നല്ല ഭക്ഷണം, നല്ല മനസ്സ്

ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന തരം ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്നത് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വശമാണ്, ഇത്തരമാഹാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും അതുവഴി നമ്മുടെ മനസ്സിനെയും തകരാറിലാക്കാമെന്നത്. തലച്ചോറിനു നേരാംവണ്ണം പ്രവര്‍ത്തിക്കാനാവാന്‍ ചില നിശ്ചിതതരം പോഷകങ്ങള്‍ വേണ്ടയളവില്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതു നടക്കാതെ പോവുകയും തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും അകത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്‌താല്‍ അത് മാനസികമായ പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാം.

ഉദാഹരണത്തിന്, ഒമേഗ 3 ഫാറ്റിആസിഡ്, ഒമേഗ 6 ഫാറ്റിആസിഡ് എന്നീ രണ്ടുതരം കൊഴുപ്പുകള്‍ തലച്ചോറിന് ഏറെപ്രധാനമാണ്. ഇവ രണ്ടും തലച്ചോറിലെ കോശങ്ങളുടെ പുറംകവചങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും ഏറെക്കഴിക്കുന്നവര്‍ക്ക് ഇതില്‍ ഒമേഗ 3 ഫാറ്റിആസിഡിന്‍റെ അപര്യാപ്തത ഉളവാകാം. അത് പല മസ്തിഷ്ക, മാനസിക രോഗങ്ങള്‍ക്കും — വിഷാദം, അമിതോത്ക്കണ്ഠ, കുട്ടികളില്‍ വരുന്ന എ.ഡി.എച്ച്.ഡി., പ്രായമായവരില്‍ വരുന്ന ഡെമന്‍ഷ്യ തുടങ്ങിയ അസുഖങ്ങള്‍ക്ക് — കാരണമാവുന്നുണ്ട്. മറ്റൊരു പ്രശ്നമുള്ളത്, ഇത്തരം ഭക്ഷണങ്ങളില്‍ അമിതയളവില്‍ അടങ്ങിയിട്ടുള്ള ട്രാന്‍സ്ഫാറ്റ് എന്ന തരം കൊഴുപ്പ് തലച്ചോറില്‍ച്ചെന്ന് കോശങ്ങളുടെ പുറംകവചത്തില്‍നിന്ന് ഒമേഗ 3 ഫാറ്റിആസിഡിനെ തള്ളിമാറ്റാം എന്നതാണ്.

മറ്റൊരു പ്രധാന ദൂഷ്യഫലവും ഇത്തരം ഭക്ഷണങ്ങള്‍ക്കുണ്ട്. മുറിവുകള്‍ വീങ്ങുന്നത് എല്ലാവര്‍ക്കും പരിചയമുണ്ടാവും. മുറിവിലൂടെ ശരീരത്തില്‍ക്കടക്കുന്ന ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളോട് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ എതിരിടുന്നതിന്‍റെ ഫലമായാണ് മുറിവുകള്‍ വീങ്ങുന്നത്. അടുത്തിടെ പല പഠനങ്ങളും സമര്‍ത്ഥിച്ചത്, പ്രതിരോധവ്യവസ്ഥയുടെ ചില അമിതപ്രതികരണങ്ങള്‍ തലച്ചോറില്‍ ഒരുതരം നീര്‍വീക്കമുണ്ടാക്കുന്നത് പല മനോരോഗങ്ങള്‍ക്കും അടിസ്ഥാനകാരണമാകുന്നുണ്ടെന്നാണ്. ഫാസ്റ്റ്ഫുഡിലും ജങ്ക്ഫുഡിലും അമിതമായ അളവിലുള്ള പഞ്ചസാര ഇത്തരം അമിതപ്രതികരണങ്ങള്‍ക്കൊരു ഹേതുവാകാറുമുണ്ട്.

ഒമേഗ 3 ഫാറ്റിആസിഡിന്‍റെ അപര്യാപ്തതക്കു വഴിവെച്ചും പഞ്ചസാരയുടെ അമിതമായ സാന്നിദ്ധ്യമുണ്ടാക്കിയും ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും നമ്മുടെ തലച്ചോറിനെ നശിപ്പിക്കുന്നുണ്ട്.

