മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഇത്തിരി സന്തോഷവര്‍ത്തമാനം

ഇത്തിരി സന്തോഷവര്‍ത്തമാനം

സന്തോഷത്തോടുള്ള അഭിവാഞ്ഛ മനുഷ്യസഹജവും ചിരപുരാതനവും ലോകവ്യാപകവുമാണ്. സന്തോഷംകൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്ന് — അതു ചിന്തകളെ വ്യക്തവും വിശാലവുമാക്കും, സാമൂഹികബന്ധങ്ങള്‍ക്കു കൈത്താങ്ങാവും, സര്‍ഗാത്മകത കൂട്ടും, പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പരുവപ്പെടുത്തും, രോഗപ്രതിരോധശേഷിയും മാനസിക, ശാരീരിക ആരോഗ്യങ്ങളും ആയുസ്സും മെച്ചപ്പെടുത്തും എന്നൊക്കെ — പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ മറുവശത്ത്, എന്തില്‍നിന്നാണു സന്തോഷം കിട്ടുക എന്നു മുന്‍‌കൂര്‍ പ്രവചിക്കുക നമുക്കൊന്നും അത്രയെളുപ്പവുമല്ല. ഏറെക്കാലം പെടാപ്പാടുപെട്ട് ജോലിക്കയറ്റം സമ്പാദിക്കുകയോ മണിമാളിക പണിയുകയോ ഒക്കെച്ചെയ്തിട്ടും “പുതുതായിട്ടു പ്രത്യേകിച്ചൊരു സന്തോഷവും തോന്നുന്നില്ലല്ലോ, എന്തിനായിരുന്നു ഈ കഷ്ടപ്പാടൊക്കെ?!” എന്ന തിരിച്ചറിവിലേക്കു കണ്ണുമിഴിക്കേണ്ടിവരുന്ന അനേകര്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് ഒരനുഗ്രഹമെന്നപോലെ, ഏതുതരം പെരുമാറ്റങ്ങളും ജീവിതസമീപനങ്ങളുമാണ് അര്‍ത്ഥവത്തും സ്ഥായിയുമായ സന്തോഷം കൈവരുത്തുക എന്നതിനെപ്പറ്റി കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ലോകമെമ്പാടും ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അവ അപ്രതീക്ഷിതവും സുപ്രധാനവുമായ ഒട്ടനവധി ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

സന്തോഷമെന്നാല്‍

സന്തോഷം എന്നതുകൊണ്ട് ഇവിടെയുദ്ദേശിക്കുന്നത് ഏതുനേരത്തും കളിയും ചിരിയും നിറഞ്ഞുതുളുമ്പുന്ന ആഹ്ളാദവും പ്രകടമാവുക എന്നതല്ല. അങ്ങനെയൊരവസ്ഥ ആര്‍ക്കും സാദ്ധ്യവുമാവില്ല. മറിച്ച്, മനസ്സില്‍ മിക്കപ്പോഴും സമാധാനസംതൃപ്തികളുണ്ടാവുക, സുഖവികാരങ്ങള്‍ സമൃദ്ധമായി അനുഭവപ്പെടുക, ദുഃഖം പോലുള്ള അഹിത വികാരങ്ങള്‍ എപ്പോഴെങ്കിലും മാത്രം കടന്നുവരിക എന്നൊക്കെയുള്ള സ്ഥിതിവിശേഷത്തെയാണ്‌ ഗവേഷകര്‍ സന്തോഷം എന്നു വിളിക്കുന്നത്. പൊതുവെ ആ വാക്കു കൊണ്ടു നാം അര്‍ത്ഥംവെക്കാറുള്ള ഒരവസ്ഥയില്‍നിന്ന് ഇത്തിരികൂടി ആഴത്തിലുള്ള ഒരനുഭവമാണിത്.

സന്തോഷപ്പുഴയുടെ ഉറവുകള്‍

സ്വതേ നാമെത്രത്തോളം സന്തുഷ്ടരായിരിക്കുമെന്നതിന്‍റെ അമ്പതു ശതമാനവും നിര്‍ണയിക്കുന്നത് നമുക്കു പാരമ്പര്യമായിക്കിട്ടുന്ന നമ്മുടെ ജീനുകളാണ്. നമ്മുടെ വ്യക്തിത്വവും നല്ലതോ മോശമോ ആയ സംഭവവികാസങ്ങളെ നാമുള്‍ക്കൊള്ളുന്ന രീതിയുമൊക്കെ നല്ലൊരു പങ്കും നമ്മുടെ ജീനുകളാണ് തീരുമാനിക്കുന്നത് എന്നതിനാലാണിത്. സന്തോഷത്തിന്‍റെ പകുതിയോഹരി ജന്മനാ നിശ്ചയിക്കപ്പെടുന്നതാണ്, നമ്മുടെ നിയന്ത്രണത്തിലേയല്ല എന്നര്‍ത്ഥം.

ബാക്കിയുള്ള അമ്പതു ശതമാനമോ? സാംഗത്യമുള്ള ഒരു കണ്ടെത്തല്‍, തൊഴിലും വരുമാനവും സാമ്പത്തികനിലയും പോലുള്ള ജീവിതപരിതസ്ഥിതികളുടെ സ്വാധീനം വെറും പത്തു ശതമാനം മാത്രമാണെന്നതാണ്. പുതിയൊരു കാറോ വീടോ മറ്റോ കൈവശമായാലുടന്‍ അത്യാഹ്ളാദം തോന്നാമെങ്കിലും അതുമൊത്തം ഒരാറുമാസത്തിനകം തേഞ്ഞുമാഞ്ഞുപോവുന്നുണ്ടെന്നാണ് ഗവേഷകമതം.
സന്തോഷം തേടുന്നവര്‍ക്ക് ഏറെ പ്രസക്തം ഇനിയും ബാക്കിയുള്ള നാല്‍പതു ശതമാനമാണ്. കാരണം, ഇത്രയും ഭാഗത്തെ നിര്‍ണയിക്കുന്നത് നമ്മുടെ ചിന്തകളും ചെയ്തികളുമാണ്. ഇവയെ ആരോഗ്യകരമാക്കിയാല്‍ ഈയൊരു ശതമാനത്തെ നമുക്കു കൈപ്പിടിയിലൊതുക്കാനാവും താനും.

