മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ആമോദപൂരിതം ഓഫീസ്‌ജീവിതം
ഓഫീസിലെ സന്തോഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സദാ പുഞ്ചിരിക്കുക, എപ്പോഴും ആനന്ദഭരിതരായിരിക്കുക എന്നല്ല. അതൊന്നും മനുഷ്യസാദ്ധ്യവുമല്ല. ഞെട്ടലുകള്‍, വീഴ്ചകള്‍, അസൂയ, അമര്‍ഷം, നൈരാശ്യം തുടങ്ങിയവ ഓഫീസ് ജീവിതത്തിന്‍റെ സ്വാഭാവികാംശങ്ങള്‍ മാത്രമാണ്, പ്രവര്‍ത്തനശൈലിയില്‍ മാറ്റം വേണ്ടതുണ്ടെന്നതിന്‍റെ നല്ല സൂചനകളുമാണ്, അതിനാല്‍ത്തന്നെ പൂര്‍ണമായും അകറ്റിനിര്‍ത്തേണ്ടവയല്ല.
ഓഫീസിലെ സന്തോഷത്തിന്‍റെ ഒരു നിര്‍വചനം, “കാര്യക്ഷമത പരമാവധിയാക്കാനും ഉള്ള കഴിവിനൊത്ത നേട്ടങ്ങള്‍ കരഗതമാക്കാനും കൂട്ടുതരുന്ന ഒരു മനോനില” എന്നാണ്. ആഹ്ലാദവും മുന്നേറ്റങ്ങളും ആഘോഷങ്ങളുമൊക്കെ തീര്‍ച്ചയായും ഇതിന്‍റെ, നാം ശരിയായ മാര്‍ഗത്തിലാണെന്ന ബോദ്ധ്യം തരുന്ന, ഭാഗങ്ങള്‍ തന്നെയാണ്.
ഓഫീസിലെ സന്തുഷ്ടത, നല്ല ആശയങ്ങളും ബന്ധങ്ങളും സഹകരണങ്ങളും കിട്ടാനും ഉത്സാഹവും വരുമാനവും ആരോഗ്യവും മെച്ചപ്പെടാനും സഹായമാകുന്നുണ്ട്.
ഘടകാംശങ്ങള്‍
സുഖം മാത്രമല്ല, സംതൃപ്തിയും സന്തോഷത്തിന്‍റെ ഭാഗമാണ്. ഓഫീസില്‍ വിശേഷിച്ചും. സംതൃപ്തി കൈവരുന്നത്, സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും, നന്മയോടെയും നീതിബോധത്തോടെയും നമ്മുടെ ജീവിതവീക്ഷണത്തോടു ചേര്‍ന്നു പോകുംവിധത്തിലും നാള്‍കഴിക്കാനും സാധിക്കുമ്പോഴാണ്. സംതൃപ്തിയെ അവഗണിച്ച് സുഖത്തെ മാത്രം കാംക്ഷിച്ചു നീങ്ങിയാല്‍ സന്തോഷം ക്ഷണികമായിരിക്കും. അതിനാല്‍ത്തന്നെ രണ്ടിനും പരിഗണനയും പ്രാധാന്യവും കല്‍പിക്കേണ്ടതുണ്ട്. സംതൃപ്തി സ്വന്തമാവാന്‍ വിശാലമനസ്കത, ശുഭാപ്തിവിശ്വാസം, കുറച്ചൊരു തമാശമട്ട്, കരുണ, ഉപകാരസ്മരണ എന്നിവ ശീലിക്കുന്നതു നന്നാകും.
ജെസീക്ക പ്രൈസ്ജോണ്‍സ് എന്ന ഗവേഷക കണ്ടെത്തിയത്, ഓഫീസിലെ സന്തോഷം നിര്‍ണയിക്കുന്ന നാലു ഘടകങ്ങളുണ്ടെന്നാണ്. പങ്ക്, അചഞ്ചലത, ആത്മാര്‍ത്ഥത, ആത്മധൈര്യം എന്നിവയാണവ.
