മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ആദ്യപാഠങ്ങളെപ്പറ്റി ചില ബാലപാഠങ്ങള്‍
കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ആപ്പുകളും ഡിവൈസുകളുമൊക്കെ നാട്ടുനടപ്പായിരിക്കയാണ്. എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളായ ആയിരത്തിയിരുന്നൂറോളം ഇന്ത്യക്കാരില്‍ നടത്തപ്പെട്ട സര്‍വേയുടെ സെപ്തംബറില്‍ പുറത്തുവന്ന ഫലം വ്യക്തമാക്കിയത്, എഴുപതു ശതമാനത്തോളം പേര്‍ കുട്ടികളെപ്പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയുക്തമാക്കുന്നുണ്ടെന്നും ഇരുപതുശതമാനത്തോളം പേര്‍ കുട്ടികള്‍ക്കു സ്വന്തമായി ഡിവൈസുകള്‍ കൊടുത്തിട്ടുണ്ടെന്നുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്, സ്മാര്‍ട്ട്ഫോണാദികള്‍ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍ വല്ലതുമുണ്ടോ? ഈ വിഷയത്തില്‍ ഇതുവരെ നടന്ന ഗവേഷണങ്ങളുടെയെല്ലാം ഒരവലോകനം ‘പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന ജേര്‍ണല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു വെളിപ്പെടുത്തിയ ചില വസ്തുതകളിതാ:
രണ്ടര വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സ്ക്രീനില്‍ക്കാണുന്ന മുഖങ്ങളെ അനുകരിക്കാനും ആംഗ്യങ്ങള്‍ ഓര്‍ത്തുവെക്കാനും ആയേക്കാമെങ്കിലും, സ്ക്രീനുകളില്‍നിന്നു പുത്തന്‍ വാക്കുകള്‍ പഠിക്കാനോ പസിലുകള്‍ പരിഹരിക്കാനോ അവര്‍ക്കു മുതിര്‍ന്നവരുടെ സഹായമുണ്ടെങ്കിലേ പറ്റൂ. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, മുതിര്‍ന്നവര്‍ക്ക് ഒരു റോളുമില്ലാത്ത ഗെയിമുകള്‍ക്കോ ആപ്പുകള്‍ക്കോ രണ്ടുരണ്ടരവയസ്സിനു താഴെയുള്ളവര്‍ക്കു വിജ്ഞാനദായകമാകാനാവില്ല.
മുതിര്‍ന്നവര്‍ക്ക് ഒരു റോളുമില്ലാത്ത ഗെയിമുകള്‍ക്കോ ആപ്പുകള്‍ക്കോ രണ്ടുരണ്ടരവയസ്സിനു താഴെയുള്ളവര്‍ക്കു വിജ്ഞാനദായകമാകാനാവില്ല.
സ്ക്രീനുകള്‍ ദ്വിമാനത്തിലും (2-D) എന്നാല്‍ യഥാര്‍ത്ഥലോകം ത്രിമാനത്തിലും (3-D) ആണെന്നതിനാല്‍ത്തന്നെ, പ്രതീകങ്ങളുപയോഗിച്ചു ചിന്തിക്കാനുള്ള കഴിവു കൈവന്നുകഴിഞ്ഞവര്‍ക്കേ സ്ക്രീനുകള്‍ തരുന്ന വിവരങ്ങളെ നിത്യജീവിതത്തിലേക്കു പകര്‍ത്തിയുപയോഗിക്കാനാവൂ. പ്രതീകചിന്ത സാദ്ധ്യമാക്കുന്ന മസ്തിഷ്കകേന്ദ്രങ്ങള്‍ക്കു പക്ഷേ രണ്ടര വയസ്സോടെയൊന്നും പാകതയെത്തില്ലെന്നതിനാല്‍ ആ പ്രായക്കാര്‍ക്ക് സ്ക്രീനറിവുകളെ നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ല.
