മുതിര്‍ന്നവരിലെ അശ്രദ്ധയും വികൃതിയും

മുതിര്‍ന്നവരിലെ അശ്രദ്ധയും വികൃതിയും

നിങ്ങള്‍ക്കോ പരിചയത്തിലാര്‍ക്കെങ്കിലുമോ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും പെട്ടെന്നു മറന്നു പോവുക, ചെയ്യാന്‍ തുടങ്ങുന്ന ജോലികള്‍ മിക്കതും മുഴുമിപ്പിക്കാനാവാതെ വരിക തുടങ്ങിയ പ്രശ്നങ്ങളുണ്ടോ? ദൈനംദിന ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടെ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടു നേരിടാറുണ്ടോ? ഉള്ള കഴിവുകള്‍ക്ക് അനുസൃതമായ വൈദഗ്ദ്ധ്യം തന്‍റെ ജോലിയില്‍ പ്രകടിപ്പിക്കാനാവാതെ വരുന്നുണ്ടോ? മുന്‍കോപം, എടുത്തുചാട്ടം, ഇത്തിരി നേരം പോലും അടങ്ങിയിരിക്കാന്‍ പറ്റായ്ക തുടങ്ങിയ ദുശ്ശീലങ്ങളുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക - ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം അഡല്‍റ്റ് എ.ഡി.എച്ച്.ഡി. (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്‍റെ സൂചനകളാവാം.

എ.ഡി.എച്ച്.ഡി.യുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഒരാളുടെ കുട്ടിക്കാലത്തു തന്നെ പ്രകടമായിത്തുടങ്ങാറുണ്ട്. അമിതമായ പിരുപിരുപ്പ്, ഒന്നിലും ഏകാഗ്രത കിട്ടായ്ക, എന്തിലുമേതിലുമുള്ള അക്ഷമ എന്നിവയാണ് കുട്ടികളില്‍ ഈ രോഗത്തിന്‍റെ മുഖമുദ്രകള്‍. ബാല്യത്തില്‍ ഈ അസുഖം കാണപ്പെടുന്നവരില്‍ എഴുപതു ശതമാനത്തോളം പേരില്‍ കൌമാരപ്രായത്തിലും പകുതിയോളം പേരില്‍ യൌവനാരംഭത്തിലും പ്രസ്തുത ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്‍ക്കാറുണ്ട്. വളര്‍ന്നു വരുന്നതിനനുസരിച്ച് പിരുപിരുപ്പ്, അക്ഷമ എന്നീ കഷ്ടതകള്‍ ക്രമേണ നേര്‍ത്തില്ലാതാവുകയും എന്നാല്‍ അശ്രദ്ധയും അനുബന്ധപ്രശ്നങ്ങളും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടരുകയുമാണ് സാധാരണ സംഭവിക്കാറുള്ളത്. ഇതിനെയാണ് അഡല്‍റ്റ് എ.ഡി.എച്ച്.ഡി. എന്നു വിളിക്കുന്നത്. ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം ഈ രോഗത്താല്‍ കഷ്ടപ്പെടുന്നുണ്ടെന്നും, എന്നിട്ടും ഇക്കൂട്ടത്തില്‍ പത്തു ശതമാനത്തോളം പേര്‍‍ക്കേ ശരിയായ രോഗനിര്‍ണയത്തിനുള്ള അവസരം കിട്ടുന്നുള്ളൂ എന്നും ലോകാരോഗ്യ സംഘടനയുടേതടക്കമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുടുംബജീവിതത്തെത്തൊട്ട് തൊഴില്‍ക്ഷമതയെ വരെ കുഴപ്പത്തിലാക്കിക്കളയുന്ന ഈ അസുഖത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പക്ഷേ യഥാസമയത്തുള്ള രോഗനിര്‍ണയവും അനുയോജ്യമായ ചികിത്സകളും ജീവിതശൈലിയില്‍ വരുത്തുന്ന തക്കതായ മാറ്റങ്ങളും വഴി നന്നായി ലഘൂകരിക്കാന്‍ സാധിക്കാറുണ്ട്. അഡല്‍റ്റ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളെയും കാരണങ്ങളെയും ചികിത്സകളെയും പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

രോഗം പ്രകടമാകുന്ന രീതികള്‍

ഒന്നിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോവുക എന്നതാണ് ഈ രോഗം ബാധിച്ചവര്‍ അനുഭവിക്കുന്ന പ്രധാന വൈഷമ്യം. 

