“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകില്ലാ ബ്രൊ, നല്ല ആഴത്തിൽ മുറിക്ക്...” “കാലത്തേതന്നെ ഞരമ്പ് മുറിച്ച് പോരും, ഫെയ്സ്ബുക്ക് വൃത്തികേടാക്കാൻ. ലവനെയൊക്കെ ഇട്ടേച്ച് ലവള് പോയില്ലെങ്കിലേ അത്ഭുതമൊള്ളൂ!” “മുറിച്ചാല്‍ അങ്ങു ചത്താല്‍ പോരേ? എന്തിന് ഇവിടെ ഇടുന്നു? കഷ്ടം!”
സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന ഒരു കാര്‍ട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ “ഇന്നെന്താ ഉറങ്ങുന്നില്ലേ?” എന്നന്വേഷിക്കുമ്പോള്‍ സ്ക്രീനില്‍നിന്നു കണ്ണുപറിക്കാതെ അയാള്‍ പറയുന്നു: “ദേ, ഇന്‍റര്‍നെറ്റിലൊരാള്‍ പൊട്ടത്തരം വിളമ്പുന്നു; അങ്ങേരെയൊന്നു വാസ്തവം ബോദ്ധ്യപ്പെടുത്തിയിട്ട് ഇപ്പൊ വരാം!”
“ടെക്‌നോളജി വല്ലാത്തൊരു സാധനമാണ് — അത് ഒരു കൈ കൊണ്ട് നമുക്ക് വലിയവലിയ സമ്മാനങ്ങള്‍ തരികയും മറ്റേക്കൈ കൊണ്ട് നമ്മുടെ പുറത്തു കുത്തുകയും ചെയ്യും.”: കാരീ സ്നോ
കമ്പ്യൂട്ടറുകള്‍ക്കും ഇന്‍റര്‍നെറ്റിനും സ്മാര്‍ട്ട്ഫോണുകള്‍ക്കുമൊക്കെ നമ്മുടെ ജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനായത് വലിയ ചെലവില്ലാതെയും ഞൊടിനേരത്തിലും ആശയവിനിമയം നടത്താനും വിവരങ്ങള്‍ ശേഖരിക്കാനുമെല്ലാം ചരിത്രത്തില്‍ സമാനതകളില്ലാത്ത അവസരങ്ങള്‍ നമുക്കായി ഒരുക്കാന്‍ അവക്കായതു കൊണ്ടാണ്. എന്നാല്‍ അവയുടെയിതേ സവിശേഷതകള്‍തന്നെ നിര്‍ഭാഗ്യവശാല്‍ ചില അനാരോഗ്യ പ്രവണതകള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുമുണ്ട്. അങ്ങിനെ ചില കുഴപ്പങ്ങളും അവക്കെതിരെ ഉയര്‍ത്താവുന്ന കുറച്ചു “ഫയര്‍വാളു”കളും ആണ് ഈ ലേഖനത്തിന്‍റെ വിഷയം. ഇത്തരം കാര്യങ്ങളിലെ അവബോധം നമുക്ക് നൂതനസാങ്കേതികവിദ്യകളുടെ ഗുണഫലങ്ങളെ ആരോഗ്യനാശമില്ലാതെ ആസ്വദിച്ചുകൊണ്ടിരിക്കാനുള്ള പ്രാപ്തി തരും.
ആദ്യം, ഡിജിറ്റല്‍ലോകമുളവാക്കുന്ന ചില വൈകാരികപ്രശ്നങ്ങളെ പരിചയപ്പെടാം.
“പ്രിയ ഡോക്ടര്‍, ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള ഒരു യുവാവാണ്. ഒരു ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്നു. ഫേസ്ബുക്ക്നോട്ടം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. അഞ്ചുമിനിട്ടില്‍ ഒരിക്കലെങ്കിലും ഫോണ്‍ എടുത്ത് ഫേസ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. മറ്റൊന്നിനും എനിക്ക് സമയംകിട്ടാതായിരിക്കുന്നു. വേറൊരു കാര്യവും ചെയ്യാന്‍ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടക്കുംമുമ്പ് എന്‍റെ ന്യൂസ്ഫീഡ് ഒരാവര്‍ത്തികൂടി നോക്കും. ഉണര്‍ന്നാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്‍റുകള്‍ വന്നു എന്നൊക്കെ പരിശോധിക്കുകയാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടൊത്ത് ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിലെന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും യാതൊരുത്സാഹവും തോന്നാതായിരിക്കുന്നു. എങ്ങിനെയെങ്കിലും എന്നെ ഇതില്‍ നിന്നൊന്നു രക്ഷപ്പെടുത്തിത്തരണം.”