പറഞ്ഞതിന്‍റെ ചുരുക്കം, ഒമേഗ 3 ഫാറ്റിആസിഡിന്‍റെ അപര്യാപ്തതക്കു വഴിവെച്ചും പഞ്ചസാരയുടെ അമിതമായ സാന്നിദ്ധ്യമുണ്ടാക്കിയും ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും നമ്മുടെ തലച്ചോറിനെ നശിപ്പിക്കുന്നുണ്ടെന്നാണ്. ഒരു പുതിയ പഠനത്തിന്‍റെ കണ്ടെത്തല്‍ ഏറെ ചിന്തനീയമാണ്. പ്രായമായ കുറച്ചാളുകളില്‍ ചിലര്‍ക്ക് നാലുവര്‍ഷത്തോളം നല്ല ആരോഗ്യകരമായ ഭക്ഷണവും വേറെച്ചിലര്‍ക്ക് എല്ലാവരും പൊതുവെ കഴിക്കുന്ന തരം എണ്ണയും കൊഴുപ്പും ഉപ്പും പഞ്ചസാരയും ഏറെയുള്ള തരം ഭക്ഷണവും നല്‍കപ്പെട്ടു. അങ്ങിനെ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ഇരുകൂട്ടരുടെയും തലച്ചോറുകളെ താരതമ്യംചെയ്ത ഗവേഷകര്‍ കണ്ടത്, ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിച്ച കൂട്ടര്‍ക്ക് രണ്ടു പ്രധാന കുഴപ്പങ്ങള്‍ സംഭവിച്ചുവെന്നാണ്. ഒന്ന്, നമുക്കെല്ലാം ഓര്‍മശക്തി പ്രദാനംചെയ്യുന്ന ഹിപ്പോകാംപസ് എന്ന മസ്തിഷ്കഭാഗം അവരില്‍ കൂടുതല്‍ ചുരുങ്ങിപ്പോയിരുന്നു. രണ്ട്, അവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാദ്ധ്യതയും അധികമായിരുന്നു. മറ്റു ചില പഠനങ്ങള്‍ പറയുന്നത്, ഗര്‍ഭകാലത്ത് സോഫ്റ്റ്ഡ്രിങ്കുകളും ഉപ്പേറിയ സ്നാക്കുകളും പോലുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്ന സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ ദേഷ്യവും വാശിയുമൊക്കെ കൂടുതലായിക്കണ്ടുവരുന്നെന്നാണ്.

ജങ്ക്ഫുഡ് നിര്‍മിക്കുന്ന കമ്പനികള്‍ക്കിടയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നത് പലപ്പോഴും ഇത്തരം ഉത്പന്നങ്ങളില്‍ അവക്ക് അഡിക്ഷന്‍ ഉണ്ടാക്കിയേക്കാവുന്ന തരം കെമിക്കലുകള്‍ ചേര്‍ക്കാന്‍ അവര്‍ക്ക് പ്രേരണയാവുന്നുമുണ്ട്. അതുകൊണ്ടുതന്നെ, ചിലര്‍ക്കെങ്കിലും ഇത്തരം ഭക്ഷണങ്ങളുടെയുപയോഗം പൊടുന്നനെ നിര്‍ത്തിയാല്‍ മദ്യമോ മറ്റോ നിര്‍ത്തിയാല്‍ കാണപ്പെടാറുള്ളപോലെ ആകെയൊരു വല്ലായ്കയും പിന്നെയും അതുപയോഗിക്കാനുള്ള ആസക്തിയും തലപൊക്കാം.

ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും സദാ കഴിക്കുന്നവര്‍ പഴങ്ങളും പച്ചക്കറികളും പോലുള്ള പോഷകമൂല്യമുള്ള ആഹാരങ്ങളെ അവഗണിക്കുന്നത് വിറ്റാമിനുകളുടെയും മറ്റും അപര്യാപ്തതയുണ്ടാക്കുകയും അതും തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. ഇത്തരക്കാര്‍ക്ക് സ്വാഭാവികമായും അമിതവണ്ണം രൂപപ്പെടുകയും, അതവര്‍ക്ക് മാനസികസമ്മര്‍ദ്ദം പിടിപെടാനും സ്വയംമതിപ്പു കുറയാനുമൊക്കെ ഇടയൊരുക്കുകയും ചെയ്യാം.