ഏതു പ്രായത്തിലുള്ള കുട്ടിക്കും ചില കഴിവുകള്‍ സ്വായത്തമായിക്കഴിഞ്ഞിട്ടുണ്ടാവും. ഇനിയും ചില കഴിവുകള്‍, പ്രായസഹജമായ പരിമിതികളാല്‍ ആ കുട്ടിക്ക് ആ പ്രായത്തില്‍ ആര്‍ജിക്കുക സാദ്ധ്യമല്ലാത്തതായും ഉണ്ടാവും. ഇപ്പറഞ്ഞ രണ്ടു തരം — അതായത്, ആര്‍ജിച്ചു കഴിഞ്ഞതും ആര്‍ജിക്കുക അസാദ്ധ്യവുമായ — കഴിവുകള്‍ക്കിടക്കുള്ള, ഒരു പരിശീലകന്റെ സഹായമുണ്ടെങ്കില്‍ കുട്ടിക്ക് ആ പ്രായത്തില്‍ പുതുതായിപ്പഠിച്ചെടുക്കാവുന്ന കഴിവുകള്‍ Zone of Proximal Development (ZPD) എന്നറിയപ്പെടുന്നു. ഒരു കുട്ടിയുടെ ZPD, വൈകാരികനില, പെരുമാറ്റരീതി തുടങ്ങിയവയെപ്പറ്റി നല്ല ഗ്രാഹ്യമുള്ള ഒരു മുതിര്‍ന്നയാള്‍ക്കു തന്നെയാണ് ആ കുട്ടിക്ക് ആ പ്രായത്തില്‍ പകര്‍ന്നുകൊടുക്കാന്‍ ഏറ്റവുമനുയോജ്യമായ പുതുകഴിവുകള്‍ തിരിച്ചറിയാനും തക്ക പരിശീലനരീതികള്‍ അവലംബിക്കാനുമാവുക. ഇതൊക്കെ തക്ക മികവോടെ ചെയ്തെടുക്കാന്‍ ശേഷിയുള്ള സോഫ്റ്റ്‌വെയറുകളൊന്നും ഭൂലോകത്തിന്നില്ല.
ഒരു കുട്ടി സ്കൂളിലും പിന്നീടു കോളേജിലും പഠനത്തില്‍ എന്തോളം ശോഭിക്കുമെന്നു നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ മുന്‍പന്തിയിലാണ് executive functions എന്നറിയപ്പെടുന്ന ഒരു കൂട്ടം ഗുണങ്ങള്‍. സ്ഥിരോത്സാഹം, തുറന്ന ചിന്ത, ആത്മനിയന്ത്രണം, വികാരങ്ങള്‍ക്കു മേലുള്ള കടിഞ്ഞാണ്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. കുട്ടികളെ ഇവയില്‍ മികവുറ്റവരാക്കാനുള്ള വിദ്യകള്‍ അവര്‍ സ്വന്തം ഉള്‍പ്രേരണകള്‍ക്കൊത്തുള്ള കളികളില്‍ (child-led play) മുഴുകുമ്പോള്‍ തടയാതിരിക്കുക, നാണംകെടുത്തലോ ശിക്ഷകളോ ആയുധമാക്കാത്തതും കുട്ടിയോടുള്ള ബഹുമാനം കയ്യൊഴിയാത്തതുമായ ‘പോസിറ്റീവ് പേരന്റിംഗ്’ രീതികള്‍ അവലംബിക്കുക എന്നിവയാണ്. എ.ഡി.എച്ച്.ഡി. എന്ന രോഗം ബാധിച്ച കുട്ടികളെ കമ്പ്യൂട്ടര്‍ സഹായത്തോടെ പരിശീലിപ്പിച്ചാല്‍ ചില executive functions അഭിവൃദ്ധിപ്പെടുത്താമെന്നു സൂചനകളുണ്ടെങ്കിലും, സാധാരണ കുട്ടികളില്‍ ഈ ഗുണങ്ങളെ ഡിജിറ്റല്‍ മാര്‍ഗങ്ങളാല്‍ പുഷ്ടിപ്പെടുത്താമെന്നതിനു തെളിവൊന്നുമില്ല. സ്ക്രീനില്‍നിന്ന് executive functions പരിശീലിച്ചെടുത്താലും അവയെ നിത്യജീവിതത്തില്‍ പകര്‍ത്തിയുപയോഗിക്കുന്നതിനു പ്രായോഗികപരിമിതികളുണ്ടെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുമുണ്ട്.
പഠനത്തില്‍നിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുന്ന തരം തൊങ്ങലുകളൊന്നുമില്ലാത്ത ഡിജിറ്റല്‍ പുസ്തകങ്ങള്‍ കാര്യക്ഷമതയില്‍ യഥാര്‍ത്ഥ പുസ്തകങ്ങള്‍ക്കു സമമാണെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചില അവലോകനങ്ങള്‍ വെളിപ്പെടുത്തിയത് ഐട്യൂണ്‍സിലെ വിദ്യാഭ്യാസസംബന്ധിയായ ആപ്പുകളിലെ ഏറ്റവും റേറ്റിംഗുള്ളവയും പോപ്പുലറായവയും മിക്കതും വിദഗ്ദ്ധനിര്‍ദ്ദേശങ്ങള്‍ ഉപയോഗപ്പെടുത്താത്തവയും അക്ഷരമാലയും നിറങ്ങളുടെ പേരും പോലുള്ള അതിലളിത കഴിവുകളെ മാത്രം ഉന്നമിടുന്നവയുമാണെന്നാണ്.