ഒന്നിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോവുക എന്നതാണ് ഈ രോഗം ബാധിച്ചവര്‍ അനുഭവിക്കുന്ന പ്രധാന വൈഷമ്യം. ജോലികള്‍ തക്കസമയത്തു ചെയ്യാന്‍ തുടങ്ങാതെ നിരന്തരം വെച്ചുതാമസിപ്പിക്കുക, ഗൌരവമുള്ള എന്തിലെങ്കിലും മുഴുകാന്‍ ശ്രമിക്കുമ്പോഴൊക്കെ നാലുപാടുമുള്ള അപ്രസക്തമായ കാഴ്ചകളിലേക്കും ശബ്ദങ്ങളിലേക്കും മനസ്സ് വീണ്ടും വീണ്ടും പാളിപ്പോവുക, ഒരു ജോലിയും അതിന്‍റെ ശരിയായ മുറയില്‍ ചെയ്യാന്‍ സാധിക്കാതെ വരിക, മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങളോ നിര്‍ദ്ദേശങ്ങളോ ഓര്‍മയില്‍ വെക്കാന്‍ പറ്റാതിരിക്കുക, ചെയ്യുന്ന പ്രവൃത്തികളിലൊക്കെ വളരെപ്പെട്ടെന്ന് മുഷിപ്പനുഭവപ്പെടുക, ഒരു കര്‍ത്തവ്യം മുഴുമിക്കുന്നതിനു മുമ്പേ അടുത്തതിലേക്കു കടക്കുക തുടങ്ങിയവ ഇക്കൂട്ടര്‍ നിത്യേനയെന്നോണം നേരിടുന്ന വിഷമതകളാണ്. ഒരു പണി ചെയ്തുതീര്‍ക്കാന്‍ എത്ര സമയമെടുത്തേക്കും എന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിയാതെ വരിക, ഉത്തരവാദിത്തങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനാവാതിരിക്കുക, മറ്റുള്ളവര്‍ക്കു കൊടുക്കുന്ന വാക്കുകള്‍ സദാ തെറ്റിക്കുക, ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ബുദ്ധിമുട്ടു നേരിടുക, ഒരു കൃത്യം മുഴുമിപ്പിച്ച് മറ്റൊന്നിലേക്കു കടക്കുമ്പോള്‍ തീരെ ഏകാഗ്രത കിട്ടാതിരിക്കുക, ചെയ്യുന്ന കാര്യങ്ങളുടെ വിശദാംശങ്ങളിലുള്ള ജാഗ്രതക്കുറവു മൂലം പിഴവുകള്‍ വന്നു ഭവിക്കുക, അവിരതമായ ജാഗരൂകതയാവശ്യപ്പെടുന്ന ചുമതലകള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുക തുടങ്ങിയ കുഴപ്പങ്ങളും ഇവരില്‍ സാധാരണമാണ്.

അമിതമായ എടുത്തുചാട്ടം, അക്ഷമ, ആത്മനിയന്ത്രണമില്ലായ്മ എന്നിവയും അഡല്‍റ്റ് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളാവാം. വിചാരശൂന്യമായി പെരുമാറുക, മുന്‍പിന്‍ ‍നോക്കാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുക, വരുംവരായ്കകള്‍ കണക്കിലെടുക്കാതെ ഏതു കാര്യത്തിലും പ്രതികരിക്കുക, തന്‍റെ ഊഴമെത്തുന്നതു വരെ കാത്തിരിക്കാന്‍ തയ്യാറല്ലാതിരിക്കുക, മറ്റുള്ളവരുടേതിന് ഇടക്കു കയറിപ്പറയുക, അശ്രദ്ധമായി വണ്ടിയോടിക്കുക, വീണ്ടുവിചാരമില്ലാതെ കാശു ചെലവഴിക്കുക, കുത്തഴിഞ്ഞ ലൈംഗികജീവിതം തുടങ്ങിയ ശീലങ്ങള്‍ ഇവര്‍ക്കുണ്ടാവാം. മനോവികാരങ്ങളില്‍ പൊടുന്നനെയും അകാരണമായും വ്യതിയാനങ്ങള്‍ ദൃശ്യമാവുക, മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുക, പെട്ടെന്നു ദേഷ്യം വരിക തുടങ്ങിയ പ്രശ്നങ്ങളും ഈ രോഗത്തിന്‍റെ ഭാഗമാവാം. മൃദുവായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാനാവാതിരിക്കുക, ചെറിയ പ്രകോപനങ്ങളുടെ പേരില്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുകയോ ജോലി രാജിവെക്കുകയോ ചെയ്യുക, പ്രധാന തീരുമാനങ്ങള്‍ പോലും സ്വയമെടുക്കാന്‍ സാധിക്കാതെ പോവുക, സാമൂഹ്യമര്യാദകളെ നിരന്തരം അവഗണിക്കുക എന്നീ സ്വഭാവരീതികളും ഇവരില്‍ സാധാരണമാണ്.

