വായന: ന്യൂജനും പഴഞ്ചനും

“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ

വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.

ഉദാഹരണത്തിന്, രാത്രിയുറക്കത്തിനു തൊട്ടുമുമ്പ് പതിവായി പുസ്തകം വായിച്ചാലത് “ഉറങ്ങാന്‍ നേരമായി” എന്ന സൂചന ശരീരത്തിനു കൊടുക്കുകയും ഉറക്കം സമയത്തുതന്നെ കിട്ടാന്‍ സഹായകമാവുകയും ചെയ്യും. എന്നാല്‍ അത്തരം വായനകള്‍ സ്ക്രീനുകളില്‍നിന്നാണെങ്കില്‍ അത് മെലട്ടോണിന്‍ എന്ന ഹോര്‍മോണിന്‍റെ അപര്യാപ്തതക്കു വഴിവെച്ച് ഉറക്കത്തെ വൈകിക്കുകയും ഗാഢമല്ലാത്തതാക്കുകയുമാണു ചെയ്യുക. കണ്ണിലേക്കടിക്കുന്ന സ്ക്രീന്‍വെളിച്ചം പുറത്തു രാത്രിയോ പകലോ എന്നു തിരിച്ചറിഞ്ഞു യഥോചിതം പ്രവര്‍ത്തിക്കേണ്ട ജൈവഘടികാരത്തെ തെറ്റിദ്ധരിപ്പിച്ച്, അതിന്‍റെ താളം പിഴപ്പിച്ച്, പല ആന്തരികപ്രക്രിയകളെയും താറുമാറാക്കാം. “Night mode” ലഭ്യമാണെങ്കില്‍ രാവായനക്ക് അതിലോട്ടു മാറുന്നതും രാത്രിയോ പകലോ എന്നതിനനുസരിച്ചു ഡിസ്പ്ലേയെ സ്വയം ക്രമീകരിച്ചുതരുന്ന f.lux പോലുള്ള സോഫ്റ്റ്‌വെയറുകളും ഇവിടെ കുറച്ചൊക്കെ രക്ഷയാവും.

വായനാവേളകളില്‍ നാം കണ്‍പോള ചിമ്മുന്നതിന്‍റെ തോതു കുറയുകയും തന്മൂലം പതിവിലധികം കണ്ണുനീര്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വായനാവേളകളില്‍ നാം കണ്‍പോള ചിമ്മുന്നതിന്‍റെ തോതു കുറയുകയും തന്മൂലം പതിവിലധികം കണ്ണുനീര്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏറെനേരം വായിക്കുമ്പോള്‍ ഇക്കാരണത്താല്‍ തളര്‍ച്ചയും തലവേദനയുമുളവാകുകയും അത് വായിക്കുന്ന കാര്യം വേണ്ടവിധം ഗ്രഹിക്കപ്പെടാതെ പോവാന്‍ നിമിത്തമാവുകയും ചെയ്യാം. സ്ക്രീനുകള്‍ വെളിച്ചം പ്രസരിപ്പിക്കുന്നതിനാലും കണ്മുമ്പില്‍ നിലകൊള്ളുക പുസ്തകങ്ങളെക്കാളും ലംബമായാണ് എന്നതിനാലും അവ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായുണ്ടാക്കുന്നുണ്ട്. വായന ഇടക്കിടെയൊന്നു നിര്‍ത്തി കണ്ണുകളടക്കുകയോ പുറത്തേക്കു ദൃഷ്ടിപായിക്കുകയോ ചെയ്യുന്നത് ഇപ്പറഞ്ഞ പ്രശ്നങ്ങളെ കുറേയൊക്കെ തടഞ്ഞുതരും.

ഗൌരവമുള്ള വായനക്കു കൂടുതലുത്തമം പുസ്തകങ്ങളാണ്. ഇടതും വലതുമായി രണ്ടു പേജുകളും മുന്‍പിന്‍വശങ്ങളിലായി എട്ടു കോണുകളും കണ്മുമ്പിലുണ്ടാവുന്നത് പുസ്തകത്തില്‍ നാം എവിടെയെത്തിയെന്ന ധാരണ സദാ കിട്ടാനും വിവരങ്ങളെ കൂടുതല്‍ പൂര്‍ണതയോടെയും പശ്ചാത്തലബോദ്ധ്യത്തോടെയും ഉള്‍ക്കൊള്ളാനാവാനും അങ്ങിനെയവ ഓര്‍മയില്‍ നന്നായിപ്പതിയാനും സഹായകമാവുന്നുണ്ട്. മറുവശത്ത്, ഒരുനേരത്ത് ഒന്നിച്ചുകാണാവുന്ന വാക്കുകളുടെയെണ്ണം സ്ക്രീനുകളില്‍ പൊതുവെ പരിമിതമാണെന്നതും സ്ഥിരമായ ഒരു ഇരിപ്പിടമില്ലാത്ത ഡിജിറ്റല്‍ അക്ഷരങ്ങള്‍ ഒരു വിദഗ്ദ്ധന്‍ വിശേഷിപ്പിച്ച പോലെ “വെളിച്ചം നീങ്ങുന്നതിനനുസരിച്ചു മാഞ്ഞുപോവുന്ന വെറും നിഴലുകള്‍” മാത്രമാണെന്നതും ഇക്കാര്യത്തിലവയെ പിന്നാക്കമാക്കുന്നുണ്ട്.

