ജനനനിരക്കു കുറയുന്നതിനാലും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. അറുപതു തികഞ്ഞവര്‍ ലോകത്ത് 2019-ല്‍ നൂറു കോടിയായിരുന്നെങ്കില്‍ 2050-ഓടെ അതിന്‍റെയിരട്ടിയാകുമെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ യുവാക്കളും മദ്ധ്യവയസ്കരും ആരോഗ്യപൂര്‍ണമായൊരു വാര്‍ദ്ധക്യത്തിനു തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.

വാര്‍ദ്ധക്യത്തില്‍ സാധാരണവും ഏറെ കഷ്ടപ്പാടുകള്‍ വരുത്തുന്നതുമായൊരു പ്രശ്നമാണ് ഡെമന്‍ഷ്യ (മേധാക്ഷയം). ഓര്‍മശക്തിയും തലച്ചോര്‍ പ്രദാനം ചെയ്യുന്ന മറ്റു പല കഴിവുകളും ദുര്‍ബലമാവുകയാണ് ഇതില്‍ സംഭവിക്കുന്നത്. തൊട്ടുമുമ്പ് എന്തു നടന്നുവെന്നത് ഓര്‍ത്തിരിക്കാനും മുഖങ്ങളോ സ്ഥലങ്ങളോ തിരിച്ചറിയാനും ഡെമന്‍ഷ്യാ ബാധിതര്‍ക്കു ബുദ്ധിമുട്ടുണ്ടാകാം. ഒപ്പം, എഴുതാനും വായിക്കാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനുമൊക്കെയുള്ള കഴിവുകളും നഷ്ടമാവുകയും പല പെരുമാറ്റപ്രശ്നങ്ങളും തലപൊക്കുകയും ചെയ്യാം. ലോകത്ത് അഞ്ചു കോടിയോളം പേര്‍ക്കു ഡെമന്‍ഷ്യയുണ്ട്, ഈ സംഖ്യ ഓരോ ഇരുപതു വര്‍ഷത്തിലും ഇരട്ടിയാകും എന്നൊക്കെയാണു കണക്കുകള്‍. നമ്മുടെ കേരളത്തില്‍ത്തന്നെ നിലവില്‍ രണ്ടുലക്ഷത്തിലേറെ ഡെമന്‍ഷ്യാരോഗികളുണ്ട്. ഒരിക്കല്‍ സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞാല്‍ ഡെമന്‍ഷ്യ വഷളാകുന്നതു തടയാന്‍ വലിയ ഫലപ്രദമായ മരുന്നുകളൊന്നും നിലവിലില്ല താനും. ഇതൊക്കെ, ഡെമന്‍ഷ്യക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകതയ്ക്കും പ്രാധാന്യത്തിനും അടിവരയിടുന്നുണ്ട്.

എങ്ങിനെ സംഭവിക്കുന്നു?

ഡെമന്‍ഷ്യ ബാധിതരില്‍ എഴുപതു ശതമാനവും എഴുപത്തഞ്ചു പിന്നിട്ടവരാണ്. അതേസമയം, പ്രായമായ ഏവര്‍ക്കും ഡെമന്‍ഷ്യ കാണണമെന്നുമില്ല — നൂറു വയസ്സു തികച്ചവരില്‍പ്പോലും നല്ലൊരു പങ്ക് ഡെമന്‍ഷ്യക്കു പിടികൊടുക്കാതുണ്ട്. പ്രായമായ ഒരാള്‍ക്ക് ഡെമന്‍ഷ്യ വരുമോ എന്നു നിര്‍ണയിക്കുന്ന പല ഘടകങ്ങളുമുണ്ട്.

ഡെമന്‍ഷ്യ സംജാതമാകുന്നത് മസ്തിഷ്കകോശങ്ങള്‍ നശിക്കുമ്പോഴാണ്. ഇതു സംഭവിക്കുന്നത് മുഖ്യമായും രണ്ടു കാരണങ്ങളാലുമാണ്. പിടിപ്പതു ജോലിയുള്ള ഒരവയവം എന്ന നിലയ്ക്ക് തലച്ചോറിന് ഏറെ ഗ്ലൂക്കോസും ഓക്സിജനും മറ്റു പോഷകങ്ങളും ആവശ്യമാകുന്നുണ്ട്. ഇതെല്ലാം ലഭ്യമാകുന്നതു രക്തം വഴിയുമാണ്‌. ശരീരത്തിന്‍റേതിന്‍റെ മൂന്നു ശതമാനത്തില്‍ത്താഴെ ഭാരമേ തലച്ചോറിനുള്ളൂവെങ്കിലും ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്‍റെ ഇരുപതു ശതമാനത്തോളം അതിനു വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയും രക്തപ്രവാഹത്തെയും അവതാളത്തിലാക്കുന്ന പല പ്രശ്നങ്ങളും ഡെമന്‍ഷ്യയ്ക്കു വഴിവെക്കുന്നുണ്ട്.

