By ഡോ. ഷാഹുല്‍ അമീന്‍ എം.ഡി. on Friday, 29 August 2025
Category: യൌവനം

വൈവാഹിക പീഡനം: ആത്മഹത്യകള്‍ തടയാം

സ്ത്രീധനത്തെയും മറ്റും കുറിച്ചുള്ള വഴക്കുകളെ തുടര്‍ന്ന്‍ വിവാഹിതകള്‍ ആത്മഹത്യ ചെയ്യുന്ന പല വാര്‍ത്തകളും ഈയിടെ വരികയുണ്ടായി. ദൌര്‍ഭാഗ്യകരമായ ഇത്തരം മരണങ്ങള്‍ തടയാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ പരിചയപ്പെടാം.

യുവതികള്‍ ശ്രദ്ധിക്കേണ്ടത്

പീഡനം എന്നാൽ ശാരീരികം മാത്രമല്ല എന്നറിയുക. വാക്കുകളാലോ വൈകാരികമായോ തളർത്തുക, സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക (ഉദാ:- എവിടെയും പോകാൻ സമ്മതിക്കാതിരിക്കുക, ആവശ്യത്തിനു പണം തരാതിരിക്കുക), നിങ്ങളെയോ കുട്ടികളെയോ കുടുംബത്തെയോ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുക എന്നിവയും പീഡനം തന്നെയാണ്.

മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ, ആഴത്തിൽ ശ്വാസമെടുത്തു വിടുകയോ പ്രശ്നങ്ങൾ ഡയറിയിലോ ഫോണിലോ കുറിച്ചുവെക്കുകയോ ചെയ്യാം. അന്നുണ്ടായ ചെറിയ ചെറിയ നല്ല കാര്യങ്ങൾ എഴുതിവെക്കുന്നത് ദിവസം അത്ര മോശമായിരുന്നില്ല എന്ന ആശ്വാസം ഉളവാകാന്‍ സഹായിക്കും. തനിക്കുള്ള കഴിവുകളെയും സൌഭാഗ്യങ്ങളെയും കുറിച്ച് ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കുന്നത് ആത്മവിശ്വാസം നിലനിൽക്കാൻ സഹായിക്കും. കാര്യങ്ങളുടെ നിയന്ത്രണം കുറേയൊക്കെ തന്‍റെ കയ്യില്‍ത്തന്നെയാണ് എന്ന തോന്നല്‍ കിട്ടാൻ, ദൈനംദിന കൃത്യങ്ങൾക്ക് പറ്റുന്നത്ര ഒരു ടൈംടേബിൾ പാലിക്കാം. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ശക്തി സംരക്ഷിക്കാൻ ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിൽ ശ്രദ്ധിക്കുക.

വിവാഹം തുടരണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പമുണ്ടെങ്കിൽ കൗൺസലിംഗ് സ്വീകരിക്കാം.

ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുക

പീഡകർ ഭാര്യമാരെ എല്ലാവരില്‍നിന്നും ഒറ്റപ്പെടുത്താൻ ശ്രമിക്കാം. വിശ്വസ്തരായ ബന്ധുമിത്രാദികളോട്, രഹസ്യമായിട്ടാണെങ്കിലും, ബന്ധങ്ങൾ നിലനിർത്തുകയോ പുനരാരംഭിക്കുകയോ ചെയ്യുക. നിങ്ങള്‍ പറയുന്നത് വിലയിരുത്തലോ കുറ്റപ്പെടുത്തലോ ചാടിക്കയറിയുള്ള ഉപദേശങ്ങളോ ഇല്ലാതെ ശ്രദ്ധിച്ചു കേൾക്കുന്നവരോട് പ്രശ്നങ്ങൾ പങ്കുവെക്കുക. എല്ലാം സഹിക്കാനാണ് കുടുംബം നിർദ്ദേശിക്കുന്നത് എങ്കിൽ നിങ്ങളുടെ സുരക്ഷയ്ക്ക് മുൻതൂക്കം തരുന്ന മറ്റുള്ളവരുമായി ബന്ധം ശക്തിപ്പെടുത്തുക.

എടുക്കാവുന്ന മുന്‍കരുതലുകള്‍

സാഹചര്യമുണ്ടെങ്കിൽ ഏതെങ്കിലും തൊഴില്‍ പരിശീലിക്കുക. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുക. ചെറിയ സംഖ്യകളെങ്കിലും സേവ് ചെയ്യുക. എന്തെങ്കിലും ചെറിയ ജോലികൾ (ഉദാ:- ട്യൂഷൻ എടുക്കുക, തയ്യൽ) ചെയ്യുന്നത് ജീവിതത്തിന് ഒരു ലക്ഷ്യബോധവും ചെറിയ സാമ്പത്തിക സുരക്ഷയും ആളുകളുമായി ബന്ധങ്ങളും കിട്ടാന്‍ സഹായിക്കും.

അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷയ്ക്കായി എന്തുചെയ്യാമെന്ന മുന്‍ധാരണ വേണം. പ്രധാന രേഖകളും (ഉദാ:- ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവാഹ സർട്ടിഫിക്കറ്റ്) ഫോൺ നമ്പറുകളും അല്പം പണവും എവിടെയെങ്കിലും ഒളിച്ചു വെക്കുക. അത്യാവശ്യം വന്നാൽ ഏതു വഴി പുറത്തുകടന്ന് ഓടിരക്ഷപ്പെടാം എന്നു കണ്ടുവെക്കുക. ആ വഴി മനസ്സിൽ ഇടയ്ക്കിടെ റിഹേഴ്സ് ചെയ്യുക. ശേഷം എവിടെ അഭയം തേടാം എന്നതും പ്ലാന്‍ ചെയ്യുക. അത്യാവശ്യം വരാവുന്ന ഫോൺ നമ്പറുകൾ മനപ്പാഠമാക്കുക.

മദ്യലഹരിയില്‍ നില്‍ക്കുന്നവരോട് ഉപദേശത്തിനോ സങ്കടംപറച്ചിലിനോ ഒന്നും ചെല്ലാതിരിക്കുക.

വിഷാദരോഗം തിരിച്ചറിയണം

താഴെപ്പറയുന്ന ലക്ഷണങ്ങൾ പലതും ദിവസങ്ങളോളം നിലനിന്നാൽ സൈക്യാട്രിസ്റ്റിനെയോ ഡോക്ടറെയോ കാണുക:

മാദ്ധ്യമങ്ങള്‍ ദുസ്സ്വാധീനിക്കാം

സമാന അവസ്ഥയിലുള്ള സ്ത്രീകൾ ജീവനൊടുക്കിയതിന്‍റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളിലൂടെ നിരന്തരം കാണാൻ കിട്ടുന്നത് പല യുവതികൾക്കും അതനുകരിക്കാന്‍ പ്രേരണയാകാറുണ്ട്. അതു തടയാൻ, ടിവിയിലും സോഷ്യല്‍ മീഡിയയിലും മറ്റും പ്രസ്തുത വാർത്തകൾ അധികം നോക്കാതിരിക്കുക. പകരം, അത്തരം പരിസ്ഥിതികളിൽനിന്ന് സ്വധൈര്യം ഉപയോഗിച്ച് രക്ഷപ്പെട്ടവരുടെ ഇന്‍റർവ്യൂവും മറ്റും കാണാം.

ആ വാര്‍ത്തകള്‍ ഇളക്കിവിടുന്ന നെഗറ്റീവ് ചിന്തകളെ മാറ്റിയെഴുതുന്നതും നന്നാകും. ഉദാഹരണത്തിന്, “ഒരു വഴിയും കാണാഞ്ഞിട്ടാവും അവൾ അങ്ങനെ ചെയ്തത്” എന്നതിനെ “ഞാൻ പക്ഷേ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കും, പ്രശ്നം വഷളാവുംമുമ്പേ സഹായം തേടും,” “എന്‍റെ കാര്യം ഇങ്ങിനെയാവാതിരിക്കാനുള്ള നടപടികൾ ഞാന്‍ എടുക്കേണ്ടതുണ്ട്” എന്നൊക്കെയാക്കാം.

ആത്മഹത്യാചിന്ത ശക്തമായാല്‍

ഉടനെ ഒരു ഹെൽപ്പ്ലൈനിൽ വിളിക്കുക (ഉദാ:- ടെലിമാനസ്: 14416, ഐ-കാള്‍:  9152987821). അത്തരം ചിന്തകള്‍ ഇനിയും കടന്നുവരാവുന്ന നേരങ്ങൾക്കായി ചില മുൻകരുതലുകൾ എടുക്കുകയും ചെയ്യാം:

മാതാപിതാക്കള്‍ക്കു ചെയ്യാനുള്ളത്

കുറ്റപ്പെടുത്തലുകളോ മറുചോദ്യങ്ങളോ ഇല്ലാതെ, മകള്‍ പറയുന്നത് മനസ്സു തുറന്ന് കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുക. “ആണുങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കും,” “കുറച്ചെല്ലാം അഡ്ജസ്റ്റ് ചെയ്യണം” എന്നൊക്കെപ്പറഞ്ഞ് അവരുടെ അനുഭവത്തിന്‍റെ തീക്ഷ്ണത കുറച്ചു കാട്ടാതിരിക്കുക. പകരം, “നീ ഇതൊന്നും അർഹിക്കുന്നില്ല,” “സുരക്ഷയോടെ ജീവിക്കാനുള്ള അവകാശം തീര്‍ച്ചയായും നിനയ്ക്കുണ്ട്,” “എന്തുതന്നെ സംഭവിച്ചാലും നിനക്ക് ഞങ്ങൾ ഉണ്ട്” “മറ്റുള്ളവരുടെ അഭിപ്രായമല്ല, നിന്‍റെ ജീവനാണ് പ്രധാനം,” “എല്ലാം തുറന്നു പറയാൻ നീ കാണിച്ച ഈ ധൈര്യം അപാരമാണ്” എന്നൊക്കെയുള്ള ആശ്വാസവാക്കുകൾ കൊടുക്കാം. പീഡനങ്ങൾ ഒരിക്കലും അവളുടെ കുറ്റം കൊണ്ടല്ല, സുരക്ഷിതത്വത്തിന് എപ്പോൾ വേണമെങ്കിലും വീട്ടിലേക്കു വരാം എന്നെല്ലാം ധൈര്യം പകരാം. ഇതൊക്കെ ലജ്ജയും കുറ്റബോധവും ആത്മഹത്യാ പ്രവണതയും കുറയാനും മാനസികാരോഗ്യം മെച്ചപ്പെടാനും സഹായമാകും. നേരത്തേ പറഞ്ഞ പോലെ അടിയന്തര ഘട്ടങ്ങളിൽ മാറിത്താമസിക്കാനും പ്രധാന രേഖകൾ സൂക്ഷിക്കാനും പറ്റിയ സ്ഥലങ്ങൾ കണ്ടുപിടിക്കാനും, ബന്ധങ്ങളില്‍ ഏര്‍പ്പെടാനും, വല്ല കോഴ്സിനോ ജോലിക്കോ ചേരാനും നിങ്ങളും സഹായിക്കുക. “കുട്ടികളെ വിചാരിച്ചു മടങ്ങിപ്പോ,” “നാട്ടുകാര്‍ എന്തു കരുതും?!,” വിവാഹമോ കുടുംബത്തിന്‍റെ പേരോ നശിപ്പിച്ചു എന്നൊന്നും പറയാതിരിക്കുക.

ഭർതൃവീട്ടിൽ തുടരുന്നതു സുരക്ഷിതമോ എന്നത് ഇടയ്ക്കിടെ വിലയിരുത്തുക. അവളുടേതിനേക്കാൾ നിങ്ങളുടെ വാക്കുകള്‍ക്ക് ഭർത്താവും വീട്ടുകാരും വിലകൽപ്പിച്ചേക്കാം എന്നതിനാൽ അവരുമായി ചർച്ചകൾക്കു മുൻകൈയെടുക്കുക. ഇടയ്ക്ക് അവിടെ പോകുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നതും വയലൻസ് വഷളാകാതിരിക്കാൻ സഹായിക്കാം.

കടുത്ത ആത്മഹത്യാ പ്രവണതയുടെ സൂചനകൾ തിരിച്ചറിയുക: എല്ലാറ്റിലും പ്രതീക്ഷ നഷ്ടപ്പെടുക, തനിക്ക് ആരുമില്ലെന്നോ ഞാനില്ലെങ്കിൽ എല്ലാവർക്കും സമാധാനമാകുമെന്നോ എപ്പോഴും പറയുക, ഏറെ നിരാശ കാണിച്ചിരുന്ന ആളുടെ മുഖത്ത് പെട്ടെന്ന് വല്ലാത്തൊരു ശാന്തത പ്രകടമാവുക തുടങ്ങിയവ അവഗണിക്കരുത്.

നിങ്ങള്‍ക്കൊപ്പം കുറച്ചുകാലം താമസിച്ച ശേഷം മകള്‍ തിരിച്ചു പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കിൽ, വിശേഷിച്ച് അതിന് യുക്തിസഹമായ കാരണങ്ങൾ (ഉദാ:- കുട്ടികളുടെ പഠിത്തം, ഭർത്താവ് മാറുമെന്ന സൂചനകൾ) നിരത്തുന്നുവെങ്കിൽ, എതിർക്കാതിരിക്കുക. സ്വന്തം ഈഗോ മാറ്റിവെക്കുക. പിന്നീടെപ്പോഴെങ്കിലും തിരിച്ചുപോരണമെന്നു തോന്നിയാല്‍ അതിനു സ്വാതന്ത്ര്യമുണ്ടെന്ന ധൈര്യം കൊടുക്കുക.