ഫാസ്റ്റ്ഫുഡിന്‍റെയും ജങ്ക്ഫുഡിന്‍റെയും ദോഷവശങ്ങളെപ്പറ്റിയാണ്‌ ഇതുവരെ പറഞ്ഞത്. പകരം ഏതുതരം ഭക്ഷണങ്ങളാണ് മസ്തിഷ്കാരോഗ്യത്തിന് ഉത്തമം എന്നും നാമറിഞ്ഞിരിക്കേണ്ടതുണ്ട്. മീന്‍, പ്രത്യേകിച്ചും നമ്മുടെ മത്തി, നേരത്തേപറഞ്ഞ ഒമേഗ 3 ഫാറ്റിആസിഡിന്‍റെ ഒരു നല്ല കലവറയാണ്. തക്കാളി, ഇലക്കറികള്‍, ഗ്രീന്‍ ടീ എന്നിവയില്‍ ആന്‍റിഓക്സിഡന്‍റ്സ് നല്ലയളവിലുള്ളതിനാല്‍ അവ ഡെമന്‍ഷ്യയെ പ്രതിരോധിക്കാന്‍ സഹായകമാവുന്നുമുണ്ട്.

പഠിക്കുന്ന പ്രായത്തിലുള്ളവരും ഭക്ഷണകാര്യത്തില്‍ പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്. നാം പുതിയൊരു വിവരം പഠിച്ചെടുക്കുമ്പോള്‍ അത് നമ്മുടെ തലച്ചോറില്‍ എഴുതിവെക്കപ്പെടുന്നത് തലച്ചോറിലെ കോശങ്ങളില്‍ പുതിയ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നതു മുഖേനയാണ്. അതുകൊണ്ടുതന്നെ, പഠനകാലത്ത് നല്ലയളവില്‍ പ്രോട്ടീനുകളുള്ള പാല്, പാലുത്പ്പന്നങ്ങള്‍, മുട്ട, മാംസം, പയറുവര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ തുടങ്ങിയവ കഴിക്കേണ്ടതുണ്ട്. പരീക്ഷാക്കാലത്ത് ഏറെ ടെന്‍ഷന്‍ അനുഭവപ്പെടാറുള്ളവര്‍ കൂടെ സോഫ്റ്റ്‌ഡ്രിങ്കുകള്‍ കഴിക്കുക കൂടിച്ചെയ്താല്‍ അള്‍സറിനും മറ്റും സാദ്ധ്യതയേറാം. ചായയിലും കാപ്പിയിലുമുള്ള കഫീന്‍ കൈവിറയല്‍ വര്‍ദ്ധിപ്പിക്കാമെന്നതിനാല്‍ ഇത്തരക്കാര്‍ അവയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാവും ഉചിതം.

“ഫുഡ് തെറാപ്പി” മനോരോഗങ്ങള്‍ക്കായുള്ള ചികിത്സാരീതികളുടെ ഗണത്തില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്.

