വസ്തുതകളേതും ഗൂഗിള്‍ മുഖേന ഞൊടിയിടയില്‍ കണ്ടെത്താവുന്ന, ഫോണ്‍ നമ്പറുകളും അപ്പോയിന്‍റ്മെന്റുകളുമൊക്കെ ഫോണില്‍ സേവ്ചെയ്ത് എപ്പോഴെവിടെവെച്ചും നോക്കാവുന്ന ഒരു കാലത്ത് വിവരങ്ങള്‍ നാം കഷ്ടപ്പെട്ടു പഠിച്ചെടുക്കുകയും ഓര്‍മയില്‍ നിര്‍ത്തുകയും വേണോ? സംശയങ്ങള്‍ പഴഞ്ചന്‍മട്ടില്‍ മറ്റുള്ളവരോടു ചര്‍ച്ച ചെയ്യണോ?
അറിവിന്‍റെ സഞ്ചയം അനുദിനം വലുതാവുകയാണ്. ഓര്‍ത്തുവെക്കലിനെ കുറേയെല്ലാം ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും നെറ്റിലേക്കുമൊക്കെ ‘ഔട്ട്‌സോഴ്സ്’ ചെയ്യുക ഇങ്ങിനെയൊരു സാഹചര്യത്തില്‍ അനിവാര്യവുമാണ്. എന്നിരിക്കിലും, ഇതിനവയെ അമിതമായാശ്രയിക്കുന്നത് ചില ദുഷ്ഫലങ്ങള്‍ക്കും നിമിത്തമാവുന്നുണ്ട്. അതിലേറ്റവും പ്രധാനമാണ് ‘ഗൂഗിള്‍ എഫക്റ്റ്’ എന്ന പ്രതിഭാസം.
തലച്ചോര്‍ അതിന്‍റെ കാര്യക്ഷമത കൂട്ടാന്‍ പല സൂത്രപ്പണികളും ഉപയോഗിക്കുന്നുണ്ട്. അതിലൊന്നാണ്, പിന്നീടു മറ്റെവിടെയെങ്കിലുംനിന്നു കണ്ടെത്താനായേക്കും എന്നതിനു തോന്നുന്ന വിവരങ്ങളെ ഓര്‍മയില്‍ പതിപ്പിക്കാതെ മറന്നുകളയുകയെന്നത്. എല്ലാക്കാര്യങ്ങളുമങ്ങ് ഓര്‍മയില്‍ നിര്‍ത്തുക അസാദ്ധ്യമായതിനാലാണിത്. അതുകൊണ്ടുതന്നെ, നെറ്റിലോ കമ്പ്യൂട്ടറിലോനിന്നു പിന്നീടു വീണ്ടുമെടുക്കാമെന്നു തോന്നുന്ന വസ്തുതകളെ ഓര്‍ത്തുവെക്കാന്‍ തലച്ചോര്‍ മിനക്കെടുന്നില്ല. ‘ഗൂഗിള്‍ എഫക്റ്റ്’ എന്നാണ് ഈ പ്രവണതക്കു പേര്. ഇതേപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത് പ്രമുഖ ജേര്‍ണലുകളിലൊന്നായ ‘സയന്‍സ്’ പ്രസിദ്ധീകരിച്ച ഒരു കൂട്ടം പഠനങ്ങളാണ്.
ആ ഗവേഷകര്‍ കുറച്ചു കോളേജ് വിദ്യാര്‍ത്ഥികളോട് “ഒട്ടകപ്പക്ഷിയുടെ കണ്ണ് അതിന്‍റെ തലച്ചോറിനെക്കാള്‍ വലുതാണ്” എന്നിങ്ങനെയുള്ള നാല്‍പതു പോയിന്‍റുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനാവശ്യപ്പെട്ടു. ടൈപ്പ് ചെയ്യുന്ന ഫയല്‍ കമ്പ്യൂട്ടറില്‍ത്തന്നെയുണ്ടാകുമെന്ന് പകുതിപ്പേരെയും ഡിലീറ്റ് ചെയ്യപ്പെടുമെന്ന് ബാക്കി പകുതിയെയും അറിയിച്ചു. ഫയല്‍ കമ്പ്യൂട്ടറില്‍ത്തന്നെ കാണുമെന്നു വിചാരിച്ചവര്‍ അവര്‍ ടൈപ്പ്ചെയ്ത പോയിന്‍റുകള്‍ പിന്നീട് ഓര്‍മയില്‍നിന്നു പറയുന്നതില്‍ പിന്നാക്കമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടു.
