മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

റാഗിങ്ങിനു പിന്നില്‍

റാഗിങ്ങിനു പിന്നില്‍

ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.

കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.

ആത്മനിയന്ത്രണം, നല്ല തീരുമാനങ്ങളിലെത്താനുള്ള ശേഷി എന്നിങ്ങനെ മനുഷ്യര്‍ക്കു മാത്രം സ്വന്തമായുള്ള പല ഗുണങ്ങളും നമുക്കു തരുന്നത് തലച്ചോറിന്‍റെ മുന്‍ഭാഗത്തായുള്ള ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്’ (Prefrontal cortex) എന്ന ഭാഗമാണ്. തലച്ചോര്‍ പക്വത കൈവരിക്കുന്നത് പിറകില്‍നിന്നു മുന്നിലോട്ടാണ് എന്നതിനാല്‍ ഈയൊരു ഭാഗത്തിന്‍റെ വളര്‍ച്ച പൂര്‍ണമാകുന്നത് ഏകദേശം ഇരുപത്തഞ്ചാം വയസ്സോടെ മാത്രമാണ്. കോളേജ്’വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിനും മനസ്സിനു കടിഞ്ഞാണായി വര്‍ത്തിക്കുന്ന ഈയൊരു മസ്തിഷ്കഭാഗത്തിനു പാകമെത്തിയിട്ടില്ല എന്നര്‍ത്ഥം. ഇരയുടെ ജീവിതത്തിലോ തന്‍റെതന്നെ ഭാവിയിലോ റാഗിങ്ങ് ചെലുത്തിയേക്കാവുന്ന ദുഷ്പ്രത്യാഘാതങ്ങളെപ്പറ്റി ലവലേശം ആകുലതകളില്ലാതെ, അഥവാ അവ തലപൊക്കിയാല്‍ത്തന്നെ അവയെ മുഖവിലക്കെടുക്കാതെ, നൈമിഷികരസത്തിനു വേണ്ടിയവര്‍ റാഗിങ്ങില്‍ മുഴുകിപ്പോവാന്‍ ഇതൊരു കാരണമാവുന്നുണ്ട്.

{xtypo_quote_left}കൌമാരം ഒരാളില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും സ്വാധീനം ചെലുത്താനാവുന്നൊരു പ്രായമാണ്.{/xtypo_quote_left}കൌമാരം ഒരാളില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും സ്വാധീനം ചെലുത്താനാവുന്നൊരു പ്രായമാണ്. ഒറ്റക്കുചെയ്യാന്‍ മടിക്കുന്നതോ ധൈര്യപ്പെടാത്തതോ ആയ പല കാര്യങ്ങളും കൂട്ടുകാരോടൊത്തു ചെയ്യാന്‍ ഈ പ്രായക്കാര്‍ ആവേശം കാണിക്കാം. കൂട്ടുകാര്‍ക്കു മുന്നില്‍ ഹീറോ ചമയാനും “ഗാങ്ങി”ല്‍നിന്നു പുറന്തള്ളപ്പെടാതിരിക്കാനും സ്വതവേ സൌമ്യശീലരും സല്‍സ്വഭാവികളുമായവര്‍ പോലും റാഗിങ്ങിനവസരം കിട്ടുമ്പോള്‍ മറ്റൊരു പ്രകൃതം പുറത്തെടുക്കാം.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ 1971-ല്‍ നടന്ന ‘സ്റ്റാന്‍ഫോര്‍ഡ് പ്രിസണ്‍ എക്സ്പെരിമെന്‍റ്’ എന്ന പഠനത്തിന്‍റെ കണ്ടെത്തലുകള്‍, മറ്റൊരാള്‍ക്കു മേല്‍ താല്‍ക്കാലികമായെങ്കിലും കൈവരുന്ന അധികാരം കൌമാരക്കാരുടെ മനോഭാവങ്ങളെ വല്ലാതെ ദുഷിപ്പിക്കുമെന്നതിന്‍റെ ശക്തമായൊരു തെളിവാണ്. ഒരു ജയിലന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച്, പഠനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തോടു ജയില്‍പ്പുള്ളികളായും മറ്റൊരു വിഭാഗത്തോടു ഗാര്‍ഡുമാരായും ജീവിക്കാനാവശ്യപ്പെട്ട് ഇരുകൂട്ടരെയും നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത്, ദിവസങ്ങള്‍ക്കുള്ളില്‍ “ഗാര്‍ഡുമാര്‍” “ജയില്‍പ്പുള്ളി”കളെ അടക്കിഭരിക്കാനും അമിതോപദ്രവമേല്‍പിക്കാനും തുടങ്ങിയെന്നാണ്. റാഗിങ്ങ് തങ്ങളുടെ “അവകാശ”മാണെന്ന മുന്‍വിധിയോടെ ഫസ്റ്റ് ഇയേഴ്സിനെ സമീപിക്കുന്ന സീനിയേഴ്സിന്‍റെ മനസ്സില്‍ നടക്കുന്നതും ഇത്തരമൊരു ക്രൂരവല്‍ക്കരണമാവണം.