മരുന്നുകള്‍ക്കും കൌണ്‍സലിങ്ങുകള്‍ക്കുമൊപ്പം “ഫുഡ് തെറാപ്പി”യും മനോരോഗങ്ങള്‍ക്കായുള്ള ചികിത്സാരീതികളുടെ ഗണത്തില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. മനോരോഗങ്ങളുടെ ആവിര്‍ഭാവത്തിലും ചികിത്സയിലും ആഹാരപദാര്‍ത്ഥങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചു മനസ്സിലാക്കാന്‍ “ന്യൂട്രീഷ്യണല്‍ സൈക്ക്യാട്രി” എന്നൊരു ഉപവിഭാഗം സൈക്ക്യാട്രിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങിയിട്ടും ഉണ്ട്. ഉദാഹരണത്തിന്, തലച്ചോറില്‍ സിറോട്ടോണിന്‍ എന്നൊരു നാഡീരസത്തിന്‍റെ കുറവു സംഭവിക്കുമ്പോഴാണ് ജനസംഖ്യയുടെ പത്തു പതിനഞ്ചു ശതമാനത്തോളം പേരെ ബാധിക്കുന്ന നേരത്തേയൊന്നു സൂചിപ്പിച്ച വിഷാദരോഗം എന്ന മാനസികപ്രശ്നം ഉടലെടുക്കുന്നത്. സിറോട്ടോണിന്‍ നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ട്രിപ്റ്റോഫാന്‍ എന്നൊരു തന്മാത്രയില്‍ നിന്നുമാണ്. ഏറെ ട്രിപ്റ്റോഫാന്‍ അടങ്ങിയ പാല്, മുട്ട, വാഴപ്പഴം, കടല തുടങ്ങിയവ നല്ലയളവില്‍ കഴിക്കുന്നത് വിഷാദരോഗം സുഖപ്പെടാന്‍ സഹായകമാണെന്നു സൂചനകളുണ്ട്.

ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വശം, നമ്മുടെ ദഹനവ്യവസ്ഥയിലുള്ള സൂക്ഷ്മജീവികള്‍ക്ക് നമ്മുടെ തലച്ചോറുകളിന്മേലുള്ള സ്വാധീനമാണ്. ബാക്റ്റീരിയകളും ഫംഗസുകളുമൊക്കെയായി കോടിക്കണക്കിനു ജീവികളാണ് നമ്മുടെ കുടലിലും മറ്റുമുള്ളത്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ ഇവയുടെ നാശത്തിനും അതുവഴി തലച്ചോറിലെ പ്രശ്നങ്ങള്‍ക്കും കാരണമാവാം. പത്തു ദിവസത്തേക്ക് ഫാസ്റ്റ്ഫുഡ് മാത്രം കഴിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ദഹനവ്യവസ്ഥയിലെ സൂക്ഷ്മജീവികളുടെ എണ്ണം മൂന്നില്‍രണ്ടായി കുറഞ്ഞുപോയെന്നും ആയിരത്തിനാന്നൂറോളം തരം ജീവികള്‍ പൂര്‍ണമായും നശിച്ചുപോയെന്നും ഒരു പഠനം കണ്ടെത്തുകയുണ്ടായി.

വിഷാദത്തിനു വഴിവെക്കുന്നത് സിറോട്ടോണിന്‍റെ അപര്യാപ്തതയാണെന്ന് തൊട്ടുമുമ്പു പറഞ്ഞല്ലോ. നമ്മുടെ ശരീരത്തിലെ തൊണ്ണൂറു ശതമാനത്തോളം സിറോട്ടോണിനും ഉത്പാദിപ്പിക്കപ്പെടുന്നത് മേല്‍പ്പറഞ്ഞ സൂക്ഷ്മജീവികള്‍ നമ്മുടെ കുടല്‍ഭിത്തികളെ ഉത്തേജിപ്പിക്കുമ്പോഴാണ്. ചില ജീവികള്‍ നമുക്കായി സിറോട്ടോണിന്‍ ഉത്പാദിപ്പിച്ചുതരുന്നും ഉണ്ട്. ഇത്തരം ജീവികളെ ഫാസ്റ്റ്ഫുഡ് തീറ്റയിലൂടെ കൊന്നുതീര്‍ക്കുന്നത് എത്രത്തോളം ബുദ്ധിമോശമായിരിക്കുമെന്ന് വ്യക്തമാണല്ലോ. മറുവശത്ത്, ചിലതരം ഭക്ഷണങ്ങള്‍ ഇത്തരം സൂക്ഷ്മജീവികളെ തഴച്ചുവളരാന്‍ സഹായിക്കുകയും ചെയ്യും – നാരുള്ള ഭക്ഷണങ്ങള്‍, മത്സ്യം എന്നിവ ഉദാഹരണങ്ങളാണ്.

(2016 ജൂണ്‍ പത്താം തിയ്യതി ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തൊരു പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന സംഭാഷണത്തിന്‍റെ പൂര്‍ണരൂപം.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.