മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയുംപറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പിടിവീഴ്ത്താം, ബോഡിഷെയ്മിംഗിന്

body_shaming_malayalam_article

സ്വന്തം ശരീരത്തിന് എത്രത്തോളം രൂപഭംഗിയുണ്ട്, മറ്റുള്ളവര്‍ക്ക് അതേപ്പറ്റിയുള്ളത് എന്തഭിപ്രായമാണ് എന്നതിലൊക്കെ മിക്കവരും ശ്രദ്ധാലുക്കളാണ്. താന്‍ ശരിക്കും ആരാണ്, എന്താണ് എന്നതെല്ലാം മാലോകരെ അറിയിക്കാനുള്ള മുഖ്യ ഉപകരണമെന്ന നിലക്കാണ് സ്വശരീരത്തെ മിക്കവരും നോക്കിക്കാണുന്നതും. അതുകൊണ്ടുതന്നെ, ശരീരത്തിലെ ചെറുതോ സാങ്കല്‍പികം പോലുമോ ആയ ന്യൂനതകളും, അവയെപ്പറ്റിയുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമൊക്കെയും, പലര്‍ക്കും വിഷമഹേതുവാകാറുണ്ട്.

ശരീരം പരിഹസിക്കപ്പെടുമ്പോള്‍

ഒരാളുടെ ശാരീരിക സവിശേഷതകളെ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യുന്നതിനെ വിളിക്കുന്നത് ‘ബോഡിഷെയ്മിംഗ്’ എന്നാണ്. ഇത് വണ്ണം, നിറം, രൂപം, ഹെയര്‍ സ്റ്റൈല്‍, മെയ്ക്കപ്പ്‌, വസ്ത്രധാരണ രീതി മുതലായവയെക്കുറിച്ചാകാം. ബോഡിഷെയ്മിംഗ് രണ്ടു തരത്തിലുണ്ട്:

 1. സ്വന്തം ശരീരത്തെ ഏറെ വിമര്‍ശനബുദ്ധിയോടെയോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയോ സ്വയം വിലകുറച്ചുകാണുക. (“അയാളുടെ അടുത്തു നില്‍ക്കുമ്പൊ ഞാന്‍ ശരിക്കുമൊരു കുള്ളനാ!” “എന്‍റെ മൂക്കിന്‍റെ ഓട്ടകള്‍ക്കിത് എന്തൊരു സൈസാണ്?!”)
 2. മറ്റൊരാളോട് അവരെക്കുറിച്ച് ഇത്തരം കമന്‍റുകള്‍ പറയുക. (“മീശ ഇങ്ങനെ വളര്‍ന്നാല്‍ നിന്നെ ഒരു വിമന്‍സ് കോളേജിലും എടുക്കില്ല മോളേ...”)

ഇതിലേക്കു നയിക്കുന്നത്

സൌന്ദര്യം എന്നാല്‍ എന്താണ് എന്നതിനെപ്പറ്റി സമൂഹവും പരസ്യങ്ങളും മാദ്ധ്യമങ്ങളുമൊക്കെ കുറേ അയഥാര്‍ത്ഥ സങ്കല്‍പങ്ങളും വികല ധാരണകളും സൃഷ്ടിച്ചിട്ടുണ്ട്. തടി കൂട്ടാനും കുറയ്ക്കാനും, മുടി വളരാനും കറുപ്പിക്കാനും, മുഖമോ പല്ലോ വെളുപ്പിക്കാനുമൊക്കെയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളും, തടിച്ചവരെയോ മെലിഞ്ഞവരെയോ ഉയരക്കുറവുള്ളവരെയോ ഹാസ്യകഥാപാത്രങ്ങളാക്കുന്ന പതിവുമെല്ലാം ഇവിടെ പ്രതിക്കൂട്ടിലാണ്. ഇവയെല്ലാം കുത്തിച്ചെലുത്തുന്ന “സൌന്ദര്യ സങ്കല്‍പങ്ങള്‍” ഏവരും സ്വയമറിയാതെ സ്വാംശീകരിച്ചു പോകുന്നത്, ബോഡിഷെയ്മിംഗിനു നല്ല പ്രചാരവും സ്വീകാര്യതയും കിട്ടാന്‍ കാരണമായിട്ടുണ്ട്.

