കുട്ടിക്കുറുമ്പുകളോടെതിരിടുമ്പോള്‍

കുട്ടിക്കുറുമ്പുകളോടെതിരിടുമ്പോള്‍

“അടീലും മീതെ ഒരൊടീല്ല്യ!”

കുശുമ്പുകള്‍ കാണിച്ചുകൊണ്ടേയിരിക്കുന്ന കുട്ടിയെ എങ്ങിനെ പാഠംപഠിപ്പിക്കാം എന്നതിനെപ്പറ്റി ഒരു എം.ടി.ക്കഥയിലെ മുത്തശ്ശി ആവര്‍ത്തിച്ചുമുറുമുറുക്കുന്ന ഉപദേശമാണ് മുകളില്‍ക്കൊടുത്തത്. അടിച്ചുവളര്‍ത്തിയാലേ കുട്ടികള്‍ നന്നാവൂ എന്നത് പേരന്‍റിങ്ങിനെക്കുറിച്ചുള്ള നമ്മുടെ നാട്ടറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. “അടികിട്ടാ മാട് പണിയില്ല; അടികിട്ടാക്കുട്ടി പഠിക്കില്ല” എന്ന ലൈനിലുള്ള അനേകം പഴഞ്ചൊല്ലുകളും നമുക്കു സ്വന്തമായുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ആധുനികമനശാസ്ത്രത്തിന്‍റെ വീക്ഷണം ഇങ്ങിനെയല്ല.

ശിക്ഷകളുടെ പരിമിതികള്‍

ദുഷ്പെരുമാറ്റങ്ങളെ തല്‍ക്കാലത്തേക്ക് അമര്‍ച്ചചെയ്യാന്‍ മാത്രമാണ് അടി പോലുള്ള ശിക്ഷകള്‍ക്കാവുന്നത്. ശിക്ഷകള്‍ കൊണ്ടു മാത്രം സ്വഭാവരീതികളില്‍ ശാശ്വത മാറ്റങ്ങള്‍ ഉളവാക്കാനോ നല്ല മറുശീലങ്ങള്‍ രൂപപ്പെടുത്താനോ ആവില്ല എന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം ശിക്ഷിക്കുമ്പോള്‍ കുട്ടി നമ്മോട് അവഗണന കാണിക്കാനും വൈകാരികമായി അകലാനും തുടങ്ങുകയും, അങ്ങിനെ കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ നമുക്കുള്ള സാദ്ധ്യതകള്‍ എന്നത്തേക്കുമായി ഇല്ലാതാവുകയും ചെയ്യാം. ശിക്ഷാവേളകളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധയും സമയവും കുട്ടിക്കു കിട്ടുന്നത് എങ്കില്‍ വളഞ്ഞ വഴിക്കാണെങ്കിലും കിട്ടുന്ന ആ ഒരു പരിഗണന ശിക്ഷയുടെ വേദനക്കും മുകളില്‍ കുട്ടി ഇഷ്ടപ്പെടുകയും, അങ്ങിനെ നമ്മുടെ ശിക്ഷ ഫലത്തില്‍ കുട്ടിക്ക് ദുസ്സ്വഭാവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമായി ഭവിക്കുകയും ചെയ്യാം. കുരുത്തക്കേടുകള്‍ കാണുമ്പോഴൊക്കെ നാം വടിയെടുക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തമമാര്‍ഗം അക്രമമാണ് എന്ന ധാരണ കുട്ടിയില്‍ വളര്‍ത്തുകയുമാവാം — കഠോരശിക്ഷകള്‍ കിട്ടി വളര്‍ന്നുവരുന്നവര്‍ അക്രമപ്രിയരായിത്തീരുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

അപ്പോള്‍പ്പിന്നെ കുട്ടികളെ നേരെയാക്കാന്‍ നമുക്കു ചെയ്യാനായി എന്താണു ബാക്കിയുള്ളത്?

ആദ്യം, പ്രധാനപ്പെട്ട നാലു സാങ്കേതികപദങ്ങളെ പരിചയപ്പെടാം.

ആവനാഴിയിലെ മറ്റായുധങ്ങള്‍

കുട്ടികളോടു നാമെടുക്കുന്ന നടപടികളെ അവ പെരുമാറ്റങ്ങളെ ദൃഢപ്പെടുത്തുകയാണോ ദുര്‍ബലമാക്കുകയാണോ ചെയ്യുക എന്നതിന്‍റെ അടിസ്ഥാനത്തില്‍ യഥാക്രമം “പ്രോത്സാഹിപ്പിക്കലുകള്‍” എന്നും “നിരുത്സാഹപ്പെടുത്തലുകള്‍” എന്നും വിളിക്കാം. പ്രശംസ, സമ്മാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കലുകളുടെയും, അടി, പരിഹാസം തുടങ്ങിയവ പൊതുവെ നിരുത്സാഹപ്പെടുത്തലുകളുടെയും ഉദാഹരണങ്ങളാണ്. ഈ രണ്ടു ലക്ഷ്യങ്ങളും നേടാന്‍ നമുക്കുപയോഗിക്കാനുള്ളത് രണ്ടു രീതികളാണ്: ഒന്ന്, നിലവിലില്ലാത്ത ഒരു കാര്യം പുതുതായി മുന്നോട്ടുവെക്കുക. രണ്ട്, ലഭ്യമായിട്ടുള്ള ഒരു കാര്യം എടുത്തുകളയുക. ഇങ്ങിനെ നോക്കുമ്പോള്‍ നമ്മുടെ കൈവശമുള്ളത് ആകെ നാലുതരം ആയുധങ്ങളാണ്:

 1. മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍
 2. എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍
 3. മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍
 4. എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍

ഇനി, ഇവയോരോന്നിനെയും പറ്റി കൂടുതലറിയാം.

മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍

നല്ല പെരുമാറ്റങ്ങള്‍ക്കു പകരം കുട്ടിക്കിഷ്ടമുള്ള വല്ലതും കൊടുക്കുന്നതിനെയാണ് ഈ പേരു വിളിക്കുന്നത്. ഇങ്ങിനെ കൊടുക്കപ്പെടുന്ന കാര്യങ്ങള്‍ “പ്രേരകങ്ങള്‍” എന്നറിയപ്പെടുന്നു. ഹോംവര്‍ക്ക് ചെയ്തുതീര്‍ക്കുമ്പോള്‍ പകരം ഒരു ചോക്ക്ലേറ്റ് കൊടുക്കുന്നത് ഈ രീതിക്കുദാഹരണമാണ്. ചോക്ക്ലേറ്റ് എന്ന പ്രേരകം മുന്നോട്ടുവെച്ച് ഹോംവര്‍ക്ക് മുഴുമിപ്പിക്കുക എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെച്ചെയ്യുന്നത്.

എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍

ഉചിതമായ പെരുമാറ്റങ്ങള്‍ക്കു പ്രതിഫലമായി ഇഷ്ടമില്ലാത്ത എന്തിനെയെങ്കിലും ഒഴിവാക്കിക്കൊടുക്കുന്നതിനെയാണ് ഇങ്ങിനെ വിളിക്കുന്നത്. ക്ലാസില്‍ വെച്ച് ജിതിന്‍ കണക്കുചെയ്യാന്‍ മടി കാണിക്കുമ്പോള്‍ അവനതു ചെയ്തുതീരുംവരെ അദ്ധ്യാപകന്‍ അവന്‍റെ അടുത്തുതന്നെ നില്‍ക്കുന്നു എങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കാനായി അവന്‍ അതു വേഗം ചെയ്തുതീര്‍ത്തേക്കാം. അദ്ധ്യാപകന്‍റെ സൂക്ഷ്മനിരീക്ഷണം എന്ന അസ്വാരസ്യം എടുത്തുകളഞ്ഞ് കണക്കുചെയ്യുക എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ നടന്നത്. വിരുന്നുകാരുടെ മുമ്പില്‍ നല്ല കുട്ടിയായിരിക്കുന്നതിനു പകരം മുറി വൃത്തിയാക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുമ്പോഴും, ആഹാരം മുഴുവന്‍ കഴിച്ചാലേ ഊണ്‍മേശക്കു മുമ്പില്‍ നിന്നെഴുന്നേല്‍ക്കാവൂ എന്നു കല്‍പിക്കുമ്പോഴും പ്രാവര്‍ത്തികമാകുന്നത് ഇതേ തത്വമാണ്.

മുന്നോട്ടുവെച്ചോ എടുത്തുകളഞ്ഞോ ഉള്ള പ്രോത്സാഹിപ്പിക്കലുകള്‍ വഴി ചിലപ്പോഴെങ്കിലും നാം സ്വയമറിയാതെ ദുശ്ശീലങ്ങളെ ദൃഢപ്പെടുത്തിക്കളയുകയും ചെയ്യാം. (ബോക്സ് കാണുക.)

ദുശ്ശീലങ്ങള്‍ക്കു വളംവെക്കാതിരിക്കാം

കളി നിര്‍ത്തി ഉറങ്ങാനാവശ്യപ്പെടുമ്പോള്‍ കുട്ടി ചിണുങ്ങാന്‍ തുടങ്ങുന്നു എന്നും, അപ്പോള്‍ നാം തീരുമാനം മാറ്റി കുറച്ചുനേരം കൂടി കളിക്കാന്‍ സമ്മതിക്കുന്നു എന്നും വെക്കുക. ചിണുങ്ങുക എന്ന പെരുമാറ്റത്തിനു പകരം കളിക്കാനനുവദിക്കുക എന്ന പ്രേരകം കൊടുക്കുകയാണ് നാം ചെയ്തത്. ഭാവിയിലും ചിണുങ്ങി കാര്യസാദ്ധ്യം നടത്താന്‍ ഇത് കുട്ടിക്കു പ്രചോദനമാകും.

ദുഷ്പെരുമാറ്റങ്ങളില്‍ നിന്നു പിന്മാറാന്‍ സമ്മാനങ്ങള്‍ മുന്നോട്ടുവെക്കുന്നതും ആത്യന്തികമായി വിപരീതഫലമാണ് ഉളവാക്കുക. കരച്ചില്‍ നിര്‍ത്തിയാല്‍ മിട്ടായി തരാം എന്നു പറയുമ്പോള്‍ ഭാവിയില്‍ കരച്ചില്‍ ആവര്‍ത്തിക്കാനുള്ള സാദ്ധ്യത കൂട്ടുകയാണ് നാം ചെയ്യുന്നത്.

കുട്ടി സ്കൂള്‍വിട്ടുവരുന്നതും നാം നിത്യവും പരാതിപ്പെട്ടി തുറക്കുന്നു എങ്കില്‍ അതില്‍നിന്നു മുക്തി കിട്ടാനായി കുട്ടി പുറത്തെവിടെയെങ്കിലും സമയം പോക്കാന്‍ തുടങ്ങാം. പരാതിപറച്ചില്‍ എന്ന അസ്വാരസ്യമൊരുക്കി അതില്‍നിന്നു രക്ഷ കൊടുക്കുന്ന പുറത്തുപോവല്‍ എന്ന പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് നാമിവിടെച്ചെയ്യുന്നത്.

മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍

അനിഷ്ടകാര്യങ്ങളെ രംഗത്തിറക്കി കാമ്യമല്ലാത്ത പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന രീതിയാണിത്. വീട്ടിലാകെ പാഞ്ഞുനടക്കുന്നതിനിടയില്‍ ഒരു പൂപ്പാത്രം പൊട്ടിക്കുന്ന രാജുവിന് അവന്‍റെയച്ഛന്‍ നല്ല അടികൊടുക്കുന്നു എന്നിരിക്കട്ടെ. അടി എന്ന ശിക്ഷ മുന്നോട്ടുവെച്ച് അലക്ഷ്യമായി ഓടിനടന്ന് പ്രശ്നങ്ങളുണ്ടാക്കുക എന്ന ശീലത്തെ നിരുത്സാഹപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍

ഇഷ്ടകാര്യങ്ങള്‍ വിലക്കി ദുഷ്പെരുമാറ്റങ്ങളുടെ ആവര്‍ത്തനം തടയുകയാണ് ഇവിടെ നടക്കുന്നത്. പലതവണ തടഞ്ഞിട്ടും ക്ലാസില്‍ കൊച്ചുവര്‍ത്തമാനം തുടരുന്ന ആരിഫയെ ടീച്ചര്‍ പിറ്റേന്നത്തെ ക്ലാസ്ടൂറില്‍ നിന്ന് പുറത്താക്കുമ്പോള്‍ പ്രാവര്‍ത്തികമാകുന്നത് ഈ രീതിയാണ്. ക്ലാസ്ടൂര്‍ എന്ന കാര്യം എടുത്തുകളഞ്ഞ് ക്ലാസില്‍ സംസാരിക്കുക എന്ന ദുസ്വഭാവത്തെ നിരുത്സാഹപ്പെടുത്താനാണ് ടീച്ചര്‍ ശ്രമിക്കുന്നത്. ചീത്തവാക്കുപയോഗിച്ചാല്‍ പോക്കറ്റ്മണി വെട്ടിക്കുറക്കുക, പ്രാര്‍ത്ഥനക്കു കൂടിയില്ലെങ്കില്‍ ടിവി കാണാന്‍ സമ്മതിക്കാതിരിക്കുക എന്നിവ മറ്റുദാഹരണങ്ങളാണ്.

reinforcement_schedules_20140830-021618_1.JPG

അടിയിലും മീതെയുള്ള ഒടി

ഈ നാലു രീതികളില്‍ ഏറ്റവും ഫലം കുറവും പാര്‍ശ്വഫലങ്ങള്‍ കൂടുതലും അടി പോലുള്ള മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍ക്കു തന്നെയാണ്. അതികഠിനമായ ശിക്ഷകള്‍ക്ക് അവ നല്‍കുന്നവരുടെ സാന്നിദ്ധ്യത്തില്‍ ദുശ്ശീലങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനായേക്കാം എന്ന നല്ലവാക്കു മാത്രമേ ഗവേഷകര്‍ക്ക് ഇവയെപ്പറ്റിപ്പറയാനുള്ളൂ. എടുത്തുകളഞ്ഞുള്ള പ്രോത്സാഹിപ്പിക്കലുകള്‍, എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍ എന്നിവയുടെയും കാര്യശേഷി പരിമിതമാണ്. കാമ്യമല്ലാത്ത സ്വഭാവങ്ങളെ ഉന്മൂലനം ചെയ്യാനും മാതൃകാപരമായ മറുശീലങ്ങളെ പകരംസൃഷ്ടിക്കാനും ഏറ്റവുമുത്തമം മുന്നോട്ടുവെച്ചുള്ള പ്രോത്സാഹിപ്പിക്കലുകള്‍ ആണ്.

പ്രോത്സാഹിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഏതൊക്കെ പെരുമാറ്റങ്ങള്‍ക്കാണ് പ്രേരകങ്ങള്‍ കിട്ടുക എന്നു വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. “ഉണ്ണാനിരിക്കുമ്പോള്‍ വൃത്തികേടു കാണിക്കരുത്” എന്നതു പോലുള്ള കൃത്യതയില്ലാത്ത വാചകങ്ങളല്ല, “കസേരയില്‍ ഇളകിക്കളിക്കരുത്”, “ആഹാരത്തില്‍ വെറുതെ കയ്യിട്ടിളക്കരുത്” എന്നിങ്ങനെയുള്ള സ്പഷ്ടമായ നിര്‍ദ്ദേശങ്ങളാണ് ഉപയോഗിക്കേണ്ടത്. കുട്ടി തക്ക രീതിയില്‍ പെരുമാറിയാല്‍ പ്രേരകങ്ങള്‍ കൊടുക്കുന്നതില്‍ മുടക്കമോ താമസമോ വരുത്തരുത്. പുതിയ പെരുമാറ്റം ഒരു ശീലമായിത്തുടങ്ങിയാല്‍ പ്രേരകങ്ങള്‍ നല്‍കുന്നത് ഇടക്കു മാത്രമാക്കുകയും പതിയെ അതും നിര്‍ത്തലാക്കുകയും ചെയ്യാം.

പ്രേരകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

കുട്ടിയുടെ പ്രായത്തിനും താല്‍പര്യങ്ങള്‍ക്കും യോജിച്ചതും കുട്ടിക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കാത്തതുമായ കാര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. ഭക്ഷണസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുവാദം, തീരുമാനങ്ങള്‍ സ്വന്തമായെടുക്കാനുള്ള സ്വാതന്ത്യ്രം തുടങ്ങിയവ നല്ല പ്രേരകങ്ങളാണ്. ഒന്നിലധികം പ്രേരകങ്ങള്‍ ഒന്നിച്ചുപയോഗിക്കുന്നതും, അവ തെരഞ്ഞെടുക്കാന്‍ കുട്ടിക്ക് അവസരം കൊടുക്കുന്നതും, ആവര്‍ത്തനവിരസതയൊഴിവാക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. പ്രേരകങ്ങളായി നിശ്ചയിച്ച കാര്യങ്ങള്‍ കുട്ടിക്ക് വെറുതേതന്നെ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമുണ്ടാകരുത്. ഉദാഹരണത്തിന്, മുറിയിലെ സാധനങ്ങള്‍ അടുക്കിയൊതുക്കി വെച്ചാല്‍ ഗെയിംകളിക്കാന്‍ സമ്മതിക്കാം എന്നു പ്രഖ്യാപിച്ചിട്ട്‌ വേണ്ടപ്പോഴെല്ലാം ഗെയിംകളിക്കാനുള്ള അവസരം തുറന്നിടരുത്.