പങ്ക്
താന്‍ എത്രത്തോളം പ്രയത്നിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള സ്വയംബോദ്ധ്യമാണിത്. ഇതിന്‍റെ ഘടകങ്ങളെയും അവ പുഷ്ടിപ്പെടുത്താനുള്ള മാര്‍ഗങ്ങളും പരിചയപ്പെടാം.
- ലക്ഷ്യങ്ങള്‍ നേടിയെടുക്കുക: ഇത്, സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്താനും പരിപോഷിപ്പിക്കാനും മറ്റുള്ളവരോടു പങ്കുവെക്കാനും അതൊക്കെവഴി സംതൃപ്തി ഉളവാകാനും സഹായിക്കും. സ്വയം തെരഞ്ഞെടുക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനാണു നമുക്ക് കൂടുതല്‍ ഔത്സുക്യം കാണുക. സ്വീകരിക്കുന്ന ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിക്കാവുന്നതും, പ്രായോഗികവും, സ്വന്തം കഴിവുകളും അഭിരുചികളുമായി ഒത്തുപോകുന്നതും ആകണം.
- ഉന്നങ്ങള്‍ ഉണ്ടാവുക: വലിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിലെ ചെറിയ നാഴികക്കല്ലുകളാണ് ഉന്നങ്ങള്‍. ഉദാഹരണത്തിന്, വില്‍പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലെ ഒരുന്നമാകാം ബന്ധങ്ങള്‍ വിപുലമാക്കുക എന്നത്. ഉന്നങ്ങള്‍ വ്യക്തവും, പൂര്‍ത്തീകരിക്കാന്‍ അധികം കാലം വേണ്ടാത്തതും, എത്തിച്ചേര്‍ന്നാല്‍ അതെളുപ്പത്തില്‍ മനസ്സിലാക്കാനാകുന്നതും ആകണം.
- പ്രധാനമെന്നു തോന്നുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുക: ഇത് നിങ്ങളുടെ ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും സഹായമനസ്കതയും വെളിപ്പെടുത്തും. ആവശ്യമുന്നയിക്കുന്നത്, പുതിയതു വല്ലതും നടപ്പാക്കാനോ നിലവിലുള്ളതെന്തെങ്കിലും നിര്‍ത്തലാക്കാനോ പരിഷ്കരിക്കാനോ ആവാം.
- ജോലിസുരക്ഷ തോന്നുക: ഇതിനായി, ചുമതലകള്‍ നിറവേറ്റാനാവശ്യമായ അറിവും കഴിവുകളും അനുഭവജ്ഞാനവും ആര്‍ജിച്ചുകൊണ്ടിരിക്കുക. കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെപ്പറ്റി ചുഴിഞ്ഞാലോചിക്കാതിരിക്കുക.
അചഞ്ചലത
ജോലിയോടു നാം ഏതു പരിതസ്ഥിതിയിലും കാട്ടുന്ന താല്‍പര്യമാണിത്. നാലു ഘടകങ്ങള്‍ ഇതിനുമുണ്ട്:
- നല്ല ഉത്സാഹം: പരിശ്രമങ്ങള്‍ പകരംതന്നേക്കാവുന്ന നേട്ടങ്ങളെപ്പറ്റി സ്വയം ഓര്‍മിപ്പിക്കുക. ശുഭാപ്തിചിന്ത പുലര്‍ത്തുക.
- സ്വന്തം നൈപുണ്യത്തിലും കാര്യപ്രാപ്തിയിലുമുള്ള വിശ്വാസം: സമയവും കഴിവുകളും സാധനസമ്പത്തുകളും ഒട്ടും പാഴാക്കാതെ ഏറ്റവും ഗുണകരമാകുംവിധം ഉപയോഗിക്കുക.