അറിഞ്ഞോ അറിയാതെയോ, ഏറ്റവുമധികം ബോഡിഷെയ്മിംഗ് നടത്താറ്, ദൌര്‍ഭാഗ്യവശാല്‍, അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രണയഭാജനങ്ങളും സഹപ്രവര്‍ത്തകരുമൊക്കെയാണ്. “ഈ തടിയൊന്നു കുറച്ചാല്‍ നിന്നെക്കാണാന്‍ നല്ല ഭംഗിയുണ്ടാകും” എന്നൊക്കെയുള്ള, സ്നേഹാബുദ്ധ്യാ എന്നു പ്രത്യക്ഷത്തില്‍ത്തോന്നുന്ന ഉപദേശങ്ങള്‍ പക്ഷേ ബോഡിഷെയ്മിംഗ് തന്നെയാണ്. ഇതൊക്കെ നന്മ മോഹിച്ചുള്ള സ്നേഹോപദേശങ്ങള്‍ മാത്രമാണ്, അല്ലെങ്കില്‍ സീരിയസായി എടുക്കരുതാത്ത വെറും തമാശകളാണ് എന്നൊക്കെയുള്ള ധാരണകളും, ഇതൊക്കെ തെറ്റും വിവേചനപരവും ഹാനികരവുമാണ് എന്നതൊന്നും പലരും പരിഗണിക്കാറില്ല എന്നതുമൊക്കെ ഈ പ്രവണതയ്ക്കു വളമാകുന്നുമുണ്ട്.

എല്ലാവരും എപ്പോഴും തന്നെ ഉറ്റുനോക്കുന്നുണ്ട്, ഓരോ തവണയും പുറത്തിറങ്ങുമ്പോള്‍ താന്‍ പരസ്യമോഡലുകളെപ്പോലിരിക്കണം എന്നൊക്കെയുള്ള മനോഭാവങ്ങളുള്ളവര്‍ സദാ തന്നെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങുകയും അപ്പോള്‍ ശരീരത്തിന്‍റെ പല “ന്യൂനതകളും” അവരുടെ ദൃഷ്ടിയില്‍പ്പെടുകയും ചെയ്യാം. അതുളവാക്കുന്ന നിരാശയും അസംതൃപ്തിയും ശരീരത്തെപ്രതിയുള്ള ആവലാതിയെ പിന്നെയും പെരുപ്പിക്കാം.

ബോഡിഷെയ്മിംഗിനു പാത്രമാകാന്‍ സാദ്ധ്യത കൂടുതലുള്ളൊരു വിഭാഗമാണ്‌ പ്രായമായവര്‍. നടക്കാനുള്ള ക്ലേശം, കാഴ്ചയുടെയും കേള്‍വിയുടെയും പ്രശ്നങ്ങള്‍, ദേഹത്തെ ചുളിവുകള്‍, പല്ലു പൊഴിയുന്നത്, മുടി നഷ്ടമാകുന്നത്, പല ആവശ്യങ്ങള്‍ക്കും പരസഹായം വേണ്ടിവരുന്നത് തുടങ്ങിയവയെപ്പറ്റി പലരും, മന:പൂര്‍വമോ അല്ലാതെയോ, ബോഡിഷെയ്മിംഗ് നടത്താം.

പരിണിത ഫലങ്ങള്‍

ചെയ്യുന്നതു താന്‍തന്നെയാണെങ്കിലും മറ്റുള്ളവരാണെങ്കിലും ബോഡിഷെയ്മിംഗ് ഉത്ക്കണ്ഠ, സങ്കടം, കോപം, പേടി, ചമ്മല്‍, ലജ്ജ എന്നിവയുളവാക്കാം. സ്വയംമതിപ്പും ആത്മവിശ്വാസവും ദുര്‍ബലമാക്കാം. വ്യായാമത്തില്‍ വേണ്ടതിലേറെ ഏര്‍പ്പെടാനോ തടി കൂടാനുള്ള അപകടകാരികളായ മരുന്നുകളെടുക്കാനോ പ്രേരകമാകാം. സ്വശരീരത്തോടുള്ള അമര്‍ഷം അതിനെ നേരാംവണ്ണം പരിപാലിക്കുന്നതിനു വിഘാതമാവുകയും അങ്ങിനെ പല അസുഖങ്ങള്‍ക്കും കളമൊരുങ്ങുകയും ചെയ്യാം. ആളുകളെ വിലയിരുത്തേണ്ടത് അവരുടെ ശരീരം വെച്ചു മാത്രമാണെന്ന ധാരണ ബോഡിഷെയ്മിംഗ് നേരിടുന്നവരില്‍ ജനിക്കാം. അവര്‍ മറ്റുളളവരെ ബോഡിഷെയ്മിംഗ് നടത്താനുള്ള സാദ്ധ്യതയും കൂടുന്നുണ്ട്.

