വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ശാസ്ത്രം ഏറെ വികസിക്കുകയും വിജ്ഞാനത്തിന്‍റെ അനന്തശേഖരങ്ങള്‍ ഓണ്‍ലൈനില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യുന്ന ഒരു കാലത്ത്, വര്‍ഗീയത പോലുള്ള പിന്തിരിപ്പനും അപകടകരവുമായ ചിന്താരീതികള്‍ ദുര്‍ബലമാകുമെന്നു പലരും പ്രതീക്ഷിച്ചിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. സോഷ്യല്‍മീഡിയയിലെ കമന്‍റുകള്‍ തൊട്ട് ഇലക്ഷന്‍ റിസല്‍റ്റുകള്‍ വരെ വെളിപ്പെടുത്തുന്നത് വര്‍ഗീയ മനസ്ഥിതിക്ക് ഇന്നും ഏറെപ്പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ്. എന്തുകൊണ്ട് ആളുകള്‍ വര്‍ഗീയ ചിന്താഗതി സ്വീകരിക്കുന്നു എന്നൊന്നു പരിശോധിക്കാം. വര്‍ഗീയതയുടെ നിര്‍വചനം പരിചയപ്പെടുകയാകാം ആദ്യം.

മുഖമുദ്രകള്‍

വിവിധ ഗവേഷകര്‍ വർഗീയതയ്ക്കു നല്‍കിയ നിർവചനങ്ങള്‍ പ്രകാരം, താഴെക്കൊടുത്ത ചിന്താരീതികളാണ് അതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

  1. തന്‍റെ മതം ഉദ്ഘോഷിക്കുന്നതു മാത്രമാണ് ആത്യന്തികമായ സത്യം.
  2. തന്‍റെ മതത്തിന്‍റെ എല്ലാ പ്രഖ്യാപനങ്ങളും പിഴവറ്റയവയാണ്.
  3. അവയെല്ലാം ഒന്നൊഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കുമാണു ദൈവപ്രീതി കിട്ടുക.
  4. മോക്ഷം ലഭിക്കാന്‍, താന്‍ മറ്റുള്ളവരെ തന്‍റെ വിശ്വാസത്തിലേക്കു ക്ഷണിക്കേണ്ടതുണ്ട്.
  5. തന്‍റെ മതത്തെ ദുര്‍ബലപ്പെടുത്താനും നശിപ്പിക്കാനും ഏറേ ദുഷ്ടശക്തികള്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട്.
  6. ഏതുവിധേനയും അവരെ ചെറുക്കുകയും തോല്‍പ്പിക്കുകയും നശിപ്പിക്കുകയും തന്‍റെ ഉത്തരവാദിത്തമാണ്.
  7. തന്‍റെ മതത്തിന്‍റെ ആത്മീയവും രാഷ്ട്രീയവുമായ ഉന്നതിക്കു തടസ്സം നില്‍ക്കുന്നവര്‍ക്ക് ഉന്മൂലനാശം വരുത്തുന്നതൊരു തെറ്റില്ല.

മതാശയങ്ങളെ അതിരറ്റു സ്നേഹിക്കുകയും എപ്പോഴും മുറുകെപ്പിടിക്കുകയും സാദാ വിശ്വാസികളും ചെയ്യുന്നതു തന്നെയാണ്. എന്നാല്‍ വര്‍ഗീയവാദികളെ അപേക്ഷിച്ച്, വിശ്വാസികള്‍ മറ്റു ചിന്താധാരകളെ കുറേയൊക്കെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യും. വിശ്വാസസംരക്ഷണത്തിനായി രക്തച്ചൊരിച്ചിലിനു തുനിയുക, തങ്ങളുടെ വിശ്വാസപ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്കു വേദനയുളവാക്കിയാലും പ്രശ്നമില്ലാതിരിക്കുക എന്നിവയും വര്‍ഗീയവാദികളുടെ മാത്രം പ്രത്യേകതയാണ്.

