കമ്പ്യൂട്ടറാല്‍ സൃഷ്ടിക്കപ്പെടുന്ന, 3D-യിലുള്ള, യഥാര്‍ത്ഥലോകത്തിന്‍റെ പ്രതീതിയുളവാക്കുന്ന, നമുക്കവിടെ ഇടപെടലുകള്‍ നടത്താവുന്ന മായികലോകങ്ങളാണ് വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍). വി.ആര്‍ ലോകങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കാന്‍ ഉപയോഗിക്കപ്പെടുന്നത് കണ്ണുകളെ മൂടുന്ന ഹെഡ്സെറ്റും സ്റ്റീരിയോ ഹെഡ്ഫോണുകളും സെന്‍സറുകള്‍ ഘടിപ്പിച്ച കയ്യുറകളും നാമേതു ദിശയിലേക്കാണോ നോക്കുന്നത്, അതിനനുസരിച്ച് നാലുദിക്കിലെയും കാഴ്ചകളെ ക്രമപ്പെടുത്തുന്ന ടെക്നോളജിയുമൊക്കെയാണ്. ഏതാനും വര്‍ഷം മുമ്പുവരെ ഏറെ വിലപിടിപ്പുണ്ടായിരുന്ന വി.ആര്‍. ഉപകരണങ്ങള്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇത്, രോഗീപരിശോധനയിലും ചികിത്സയിലും വി.ആര്‍ ഉപയുക്തമാക്കപ്പെടാനും മറുവശത്ത് വി.ആറിന്‍റെ ദൂഷ്യഫലങ്ങള്‍ കൂടുതല്‍പ്പേരില്‍ ഉളവാകാനും കളമൊരുക്കിയിട്ടുമുണ്ട്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“നെറ്റിലെ ചൂതാട്ടം യുവതിക്ക് നാല്‍പതുലക്ഷത്തോളം രൂപ കടമുണ്ടാക്കി”, “ഓണ്‍ലൈന്‍ ചൂതാട്ടം വരുത്തിവെച്ച സാമ്പത്തികപ്രശ്നത്താല്‍ യുവാവ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ചു” എന്നൊക്കെയുള്ള വിദേശവാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടവും അതിന്‍റെ പ്രത്യാഘാതങ്ങളും ഇന്നുപക്ഷേയൊരു വിദൂരപ്രതിഭാസമേയല്ല — എറണാകുളം ജില്ലയിലെ 58 കോളേജുകളിലെ 5,784 വിദ്യാര്‍ത്ഥികളില്‍ നടത്തിയ, ‘ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്ക്യാട്രി ഓപ്പണ്‍’ എന്ന ജേര്‍ണലിന്‍റെ മേയ് ലക്കത്തില്‍ വന്ന പഠനം ഓണ്‍ലൈന്‍ ചൂതാട്ടം അഡിക്ഷനായിക്കഴിഞ്ഞ മുപ്പത്തിരണ്ടും നെറ്റില്‍ ചൂതാടാറുള്ള വേറെയും ഇരുപത്തിരണ്ടും പേര്‍ അക്കൂട്ടത്തിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി.
കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നിലുള്ളതോ, പതിഞ്ഞുകഴിഞ്ഞ ശീലങ്ങളില്‍നിന്നു പുറംകടക്കാനുള്ള വൈമനസ്യവും “പാടുപെട്ട് പുതുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടിപ്പൊ എന്താണിത്ര പ്രയോജന”മെന്ന മനസ്ഥിതിയുമൊക്കെയാണ്. ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടിത്തുടങ്ങിയപ്പോള്‍, വിവിധ ആശയങ്ങളെയും ചിന്താഗതിക്കാരെയും അനായാസം കണ്ടുമുട്ടാന്‍ അവിടെ അവസരമുള്ളതിനാല്‍ത്തന്നെ, ഈയൊരവസ്ഥക്കു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് സൂചനകള്‍. ഉദാഹരണത്തിന്, അറുപത്തേഴ് ഫേസ്ബുക്ക് പേജുകളിലെ അഞ്ചുവര്‍ഷത്തെ പോസ്റ്റുകള്‍ വിശകലനം ചെയ്തയൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, അവിടെയൊക്കെ മിക്കവരും സ്വതാല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം കൂട്ടുകൂടുകയും എതിര്‍ചിന്താഗതികളെ തീര്‍ത്തും അവഗണിക്കുകയും വല്ലാത്ത ധ്രുവീകരണത്തിനു വിധേയരാവുകയും ആണെന്നാണ്.
“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ് എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.
“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ
വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.