- ആനന്ദ്, കാക്കനാട്.
“ഈയിടെയൊരു കമ്പ്യൂട്ടറും വാങ്ങി ഇന്‍റര്‍നെറ്റിനെപ്പറ്റി ആരോടൊക്കെയോ ചോദിച്ചറിയുന്നത് കണ്ടപ്പൊ ഞാന്‍ വിചാരിച്ചത് ഈ മനുഷ്യന്‍ കള്ളുകുടിയൊക്കെ നിര്‍ത്തി എന്തോ നല്ല കാര്യം തൊടങ്ങാമ്പോവ്വ്വാന്നാ. പക്ഷേ ഇപ്പൊ നേരോം മുഹൂര്‍ത്തോം ഒന്നും നോക്കാതെ, പിള്ളേര് വീട്ടിലൊണ്ട് എന്ന ഒരു ബോധോം ഇല്ലാതെ, ഡോക്ടറോടു പറയാന്‍ കൊള്ളില്ലാത്ത ഓരോ സിനിമേം കണ്ട് ഇരിപ്പാ…”
“ആ മെഷീന്‍ സ്മോക്കും പോയിസന്‍സും ഒക്കെ ഫില്‍റ്റര്‍ ചെയ്ത് പ്യുവര്‍ കഞ്ചാവു മാത്രം വലിച്ചെടുക്കാന്‍ തരും എന്നാ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ക്കണ്ടത്. അതാ നെറ്റുവഴിത്തന്നെ അതു വാങ്ങി കഞ്ചാവ് അതിലിട്ട് സ്മോക്ക്‌ചെയ്യാന്‍ തുടങ്ങിയത്. ഇത്രേം പ്രോബ്ലംസൊന്നും ഞാന്‍ ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല.”
“ഞാനെന്‍റെ മുഴുവന്‍ പാസ്സ്‌വേഡും അവനു പറഞ്ഞു കൊടുത്തതാ. പക്ഷേ അവന്‍ അവന്‍റേതൊന്നും എനിക്ക് പറഞ്ഞു തരുന്നേയില്ല. സ്നേഹമില്ലാഞ്ഞിട്ടല്ലേ… അതാ ഞാന്‍ കൈമുറിച്ചത്.”
കേവലം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഫേസ്ബുക്കിന് ഈ കാലയളവിനുള്ളില്‍ കൈവരിക്കാനായ വളര്‍ച്ച സമാനതകളില്ലാത്തതാണ്. നൂറ്റിയിരുപത്തെട്ടു കോടി അംഗങ്ങളും പതിനയ്യായിരം കോടി സൌഹൃദങ്ങളും അടങ്ങുന്ന ഈ സൈറ്റിനാണ് ലോകം ഇന്ന് ഇന്‍റര്‍നെറ്റില്‍ ചെലവിടുന്ന മൊത്തം സമയത്തിന്‍റെ പതിനാറു ശതമാനത്തോളം ലഭിക്കുന്നത്. ഫേസ്ബുക്ക് വിവിധ സമൂഹങ്ങളിലും നമ്മുടെ മനസ്സുകളിലും ഉളവാക്കുന്ന നല്ലതും ചീത്തയുമായ അനുരണനങ്ങളെപ്പറ്റി മനശ്ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബന്ധങ്ങളെയും സമൂഹത്തിനു മുന്നില്‍ നാം നമ്മെയവതരിപ്പിക്കുന്ന രീതികളെയുമൊക്കെക്കുറിച്ച് പ്രസ്തുത പഠനങ്ങള്‍ തരുന്ന ഉള്‍ക്കാഴ്ചകളെ ഒന്നു പരിചയപ്പെടാം.