പൊതുവെ നാം ഏറെ സന്തോഷദായകമെന്നു ഗണിക്കുന്ന പല ഘടകങ്ങളും അങ്ങനെയല്ല എന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേപ്പറ്റി കൂടുതലറിയാം.

പണത്തിനും മീതെ സന്തോഷപ്പരുന്ത്

ജീവിതത്തില്‍ സങ്കടം വിതക്കാവുന്ന പലതിനെയും ദൂരെമാറ്റിനിര്‍ത്താന്‍ പണംകൊണ്ടേ പറ്റൂവെന്നതു സത്യമാണ്. ഉണ്ണാനുമുടുക്കാനുമില്ലാതെയും കാശു കൊടുക്കാനുള്ളവരെപ്പേടിച്ചും നാള്‍കഴിക്കുന്നവര്‍ക്ക് സന്തോഷം മരീചികയാവാം. എന്നാല്‍, നിത്യച്ചെലവുകള്‍ക്കും പരിചിതമായിക്കഴിഞ്ഞൊരു ജീവിതശൈലി നിലനിര്‍ത്തിപ്പോവാനും വേണ്ടതില്‍ക്കവിഞ്ഞ് വരുമാനം കൈവന്നുവെന്നുവെച്ച് ആനുപാതികമായി സന്തോഷം കൂടണമെന്നില്ല. (പത്തുവര്‍ഷം മുമ്പത്തേതിലും ഏറെക്കൂടുതല്‍ വരുമാനം ഇപ്പോള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരോട് ഒരു ചോദ്യം: ഇക്കാലയളവില്‍ നിങ്ങളുടെ സന്തോഷത്തില്‍ വര്‍ദ്ധനയുണ്ടായോ?) ഫോബ്സ് 400 പട്ടികയിലുള്‍പ്പെട്ട അമേരിക്കന്‍ അതിസമ്പന്നരെ പഠനവിധേയരാക്കിയ ഗവേഷകര്‍ കണ്ടെത്തിയത് അവര്‍ ബാക്കിയുള്ളവരെക്കാള്‍ സന്തുഷ്ടരൊന്നുമല്ലെന്നാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (GDP) ഏറ്റമുണ്ടാവുമ്പോഴും ജനങ്ങളുടെ സന്തോഷനിലവാരം മാറ്റമില്ലാതെ തുടരുകയോ കുറയുക പോലുമോ ആണ് ചെയ്യുന്നതെന്നാണ്. ഏറെ വീടുകളില്‍ ടിവിയും ഫോണുമൊക്കെ എത്തിയെങ്കിലും ജനങ്ങളുടെ ജീവിതസംതൃപ്തി കുറയുകയാണുണ്ടായത് എന്നാണ് 1994 മുതല്‍ സര്‍വേകള്‍ നടക്കുന്ന ചൈനയില്‍ നിന്നുള്ള നിരീക്ഷണം.

എന്തുകൊണ്ടിങ്ങനെ എന്നതിനു പല വിശദീകരണങ്ങളുമുണ്ട്. വിലയേറിയ ഫോണോ വലിയൊരു വീടോ സ്വന്തമാകുമ്പോള്‍ തുടക്കത്തില്‍ വലിയ ത്രില്ലൊക്കെയനുഭവപ്പെട്ടാലും പെട്ടെന്നുതന്നെയവ ജീവിതരീതിയുടെ ഭാഗമായിമാറുകയും അവയുടെ പുതുമയും സന്തോഷമുളവാക്കാനുള്ള ശേഷിയും തേഞ്ഞുതീരുകയും ചെയ്യാം. ജോലിക്കയറ്റമോ ശമ്പളവര്‍ദ്ധനവോ കിട്ടിയാലുടന്‍ നാം കൂടുതല്‍ സമ്പന്നരായ സഹപ്രവര്‍ത്തകരുമായുള്ള താരതമ്യവും വരുമാനം ഇനിയും കൂട്ടുന്നതിനെപ്പറ്റിയുള്ള തലപുകക്കലും തുടങ്ങാം. (“പത്തുകിട്ടിയാല്‍ നൂറുമതിയെന്നും” എന്ന് നമ്മുടെ കവി പണ്ടുപറഞ്ഞ പ്രവണത തന്നെ.) ഇനിയുമെന്താണു കൈവശപ്പെടുത്താനുള്ളത് എന്നു സദാ മസ്തിഷ്കോദ്ദീപനം നടത്തുന്നവര്‍ക്ക് ഇപ്പോഴേ സ്വന്തമായുള്ള വസ്തുവകകളെ നന്നായാസ്വദിക്കുന്നതിനും സന്തോഷസംതൃപ്തികള്‍ പകര്‍ന്നേക്കാവുന്ന വ്യക്തിബന്ധങ്ങള്‍ക്കും സമയമോ താല്പര്യമോ ശേഷിക്കാതെ പോവാം. പല ജീവിതപ്രശ്നങ്ങളും പണംകൊണ്ടു പരിഹരിക്കാനാവാത്തവയാണെന്നതും സ്മരണീയമാണ്.