ടൈപ്പ്ചെയ്യുന്ന പോയിന്‍റുകള്‍ ഓര്‍ത്തുവെക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചപ്പോഴോ, മിക്കവര്‍ക്കും ഓര്‍മ നിന്നത് ആ പോയിന്‍റുകളായിരുന്നില്ല, മറിച്ച് അവ സേവ്ചെയ്ത ഫോള്‍ഡറുകളുടെ പേരായിരുന്നു. കൂടാതെ, കടുപ്പമുള്ള ചോദ്യങ്ങളുയരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉടന്‍, സ്വയമറിയാതെ കമ്പ്യൂട്ടറിനെയും ഇന്‍റര്‍നെറ്റിനെയും പറ്റി നിനച്ചുപോകുന്നുണ്ടെന്നും തെളിഞ്ഞു.
ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കുന്ന പലരും പ്രദര്‍ശനവസ്തുക്കളെ സസൂക്ഷ്മം കണ്ടുമനസ്സിലാക്കുന്നതിനല്ല, മറിച്ച് ഫോണിലും മറ്റും അവയുടെ ഫോട്ടോയെടുക്കുന്നതിനാണു പ്രാമുഖ്യം കൊടുക്കുന്നതെന്നു ശ്രദ്ധിച്ച ലിന്‍ഡ ഹെങ്കല്‍ എന്ന ഗവേഷക ആ നിരീക്ഷണം പഠനവിധേയമാക്കുകയുണ്ടായി. മ്യൂസിയത്തിലെ കലാസൃഷ്ടികളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു ശരിയുത്തരം നല്‍കുന്നതില്‍ ഫോട്ടോയെടുപ്പുകാര്‍ പിന്നിലാണെന്നു വ്യക്തമാവുകയുമുണ്ടായി. വിവരങ്ങള്‍ ക്യാമറയിലുണ്ടല്ലോ എന്ന ബോധമാവാം അവര്‍ക്കു വിനയാകുന്നത്.
വിവരങ്ങളെ പലപ്പോഴും മനസ്സില്‍നിന്ന് ഓര്‍ത്തെടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ നെറ്റില്‍ നിന്നെടുക്കാമെന്നത് ചിലര്‍ക്കെങ്കിലും മനസ്സും നെറ്റും തമ്മിലുള്ള വേര്‍തിരിവിനെപ്പറ്റി ബോദ്ധ്യമില്ലാതാക്കുന്നുണ്ടെന്നും സൂചനകളുണ്ട്. ഒരു പഠനത്തില്‍, കൊടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറേപ്പേര്‍ ഗവേഷകരുടെ അനുമതിയോടെ നെറ്റില്‍നിന്നു കണ്ടെത്തി. നല്ല മാര്‍ക്കു കിട്ടിയപ്പോള്‍ പക്ഷേയവര്‍ നെറ്റിനെയാശ്രയിച്ചതു വിസ്മരിച്ച പോലെ ‘എനിക്കു നല്ല മിടുക്കുണ്ട്’ ‘എന്‍റെ ഓര്‍മശക്തി കേമമാണ്’ എന്നൊക്കെ അവകാശപ്പെടുകയുണ്ടായി.
ഏതൊരു കാര്യവും നന്നായി ഗ്രഹിക്കാനും അതേപ്പറ്റി ആഴത്തില്‍ ചിന്തിക്കാനും അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും ചര്‍ച്ചകള്‍ നടത്താനുമെല്ലാം അതുസംബന്ധിച്ച വസ്തുതകളും വിവരങ്ങളും നമ്മുടെ മനസ്സില്‍ത്തന്നെ വേണ്ടതുണ്ട്. ഓര്‍മയില്‍ ഏറെ അറിവുകളുള്ളപ്പോള്‍ ചിന്ത ഗഹനവും അര്‍ത്ഥനിബിഡവും ആകര്‍ഷകവുമാകും. മറുവശത്ത്, എല്ലാം ഗൂഗിള്‍ ഓര്‍ത്തുവെച്ചോളുമെന്നു നിശ്ചയിച്ചാല്‍ ചിന്തയും ബുദ്ധിയും ദുര്‍ബലമാവുകയാണു ചെയ്യുക.