ചില വിഷപദാര്‍ത്ഥങ്ങള്‍ കാലക്രമത്തില്‍ തലച്ചോറില്‍ കുമിഞ്ഞുകൂടുന്നതാണ് ഡെമന്‍ഷ്യയിലേക്കു നയിക്കുന്ന രണ്ടാമതൊരു പ്രധാന പ്രശ്നം. വിവിധ തരം ഡെമന്‍ഷ്യകളുള്ളതില്‍വെച്ച് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമായ അല്‍ഷീമേഴ്സില്‍ മസ്തിഷ്കഭാഗങ്ങള്‍ നശിച്ചുപോകുന്നത് മുഖ്യമായും ഈ രീതിയിലാണ്.

അപായഘടകങ്ങള്‍

ഡെമന്‍ഷ്യയുടെ ബാഹ്യലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുക പ്രായമെത്തിയതിനു ശേഷം മാത്രമാകാമെങ്കിലും അതിനു പിന്നിലുള്ള മസ്തിഷ്ക വ്യതിയാനങ്ങള്‍ക്കു പക്ഷേ പതിറ്റാണ്ടുകള്‍ മുമ്പേ നാന്ദിയാകുന്നുണ്ട്. അതുകൊണ്ടുതന്നെ, വിവിധ പ്രായങ്ങളില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് ഭാവിയില്‍ ഡെമന്‍ഷ്യ പിടിപെടാനുള്ള സാദ്ധ്യത കുറയ്ക്കും. ഏതൊരു രോഗത്തെയും പ്രതിരോധിക്കാന്‍, ആദ്യം അതു വരാനുള്ള സാദ്ധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്തരം ഘടകങ്ങളെ, നമുക്കു നിയന്ത്രിക്കുക സാദ്ധ്യമായവയും അങ്ങിനെയല്ലാത്തവയും എന്നു വിഭജിക്കാറുണ്ട്. ഡെമന്‍ഷ്യയുടെ കാര്യത്തില്‍, നമുക്കു നിയന്ത്രിക്കാനാവാത്ത ഘടകങ്ങള്‍ പാരമ്പര്യവും പ്രായവുമാണ്. ഉദാഹരണത്തിന്, ചില ജനിതകപ്രശ്നങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക്, തന്മൂലം മുമ്പു പറഞ്ഞ വിഷപദാര്‍ത്ഥങ്ങളുടെ കുമിഞ്ഞുകൂടല്‍ ത്വരിതപ്പെടുന്നതിനാല്‍, അല്‍ഷീമേഴ്സ് രോഗസാദ്ധ്യത അമിതമാകുന്നുണ്ട്. അതുപോലെതന്നെ, അറുപത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ഓരോ അഞ്ചു വര്‍ഷം പിന്നിടുമ്പോഴും അല്‍ഷീമേഴ്സ് രോഗത്തിനുള്ള സാദ്ധ്യത ഇരട്ടിയാകുന്നുമുണ്ട്.

ഈ രണ്ടു വിഷയങ്ങളിലും ഒരു കൈകടത്തലും പ്രതിരോധത്തിനായി നമുക്കു നിലവില്‍ ചെയ്യാനില്ലെങ്കിലും മറ്റു പല ഘടകങ്ങളുടെയും കാര്യം അങ്ങിനെയല്ല.

നവലക്ഷ്യങ്ങള്‍

മുന്‍നിര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നിയമിച്ച ഒരു കമ്മീഷന്‍ കണ്ടെത്തിയത്, വിവിധ പ്രായങ്ങളിലായി ഒമ്പതു ഘടകങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഡെമന്‍ഷ്യയുടെ ആവിര്‍ഭാവം മൂന്നിലൊന്നോളം പേരില്‍ തടയാമെന്നാണ്:

മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഡെമന്‍ഷ്യാനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും പല വികസിത രാജ്യങ്ങളിലും അതു കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖലയിലും പ്രമേഹത്തിന്‍റെയും രക്താതിസമ്മര്‍ദ്ദത്തിന്‍റെയും ചികിത്സയിലും ഉണ്ടായ മുന്നേറ്റങ്ങളാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അവ പ്രവര്‍ത്തിക്കുന്നത്