തലച്ചോറിലെ കളിചിരിമുറികള്‍

സന്തുഷ്ടചിത്തരില്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന മസ്തിഷ്കഭാഗം തലച്ചോറിന്‍റെ ഇടതുഭാഗത്തു കൂടുതല്‍ സക്രിയമാണ്. ലോകത്തിലെ ഏറ്റവും ആനന്ദവാന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാത്യു റികാര്‍ഡ് എന്ന ബുദ്ധഭിക്ഷുവിലാണ് ഈ മസ്തിഷ്കഭാഗത്ത് ഏറ്റവും പ്രവര്‍ത്തനം രേഖപ്പെടുത്തിയിട്ടുള്ളതും. ധ്യാനം, യോഗ, മൈന്‍ഡ്ഫുള്‍നസ് പരിശീലനം, റിലാക്സേഷന്‍ വിദ്യകള്‍ തുടങ്ങിയവക്ക് ഈ ഭാഗത്തെ ഉത്തേജിപ്പിക്കാനും സന്തോഷം കൈവരുത്താനുമാവുമെന്നും തെളിഞ്ഞിട്ടുമുണ്ട്.

കൂട്ടുകാരോടൊത്തിരിക്കുന്നതോ നല്ലൊരാഹാരം കഴിക്കുന്നതോ രതിയിലേര്‍പ്പെടുന്നതോ പോലുള്ള വേളകളേതിലും നമുക്കു സന്തോഷമനുഭവപ്പെടുന്നത് തലച്ചോറില്‍ മീസോലിമ്പിക് പാത്ത്’വേ എന്നൊരു നാഡീപഥം ഉത്തേജിപ്പിക്കപ്പെടുന്നതിനാലാണ്. എന്തുചെയ്താലാണ് സന്തോഷം കിട്ടുക എന്നോര്‍ത്തുവെക്കാന്‍ തലച്ചോറിനെ സഹായിക്കുന്നതും ഇതേ ഭാഗമാണ്. ഇതിന് അത്യുത്തേജനം പകരാന്‍ അവക്കാവുമെന്നതിനാലാണ് മദ്യവും കഞ്ചാവും പോലുള്ള ലഹരിവസ്തുക്കള്‍ ഏറെ ആനന്ദദായകമാവുന്നത്. ഇത്തരം പദാര്‍ത്ഥങ്ങള്‍ നിരന്തരമുപയോഗിക്കുന്നവരില്‍, കൂലിവേലക്കാരുടെ കയ്യില്‍ തഴമ്പു രൂപപ്പെടുന്ന പോലെ, ഈ ഭാഗത്ത് തലച്ചോര്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ വരുത്തുന്നുണ്ട്. തല്‍ഫലമായാണ് ലഹരിവസ്തുക്കള്‍ അഡിക്ഷനാവുന്നവര്‍ക്ക് കാലക്രമത്തില്‍ അവ കൂടുതല്‍ക്കൂടുതലളവില്‍ എടുത്താലേ സന്തോഷം കിട്ടൂ എന്ന അവസ്ഥ വരുന്നതും ജീവിതത്തിലെ പതിവുസുഖങ്ങള്‍ ഏശാതാവുന്നതും.

ഇവയും അപ്രസക്തം തന്നെ

സൌന്ദര്യമുണ്ടെങ്കില്‍ സന്തോഷം വഴിയേ വരും എന്ന ധാരണയില്‍ ഏറെ സമയവും സമ്പത്തും അതിനായി ചെലവിടുന്നവരും പ്ലാസ്റ്റിക് സര്‍ജറി പോലും തെരഞ്ഞെടുക്കുന്നവരും ഉണ്ട്. എന്നാല്‍ സന്തുഷ്ടരായവര്‍ക്ക് അങ്ങനെയല്ലാത്തവരെക്കാള്‍ സൌന്ദര്യക്കൂടുതലൊന്നും ഇല്ല എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. സൌന്ദര്യവര്‍ദ്ധനവിനുള്ള സര്‍ജറികള്‍ക്കു വിധേയരാവുന്നവര്‍ക്ക് കുറച്ചുകാലത്തേക്ക് ഏറെയാഹ്ളാദം തോന്നാമെങ്കിലും അവരുടെ മാനസികാവസ്ഥ പതിയെപ്പതിയെ സര്‍ജറിക്കു മുമ്പത്തേതിലേക്കു മടങ്ങിപ്പോവുന്നുണ്ട്.

പ്രായമോ ബുദ്ധിയോ ഏറിയോ കുറഞ്ഞോ ഇരിക്കുന്നത് സന്തോഷത്തെ ബാധിക്കുന്നില്ലെന്നും കുട്ടികളുള്ളവരും ഇല്ലാത്തവരും സന്തോഷകാര്യത്തില്‍ സമമാണെന്നും കണ്ടെത്തലുകളുണ്ട്.