- വിഷമഘട്ടങ്ങളെ അതിജയിക്കാമെന്ന ചങ്കുറപ്പ്: പ്രതിസന്ധികളെ സ്വയംവളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുക. അവയുടെ ആഗമനം മുന്‍കൂട്ടിക്കാണാനും തക്ക മുന്‍കരുതല്‍ എടുക്കാനും ശേഷിയാര്‍ജിക്കുക. മാനസികവും ശാരീരികവുമായ കഴിവുകളും വ്യക്തിബന്ധങ്ങളുമൊക്കെ ഇതിനെങ്ങനെ പ്രയോജനപ്പെടുത്താമെന്ന ധാരണ നിലനിര്‍ത്തുക.
- തന്‍റെ പ്രയത്നങ്ങളാല്‍ ലോകത്തിന് ഉപകാരമുണ്ടെന്ന ബോദ്ധ്യം: തന്‍റെ അസാന്നിദ്ധ്യം കസ്റ്റമേഴ്സിനെയും അവരുമായി ബന്ധപ്പെട്ടവരെയും നേരിട്ടും അല്ലാതെയും എങ്ങിനെയൊക്കെ ബാധിച്ചേക്കാം എന്നാലോചിക്കുക.
ആത്മാര്‍ത്ഥത
ഇതിന് അടിത്തറയാകുന്നത് താഴെപ്പറയുന്ന ഘടകഭാഗങ്ങളുള്ള ഒരു ചാക്രികപ്രക്രിയയാണ്: അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യാന്‍കിട്ടുക, അതിനാല്‍ ജോലിയില്‍ താല്‍പര്യം വര്‍ദ്ധിക്കുക, തന്മൂലം സന്തോഷം പോലുള്ള നല്ല അനുഭവങ്ങള്‍ ഉണ്ടാവുക, അത് വേറെയും കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാവുക, എന്നിങ്ങനെ.
അര്‍ത്ഥവത്തായ കാര്യങ്ങള്‍, വിശേഷിച്ചും ഫലം കിട്ടാന്‍ കാലവിളംബമുള്ളവ, ചെയ്യുമ്പോള്‍ പലപ്പോഴും സന്തോഷം ഉടനടി ലഭ്യമാകുന്ന, പാര്‍ട്ടികള്‍ പോലുള്ള, പലതും ത്യജിക്കേണ്ടതായി വരാം. അപ്പോഴൊക്കെ, ആ പ്രൊജക്റ്റു മുഴുമിച്ചാല്‍ കിട്ടാവുന്ന ചാരിതാര്‍ത്ഥ്യവും സ്ഥായിയായ സന്തോഷവും ഓര്‍ക്കുക.
ജോലിയില്‍ താല്‍പര്യം കൂട്ടാന്‍, എന്തുതരം കാര്യങ്ങളോടാണു തനിക്ക് പണ്ടുതൊട്ടേ സ്ഥിരമായി ആകര്‍ഷണമുള്ളത്, അതു സഫലീകരിക്കാന്‍ ജോലി ഏതു വിധത്തിലൊക്കെ സഹായിക്കുന്നുണ്ട് എന്നൊക്കെ സ്വയം ചോദിക്കുക.
ആത്മധൈര്യം
ആത്മധൈര്യം, തന്‍റെ തീരുമാനങ്ങളും ചെയ്തികളും ശരിയാണ്, ഓഫീസ്ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാവും എന്നൊക്കെയുള്ള ബോദ്ധ്യങ്ങള്‍ തരും. മുന്‍വിവരിച്ച പങ്ക്, അചഞ്ചലത, ആത്മാര്‍ത്ഥത എന്നിവയ്ക്കും ആത്മധൈര്യം അനിവാര്യമാണ്. അതേസമയം, ആത്മധൈര്യം അമിതമായാല്‍ ധാര്‍ഷ്ട്യമാവും ഫലം. ക്ഷയിച്ചാലോ, സ്വന്തം കഴിവിനെപ്പറ്റിയുള്ള സന്ദേഹങ്ങള്‍, ഉത്ക്കണ്ഠ, സഹപ്രവര്‍ത്തകര്‍ എന്തുകരുതുമെന്ന വേവലാതി, ശ്രദ്ധക്കുറവ് മുതലായവ തലപൊക്കാം, കാര്യക്ഷമത കുറയാം.