ഹൈസ്ക്കൂള്‍തലം വരെ പഠിച്ചവര്‍ക്ക് ഡെമന്‍ഷ്യാസാദ്ധ്യത കുറവാകുന്നുണ്ട്. മസ്തിഷ്കകോശങ്ങളുടെ എണ്ണത്തെയും വലിപ്പത്തെയും അവ തമ്മിലുള്ള കണക്ഷനുകളെയും വിദ്യാഭ്യാസം ഉത്തേജിപ്പിക്കുന്നുണ്ട്. തന്മൂലം, ഡെമന്‍ഷ്യ കാരണം തലച്ചോറിന്‍റെ കുറേ ഭാഗമൊക്കെ നശിച്ചാലും ഇങ്ങിനെ അമിതമായിക്കിട്ടിയ മസ്തിഷ്കശേഷിവെച്ച് കുറച്ചു കാലത്തേക്കൊക്കെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകും. അതായത്, അഥവാ ഡെമന്‍ഷ്യ പിടിപെട്ടാലും അതിന്‍റെ ലക്ഷണങ്ങള്‍ അവര്‍ വൈകി മാത്രമാണു പ്രകടമാക്കുക.

പുകവലിക്ക് ഡെമന്‍ഷ്യാകേസുകളുടെ അഞ്ചിലൊന്നിനു പിന്നില്‍ പങ്കുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളുടെ ഉള്ളളവ്‌ പുകവലി നിമിത്തം ചുരുങ്ങിപ്പോകുന്നതാണ് ഇതിന് ഒരു കാരണം. ശരീരത്തില്‍ക്കടക്കുന്ന വിഷതന്മാത്രകള്‍ നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്നത് “ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം” എന്ന പ്രക്രിയ വഴിയാണ്. അതുപോലെ, അണുബാധകളോടും വിഷപദാര്‍ത്ഥങ്ങളോടും പരിക്കുകളോടുമുള്ള ശരീരത്തിന്‍റെ പ്രതികരണം “ഇന്‍ഫ്ലമേഷന്‍” എന്നാണറിയപ്പെടുന്നത്. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും ഇന്‍ഫ്ലമേഷനും വാര്‍ദ്ധക്യം, ഡെമന്‍ഷ്യ എന്നിവ രണ്ടിനും അടിസ്ഥാനമായി വര്‍ത്തിക്കുന്നവയാണ്. പുകവലി ഈ രണ്ടു പ്രക്രിയകള്‍ക്കും ഇടയൊരുക്കുന്നുമുണ്ട്. പുകവലി നിര്‍ത്തുന്നവരിലാകട്ടെ, ഡെമന്‍ഷ്യയ്ക്കുള്ള അമിതസാദ്ധ്യത കാലക്രമേണ നേര്‍ത്തില്ലാതാകും താനും.

വേണ്ടത്ര വ്യായാമം ചെയ്യാത്തവരില്‍ അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം എന്നിവയ്ക്കു സാദ്ധ്യതയേറുന്നതിനാലാണ് അവ വഴി ഡെമന്‍ഷ്യയും വരുന്നത്. ചില പ്രക്രിയകളിലൂടെ വ്യായാമം ഡെമന്‍ഷ്യയെ തടയുന്നുമുണ്ട്. തലച്ചോറിലെ ചെറിയ രക്തക്കുഴലുകളുടെ എണ്ണം കൂട്ടി നാഡീകോശങ്ങള്‍ക്കു കൂടുതല്‍ രക്തം കിട്ടാന്‍ അവസരമുണ്ടാക്കുക, പരസ്പരം പുതിയ കണക്ഷനുകളുണ്ടാക്കാന്‍ നാഡീകോശങ്ങളെ പ്രചോദിപ്പിക്കുക, മസ്തിഷ്കാരോഗ്യത്തിനു സഹായകമായ ചില പ്രോട്ടീനുകളുടെ നിര്‍മാണം ഉത്തേജിപ്പിക്കുക എന്നിവ ഇതില്‍പ്പെടുന്നു. ഇത്തരം പ്രയോജനങ്ങള്‍ കിട്ടാന്‍ വേഗത്തില്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ ഓരോ ആഴ്ചയിലും ആകെ രണ്ടര മണിക്കൂറോളം ചെയ്യേണ്ടതുണ്ട്.

സാമൂഹികമായ ഒറ്റപ്പെടലും പ്രവര്‍ത്തിക്കുന്നത് രക്താതിസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം, വിഷാദം എന്നിവയെ ഇടനിലയാക്കിയാണ്. സൌഹൃദങ്ങളും വ്യായാമവുമൊക്കെയായി വാര്‍ദ്ധക്യത്തില്‍ ആക്റ്റീവ് ആയി നിലകൊള്ളുന്നവരില്‍, കേടുപാടു പിണയുന്ന ഭാഗങ്ങളെ സ്വയം റിപ്പയര്‍ ചെയ്തെടുക്കാനുള്ള തലച്ചോറിന്‍റെ കഴിവു മെച്ചപ്പെടുന്നുമുണ്ട്.

