പുതുകാലം മനസ്സുകളോടു ചെയ്യുന്നത്

പുതുകാലം മനസ്സുകളോടു ചെയ്യുന്നത്

ആധുനികയുഗത്തിന്‍റെ മുഖമുദ്രകളായ ചില പ്രവണതകള്‍ മാനസികാരോഗ്യത്തെ ഹനിക്കുന്നത് എത്തരത്തിലാണ് എന്നുനോക്കാം. 

നഗരവല്‍ക്കരണം

2020-ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 41%-വും താമസിക്കുന്നത് നഗരങ്ങളിലായിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ അനുമാനം. നഗരവാസികള്‍ക്ക് മാനസികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഗ്രാമവാസികളുടേതിനെക്കാള്‍ കൂടുതലാണെന്ന്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണമായിപ്പറയുന്നത്‌ അന്തരീക്ഷമലിനീകരണം, ഉയര്‍ന്ന ജനസാന്ദ്രത, സാമ്പത്തികഞെരുക്കങ്ങള്‍ക്കുള്ള കൂടിയ സാദ്ധ്യത, സാമൂഹ്യപിന്തുണയുടെ അപര്യാപ്‌തത തുടങ്ങിയ ഘടകങ്ങളെയാണ്. സാമൂഹ്യവിരുദ്ധത, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വീടുകളിലെ അടിപിടികള്‍, കുടുംബങ്ങളുടെ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങളും വിഷാദവും സൈക്കോട്ടിക് അസുഖങ്ങളും ലഹരിയുപയോഗവും അമിതമദ്യപാനവും പോലുള്ള മനോരോഗങ്ങളും നഗരങ്ങളില്‍ താരതമ്യേന കൂടുതലായിക്കണ്ടുവരുന്നുണ്ട്.

തൊഴിലില്ലായ്മ, ദാരിദ്ര്യം, ലഹരിയുപയോഗം തുടങ്ങിയ കാരണങ്ങള്‍ ചേരികളിലെയും മറ്റും ചെറുപ്പക്കാരില്‍ കുറ്റവാസന കൂടാനിടയാക്കുന്നുണ്ട്. നഗരങ്ങളിലേക്കുള്ള അമിതമായ കുടിയേറ്റം ഗ്രാമങ്ങളില്‍ ആരും ശുശ്രൂഷിക്കാനില്ലാതെ ബാക്കിയാവുന്ന പ്രായംചെന്നവര്‍ക്ക് മാനസികപ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത ഏറ്റുന്നുമുണ്ട്.

ആഗോളവല്‍ക്കരണം

ആഗോളവല്‍ക്കരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിഭാസമാണെങ്കിലും വിവരസാങ്കേതികവിപ്ലവവും മറ്റും കഴിഞ്ഞയേതാനും ദശകങ്ങളില്‍ അതിനെ വല്ലാതെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വിവിധ ലോകരാഷ്ട്രങ്ങളില്‍ വസിക്കുന്നവരുടെയുള്ളില്‍ രണ്ടുതരം സംസ്കാരങ്ങള്‍ ഉടലെടുക്കുന്നതിന് ഇതു നിമിത്തമായിട്ടുണ്ട് — ജന്മദേശത്തെ ചുറ്റുപാടുകളും പാരമ്പര്യങ്ങളുമൊക്കെ സൃഷ്ടിക്കുന്ന പ്രാദേശികസംസ്കാരവും, ലോകത്തിന്‍റെ വിവിധ കോണുകളിലെ സംഭവവികാസങ്ങളെയും ആചാരങ്ങളെയുമൊക്കെക്കുറിച്ച് ടെലിവിഷനും ഇന്‍റര്‍നെറ്റുമൊക്കെ കണ്മുമ്പിലെത്തിക്കുന്നയറിവുകള്‍ ജനിപ്പിക്കുന്ന ആഗോളസംസ്കാരവും. മിക്കവര്‍ക്കും ഇവ രണ്ടിനെയും ഒന്നിച്ചുകൊണ്ടുപോവാനാവാറുമുണ്ട്. ഉദാഹരണത്തിന്, ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന കമ്പനികളിലും മറ്റും ജോലിചെയ്യുന്ന ഇന്ത്യന്‍ യുവതീയുവാക്കള്‍ പലരും അവര്‍ നിരന്തരമിടപഴകുന്ന പാശ്ചാത്യസംസ്കാരത്തിന് അന്യമായ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്ന കല്യാണത്തിനു സമ്മതിക്കുക പോലുള്ള രീതികള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, വിദ്യാഭ്യാസവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട് ഒരു വ്യക്തിത്വവും, സ്വകുടുംബത്തോടും ബന്ധുക്കളോടുമൊക്കെയുള്ള ഇടപഴകലുകളില്‍ മറ്റൊരു വ്യക്തിത്വവും പാലിക്കാന്‍ അവര്‍ക്കാവുന്നുണ്ട്.

