മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയുംപറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഗര്‍ഭകാലത്ത് മനസ്സു സ്വയം മാറുന്ന രീതികള്‍

pregnancy-brain-malayalam

 

ഗര്‍ഭിണികളില്‍ മൂന്നില്‍രണ്ടോളം പേര്‍ക്ക് ആദ്യമാസങ്ങളില്‍ മനംപിരട്ടലും ഛര്‍ദ്ദിലും രൂപപ്പെടുന്നത് അമ്മയെയും കുഞ്ഞിനെയും ഹാനികരമായേക്കാവുന്ന ഭക്ഷണങ്ങളില്‍നിന്നു കാത്തുരക്ഷിക്കാനുള്ള ശരീരത്തിന്‍റെ പരിശ്രമങ്ങളുടെ ഭാഗമായാണ്. സമാനരീതിയില്‍, ഗര്‍ഭിണികള്‍ക്ക് മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും മറ്റും സംരക്ഷണമൊരുക്കാനും കുഞ്ഞിനെ നേരാംവണ്ണം പരിപാലിക്കാനുള്ള കഴിവു കൈവരുത്താനുമൊക്കെയായി അവരുടെ തലച്ചോറിലും മനസ്സിലും പല മാറ്റങ്ങളും സ്വയമുളവാകുന്നുണ്ട്. ആ മാറ്റങ്ങള്‍ അവര്‍ക്ക് ഓര്‍മപ്രശ്നങ്ങള്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

പ്രധാന പരിഷ്കരണങ്ങള്‍

ഗര്‍ഭകാലത്ത് തലച്ചോറിന്‍റെ വലിപ്പം ആറുശതമാനത്തോളം ചുരുങ്ങുന്നുണ്ട്. അതു പൂര്‍വസ്ഥിതി പ്രാപിക്കുന്നത് പ്രസവത്തിന് ആറോളം മാസങ്ങള്‍ക്കു ശേഷവുമാണ്.

ഒന്നിലധികം കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ പൊതുവേ കൂടുതലാണ്. ഈ കഴിവ് ഗര്‍ഭകാലത്തു പിന്നെയും ശക്തിപ്പെടുന്നുണ്ട്. ഈ കഴിവിന്‍റെ ഇരിപ്പിടമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന മസ്തിഷ്കഭാഗം ഗര്‍ഭകാലത്തു കൂടുതല്‍ പ്രവര്‍ത്തനനിരതമാവുന്നതിനാലാണിത്.

മറ്റുള്ളവരുടെ വികാരങ്ങളും മനസ്സിലിരിപ്പും വായിച്ചറിയാനുള്ള കഴിവിലും പൊതുവെ സ്ത്രീകള്‍ തന്നെയാണു കേമര്‍. കുട്ടികളുടെ സംരക്ഷണം കൂടുതലും സ്ത്രീകളുടെ ചുമതലയായിരുന്നതിനാലാണ് പ്രകൃതി ഇക്കാര്യങ്ങളില്‍ അവരെ മുന്നാക്കമാക്കിയത്. ഗര്‍ഭകാലത്ത് ഈ കഴിവുകളും പിന്നെയും ശക്തിപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ, പ്രത്യേകിച്ചു പുരുഷന്മാരുടെ, മുഖങ്ങളും അപായസാഹചര്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ഗര്‍ഭകാലത്ത് വര്‍ദ്ധിതമാകുന്നുണ്ട്. ശാരീരികോപദ്രവങ്ങളില്‍നിന്നു രക്ഷ നേടുക, ഗര്‍ഭകാലത്ത് രോഗപ്രതിരോധശേഷി സ്വല്‍പം ദുര്‍ബലമാവുമെന്നതിനാല്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിച്ചേക്കാവുന്ന അണുബാധകള്‍ തടയുക തുടങ്ങിയ ഗുണങ്ങള്‍ ഇതുകൊണ്ടുണ്ടു താനും.