ചില പ്രവചനപ്പിശകുകള്‍

നല്ലതോ ചീത്തയോ ആയ സംഭവവികാസങ്ങളുടെ വൈകാരികപ്രത്യാഘാതം നാം പൊതുവെ ഊഹിക്കുന്നത്ര ദീര്‍ഘമോ തീവ്രമോ ആവാറില്ല. (ലോട്ടറിയടിക്കുന്നവരുടെയും അരക്കുകീഴെ തളര്‍ന്നുപോവുന്നവരുടെയും മാനസികാവസ്ഥ വര്‍ഷമൊന്നു തികയുംമുമ്പേ പൂര്‍വസ്ഥിതി പ്രാപിക്കുന്നുണ്ട്.) ഒരു സംഭവത്തിനു ശേഷം അതു നമ്മെ വൈകാരികമായി എത്രത്തോളം ബാധിക്കും എന്നാലോചിക്കുമ്പോള്‍ നാം പൊതുവെ  കടന്നുചിന്തിച്ചുപോവുന്നത് രണ്ടു കാരണത്താലാവാം: (1) ആ ഒരു സംഭവത്തിന്‍റെ സ്വാധീനം മാത്രം പരിഗണിക്കപ്പെടുകയും വികാരങ്ങളെ സ്വാധീനിച്ചേക്കാവുന്ന മറ്റു ഘടകങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യാം. ഉദാഹരണത്തിന്, “വീടെങ്ങാനും ഇന്നു തകര്‍ന്നുപോയാല്‍ ഒരാറുമാസം കഴിഞ്ഞ് എന്താവും തന്‍റെ  മാനസികാവസ്ഥ?” എന്ന് ഇപ്പോള്‍ ഊഹിക്കാന്‍ നോക്കിയാല്‍ “വീടുണ്ടാവില്ലല്ലോ” എന്ന ചിന്തക്കു പ്രാമുഖ്യം കിട്ടുകയും, അതിനാല്‍ത്തന്നെ അത്രയും മാസങ്ങള്‍ പിന്നിട്ടാലും ഏറെ ദുഃഖം നിലനില്‍ക്കാമെന്നു തോന്നുകയും ചെയ്യാം; ഇടക്കു പലരും സഹായത്തിനെത്താം, പുതിയൊരു സ്ഥലത്ത് താമസിക്കാന്‍ അവസരം കിട്ടാം, ആ ആറുമാസത്തിനിടയില്‍ ജോലിയിലോ വ്യക്തിബന്ധങ്ങളിലോ പല നല്ല കാര്യങ്ങളും സംഭവിക്കാം എന്നതൊക്കെ കണക്കിലെടുക്കപ്പെടാതെ പോവാം. (2) ദുരന്തങ്ങളെ നേരിടാന്‍ എത്രത്തോളം ത്രാണി സ്വന്തമായുണ്ട് എന്നത് മിക്കവരും കുറച്ചുകാണുക പതിവാണ്. അതിദാരുണമായ അനുഭവങ്ങളെപ്പോലും ആളുകള്‍ ഏറെ മനക്കരുത്തോടെ അതിജയിക്കാറുണ്ട് എന്നതാണ് വാസ്തവം.

അതുകൊണ്ടുതന്നെ, തൊഴിലോ വിവാഹമോ പോലുള്ള പ്രധാന കാര്യങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുമ്പോള്‍ ഏതു തീരുമാനമാണ് കൂടുതല്‍ സന്തോഷജനകമാവുക എന്ന ഊഹം പിഴക്കാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നോര്‍ക്കുക. എടുത്തുചാട്ടം കാണിക്കാതെ, എല്ലാ വശങ്ങളും യഥോചിതം പരിഗണിക്കുക.

നമുക്കു നാമേ പണിവതു നാകം

നമുക്ക് അനുഭവിക്കാന്‍കിട്ടുന്ന സന്തോഷത്തിന്‍റെ നാല്പതുശതമാനവും നിര്‍ണയിക്കുന്നത് നമ്മുടെ ചിന്തകളും ചെയ്തികളുമാണെന്നു മുന്നേ പറഞ്ഞു. ഇവ രണ്ടിലും ഏതേതു രീതികള്‍ പയറ്റിയാലാണ് ശാശ്വതസന്തോഷം സ്വന്തമാവുക? ഗവേഷണങ്ങളുടെ ഉരകല്ലില്‍ മാറ്റുതെളിഞ്ഞുകഴിഞ്ഞ പതിനഞ്ചു വിദ്യകളിതാ:

  1. കണ്ണാടികോശങ്ങള്‍ (mirror neurons) എന്ന മസ്തിഷ്കനാഡികള്‍ ചുറ്റുമുള്ളവരുടെ വികാരങ്ങളെ നമുക്കുള്ളിലും ജനിപ്പിക്കും. അതിനാല്‍ത്തന്നെ, സന്തോഷവാന്മാരായ ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും സമയം ചെലവിടുകയും ചെയ്യുക.
  2. പണം വസ്തുവകകള്‍ക്കായല്ല, നല്ല അനുഭവങ്ങള്‍ക്കായി വിനിയോഗിക്കുക. തലച്ചോറില്‍ വികാരങ്ങളായിപ്പതിയുക യാത്രകളും സന്ദര്‍ശനങ്ങളും പോലുള്ള അനുഭവങ്ങളാണ്, കയ്യില്‍ ലേറ്റസ്റ്റ് മോഡല്‍ വാച്ചുള്ളതോ പോര്‍ച്ചില്‍ മുന്തിയൊരു കാറുള്ളതോ അല്ല. ആഡംബരവസ്തുക്കള്‍ക്ക് കാലക്രമേണ മൂല്യം നഷ്ടപ്പെടുമെങ്കില്‍ ഓര്‍മകള്‍ക്ക് പഴകുന്തോറും തിളക്കമേറുകയാണു ചെയ്യുക.
  3. നല്ലൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതു മുഴുവനായാസ്വദിക്കാനാവാന്‍ കണ്ണുകളടക്കുന്ന പോലെ, സന്തോഷദായകമായൊരു അനുഭവത്തിലൂടെ കടന്നുപോവുമ്പോള്‍ അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവാന്‍ അവിടെയുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചേക്കുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയോ അവഗണിക്കുകയോ ചെയ്യുക.
  4. നല്ല അനുഭവങ്ങള്‍ക്കു ശേഷം അവ എത്രത്തോളം വിലപ്പെട്ടതാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുക. പ്രിയമുള്ളവരോട് അവയെപ്പറ്റി സംസാരിക്കുക. അവയുടെ സ്മരണികകളായി എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുകയോ അവയിലെ രംഗങ്ങള്‍ ഫോട്ടോ പോലെ മനസ്സില്‍ പതിക്കുകയോ ചെയ്ത്, അവയുപയോഗപ്പെടുത്തി ആ അനുഭവങ്ങളെ ഇടക്കൊക്കെ അയവിറക്കുക.
  5. നേട്ടങ്ങള്‍ കരഗതമാവുമ്പോള്‍ അനാവശ്യ എളിമ കാണിക്കാതെ, ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക് പതിച്ചുനല്‍കാതെ, സ്വയം അഭിനന്ദിക്കുക. അതിനുവേണ്ടി എന്തുമാത്രം പരിശ്രമങ്ങള്‍ ചെയ്തു, എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചു, എത്രകാലം കാത്തിരുന്നു എന്നതൊക്കെ സ്വയം ഓര്‍മപ്പെടുത്തുക. ദിനാന്ത്യങ്ങളിലെല്ലാം അന്നു നടന്ന മൂന്നു നല്ല കാര്യങ്ങളും അവ സ്വായത്തമാക്കുന്നതില്‍ വഹിച്ച പങ്കും എവിടെയെങ്കിലും കുറിച്ചുവെക്കുക.
  6. ജീവിതത്തിന്‍റെ ഒഴുക്കിനൊത്തു ചുമ്മാ നീങ്ങാതെ ദിനചര്യകളെ മുന്‍‌കൂര്‍ ആസൂത്രണം ചെയ്യുകയും സന്തോഷദായകമായ പ്രവൃത്തികള്‍ക്കും ഇടംകിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഉദാഹരണത്തിന്, ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബോറടി തോന്നിത്തുടങ്ങുമ്പോള്‍ “ഇനിയിപ്പൊ എന്താ ചെയ്യാനുള്ളത്? എങ്ങോട്ടാ ഒന്നു പോവാനുള്ളത്?” എന്നൊക്കെ ആലോചിക്കാന്‍ തുടങ്ങാതെ, വീക്കെന്‍ഡ് എങ്ങനെയാണു ചെലവിടാന്‍ പോവുന്നതെന്നത് നേരത്തേക്കൂട്ടി നിശ്ചയിച്ചുവെക്കുക.
  7. സ്വന്തം കഴിവുകളും നന്മകളും തിരിച്ചറിയുക. അവയെ പരിപോഷിപ്പിക്കുകയും അനുദിനജീവിതത്തില്‍ ഫലപ്രദമായി ഉപയുക്തമാക്കിത്തുടങ്ങുകയും ചെയ്യുക. ഉള്ള കഴിവുകളുമായി ചേര്‍ന്നുപോവുന്ന, അവയെ നിരന്തരം ഉപയോഗപ്പെടുത്തേണ്ടി വരുന്ന ജോലികളും ബന്ധങ്ങളും ഹോബികളും തെരഞ്ഞെടുക്കുക. (ഈ മേഖലയിലെ പ്രമുഖ ഗവേഷകരിലൊരാളായ മാര്‍ട്ടിന്‍ സെലിഗ്മാന്‍ എന്ന മനശ്ശാസ്ത്രജ്ഞന്‍റെ വെബ്സൈറ്റില്‍, https://www.authentichappiness.sas.upenn.edu/testcenter എന്ന ലിങ്കില്‍, നമുക്കുള്ള കഴിവുകളെന്തൊക്കെയെന്ന ഉള്‍ക്കാഴ്ച കിട്ടാനുതകുന്ന ചോദ്യാവലികള്‍ സൌജന്യമായി ലഭ്യമാണ്.)
  8. ഏറ്റവും സന്തുഷ്ടരായ പത്തുശതമാനമാളുകളെ ബാക്കിയുള്ളവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ തെളിഞ്ഞുവന്ന പ്രധാന വ്യത്യാസം, ആ അതിസന്തുഷ്ടര്‍ക്കു നല്ല സുഹൃദ്ബന്ധങ്ങളും സാമൂഹികജീവിതവുമുണ്ടെന്നും അവര്‍ അധികനേരമൊന്നും ഒറ്റക്കു ചെലവിടാറില്ലെന്നുമാണ്. കുടുംബവും കൂട്ടുകാരുമൊത്തു സമയം പങ്കിടാനും മനസ്സു തുറക്കാനും വിവിധ കാര്യങ്ങളില്‍ സഹകരിക്കാനും മനസ്സിരുത്തുക. മനസ്സമ്മര്‍ദ്ദമുളവാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന് ഇഷ്ടമുള്ളവരോടൊത്തിരിക്കുമ്പോള്‍ നമ്മുടെ രക്തത്തില്‍ അളവുകുറയുന്നുണ്ട്. ബന്ധങ്ങളുടെ എണ്ണമല്ല, ഗുണമാണ് പ്രധാനമെന്നതും മറക്കാതിരിക്കുക.