സമ്മാനക്കരാര്‍ എന്ന വിദ്യ

സാരമായ പെരുമാറ്റപ്രശ്നങ്ങളുള്ളവര്‍ക്ക് സമ്മാനക്കരാറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. നിശ്ചിത കാര്യങ്ങള്‍ ചെയ്യുന്നതിന് പോയിന്‍റുകള്‍ കൊടുക്കുകയും, അവ ഒരു പരിധിയില്‍ക്കവിഞ്ഞാല്‍ പകരം പ്രേരകങ്ങള്‍ നല്‍കുകയുമാണ് ഇവിടെച്ചെയ്യുന്നത്. ഉദാഹരണത്തിന്, ഓരോ ദിവസവും സമയത്തെഴുന്നേല്‍ക്കുന്നതിന് ഒരു മാര്‍ക്കും, അനിയനെ ഉപദ്രവിക്കാതിരിക്കുന്നതിന് രണ്ടു മാര്‍ക്കും, വായിക്കുന്ന ഓരോ അരമണിക്കൂറിനും അര മാര്‍ക്കു വീതവും കൊടുക്കാം. എന്നിട്ട് മൂന്നര മാര്‍ക്കെങ്കിലും കിട്ടുന്ന ദിവസങ്ങളില്‍ അര മണിക്കൂര്‍ ടിവി കാണിക്കാമെന്നും ആഴ്ചയില്‍ ഇരുപത്തിയഞ്ച് പോയിന്‍റുകളെങ്കിലും കിട്ടിയാല്‍ ഫ്രൂട്ട്സലാഡ് കഴിപ്പിക്കാമെന്നും വാക്കുനല്‍കാം. (ഈ ഉദാഹരണത്തിന്‍റെ കരാര്‍രൂപം ചിത്രം 2-ലും, സെറോക്സ്‌ ചെയ്തുപയോഗിക്കാവുന്ന ഒരു മാതൃക ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെയും കൊടുത്തിരിക്കുന്നു.) എല്ലാ പെരുമാറ്റങ്ങളെയും ഒന്നിച്ചുള്‍ക്കൊള്ളിക്കാതെ അത്യാവശ്യമുള്ളതും എളുപ്പം ചെയ്യാവുന്നതുമായവയെ ആദ്യം എടുക്കാം. അവ ഒരു ശീലമായിക്കഴിഞ്ഞാല്‍ അവയെയൊഴിവാക്കി അടുത്തവ കയറ്റാം.

reinforcements_chart_20140830-022435_1.JPG

പ്രശംസ ഒരു ചെറിയ കാര്യമല്ല

പ്രേരകം എന്ന നിലക്ക് പ്രശംസ ഏറെ ഫലപ്രദമാണ്. മേമ്പൊടിക്ക് പ്രശംസയും പ്രോത്സാഹനവചനങ്ങളും കൂടി ചേര്‍ക്കുന്നത് മറ്റു പ്രേരകങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഒരേ പ്രശംസാവാചകങ്ങളും അനുബന്ധസ്പര്‍ശങ്ങളും തന്നെ ആവര്‍ത്തിച്ചുപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രശംസ അമിതമായാലും പ്രശ്നമാണ്. ഇടക്കെപ്പോഴെങ്കിലും മാത്രം പുറത്തെടുക്കുമ്പോഴാണ് പ്രശംസക്കു വീര്യം കിട്ടുന്നത്. ശരിതെറ്റുകളെക്കുറിച്ചുള്ള സ്വന്തം ധാരണകളെ അവഗണിച്ച് കുട്ടി മറ്റുള്ളവരുടെയഭിപ്രായങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം കല്‍പിക്കുന്ന അവസ്ഥയുണ്ടാക്കി അമിതപ്രശംസ വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യാം.

രണ്ടു തെറ്റിദ്ധാരണകള്‍

പ്രേരകങ്ങള്‍ ഒരുതരം കൈക്കൂലിയാണ് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ നമ്മുടേതു മാത്രമായ ആവശ്യങ്ങള്‍ വഴിവിട്ടു നടത്തിത്തരുന്നതിനു കൊടുക്കുന്ന സമ്മാനങ്ങളെയേ കൈക്കൂലി എന്നു വിശേഷിപ്പിക്കാനാവൂ. നല്ല ശീലങ്ങള്‍ സ്വായത്തമാക്കുന്നതു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്കല്ല, കുട്ടിക്കു തന്നെയാണ് കൂടുതല്‍ പ്രയോജനം എന്നതിനാല്‍ അവയെ പ്രോത്സാഹിപ്പിക്കാനായി പ്രശംസയോ ചെറിയ സമ്മാനങ്ങളോ നല്‍കുന്നതിനെ കൈക്കൂലി എന്നു വിളിക്കാനാവില്ല.

നിരന്തരം പ്രേരകങ്ങള്‍ കൊടുക്കുന്നത് കുട്ടികളെ വഷളാക്കും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇവിടെ നാമുപയോഗിക്കുന്നത് വിലപിടിച്ച സമ്മാനങ്ങളൊന്നുമല്ല. കുട്ടി തക്ക ശീലങ്ങള്‍ സ്വാംശീകരിച്ചു കഴിഞ്ഞാല്‍ പ്രേരകങ്ങള്‍ ക്രമേണ പിന്‍വലിക്കപ്പെടുന്നുമുണ്ട്.

