മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

മറവികളുണ്ടായിരിക്കണം...

മറവികളുണ്ടായിരിക്കണം...

“എണ്ണകള്‍. മരുന്നുകള്‍. കോഴ്സുകള്‍. പുസ്തകങ്ങള്‍ — ഓര്‍മശക്തി പുഷ്ടിപ്പെടുത്തണമെന്നുള്ളവര്‍ക്കായി എന്തൊക്കെ ഉപാധികളാണ് മാര്‍ക്കറ്റിലുള്ളത്?!” ബെഞ്ചമിന്‍ ചോദിക്കുന്നു: “എന്നാല്‍ എന്നെപ്പോലെ ഇങ്ങനെ ചിലതൊക്കെയൊന്നു മറന്നുകിട്ടാന്‍ മല്ലിടുന്നവരുടെ സഹായത്തിന് ഒരു രക്ഷായുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ഡോക്ടര്‍?!”

മൂന്നുവര്‍ഷംമുമ്പ് തന്നെയുപേക്ഷിച്ചുപോയ കാമുകിയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്ന് ഇനിയും വിടുതികിട്ടാതെ മന:ക്ലേശത്തിലുഴറുന്ന സാഹചര്യം വിശദീകരിക്കുന്നതിനിടയില്‍ ബെഞ്ചമിന്‍ ഉന്നയിച്ച ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. എല്ലാവരും ഓര്‍മക്കു പിറകെ – അതു വര്‍ദ്ധിപ്പിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്‍റെ പിറകെ – ആണ്. അതിനിടയില്‍ പാവം മറവിയെക്കുറിച്ച് ഗൌരവതരമായി ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. പരീക്ഷാഹാളില്‍ ഉത്തരങ്ങളോര്‍ത്തെടുക്കാന്‍ വൈഷമ്യം നേരിടുമ്പോഴും, മഴക്കാലത്തു പെട്ടെന്ന് പെരുമഴ പൊട്ടിവീഴുമ്പോള്‍ കയ്യില്‍ കുടയില്ല എന്നു തിരിച്ചറിയുമ്പോഴുമൊക്കെ നാം മറവിയെ ശപിക്കുന്നു. എന്നാല്‍ ബെഞ്ചമിനെപ്പോലെ ഇത്തിരി മറവിക്കായി അത്യാശപിടിച്ചുനടക്കുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട് — മകന്‍ സ്വയം തീകൊളുത്തിമരിച്ചതു നേരില്‍ക്കണ്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ആ ദൃശ്യത്തെ മനസ്സിലെ വെള്ളിത്തിരയില്‍നിന്നു മായ്ക്കാനാവാതെ കുഴയുന്ന പെറ്റമ്മയും, കുഞ്ഞുനാളിലെന്നോ ലൈംഗികപീഡനത്തിനിരയായി ഇപ്പോള്‍ മുതിര്‍ന്നുകഴിഞ്ഞും ആണുങ്ങളോടിടപഴകുമ്പോള്‍ ഭയചകിതയായിത്തീരുന്ന യുവതിയുമൊക്കെ ഉദാഹരണങ്ങളാണ്.