ആണ്മക്കളുള്ളവര്‍ അറിയാന്‍

ആൺകുട്ടികളെ കോപം നിയന്ത്രിക്കുന്നവരും സ്ത്രീകളെ ബഹുമാനിക്കുന്നവരും തുല്യരായി കാണുന്നവരും ആയി വളർത്താന്‍ അച്ഛനമ്മമാർക്കു പലതും ചെയ്യാനുണ്ട്:

ബാല്യത്തില്‍

അച്ഛനമ്മമാർ ബഹുമാനത്തോടെ പരസ്പരം സംസാരിക്കുന്നതും പ്രശ്നങ്ങൾ ഒറ്റക്കെട്ടായി പരിഹരിക്കുന്നതും അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന ചർച്ചകളിലൂടെയും ശാന്തതയോടെയും വിട്ടുവീഴ്ചകളിലൂടെയും മറികടക്കുന്നതും കണ്ടു വളരാൻ അവസരം കൊടുക്കുക. ആൺകുട്ടികൾക്ക് പെൺമക്കളെക്കാൾ സ്നേഹവും പരിഗണനയും കൊടുത്തു കാണിക്കാതിരിക്കുക.

മറ്റുള്ളവരുടെ ശാരീരികമോ വൈകാരികമോ ആയ അതിർവരമ്പുകളെ മാനിക്കാൻ പരിശീലിപ്പിക്കുക. ഇത്, മറ്റൊരാളുടെ കളിപ്പാട്ടം എടുക്കുംമുമ്പ് അനുവാദം ചോദിക്കണം എന്നതുവെച്ച് തുടങ്ങാം. ആരോടെങ്കിലും ബഹുമാനക്കുറവോ അക്രമമോ കാണിച്ചാല്‍ മകന് ഇഷ്ടമുള്ള എന്തെങ്കിലും (ഉദാ:- ടിവി, കളിക്കാനുള്ള അവസരം) കുറച്ചുനേരത്തേക്കു തടഞ്ഞുവെച്ച് അത്തരം പെരുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്തുക. തെറിവിളിയോ ഒരാളെ അടിച്ചമർത്തുന്നതോ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന തമാശകളോ ഓക്കെയല്ല എന്ന മനോഭാവം വളര്‍ത്തുക. “പെണ്ണുങ്ങളെപ്പോലെ പെരുമാറല്ലേ,” “ച്ഛേ, ആൺകുട്ടിയായിട്ടു കരയുന്നോ?!” “ആൺകുട്ടികളായാൽ ഇത്തിരി അടിപിടിയൊക്കെ ഉണ്ടാക്കും” എന്നെല്ലാമുള്ള സംസാരങ്ങൾ ഒഴിവാക്കുക.

കൗമാരത്തില്‍

ഒരാളെ ചൊൽപ്പടിക്കു നിർത്തുന്നത് സ്നേഹത്തിന്‍റെ സൂചനയല്ല, മറ്റൊരാളുടെ ശ്രദ്ധയോ സ്നേഹമോ അനുസരണയോ നമ്മുടെ അവകാശമല്ല, ബന്ധങ്ങൾ എന്നാൽ പങ്കാളിത്തമാണ് അല്ലാതെ ഉടമസ്ഥാവകാശമല്ല എന്നൊക്കെ ബോദ്ധ്യപ്പെടുത്താം. അമിതകോപമോ അക്രമങ്ങളോ കാട്ടുമ്പോൾ “പറഞ്ഞല്ലേ ഉള്ളൂ, അടിച്ചൊന്നും ഇല്ലല്ലോ” എന്നൊക്കെ ന്യായീകരിക്കാതിരിക്കുക. സിനിമകളിലും മറ്റുമുള്ള ആരോഗ്യകരവും അല്ലാത്തതുമായ ബന്ധങ്ങൾ ചർച്ചക്കെടുക്കുക. സിനിമാരംഗങ്ങളും മറ്റും ഉപയോഗിച്ച്, “അപ്പോൾ ആ യുവതിയ്ക്ക് എന്താകും തോന്നിയിട്ടുണ്ടാവുക?” എന്നൊക്കെ ചോദിക്കുന്നത് കാര്യങ്ങളെ മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള പ്രവണത കൂട്ടും. ഹോബികളിലും മറ്റും ഏർപ്പെട്ട് സ്വയംമതിപ്പു വളർത്താൻ സഹായിക്കുന്നത് അതിനുവേണ്ടി ഒരാളെ ഭരിക്കേണ്ട ആവശ്യം ഇല്ലാതാക്കും. ദേഷ്യം വരുമ്പോൾ ദീര്‍ഘശ്വാസം എടുത്തുവിടാനോ നടക്കാനോ പാട്ടുകേൾക്കാനോ ആരോടെങ്കിലും സംസാരിക്കാനോ നിര്‍ദ്ദേശിക്കാം.

സ്ത്രീധനം, ഭാര്യയേക്കാള്‍ തനിക്ക് മേല്‍ക്കൈ ഉണ്ട് എന്ന ധാരണ സൃഷ്ടിക്കാമെന്നതിനാൽ നിരുത്സാഹപ്പെടുത്തുക.

(2025 ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Related Posts

Leave Comments