ഇല്ലാശീലങ്ങള്‍ നട്ടുവളര്‍ത്താം

നല്ല ചെയ്തികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല, പുത്തന്‍പതിവുകള്‍ രൂപപ്പെടുത്താനും പാഴ്ഗുണങ്ങളെ പിഴുതുകളയാനും ഒക്കെ പ്രേരകങ്ങളെ ഉപയോഗപ്പെടുത്താം.

അറിവില്ലായ്മയോ പരിചയക്കുറവോ മൂലം നിലവില്‍ കുട്ടി ഒട്ടുമേ പ്രകടിപ്പിക്കുന്നില്ലാത്ത ശീലങ്ങളെ പ്രേരകങ്ങള്‍ വെച്ചു മാത്രം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞേക്കില്ല — കാര്യം ഒന്നു ചെയ്തുകിട്ടിയാല്‍ മാത്രമാണല്ലോ പ്രേരകങ്ങള്‍ക്കു പ്രസക്തിയുള്ളത്. കുട്ടിക്ക് തക്കതായ പരിശീലനങ്ങള്‍ കൊടുക്കുകയാണ് ഇവിടെ നമുക്കാദ്യം ചെയ്യാനുള്ളത്. ഉദാഹരണത്തിന്, കുട്ടിയെക്കൊണ്ട് സ്വന്തം മുറി വൃത്തിയാക്കിക്കണം എന്നുള്ളപ്പോള്‍ “ആദ്യം കളിപ്പാട്ടങ്ങള്‍ പെറുക്കിയെടുത്ത് ഷെല്‍ഫില്‍ അടുക്കിയൊതുക്കി വെക്കണം...” എന്നതുപോലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ഒരു കളിപ്പാട്ടമെടുത്ത് അലമാരയില്‍ സ്വയം വെച്ച് മാതൃക കാണിച്ചുകൊടുക്കുക തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. കുട്ടി യഥാവിധി ചെയ്തുതുടങ്ങിയാല്‍ പ്രേരകങ്ങളെ രംഗത്തിറക്കാം.

നടപ്പുരീതിയില്‍ നിന്ന് ഏറെ അന്തരമുണ്ട് അഭിലഷണീയ രീതിക്ക് എങ്കില്‍ അതു പൂര്‍ണമായും സ്വായത്തമാക്കിക്കഴിഞ്ഞേ പ്രേരകങ്ങള്‍ തരൂ എന്നു വാശിപിടിക്കരുത്. മറിച്ച് പടിപടിയായ ചെറിയ മാറ്റങ്ങളെയും പ്രേരകങ്ങള്‍ കൊണ്ടു പ്രോത്സാഹിപ്പിക്കാം. ഉദാഹരണത്തിന്, ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, അതും വെറും പത്തോ പതിനഞ്ചോ മിനിട്ടു വീതം, മാത്രമേ കുട്ടി പഠിക്കാനിരിക്കുന്നുള്ളൂ എങ്കില്‍ അവിടെ “ഏഴുദിവസവും ഒരു മണിക്കൂര്‍ വീതം പഠിച്ചാല്‍ പ്രേരകങ്ങള്‍ തരാം” എന്നപോലുള്ള വാഗ്ദാനങ്ങള്‍ ഫലംകണ്ടേക്കില്ല. പകരം, തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഒരിരുപതു മിനിട്ടുവെച്ച് പഠിക്കുന്നതിനും പ്രേരകങ്ങള്‍ കൊടുക്കാം. എന്നിട്ട് ഇതൊരു ശീലമായിത്തുടങ്ങിയാല്‍ പതിയെ കൂടുതല്‍ ദിവസങ്ങള്‍, കൂടുതല്‍ നേരം പഠിക്കണമെന്ന നിബന്ധനകള്‍ രംഗത്തിറക്കാം.

ചെയ്യാന്‍ മടിക്കുന്ന പ്രവൃത്തിക്ക് പല ഘട്ടങ്ങളുണ്ട് എങ്കില്‍ അതില്‍ ചിലതെങ്കിലും ചെയ്യാന്‍ തയ്യാറായാലും പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, ഹോംവര്‍ക്ക് ചെയ്യുക എന്നതിന് ക്ലാസ്സില്‍പ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, ആവശ്യമായ പുസ്തകങ്ങള്‍ വീട്ടില്‍ക്കൊണ്ടുവരിക, ഹോംവര്‍ക്ക് ചെയ്യാന്‍ ഇരിക്കുക, അത് മുഴുമിപ്പിക്കുക, ആവശ്യമെങ്കില്‍ മാതാപിതാക്കളെക്കാണിച്ച് തെറ്റുകള്‍ തിരുത്തുക, തിരിച്ച് പുസ്തകം ക്ലാസില്‍ക്കൊണ്ടുപോവുക എന്നിങ്ങനെ പല ഘട്ടങ്ങളുണ്ട്. ഹോംവര്‍ക്ക് ബാലികേറാമലയായ ഒരു കുട്ടി ഇതില്‍നിന്ന് ഒന്നോ രണ്ടോ കാര്യങ്ങള്‍ പുതുതായിച്ചെയ്യാന്‍ തുടങ്ങിയാല്‍ത്തന്നെ പ്രേരകങ്ങള്‍ നല്‍കാം. എന്നിട്ട്, അവ ഒരു ശീലമായിക്കഴിഞ്ഞാല്‍, ഒന്നൊന്നായി ബാക്കി ഘട്ടങ്ങളും കൂടിച്ചെയ്യാന്‍ നിഷ്കര്‍ഷിക്കാം.