ദുഃഖജനകമായ ഓര്‍മകളെ വിസ്മൃതിയിലേക്കാഴ്ത്തിവിടാനുള്ള കഴിവ് നല്ല മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പംതന്നെ ഇങ്ങിനെ ദുരോര്‍മകളൊന്നും പിന്തുടരാത്തവരെ സംബന്ധിച്ചും മറവി ഏറെ പ്രസക്തിയുള്ള ഒരനുഗ്രഹമാണെന്ന് സമീപകാലഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട് — പാഴ്‌വസ്തുക്കളെ സമയാസമയം എടുത്തുകളഞ്ഞ് വീട്ടുമുറികളെ വൃത്തിയാക്കി സൂക്ഷിക്കുന്നത് സാധനങ്ങളെ ആവശ്യമുള്ള നേരങ്ങളില്‍ അനായാസം കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന പോലെ, അപ്രസക്തമായ കാര്യങ്ങളെയങ്ങു മറന്നൊഴിവാക്കിയാലേ പ്രാധാന്യമുള്ള വസ്തുതകളെ ഓര്‍മയില്‍ നിര്‍ത്താനും അവശ്യസന്ദര്‍ഭങ്ങളില്‍ നിഷ്പ്രയാസം മനസ്സിലേക്കു വരുത്താനും കഴിയൂ. വെളിച്ചത്തിന്‍റെ സാന്നിദ്ധ്യമില്ലാത്ത അവസ്ഥയെ ഇരുട്ട് എന്നു വിളിക്കുന്നതു പോലെ, ഓര്‍മയുടെ അഭാവം സൃഷ്ടിക്കുന്ന ഒരു ശൂന്യാവസ്ഥയല്ല മറവി — മറിച്ച് അത് സ്വന്തമായി അസ്തിത്വമുള്ള ഒരു സവിശേഷപ്രക്രിയ തന്നെയാണ്. ഒരു കാര്യത്തിനു നാം പ്രാധാന്യം കല്‍പിച്ച് അതിനെ ഓര്‍മയില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനു സമാനമായ, എന്നാല്‍ അപ്രസക്തമായ ഇതരവിവരങ്ങളെ തലച്ചോര്‍ മന:പൂര്‍വം വിസ്മൃതിയിലേക്കു തള്ളുന്നുണ്ട്. (തലച്ചോറിലിതിനായി പ്രത്യേകം നാഡീപഥങ്ങള്‍തന്നെയുണ്ട്.) പുതിയൊരു മൊബൈല്‍നമ്പറിലേക്കു മാറുമ്പോള്‍ പഴയ നമ്പര്‍ നാം ക്രമേണ മറന്നുപോവുന്നത് ഒരുദാഹരണമാണ് — അതല്ലെങ്കില്‍ ഓരോ തവണയും ആരെങ്കിലും നമ്പര്‍ ചോദിക്കുമ്പോള്‍ ഇതിനുമുമ്പു നാം കൈവശം വെച്ചിരുന്ന നമ്പറുകളെല്ലാംതന്നെ ഓര്‍മയിലേക്കു വരികയും, അതില്‍നിന്ന് ഇപ്പോഴത്തേത് തിരഞ്ഞെടുക്കാന്‍ ഏറെ മനപ്രയത്നം വേണ്ടിവരികയും ചെയ്തേനേ.

മറവിക്ക് ഇത്തരം പ്രസക്തികളൊക്കെയുണ്ട് എങ്കിലും ബെഞ്ചമിന്‍ ആരോപിച്ചതുപോലെ മറക്കാന്‍ കൈത്താങ്ങുതരുന്ന ഉത്പന്നങ്ങളൊന്നും നിലവില്‍ ലഭ്യമല്ല എന്നതൊരു വാസ്തവമാണ്. ഒരു ഹോളിവുഡ് സിനിമയില്‍ (Eternal sunshine of the spotless mind) ബന്ധം കലഹകലുഷിതമായിത്തീര്‍ന്ന കാമുകീകാമുകന്മാര്‍ ഡോക്ടറെച്ചെന്നുകണ്ട് യന്ത്രസഹായത്തോടെ മറ്റേയാളെ സ്വന്തം നിനവുകളില്‍നിന്നു മായ്ച്ചുകളയുന്നതു പോലുള്ള ഒറ്റമൂലികളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും പക്ഷേ വേദനാജനകമായ ഓര്‍മകളില്‍നിന്നു മുക്തികിട്ടാനുപയോഗപ്പെടുത്താവുന്ന പല നടപടികളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്:

  • ഓര്‍മ തികട്ടിക്കയറിവരുമ്പോഴൊക്കെ അതിനെ ബോധപൂര്‍വം അടിച്ചമര്‍ത്തുകയോ, പകരം വേറെ വല്ല നല്ല ഓര്‍മകളെയും മനസ്സിലേക്കു വരുത്തുകയോ, ശ്രദ്ധ തിരിച്ചുവിടാനുതകുന്ന മറ്റെന്തിലെങ്കിലും മുഴുകുകയോ ചെയ്യുക. (അതേസമയം, ഒരത്യാഹിതം നടന്നയുടന്‍തന്നെ അതിനെക്കുറിച്ചുള്ള ചിന്തകളെ അവഗണിക്കാന്‍ തുടങ്ങുന്നത് വിപരീതഫലമുളവാക്കിയേക്കാം — തല്‍ക്കാലത്തേക്ക് കരഞ്ഞോ അലറിവിളിച്ചോ ഒക്കെയാണെങ്കിലും ഉള്ളിലെ വികാരങ്ങള്‍ക്കൊരു ബഹിര്‍സ്ഫുരണമൊരുക്കുന്നത് ഭാവിയിലേക്ക് ഉപകാരമേ ആവൂ.) ഓര്‍മയുടെ അത്ര അസുഖകരമല്ലാത്ത ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കാന്‍ തുടങ്ങുന്നതും ഗുണകരമാവും. ഉദാഹരണത്തിന്, ഒരപകടത്തെക്കുറിച്ചുള്ള ഓര്‍മകള്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് മാരകമായി പരിക്കുപറ്റുകയോ അവരാരെങ്കിലും മരണപ്പെടുകയോ മറ്റോ ചെയ്ത ദൃശ്യങ്ങള്‍ക്ക് പ്രാമുഖ്യവുമായി വീണ്ടുംവീണ്ടും വരുന്നെങ്കില്‍ അതില്‍നിന്ന് അത്രക്കൊന്നും നഷ്ടമില്ലാതെ സ്വയം രക്ഷപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യംകിട്ടുന്ന തരത്തില്‍ ആ ഓര്‍മയെ തിരുത്തിയെഴുതാന്‍ ശ്രമിക്കുക.
  • ആ അനുഭവത്തില്‍ നിന്ന് എന്തെങ്കിലും ചെറിയ പ്രയോജനങ്ങളെങ്കിലും കിട്ടിയോ, എന്തെങ്കിലും ജീവിതപാഠങ്ങള്‍ വശമാക്കാനായോ എന്നൊക്കെയാലോചിച്ചു കണ്ടുപിടിച്ച് അവ മനസ്സിലുറപ്പിക്കുക (“പ്രണയം പൊളിഞ്ഞെങ്കിലും അവള്‍ പരിചയപ്പെടുത്തിത്തന്ന ഒരാള്‍ മുഖാന്തിരമാണ് എനിക്കീ ജോലികിട്ടിയത്.”). വിശ്വാസത്തിലെടുക്കാവുന്ന ആരോടെങ്കിലും, പ്രത്യേകിച്ച് മറക്കാന്‍ ശ്രമിക്കുന്ന ദുരനുഭവവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരാളോട്, സംഭവം ചര്‍ച്ചചെയ്യുന്നത് പുതിയ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലഭിക്കാനും ആ അനുഭവത്തിനു കൊടുത്ത വ്യാഖ്യാനങ്ങളിലെ പിഴവുകള്‍ തിരിച്ചറിയാനുമൊക്കെ സഹായിക്കും.
  • ആരോഗ്യകരവും സന്തോഷദായകവുമായ പ്രവൃത്തികളില്‍ കൂടുതലായി മുഴുകുക. പുത്തന്‍ അനുഭവങ്ങളും ഓര്‍മകളും കൈവരാന്‍ മുന്‍കയ്യെടുക്കുക. പുതിയ സ്ഥലങ്ങള്‍ കാണുകയോ പുതിയ ഹോബികള്‍ വളര്‍ത്തുകയോ പുതിയ കഴിവുകള്‍ ആര്‍ജിച്ചെടുക്കുകയോ ഒക്കെച്ചെയ്യുക.
  • ചില പ്രത്യേക സാഹചര്യങ്ങള്‍ ഓര്‍മകളെ കൂടുതലായി ഇളക്കിവിടാറുണ്ടോ? അത്തരം സാഹചര്യങ്ങളില്‍നിന്ന് വലിയ ക്ലേശമോ നഷ്ടമോ ഇല്ലാതെ ഒഴിഞ്ഞുമാറാനാവുമെങ്കില്‍ അങ്ങിനെ ചെയ്യുക. അതു പ്രായോഗികമല്ലെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പേതന്നെ വേണ്ടാത്ത ഓര്‍മകളെപ്പറ്റി കരുതല്‍ പാലിക്കേണ്ടതുണ്ടെന്ന് സ്വയമോര്‍മിപ്പിക്കുക. സാഹചര്യങ്ങളും ഓര്‍മകളും തമ്മിലുള്ള ഇത്തരം ബന്ധങ്ങളെ എന്നത്തേക്കുമായി നശിപ്പിക്കുന്ന കാര്യവും പരിഗണിക്കുക — ഉദാഹരണത്തിന്, ഒരു പാട്ടുകേള്‍ക്കുമ്പോഴൊക്കെ മുന്‍കാമുകിയുടെ ഓര്‍മകള്‍ തികട്ടുന്നുവെങ്കില്‍, പകരം അതു കേള്‍ക്കുമ്പോഴൊക്കെ ഒപ്പം അതുമായി ബന്ധപ്പെടുത്താവുന്ന മറ്റെന്തെങ്കിലും കാര്യത്തെപ്പറ്റി മനപൂര്‍വം ചിന്തിക്കുന്നത് പാട്ടും കാമുകിയും തമ്മിലുള്ള കണക്ഷനെ ദുര്‍ബലമാക്കും.
  • ഒരു വ്യക്തിയെയാണ് മറക്കാന്‍ ശ്രമിക്കുന്നത് എങ്കില്‍ അയാളെക്കുറിച്ചോര്‍മിപ്പിക്കുന്ന വസ്തുവകകളെ ജീവിതപരിസരങ്ങളില്‍ നിന്ന് കഴിവതും നിഷ്കാസനം ചെയ്യുക. അയാളുമായി മുഖാമുഖംവരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാകുന്ന രീതിയില്‍ ദിനചര്യ പുനക്രമീകരിക്കുക. ഫോണിലും ഇമെയിലിലുമൊക്കെ നിന്ന് അയാളുടെ നമ്പറും വിലാസവും എഴുത്തുകുത്തുകളുമൊക്കെ മായ്ച്ചുകളയുക. സാമൂഹ്യമാധ്യമങ്ങളില്‍ അയാളെ ബ്ലോക്ക് ചെയ്യുക. ആ വ്യക്തിയെക്കുറിച്ചു തന്നെ ഓര്‍മിപ്പിക്കരുതെന്ന് കോമണ്‍സുഹൃത്തുക്കളോടു നിര്‍ദ്ദേശിക്കുക. പ്രതികാരചിന്തകളെ നിയന്ത്രിക്കുക — എങ്ങിനെ പകരംവീട്ടാം എന്ന രീതിയിലാണെങ്കിലും ഒരാളെക്കുറിച്ചു നിരന്തരം ചിന്തിക്കുന്നത് അയാളുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് വിളംബമുണ്ടാക്കുമെന്നു മറക്കാതിരിക്കുക. ദുരനുഭവവുമായി എത്രയുംവേഗം സമരസപ്പെട്ട്‌ സ്വന്തം ജീവിതവുമായി മുന്നോട്ടുനീങ്ങുന്നതാണ് ഏറ്റവും മികച്ച പ്രതികാരം എന്നോര്‍ക്കുക.