ഹൃദ്യമാക്കുന്നത്

മതവിശ്വാസത്തെ ഭൂരിപക്ഷത്തിനും ആകര്‍ഷകമാക്കിത്തീര്‍ത്ത അതേ ഘടകങ്ങളുടെ ഒരടുത്ത പടിയാണ് മതവര്‍ഗീയതയ്ക്കു സ്വീകാര്യത കൈവരുത്തുന്നവയും. മസ്തിഷ്കപരിണാമത്തിന്‍റെ ഒരു ഘട്ടത്തില്‍, ഭാവിയെപ്പറ്റി ചിന്തിക്കാനും പ്ലാന്‍ ചെയ്യാനുമുള്ള പാകത കൈവന്ന വേളയില്‍, മരണം എന്ന യാഥാര്‍ത്ഥ്യം മനുഷ്യകുലത്തിനു മുന്നില്‍ ഭീതിജനകമായ ഒരു പ്രഹേളികയായി നിലകൊണ്ടു. താനും പ്രിയപ്പെട്ടവരും ഒരു നാള്‍ മരണപ്പെടുകതന്നെ ചെയ്യും എന്ന ബോദ്ധ്യം, അതുളവാക്കുന്ന ഉള്‍ക്കിടിലം ലഘൂകരിക്കാനുതകുന്ന വിശ്വാസസംഹിതകള്‍ക്ക് ആകര്‍ഷണീയത കൊടുത്തു. പുനര്‍ജന്മ പരമ്പരകള്‍, അനശ്വരമായ പരലോക ജീവിതം എന്നൊക്കെയുള്ള ആശയങ്ങള്‍ മരണത്തെപ്രതിയുള്ള വിഹ്വലത ശമിപ്പിക്കാന്‍ വിശ്വാസികളെ സഹായിച്ചു. മതവിശ്വാസം മാനസികാരോഗ്യം പരിപോഷിപ്പിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകള്‍ അനേകമുണ്ട്. വിശ്വാസവും അനുബന്ധ ആചാരാനുഷ്ഠാനങ്ങളും ഏറെ സാമൂഹികബന്ധങ്ങള്‍ക്കു കളമൊരുക്കുന്നത്, സമ്മര്‍ദ്ദസാഹചര്യങ്ങളിലും രോഗാവസ്ഥകളിലും അനുഗ്രഹമാകുന്നുണ്ട്.

വര്‍ഗീയമനോഭാവം സ്വാംശീകരിച്ചവര്‍ക്കാകട്ടെ, ജീവിതത്തിന് ഒരര്‍ത്ഥവും ലക്ഷ്യവുമുണ്ടെന്ന തോന്നല്‍ കൂടുതലായിക്കിട്ടുന്നുണ്ട്. സമാനചിന്താഗതിയുള്ള ഏറെയാളുകള്‍ക്കു മദ്ധ്യേ, നല്ല ഒത്തൊരുമയോടുള്ള ജീവിതവും സുരക്ഷിതത്വബോധവും ശാക്തീകരിക്കപ്പെട്ടു എന്ന ധൈര്യവും അവര്‍ക്കു ലഭിക്കുന്നുണ്ട്. ഒരു വിശുദ്ധഗ്രന്ഥത്തിന്‍റെയും അതു കണ്ണടച്ചു പാലിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെയും വ്യാപകസാന്നിദ്ധ്യത്തില്‍, വ്യക്തിക്ക് ഏതൊരു തീരുമാനത്തിനും എവിടെ ആശ്രയിക്കണമെന്ന കാര്യത്തില്‍ ചിന്താക്കുഴപ്പമുണ്ടാകുന്നില്ല, യാതൊന്നിനെക്കുറിച്ചും സ്വന്തം തല പുണ്ണാക്കേണ്ടി വരുന്നില്ല. ഇത് ജീവിതത്തിന് ഏറെ പ്രവചനീയത കൊടുക്കുകയും മറ്റുള്ളവര്‍ ജീവിതത്തില്‍ നേരിടുന്ന ഒരനിശ്ചിതത്വം അവര്‍ക്ക് ഒഴിവായിക്കിട്ടുകയും ചെയ്യുന്നുണ്ട്.