പ്രേമിക്കപ്പെടാനോ നല്ലൊരാളെ വിവാഹം കഴിക്കാനോ തനിക്ക് അര്‍ഹതയില്ല എന്ന വിലയിരുത്തലില്‍ അവര്‍ അവിടെയൊക്കെ തെറ്റായ തെരഞ്ഞെടുപ്പുകള്‍ നടത്താം. പ്രസ്തുത ചിന്താഗതികള്‍, പങ്കാളിയെ ഉള്ളുതുറന്നു സ്നേഹിക്കുന്നതിനും ലൈംഗികബന്ധം ആസ്വദിക്കുന്നതിനും കൂടി തടസ്സമാകാം. പങ്കാളി അവഗണനയോ പീഡനങ്ങളോ കാണിക്കുന്നെങ്കില്‍, തനിക്ക് ഏറെ ന്യൂനതകളുണ്ടല്ലോ എന്ന മുന്‍വിധിയാല്‍, അതൊക്കെ തികച്ചും ന്യായവും താന്‍ അര്‍ഹിക്കുന്നതുമാണ് എന്നവര്‍ അനുമാനിക്കാം.

ചില മാനസികപ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യതയും അവര്‍ക്ക് അമിതമാകുന്നുണ്ട്. സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പേടിയും വിമുഖതയുമുണ്ടാകുന്ന സോഷ്യല്‍ ഫോബിയ, അകാരണമായ നിരാശ സദാ അനുഭവപ്പെടുന്ന ഡിപ്രഷന്‍, ആഹാരംകഴിപ്പ്‌ വല്ലാതെ കുറയ്ക്കുകയോ പൂര്‍ണമായും നിര്‍ത്തുകയോ ചെയ്യുന്ന അനോറെക്സ്യ നെര്‍വോസ, എടുക്കുന്ന ആഹാരം ഉടനടി മന:പൂര്‍വം ഛര്‍ദ്ദിച്ചു കളയുന്ന ബുളീമിയ എന്നിവ ഇതില്‍പ്പെടുന്നു.

വണ്ണക്കൂടുതലുള്ളവരെ പലരും ബോഡിഷെയ്മിംഗ് നടത്താറ്, തടി കുറയ്ക്കാന്‍ അതവര്‍ക്കൊരു പ്രചോദനമാകും എന്ന സദുദ്ദേശത്തിലാണ്. എന്നാല്‍ ബോഡിഷെയ്മിംഗ് സൃഷ്ടിക്കുന്ന മാനസിക വൈഷമ്യങ്ങള്‍ മൂലം അവരുടെ വണ്ണം പിന്നെയും കൂടുകയാണു പതിവ്.

എങ്ങിനെ നേരിടാം?

ചിന്താഗതി മാറ്റിയെടുക്കാം

 • ന്യൂനതയേതുമില്ലാത്ത ശരീരം ഒരാള്‍ക്കുമില്ല എന്നോര്‍ക്കുക – എത്രയോ മെയ്ക്കപ്പും കോസ്മറ്റിക് സര്‍ജറികള്‍ പോലും കഴിഞ്ഞു വരുന്ന അഭിനേതാക്കളും മോഡലുകളുമടക്കം.
 • മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക.
  സ്വന്തമായുള്ള, ശാരീരികമോ അല്ലാത്തതോ ആയ നല്ല ഗുണങ്ങളെക്കുറിച്ച് ഇടയ്ക്കിടെ സ്വയം ഓര്‍മിപ്പിക്കുക (“എനിക്ക് നല്ല ആരോഗ്യമുണ്ട്.” “ആവശ്യത്തിന് മേനീബലം എനിക്കുണ്ട്”).
 • ദിവസവും ജീവിപ്പിച്ചു നിര്‍ത്തുന്നതിനും ഓരോരോ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതിനും പല രീതികളിലും തന്നെ സംരക്ഷിക്കുന്നതിനും ശരീരത്തോട് നന്ദി പറയുന്നതു ശീലമാക്കുക.
 • ഒറ്റയ്ക്കിരുന്ന്, ആവശ്യമെങ്കില്‍ കണ്ണാടിയില്‍ സ്വന്തം നഗ്നശരീരം നോക്കിക്കണ്ട്, സ്വശരീരത്തെക്കുറിച്ചു മനസ്സില്‍സ്സൂക്ഷിക്കുന്ന വിമര്‍ശനചിന്തകള്‍ ഒന്നു വാ കൊണ്ടു പറയുക. അപ്പോള്‍ തൊട്ടുപിറകേ മനസ്സിലും ശരീരത്തിലും അസ്വസ്ഥതകള്‍ ഉളവാകുന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഇത്, ഇത്തരം ചിന്താഗതികള്‍ എത്രത്തോളം വൈഷമ്യജനകമാണെന്ന ബോദ്ധ്യം തരും.