  9. എന്തെങ്കിലും ഇഷ്ടകാര്യത്തില്‍ മുഴുകുമ്പോള്‍ നാം തന്നെത്തന്നെയും പുറംലോകത്തെയും നിത്യജീവിതത്തിലെ ലൊട്ടുലൊടുക്കു പ്രശ്നങ്ങളെയും വിസ്മരിക്കുകയും, സമയം നീങ്ങുന്നതു പോലുമറിയാതെ പോവുകയും, നല്ല സ്വച്ഛതയനുഭവിക്കുകയും ചെയ്യാം. ഈയൊരവസ്ഥക്ക് മനശ്ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത് “Flow” എന്നാണ്. ഇതില്‍ ഇടക്കിടെ പ്രവേശിക്കുന്നത് ജിവിതസന്തോഷത്തിന് ഏറെ ഗുണകരമാണ്. ഉള്ള കഴിവുകള്‍ക്കു യോജിച്ച, എന്നാലിത്തിരി വെല്ലുവിളിയുമുയര്‍ത്തുന്ന, അര്‍ത്ഥവത്തായ ലക്ഷ്യമുള്ള പ്രവൃത്തികളില്‍ മുഴുകുമ്പോഴാണ് flow കൈവരിക. എത്തരം കാര്യങ്ങളിലേര്‍പ്പെട്ടാലാണ് ഈയവസ്ഥയിലെത്താനാവുക എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാവാം. പാചകം, വ്യായാമം, നൃത്തം, ചിത്രരചന എന്നിങ്ങനെതൊട്ട്, സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുക, ബിസിനസ് ആവശ്യങ്ങള്‍ക്കായി കൂടിയാലോചന നടത്തുക തുടങ്ങിയവക്കിടയിലും, ദൈനംദിനകാര്യങ്ങള്‍ ചെയ്യുമ്പോള്‍പ്പോലും, flow കരഗതമാവാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് താഴെപ്പറഞ്ഞ രീതികളിലാണെങ്കിലേ flow പ്രാപ്യമായേക്കൂ: (1) ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല, സ്വതാല്‍പര്യത്തോടെ വേണം അതിനിറങ്ങുന്നത്. (2) കാര്യം ചെയ്യുന്നത് നല്ല ഏകാഗ്രതയോടെയാവണം. (3) കാര്യം ആസ്വാദ്യകരമായിത്തോന്നണം. (4) കാര്യം തന്‍റെ നിയന്ത്രണത്തിലൊതുങ്ങുന്നതാണ് എന്ന ബോദ്ധ്യമുണ്ടായിരിക്കണം. (5) പിഴവുകള്‍ വല്ലതും പറ്റിയാല്‍ ആ വിവരം ഉടനടി ലഭ്യമാവണം — സംഗീതോപകരണം അഭ്യസിക്കുന്നയാള്‍ക്ക് താന്‍ ശരിക്കാണോ വായിക്കുന്നത് എന്നും, ടെന്നീസ് പരിശീലിക്കുന്നവര്‍ക്ക് ഷോട്ടുകള്‍ ഓക്കെയാണോ എന്നും അപ്പപ്പോള്‍ അറിയാനാവുന്ന പോലെ. (6) കാര്യം കൂടുതല്‍ക്കൂടുതല്‍ മികവോടെ ചെയ്യാന്‍ അവസരമുണ്ടാവണം. (7) ഒരു ലെവല്‍ കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞാല്‍ ഇത്തിരി കൂടി സങ്കീര്‍ണമായ അടുത്തൊരു ലെവലിലേക്കു കടന്നുകൊണ്ടിരിക്കണം.
  10. കൈവന്നുകഴിഞ്ഞ അനുഗ്രഹങ്ങളെപ്രതി നന്ദിയുള്ളവരാവുക. കൃതജ്ഞതാബോധം ഉള്ളിലുണരുമ്പോഴെല്ലാം ദുര്‍വികാരങ്ങള്‍ ദൂരീകരിക്കപ്പെടുകയും സദ്‌വികാരങ്ങള്‍ തല്‍സ്ഥാനത്തു വരികയും മാംസപേശികള്‍ക്ക് അയവുകിട്ടുകയും പൊതുവെയൊരു ഉണര്‍വും ഊര്‍ജസ്വലതയും അനുഭവപ്പെടുകയും ചെയ്യാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
  11. ശുഭാപ്തിവിശ്വാസം ശീലിക്കുക. തിക്താനുഭവങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ അവ താല്‍ക്കാലികം മാത്രമാണ്, ജീവിതത്തിന്‍റെ ഒരു വശത്തെയേ ഗ്രസിച്ചിട്ടുള്ളൂ, ഇന്നയിന്ന കഴിവുകളും കാര്യങ്ങളുമുപയോഗിച്ച് തനിക്കവയെ മറികടക്കാനാവും എന്നൊക്കെ സ്വയമോര്‍മിപ്പിക്കുക.
  12. സ്വസന്തോഷത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുഭവിക്കാന്‍ കിട്ടുന്ന സന്തോഷത്തെ പരിമിതപ്പെടുത്താം. എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി സന്തോഷം നല്‍കാന്‍ ശ്രമിക്കുന്നത് —സുഹൃദ്’വലയത്തിലുള്ളവര്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുകയോ ധര്‍മസംഘടനകള്‍ക്ക് പിന്തുണ കൊടുക്കുകയോ വിശ്വസിക്കുന്ന ആശയങ്ങള്‍ക്കായി സമയം ചെലവിടുകയോ ഒക്കെച്ചെയ്യുന്നത് — ജീവിതസംതൃപ്തിയും സ്വയംമതിപ്പും തനിക്കും പ്രസക്തിയുണ്ട് എന്ന ബോധവും തരും. തന്‍റെ കര്‍മങ്ങള്‍ പുറംലോകത്ത് അനുരണനങ്ങളുണ്ടാക്കുന്നുണ്ട് എന്ന അറിവ് ജീവിതം അര്‍ത്ഥവത്താണ് എന്ന ആശ്വാസമുളവാക്കും.
  13. ‘സ്പീഡ്’ എന്നൊരു ഹോളിവുഡ് സിനിമയുണ്ട്. ഒരു ബസ്സിന്‍റെ വേഗത മണിക്കൂറില്‍ അമ്പതുമൈലില്‍നിന്നു താഴ്ന്നാല്‍ അതില്‍വെച്ച ബോംബ്‌ പൊട്ടിത്തെറിക്കുമെന്നതിനാല്‍ പോലീസും മറ്റും അതിനെ അതിവേഗത്തില്‍ത്തന്നെ ഓട്ടിക്കൊണ്ടിരിക്കാന്‍ യത്നിക്കുന്നതായിരുന്നു ആ സിനിമയുടെ പ്രമേയം. നമ്മില്‍പ്പലരും ആ ബസ്സിന്‍റെ സ്ഥിതിയിലാണ് — ജീവിതത്തിനെങ്ങാനും വേഗമൊന്നു കുറഞ്ഞാല്‍ അതോടെയല്ലാം തീരുമെന്ന ആശങ്കയില്‍ അവിരതം പാഞ്ഞുനടക്കുന്നവര്‍. ജീവിതവേഗം കുറക്കുന്നതാണു പക്ഷേ സന്തോഷത്തിനുള്ള പോംവഴി. ഇത്തിരിയൊരു മന്ദഗതി ജീവിതത്തെ കൂടുതല്‍ ആഴത്തില്‍, കൂടുതല്‍ ശോഭയോടെ ആസ്വദിക്കാനാക്കും. ദിവസങ്ങളെ ഉത്തരവാദിത്തങ്ങളാല്‍ കുത്തിനിറക്കാതെ ഇത്തിരി നേരമൊക്കെ ഫ്രീയാക്കിയും ഇടുക. അല്‍പനേരത്തേക്കെങ്കിലും ഫോണും കമ്പ്യൂട്ടറുമെല്ലാം ഓഫ്ചെയ്തുവെക്കുന്നത് ഫലപ്രദമാവുമെന്നു തോന്നുന്നെങ്കില്‍ അങ്ങിനെ ചെയ്യുക. ജീവിതത്തിനു വേഗം കുറക്കാന്‍ നടപടിയെടുത്തവരില്‍ തൊണ്ണൂറുശതമാനത്തിനും സന്തോഷം കരസ്ഥമായെന്ന് ഒരു ആസ്ട്രേലിയന്‍ പഠനം വെളിപ്പെടുത്തുകയുമുണ്ടായി.
  14. മതവിശ്വാസവും ആത്മീയതയും ജീവിതസന്തോഷത്തിനു തുണയാവുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സമാനമനസ്കരുമായി സാമൂഹികബന്ധങ്ങള്‍ക്ക് അവസരമൊരുക്കിയും ശുഭപ്രതീക്ഷകളും ജീവിതകാഴ്ചപ്പാടും അര്‍ത്ഥബോധവും പകര്‍ന്നും ദുഃഖ, ദുരന്തവേളകളെ അതിജീവിക്കാന്‍ കരുത്തേകിയുമൊക്കെയാണ് ഇവയിതു സാധിക്കുന്നത്. മതാചാരങ്ങളുടെ ഭാഗമായ ധ്യാനങ്ങളും പ്രാര്‍ത്ഥനകളും മാനസികസമ്മര്‍ദ്ദവും ഉത്ക്കണ്ഠകളുമകലാനും സഹായിക്കും.
  15. വ്യായാമം പതിവാക്കുക. വ്യായാമവേളയില്‍ തലച്ചോറില്‍ എന്‍ഡോര്‍ഫിനുകള്‍ എന്ന പദാര്‍ത്ഥങ്ങള്‍ സ്രവിക്കപ്പെടുന്നുണ്ട്. കാന്‍സര്‍വേദനക്കുപയോഗിക്കുന്ന മോര്‍ഫിന്‍ എന്ന മരുന്നിനു സമാനമായ ഈ എന്‍ഡോര്‍ഫിനുകള്‍ മനോവേദനകള്‍ക്കു നല്ല ആശ്വാസംതരും.