ദുഷ്പരിണതികള്‍

മറുവശത്ത്, വര്‍ഗീയചിന്ത അതിന്‍റെ അനുഗാമികള്‍ക്ക് പല പ്രശ്നങ്ങളും വരുത്തിവെക്കുന്നുമുണ്ട്. നിയതവും കര്‍ക്കശവുമായ ഒരു ജീവിതവ്യവസ്ഥയ്ക്ക് അവര്‍ സ്വമനസ്സാലേ തന്നെത്തന്നെ പൂര്‍ണമായും അടിയറ വെക്കുകയാണ്. ഒരു പുതിയ വിഷയമോ പ്രശ്നമോ രംഗത്തുവരുമ്പോള്‍ അതിനെ വിശകലനം ചെയ്ത് യുക്തിഭദ്രമായ സ്വന്തം അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും എത്തുകയാണു മിക്കവരും ചെയ്യുക. എന്നാല്‍ വര്‍ഗീയചിന്താഗതിക്കാര്‍ അത്തരം മെനക്കേടുകളൊക്കെ പൂര്‍ണമായി ഒഴിവാക്കി, എല്ലാമെല്ലാം വേദപുസ്തകത്തിന്‍റെയും നേതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്കു വിട്ടുകൊടുക്കാം. ശാസ്ത്രവികാസത്തിന്‍റെ പല സത്ഫലങ്ങളോടും, തങ്ങളുടെ വേദപുസ്തകത്തിന്‍റെ കല്‍പനകള്‍ക്കു വിരുദ്ധമെന്ന് അവയെ വ്യാഖ്യാനിച്ച്, അവര്‍ പുറംതിരിഞ്ഞു നില്‍ക്കാം. സന്ദിഗ്ദ്ധഘട്ടങ്ങളില്‍പ്പോലും വാക്സിനുകള്‍, രക്തദാനം, അബോര്‍ഷന്‍ തുടങ്ങിയവയോടവര്‍ വിമുഖത കാട്ടാം. സ്വവിഭാഗക്കാരെ ഉള്ളഴിഞ്ഞു സ്നേഹിക്കാന്‍ വര്‍ഗീയ സംഘങ്ങള്‍ അംഗങ്ങളെ പ്രചോദിപ്പിക്കാം. ഒപ്പം, പുറത്തുള്ളവരെയെല്ലാം മുന്‍വിധിയോടെ മാത്രം കാണാനും വെറുക്കാനും പ്രേരിപ്പിക്കുകയും അവരോടുള്ള ഹിംസ ഒരു തെറ്റല്ലെന്നു വിശ്വസിപ്പിക്കുകയും കൂടിച്ചെയ്യാം.

ആകൃഷ്ടരാകുന്നത്

ചില വ്യക്തിത്വരീതിക്കാര്‍ വര്‍ഗീയകാഴ്ചപ്പാടു പുലര്‍ത്താന്‍ സാദ്ധ്യത കൂടുതലുണ്ട്. ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് അതിലൊന്ന്. വ്യക്തിത്വത്തിന്‍റെ അഞ്ചു ഘടകഭാഗങ്ങളില്‍, “തുറന്ന മനഃസ്ഥിതി” എന്നറിയപ്പെടുന്ന ഒന്നുണ്ട്. ഇതില്‍ മുന്നാക്കമായവര്‍ക്ക് നല്ല ഭാവനയും നാട്ടുകാരുടെ പ്രതികരണത്തെപ്പറ്റി വേവലാതിയില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന ശീലവുമുണ്ടാകും. അവര്‍ വറൈറ്റി ഇഷ്ടപ്പെടുകയും വിവരസമ്പാദനത്തിന് ഉത്സാഹം കാണിക്കുകയും ചെയ്യും. വര്‍ഗീയചിന്താഗതിക്കാര്‍ പക്ഷേ “തുറന്ന മനഃസ്ഥിതി”യുടെ കാര്യത്തില്‍ പിന്നിലാണ്.

കാര്യങ്ങളെ കറുപ്പോ വെളുപ്പോ മാത്രമായി നോക്കിക്കാണുകയെന്ന ദുശ്ശീലവും അവര്‍ക്കുണ്ടാകാം. ഒന്നുകില്‍ കൊടിയ പാപം, അല്ലെങ്കില്‍ മഹാ പുണ്യം എന്നിങ്ങനെ അവര്‍ സര്‍വ പ്രവൃത്തികളെയും വിഭജിക്കാം. ഒന്നുകില്‍ നമ്മുടെയാള്‍ അല്ലെങ്കില്‍ ശത്രു, ഒന്നുകില്‍ വിശ്വാസി അല്ലെങ്കില്‍ പാപി എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവര്‍ പുലര്‍ത്താം — ആ രണ്ടറ്റങ്ങള്‍ക്കിടയ്ക്കും സ്ഥാനങ്ങളുണ്ടാകാം എന്നതു പരിഗണിക്കാതെ.