ചിലരില്‍ മുതിര്‍ന്നു കഴിഞ്ഞാലും അതിരുകവിഞ്ഞ പിരുപിരുപ്പ് വിട്ടുമാറാതെ നില്‍ക്കാറുണ്ട്. കൈകാലുകള്‍ എപ്പോഴും ചലിപ്പിച്ചു കൊണ്ടേയിരിക്കുക, അടങ്ങിയിരിക്കേണ്ട സാഹചര്യങ്ങളില്‍ പോലും ഇളകിക്കളിച്ചു കൊണ്ടിരിക്കുക, ഇടമുറിയാതെ സംസാരിക്കുക, ഒരിടത്തു തന്നെയിരുന്നു ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കാന്‍ വൈമനസ്യം കാണിക്കുക തുടങ്ങിയ ശീലങ്ങള്‍ ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്.

ഈ ലക്ഷണങ്ങളുടെ അനന്തരഫലങ്ങള്‍

അസാമാന്യ ബുദ്ധിശക്തിയുള്ള ചില എ.ഡി.എച്ച്.ഡി. ബാധിതര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ വിഷമതകളെയൊക്കെ ഫലപ്രദമായി അതിജയിക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരിലും ഈ പ്രശ്നങ്ങള്‍ കാലക്രമത്തില്‍ ഗൌരവമേറിയ പല പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കുകയാണു പതിവ്. എല്ലാറ്റിലും താല്പര്യം നഷ്ടപ്പെടുക, സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാനുള്ള കഴിവ് പൊയ്പ്പോവുക, ആത്മവിശ്വാസമില്ലായ്മയും അരക്ഷിതാവസ്ഥയും ജീവിതത്തില്‍ ഒന്നും ചെയ്യാനാവാതെ പോയി എന്ന കുറ്റബോധവും രൂപപ്പെടുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

തൊഴിലില്ലായ്മ, സാമ്പത്തികക്ലേശങ്ങള്‍, വ്യക്തിബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്മ, ദാമ്പത്യകലഹങ്ങള്‍, വിവാഹമോചനം, വിവിധതരം അപകടങ്ങള്‍ തുടങ്ങിയവക്കും ഈ രോഗം നിമിത്തമാവാറുണ്ട്. ഇവര്‍ നിയമലംഘനങ്ങള്‍ നടത്താനും അറസ്റ്റു ചെയ്യപ്പെടാനും ജയിലിലടക്കപ്പെടാനുമൊക്കെയുള്ള സാദ്ധ്യതകളും കൂടുതലാണ്. തടങ്കല്‍പ്പുള്ളികളില്‍ പത്തു മുതല്‍ എഴുപതു ശതമാനം വരെ ആളുകള്‍ ഈ രോഗം ബാധിച്ചിട്ടുള്ളവരാണെന്ന് സൂചനകളുണ്ട്. അഡല്‍റ്റ് എ.ഡി.എച്ച്.ഡി. ബാധിതരില്‍ എണ്‍പത് ശതമാനത്തോളം പേരെ വിഷാദരോഗം, ഉത്ക്കണ്ഠാ രോഗങ്ങള്‍, ആത്മഹത്യാപ്രവണത, നിദ്രാരോഗങ്ങള്‍, അമിതമദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം തുടങ്ങിയ മറ്റു മാനസികാസുഖങ്ങളും പിടികൂടാറുണ്ട്‌.