ചുറ്റുമുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും പെരുമാറ്റങ്ങള്‍ പഠിച്ചെടുക്കുക (Social learning) എന്നത് കഴിവുകള്‍ സ്വായത്തമാക്കുന്നതിനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്നാണ്. ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളെ അന്ധമായി അനുകരിക്കാനുള്ള പ്രവണത ബാല്യകൌമാരങ്ങളുടെ സവിശേഷതയുമാണ്. (പത്തൊമ്പതുകാരനായ നായകന്‍ തീവണ്ടിക്കുമുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ളൊരു സീരിയല്‍ ആദ്യമായിക്കാണിച്ചപ്പോഴും പുന:സംപ്രേഷണം ചെയ്തപ്പോഴും ജര്‍മനിയില്‍ ധാരാളം ചെറുപ്പക്കാര്‍ സമാനരീതിയില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി!) ‘മുന്നാഭായ് എംബിബിഎസ്’ തൊട്ടു ‘പ്രേമം’ വരെയുള്ള സിനിമകളില്‍ തമാശാരൂപത്തിലും വീരകൃത്യമായുമൊക്കെ അവതരിപ്പിക്കപ്പെട്ടുവെത് റാഗിങ്ങിനു നമ്മുടെ കൌമാരക്കാരുടെ മനസ്സില്‍ നല്ലൊരു പരിവേഷം കിട്ടാന്‍ കാരണമായിട്ടുണ്ടാവാം.

സ്വയംമതിപ്പു സ്വതേ കുറഞ്ഞവരും ശരിക്കുള്ള ലോകത്തിനു മുന്നില്‍ കരുത്തു കാണിക്കാന്‍ പാങ്ങില്ലാത്തവരും നിരാശ്രയരായ ഫസ്റ്റ് ഇയേഴ്സിനെ ഉള്ളില്‍ക്കാത്തുകൊണ്ടുനടക്കുന്ന ശൌര്യം മുഴുവന്‍ ബഹിര്‍ഗമിപ്പിക്കാനുള്ള വേദിയാക്കാം. ബാല്യത്തില്‍ അച്ഛനമ്മമാരുടെ ക്രൂരതകള്‍ക്ക് ഏറെ ഇരയായവര്‍ മനസ്സിലെ പ്രതികാരവാഞ്ഛ ശമിപ്പിക്കാന്‍കിട്ടുന്ന ആദ്യാവസരമായി റാഗിങ്ങിനെ സമീപിക്കാം. ഇനിയും ചിലര്‍ മറ്റൊരു നാട്ടിലോ ലിംഗത്തിലോ മതത്തിലോ ജാതിയിലോ സാമ്പത്തികശ്രേണിയിലോ നിന്നുള്ളവരോടുള്ള വിദ്വേഷം തീര്‍ക്കാനൊരു സുവര്‍ണാവസരമായി റാഗിങ്ങ് എന്ന “നാട്ടുനടപ്പി”നെ ഉപയോഗപ്പെടുത്താം.