എന്നാല്‍ ചിലരെങ്കിലും ഈയൊരു ബാലന്‍സിങ്ങില്‍ പരാജയപ്പെട്ടുപോവുകയും മന:സംഘര്‍ഷത്തില്‍ ചെന്നുപെടുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ജനിച്ചുവളര്‍ന്ന സംസ്കാരത്തിനു കടകവിരുദ്ധമായ ഘടകങ്ങളുള്‍ക്കൊള്ളുന്ന ആഗോളസംസ്കാരത്തോട് ജോലിയുടെയും മറ്റും ഭാഗമായി അടുത്തിടപഴകേണ്ടി വരുമ്പോള്‍ ഏതിനെ തള്ളണം, ഏതിനെ കൊള്ളണം എന്ന കണ്‍ഫ്യൂഷനില്‍പ്പെടുന്നവരുണ്ട്. മുറുകെപ്പിടിച്ചു വളര്‍ന്നുവന്ന പ്രാദേശികസംസ്കാരം തനിക്ക് ഉപകാരശൂന്യമായിത്തീര്‍ന്നിരിക്കുന്നു എന്ന ബോധം വളരുന്നതും ചിലര്‍ക്കു സമ്മര്‍ദ്ദജനകമാവാറുണ്ട്. ആഗോളസംസ്കാരത്തിന്‍റെ പ്രഭാവത്തില്‍ പ്രാദേശികസംസ്കാരത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് അതിനെ കയ്യൊഴിയുകയും, എന്നാല്‍ പലവിധകാരണങ്ങളാല്‍ ആഗോളസംസ്കാരത്തിലേക്കു പൂര്‍ണമായി മാറാനാവാതെ രണ്ടിനുമിടയില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്നവരുമുണ്ട്. ഇനിയും ചിലര്‍ക്ക് രണ്ടിന്‍റെയും ഭാഗമാവാനാവാതെ അന്യഥാത്വം സഹിക്കേണ്ടിവരുന്നുമുണ്ട്. ആഗോളവല്‍ക്കരണം ശക്തിയാര്‍ജിച്ച ശേഷം പല രാജ്യങ്ങളിലെയും യുവാക്കളില്‍ വിഷാദവും ലഹരിയുപയോഗവും ആത്മഹത്യയുമൊക്കെ വര്‍ദ്ധിച്ചതിനു പിന്നില്‍ ഇത്തരം ഘടകങ്ങള്‍ക്കും പങ്കുണ്ടാവാം എന്നാണ് വിദഗ്ദ്ധാനുമാനം.

മലിനീകരണം


ചില കീടനാശിനികള്‍ ഓര്‍മയെയും ഏകാഗ്രതയെയും നശിപ്പിക്കുന്നുണ്ട്.

 അന്തരീക്ഷമലിനീകരണം ക്രമാതീതമായി തീര്‍ന്നതിനും മാനസികമായ പല പ്രത്യാഘാതങ്ങളുമുണ്ട്. വായുവോ വെള്ളമോ ഭക്ഷണമോ വഴി നമ്മുടെ ശരീരത്തിലെത്തുന്ന ഈയം വാക്കുകള്‍ ഓര്‍ത്തുവെക്കാനുള്ള കഴിവ്, ആസൂത്രണ പാടവം എന്നിവയെയും, മുഖ്യമായും മത്സ്യാഹാരം വഴിയെത്തുന്ന മെര്‍ക്കുറി ദൃശ്യങ്ങളെയോര്‍മയില്‍ നിര്‍ത്താനും ചുറ്റുപാടുകളോട് പെട്ടെന്നു പ്രതികരിക്കാനുമുള്ള കഴിവുകളെയും ദുര്‍ബലമാക്കുന്നുണ്ട്. ഇവയും ചില കീടനാശിനികളും ഓര്‍മയെയും ഏകാഗ്രതയെയും നശിപ്പിക്കുന്നുമുണ്ട്.

ശബ്ദമലിനീകരണം സ്വൈര്യക്കേടുണ്ടാക്കുക, മുന്‍ശുണ്ഠിയുളവാക്കുക, ഏകാഗ്രതയും കാര്യക്ഷമതയും ദുര്‍ബലമാക്കുക, തളര്‍ച്ചക്കും ഉറക്കക്കുറവിനും വഴിവെക്കുക, ഏകാന്തനിമിഷങ്ങളെ നശിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും, സംഭാഷണങ്ങളെ ദുഷ്കരമാക്കുകയും അതുവഴി തെറ്റിദ്ധാരണകള്‍ക്കും ബന്ധങ്ങളിലെ ഉലച്ചിലുകള്‍ക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങള്‍ക്കും തീവണ്ടിപ്പാതകള്‍ക്കുമൊക്കെയടുത്തു താമസിക്കുന്ന കുട്ടികള്‍ക്ക് ബൌദ്ധികവും ഭാഷാപരവുമായ വളര്‍ച്ച മന്ദീഭവിക്കുന്നതിനും വായനാശേഷി ദുര്‍ബലമാവുന്നതിനും തെളിവുകളുണ്ട്.