പല ഘടകങ്ങളും സ്ക്രീനുകളെ ഏകാഗ്രവായനക്ക് അനുയോജ്യമല്ലാതാക്കുന്നുണ്ട്.

പല ഘടകങ്ങളും സ്ക്രീനുകളെ ഏകാഗ്രവായനക്ക് അനുയോജ്യമല്ലാതാക്കുന്നുമുണ്ട്. കൂടക്കൂടെ “സ്ക്രോളോ” “സ്വൈപ്പോ” ചെയ്യേണ്ടിവരുന്നതും, കണ്‍മുമ്പിലെ അക്ഷരങ്ങള്‍ ഇളകിമാറിക്കഴിഞ്ഞാല്‍പ്പിന്നെ എവിടെയാണു വായിച്ചുകൊണ്ടിരുന്നതെന്ന് രണ്ടാമതും തേടിപ്പിടിച്ചെടുക്കേണ്ടി വരുന്നതും, പേജില്‍ ലിങ്കുകളുണ്ടെങ്കില്‍ അവയോരോന്നിലും ഞെക്കണോ വേണ്ടേ എന്നു നിശ്ചയിക്കേണ്ടിവരുന്നതും, മറ്റു സോഫ്റ്റ്‌വെയറുകളിലോ ആപ്പുകളിലോ നിന്നുള്ള നോട്ടിഫിക്കേഷനുകളുമൊക്കെ ഏകാഗ്രതാഭംഗത്തിന് ഹേതുവാകാം.

ലഘുവായനകള്‍ക്കും വിനോദങ്ങള്‍ക്കുമാണു സ്ക്രീനുകള്‍ മിക്കനേരവും ഉപയോഗിക്കപ്പെടാറുള്ളത് എന്നതിനാല്‍ അവയില്‍ പാഠപുസ്തകങ്ങളും മറ്റും വായിക്കുമ്പോള്‍ വിഷയം, ബോധപൂര്‍വമല്ലെങ്കിലും, അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കപ്പെടാതെ പോവാം. സ്ക്രീനുകളില്‍ വായിക്കുന്നവര്‍ കൃത്യമായ ലക്ഷ്യങ്ങളോടെ വായനക്കിറങ്ങുക, കടുപ്പമുള്ള ഭാഗങ്ങള്‍ വീണ്ടും നോക്കുക, പേജുകള്‍ പിന്നോട്ടുമറിച്ച് ഉള്ളടക്കത്തിന്‍റെ പൂര്‍ണാര്‍ത്ഥം തേടുക തുടങ്ങിയ ഓര്‍മയെ സഹായിക്കുന്ന നടപടികള്‍ വേണ്ടത്രയെടുക്കാറില്ലെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. സ്ക്രീനുകളില്‍ വായിക്കുമ്പോള്‍ നമുക്കു വേഗത കുറയുന്നുണ്ടെന്നും നിരീക്ഷണങ്ങളുണ്ട്.

ഉള്‍ക്കാഴ്ചകള്‍ സ്വായത്തമാക്കുകയും കാമ്പുള്ള സ്വാഭിപ്രായങ്ങള്‍ രൂപീകരിക്കുകയുമാണ് ഉദ്ദേശ്യമെങ്കില്‍ വായനാനേരത്ത് കാര്യകാരണബന്ധങ്ങള്‍ അറിഞ്ഞെടുക്കുകയും വിഷയത്തെപ്പറ്റി ആഴത്തിലാലോചിക്കുകയും വിമര്‍ശനബുദ്ധ്യാ അപഗ്രഥനം നടത്തുകയുമൊക്കെ വേണ്ടതുണ്ട്. മേല്‍വിവരിച്ച കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് ഇത്തരം ഗാഢവായനകള്‍ക്കു ചേരുക പുസ്തകങ്ങളാണെന്നാണ്. എന്നാല്‍ മറുവശത്ത്, വിവരങ്ങളുടെയൊരു ചാകര തന്നെയുള്ള ഓണ്‍ലൈന്‍ ലോകത്തുനിന്ന് വേണ്ട കാര്യങ്ങളെ ചൂണ്ടയിട്ടു പിടിക്കാനുത്തമം “കടുംവായന” (hyper reading) എന്നു പേരിടപ്പെട്ട മറ്റൊരു വായനാശൈലിയാണ്. “സെര്‍ച്ചോ” “ഫൈന്‍ഡോ” വഴി പ്രസക്ത ഭാഗങ്ങളില്‍ ഉന്നമിട്ടെത്തുക, അങ്ങിങ്ങുമാത്രം ഓടിച്ചുവായിക്കുക, ഉചിതമായ ലിങ്കുകള്‍ വല്ലതുമുണ്ടോയെന്ന് ചുറ്റുവട്ടത്തൊന്നു കണ്ണുപായിക്കുക എന്നിവയൊക്കെയാണ് കടുംവായനയുടെ രീതി. ഇപ്പറഞ്ഞ രണ്ടുതരം വായനകളിലും പ്രാവീണ്യം നേടേണ്ടതും രണ്ടിനെയും പരസ്പരപൂരകങ്ങളായി ഉപയോഗിക്കേണ്ടതും ഇക്കാലത്ത് അതിപ്രധാനമാണ്.