എ.ഡി.എച്ച്.ഡി.യുടെ പ്രാഥമിക ലക്ഷണങ്ങളെക്കാളും രോഗികളുടെ ദൈനംദിന ജീവിതത്തെ വല്ലാതെ തകിടംമറിച്ചു കളയാറുള്ളത് ഇപ്പറഞ്ഞ അനുബന്ധ പ്രശ്നങ്ങളാണെന്ന്‍ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തടങ്കല്‍പ്പുള്ളികളില്‍ പത്തു മുതല്‍ എഴുപതു ശതമാനം വരെ ആളുകള്‍ ഈ രോഗം ബാധിച്ചിട്ടുള്ളവരാണെന്ന് സൂചനകളുണ്ട്.

അഡല്‍റ്റ് എ.ഡി.എച്ച്.ഡി. ഉണ്ടാകുന്നത്

ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്നത് ഓര്‍ത്തിരിക്കാനും, അവയ്ക്ക് അനുയോജ്യമായ മുന്‍ഗണനാക്രമം നിശ്ചയിക്കാനും, ഓരോന്നിനും ഏകദേശം എത്ര സമയമെടുത്തേക്കാമെന്ന് ശരിയായി ഊഹിക്കാനും, ഓരോ ഉത്തരവാദിത്തവും അര്‍ഹിക്കുന്ന ചിട്ടയോടെ ചെയ്തുതീര്‍ക്കാനും, നാലുപാടുമുള്ള ബഹളങ്ങള്‍ക്കിടയിലും ചെയ്തുകൊണ്ടിരിക്കുന്ന കൃത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ചെയ്യുന്ന പ്രവൃത്തികളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും, ബാഹ്യലോകവുമായുള്ള ഇടപെടലുകളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താനും, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പരുവപ്പെടുത്താനുമൊക്കെയുള്ള കഴിവുകള്‍ നമുക്കു തരുന്നത് തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്‌ എന്ന ഭാഗമാണ്. ജനിതകവൈകല്യങ്ങളോ ഭ്രൂണാവസ്ഥയിലോ ശൈശവദശയിലോ നേരിടേണ്ടി വരുന്ന ചില പാരിസ്ഥിതിക കാരണങ്ങളോ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന്‍റെ വളര്‍ച്ചയില്‍ ഏല്‍പിക്കുന്ന വിഘാതങ്ങളാണ് എ.ഡി.എച്ച്.ഡി.ക്ക് ഹേതുവാകുന്നത്.

ഒരാള്‍ക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള സാദ്ധ്യതയുടെ എഴുപത്തിയാറു ശതമാനവും നിശ്ചയിക്കുന്നത് അയാളുടെ ജനിതകഘടനയാണ്. മൂന്ന്‍ എ.ഡി.എച്ച്.ഡി. രോഗികളില്‍ ഒരാളുടെ മാതാപിതാക്കളിലാര്‍ക്കെങ്കിലും ഈ അസുഖം കാണപ്പെടുന്നുണ്ടെന്നും, രോഗബാധിതരുടെ മക്കളില്‍ മൂന്നിലൊരാള്‍ക്ക് എ.ഡി.എച്ച്.ഡി. പിടിപെടുന്നുണ്ടെന്നുമുള്ള കണ്ടെത്തലുകള്‍ രോഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കുള്ള സ്വാധീനത്തിന്‍റെ തെളിവുകളാണ്. എ.ഡി.എച്ച്.ഡി.ക്കു നിദാനമാകുന്നതെന്ന് കണ്ടെത്തിയിട്ടുള്ള മിക്ക ജീനുകളും മസ്തിഷ്ക്കകോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, സിറോട്ടോണിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവയാണ്. ഡോപ്പമിന്‍റെ സ്വീകരണികളായ DRD4, DRD5, സിറോട്ടോണിന്‍റെ സ്വീകരണിയായ HTR1B, യഥാക്രമം ഡോപ്പമിന്‍റെയും സിറോട്ടോണിന്‍റെയും പുനരാഗിരണത്തില്‍ പങ്കുള്ള DAT1, 5HTT, നാഡികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന SNAP-25 എന്നീ പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകള്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ഉത്പത്തിയില്‍ പങ്കുണ്ട്. ജനിതകവ്യതിയാനങ്ങള്‍ മൂലം നാഡീകോശങ്ങള്‍ക്കിടയിലുള്ള സിനാപ്സുകള്‍ എന്ന ഇടങ്ങളില്‍ നിന്ന്‍ ഡോപ്പമിനും നോറെപ്പിനെഫ്രിനും പതിവിലും നേരത്തേ പുനരാഗിരണം ചെയ്യപ്പെട്ടു പോകുന്നതാണ് രോഗികളുടെ ഓര്‍മയെയും ഏകാഗ്രതയെയും മറ്റും തകര്‍ത്തു കളയുന്നത്.