ഇപ്പറഞ്ഞ കാര്യങ്ങളെങ്ങനെയാണ് ജീവിതസന്തോഷത്തെ ആവാഹിച്ചുതരുന്നത് എന്നതിന് പല വിശദീകരണങ്ങളുമുണ്ട്. നല്ല വികാരങ്ങള്‍ക്കും നല്ല ചിന്തകള്‍ക്കും നല്ല പെരുമാറ്റങ്ങള്‍ക്കും വഴിവെച്ചും, സ്വന്തം കഴിവുകളിലും കാര്യക്ഷമതയിലും വിശ്വാസം ജനിപ്പിച്ചും, മറ്റുള്ളവരുമായി ബന്ധത്തിനും അടുപ്പത്തിനും അവസരമൊരുക്കിയും, ചുറ്റുപാടുകള്‍ക്കു മേല്‍ നമുക്കു നിയന്ത്രണമുണ്ടെന്ന ധൈര്യമുണര്‍ത്തിയുമൊക്കെയാണ് ഇവ ലക്ഷ്യംകാണുന്നത്.

സന്തോഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്

മേല്‍നിരത്തിയ വിദ്യകള്‍ക്കു നല്ല ഫലപ്രാപ്തി കിട്ടാന്‍ മനസ്സിരുത്തേണ്ട ചില കാര്യങ്ങള്‍കൂടി:

  • ഒരു കാര്യം തന്നെ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്നാല്‍ അതു വെറുമൊരു യാന്ത്രികശീലമായി ഭവിക്കുകയും തലച്ചോറതിനോട് വേണ്ടുംവിധം പ്രതികരിക്കാതാവുകയും ചെയ്യാം. പല പല കാര്യങ്ങളിലേര്‍പ്പെട്ടോ, ഒരു കാര്യം തന്നെ വീണ്ടുംവീണ്ടും ചെയ്യേണ്ടതുണ്ടെങ്കില്‍ അതിനുപയോഗിക്കുന്ന രീതിയില്‍ സദാ പുതുമകള്‍ പരീക്ഷിച്ചോ ആവുന്നത്ര വൈവിധ്യം ഉറപ്പുവരുത്തുക. ഗവേഷണങ്ങള്‍ പറയുന്നത്, മേല്‍പ്പറഞ്ഞ വിദ്യകളില്‍ എട്ടെണ്ണത്തോളം അഭ്യസിക്കുന്നവര്‍ക്കാണ് ഏറ്റവും സന്തോഷം ലഭിക്കുന്നതെന്നാണ്.
  • സ്വന്തം വ്യക്തിത്വത്തോടും ഇഷ്ടാനിഷ്ടങ്ങളോടും ജീവിതലക്ഷ്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന, ലഭ്യമായ വിഭവങ്ങള്‍ വെച്ച് ഫലപ്രദമായി നടപ്പാക്കാവുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കുക. ഉദാഹരണത്തിന്, സര്‍വരോടും കയറിയിടപഴകാന്‍ ചാതുര്യമുള്ളവര്‍ക്ക് സാമൂഹികപ്രവൃത്തികളാണ് ഫലംചെയ്തേക്കുക എങ്കില്‍ സ്വതേ അന്തര്‍മുഖരായവര്‍ക്ക് ഒറ്റക്കു ചെയ്യാവുന്ന കാര്യങ്ങളാവാം ഉത്തമം.
  • “സന്തോഷം പൂമ്പാറ്റകളുടെ കണക്കാണ് — പിടിക്കാനായി പിറകേ കൂടിയാല്‍ ഓടിയകന്നുകൊണ്ടേയിരിക്കും. അതിനെവിട്ടു നാം മറ്റു കാര്യങ്ങളില്‍ മുഴുകിത്തുടങ്ങിയാല്‍ പതിയെ വന്നു നമ്മുടെ തോളിലിരിക്കയും ചെയ്യും” എന്ന മഹദ്’വചനത്തെ ശാസ്ത്രവും ശരിവെക്കുന്നുണ്ട്. സന്തോഷത്തിന് അമിതപ്രാധാന്യം കല്പിച്ച് സര്‍വശക്തിയുമെടുത്ത് അതിനെ പിന്തുടരുന്നവര്‍ക്ക് നല്ല ജീവിതാനുഭവങ്ങളില്‍നിന്നു പോലും സന്തോഷമാസ്വദിക്കാനാവാതെ പോവാമെന്നും വിഷാദരോഗത്തിനു സാദ്ധ്യതയേറുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. മുകളില്‍നിരത്തിയ പ്രവൃത്തികളില്‍ സ്വയം നഷ്ടപ്പെടുമ്പോള്‍ നാംപോലുമറിയാതെ സന്തോഷം മനസ്സിലെത്തുകയാണ് ചെയ്യുക — അല്ലാതെ സന്തോഷം വന്നോ, സന്തോഷം വന്നോ എന്ന് ഇടക്കിടെ പരിശോധിക്കാന്‍ പോവുന്നവര്‍ക്ക് മനസ്സംഘര്‍ഷമാവാം ഫലം.
  • സദാ സന്തോഷത്തിലാറാടാനല്ല, സന്തോഷസംതൃപ്തികളും ദുഃഖവൈഷമ്യങ്ങളും തമ്മില്‍ ആരോഗ്യകരമായൊരു ബാലന്‍സിനാണ് ലക്ഷ്യമിടേണ്ടത്. സങ്കടവും ദേഷ്യവും ആശങ്കയും പോലുള്ള അത്ര നന്നല്ലെന്ന് പെട്ടെന്നു തോന്നുന്ന വികാരങ്ങളും ജീവിതാഭിവൃദ്ധിക്ക് അനുപേക്ഷണീയം തന്നെയാണ്. “കുഴപ്പത്തിലകപ്പെട്ടിരിക്കയാണ്”, “നിയമലംഘനം നടത്തിക്കൊണ്ടിരിക്കയാണ്”, “ഈ പോക്ക് അപകടത്തിലേക്കാണ്”, “ഇന്നയാളെ വിശ്വസിക്കാന്‍ കൊള്ളില്ല” എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ മനസ്സു നമുക്കു തരുന്നത് പലപ്പോഴും ഇത്തരം വികാരങ്ങളുടെ രൂപത്തിലാണ്. പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത്തിരി പേടിയും ഉത്ക്കണ്ഠയുമുണ്ടാവുന്നത് ഹൃദയത്തെയും മറ്റവയവങ്ങളെയും വേണ്ടുംവണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ദേഷ്യവും അല്‍പം അസൂയയുമൊക്കെ നമുക്ക് പലയവസരങ്ങളിലും പ്രചോദനദായിനികളാവും. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുമ്പോഴും ആപത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കുമ്പോഴുമെല്ലാം അമിതമായ സന്തോഷം വിഘ്നമായി ഭവിക്കാം. സന്തോഷത്തിന്‍റെ കാര്യത്തില്‍ പത്തില്‍ പത്തും നേടാനല്ല, പത്തില്‍ ഒരു എട്ട് നേടാന്‍ ഉന്നംവെക്കുന്നതാവും നല്ലതെന്നാണ് വിദഗ്ദ്ധമതം. മിക്കവാറും നേരങ്ങളില്‍ നേരിയ സന്തോഷവും ഇടക്കു വല്ലപ്പോഴും അത്ര ആസ്വാദ്യകരമല്ലാത്ത ഇതര വികാരങ്ങളും എന്നതാവാം ഫലപ്രദമായ കോമ്പിനേഷന്‍.

(2016 ഓഗസ്റ്റ് ലക്കം 'മാധ്യമം കുടുംബം' മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Becky's Blog

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ഐ.എസ്. ചേക്കേറ്റങ്ങളുടെ മാനസിക വശങ്ങള്‍
വായന: ന്യൂജനും പഴഞ്ചനും

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62531 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41899 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26397 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23151 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21056 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.