മനസ്സിന്റെ ആരോഗ്യത്തെയും അനാരോഗ്യത്തെയുംപറ്റി ചിലത്
ഡോ. ഷാഹുല്‍ അമീന് എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍
അതിജയിക്കാം, തൊഴില്‍നഷ്ടത്തെ
ഉണ്ടായിരുന്ന ജോലി നഷ്ടമാകുന്നത് മാനസിക സമ്മര്‍ദ്ദത്തിനും കുറ്റബോധത്തിനും വിഷാദത്തിനും ആത്മഹത്യാചിന്തകള്‍ക്കുമൊക്കെ ഇടയാക്കാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനെയൊക്കെ പ്രതിരോധിക്കാനാകും:
- കുറച്ചു നാളത്തേക്ക് സ്വല്പം ദേഷ്യമോ സങ്കടമോ കരച്ചിലോ ചിന്താക്കുഴപ്പമോ തോന്നുക തികച്ചും നോര്‍മല്‍ മാത്രമാണെന്നും അവയൊക്കെ ഉടന്‍തന്നെ ശമിച്ചൊടുങ്ങുമെന്നും സ്വയം ഓര്‍മിപ്പിക്കുക. അവ ഒന്നു മയപ്പെട്ടതിനു ശേഷം മാത്രം പുതിയൊരു ജോലി തെരഞ്ഞെടുക്കാന്‍ തുടങ്ങുന്നതാകും ഉത്തമം.
- ജോലിത്തിരക്കു നിമിത്തം അവസരം കിട്ടാതെ പോയിരുന്ന ഹോബികള്‍, വ്യായാമം, വായന, സൌഹൃദം പുതുക്കലുകള്‍, ബന്ധുസന്ദര്ശനങ്ങള്, തുടര്‍വിദ്യാഭ്യാസം, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ മുഴുകുക. ജോലി മാത്രമാണ് തന്റെ അടയാളവും വ്യക്തിത്വവുമെന്ന തെറ്റിദ്ധാരണ അകലാനും സ്വയംമതിപ്പു തിരിച്ചുപിടിക്കാനും വേറൊരു ജോലിയെക്കുറിച്ചും മറ്റും പുതിയ ആശയങ്ങള്‍ ലഭിക്കാനും ഇതു പ്രയോജനപ്പെടും.
- ഡയറി എഴുതുന്നത് ചിന്തകള്‍ക്ക് അടുക്കും ചിട്ടയും കിട്ടാനും നടന്ന കാര്യങ്ങളെ ഒരു പുതിയ വീക്ഷണകോണില്‍ നോക്കിക്കാണാനും സഹായിക്കും.
- ദിവസം മുഴുവന്‍ ഉറങ്ങുകയോ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറുകയോ ഫോണിന്റെയോ ടീവിയുടെയോ മുമ്പില്‍ ഏറെ നാള് ചടഞ്ഞുകൂടുകയോ ലഹരിയുപയോഗത്തിലേക്കു തിരിയുകയോ ചെയ്യാതിരിക്കുക.
- “ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജോലി പോകാതിരുന്നേനേ” എന്നൊക്കെയുള്ള ചിന്തകള്‍ ഉയരുന്നെങ്കില്‍ അവയെ അവഗണിക്കുക. അമിതമായ നിരാശയും ആകുലതയും ഭാവികാര്യങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനു പ്രതിബന്ധമാകും എന്നോര്‍ക്കുക.
- പുതിയൊരു മേഖലയിലേക്കു മാറാനോ സ്വന്തമായി വല്ല സംരംഭവും തുടങ്ങാനോ ജീവിതത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി ഒരു പുനര്‍വിചിന്തനത്തിനോ ഒക്കെയുള്ളൊരു സുവര്‍ണാവസരമാണ് ഇതെന്ന രീതിയില്‍ പോസിറ്റീവായി ചിന്തിക്കുക.
- തന്റെ പ്രാഗല്‍ഭ്യങ്ങളും ന്യൂനതകളും എന്തൊക്കെയാണെന്ന് സുഹൃത്തുക്കളോടും മുന്സഹപ്രവര്ത്തകരോടുമൊക്കെ ആരാഞ്ഞറിയുക. ശീലങ്ങളിലും ചിന്താഗതികളിലുമെല്ലാം ഉചിതമായ മാറ്റങ്ങള്‍ വരുത്തുക.
- ഓരോ ദിവസവും, ഓരോ ആഴ്ചയിലും പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യങ്ങള്‍ മുന്‍കൂര്‍ നിര്‍ണയിച്ച് അതു പ്രകാരം പ്രവര്‍ത്തിക്കുക.
- താല്‍ക്കാലിക ജോലികള്‍ സ്വീകരിക്കുന്നതിനോ പുതിയൊരു ഫീല്‍ഡ് പരീക്ഷിക്കുന്നതിനോ മടി വിചാരിക്കാതിരിക്കുക.
- മേല്‍പ്പറഞ്ഞ നടപടികള്‍ കൊണ്ടും മൂഡ് മെച്ചപ്പെടുന്നില്ലെങ്കില്‍ ബന്ധുമിത്രാദികളോടോ ആവശ്യമെങ്കില്‍ വിദഗ്ദ്ധരോടോ മനസ്സു തുറക്കുക.
(2018 ഡിസംബറില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
Image courtesy: Daze Info