ഗര്‍ഭാവസ്ഥയില്‍ കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുകയോ, പുകവലിക്കുകയോ, മദ്യപിക്കുകയോ, ചില തരം മരുന്നുകള്‍ ഉപയോഗിക്കുകയോ, ചില രാസവിഷങ്ങളുമായി സമ്പര്‍ക്കമുണ്ടാവുകയോ, അമിത രക്തസമ്മര്‍ദ്ദം പിടിപെടുകയോ ചെയ്ത സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ എ.ഡി.എച്ച്.ഡി. കൂടുതലായി കണ്ടുവരാറുണ്ട്. സമയം തികയുന്നതിനു മുമ്പേ ജനിച്ചവര്‍, പ്രസവസമയത്ത് തക്കതായ തൂക്കമില്ലാതിരുന്നവര്‍, കുട്ടിക്കാലത്ത് ഈയം, കീടനാശിനികള്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളുമായി ഇടപെട്ടിട്ടുള്ളവര്‍, തലച്ചോറില്‍ അണുബാധകള്‍ ഏറ്റിട്ടുള്ളവര്‍ തുടങ്ങിയവരിലും ഈ രോഗം വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നുണ്ട്.

കുട്ടിക്കാലത്ത് എ.ഡി.എച്ച്.ഡി. പ്രകടമാക്കുന്നവരില്‍ ഏതു വിഭാഗത്തിലാണ് മുതിര്‍ന്നു കഴിഞ്ഞും അസുഖം വിട്ടുമാറാതെ നിലനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ളത് എന്നന്വേഷിച്ച പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പിരുപിരുപ്പ്, അശ്രദ്ധ എന്നിവ രണ്ടും ഒരേ തീവ്രതയില്‍ കാണപ്പെടുന്നവര്‍, കൂടുതല്‍ കഠിനമായ ലക്ഷണങ്ങളുള്ളവര്‍, വിഷാദരോഗമോ മറ്റ് മാനസികപ്രശ്നങ്ങളോ കൂടി പിടിപെട്ടവര്‍, എ.ഡി.എച്ച്.ഡി. ബാധിതരുള്ള കുടുംബങ്ങളിലോ മാനസികരോഗങ്ങളുള്ള മാതാപിതാക്കള്‍ക്കോ ജനിച്ചവര്‍, ഹാനികരമായ സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നുള്ളവര്‍ തുടങ്ങിയവരിലേക്കാണ്.

രോഗനിര്‍ണയം എങ്ങിനെ?

നേരത്തേ വിവരിച്ച ലക്ഷണങ്ങള്‍ മിക്കതും ഒരസുഖവുമില്ലാത്തവരിലും ഇടക്കെപ്പോഴെങ്കിലുമൊക്കെ തലപൊക്കിയേക്കാവുന്നവ തന്നെയാണ്. എന്നാല്‍ പ്രസ്തുത ബുദ്ധിമുട്ടുകള്‍ പന്ത്രണ്ടു വയസ്സിനു മുമ്പേ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴില്‍, കുടുംബജീവിതം, സാമൂഹ്യബന്ധങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നുണ്ടെങ്കിലും മാത്രമാണ് അഡല്‍റ്റ് എ.ഡി.എച്ച്.ഡി. നിര്‍ണയിക്കപ്പെടുക.

ഇങ്ങിനെയൊരു രോഗത്തെക്കുറിച്ചുള്ള അജ്ഞത മൂലം ചെറുപ്രായത്തില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ ബാല്യസഹജമായ കുസൃതികളും ദുശ്ശീലങ്ങളും മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്.

ചിലരില്‍ കുട്ടിക്കാലത്തു തന്നെ രോഗനിര്‍ണയം സാദ്ധ്യമാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങിനെയൊരു രോഗത്തെക്കുറിച്ചുള്ള അജ്ഞത മൂലം ചെറുപ്രായത്തില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ ബാല്യസഹജമായ കുസൃതികളും ദുശ്ശീലങ്ങളും മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്. മുതിര്‍ന്നു വരുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അതിനനുസൃതമായ കാര്യപ്രാപ്തി പ്രകടിപ്പിക്കാതിരിക്കുന്നതു കാണുമ്പോള്‍ മാത്രമാവാം പലരിലും ഒരസുഖത്തിന്‍റെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടു പോകുന്നത്.