പുതിയ വിവരങ്ങളെ ഓര്‍മയില്‍ നന്നായിപ്പതിയിക്കാനുള്ള ഒരു വഴി അവയെ മുമ്പേയറിയുന്ന കാര്യങ്ങളുമായി കൂട്ടിയിണക്കുകയാണ്. ഉദാഹരണത്തിന്, കൊളമ്പിയ എന്നൊരു രാജ്യമുണ്ട്, ദശകങ്ങളായിട്ട് അവിടെ ആഭ്യന്തരയുദ്ധമാണ്, അവിടത്തെ പ്രസിഡന്‍റ് യുവാന്‍ മാന്വല്‍ സാന്റോസ് ആണ് എന്നൊക്കെയറിയുന്നവര്‍ക്ക് 2016-ലെ നോബല്‍ സമാധാന പുരസ്കാരം സാന്റോസിനാണെന്ന് ഓര്‍ത്തുവെക്കുക എളുപ്പമാവും. മേല്‍നിരത്തിയ വസ്തുതകള്‍ ഓര്‍മയില്‍ നിര്‍ത്തുന്ന ജോലി നെറ്റിനു വിട്ടുകൊടുത്തവര്‍ക്കിതു ക്ലേശകരവുമാകും.
സര്‍ഗാത്മക പ്രവൃത്തികള്‍ സാദ്ധ്യമാവുന്നത്, ഓര്‍മയിലുള്ള നാനാതരം കാര്യങ്ങളെ ഫലപ്രദമായി സംയോജിപ്പിക്കുമ്പോഴാണ്. ഇതിന് നമ്മുടെ മനസ്സ് ഓര്‍മകളാലും വിവരങ്ങളാലും സമ്പുഷ്ടമാകേണ്ടതുണ്ട്. ഉദാഹരണത്തിന്, നെന്മേനിവാക എന്നൊരു മരം ഉണ്ടെന്നറിയാവുന്ന ഒരാള്‍ക്കേ “നെന്മേനിവാക തന്‍ പുഷ്പം നിന്‍മേനിക്കൊപ്പമെന്‍ പ്രിയേ” എന്നു കവിതയെഴുതാനാവൂ. നെറ്റിലോ ഫോണിലോ എവിടെയോ കിടക്കുന്ന വിവരങ്ങള്‍ ഇവിടെ ഉപകാരത്തിനെത്തില്ല.
അറിവില്ലാത്ത കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുകയെന്നത് ആദിമകാലം തൊട്ടേ മനുഷ്യശീലമാണ്. വിവിധ വിവരങ്ങളെ പലരായിട്ടു മനസ്സില്‍ സൂക്ഷിക്കുകയും കൂട്ടത്തിലുള്ളവരെല്ലാം ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നതിനെ ‘ട്രാന്‍സാക്റ്റീവ് മെമ്മറി’ എന്നാണു വിളിക്കുന്നത്. വിവരങ്ങള്‍ക്കു വ്യക്തികളെ സമീപിക്കുമ്പോള്‍ അവരുമായി ബന്ധങ്ങള്‍ രൂപപ്പെടാനും ദൃഢമാവാനും അവസരമാകും. മനസ്സിലുള്ള സംശയങ്ങളെ മുഴുവാചകങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്നതും ചര്‍ച്ചക്കെടുക്കുന്നതും ആശയവിനിമയ ശേഷി മെച്ചപ്പെടാനും കാര്യം ഓര്‍മയില്‍ നന്നായിപ്പതിയാനും സഹായിക്കും. ഗൂഗിളില്‍ക്കയറുന്നതിന് ഇത്തരം പ്രയോജനങ്ങളൊന്നുമില്ല.
(2017 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.