ഇനിയും ചിലരുടെ പ്രശ്നം, എല്ലായ്പ്പോഴും ശരി മാത്രമേ ചെയ്യാവൂ, ഒരിക്കലും യാതൊരു തെറ്റും ചെയ്യരുത് എന്ന കര്‍ക്കശബുദ്ധിയാകാം. അവര്‍, ചെറുപ്രായത്തില്‍ നേരിയ തെറ്റുകള്‍ക്കു പോലും കടുത്ത ശിക്ഷകള്‍ നേരിട്ടിട്ടുണ്ടാകാം. സ്വന്തമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനോ പ്രകടിപ്പിക്കാനോ അനുവദിക്കപ്പെടാതിരുന്നിട്ടുമുണ്ടാകാം. അതിനാലൊക്കെ, മുതിര്‍ന്നവര്‍ നല്ലത് എന്നു പറയുന്ന ചിന്താഗതികളെയും പ്രവൃത്തികളെയും അവര്‍ അന്ധമായി അള്ളിപ്പിടിച്ചു ജീവിക്കാന്‍ തുടങ്ങാം. അത്, മുതിര്‍ന്നു കഴിഞ്ഞാല്‍ വ്യത്യസ്തമായ ചിന്താധാരകളെ ഉള്‍ക്കൊള്ളുക അവര്‍ക്കു ക്ലേശകരമാക്കാം.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു രണ്ടുതരം രീതികളുണ്ട്. പ്രശ്നത്തെ വിവിധ ഘടകഭാഗങ്ങളായി ഇഴപിരിച്ച്, ഓരോന്നിനും എന്തൊക്കെ പരിഹാരങ്ങള്‍ സാദ്ധ്യമാണെന്നു ചുഴിഞ്ഞാലോചിച്ച്, പ്രായോഗികവും പാര്‍ശ്വഫലം കുറഞ്ഞതുമായ ഒരെണ്ണം തെരഞ്ഞെടുത്തു നടപ്പാക്കുകയാണ് ഒരു രീതി. മിക്ക സന്ദര്‍ഭങ്ങളിലും ഇതാണുത്തമം താനും. രണ്ടാമത്തെ രീതി, അധികം ആലോചിക്കാനൊന്നും തുനിയാതെ, അന്നേരം മനസ്സിലുദിക്കുന്ന പോംവഴിയങ്ങു പയറ്റുകയെന്നതാണ്. ഇത്, സ്വാഭാവികമായും, ഫലശൂന്യമാകാന്‍ സാദ്ധ്യത കൂടുതലാണ്. വര്‍ഗീയ ചിന്താഗതിക്കാര്‍ കൂടുതലും അവലംബിക്കുന്നത് ഈ മാര്‍ഗമാണെന്നാണു പഠനങ്ങള്‍ പറയുന്നത്.

തലച്ചോറിന്‍റെ പങ്ക്

മനുഷ്യനു മാത്രമുള്ള പല ഗുണങ്ങളുമുണ്ട്. ആത്മനിയന്ത്രണവും വൈകാരിക സംയമനവും പ്രശ്നപരിഹാരശേഷിയും ആസൂത്രണപാടവവും ദീര്‍ഘവീക്ഷണവുമെല്ലാം ഇതില്‍പ്പെടുന്നു. ഇവയെല്ലാം, നമ്മുടെ തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന ഭാഗത്തിന്‍റെ സംഭാവനയാണ്. വര്‍ഗീയവാദികളുടെ ചിന്താരീതി അയവില്ലാത്തതും അഭിപ്രായങ്ങള്‍ ന്യായവാദങ്ങളിലൂടെ മാറ്റിയെടുക്കാനാകാത്തതുമായി ഭവിക്കുന്നത് ഈ ഭാഗത്തെ വൈകല്യങ്ങള്‍ മൂലമാകാം. അവിടെ പരിക്കേറ്റവര്‍ ഏറെ വര്‍ഗീയമായ പ്രസ്താവനകളെപ്പോലും തികച്ചും മൃദുസ്വഭാവമുള്ളവയെന്നു വിലയിരുത്തുന്നതായി അമേരിക്കയിലെ ബെത്തെസ്ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്‍ററില്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഇതിന്‍റെ ഒരു വിവക്ഷ, മനോരോഗമോ ലഹരിയുപയോഗമോ പരിക്കുകളോ ജനിതകകാരണങ്ങളോ ഒക്കെ മൂലം പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനു കേടുപാടേല്‍ക്കുന്നവരില്‍ വര്‍ഗീയമനോഭാവം രൂപപ്പെടാമെന്നതാണ്. അല്ലെങ്കില്‍, ചെറുപ്രായത്തിലേ വര്‍ഗീയ ചിന്താഗതികള്‍ കുത്തിച്ചെലുത്തപ്പെടുന്നവരില്‍, അത് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന്‍റെ വളര്‍ച്ചയെ ദുസ്സ്വാധീനിക്കുകയും തന്മൂലം അവര്‍ക്ക് മുതിര്‍ന്നു കഴിഞ്ഞാല്‍ അയവില്ലാത്ത ചിന്താരീതിയും മറ്റും രൂപപ്പെടുകയും ചെയ്യാം.