രോഗിയില്‍ നിന്നും ആ വ്യക്തിയെ കുട്ടിക്കാലം തൊട്ടേ അടുത്തറിയാവുന്നവരില്‍ നിന്നും അയാള്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുക എന്നതാണ് രോഗനിര്‍ണയത്തിനുള്ള പ്രധാന ഉപാധി. രോഗലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചോദ്യാവലികള്‍, ഏക്രാഗത, ഓര്‍മ തുടങ്ങിയവയുടെ സൂക്ഷ്മാവലോകനം നടത്താനുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍, അനുബന്ധ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള പരിശോധനകള്‍ തുടങ്ങിയവയും രോഗനിര്‍ണയത്തിന് ഉപയുക്തമാക്കാറുണ്ട്. (അസുഖമുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാന്‍ ഈ ചോദ്യാവലി സഹായകമാകും.) പ്രശ്നങ്ങള്‍ ഏതു പ്രായത്തില്‍ ആരംഭിച്ചു, ചെറുപ്പത്തില്‍ എത്രത്തോളം തീവ്രമായിരുന്നു എന്നൊക്കെ കൃത്യമായറിയാന്‍ പഴയ സ്കൂള്‍രേഖകള്‍ ഉപകരിക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.ക്കാരുടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സില്‍ ഗ്ലൂക്കോസിന്‍റെ ചയാപചയം (metabolism) കുറവാണെന്നും ഇവരുടെ തലച്ചോറിലെ സ്ട്രയാറ്റം എന്ന ഭാഗത്ത് ഡോപ്പമിന്‍റെ പുനരാഗിരണം നടത്തുന്ന പമ്പുകളുടെ സാന്ദ്രത കൂടുതലാണെന്നും പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി, സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ ടോമോഗ്രഫി എന്നീ പരിശോധനകളില്‍ വെളിപ്പെടാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗവേഷണോദ്ദേശ്യങ്ങള്‍ക്കല്ലാതെ സാധാരണ രോഗികളുടെ പതിവു പരിശോധനക്ക് ഉപകരിക്കത്തക്ക സാംഗത്യം ഈ ടെസ്റ്റുകള്‍ക്ക് ഇല്ല. അതേസമയം, നാഡീകോശങ്ങളിലെ വിദ്യുത്പ്രവാഹങ്ങളുടെ ആവൃത്തി ഗണിച്ചെടുത്ത് അതുവഴി കുട്ടികള്‍ക്ക്‌ എ.ഡി.എച്ച്.ഡി.യുണ്ടോ എന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന NEBA എന്ന ഒരു പരിശോധനക്ക് അമേരിക്കയിലെ ഫുഡ് ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അനുമതി നല്‍കുകയുണ്ടായി.

താന്‍ ഇത്രയും കാലം സഹിച്ചു പോന്ന ക്ലേശങ്ങള്‍ക്കു പിന്നില്‍ സ്വഭാവദൂഷ്യങ്ങളോ വ്യക്തിപരമായ ന്യൂനതകളോ ഇച്ഛാശക്തിയുടെയോ പക്വതയുടെയോ അഭാവമോ ഒന്നും ആയിരുന്നില്ലെന്നും, മറിച്ച് ബാല്യം തൊട്ടേ തന്‍റെ തലച്ചോറിനെ ഗ്രസിച്ച ഒരു അസുഖത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു അവയൊക്കെയെന്നുമുള്ള പുതിയ ഉള്‍ക്കാഴ്ച പലര്‍ക്കും വലിയ ആശ്വാസം പകരാറുണ്ട്.