സഹാനുഭൂതിയുടെയും വൈകാരികമായ കഴിവുകളുടെയും ഇരിപ്പിടമായ തലച്ചോറിന്‍റെ വലതുവശവും ഗര്‍ഭകാലത്തു കൂടുതല്‍ സക്രിയമാവുന്നുണ്ട്. സന്തോഷം പോലുള്ള നല്ല വികാരങ്ങള്‍ ദൃശ്യമാക്കുന്ന മുഖങ്ങളോട് ഗര്‍ഭിണികളുടെ തലച്ചോറുകളുടെ വലതുവശങ്ങള്‍ കൂടുതല്‍ തീവ്രതയോടെ പ്രതികരിക്കുന്നുണ്ട്. പ്രസവശേഷം കുഞ്ഞിനോട് നന്നായി ഇണങ്ങിച്ചേരാനാവുന്ന സാഹചര്യമൊരുക്കുകയാവാം ഇതിന്‍റെ ലക്ഷ്യം.

ഹോര്‍മോണുകളുടെ ചെയ്തികള്‍

സ്ത്രീഹോര്‍മോണായ പ്രൊജസ്റ്ററോണിന്‍റെ അളവ് ഗര്‍ഭത്തിന്‍റെ ആദ്യമാസങ്ങളില്‍ നാല്‍പതു ശതമാനത്തോളം കൂടുന്നുണ്ട്. ഉറക്കം വരുത്തുക എന്നൊരു സ്വഭാവം ഈ ഹോര്‍മോണിനുണ്ട്. പ്രൊജസ്റ്ററോണിന്‍റെ അമിതസാന്നിദ്ധ്യം ഗര്‍ഭകാലത്തു പലര്‍ക്കും വല്ലാത്ത ക്ഷീണവും ഉറക്കച്ചടവും അനുഭവപ്പെടുന്നതിന്‍റെ കാരണങ്ങളിലൊന്നാണ്.

ഗര്‍ഭ, പ്രസവ വേളകളില്‍ ലവ് ഹോര്‍മോണിന്‍റെ അമിതസാന്നിദ്ധ്യം കുഞ്ഞിനോട് അടുപ്പം ജനിക്കാനും കുഞ്ഞിന്‍റെ ഗന്ധവും ശബ്ദവും ചലനങ്ങളുമൊക്കെ തലച്ചോറില്‍ നന്നായിപ്പതിയാനും കൈത്താങ്ങാവുന്നുണ്ട്.

ഗര്‍ഭകാലത്തും പ്രസവസമയത്തും മുലയൂട്ടല്‍വേളകളിലും ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പതിവില്‍ക്കൂടുതല്‍ സ്രവിക്കപ്പെടുന്നുണ്ട്. പ്രസവസമയത്ത് കുഞ്ഞിനു പുറത്തുകടക്കാന്‍ സഹായകമാവുംവിധം ഗര്‍ഭപാത്രം നന്നായി ചുരുങ്ങിക്കിട്ടാനും മുലയൂട്ടല്‍നേരങ്ങളില്‍ സ്തനങ്ങളില്‍ നിന്നു പാല്‍ പുറന്തള്ളപ്പെടാനും ഓക്സിടോസിന്‍ അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരോടു നമുക്കുള്ള മാനസിക അടുപ്പവും പ്രേമവും പുഷ്ടിപ്പെടുത്താനും ഓക്സിടോസിനു കഴിവുണ്ടെന്നതിനാല്‍ അതിനു “ലവ് ഹോര്‍മോണ്‍” എന്നൊരു വിളിപ്പേരും കൂടിയുണ്ട്. ഗര്‍ഭ, പ്രസവ വേളകളില്‍ ഈ ലവ് ഹോര്‍മോണിന്‍റെ അമിതസാന്നിദ്ധ്യം കുഞ്ഞിനോട് അടുപ്പം ജനിക്കാനും കുഞ്ഞിന്‍റെ ഗന്ധവും ശബ്ദവും ചലനങ്ങളുമൊക്കെ തലച്ചോറില്‍ നന്നായിപ്പതിയാനും കൈത്താങ്ങാവുന്നുണ്ട്. മാനസികസമ്മര്‍ദ്ദം ചെറുക്കാനും ഓക്സിടോസിന്‍ സഹായകമാണ്.