കണ്ണടച്ചാശ്രയിക്കുമ്പോൾ

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, വിശുദ്ധഗ്രന്ഥം പറയുന്നതത്രയും അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യാനുള്ള മനസ്കത വര്‍ഗീയതയ്ക്കു വഴിവെക്കാം. അതൊക്കെയും ആത്യന്തിക സത്യങ്ങളാണ്, ജീവിതത്തിലെടുക്കുന്ന ഓരോരോ നടപടിക്കും മാര്‍ഗദര്‍ശനം സ്വീകരിക്കേണ്ടത് അതില്‍നിന്നു മാത്രമാണ് എന്നൊക്കെയുള്ള ധാരണകളും പ്രശ്നമാണ്. ശാസ്ത്രത്തിന്‍റെ സുവ്യക്തമായ കണ്ടെത്തലുകള്‍ക്കു കടകവിരുദ്ധമാണെങ്കില്‍പ്പോലും വേദഗ്രന്ഥത്തിലെ വാചകങ്ങള്‍ക്കേ സാധുത കല്‍പിക്കൂ, വേദഗ്രന്ഥത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കുന്നതോ അതില്‍ പിഴവുകളുണ്ടാകാമെന്നു ശങ്കിക്കുന്നതു പോലുമോ വന്‍പാപമാണ് എന്നൊക്കെയുള്ള കാഴ്ചപ്പാടുകളും വര്‍ഗീയതയ്ക്കു വളമാകുന്നുണ്ട്. സ്വന്തം വിശ്വാസസംഹിതയോടു ചേര്‍ന്നുപോകാത്ത ഏതൊരാശയത്തെയും തികച്ചും അവഗണിക്കുക മാത്രമല്ല ശക്തിയുക്തം നഖശിഖാന്തം എതിര്‍ക്കുകയും അതിനുവേണ്ടി എന്തൊരക്രമവും പുറത്തെടുക്കുകയും ചെയ്യാനും വര്‍ഗീയചിന്താഗതിക്കാര്‍ക്കു വൈമനസ്യമുണ്ടാകില്ല. ഇതര ആശയങ്ങളില്‍ നിന്ന് ആവുന്നത്ര ദൂരം പാലിക്കാനും അവയ്ക്ക് ഒരിക്കലും കാതുകൊടുക്കാതിരിക്കാനും ഇത്തരം വിഭാഗങ്ങളില്‍ കനത്ത നിഷ്കര്‍ഷ കണ്ടേക്കാം.

നാം അറിവുകളും അനുമാനങ്ങളും ആര്‍ജിക്കുന്നത്, മുന്‍ധാരണകളെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുതുക്കിയും പരിഷ്കരിച്ചും ആണ്. ഉദാഹരണത്തിന്, നല്ലവനെന്നു വിചാരിച്ചിരുന്ന ഒരാള്‍ പീഡനക്കേസില്‍ പ്രതിയായാല്‍ അയാളെപ്പറ്റിയുള്ള അഭിപ്രായം നാം തിരുത്തുകയും അയാളോടുള്ള പെരുമാറ്റം വ്യത്യസ്തപ്പെടുത്തുകയും ചെയ്യാം. എന്നാല്‍ മതങ്ങളുടെ വഴി പൊതുവേ വേറെയാണ്. വിശുദ്ധഗ്രന്ഥത്തില്‍ എന്നോ കുറിക്കപ്പെട്ട കാര്യങ്ങളെ ഒരു നവീകരണവും കൂടാതെ ഏതൊരു കാലത്തും അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുക എന്ന രീതി പലപ്പോഴും വര്‍ഗീയതയ്ക്കു വളമാകുന്നുണ്ട്. സാധാരണ മതവിശ്വാസികള്‍ അകാലികമായ മതനിര്‍ദ്ദേശങ്ങളെ അന്ധമായി പിന്തുടരുകയില്ലെങ്കിലും വര്‍ഗീയമനസ്ഥിതിക്കാരുടെ കാര്യം അങ്ങിനെയല്ല.