ചികിത്സാരീതികളെപ്പറ്റി ഒരല്‍പം

മരുന്നുകള്‍, സൈക്കോതെറാപ്പി, കൌണ്‍സലിംഗ് എന്നിങ്ങനെ വിവിധ ചികിത്സകള്‍ ഇന്നു ലഭ്യമാണ്. നാഡീരസങ്ങളുടെ അളവിലുണ്ടാകുന്ന നേരത്തേ സൂചിപ്പിച്ച വ്യതിയാനങ്ങളെ ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മീതൈല്‍ ഫെനിഡേറ്റ്, അറ്റെമോക്സെറ്റിന്‍, ബ്യൂപ്രോപ്പയോണ്‍ തുടങ്ങിയ മരുന്നുകളാണ് ഇവര്‍ക്കു നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇവ പ്രയോജനപ്രദമാവാറുണ്ട്. രോഗത്തെ വേരോടെ പിഴുതു കളയുകയല്ല, മറിച്ച് ലക്ഷണങ്ങളെ നിയന്ത്രണവിധേയമാക്കുക മാത്രമാണ് ഈ മരുന്നുകള്‍ ചെയ്യുന്നത് എന്നതിനാല്‍ ഇവ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.

രോഗത്തെ വേരോടെ പിഴുതു കളയുകയല്ല, മറിച്ച് ലക്ഷണങ്ങളെ നിയന്ത്രണവിധേയമാക്കുക മാത്രമാണ് മരുന്നുകള്‍ ചെയ്യുന്നത് എന്നതിനാല്‍ അവ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.

കോഗ്നിറ്റീവ് ബിഹാവിയര്‍ തെറാപ്പി എന്ന മനശാസ്ത്രചികിത്സ അസ്ഥാനത്തുള്ള സ്വയംവിമര്‍ശനം തിരിച്ചറിഞ്ഞ്‌ അതിനു പൂര്‍ണവിരാമമിടാനും, നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും, അനാവശ്യ ഉത്ക്കണ്ഠകള്‍ ദൂരീകരിക്കാനും, ജീവിതം കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ ഈ രോഗികളെ പ്രാപ്തരാക്കും. വലിയ വലിയ ലക്ഷ്യങ്ങളെ ഉപലക്ഷ്യങ്ങളായി വിഭജിച്ച് അവയെ കൈപ്പിടിയില്‍ ഒതുക്കുന്നത്ങ്ങ എങ്ങനെയെന്നും, വിദൂരഭാവിയില്‍ നേടിയെടുക്കാനുള്ള കാര്യങ്ങള്‍ക്കു വേണ്ടി ഇപ്പോഴേ പ്രയത്നിക്കാന്‍ വേണ്ട പ്രചോദനം എങ്ങനെ കണ്ടെത്താമെന്നുമൊക്കെ ഇവരെ മനസ്സിലാക്കിക്കാന്‍ മെറ്റാകോഗ്നിറ്റീവ് തെറാപ്പി കൊണ്ടു സാധിക്കും. അനുയോജ്യമായ തൊഴിലുകളേതെന്നു കണ്ടെത്താനും ജോലിസ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന വൈഷമ്യങ്ങളെ തരണം ചെയ്യുന്നതെങ്ങനെയെന്ന അറിവു നേടാനുമൊക്കെ ശരിയായ കൌണ്‍സലിംഗ് സഹായിക്കും. റിലാക്സേഷന്‍ വിദ്യകള്‍ പരിശീലിക്കുന്നത് മാനസികസമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ ഉതകും. വ്യക്തിബന്ധങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ഉലച്ചിലുകള്‍ പരിഹരിക്കാന്‍ ഫാമിലി തെറാപ്പി, മരയിറ്റല്‍ തെറാപ്പി എന്നിവ ഉപകരിക്കും.

ദൈനംദിന ഉപയോഗത്തിന് കുറച്ചു പൊടിക്കൈകള്‍

തങ്ങളുടെ ന്യൂനതകളെയും കഴിവുകളെയും തിരിച്ചറിയുകയും അനുയോജ്യമായ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് രോഗമൊരുക്കുന്ന പ്രതിബന്ധങ്ങളെ ഫലപ്രദമായി മറികടക്കാന്‍ എ.ഡി.എച്ച്.ഡി. ബാധിതരെ സജ്ജരാക്കും. സര്‍ഗാത്മകത, ചുറുചുറുക്ക്, സ്വതസിദ്ധമായ ചിന്താശൈലി, തങ്ങള്‍ക്കു താല്പര്യം തോന്നുന്ന കാര്യങ്ങളോടുള്ള അമിതമായ അഭിനിവേശം തുടങ്ങിയ പല നല്ല ഗുണങ്ങളും ഇവരില്‍ പലര്‍ക്കും കൈമുതലായുണ്ടാവാറുണ്ട്. ഇത്തരം കഴിവുകളുടെ ബുദ്ധിപൂര്‍വമായ വിനിയോഗം തങ്ങളുടെ പോരായ്മകളെ തരണം ചെയ്യാന്‍ അവര്‍ക്കു തുണയാകാറുമുണ്ട്.