“ഇന്‍റര്‍നെറ്റ് കള്ളംപറയുകയേയില്ല.” – എബ്രഹാം ലിങ്കണ്‍
സോഷ്യല്‍മീഡിയയിലെ ഷെയറുകളേറെയും അടിസ്ഥാനരഹിതവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും ഹാനികരവുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തിനിടയില്‍ മുതലകള്‍ പുറത്തുചാടിയെന്നപോലുള്ള നുണക്കഥകള്‍. സെല്‍ഫീഭ്രമത്തെ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ മനോരോഗമായി പ്രഖ്യാപിച്ചെന്നപോലുള്ള വ്യാജ ആരോഗ്യവാര്‍ത്തകള്‍. മസ്തിഷ്കാഘാതബാധിതനായ പോലീസുകാരന്‍ ഡല്‍ഹിമെട്രോയില്‍ വേച്ചുപോവുന്നത് കുടിച്ചുലക്കുകെട്ടതിനാലാണെന്നപോലുള്ള വ്യക്ത്യധിക്ഷേപങ്ങള്‍. ഇന്‍റര്‍നെറ്റ് വികസിപ്പിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടിലേറെമുമ്പ് മണ്മറഞ്ഞുപോയ ലിങ്കണ്‍ന്‍റെ പേരില്‍ തുടക്കത്തില്‍ക്കൊടുത്തതു പോലുള്ള കപടോദ്ധരണികള്‍. ഇവ്വിധത്തിലുള്ള ഒട്ടനവധി കിംവദന്തികളും പച്ചക്കള്ളങ്ങളും വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അരങ്ങുതകര്‍ക്കുകയും മനക്ലേശങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും വര്‍ഗീയകലാപങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.
സോഷ്യല്‍മീഡിയയിലെ ദുഷ്പെരുമാറ്റക്കാരെപ്പറ്റി നിരന്തരം പ്രകടിപ്പിക്കപ്പെട്ടുകാണുന്ന ഒരു അസംബന്ധനിഗമനമാണ്, അവര്‍ക്കെല്ലാം മനോരോഗമാണെന്നത്. സാധാരണന്മാരുടെ പോസ്റ്റുകളും കമന്‍റുകളും കടന്ന് ഈയൊരാരോപണം പ്രമുഖവ്യക്തികളും മുഖ്യധാരാമാധ്യമങ്ങളും പോലും ഏറ്റുപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയിലെ വഴിവിട്ട പ്രതികരണങ്ങളെപ്പറ്റി ഒരഭിനേതാവിട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ തലക്കെട്ട് “സോഷ്യൽമീഡിയയിൽ മലയാളിക്ക് മനോരോഗം” എന്നും, എഫ്ബിയില്‍ വൃഥാ അധിക്ഷേപങ്ങള്‍ക്കിരയായ പ്രശസ്തവ്യക്തിയുടെ പത്രലേഖനത്തിന്‍റെ തലക്കെട്ട് “സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥ: കേരളത്തില്‍ പടരുന്ന മനോരോഗം” എന്നും ആയിരുന്നു. “എല്ലാ ദുരന്തമേഖലകളിലേക്കും മൊബൈല്‍ഫോണ്‍ പൊക്കിപ്പിടിച്ച് ആര്‍ത്തിയോടെ എത്തുന്നവര്‍ക്കു മനോരോഗമല്ലാതെ മറ്റെന്താണ്?” എന്നായിരുന്നു ഒരു പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഈയിടെ ചോദിച്ചത്.
ഇതൊരു നിരുപദ്രവകരമായ പ്രവണതയല്ല.
“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്
1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?
സ്വന്തം കൈത്തണ്ട മുറിച്ച് അതില്‍നിന്നു രക്തമിറ്റുന്നതിന്‍റെ ഫോട്ടോ ഒരു മലയാളി ചെറുപ്പക്കാരന്‍ പോസ്റ്റ്‌ചെയ്തത് ഈയിടെ ഫേസ്ബുക്കില്‍ കാണാന്‍ കിട്ടി; ഒപ്പം ഇത്തരം കുറേ കമന്‍റുകളും: “ഇങ്ങനെ മുറിച്ചാൽ ചാകില്ലാ ബ്രൊ, നല്ല ആഴത്തിൽ മുറിക്ക്...” “കാലത്തേതന്നെ ഞരമ്പ് മുറിച്ച് പോരും, ഫെയ്സ്ബുക്ക് വൃത്തികേടാക്കാൻ. ലവനെയൊക്കെ ഇട്ടേച്ച് ലവള് പോയില്ലെങ്കിലേ അത്ഭുതമൊള്ളൂ!” “മുറിച്ചാല്‍ അങ്ങു ചത്താല്‍ പോരേ? എന്തിന് ഇവിടെ ഇടുന്നു? കഷ്ടം!”