സ്ക്രീനുകളാണ് മെച്ചം എന്നുള്ള ചില സാഹചര്യങ്ങളും ഉണ്ട്. പ്രായമായവര്‍ക്ക് അവയുടെ കൂടിയ കോണ്ട്രാസ്റ്റ് ഗുണകരമാവാം. “ഇ-പേപ്പര്‍” സാങ്കേതികത ഉപയോഗപ്പെടുത്തുന്ന നവീന റീഡറുകള്‍ മറ്റു സ്ക്രീനുകളെപ്പോലെ ഉറക്കത്തെയോ കണ്ണിനെയോ വായനാവേഗത്തെയോ ബാധിക്കുന്നില്ലെന്നും, അവയില്‍ അക്ഷരങ്ങളുടെ വലിപ്പവും വരികള്‍ക്കിടയിലെ അകലവും ഇഷ്ടാനുസരണം ക്രമീകരിച്ചു വായിച്ചാലത് ശ്രദ്ധക്കും ഓര്‍മക്കും പുസ്തകവായനയെക്കാള്‍ മെച്ചമാണ് എന്നുപോലും സൂചനകളുണ്ട്. വായിക്കാന്‍ ക്ലേശമനുഭവപ്പെടുന്ന “ഡിസ്’ലെക്സിയ” എന്ന പ്രശ്നമുള്ളവര്‍ക്ക് ഇത്തരം റീഡറുകള്‍ ഒരു നല്ല പ്രതിവിധിയുമാണ്‌.

ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വശം കൂടിയുണ്ട്. മനുഷ്യര്‍ വായിക്കാന്‍ തുടങ്ങിയിട്ട് അയ്യായിരത്തോളം വര്‍ഷമേ ആയുള്ളൂ. വായനക്കു മാത്രമായി നമുക്ക് പ്രത്യേകം ജീനുകളോ മസ്തിഷ്കകേന്ദ്രങ്ങളോ ഇല്ല താനും. കാഴ്ചക്കും ഭാഷയുപയോഗത്തിനും വസ്തുക്കളെ തിരിച്ചറിയുന്നതിനുമൊക്കെ നിശ്ചയിക്കപ്പെട്ട മസ്തിഷ്കഭാഗങ്ങളെ ഏച്ചുകൂട്ടിയാണ് നാമെല്ലാം ചെറുപ്രായത്തില്‍ വായനാശേഷി സ്വായത്തമാക്കുന്നത്. അക്ഷരം വായിക്കാനാവാശ്യമായ ബൌദ്ധികവളര്‍ച്ച നേടിയെടുക്കാന്‍ മനുഷ്യകുലത്തിന് രണ്ടായിരത്തോളം വര്‍ഷം വേണ്ടിവന്നു. ഇന്ന് ഓരോ കുട്ടിയും ആ കഴിവാര്‍ജിക്കുന്നത് രണ്ടായിരത്തോളം ദിവസമെടുത്തുമാണ്. അതുകൊണ്ടൊക്കെത്തന്നെ, ഉപരിപ്ലവമായ സ്ക്രീന്‍വായനകള്‍ക്ക് ഏറെ സമയം ചെലവിടാറുള്ളവര്‍ ഇത്തിരിനേരമൊക്കെ ഗഹനമായ പുസ്തകവായനക്കായും മാറ്റിവെക്കുന്നത് നിതാന്ത പരിശീലനത്തിലൂടെ നാം സൃഷ്ടിച്ചെടുത്ത വായനക്കായുള്ള മസ്തിഷ്കപഥങ്ങളെ ഓജസ്സോടെ നിലനില്‍ക്കാന്‍ സഹായിക്കും.

(2016 ഓഗസ്റ്റ് ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Stylist