“കാലം മായ്ക്കാത്ത മുറിവുകളില്ല” എന്നുപറയുന്നത് ക്ലീഷേയാണെങ്കിലും സംഗതി വാസ്തവമാണ്. ഓരോ ഓര്‍മയും നമുക്കു കൈവരുന്നത് മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ പുതിയപുതിയ ബന്ധങ്ങള്‍ രൂപപ്പെടുമ്പോഴാണ്. പാഴോര്‍മകളെ അവഗണിച്ച് മറ്റു കാര്യങ്ങളില്‍ ശ്രദ്ധയവലംബിച്ചു തുടങ്ങിയാല്‍ അത്തരം ഓര്‍മകളുമായി ബന്ധപ്പെട്ട കോശബന്ധങ്ങള്‍ ക്രമേണ ദുര്‍ബലമാവുകയും അങ്ങിനെ ആ ഓര്‍മകളും തേഞ്ഞുമാഞ്ഞുതീരുകയും ചെയ്യും. മേല്‍പ്പറഞ്ഞ മാര്‍ഗങ്ങളൊക്കെയും ശ്രമിച്ചിട്ടും പ്രയോജനം കിട്ടുന്നില്ലെങ്കില്‍ വിദഗ്ദ്ധസഹായം തേടുക — കൌണ്‍സലിങ്ങുകള്‍, സൈക്കോതെറാപ്പികള്‍, മരുന്നുകള്‍ തുടങ്ങിയവ ഇത്തരുണത്തില്‍ ഫലംചെയ്തേക്കാം.

(2016 ഏപ്രില്‍ ലക്കം ഐ.എം.എ. നമ്മുടെ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

പഠനത്തകരാറുകള്‍: തിരിച്ചറിയാം, ലഘൂകരിക്കാം
പ്രായമായവര്‍ക്കും പറ്റും സ്മാര്‍ട്ട്ഫോണും മറ്റും

Related Posts