{xtypo_quote_right}വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും വെച്ചുപുലര്‍ത്തുന്ന ചില വികലധാരണകളും ഇവിടെ പ്രതിസ്ഥാനത്തുണ്ട്.{/xtypo_quote_right}വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും വെച്ചുപുലര്‍ത്തുന്ന ചില വികലധാരണകളും ഇവിടെ പ്രതിസ്ഥാനത്തുണ്ട്. ഇത്തിരി റാഗിങ്ങൊക്കെ നല്ലതാണ്, സീനിയേഴ്സും ജൂനിയേഴ്സും തമ്മിലൊരു സൗഹൃദം രൂപപ്പെടാനതു സഹായിക്കും, പിള്ളേരായാല്‍ ഇത്തിരി തമാശയൊക്കെയാവാം, അച്ഛനമ്മമാരുടെ ചിറകിനടിയില്‍ പുറംലോകം കാണാതെ വളര്‍ന്നവര്‍ക്ക് “ലോകം ഇങ്ങിനെയൊക്കെയാണ്” എന്നൊരു ഉള്‍ക്കാഴ്ച കൊടുത്തും നാണംകുണുങ്ങികളെ ആ ദുര്‍ഗതിയില്‍നിന്നു മോചിപ്പിച്ച് വീരശൂരപരാക്രമികളാക്കിയുമൊക്കെ റാഗിങ്ങ് വ്യക്തിത്വവികാസത്തെ സഹായിക്കും എന്നൊക്കെ വിശ്വസിക്കുന്നവര്‍ പക്ഷേ റാഗിങ്ങ് മൂലം ഓരോ വര്‍ഷവും പരിക്കേല്‍ക്കുകയും പഠനം നിര്‍ത്തുകയും ജീവന്‍ നഷ്ടപ്പെടുകയും അറസ്റ്റിലാവുകയുമൊക്കെച്ചെയ്യുന്നവരെ വിസ്മരിക്കുകയാണ്. വല്ലാതെ ക്രൂരമാവുമ്പോഴേ കുഴപ്പമുള്ളൂ, അല്ലാതെ ചെറിയ റാഗിങ്ങിനെയൊന്നും വെറുതെ കുറ്റപ്പെടുത്തേണ്ടതില്ല എന്നു വാദിക്കുന്നവര്‍ “ചെറുത്” , “ക്രൂരം” എന്നൊക്കെയുള്ള വേര്‍തിരിവ് ആപേക്ഷികവും ക്ലേശകരവുമാണ്, പല “ക്രൂര” റാഗിങ്ങുകളും തുടങ്ങുന്നത് “ചെറുതാ”യിത്തന്നെയാണ് എന്നൊന്നും കണക്കിലെടുക്കുന്നില്ല.

റാഗിങ്ങിനു തുനിയുന്നവരെ നിയമത്തിനു മുമ്പിലെത്തിക്കാനുള്ള ഇച്ഛാശക്തി ഏവര്‍ക്കും വേണ്ടതുണ്ട്. മുതിര്‍ന്നവരോടുള്ള എതിര്‍പ്പ് കൌമാരസഹജമാണ് എന്നതിനാല്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമനസ്ഥിതിയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കുന്നതു ഫലപ്രദമായേക്കും. റാഗിങ്ങ് മൂലം കഷ്ടനഷ്ടങ്ങള്‍ വന്നവരെക്കുറിച്ചുള്ള വീഡിയോകളും മറ്റും ഈയുദ്യമത്തില്‍ വെറും പ്രസംഗങ്ങളെക്കാള്‍ കാര്യക്ഷമമാവും. കുഞ്ഞുങ്ങളെയോരോരുത്തരെയും സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും സഹായമനസ്ഥിതിയും ഉള്‍ച്ചെലുത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതും പ്രധാനമാണ്.

(2016 ജൂണ്‍ 24-ലെ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്. കടപ്പാട്: രാധാകൃഷ്ണന്‍ തിരൂര്‍, മാധ്യമം)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: DNA India

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ഡെലീരിയം തിരിച്ചറിയാതെപോവരുത്
നെറ്റിലെ മര്യാദകേടുകാര്‍ക്ക് മനോരോഗമോ?

Related Posts