ആത്മധൈര്യം സ്വായത്തമാകുന്നത് നാലു രീതിയിലാണ്:
- തടസ്സങ്ങളും തിരിച്ചടികളും മറികടന്ന് വിജയങ്ങള്‍ നേടുക വഴി
- നിങ്ങളെപ്പോലുള്ള മറ്റുള്ളവര്‍ക്ക് പരിശ്രമങ്ങള്‍ക്കു ഫലം കിട്ടുന്നതു കണ്ടിട്ട്
- ബഹുമാനത്തോടെ കാണുന്ന വ്യക്തികളില്‍നിന്നു ധൈര്യപ്പെടുത്തലുകള്‍ കിട്ടുമ്പോള്‍
- ചെറിയ മുന്‍കാലവിജയങ്ങളുടെ അടിസ്ഥാനത്തില്‍, ഇനിയിപ്പോള്‍ കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളും ശ്രമിക്കാമെന്ന അനുമാനമുളവാകുമ്പോള്‍.
വല്ലതും ചെയ്തുതുടങ്ങുമ്പോള്‍ വിറയ്ക്കുന്നതോ വിയര്‍ക്കുന്നതോ മറ്റോ അക്കാര്യം നിര്‍വഹിക്കാന്‍ തനിക്കുള്ള അശക്തിയുടെ സൂചനയായി എടുക്കരുത്.
ഓഫീസിലെ സന്തോഷവുമായി ബന്ധപ്പെട്ട വേറെയും ഘടകങ്ങളുണ്ട്.
അഭിമാനം
ചെയ്യുന്ന ജോലിയില്‍ അഭിമാനമുണ്ടെങ്കില്‍ പ്രയോജനങ്ങള്‍ പലതാണ്. സ്ഥാപനത്തോട് ആത്മാര്‍ത്ഥത കൂടുക, ഉള്ള വൈദഗ്ദ്ധ്യം സഹപ്രവര്‍ത്തകരോടു പങ്കിടാന്‍ പ്രേരണയുളവാകുക, ക്ലേശകരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പ്രതിബന്ധങ്ങളില്‍ തളരാതെ കൂടുതല്‍ സാദ്ധ്യതകള്‍ അന്വേഷിക്കാനും ധൈര്യം കിട്ടുക എന്നിവ ഇതില്‍പ്പെടുന്നു.
അഭിമാനം വര്‍ദ്ധിപ്പിക്കാനുള്ള നല്ല ഉപാധികളാണ് പരിശ്രമം കൂടുതല്‍ തീവ്രമാക്കുക, പുതുകാര്യങ്ങള്‍ പഠിച്ചെടുക്കുക, ദുഷ്കര സാഹചര്യങ്ങളെ അഭിമുഖീകരിച്ചു പരിചയിക്കുക എന്നിവ. അഭിമാനം ഇനിയഥവാ ക്ഷയിച്ചുതുടങ്ങുന്നെങ്കില്‍, മുമ്പ് എന്തുകൊണ്ട് ഈ ജോലിയും സ്ഥാപനവും തെരഞ്ഞെടുത്തു, എന്തൊക്കെ സംഭാവനകള്‍ സ്ഥാപനത്തിനു നല്‍കാന്‍ തനിക്കായി എന്നൊക്കെ സ്വയം ചോദിക്കാം.