അപായങ്ങളെ നേരിടാന്‍ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കുന്ന ജോലി കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റേതാണ്. കോര്‍ട്ടിസോളിന്‍റെയളവ് ഗര്‍ഭകാലത്ത് അനുക്രമമായി ഉയരുകയും പ്രസവത്തിനു തൊട്ടുമുന്‍ദിവസങ്ങളില്‍ മൂന്നിരട്ടിയോളമെത്തുകയും ചെയ്യുന്നുണ്ട്. കോര്‍ട്ടിസോള്‍ ഇങ്ങനെ അല്‍പാല്‍പമായി ഉയരുമ്പോള്‍ ശരീരം ക്രമേണ അതിനോട് അഡ്ജസ്റ്റഡ് ആവുകയും തന്മൂലം സമ്മര്‍ദ്ദസാഹചര്യങ്ങള്‍ ശരീരത്തില്‍ ഏശാതാവുകയും ചെയ്യുന്നു എന്നൊരു പ്രയോജനം ഇതുകൊണ്ടുണ്ട്. കോര്‍ട്ടിസോള്‍ ഏറെയുള്ള അമ്മമാര്‍ കുഞ്ഞിനോടു കൂടുതല്‍ നന്നായി ഇടപഴകുമെന്നും കുഞ്ഞിന്‍റെ ഗന്ധത്തെ മറ്റു കുട്ടികളുടേതില്‍നിന്നു കൂടുതല്‍ മികവോടെ വേര്‍തിരിച്ചറിയുമെന്നും ആ ഗന്ധത്തെ കൂടുതല്‍ ഇഷ്ടപ്പെടുമെന്നും പഠനങ്ങളുണ്ട്.

പ്രസവശേഷം കോര്‍ട്ടിസോളിന്‍റെയളവ് ദിവസങ്ങള്‍കൊണ്ടു പൂര്‍വസ്ഥിതിയെത്തും. അങ്ങിനെ സംഭവിക്കാതെ പോയാലത് വിഷാദരോഗത്തിനും മറ്റും കാരണമാവാമെന്നു സൂചനകളുണ്ട് — പ്രസവാനന്തരം അമ്പതു മുതല്‍ എണ്‍പതു വരെ ശതമാനം അമ്മമാര്‍ക്കു നേരിയ വിഷാദരോഗവും പതിനഞ്ചോളം ശതമാനത്തിനു കടുത്ത വിഷാദരോഗവും പിടിപെടാറുണ്ടു താനും.

ഓര്‍മക്ഷയം

അമ്പതു തൊട്ട് എണ്‍പതു വരെ ശതമാനം ഗര്‍ഭിണികള്‍ ഓര്‍മക്കുറവു വെളിപ്പെടുത്താറുണ്ട്.

അമ്പതു തൊട്ട് എണ്‍പതു വരെ ശതമാനം ഗര്‍ഭിണികള്‍ ഓര്‍മക്കുറവു വെളിപ്പെടുത്താറുണ്ട്. ഗര്‍ഭിണികളുടെ ഓര്‍മശക്തി പരിശോധിച്ചളന്ന ചില ഗവേഷകര്‍ ഗര്‍ഭം ഓര്‍മയെയോ അനുബന്ധ കഴിവുകളെയോ അവതാളത്തിലാക്കുന്നില്ല എന്നു കണ്ടെത്തുകയും, ഗര്‍ഭം ഓര്‍മയെ താറുമാറാക്കുമെന്ന മുന്‍വിധിയാല്‍ പതിവ് ഓര്‍മപ്പിശകുകള്‍പോലും ഗര്‍ഭിണികളുടെ ശ്രദ്ധയില്‍ കൂടുതലായിപ്പെടുന്നതാവാം ശരിക്കും പ്രശ്നമെന്നു ചില വിദഗ്ദ്ധര്‍ വാദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം ഗവേഷകരും പറയുന്നത് കൂടുതല്‍ പരിശ്രമം വേണ്ട മനോവൃത്തികള്‍ നിര്‍വഹിക്കാനുള്ള ശേഷിയെയും ചിലതരം ഓര്‍മകളെയും ഗര്‍ഭം ദുര്‍ബലപ്പെടുത്താമെന്നു തന്നെയാണ്. വിവരങ്ങളെ അല്‍പനേരത്തേക്കു മനസ്സില്‍ നിര്‍ത്തുക (working memory), ഒരു കാര്യം പിന്നീടെപ്പോഴെങ്കിലും ചെയ്യേണ്ടതുണ്ടെന്നത് ഓര്‍ത്തിരിക്കുക (prospective memory), ഒരു വസ്തു എവിടെയാണുള്ളതെന്നത് ഓര്‍ത്തുവെക്കുക (spatial memory) എന്നീ മേഖലകളില്‍ ഗര്‍ഭിണികള്‍ക്ക് നേരിയ അളവിലാണെങ്കിലും കൂടുതല്‍ ക്ലേശമനുഭവപ്പെടാമെന്നും ഈ വൈഷമ്യങ്ങള്‍ പ്രസവാനന്തരം രണ്ടുമാസത്തോളം നിലനില്‍ക്കാമെന്നും പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊക്കെ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. ഗര്‍ഭത്തോടനുബന്ധിച്ച ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഓര്‍മയുടെ കേന്ദ്രമായ ഹിപ്പോകാംപസിനെ ബാധിക്കുന്നത്, തലച്ചോറിനു ലഭിച്ചുകൊണ്ടിരുന്ന ഊര്‍ജത്തിന്‍റെ ഒരു പങ്ക് ഗര്‍ഭസ്ഥശിശുവിനായി വഴിമാറ്റപ്പെടുന്നത്, തലച്ചോര്‍ മുമ്പുസൂചിപ്പിച്ച നാനാതരം പരിഷ്കരണങ്ങളില്‍ ബിസിയാകുന്നത്, വേണ്ടത്ര ഉറക്കം കിട്ടാതെ പോവുന്നത്, ദിനചര്യകളുടെ ക്രമം തെറ്റുന്നത്, ഗര്‍ഭം ജീവിതത്തെ എങ്ങിനെയൊക്കെ മാറ്റിമറിക്കുമെന്നതിനെച്ചൊല്ലിയുള്ള മാനസികസമ്മര്‍ദ്ദം എന്നിവ ഇതില്‍പ്പെടുന്നു. താരതമ്യേന പ്രയോജനം കുറഞ്ഞ തരം ചിലയോര്‍മകള്‍ക്ക് തല്‍ക്കാലത്തേക്കു വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നു തലച്ചോര്‍ നിശ്ചയിക്കുന്നുമുണ്ടാവാം.
ഗര്‍ഭകാലത്ത് ഓര്‍മപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കു ശ്രമിക്കാവുന്ന ചില പരിഹാരനടപടികളിതാ:

  • ഗര്‍ഭകാലത്തെ നേരിയ ഓര്‍മപ്രശ്നങ്ങള്‍ സ്വാഭാവികവും താല്‍ക്കാലികവും മാത്രമാണെന്നു സ്വയമോര്‍മിപ്പിക്കുക.
  • ആവശ്യത്തിന് ഉറങ്ങുക.
  • പുതുതായി ഓര്‍ത്തുവെക്കാനുള്ള കാര്യങ്ങള്‍ എവിടെയെങ്കിലും കുറിച്ചുവെക്കാന്‍ ശ്രദ്ധിച്ച് തലച്ചോറിന്‍റെ ജോലിഭാരം ലഘൂകരിച്ചുകൊടുക്കുക.
  • ചെയ്യാനുള്ളൊരു കാര്യം ഓര്‍മയില്‍ വന്നാല്‍ അതു പിന്നത്തേക്കു മാറ്റിവെക്കാതെ ഉടന്‍തന്നെ ചെയ്തുതീര്‍ക്കുക.

അതേസമയം, സാരമായ ഓര്‍മക്കുറവ് അഞ്ചിലൊന്നോളം ഗര്‍ഭിണികളെ പിടികൂടാറുള്ള വിഷാദരോഗത്തിന്‍റെ ഭാഗവുമാകാം. അമിതവും അകാരണവുമായ സങ്കടം, സദാ മനസ്സിലേക്കു തള്ളിക്കയറി വരുന്ന ഒരടിസ്ഥാനവുമില്ലാത്ത കുറ്റബോധവും സ്വയംമതിപ്പില്ലായ്മയും പോലുള്ള ദു:ഖമുളവാക്കുന്ന തരം ചിന്തകള്‍ തുടങ്ങിയ മറ്റു വിഷാദലക്ഷണങ്ങളും കാണിക്കുന്നവരില്‍ ആ രോഗം സംശയിക്കേണ്ടതുണ്ട്.

(2017 ഫെബ്രുവരി ആദ്യലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Jezebel

ഫ്രണ്ട് റിക്വസ്റ്റ്? ഡോക്ടര്‍ ഈസ്‌ നോട്ട് ഇന്‍!
ഓര്‍മയറിവുകള്‍ക്കാശ്രയം നെറ്റുംഫോണുമാകുമ്പോള്‍

Related Posts

 
Our website is protected by DMC Firewall!