മറ്റു പ്രേരകഘടകങ്ങള്‍

ഒരു കൂട്ടത്തിന്‍റെ നടുക്കാകുമ്പോള്‍ ഉത്തരവാദിത്തം തന്‍റെ മേല്‍ ചാര്‍ത്തപ്പെട്ടേക്കില്ല, തന്നെയാരും തിരിച്ചറിഞ്ഞേക്കില്ല എന്നൊക്കെയുള്ള ധൈര്യം വരുന്നത് വര്‍ഗീയസംഘങ്ങളുടെ ഭാഗമായിനിന്ന് എതിര്‍ചേരിക്കെതിരെ അക്രമവും മറ്റും അഴിച്ചുവിടുന്നതിനു പ്രോത്സാഹനമാകാം.

അണികളെ ഉത്തേജിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും പല വര്‍ഗീയ വിഭാഗങ്ങളും പയറ്റുന്നൊരു കുതന്ത്രമാണ്, തങ്ങളുടെ മതത്തെയും ആചാരങ്ങളെയും ദുര്‍ബലപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും മറ്റു മതസ്ഥരും ആധുനിക ശാസ്ത്രത്തിന്‍റെ വക്താക്കളുമൊക്കെ സദാ യത്നിക്കുകയാണെന്ന ഭീതി പടര്‍ത്തുന്നത്.

ആളുകളില്‍ നിന്ന് ആളുകളിലേക്കു പകരുമ്പോള്‍ കൊറോണ വൈറസിനും മറ്റും ജനിതക വ്യതിയാനം വരുന്ന പോലെ, ആളുകളില്‍നിന്ന് ആളുകളിലേക്കു കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആശയങ്ങള്‍ക്കും വ്യതിയാനം സംഭവിക്കുന്നുണ്ട്. ഒരു മതത്തിന്‍റെ നാനാതരം വകഭേദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് അങ്ങിനെക്കൂടിയാണ്. പല പ്രമുഖമതങ്ങളിലും സങ്കുചിതവും അയുക്തികവും വര്‍ഗീയവുമായ ചിന്താഗതിയുള്ളതും വികലവീക്ഷണത്തിലൂടെ മാത്രം കാര്യങ്ങളെ നോക്കിക്കാണുന്നതുമായ പല ഉപവിഭാഗങ്ങളും രൂപപ്പെട്ടത് അവ്വിധമാണ്.

നല്ല വ്യക്തിപ്രഭാവവും സ്വാധീനശേഷിയുമുള്ള നേതാക്കള്‍ പലപ്പോഴും ഇത്തരം ഗ്രൂപ്പുകളുടെ സവിശേഷതയാണ്. നേതാവിന് അമാനുഷികശക്തികളുണ്ട്, ദൈവവുമായി സവിശേഷ ബന്ധമുണ്ട്, വേദഗ്രന്ഥത്തില്‍ അഗാധ പ്രാവീണ്യമുണ്ട് എന്നൊക്കെയുള്ള ധാരണ പടര്‍ത്തുന്നത് അയാളെ അന്ധമായി അനുസരിക്കാന്‍ അണികള്‍ക്കു പ്രചോദനമാകാം.

സ്വന്തം കാഴ്ചപ്പാടിലെ പിഴവുകള്‍ തിരിച്ചറിയാനാവാതെ പോകുന്നവര്‍ക്ക് ഇക്കാലത്ത് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ എമ്പാടും സമാനമനസ്ക്കരെ കണ്ടുമുട്ടാന്‍ അവസരമുള്ളതും ഒരു പ്രശ്നമാണ്. വര്‍ഗീയചായ്’വുള്ളവര്‍ അതേ തരക്കാരുടെ കൂട്ടായ്മകളില്‍ ചെന്നുപെടുന്നത് പ്രസ്തുത ചിന്താഗതികള്‍ പുഷ്ടിപ്പെടാനിടയാക്കുന്നുണ്ട്.

(2021 ഓഗസ്റ്റ് ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Independent