പരസ്പരവിശ്വാസം
സഹപ്രവര്‍ത്തകരോടു നല്ല പരസ്പരവിശ്വാസം നിലനിര്‍ത്തുന്നത് സഹകരണം മെച്ചപ്പെടാനും, അറിവുകളും വിവരങ്ങളും നന്നായി പങ്കുവെക്കപ്പെടാനും, പ്രഷര്‍ മൊത്തം താന്‍ തനിച്ചു നേരിടണമെന്ന ധാരണ കുറയാനും, കുറച്ചൊക്കെ റിസ്കുകള്‍ എടുക്കാനും സഹായകമാകും. പരസ്പരവിശ്വാസത്തെ അഭിവൃദ്ധിപ്പെടുത്തുന്ന ചില നടപടികളിതാ:
- വിവരങ്ങളും അറിവുകളും സാധനസാമഗ്രികളും സഹപ്രവര്‍ത്തകരുമായി നിസ്സങ്കോചം പങ്കുവെക്കുക.
- ഏറ്റെടുക്കുന്ന ജോലിഭാഗങ്ങള്‍ സമയത്തു പൂര്‍ത്തീകരിക്കുക. അതഥവാ സാദ്ധ്യമായേക്കില്ലെന്നു തോന്നിയാല്‍ അക്കാര്യം ടീമിനെ ആവുന്നത്ര നേരത്തേ അറിയിക്കുക.
- താങ്ങാനാവാത്തതോ കഴിവിനു പുറത്തുള്ളതോ ആയ കാര്യങ്ങള്‍ ഏല്‍പിക്കപ്പെടുന്നെങ്കില്‍ ബന്ധപ്പെട്ടവരെ കാര്യം സമചിത്തതയോടെ, കോപമോ പരിഹാസമോ കുറ്റപ്പെടുത്തലോ കൂടാ`തെ, അറിയിക്കുക.
അധികം “ഓഫീസ് പൊളിറ്റിക്സ്” കളിക്കുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ തന്നേക്കാമെങ്കിലും ആത്യന്തികമായി ആളുകള്‍ക്ക് നിങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുത്തുകയും ശത്രുതകള്‍ വളര്‍ത്തുകയുമാണു ചെയ്യുക.
ഉദാസീനത
കാര്യങ്ങള്‍ പിന്നത്തേക്കു വെക്കുന്നത് അതൊരു ശീലമാകാനും, ജോലിയുടെ കാഠിന്യം വര്‍ദ്ധിതമായിത്തോന്നാനും, പ്രവൃത്തിയേക്കാള്‍ ആലോചനയ്ക്കായി സമയം പാഴാകാനും, പണികള്‍ കുന്നുകൂടാനും ഇടയൊരുക്കാം.
“ഒരു മൂഡില്ല, നാളെയാകാം” തുടങ്ങിയ മുടക്കുചിന്തകളെ “നാളെയും ഇതു ഞാന്‍തന്നെ ചെയ്യണം” എന്നൊക്കെയുള്ള മറുവാദങ്ങളാല്‍ പുറന്തള്ളുക. ഒരു കര്‍ത്തവ്യത്തെ ആരോ നിര്‍ബന്ധിച്ചു ചെയ്യിക്കുന്നതെന്ന മട്ടില്‍ സമീപിക്കുന്നത് ഉദാസീനതക്കിടയാക്കുന്നെങ്കില്‍ “ഇത് ഇപ്പോള്‍ത്തന്നെ ചെയ്തുതീര്‍ക്കണം എന്നത് ഞാന്‍ സ്വയമെടുത്ത തീരുമാനമാണ്” എന്നോ മറ്റോ മാറിച്ചിന്തിക്കുക. കണ്മുമ്പിലുള്ള പണി ഭീമാകാരമാണെങ്കില്‍ അതിനെ ചെറുഭാഗങ്ങളായി വിഭജിച്ച്, “ആയിരം നാഴിക വഴിക്കും അടിയൊന്നാരംഭം” എന്ന പഴഞ്ചൊല്ലൊന്നോര്‍ത്ത്, ഒരു ഭാഗം ചെയ്തുതുടങ്ങുക.
