ നീണ്ടുനിൽക്കുന്നതോ കടുത്തതോ ആയ വേദനയോ നല്ല ബ്ലീഡിങ്ങോ ഉണ്ടെങ്കിലോ ഗര്‍ഭപാത്രം ചുരുങ്ങുന്നതായി അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

  1. ശരീര ശുചിത്വത്തിന് ലൈംഗികതയിലുള്ള പങ്ക് എത്രത്തോളമാണ്?

സെക്സിലേക്ക് ഒരു പങ്കാളിയെ ആകര്‍ഷിക്കാനുള്ള കഴിവിനെ ശരീര ശുചിത്വം ഏറെ സ്വാധീനിക്കുന്നുണ്ട്. വിയർപ്പ് തൊലിയിലെ ബാക്ടീരിയയുമായി പ്രവർത്തിച്ചുണ്ടാക്കുന്ന ദുർഗന്ധം പങ്കാളിയുടെ ലൈംഗിക താൽപര്യത്തെ മങ്ങിക്കാം. നിത്യേന കുളിക്കുന്നതും  വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും ദന്തശുചിത്വം സൂക്ഷിക്കുന്നതും മുടി ചീകിയൊതുക്കി വെക്കുന്നതും ലൈംഗിക ആകർഷകത്വം വർദ്ധിപ്പിക്കാം. ലൈംഗികഭാഗങ്ങളിൽ സദാ വൃത്തി നിലനിര്‍ത്തുന്നത് ചൊറിച്ചിലും അസ്വസ്ഥതയും പൂപ്പല്‍ബാധയും തടയാൻ സഹായിക്കും. ഇവ ഉള്ളപ്പോൾ വേഴ്ച വേദനാപൂർണ്ണവും അസ്വസ്ഥതാജനകവും ആവുകയും ചെയ്യാം. ശരീര ശുചിത്വം തന്നോടുതന്നെയും പങ്കാളിയോടുമുള്ള ആദരവിനെ സൂചിപ്പിക്കുകയും പരസ്പര വിശ്വാസവും അടുപ്പവും മെച്ചപ്പെടുത്തുകയും ചെയ്യും. വൃത്തിയുള്ള തൊലി സ്പർശനം വഴിയുള്ള സുഖം വർദ്ധിപ്പിക്കും.

(കടപ്പാട്: ഡോ. മരിയ ജോര്‍ജ്, ഗൈനക്കോളജിസ്റ്റ്; ഡോ. ജോര്‍ജ്ജ് മാത്യു, സര്‍ജന്‍; ഡോ. ജോയ്സ് മരിയ, ഡെര്‍മറ്റോളജിസ്റ്റ്, സെന്‍റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി)

(2025 ഓഗസ്റ്റ്‌ ലക്കം മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Related Posts

Leave Comments