അനുയോജ്യമായ ഹോബികള്‍ വളര്‍ത്തിയെടുക്കുന്നത് സന്തതസഹചാരിയായ അമിതോന്മേഷത്തെ സൃഷ്ടിപരമായി ബഹിര്‍ഗമിപ്പിക്കാനുള്ള അവസരങ്ങള്‍ തരും. പ്രകോപനങ്ങളൊന്നും കൂടാതെ വികാരവിക്ഷോഭങ്ങള്‍ കടന്നു വരുമ്പോഴൊക്കെ അവ തന്‍റെ അസുഖത്തിന്‍റെ ഭാഗം മാത്രമാണെന്നു തിരിച്ചറിയുകയും, അവ താല്‍ക്കാലികം മാത്രമാണെന്ന് സ്വയം ഓര്‍മിപ്പിക്കുകയും, അവയുടെ പേരില്‍ തന്നെത്തന്നെയോ ആ സമയത്ത് കൂടെയുള്ളവരെയോ പഴിക്കാതിരിക്കുകയും, അത്രയും നേരത്തേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ തനിക്ക് ആശ്വാസം തരാറുള്ള എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യുന്നത് നല്ല നടപടികളാണ്. ചിട്ടയായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ വിവിധ രോഗലക്ഷണങ്ങളുടെ തീവ്രത കുറക്കാന്‍ സഹായിക്കും. രോഗലക്ഷണങ്ങളെ വഷളാക്കുന്ന അനാവശ്യ വാഗ്വാദങ്ങള്‍, ലഹരിയുപയോഗം തുടങ്ങിയ ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധയില്ലായ്മയെ മറികടക്കാന്‍

  • പ്രധാനപ്പെട്ട വല്ലതും ചെയ്യാനൊരുങ്ങുന്നതിനു മുമ്പ് ടെലിവിഷന്‍, റേഡിയോ തുടങ്ങിയ ശ്രദ്ധയെ വ്യതിചലിപ്പിച്ചേക്കാവുന്ന ഘടകങ്ങള്‍ക്കെതിരെ അനുയോജ്യമായ മുന്‍കരുതലുകള്‍ എടുക്കുക.

  • എഴുതുകയോ വായിക്കുകയോ മറ്റോ ചെയ്യാനുള്ളപ്പോള്‍ മുറിയിലെ ജനലുകള്‍ക്ക് അഭിമുഖമായി ഇരിപ്പുറപ്പിക്കാതെ മേശ ഒരു ചുമരിനു നേരെ തിരിച്ചിട്ട് ഇരിക്കുക.

  • മീറ്റിങ്ങുകളിലും മറ്റും പ്രഭാഷകന്‍റെ തൊട്ടടുത്തു തന്നെ ഒരു ഇരിപ്പിടം സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

  • മറ്റുള്ളവര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ അതിന്‍റെ ഒരു സംഗ്രഹം അവരോടു തിരിച്ചു പറഞ്ഞ് അവര്‍ ഉദ്ദേശിച്ചതു തന്നെയാണോ താന്‍ മനസ്സിലാക്കിയത് എന്നുറപ്പു വരുത്തുക.

  • ചെയ്തുതീര്‍ക്കാനുള്ള ചെറിയ കാര്യങ്ങള്‍ക്കു പോലും അന്തിമസമയം നിശ്ചയിക്കുക.

  • ടൈം മാനേജ്മെന്‍റ് വിദ്യകള്‍ പരിശീലിക്കുക.

  • സെല്‍ഫോണുകളിലും മറ്റും ഇപ്പോള്‍ യഥേഷ്ടം ലഭ്യമായ പ്ലാനറുകള്‍, റിമൈന്‍ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ശീലമാക്കുക.

(2014 ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Drawing: Restless Sleeper by Red Tweny

പ്രണയികളുടെ മനശ്ശാസ്ത്രം
കുട്ടികളിലെ ആത്മഹത്യാപ്രവണത

Related Posts

 

By accepting you will be accessing a service provided by a third-party external to https://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.

Like us on Facebook

DMC Firewall is a Joomla Security extension!