പറ്റില്ലെന്നും പറയാം
താല്‍പര്യമില്ലാത്ത എന്തെങ്കിലും ആവശ്യപ്പെടുന്ന സഹപ്രവര്‍ത്തകരോടു പ്രതികരിക്കാന്‍ മൂന്നു രീതികളുണ്ട്. ഒന്ന്, “എങ്ങിനെ നോ പറയും?!” എന്ന ധര്‍മ്മസങ്കടത്തിനൊടുവില്‍ മനസ്സില്ലാമനസ്സോടെ അക്കാര്യമങ്ങു ചെയ്തുകൊടുക്കുന്ന “വഴങ്ങല്‍”രീതി. രണ്ട്, “ഒരുപിടി പണിയുണ്ട്, വേറെ ആളെ നോക്ക്” എന്നൊക്കെ മുഖത്തടിച്ചു പറയുന്ന “പ്രകോപന”രീതി. ആരോഗ്യകരമായത്, ഇരുവരുടെയും വികാരങ്ങളും അവകാശങ്ങളും മാനിക്കുന്ന “ദൃഢപ്രസ്താവ” (assertive) രീതിയാണ്. “വീട്ടിലെ പ്രശ്നങ്ങള്‍ ഒന്നു തുറന്നുപറഞ്ഞാല്‍ നിനക്ക് ആശ്വാസം കിട്ടുമെന്ന് എനിക്കറിയാം. എന്നാല്‍ ഈ ജോലി മൂന്നുമണിയോടെ തീര്‍ത്തേ പറ്റൂ. ചായസമയത്ത് നിന്‍റെ വിഷമങ്ങള്‍ ഞാന്‍ പരമാവധി കേള്‍ക്കാം” എന്നുപറയുന്നത് ഇതിനുദാഹരണമാണ്. ഈ രീതി അവലംബിക്കുമ്പോള്‍ ചിലതു ശ്രദ്ധിക്കാനുണ്ട്:
- മുഖത്തു നോക്കുക. എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കുക.
- കാര്യം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക.
- പതറാത്ത, ഉറച്ച ശബ്ദത്തില്‍ സംസാരിക്കുക.
- വാക്കുകള്‍ക്കൊപ്പം അനുയോജ്യമായ ശരീരഭാഷയും ഉപയോഗിക്കുക.
- ആവശ്യപ്പെട്ട കാര്യത്തിന്‍റെ ഒരു ഭാഗമോ അതേ ഫലംകിട്ടുന്ന മറ്റെന്തെങ്കിലുമോ ചെയ്തുകൊടുക്കാനാകുമെങ്കില്‍ അതറിയിക്കുക.
മറ്റു വിദ്യകള്‍
- ഇഷ്ടമുള്ള ചിത്രങ്ങളോ ചെടികളോ ഒക്കെ വെച്ച് ഇരിപ്പിടം വ്യക്തിപരമാക്കുക.
- മനസ്സിന് ആവശ്യാനുസരണം ഹ്രസ്വനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക. (ഉദാ:- “ശാന്തനാവ്,” “ഒന്നൂടെ ശ്രമിക്ക്,” “എനിക്കിതു സാധിക്കും”.)
- സഹപ്രവര്‍ത്തകരോടു നല്ല വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുക. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം ശീലമാക്കുക. മറ്റുള്ളവര്‍ക്കു കാതുകൊടുക്കുക. സ്വചിന്തകളെ വ്യക്തതയോടെ പ്രകടിപ്പിക്കുക. നിര്‍ദ്ദേശങ്ങളെയും വിമര്‍ശനങ്ങളെയും മാനിക്കുക. കിട്ടുന്ന സഹായങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കുക. അഭിപ്രായവ്യത്യാസങ്ങളെയും വഴക്കുകളെയും വഷളാവാന്‍ വിടാതിരിക്കുക.
- ശാരീരിക വ്യായാമം മനസ്സന്തോഷത്തിനും ഉത്തമമാണ്.
- പതിവിലും കഠിനമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു മുഴുമിപ്പിക്കുന്നത് മാറ്റങ്ങളെ ഉൾക്കൊള്ളാനും പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവു കൂട്ടും.