കുട്ടികളോടൊപ്പം വായിക്കുമ്പോള്‍ വാക്കുകളോ ചിത്രങ്ങളോ ചൂണ്ടിക്കാണിച്ചുക്കൊടുക്കുന്നതും കഥകള്‍ വിശദീകരിച്ചുകൊടുക്കുന്നതും ചോദ്യങ്ങള്‍ തൊടുക്കുന്നതുമൊക്കെ ഗുണകരമാവും. പക്ഷേ, ടാബിലും മറ്റും കുട്ടികളോടൊത്തു വായിക്കുന്ന മുതിര്‍ന്നവര്‍ പലരും കൂടുതലുമവരോടു സംസാരിക്കുന്നത് ഡിവൈസിനെപ്പറ്റിത്തന്നെയാണ് (“അവിടെ ക്ലിക്ക്ചെയ്തേ...” എന്നിങ്ങനെ) എന്നു ഗവേഷണങ്ങളുണ്ട്. പഠിപ്പിക്കുന്നതിനിടെ ശ്രദ്ധ കൂടെക്കൂടെ സ്വന്തം ഫോണിലേക്കു തിരിക്കുന്നത് അദ്ധ്യയനത്തെ ദുര്‍ബലപ്പെടുത്താമെന്ന പ്രശ്നവുമുണ്ട്.
സാമൂഹികവും വൈകാരികവുമായ കഴിവുകളെ പരിപോഷിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ആപ്പുകളും മറ്റും കുറേയെണ്ണം രംഗത്തുണ്ടെങ്കിലും അവയൊന്നും ശാസ്ത്രീയമായി ഫലസിദ്ധി തെളിഞ്ഞവയല്ല. എന്നാല്‍, കുട്ടികളോടൊപ്പം കളിച്ചാല്‍ അവരുടെ ചിന്തകളിലേക്കും പ്രശ്നങ്ങളിലേക്കുമൊരു കവാടം തുറന്നുകിട്ടും, അവരുമായി വികാരങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനൊരു വേദിയാവും, വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടതെങ്ങനെയെന്ന തിരിച്ചറിവ് അവരിലുളവാക്കാനാവും എന്നൊക്കെയുള്ളതിനാല്‍ത്തന്നെ പരസ്പരം ഫോട്ടോയെടുക്കാനോ ഒന്നിച്ച് ശബ്ദങ്ങളോ ദൃശ്യങ്ങളോ റെക്കോഡ് ചെയ്യാനോ ഒക്കെ കുട്ടികളോടൊത്തു സമയം ചെലവിട്ടാല്‍ അതാണവരുടെ സാമൂഹിക, വൈകാരിക വളര്‍ച്ചകള്‍ക്കു പോഷകമാവുക.സാമൂഹികവും വൈകാരികവുമായ കഴിവുകളെ പരിപോഷിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ആപ്പുകളും മറ്റും കുറേയെണ്ണം രംഗത്തുണ്ടെങ്കിലും അവയൊന്നും ശാസ്ത്രീയമായി ഫലസിദ്ധി തെളിഞ്ഞവയല്ല.
കുഞ്ഞിലേ ഡിവൈസുകളെ വല്ലാതെയാശ്രയിക്കുന്നവര്‍ക്കു പിന്നീടതിന്റെ പല ദൂഷ്യഫലങ്ങളും നേരിടേണ്ടതായും വരാം. ബോറടിപ്പിക്കുന്ന സാഹചര്യങ്ങളോടു സമരസപ്പെടാനും കൂടെയുള്ളവരുടെ ശരീരഭാഷ ഉള്‍ക്കൊള്ളാനും കാര്യങ്ങളെ അന്യരുടെ കാഴ്ചപ്പാടില്‍നിന്നു നോക്കിക്കാണാനും ആളുകളോട് പ്രായോഗികബുദ്ധിയോടെ ഇടപഴകാനുമൊക്കെ ഇത്തരക്കാര്‍ പിന്നാക്കമായിത്തീരാം.
(2016 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy: App Annie