ദുശ്ശീലങ്ങള്‍ക്കുള്ള പ്രേരകങ്ങള്‍

പ്രേരകങ്ങള്‍ മുന്നോട്ടുവെച്ച് ദുശ്ശീലങ്ങളെ നശിപ്പിക്കാനുപയോഗിക്കാവുന്ന ചില രീതികളിതാ —

 1. ദുശ്ശീലത്തെ അടക്കിനിര്‍ത്തുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, പിടിവാശിക്കാര്‍ക്ക് നിശ്ചിതസമയം വാശികാണിക്കാതിരിക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം.
 2. നല്ല മറുശീലങ്ങള്‍ പ്രകടിപ്പിക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, അനിയത്തിയുമായി എപ്പോഴും വഴക്കിടുന്നയാള്‍ അതുനിര്‍ത്തി ഒരു പ്രശ്നവുമുണ്ടാക്കാതെ കളിക്കാന്‍ തുടങ്ങിയാല്‍ പ്രേരകങ്ങള്‍ നല്‍കാം. ഈ രീതി ശിക്ഷകളെക്കാള്‍ ഫലപ്രദമാണ് എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
 3. ദുശ്ശീലത്തിനു പകരമായി അതേ ഫലമുള്ള നല്ല പെരുമാറ്റങ്ങള്‍ കൈക്കൊണ്ടാല്‍ പ്രേരകങ്ങള്‍ കൊടുക്കാം. ഉദാഹരണത്തിന്, ശ്രദ്ധ പിടിച്ചുപറ്റാനായി ഒച്ചവെക്കുകയോ ഇടക്കുകയറിപ്പറയുകയോ ചെയ്താല്‍ അവഗണിച്ച്, മാന്യമായ രീതികളുപയോഗിക്കുമ്പോള്‍ കാതുകൊടുക്കുകയും പ്രേരകങ്ങള്‍ നല്‍കുകയും ചെയ്യാം.
 4. പഴയതിലും കുറച്ചു തവണ മാത്രം ദുശ്ശീലം പ്രകടിപ്പിക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം. ഉദാഹരണത്തിന്, ദിവസത്തില്‍ പത്തുപ്രാവശ്യമൊക്കെ ചീത്തവാക്കുകള്‍ പയറ്റുന്നവര്‍ക്ക് ആദ്യം അത് അഞ്ചായിക്കുറക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം.
 5. ദുശ്ശീലത്തിന്‍റെ കാഠിന്യം കുറക്കുന്നതിന് പ്രേരകങ്ങള്‍ നല്‍കാം. ഉദാഹരണത്തിന്, ദേഷ്യം വരുമ്പോള്‍ സാധനങ്ങള്‍ നശിപ്പിക്കുകയും സ്വയം ഉപദ്രവിക്കുകയും അസഭ്യം പുലമ്പുകയുമൊക്കെച്ചെയ്യുന്നവര്‍ക്ക് ഇക്കൂട്ടത്തില്‍ ഏതെങ്കിലും ഒന്നു നിയന്ത്രിക്കുന്നതിന് പ്രേരകങ്ങള്‍ കൊടുക്കാം.

ദുഷ്പെരുമാറ്റം കൊണ്ട് കുട്ടിക്കു കിട്ടുന്ന ഗുണങ്ങളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, ചേട്ടന്‍ ഉപദ്രവിക്കുമ്പോഴെല്ലാം അനിയത്തി അവന്‍റെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുന്നു എങ്കില്‍ ആ രീതി മാറ്റാന്‍ അനിയത്തിയെ ഉപദേശിക്കാവുന്നതാണ്.

മുന്‍കരുതലുകളും പ്രസക്തമാണ്

പ്രേരകങ്ങളും ശിക്ഷകളും നല്‍കപ്പെടുന്നത് പെരുമാറ്റങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ചിലപ്പോള്‍ നാം ശ്രദ്ധചെലുത്തേണ്ടത് പെരുമാറ്റങ്ങള്‍ക്കു മുന്നോടിയായി നടക്കുന്ന കാര്യങ്ങളിലാവാം. ഉദാഹരണത്തിന്, അച്ഛനമ്മമാരുടെ അടിപിടികളും കണ്ട് സ്കൂളിലേക്കു പോവുന്ന കുട്ടി തല്‍ഫലമായി അവിടെ ശ്രദ്ധക്കുറവോ മുന്‍ശുണ്‍ഠിയോ പ്രകടമാക്കിയാല്‍ പരിഹാരം പ്രേരകങ്ങളോ ശിക്ഷകളോ അല്ല, മറിച്ച് അച്ഛനമ്മമാരുടെ സ്വയംതിരുത്തല്‍ ആണ്. ഇത്തരം ബാഹ്യകാരണങ്ങള്‍ക്കു പുറമെ ഉറക്കച്ചടവ്, വിശപ്പ്‌, മനോവിഷമങ്ങള്‍ തുടങ്ങിയ ആന്തരികഘടകങ്ങളും ഈ വിധം പ്രകോപനഹേതുവാകാം. ഇത്തരം സ്വാധീനങ്ങളെക്കുറിച്ചുള്ള ബോദ്ധ്യം സൂക്ഷിക്കുന്നതും തക്ക മുന്‍കരുതലുകള്‍ എടുക്കുന്നതും ദുഷ്പെരുമാറ്റങ്ങളുടെ ആവര്‍ത്തനം തടയാന്‍ മാത്രമല്ല, സദ്ഗുണങ്ങള്‍ ഉളവാക്കിയെടുക്കാനും കൈത്താങ്ങാവും. ഉദാഹരണത്തിന്, എന്തെങ്കിലും ആജ്ഞാപിക്കുമ്പോള്‍ ശൈലി (പരുഷമാണോ അതോ മയത്തിലാണോ, ഓപ്ഷനുകള്‍ കൊടുക്കുന്നുണ്ടോ അതോ അക്ഷരംപ്രതി അനുസരിക്കാനാണോ), സാഹചര്യം (കുട്ടി ബോറടിച്ചിരിക്കുകയാണോ അതോ ഇഷ്ടസീരിയല്‍ കാണുകയോ മറ്റോ ആണോ) തുടങ്ങിയവയില്‍ ശ്രദ്ധചെലുത്തുന്നത് മറുപടി അനുകൂലമാവാനുള്ള സാദ്ധ്യതയേറ്റും.