- ടെന്‍ഷന്‍ തോന്നുമ്പോള്‍ അഞ്ചുവരെ എണ്ണിക്കൊണ്ട് ദീര്‍ഘശ്വാസം എടുത്തുവിടുക. അല്ലെങ്കില്‍ നേരിട്ടവിടെച്ചെന്നാല്‍ ശാന്തത കിട്ടാറുള്ള ഒരു സ്ഥലം (ബീച്ച്, പൂന്തോട്ടം എന്നിങ്ങനെ) മനസ്സില്‍ സങ്കല്‍പിക്കുക. ദൃശ്യം മാത്രമല്ല, അവിടുത്തെ ശബ്ദങ്ങള്‍, സ്പര്‍ശങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയും മനസ്സിലേക്കു കൊണ്ടുവരിക.
- കടുത്ത മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്കു വിദഗ്ദ്ധ സഹായം ഫലംചെയ്യാം. ചിന്താവൈകല്യങ്ങള്‍` തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കുന്നതും, പാഴ്’ചിന്തകളെ ഉള്‍ക്കൊള്ളാന്‍ പാകത കൈവരുത്തുന്നതുമൊക്കെയായ മനശ്ശാസ്ത്ര ചികിത്സകള്‍ ലഭ്യമാണ്.
തൊഴില്‍ദാതാക്കളറിയാന്‍
- ജോലിയ്ക്ക് എത്തേണ്ടതും തിരിച്ചുപോകുന്നതുമായ സമയത്തെപ്പറ്റി കടുപിടിത്തം ഒഴിവാക്കുക. വര്‍ക്ക് ഫ്രം ഹോം താല്‍പര്യമുള്ളവര്‍ക്ക്, പ്രായോഗികമെങ്കില്‍, അതനുവദിക്കുക.
- ആരുടെ കൂടെ, എന്തു ജോലി, എങ്ങിനെ ചെയ്യുന്നു എന്നു നിശ്ചയിക്കുന്നതിലും ആവുന്നത്ര സ്വാതന്ത്ര്യം കൊടുക്കുക.
- ചിന്തകളും അഭിപ്രായങ്ങളും തുറന്നു വെളിപ്പെടുത്താന്‍ സാഹചര്യമൊരുക്കുക. പേരുവയ്‌ക്കേണ്ടതില്ലാത്ത സര്‍വേകള്‍ ഒരു നല്ല മാര്‍ഗമാണ്.
- തൊഴിലാളികള്‍ക്ക് അടുത്തിടപഴകാന്‍ അവസരം കിട്ടാനായി ഒത്തുകൂടലുകളും മത്സരങ്ങളും ആഘോഷങ്ങളും സന്നദ്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക.
- നേട്ടങ്ങളെ, ചെറിയവയെപ്പോലും, അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
- വീട്ടിലെ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കാം എന്നതിനാല്‍ കുട്ടികളെപ്പോറ്റല്‍, പണം കൈകാര്യംചെയ്യല്‍, വര്‍ക്ക്-ലൈഫ് ബാലന്‍സ് പോലുള്ള വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ ഒരുക്കുക.
- മാനസികസമ്മര്‍ദ്ദത്തെ മെരുക്കാനുള്ള വഴികള്‍, റിലാക്സേഷന്‍ വിദ്യകള്‍, പ്രശ്നപരിഹാര ശേഷി, ആശയവിനിമയം, ടൈം മാനേജ്മെന്‍റ്, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയിലും വൈദഗ്ദ്ധ്യം വളര്‍ത്തുക.
- ശാരീരിക വ്യായാമത്തിനു സൗകര്യമുണ്ടാക്കുക.
- കടുത്ത മാനസികസമ്മര്‍ദ്ദമോ മനോവൈഷമ്യങ്ങളോ ബാധിച്ചവര്‍ക്ക് ചികിത്സ ഏര്‍പ്പെടുത്തുക.
(2023 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.