ബോഡിഷെയ്മിംഗ് ചിന്തകളെ മനസ്സില്‍നിന്നു പുറന്തള്ളാന്‍ താഴെപ്പറയുന്ന സ്റ്റെപ്പുകള്‍ ഉപയോഗിക്കാം:

 1. ശരീരത്തെ താഴ്ത്തിക്കെട്ടുന്ന എന്തൊക്കെത്തരം ചിന്തകള്‍ വരാറുണ്ടെന്നതു കുറിച്ചുവെക്കുക. (“എനിക്ക് മുടി വല്ലാതെ കയറിയിട്ടുണ്ട്. ഞാന്‍ കഷണ്ടിക്കാരനാണെന്ന് എല്ലാരും കരുതും.”)
 2. അവയിലെ പൊള്ളത്തരം വ്യക്തമാക്കുന്ന, കൂടുതല്‍ വാസ്തവികവും പോസിറ്റീവുമായ മറുവാദങ്ങള്‍ കണ്ടുപിടിക്കുക. (“എത്രത്തോളം മുടിയുണ്ട് എന്നതു വെച്ചല്ല ഒരാളുടെ വ്യക്തിത്വം അളക്കുന്നത്. ലേശം മുറി കയറിയത് എനിക്ക് കുടുംബ പാരമ്പര്യത്തിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ്, അല്ലാതെ എന്‍റെ പിഴവുകള്‍ മൂലമോ ഏതെങ്കിലും രോഗത്തിന്‍റെ ഭാഗമായോ അല്ല. സമൂഹത്തില്‍ എത്രയോ പേര്‍ തീരെ മുടി ഇല്ലാഞ്ഞിട്ടും സന്തോഷത്തോടും അഭിമാനത്തോടും നല്ല രീതിയില്‍ ജീവിക്കുന്നുണ്ട്.”) ഇത്തരം മറുവാദങ്ങള്‍ സ്വന്തം നിലയ്ക്കു രൂപപ്പെടുത്താന്‍ ആവുന്നില്ലെങ്കില്‍ അതിന് ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്.
 3. മോശം ചിന്തകള്‍ തലപൊക്കുമ്പോഴൊക്കെ, ഇങ്ങിനെ കണ്ടുപിടിച്ച നല്ല ചിന്തകള്‍ പകരം ഉയര്‍ത്തുക.