കാലാവസ്ഥാവ്യതിയാനം

ഉയരുന്ന അന്തരീക്ഷോഷ്മാവ് അക്രമാസക്തതക്കു വഴിയൊരുക്കുന്നുണ്ട്.

അഭൂതപൂര്‍വ്വമായ വിധത്തിലുള്ള പരിസ്ഥിതിനാശവും കാലാവസ്ഥാ വ്യതിയാനങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. അസഹനീയ കാലാവസ്ഥകള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും നേര്‍സാക്ഷികളാകേണ്ടി വരുന്നവര്‍ക്ക് കൂനിന്മേല്‍ക്കുരു പോലെ കടുത്ത മാനസികസമ്മര്‍ദ്ദവും വിഷാദം പോലുള്ള മനോരോഗങ്ങളും പിടിപെടാറുണ്ട്. മാധ്യമങ്ങളിലൂടെയും മറ്റും ആഗോളതാപനത്തെയും പ്രകൃതിദുരന്തങ്ങളെയുമൊക്കെപ്പറ്റി വിശദമായറിയാനിടവരുന്നത് പലരിലും മനുഷ്യകുലത്തിന്‍റെയും മറ്റു ജീവജാലങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള അമിതമായ ആകുലതകള്‍ക്കും, അനിശ്ചിതത്വത്തിനും, ഇക്കാര്യത്തില്‍ ഒന്നുംചെയ്യാനാവാത്തതിനെച്ചൊല്ലിയുള്ള കുറ്റബോധത്തിനും, വിഷാദം പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇടയൊരുക്കുകയുമാവാം. മനസ്സിനരുമകളായ കാടുകളോ മലകളോ ഒക്കെയില്ലാതാവുന്നതു കാണുമ്പോള്‍ത്തോന്നുന്ന തീവ്രദുഃഖത്തിന് Solastalgia എന്നും, മറുവശത്ത് വാഹനാപകടങ്ങളും പുകവലിയും പോലുള്ള കൂടുതല്‍ മാരകങ്ങളായ വിപത്തുകളെക്കുറിച്ചുള്ളതിലും കൂടുതല്‍ വേവലാതി പരിസ്ഥിതിനാശത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചു വെച്ചുപുലര്‍ത്തുന്ന പ്രവണതക്ക് Environmental anxiety എന്നും ഗവേഷകര്‍ പേരിട്ടിട്ടുണ്ട്. ഉയരുന്ന അന്തരീക്ഷോഷ്മാവ് അക്രമാസക്തതക്കും വഴിയൊരുക്കുന്നുണ്ട്. അമേരിക്കയിലെ ചില ഗവേഷകര്‍ പ്രവചിക്കുന്നത് ചൂട് ഓരോ രണ്ടു ഡിഗ്രി ഫാരന്‍ഹീറ്റുവെച്ച് കൂടുമ്പോഴും അത് ആ രാജ്യത്തുമാത്രം ഇരുപത്തിനാലായിരം അടിപിടികളോ കൊലപാതകങ്ങളോ കൂടുതലായി നടക്കാന്‍ കാരണമാകുമെന്നാണ്.

ഇരുപതുകോടിയോളം അഭയാര്‍ത്ഥികളാണ് ഈ നൂറ്റാണ്ടു പാതിയാവുമ്പോഴേക്കും കാലാവസ്ഥാവ്യതിയാനം മൂലം ലോകമെമ്പാടും സൃഷ്ടിക്കപ്പെടുക എന്നും മുന്നറിയിപ്പുകളുണ്ട്. ഇത് ഓരോരുത്തരും വര്‍ഷങ്ങള്‍ക്കൊണ്ടു നേടിയെടുത്ത സാമൂഹ്യബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാനും, ഏറെയിഷ്ടപ്പെടുന്ന ജന്മനാടുകളെ ആളുകള്‍ക്ക് എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരാനും, ശേഷിക്കുന്ന പ്രകൃതിസ്രോതസ്സുകള്‍ക്കായി കലഹങ്ങള്‍ തലപൊക്കാനുമെല്ലാം ഇടയാക്കുകയും ഇതൊക്കെ മാനസികപ്രശ്നങ്ങള്‍ക്കും കളമൊരുക്കുകയും ചെയ്യാം.

(2015 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനഭാഗത്തിന്‍റെ പൂര്‍ണരൂപം)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Painting: Dan Scher

അവിഹിതബന്ധങ്ങള്‍: കേരളീയ സാഹചര്യവും ശാസ്ത്രത്തിനു ...
മത്സരപ്പരീക്ഷകള്‍ മനസ്സിനെ പരിക്ഷീണമാക്കാതിരിക്കാന...

Related Posts

 

By accepting you will be accessing a service provided by a third-party external to https://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
Our website is protected by DMC Firewall!