doctor-patient-relation-malayalam

“സാറിന്‍റെ എഫ്ബി പ്രൊഫൈലു ഞാനൊന്നു പരിശോധിച്ചു. സാറൊരു നിരീശ്വരവാദിയാണല്ലേ?! അതറിഞ്ഞതു മുതല്‍ക്കെന്‍റെ ഉത്ക്കണ്ഠയും ഉറക്കക്കുറവും പിന്നേം കൂടി. സാറിന്‍റെ കാര്യമോര്‍ത്തിട്ട് എനിക്കാകെ ആധിയെടുക്കുന്നു!”
-    തികഞ്ഞ മതവിശ്വാസിയായ, വിഷാദബാധിതനായ ഒരാള്‍ തന്‍റെ ഡോക്ടറോടു പറഞ്ഞത്.

മുമ്പു ചികിത്സിച്ചവരെയോ നിലവില്‍ ചികിത്സിക്കുന്നവരെയോ സോഷ്യല്‍മീഡിയയില്‍ “ഫ്രണ്ട്സ്” ആക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അതിന്‍റെയംഗങ്ങളോട് ഈയിടെ നിര്‍ദ്ദേശിക്കുകയുണ്ടായി. “വിചിത്രമായ നിര്‍ദ്ദേശം” എന്നാണ് അതേപ്പറ്റി പല മാദ്ധ്യമങ്ങളും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിവിധ രാജ്യങ്ങളിലുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കം, അംഗങ്ങള്‍ക്ക് ഇതേ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നതാണു വസ്തുത. ഇതിനു പല കാരണങ്ങളുമുണ്ടു താനും. ഡോക്ടറുടെയും രോഗിയുടെയും ബന്ധം അവരിരുവരും തമ്മില്‍ മാത്രമുള്ളതും പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതവും ഒട്ടൊക്കെ ഔപചാരികത നിറഞ്ഞതും രോഗി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ക്കു രഹസ്യസ്വഭാവം കിട്ടുന്നതുമായ ഒന്നാണ്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ മുഖമുദ്രയോ, തുറന്നടിക്കലും എന്തും ഏവരുമറിയാനുള്ള സാദ്ധ്യതയും ഫെയ്ക്കുകളടമുള്ള ഒരാള്‍ക്കൂട്ടത്തിന്‍റെ നിതാന്തബഹളവുമൊക്കെയും!

സൌഹൃദങ്ങളില്‍ പൊതുവെ ഇരുകൂട്ടര്‍ക്കും തുല്യസ്ഥാനമാണുണ്ടാകാറ്. എന്നാല്‍ ഡോക്ടര്‍-രോഗീ ബന്ധം അങ്ങിനെ തുല്യത പ്രതീക്ഷിക്കാവുന്നതോ പാലിക്കാവുന്നതോ ആയ ഒന്നല്ല. ഡോക്ടര്‍ക്കു കയ്യില്‍ കൂടുതല്‍ അധികാരമുള്ള, രോഗിക്കു കൂടുതല്‍ ആശ്രിതത്വമുള്ള, കഷ്ടനഷ്ടങ്ങള്‍ പറ്റാന്‍ രോഗിക്കു കൂടുതല്‍ സാദ്ധ്യതയുള്ള ഒരു ബന്ധമാണത്. ഈയൊരു അസമത്വം രോഗിക്ക് ഹാനികരമാവുംവിധം ദുരുപയോഗിക്കപ്പെട്ടേക്കാം എന്നതിനാല്‍ ഡോക്ടര്‍മാര്‍ രോഗികളോടെപ്പോഴും ശാരീരികവും മാനസികവും സാമൂഹികവുമായ ഒരകലം സൂക്ഷിക്കണമെന്ന് മെഡിക്കല്‍ എത്തിക്സ് അനുശാസിക്കുന്നുണ്ട്. രോഗികളുമായി സാമ്പത്തികമോ സാമൂഹികമോ ഒക്കെയായ മറ്റു ബന്ധങ്ങളൊന്നും അരുതെന്നു നിഷ്കര്‍ഷിക്കുന്നുമുണ്ട്. സൗഹൃദം പോലെ ഇതരബന്ധങ്ങള്‍ കൂടി നിലവിലുള്ളപ്പോള്‍ ഏറെ വ്യക്തിപരമോ ലജ്ജാകരമോ ആയ വിവരങ്ങള്‍ ഡോക്ടറോടു പങ്കിടാന്‍ രോഗിക്കു വൈമനസ്യമുളവാകാം. താന്‍ നോക്കിയുംകണ്ടും പെരുമാറിയില്ലെങ്കിലത് തന്നോടുള്ള ഡോക്ടറുടെ മനോഭാവത്തെയും തന്‍റെ ചികിത്സയെയും ദോഷകരമായി ബാധിക്കാമെന്ന വ്യാകുലത രോഗിക്കു സദാ നിലനില്‍ക്കാം. ഇതെല്ലാം ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്കും, അത്തരമൊരു ബന്ധത്തിനു മുന്‍കയ്യെടുക്കുന്നതു രോഗിയാണെങ്കില്‍പ്പോലും, ബാധകവുമാണ്.

ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന അതിരുലംഘനങ്ങള്‍ രണ്ടു ഗണത്തില്‍പ്പെടാം. ഹ്രസ്വമായ, രോഗിക്കു ചൂഷണമൊന്നും നേരിടേണ്ടി വരാത്ത, നേരിയ ലംഘനങ്ങള്‍ ‘ബൌണ്ടറി ക്രോസിംഗ്’ എന്നറിയപ്പെടുന്നു. രോഗി കൊടുക്കുന്ന കുഞ്ഞുകുഞ്ഞു സമ്മാനങ്ങള്‍ തിരസ്കരിക്കാതിരിക്കുന്നതും രോഗി വിതുമ്പാന്‍ തുടങ്ങുമ്പോള്‍ പുറത്തു തട്ടുന്നതും ഉദാഹരണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ — വീഴാന്‍പോകുന്ന രോഗിയെ ഡോക്ടര്‍ പിടിച്ചുയര്‍ത്തുമ്പോഴോ ശയ്യാവലംബിയായ ഒരാളെ വീട്ടില്‍ച്ചെന്നു കാണുമ്പോഴോ ഒക്കെ — ബൌണ്ടറി ക്രോസിംഗ് രോഗിക്കു ഗുണകരവുമാകാം.

രോഗി ചൂഷണത്തിനും ഉപദ്രവത്തിനും ഇരയാകുന്ന, കൂടുതല്‍ തീവ്രമായ ലംഘനങ്ങള്‍ക്ക് ‘ബൌണ്ടറി വയലേഷന്‍’ എന്നാണു പേര്. ചികിത്സക്കു പ്രസക്തമല്ലാത്ത വ്യക്തിരഹസ്യങ്ങള്‍ ഡോക്ടര്‍ ചുഴിഞ്ഞന്വേഷിക്കുന്നതും തന്നെസ്സംബന്ധിച്ച പേഴ്സണലായ വിവരങ്ങള്‍ രോഗിയോട് ഒരാവശ്യവുമില്ലാതെ വിളമ്പുന്നതും തൊട്ട് ലൈംഗികമായ കടന്നുകയറ്റങ്ങള്‍ വരെ ഇതിലുള്‍പ്പെടുന്നു.

ഡോക്ടറും രോഗിയും സോഷ്യല്‍മീഡിയയില്‍ ഫ്രണ്ട്സാവുമ്പോള്‍ രണ്ടുതരം ലംഘനങ്ങള്‍ക്കു കളമൊരുങ്ങുന്നുണ്ട്.

ഡോക്ടറും രോഗിയും സോഷ്യല്‍മീഡിയയില്‍ ഫ്രണ്ട്സാവുമ്പോള്‍ ഇപ്പറഞ്ഞ രണ്ടുതരം ലംഘനങ്ങള്‍ക്കും കളമൊരുങ്ങുന്നുണ്ട്. നേരിലാണെങ്കിലും നെറ്റിലാണെങ്കിലും അതിരുലംഘനങ്ങള്‍ പൊതുവെ ഇടക്കെപ്പോഴെങ്കിലുമുള്ള ക്രോസിംഗുകളായിത്തുടങ്ങി ക്രമേണ വയലേഷനുകളിലേക്കു പുരോഗമിക്കുകയാണു പതിവ്. സോഷ്യല്‍മീഡിയയുടെ പല സഹജസവിശേഷതകളാലും പലരുമവിടെ സംയമനം കൂടാതെയും മുന്‍പിന്‍നോക്കാതെയും പെരുമാറാന്‍ സാദ്ധ്യതയേറുന്നുണ്ട്. അതിനാല്‍ത്തന്നെ ഡോക്ടറും രോഗിയും തമ്മിലെ ഫ്രണ്ട്ഷിപ്പുകള്‍ പ്രണയാഭ്യര്‍ത്ഥനയും ലൈംഗികക്ഷണവും പോലുള്ള വയലേഷനുകളിലേക്കു വളരുക അവിടെ കൂടുതലെളുപ്പവുമാണ്.

ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നതോടെ പ്രൊഫൈലിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പരസ്പരം കാണാന്‍കിട്ടുമെന്നത് ചികിത്സയെ ദുര്‍ബലപ്പെടുത്താവുന്ന വിവരങ്ങളും കൂട്ടത്തില്‍പ്പെടാനിടയാക്കാം. മതപരമോ രാഷ്ട്രീയമോ ഒക്കെയായ ഡോക്ടറുടെ കാഴ്ചപ്പാടുകള്‍ തന്റേതില്‍നിന്നു വിഭിന്നമാണെന്നയറിവ് രോഗിക്കു ചിന്താക്കുഴപ്പവും ആശങ്കയുമുളവാക്കാം. ഡോക്ടറുടെ പേഴ്സണല്‍ ലൈഫിനെപ്പറ്റി രോഗി വല്ലാതങ്ങറിഞ്ഞുപോവുന്നത് സൈക്കോതെറാപ്പി പോലുള്ള ചികിത്സകളുടെ ഫലപ്രാപ്തി കുറയ്ക്കാം.

രോഗി കരുതിക്കൂട്ടി മറച്ചുവെച്ച വിവരങ്ങള്‍ ഡോക്ടറുടെ കണ്ണില്‍പ്പെടാന്‍ സോഷ്യല്‍മീഡിയ വഴിയൊരുക്കാം.

രോഗി കരുതിക്കൂട്ടി മറച്ചുവെച്ച വിവരങ്ങള്‍ ഡോക്ടറുടെ കണ്ണില്‍പ്പെടാനും സോഷ്യല്‍മീഡിയ വഴിയൊരുക്കാം. (പുകവലി നിര്‍ത്തിയെന്നു ക്ലിനിക്കില്‍ വെച്ച് അവകാശപ്പെട്ടയാള്‍ സിഗരറ്റുമായി നില്‍ക്കുന്ന ഫോട്ടോ ഡോക്ടറെ എഫ്ബിയില്‍ എതിരേല്‍ക്കാം!) രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരിധിയിലേറെ അറിയാനിടയാകുന്നത് വസ്തുനിഷ്‌ഠമായി ചികിത്സാതീരുമാനങ്ങളെടുക്കുക ഡോക്ടര്‍മാര്‍ക്കു വിഷമകരമാക്കാം, അസുഖസംബന്ധിയായ അത്ര നന്നല്ലാത്ത വാര്‍ത്തകള്‍ രോഗിയെ സംയമനത്തോടെ അറിയിക്കുന്ന ജോലി അവര്‍ക്കു കഠിനതരമാക്കുകയും ചെയ്യാം. 

ചികിത്സിക്കുന്ന ഡോക്ടറുമായി സോഷ്യല്‍മീഡിയയിലെ പൊതുസ്ഥലങ്ങളില്‍ രോഗത്തെപ്പറ്റി ചര്‍ച്ചകള്‍ നടത്തിയാല്‍ അതു മറ്റുള്ളവരും ശ്രദ്ധിക്കാം, രോഗത്തിന്‍റെയും ചികിത്സയുടെയും വിവരം അങ്ങാടിപ്പാട്ടാവാം.

ഫ്രണ്ട്ഷിപ്പ് നിരുത്സാഹപ്പെടുത്തുക മാത്രമല്ല, രോഗികളെപ്പറ്റി സോഷ്യല്‍മീഡിയയില്‍ എഴുതുന്നെങ്കില്‍ ആളെ മനസ്സിലാവുന്ന തരം വിവരങ്ങളോ ചിത്രങ്ങളോ ഉള്‍പ്പെടുത്തരുത്, അഥവാ ആള്‍ തിരിച്ചറിയപ്പെട്ടേക്കുമെന്നു സംശയമുണ്ടെങ്കില്‍ പോസ്റ്റിടുംമുമ്പ് രോഗിയുടെ അനുവാദം വാങ്ങിയിരിക്കണം എന്നിങ്ങനെ രോഗികളുടെ നന്മയെക്കരുതിയുള്ള വേറെയുമനവധി നിര്‍ദ്ദേശങ്ങളും ഡോക്ടര്‍മാര്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്.

(2017 ഏപ്രില്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.