പെരുമാറ്റങ്ങള്‍ ആരോഗ്യകരമാക്കാം

 • ശാരീരിക ന്യൂനതകളെക്കുറിച്ചുള്ള വേവലാതിയാല്‍ ജീവിതരീതികളില്‍ എന്തെങ്കിലും പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുണ്ടോ? നല്ല ഹൈ ഹീലുള്ള ചെരിപ്പു മാത്രം ധരിക്കുക, എപ്പോഴും പിന്‍നിരയില്‍ത്തന്നെ ഇരിക്കുക എന്നൊക്കെപ്പോലെ? എങ്കില്‍ അവ ക്രമേണ പിന്‍വലിക്കുക. ഉദാഹരണത്തിന്, പതിയെപ്പതിയെ ഓരോരോ നിരയായി മുന്നിലോട്ടു കയറി ഇരിക്കാന്‍ തുടങ്ങാം.
 • ആളുകളുടെ രൂപത്തിനും ശരീരത്തിനും വലിയ പ്രാധാന്യം കല്‍പിക്കാത്തവരും, അവയെക്കുറിച്ച് മോശം കമന്‍റുകള്‍ പറയാത്തവരും, സ്വന്തം ശരീരത്തിലെ ന്യൂനതകളെ വിമര്‍ശനബുദ്ധ്യാ കാണാത്ത പ്രകൃതമുള്ളവരുമൊക്കെയായി കൂടുതല്‍ സമയം ചെലവിടുക.
 • രൂപത്തിനും ഭംഗിക്കും കല്പിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം ശരീരത്തിന്‍റെ ആരോഗ്യത്തിനു കൊടുക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ആവശ്യത്തിനു വെള്ളം കുടിക്കാനും വ്യായാമം ചെയ്യാനും ശരീരം വൃത്തിയായി സൂക്ഷിക്കാനുമെല്ലാം ശ്രദ്ധിക്കുക.
 • ബോഡിഷെയ്മിംഗ് നടത്തുന്നവരോട്, അതുപോലുള്ള കമന്‍റുകള്‍ തനിക്ക് ഇഷ്ടമല്ല എന്നും അത്തരം കാഴ്ചപ്പാടുകള്‍ അവര്‍ക്കു തന്നെ വിനയാകാം എന്നും ഓര്‍മിപ്പിക്കുക. അതേസമയം, നീളന്‍ വിശദീകരണങ്ങള്‍ക്കോ സംവാദങ്ങള്‍ക്കോ തുനിയരുത്. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ യാതൊരു മാറ്റവും ജീവിതരീതികളില്‍ വരുത്താതിരിക്കുക — അവരെ സംതൃപ്തരാക്കാന്‍ നിങ്ങള്‍ക്കായേക്കില്ല. അവര്‍ തുറന്നുകാണിക്കുന്നത് നിങ്ങളുടെ ശരീരത്തിലെയല്ല, അവരുടെ തന്നെ മനസ്ഥിതിയിലെ പോരായ്മകളാണ്‌.
 • സോഷ്യല്‍ മീഡിയയില്‍ ബോഡിഷെയ്മിംഗ് കമന്‍റുകളോ പോസ്റ്റുകളോ നിരന്തരം ഇടുന്നവരെ അണ്‍ഫോളോയോ ബ്ലോക്കോ ചെയ്യുക. നേര്‍പരിചയമുള്ളവരോട് അതിനു മുമ്പ് കാര്യം ചര്‍ച്ച ചെയ്യുകയുമാകാം.

ഇതൊക്കെക്കൊണ്ടും മനോവൈഷമ്യങ്ങള്‍ പരിഹൃതമാകുന്നില്ലെങ്കില്‍ കാര്യം അടുത്ത സുഹൃത്തുക്കളോടോ മറ്റോ തുറന്നു ചര്‍ച്ച ചെയ്യുക. മനശ്ശാസ്ത്ര ചികിത്സകള്‍ തേടുന്നതും പരിഗണിക്കുക. വിദഗ്ദ്ധ സഹായത്തോടെ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്കാണു ബോഡിഷെയ്മിംഗ് നേരിടുന്നത് എങ്കില്‍ (അമിതവണ്ണം, വായ്’നാറ്റം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ) അതാതു സ്പെഷ്യലിസ്റ്റുകളെ സമീപിക്കുക — എന്നാല്‍, ബോഡിഷെയ്മിംഗുകാരുടെ വായടപ്പിക്കുകയല്ല, മറിച്ച് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഇവിടെ ലക്ഷ്യം എന്നു മറക്കാതിരിക്കുക.

സമൂഹം ശ്രദ്ധിക്കാന്‍

 • കൊച്ചുവര്‍ത്തമാനങ്ങള്‍ അറിയാതെ പോലും തടിയെയോ മുടികൊഴിച്ചിലിനെയോ ഒന്നും കുറിച്ചാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
 • സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ ആരെങ്കിലും ബോഡിഷെയ്മിംഗ് നേരിടുന്നതായും അതില്‍ വിഷമിക്കുന്നതായും കണ്ടാല്‍ അവരെ സപ്പോര്‍ട്ട് ചെയ്യുക.
 • നിറം, ഉയരം, വണ്ണം, സൌന്ദര്യം തുടങ്ങിയവയ്ക്ക് അതീതമായി സ്നേഹവും ബഹുമാനവും ലഭിക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ട് എന്നോര്‍ക്കുക.

(2021 ഏപ്രില്‍ ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: CGTN

തള്ളിന്‍റെ മനശ്ശാസ്ത്രം
ഫോണിനെ മെരുക്കാം

Related Posts

 
Our website is protected by DMC Firewall!