അവഗണനയും ഒരു മരുന്നാണ്

കടുത്ത പെരുമാറ്റവൈകല്യങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ അവരുടെ നല്ല ചെയ്തികള്‍ അവഗണിക്കപ്പെടുന്നു എന്നതിനു പുറമെ കുരുത്തക്കേടുകള്‍ക്കു യഥേഷ്ടം ശ്രദ്ധകിട്ടുന്നുവെന്ന പ്രശ്നവും ഉണ്ട് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ കണ്ണു കൊടുക്കാതിരുന്നാല്‍ത്തന്നെ പല ദുസ്സ്വഭാവങ്ങളും നേര്‍ത്തില്ലാതാവും. ഏതേതാളുകളുടെ സാന്നിദ്ധ്യത്തിലാണ് കുട്ടി കുറുമ്പുകള്‍ കാണിക്കുന്നത് എന്നു കണ്ടുപിടിക്കുന്നത് ആരുടെ ശ്രദ്ധയാണ് പ്രചോദനമായി ഭവിക്കുന്നത് എന്നു തിരിച്ചറിയാനും തക്ക നടപടികള്‍ സ്വീകരിക്കാനും സഹായിക്കും.

അവഗണനയുടെ ഗുണഫലങ്ങള്‍ പക്ഷേ അല്‍പം പതുക്കെയേ ദൃശ്യമാവൂ. നാം പിന്‍വലിക്കുന്ന ശ്രദ്ധ തിരിച്ചുപിടിക്കാനായി കുട്ടി ആദ്യമൊക്കെ കൂടുതല്‍ വികൃതികള്‍ കാണിച്ചുനോക്കുകയും ചെയ്യാം — ആ നേരങ്ങളില്‍ നാം അറിയാതെ പോലും ഒന്നു ശ്രദ്ധിച്ചുപോവുന്നത് പ്രശ്നം പഴയതിലും വഷളാക്കും എന്ന് പ്രത്യേകം ഓര്‍ക്കണം.

അനുസരണക്കേടിനു പിഴയിടാം

എടുത്തുകളഞ്ഞുള്ള നിരുത്സാഹപ്പെടുത്തലുകള്‍ക്ക് ദുശ്ശീലങ്ങളെത്തടയുന്നതില്‍ ഒരു താല്‍ക്കാലികാശ്വാസം തരാനാവും. ഉദാഹരണത്തിന് നിശ്ചിതസമയത്ത് വീട്ടില്‍ തിരിച്ചെത്താതെ കളിച്ചുനടന്ന കുട്ടിയെ അന്നു വൈകുന്നേരം ടിവി കാണാന്‍ സമ്മതിക്കാതിരിക്കാം. വലുതോ ഏറെ നിരാശപ്പെടുത്തുന്നതോ ആയ കാര്യങ്ങളായിരിക്കണം ഇങ്ങിനെ എടുത്തുകളയുന്നത് എന്നില്ല — അഞ്ചോ പത്തോ മിനുട്ട് ഒരു മുറിയിലോ കസേരയിലോ ഒതുങ്ങിയിരിക്കാന്‍ നിര്‍ബന്ധിക്കുക, സമ്മാനക്കരാറില്‍ക്കിട്ടിയ പോയിന്‍റുകളില്‍നിന്ന് നിശ്ചിതയെണ്ണം കുറയ്ക്കുക തുടങ്ങിയ പിഴകളും ഫലപ്രദം തന്നെയാണ്. ദുസ്സ്വഭാവങ്ങള്‍ തലപൊക്കുമ്പോഴെല്ലാം മുടങ്ങാതെ, അവിളംബം ഈ രീതി ഉപയോഗിക്കുക എന്നതാണു പ്രധാനം. ഒപ്പം നല്ല മറുശീലങ്ങള്‍ക്ക് പ്രേരകങ്ങള്‍ കൊടുക്കുന്നതും ഗുണംചെയ്യും.

അടിയും മറ്റു ശിക്ഷകളും

മുന്നോട്ടുവെച്ചുള്ള നിരുത്സാഹപ്പെടുത്തലുകള്‍ എന്ന വിഭാഗത്തില്‍ വരുന്നത് അടി പോലുള്ള ശിക്ഷാവിധികള്‍ തന്നെയാണ്. ചിലയവസരങ്ങളില്‍ ഇവക്കും പ്രസക്തിയുണ്ട്. പ്രേരകങ്ങളിലൂടെ ഒരു നല്ല ശീലം വളര്‍ത്തിയെടുക്കുന്നതിനിടയില്‍ നേര്‍വിപരീതമായ തരത്തില്‍ പ്രവര്‍ത്തിച്ചാലും, കുട്ടിക്കുതന്നെയോ മറ്റുള്ളവര്‍ക്കോ പരിക്കേല്‍ക്കാവുന്ന രീതിയില്‍ പെരുമാറുമ്പോഴും ഒക്കെ ലഘുവായ ശിക്ഷകള്‍ പരിഗണിക്കാവുന്നതാണ്. എന്നാല്‍ ശിക്ഷകള്‍ കൈക്കൊള്ളുമ്പോള്‍ നാം ചില കാര്യങ്ങള്‍ മനസ്സിരുത്തേണ്ടതുണ്ട്:

 • ശിക്ഷാവിധികള്‍ പൊതുവെ ഉപയോഗിക്കപ്പെടാറുള്ളത് പാഠം പഠിപ്പിക്കുക, പകരം വീട്ടുക, പശ്ചാത്താപം ജനിപ്പിക്കുക, വേദനയുളവാക്കുക, കരയിക്കുക എന്നൊക്കെയുള്ള ഉദ്ദേശങ്ങളോടെയാണ്. കുട്ടിയുടെ “കുറ്റ”ത്തിന് തത്തുല്യം എന്നു നാം നിശ്ചയിക്കുന്നത്ര കാഠിന്യമുള്ള ശിക്ഷകളാവാം നാമൊരുക്കുന്നതും. എന്നാല്‍ ദുഷ്പെരുമാറ്റങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതു മാത്രമായിരിക്കണം ശിക്ഷകളുടെ ലക്‌ഷ്യം എന്നും, അതിനുതക്ക കാഠിന്യമേ ശിക്ഷാമുറകള്‍ക്കു പാടുള്ളൂ എന്നും ആണ് വിദഗ്ദ്ധമതം.
 • അടിച്ചാലോ ശാസിച്ചാലോ ഒക്കെ മാത്രമേ ശിക്ഷയാവൂ എന്നില്ല. വീട്ടുഭാഗങ്ങള്‍ വൃത്തിയാക്കുക പോലുള്ള കുട്ടിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുന്നതും ഫലപ്രദമാണ്.
 • കൂടുതല്‍ നേരം ഹോംവര്‍ക്ക് ചെയ്യിക്കുക, ബന്ധുവീടുകളില്‍ പോവുന്നതു വിലക്കുക തുടങ്ങിയ ശിക്ഷാനടപടികള്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പഠനവും ബന്ധങ്ങളും പോലുള്ള കുട്ടികള്‍ പ്രാധാന്യവും ബഹുമാനവും കല്‍പിക്കേണ്ടതായ കാര്യങ്ങളെ ശിക്ഷാവിധികളില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാവും നല്ലത്.
 • ശിക്ഷകളിലൂടെ നാം ഉന്നംവെക്കുന്നത് കുട്ടിയുടെ സ്വഭാവരൂപീകരണമാണോ അതോ നമ്മുടെതന്നെ മനസ്സമാധാനമാണോ എന്നതും പ്രസക്തമാണ്. സ്വന്തം കോപം ശമിപ്പിക്കുക, സ്വന്തം മുഖം രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ശിക്ഷകള്‍ പയറ്റുന്നത് കാലക്രമത്തില്‍ അവയുടെ കാഠിന്യം കൂടാനും മുമ്പുനിരത്തിയ പാര്‍ശ്വഫലങ്ങള്‍ തലപൊക്കാനും ഇടവരുത്താം.

ചില അബദ്ധധാരണകള്‍ 

 • തീവ്രമായ ശിക്ഷകള്‍ ലഘുശിക്ഷകളെക്കാള്‍ ഫലം ചെയ്യും.
 • ചെറിയ ശിക്ഷകള്‍ അടിയറവു പറയുന്നേടത്ത് കൊടുംശിക്ഷകള്‍ വിജയിക്കും.
 • കുട്ടി കരഞ്ഞാലേ ഒരു ശിക്ഷ വിജയിച്ചു എന്നു പറയാനാവൂ.

ശിക്ഷകള്‍ ഫലവത്താകാന്‍

ദുശ്ശീലങ്ങള്‍ തലപൊക്കുമ്പോഴെല്ലാം മുടങ്ങാതെ, താമസംവിനാ പ്രയോഗിച്ചാലേ ശിക്ഷാരീതികള്‍ ഫലംചെയ്യൂ. ഒപ്പംതന്നെ എങ്ങനെ നന്നായി പെരുമാറാമായിരുന്നു എന്നു പറഞ്ഞുകൊടുക്കുന്നതും പിന്നീട് അപ്രകാരം പെരുമാറുമ്പോള്‍ പ്രേരകങ്ങള്‍ നല്‍കുന്നതും ഗുണകരമാകും.

ഒരു ശിക്ഷ ഫലപ്രദമാണോ എന്നു നിശ്ചയിക്കുമ്പോള്‍ ദുശ്ശീലത്തെ കുട്ടി തല്‍ക്കാലത്തേക്കു നിയന്ത്രിക്കുന്നുണ്ടോ എന്നതല്ല, പിന്നീടാവര്‍ത്തിക്കുന്നുണ്ടോ എന്നതാണു കണക്കിലെടുക്കേണ്ടത്. ഉദാഹരണത്തിന്, തെറി മുഴക്കുന്ന കുട്ടി ഒരടി കിട്ടുമ്പോള്‍ ഉടന്‍ വായടക്കുന്നു എന്നിരിക്കട്ടെ. പക്ഷേ അല്‍പനേരം കഴിഞ്ഞ് തെറിവിളി വീണ്ടും തുടങ്ങുകയാണെങ്കില്‍ അതിനര്‍ത്ഥം ആ അടി ഫലംചെയ്തില്ല എന്നാണ്. ഒരു ശിക്ഷ ഏശിയില്ലെങ്കില്‍ അതിന്‍റെ കാഠിന്യമോ ദൈര്‍ഘ്യമോ കൂട്ടിയതുകൊണ്ടു കാര്യമില്ല — മറ്റൊരു നടപടിയിലേക്കു കടക്കുകയോ ഒപ്പം പ്രേരകങ്ങളും കൂടി ഉപയോഗിക്കുകയോ ആണു വേണ്ടത്.

(2014 ആഗസ്റ്റ് ലക്കം അവര്‍ കിഡ്സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Inage courtesy: Plain Talk about Spanking 

പിടിവാശിക്കുട്ടികളെ നേരെയാക്കാം
ഓണ്‍ലൈന്‍ ഇടങ്ങളിലെ മലയാളീശീലങ്ങള്‍

Related Posts

 

By accepting you will be accessing a service provided by a third-party external to https://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
Our website is protected by DMC Firewall!