പ്രമേഹബാധിതരില്‍, ഗ്ലൂക്കോസ് വേണ്ടുംവിധം ലഭ്യമല്ലാതാകുന്നതും അനുബന്ധമായി ഹാനികരമായ ചില തന്മാത്രകള്‍ രൂപംകൊള്ളുന്നതും തലച്ചോറില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് ഡെമന്‍ഷ്യയ്ക്ക് ഒരു കാരണമാകുന്നുണ്ട്.

ഇവയും പ്രസക്തമാണ്

പ്രായമായവര്‍ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മത്സ്യവും ഉള്‍പ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം ലഘൂകരിക്കാനും അതുവഴി ഡെമന്‍ഷ്യയെ പ്രതിരോധിക്കാനും ഉപകരിക്കും. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാല്‍നട്ട്, കടല തുടങ്ങിയ നട്ട്സിനും ഈ പ്രയോജനമുണ്ട്. ബീന്‍സ്, സോയാബീന്‍ എന്നിവ കഴിക്കുന്നതും പൊരിച്ച ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍, ഐസ്ക്രീം, വെണ്ണ എന്നിവ മിതപ്പെടുത്തുന്നതും നന്നാകും.

ദിവസവും നാലുമണിക്കൂറില്‍ത്താഴെമാത്രം ഉറങ്ങുന്നവര്‍ക്ക് ഡെമന്‍ഷ്യാസാദ്ധ്യത കൂടുന്നുണ്ട്. മറുവശത്ത്, രാത്രിയില്‍ പത്തോ മൊത്തം ദിവസത്തില്‍ പന്ത്രണ്ടരയോ മണിക്കൂറിലേറെ ഉറങ്ങുന്നതും പ്രശ്നമാണ്.

ദീര്‍ഘനാളത്തെ അമിതമദ്യപാനം ഡെമന്‍ഷ്യയ്ക്കു കാരണമാകാം. മസ്തിഷ്കകോശങ്ങളെ ഇന്‍ഫ്ലമേഷന്‍ വഴി നശിപ്പിച്ചും തയമിന്‍ പോലുള്ള വിറ്റാമിനുകളുടെ ന്യൂനത സൃഷ്ടിച്ചുമൊക്കെയാണ് മദ്യം ഡെമന്‍ഷ്യ ഉളവാക്കുന്നത്.

വിറ്റാമിന്‍ ഗുളികകളോ ബുദ്ധി കൂട്ടുമെന്ന വീമ്പുമായി കമ്പോളത്തിലെത്തുന്ന മരുന്നുകളോ ഡെമന്‍ഷ്യയെ തടയില്ല. അതേസമയം, ചില വിറ്റാമിനുകളുടെ അപര്യാപ്തത ഡെമന്‍ഷ്യാഹേതുവാകാം. അങ്ങിനെയുള്ളവര്‍ക്ക് നിശ്ചിതകാലത്തേക്ക് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വിറ്റാമിനുകള്‍ എടുക്കേണ്ടിവരും.

ധാരാളം കണക്കുകള്‍ കൂട്ടുകയോ ഏറെപ്പേരെ കൈകാര്യം ചെയ്യുകയോ വേണ്ട തരം ജോലികള്‍ ഡെമന്‍ഷ്യയ്ക്കു സാദ്ധ്യത കുറയ്ക്കുന്നുണ്ട്. മറുവശത്ത്, ബുദ്ധി അധികം പ്രയോഗിക്കേണ്ടാത്തതും മിക്ക കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തതുമായ ജോലികള്‍, മാനസിക സമ്മര്‍ദ്ദത്തിനും അനുബന്ധമായെത്തുന്ന രക്തക്കുഴല്‍പ്രശ്നങ്ങള്‍ക്കും വഴിവെച്ച്, രോഗസാദ്ധ്യത കൂട്ടുന്നുമുണ്ട്.

അറുപതു വയസ്സിനു മുമ്പേ അല്‍ഷീമേഴ്സ് രോഗം പ്രകടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും, ജനിതക കാരണങ്ങളാല്‍, രോഗം വരാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ അത് ഒരു നൂറു ശതമാനം റിസ്കൊന്നുമല്ല. മറ്റു ഘടകങ്ങളില്‍, വിശേഷിച്ചും ജീവിതശൈലിയില്‍, ആരോഗ്യകരമായ മാറ്റങ്ങള്‍ നടപ്പാക്കി രോഗത്തെ തടയുകയോ അതിന്‍റെ ആഗമനം വൈകിക്കുകയോ ചെയ്യാനാകും.

(2021 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Art World Beat. Painting by Josee St-Amant